തണലായി മകൻ
(രചന: Archana Surya)
തൊട്ടു പോകരുത് എന്റെ അമ്മയെ….
സിദ്ധാർത്ഥനും ദീപ്തിക്കും ഇടയിലായി നിന്നുകൊണ്ട് ശ്രീരാഗ് ഒച്ചയിട്ടതും ദീപ്തിക്ക് നേരെ ഉയർത്തിയ സിദ്ധുവിന്റെ കൈ താഴ്ന്നു.
അയാൾ ഞെട്ടലോടെ മകന്റെ മുഖത്തേക്ക് നോക്കി. ഇന്നുവരെ തന്നെ എതിർക്കാത്ത തന്റെ മക മകൻ….
താനാണ് ലോകം എന്നു കരുതി ജീവിച്ചവൻ… ഇന്ന് തനിക്കെതിരെ സംസാരിച്ചിരിക്കുന്നു. സിദ്ധു പല്ലു കടിച്ചുകൊണ്ട് ദീപ്തിയെ നോക്കി. എന്നാൽ ആ പാവം അപ്പോഴും കുനിഞ്ഞു നിൽക്കുകയായിരുന്നു.
അമ്മയെ നോക്കി പേടിപ്പിക്കേണ്ട. എല്ലാം…എല്ലാം ഞാൻ അറിഞ്ഞു. ഇനി നിങ്ങളെന്ന ദുഷ്ട മൃഗത്തിന്റെ ദൃഷ്ടി പോലും എന്റെ അമ്മയ്ക്ക് നേരെ പതിയരുത്.
എനിക്ക് വേണ്ടിയാണ് ഈ പാവം ഇത്രയും കാലം എല്ലാം സഹിച്ചത്. ഇനി അത് വേണ്ട. എല്ലാത്തിനും ഞാൻ ഒരു തീരുമാനം ഉണ്ടാക്കുന്നുണ്ട്.
ശ്രീക്കുട്ടാ നീയെന്താ മോനെ ഇങ്ങനെയൊക്കെ പറയുന്നത്???? നിനക്ക് അറിയാവുന്നതല്ലേ നിന്റെ അച്ഛനെ!!!!!
ഞാനിപ്പോഴും അന്നത്തെ ആറു വയസ്സുകാരനല്ല. ഇന്നെനിക്ക് 22 വയസ്സുണ്ട്. നല്ലതും ചീത്തയും തിരിച്ചറിയാൻ ഉള്ള പ്രായം!!! മനസ്സിലായോ????
മോനേ ശ്രീക്കുട്ടാ നീ അച്ഛനെ തെറ്റിദ്ധരിച്ചിരിക്കുകയാണ്…..
അതെ ഞാൻ കുറെ നാൾ മുമ്പ് വരെ നിങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ എനിക്കുള്ളതെല്ലാം ശരിയായ ധാരണ തന്നെയാണ്.
എന്റെ മകന്റെ മനസ്സിൽ എന്തൊക്കെ വിഷമാടീ മൂധേവി നീ കുത്തി നിറച്ചത് എന്ന് ചോദിച്ചുകൊണ്ട് സിദ്ധു ദീപ്തിയുടെ ഇടതു കവിളിലേക്ക് ശക്തിയായി കൈ നീട്ടിയടിച്ചു. വീണ്ടും കൈ ഉയർത്തിയപ്പോഴേക്കും സിന്ധുവിന്റെ കയ്യിൽ ശ്രീ പിടിച്ചിരുന്നു.
നിങ്ങളോട് അല്ലേ പറഞ്ഞത് എന്റെ അമ്മയെ തൊട്ടുപോകരുതെന്ന്.
മകന്റെ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ അച്ഛൻ തറഞ്ഞു നിന്നുപോയി. അപ്പോഴും ദീപ്തിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു വീഴുന്നുണ്ടായിരുന്നു.
അമ്മ ടേക്ക് റസ്റ്റ്. ഞാൻ ഒരു അരമണിക്കൂറിനുള്ളിൽ എത്താം. അതുവരെ അമ്മയുടെ റൂമിൽ നിന്നും ഇറങ്ങരുത്.
ദീപ്തി മുഖം അമർത്തി തുടച്ചുകൊണ്ട് ബെഡ്റൂമിലേക്ക് പോയി. ഇനിയും തന്റെ അച്ഛനെ വിശ്വാസമില്ലാത്ത വണ്ണം അമ്മയുടെ റൂം ശ്രീ തന്നെ പുറത്തുനിന്നും പൂട്ടിക്കൊണ്ട് താക്കോലുമായി പോയി.
What happened to you sreekutta???
Kiara just call me sree
Oh yes എന്തുപറ്റി ശ്രീ?
അവന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് കീയാര ചോദിച്ചു.
ഇനിയും വെയിറ്റ് ചെയ്യാൻ പറ്റില്ല. എല്ലാത്തിനും ഇന്നുതന്നെ ഒരു സൊലൂഷൻ കാണണം. നിന്റെ ഡാഡിനോട് ഞാൻ കഴിഞ്ഞ വീക്ക് പറഞ്ഞിട്ടുണ്ടായിരുന്നു. അത് റെഡിയായി കാണും ഇനി rethink ചെയ്യാൻ ഒന്നുമില്ല.
But Sree…..
Oh….no… കിയാര. നിനക്ക് എല്ലാം അറിയാവുന്നതല്ലേ?? ഇനി മാറ്റി പറയാൻ ഒന്നുമില്ല.ഞാൻ നിന്റെ ഡാഡിനെ വിളിക്കാൻ പോവുകയാണ്.
എടാ ബട്ട് നിന്റെ Mom സമ്മതിക്കുമോ??
അത് ഞാൻ സമ്മതിപ്പിച്ചോളാം.
കിയാര തന്നെ ഫോൺ എടുത്ത് അലക്സിനെ വിളിച്ചു. അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ശ്രീ പറയാനുള്ളതൊക്കെ പറഞ്ഞു. ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അലക്സ് അവിടേക്ക് എത്തി.
ശ്രീ നീ പറഞ്ഞതുപോലെ ഞാൻ ചെയ്തു കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ നിന്റെ അമ്മ സമ്മതിക്കുമോ???
എന്തായാലും ഞാൻ സമ്മതിപ്പിക്കും അങ്കിൾ എല്ലാത്തിനും ഒരു അവസാനം വേണ്ടേ.
അയാൾ കൊടുത്ത ഇൻവലപ്പുമായി ശ്രീ വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ ചെന്നപ്പോൾ സിദ്ധു ചെയറിൽ തലയ്ക്ക് കൈതാങ്ങി ഇരിപ്പുണ്ട്. ശ്രീ ചെന്ന് അമ്മയുടെ റൂം തുറന്നു. ദീപ്തി വാ പൊത്തിപ്പിടിച്ചുകൊണ്ട് കരഞ്ഞു.
എന്റെ അമ്മ ഇനി കരയരുത്. ഈ കാലമത്രയും കരഞ്ഞില്ലേ?? ഇനിയും കണ്ണുനീർ ഉണ്ടോ??അമ്മ ഇതിലൊന്ന് ഒപ്പിട്. മതിയാക്കാം ഈ ബന്ധം. ഇനിയും അമ്മ ഇങ്ങനെ അടിമപ്പണിയെടുത്ത് അടിമയായി കഴിയേണ്ട കാര്യമില്ല.
ദീപ്തി ഞെട്ടി മകനെ നോക്കി.
പറ്റില്ല മോനേ അമ്മയ്ക്ക് അതിന് കഴിയില്ല. പിന്നെ അമ്മയ്ക്ക് ഇതൊക്കെ ശീലമായി പോയി.
മതിയമ്മ നിർത്ത്. ഇതിൽ ഒപ്പിടുന്നുണ്ടോ ഇല്ലയോ. ഇല്ലെങ്കിൽ ഇനി ഇങ്ങനെ ഒരു മോൻ അമ്മയ്ക്ക് ഇല്ലെന്ന് കരുതിക്കോ.
ദീപ്തി കരഞ്ഞുകൊണ്ട് തന്നെ അത് വാങ്ങി ഒപ്പിട്ടു കൊടുത്തു. അതുകൊണ്ട് പുറത്തേക്ക് ഇറങ്ങിയ ശ്രീ നേരെ സിദ്ധുവിന്റെ മുന്നിൽ വന്ന നിന്ന് ആ പേപ്പർ അയാൾക്ക് നേരെ നീട്ടി.
ഡിവോസ്‌പെറ്റേഷൻ ആണ്. അമ്മ സൈൻ ചെയ്തിട്ടുണ്ട്. അച്ഛാ കൂടി സൈൻ ചെയ്യണം. ഇനി അമ്മയ്ക്ക് അമ്മയുടെ വഴി. ഇനിയും അതിനെ അടിമയായി കൂടെ നിർത്തേണ്ട കാര്യമില്ല.
ഇതൊക്കെ ആരുടെ ബുദ്ധിയാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്. അവൾ പുതിയ ആരെയെങ്കിലും കണ്ടെത്തിയിട്ടുണ്ടാവും. ഇതൊന്നും ഒരിക്കലും തറവാട്ടിൽ പിറന്ന സ്ത്രീകൾക്ക് ചേർന്ന കാര്യമല്ല. പുറം രാജ്യത്താണ് താമസിക്കുന്നത് എന്നും പറഞ്ഞ് എന്തുമാകാമെന്നോ???
ഇപ്പോഴും എന്റെ പപ്പയാണെന്നുള്ള സ്നേഹവും ബഹുമാനവും ഞാൻ നിങ്ങൾക്ക് തരുന്നുണ്ട്. ഇനി അതുകൂടി ഇല്ലാതെ ആക്കരുത്. നിങ്ങളുടെ സംസ്കാരമാണ് എന്റെ അമ്മയ്ക്കുന്ന് കരുതരുത്
അമ്മ പറഞ്ഞിട്ടല്ല ഞാൻ ഓരോന്നും തിരിച്ചറിയുന്നത് ഇതിൽ ഒപ്പിടുന്നതായിരിക്കും നിങ്ങൾക്ക് നല്ലത്.അങ്ങനെയാണെങ്കിൽ നമ്മൾ അച്ഛനും മകനും തമ്മിലുള്ള ബന്ധമെങ്കിലും നിലനിൽക്കും.
അയാൾ ഒന്നും തന്നെ മിണ്ടാതെ ഇരു കൈ കൊണ്ടും തലതാങ്ങി അങ്ങനെ തന്നെ ഇരുന്നു.
ഇത് സിദ്ധാർത്ഥിന്റെയും ദീപ്തിയുടെയും ജീവിതമാണ്. അത്യാവശ്യം അറിയപ്പെടുന്ന നായർ തറവാട്ടിലെ പെൺകുട്ടിയായിരുന്നു ദീപ്തി. പെൺകുട്ടികൾ അടങ്ങിയും ഒതുങ്ങിയും അടുക്കള പണി പഠിച്ചും വീട്ടിൽ വളരണം എന്ന ചിട്ടയോടെ തന്നെയാണ് ദീപ്തിയെയും വളർത്തിയത്.
ബിടെക് വരെ പഠിച്ചെങ്കിലും ഒന്നിനോടും നോ പറയാനോ എതിർത്ത് സംസാരിക്കാനോ അവളെ വീട്ടിൽ നിന്നും പഠിപ്പിച്ചിരുന്നില്ല. എല്ലാം സഹിക്കുന്നവർ ആവണം പെണ്ണന്നായിരുന്നു അവളുടെ അമ്മയിൽ നിന്നും ദീപ്തിയും കണ്ടുപിടിച്ചത്.
B Tech കഴിഞ്ഞ ഒരു ജോലിക്ക് ശ്രമിക്കുന്ന സമയത്താണ് സിദ്ധാർത്ഥിന്റെ ആലോചന വരുന്നത്. എം ബി എ കാരനായ പയ്യൻ, ഒരു പ്രൈവറ്റ് ഫാമിൽ വർക്ക് ചെയ്യുന്നു.
സ്ത്രീധനമായി ഒന്നും തന്നെ വേണ്ട എന്നു പറഞ്ഞ് എത്തിയ ബന്ധം. ജാതകം നോക്കിയപ്പോൾ അതിൽ അത്യാവശ്യം പൊരുത്തവും ഉണ്ട്.
അങ്ങനെ 110 പവനും ആഡംബര കാറും 5 ലക്ഷം രൂപയും വലിയ അലമാരയും ഒക്കെ കൊടുത്തുകൊണ്ട് ആ കല്യാണം കെങ്കേമം ആയി നടന്നു. ആദ്യദിവസത്തെ രാത്രിയിൽ തന്നെ അമ്മായിയമ്മ ദീപ്തിയോട് പറഞ്ഞു,
നിന്നെ കെട്ടിക്കൊണ്ട് വന്നെന്നു കരുതി എന്റെ മകനെ എന്നിൽ നിന്നും പിരിച്ചു കളയാം എന്നുള്ള വ്യാമോഹം ഒന്നും നിനക്ക് വേണ്ട. ഞാൻ എന്റെ സാരിത്തുമ്പിൽ കെട്ടിയിട്ടു കൊണ്ട് നടക്കുന്ന പയ്യനാണ് അവൻ.
ആദ്യരാത്രിയിൽ സിദ്ധുവും അവളോട് പറഞ്ഞത് ഇതുതന്നെയായിരുന്നു,,
അമ്മ പറയുന്നത് അനുസരിച്ച് ഇവിടെ ജീവിച്ചോണം. എനിക്ക് എല്ലാം എന്റെ അമ്മ പറയുന്നതാണ് വലിയ കാര്യം. ഇവിടെ ആരും അമ്മയെ എതിർത്തു ഒന്നും ചെയ്യാറില്ല. നീയും അങ്ങനെ തന്നെ മതി.
പിന്നീടങ്ങോട്ട് അവിടുന്ന് സമാധാനമില്ലാത്ത ദിനങ്ങൾ ആയിരുന്നു അവൾക്ക്.ആരോട് പരാതി പറയാൻ!!!!പറഞ്ഞിട്ടും കാര്യമില്ല.
വീട്ടിലേക്ക് മടങ്ങിച്ചെന്ന് ഇതൊക്കെ അറിയിച്ചാൽ ഭാരിച്ച സ്ത്രീധനം തന്ന് തന്നെ വിവാഹം കഴിപ്പിച്ചു വിട്ട കണക്കു പറഞ്ഞു കുത്തിനോവിക്കുവാൻ മാത്രമേ അച്ഛനെക്കൊണ്ട് പറ്റുകയുള്ളൂ.
അത് കേട്ട് വീണ്ടും കണ്ണീർവാർക്കാൻ അമ്മയും. അച്ഛന്റെ വീട്ടിൽ താമസിക്കുന്നതിനാൽ ഏട്ടനും അച്ഛനെ എതിർക്കാൻ കഴിയില്ല. ഒക്കെ ഉള്ളിൽ ഒതുക്കി അടിമയായി തന്നെ അവൾ ജീവിച്ചു.
B. Tech കഴിഞ്ഞതല്ലേ വെറുതെ വീട്ടിലിരിക്കേണ്ട എന്നു പറഞ്ഞ് അടുത്തുള്ള private firm ൽ തന്നെ അവളെയും ജോലിക്ക് കയറ്റി. ശമ്പളം ഒക്കെ കൃത്യമായി അമ്മായിയമ്മയെ ഏൽപ്പിക്കണം.
ഒരു ചായ പോലും വാങ്ങി കുടിക്കണമെങ്കിലോ അടുക്കളയിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം അധികം എടുക്കണമെങ്കിലോ പോലും അമ്മായിയമ്മയുടെ സമ്മതം വേണം. ഒക്കെ സഹിച്ചു ജീവിച്ചു. ഇതിനിടയിൽ ഗവൺമെന്റ് ജോലികൾക്കുള്ള ടെസ്റ്റുകളും എഴുതിക്കൊണ്ടിരുന്നു..
പക്ഷേ അവിടെയും ഭാഗ്യം തുണച്ചില്ല. ഗവൺമെന്റ് ജോലി ഒന്നും കിട്ടിയില്ല. അതിനും ആവശ്യത്തിലധികം പഴി കേൾക്കേണ്ടി വന്നു. ഇതിനിടയിൽ തന്റെ ആങ്ങളയുടെ കല്യാണം കഴിഞ്ഞു, മിടുക്കിയായൊരു പെൺകുട്ടി.
അവളുടെ നേരെ അമ്മായിയമ്മ പോരെടുക്കാൻ നോക്കിയ തന്റെ അമ്മയുടെ നാവ് അവൾ തന്നെ അടക്കി. അത് നോക്കി നിന്നു നെടുവീർപ്പിടാൻ മാത്രമേ ദീപ്തിക്ക് കഴിഞ്ഞുള്ളൂ. തന്നെ എന്തേ അങ്ങനെ വളർത്തിയില്ല എന്നാണ് അപ്പോൾ അവൾ ചിന്തിച്ചത്!!!!!!
ആ പെൺകുട്ടിയോട് കുറച്ചെങ്കിലും തന്റെ മനസ്സ് തുറക്കാൻ തുടങ്ങി. ഇതിനിടയിൽ നാത്തൂനും നാത്തൂനും വിശേഷമായി.
മാസങ്ങളുടെ ഇടവേളയിൽ രണ്ടുപേർക്കും ഓരോ ആൺകുട്ടികൾ പിറന്നു. അമ്മായിഅമ്മയ്ക്ക് എപ്പോഴും സ്വന്തം മോളാണ് വലുത്. ഇതിനിടയിൽ സ്ത്രീധനം കുറഞ്ഞുപോയി എന്നു പറഞ്ഞു കുറ്റപ്പെടുത്തൽ വേറെ.
ഇനിയും ഭാഗം വെക്കാനുള്ള സ്വത്തുക്കൾ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞായി അടുത്ത വഴക്ക്. എന്നാൽ വീട്ടിൽ ചെന്നാൽ അച്ഛന്റെ മുഖത്ത് പോലും നോക്കാൻ ഇപ്പോഴും ദീപ്തിക്ക് ഭയമാണ്.
അമ്മായിയമ്മ കുഞ്ഞിനെ നോക്കും, ആ നേരം ദീപ്തി ജോലിക്ക് പോകണം. ജോലിക്ക് പോകുന്നതിനു മുൻപ് വീട്ടിലെ സകല കാര്യങ്ങളും ഒതുക്കി വെക്കണം. അവൾ വിശ്രമമില്ലാത്ത ഒരു യന്ത്രം പോലെ പണിയെടുത്തു കൊണ്ടിരുന്നു.
ദിനങ്ങൾ കഴിഞ്ഞുപോയി. മുതൽ വാങ്ങിക്കൊണ്ടു വരണം എന്ന് പറഞ്ഞ് വഴക്കും മുറുകി തുടങ്ങി. ഒടുവിൽ അവളെയും കുഞ്ഞിനേയും വീട്ടിൽ പോയി രണ്ടുദിവസം നിൽക്ക് എന്ന് പറഞ്ഞ് സിദ്ധു അവിടെ കൊണ്ടാക്കി.
എന്തും വരട്ടെ എന്ന് കരുതി അമ്മയോട് വിഷയം അവതരിപ്പിച്ചു. പിന്നീട് ഏട്ടനോടും നാത്തൂനോടും പറഞ്ഞു. പെങ്ങൾക്ക് ഇനിയും എന്തും കൊടുക്കുവാൻ ഏട്ടന് സമ്മതമേ ഉള്ളൂ,,,,
പക്ഷേ സ്വത്തൊക്കെ അച്ഛന്റെയല്ലേ അതിൽ അവന്റെ അഭിപ്രായം ആര് നോക്കാൻ??? വിഷയം അച്ഛന്റെ ചെവിയിലമെത്തി. വെട്ടോന്ന് മുറി രണ്ട് എന്ന പ്രകൃതക്കാരൻ, അപ്പോൾ തന്നെ മറുപടിയും പറഞ്ഞു.
എന്ത് തന്നെ വന്നാലും ഇപ്പോൾ ഞാൻ സ്വത്ത് ഭാഗിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സമയമാകുമ്പോൾ ഓരോരുത്തർക്കും ഉള്ളത് കൃത്യമായി തന്നിരിക്കും.
മകളുടെ കണ്ണുനീർ കണ്ടു ദീപ്തിയുടെ അമ്മ, അമ്മായിയമ്മയെ ഫോണിൽ വിളിച്ചു സംസാരിച്ചു.
ഇപ്പോൾ സ്വത്ത് ഭാഗം വെക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന കാര്യവും അറിയിച്ചു, അത് മാത്രമല്ല മുതൽ ഒന്നുമില്ലാതെ അല്ലല്ലോ ആവശ്യത്തിലധികം തന്നല്ലേ അങ്ങോട്ട് വിട്ടത് എന്നും ചോദിച്ചു ഉടനെ മറുപടിയും വന്നു.
ഇന്നുതന്നെ അവളെ അവിടുന്ന് വിളിച്ചുകൊണ്ടു വന്നേക്കാം. സാരമില്ല നിങ്ങടെ സ്വത്തൊന്നും ഇനി ഞങ്ങൾക്ക് വേണ്ട.
എന്റെ മോനൊരു അനാഥ പെണ്ണിനെയാണ് കെട്ടിയതെന്ന് കരുതിക്കോളാം ഞാൻ. ഇനി ഇങ്ങനെ ഒരു മോളും കുഞ്ഞും ഉണ്ട് എന്നും പറഞ്ഞ് ആരും ഈ വഴി വന്നു പോകരുത്.
അന്ന് തന്നെ സിദു വന്ന് ദീപ്തിയേം കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോയി. അവളുടെ ഫോണിൽ നിന്നും അവളുടെ അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും നമ്പർ ബ്ലോക്ക് ചെയ്തു.
ജോലിക്ക് പോയിക്കഴിയുമ്പോഴും ഇടയ്ക്കിടെ സിദ്ധു വീഡിയോ കോൾ വിളിച്ച് ഉറപ്പിക്കും അവൾ വീട്ടിലേക്കൊന്നും പോയിട്ടില്ല ഓഫീസിൽ തന്നെ ഉണ്ടെന്ന്. ദീപ്തി പലപ്പോഴും കൂടെ ജോലി ചെയ്യുന്നവരുടെ ഫോണിൽ നിന്നും നാത്തൂനെ വിളിച്ച് വിശേഷങ്ങൾ തിരക്കും.
ആ കുട്ടിക്കും സഹതപിക്കുവാൻ അല്ലാതെ മറ്റെന്ത് കഴിയും????എങ്കിലും പലപ്പോഴും ഭർത്താവിനോട് അവൾ ഈ പേരും പറഞ്ഞ് കയർത്തിട്ടുണ്ട്,,
നിങ്ങളെ കൊള്ളാഞ്ഞിട്ടാണ് പെങ്ങൾ ഇങ്ങനെ കണ്ണുനീര് കുടിക്കുന്നത് എന്നും പറഞ്ഞു. അങ്ങനെ അയാൾ അച്ഛന്റെ അടുത്ത് വീണ്ടും വിഷയം അവതരിപ്പിച്ചു എന്നാൽ അച്ഛന്റെ മറുപടി,
ഒരു കാര്യം ചെയ്യാം അവനെയങ്ങ് ബന്ധം ഒഴിയാം. അവളും കുഞ്ഞും ഇവിടെ നിൽക്കട്ടെ ഞാൻ നോക്കിക്കോളാം എന്നതായിരുന്നു.
അച്ഛന്റെയും അമ്മയുടെയും സ്വഭാവമറിയുന്ന ദീപ്തി ഒരിക്കലും ഇത് അനുവദിക്കില്ല എന്ന് ഏട്ടന് അറിയാമായിരുന്നു. നഷ്ടപ്പെട്ട സമ്പത്തിന്റെയും ഉണ്ടാക്കിവെച്ച മാനക്കേടിന്റെയും കാര്യം പറഞ്ഞ് അവളെ കുത്തി നോവിക്കും എന്ന് എല്ലാവർക്കും അറിയാം.
കുഞ്ഞിന്റെ മുന്നിൽവച്ച് അമ്മയും മകനും ദീപ്തിയെ ഒന്നും പറയാറില്ല. അവന്റെ എല്ലാ ആഗ്രഹങ്ങളും അത് ആവശ്യമില്ലാത്ത കാര്യങ്ങൾ ആയാൽ പോലും അവർ സാധിച്ചു കൊടുത്തു.കുഞ്ഞിന് അവന്റെ അച്ഛമ്മയും അച്ഛനുമാണ് വലുത് അമ്മയോട് അത്ര പഥ്യമില്ല.
നാത്തൂന് വീണ്ടും വിശേഷമായപ്പോൾ ദീപ്തി, ഇനിയുമൊരു കുഞ്ഞ് എന്ന തന്റെയും ആഗ്രഹം സിദ്ദുവിനോട് പറഞ്ഞു. എന്നാൽ അപ്പോൾ കിട്ടിയ മറുപടി നീ പോയി ആദ്യം സ്വത്തും വാങ്ങി വാ അപ്പോൾ പിന്നെ ആലോചിക്കാം ഒരു കുഞ്ഞിനെ കുറിച്ച് എന്നാണ്.
ഒരിക്കലും തന്നെയൊന്ന് ചേർത്തുപോലും പിടിക്കാത്ത ഭർത്താവ്. കിട്ടുന്ന സമയമൊക്കെ പഠിച്ചു കൊണ്ട് സർക്കാർ ജോലിക്കായി അവൾ ശ്രമിച്ചുകൊണ്ടിരുന്നു പക്ഷേ ഭാഗ്യം അവിടെയും തുണച്ചില്ല.
വിസ്മയ കേസ് വളരെ കോളിളക്കം സൃഷ്ടിച്ച സമയം സിദ്ധു അവളോട് ചോദിച്ചു
നിനക്കും ഇത് പോലെ ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടോ???
തനിക്കു മരിക്കാൻ ഭയമാണ് എന്നു തുറന്നു പറയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു അവൾ അപ്പോൾ.
ആയിടക്കാണ് സിദ്ധുവിന്റെ ഒരു ബന്ധു സ്റ്റുഡന്റ് വിസയിൽ പുറം രാജ്യത്ത് പോകുന്നതും പിറകെ ഭർത്താവിനെയും മകനെയും കൊണ്ടുപോകുന്നതും അവരവിടെ പച്ചപിടിക്കുന്നതും.
ഇത് കണ്ട് അമ്മായിയമ്മ അടുത്ത ഉത്തരവിറക്കി നീ വേഗം തന്നെ സ്റ്റുഡന്റ് വിസയിൽ പുറത്തുപോണം എന്നിട്ട് സിദ്ധുവിനെയും കുഞ്ഞിനേയും കൂടെ കൊണ്ടു പോകണം.
അപ്പോൾ കുറെ പണം സമ്പാദിക്കാം. അങ്ങനെ പാവം ഐ ഇ എൽ ടി എസ് എഴുതി പുറത്തുപോകാനുള്ള പോയിന്റ് ഒക്കെ നേടി. പക്ഷേ കനത്ത തുക ബാങ്ക് ബാലൻസ് കാണിക്കണം.
ഒടുവിൽ വീണ്ടും അച്ഛന്റെ കാലു പിടിച്ചു ആവശ്യം അറിയിച്ചു ,, തനിക്കുള്ള വിഹിതം എഴുതി വാങ്ങിച്ചു. അത് ബാങ്കിൽ പണയം വെച്ചുകൊണ്ട് പുറത്തു പോകാനുള്ള പണം റെഡിയാക്കി. പണയം വെക്കാൻ ഓടി നടന്നതെല്ലാം അവൾ ഒറ്റയ്ക്കാണ്.
അവൾ ചെന്നതിനു പിറകെ ഭർത്താവും കുഞ്ഞുമെത്തി. MBA ക്കാരനായ ഭർത്താവ് കൂടിയ ജോലിക്ക് മാത്രമേ പോവുകയുള്ളൂ.
ആകെ കുറച്ചുനാളിൽ ദീപ്തിയുടെ ബാക്കിയുണ്ടായിരുന്നു ബാങ്ക് ബാലൻസ് തീർന്നു. പിന്നീട് പഠനത്തിന്റെ കൂടെ അവൾ തന്നെ ജോലിക്കും പോയി.
അതിരാവിലത്തെ ഷിഫ്റ്റിന്റെ ക്ലാസിന് പോകുന്നതിനു മുൻപ് തന്നെ എല്ലാ ജോലികളും ഒതുക്കി വയ്ക്കണം. സ്വന്തം കൈകൊണ്ട് ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കാത്ത ഭർത്താവ്. ആരോടും പരാതിയും പരിഭവവും ഇല്ലാതെ എല്ലാം ചെയ്തു തീർത്തു.
മകനും വളർന്നുവരവല്ലേ പതിയെ പതിയെ അച്ഛന്റെ സ്വഭാവം അവനും മനസ്സിലാക്കാൻ തുടങ്ങി. അന്നത്തെ ഏഴു വയസ്സുകാരനിൽ നിന്നും ഇന്നത്തെ 23 വയസ്സുകാരനിലേക്ക് അവൻ എത്തി.
തിരിച്ചറിവായി തുടങ്ങിയ കാലം മുതൽ തന്നെ അച്ഛന്റെയും അമ്മയുടെയും ജീവിതം മനസ്സിലാക്കുവാനും അമ്മയുടെ മുഖത്തെ സ്ഥായിയായ ദുഃഖത്തിന്റെ കാരണം അറിയാനും അവൻ ശ്രമിച്ചു.
ഒന്നിനും ഒരിക്കലും പരാതി പറയാത്ത അമ്മ. അച്ഛന്റെ വഴക്കും തല്ലും എല്ലാം പാവം സഹിച്ചും ക്ഷമിച്ചും കഴിഞ്ഞു…. തനിക്ക് വേണ്ടി.!!!! ഇനി അത് വേണ്ട എന്ന് തീരുമാനം താൻ എടുത്തിട്ട് ഒരു വർഷത്തോളമാകുന്നു ഇപ്പോഴാണ് അത് തുറന്നു പറയുന്നത്.!!!!
ശ്രീയുടെ നിർബന്ധം മൂലം സിദ്ധുവിനും ഡിവോഴ്സ് പെറ്റിഷനിൽ ഒപ്പിട്ടു കൊടുക്കേണ്ടി വന്നു. അങ്ങനെ 19 വയസ്സിൽ തുടങ്ങിയ അടിമ ജീവിതത്തിന് 43 വയസ്സിൽ ദീപ്തിക്ക് മോചനം കിട്ടി.
അപ്പോഴും മകന്റെ ഒരു കൈയിൽ അവന്റെ അമ്മയുടെ കൈ സുരക്ഷിതമായിരുന്നു. അമ്മയ്ക്ക് ഇനി ഞാൻ ഉണ്ടെന്നു പറയാതെ പറയും പോലെ. ഇനിയെങ്കിലും അവൾ സ്വാതത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കട്ടെ!!!!!
( വാൽക്കഷണം ::എത്രത്തോളം നന്നായി എന്ന് അറിയില്ല. ഇത് ശരിക്കും ഒരു ടോക്സിക് റിലേഷൻ തന്നെയായിരുന്നു.
ഞാൻ നേരിൽ കണ്ട ഒരു ജീവിതമാണ് ഈ പകർത്തി വെച്ചിരിക്കുന്നത്. ചെറിയ ചില മാറ്റങ്ങൾ മാത്രം വരുത്തിയിട്ടുണ്ട്. പെൺകുട്ടികളെ പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കാൻ പഠിപ്പിച്ച് വളർത്തണം.
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേപോലെ കണ്ട് വളർത്തണം. ആൺമക്കളോട് പറഞ്ഞു പഠിപ്പിക്കേണ്ടത് കെട്ടിക്കൊണ്ട് വരുന്നവർ തലയിൽ കയറാതെ നോക്കണമെന്നല്ല അവളെ മനസ്സറിഞ്ഞ് സ്നേഹിക്കുകയും ചേർത്തുപിടിക്കുകയും വേണം എന്നാണ്.
നമുക്ക് ചുറ്റും ഇങ്ങനെ എത്രയോ ദീപ്തിമാരും സിദ്ധുമാരും. ഇനിയും വെളിച്ചംവീശിയിട്ടില്ലാത്ത എത്രയോ പേർ!!!!!! ഭാര്യ ഭർത്താവിന്റെയോ ഭർത്താവ് ഭാര്യയുടെയോ അടിമയല്ല എന്നത് ഇനിയും എന്നാണ് ഇവർ മനസ്സിലാക്കുന്നത്.??????
തങ്ങളുടെ ഫ്രസ്ട്രേഷനും ദേഷ്യവും ഇമോഷനും അടിച്ചേൽപ്പിക്കാനുള്ള ഒരു യന്ത്രമല്ല തന്റെ പങ്കാളി, മറിച്ച് ഏത് സന്ദർഭത്തിലും സാഹചര്യത്തിലും തനിക്ക് ചേർത്തു പിടിക്കുവാൻ പറ്റിയ ഒരു കൂട്ടാണ് എന്ന് ഇനിയും എന്നാണ് ഇവരൊക്കെ തിരിച്ചറിയുന്നത്.?????
അടിച്ചേൽപ്പിക്കുമ്പോൾ അല്ല പരസ്പരം ചേർത്തുപിടിക്കുമ്പോഴും മനസ്സിലാക്കുമ്പോഴും ആണ് ജീവിതം ആസ്വാദ്യകരമാകുന്നത് അല്ലെങ്കിൽ അത് എങ്ങനെയൊക്കെയോ ജീവിച്ചു തീർക്കുന്നു എന്ന് പറയേണ്ട അവസ്ഥ മാത്രമാണ് എന്ന് ഇനിയും എന്നാണ് ഇത്തരക്കാർ തിരിച്ചറിയുന്നത്.
1000 കൊല്ലം ജീവിച്ചിട്ടൊന്നുമല്ല ഇവിടെ പലരും ആത്മഹത്യ ചെയ്യുന്നത്, ചുരുങ്ങിയ കാലം കൊണ്ടു ജീവിതം മടുക്കണമെങ്കിൽ അത്രത്തോളം കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടായിരിക്കാമല്ലോ .
ഇത്തരം ഭർത്താക്കന്മാർ മാത്രമല്ല ഇങ്ങനെ ഭർത്താവിനെ അടിമയോ അല്ലെങ്കിൽ ശത്രുവോ ആയിട്ടു കാണുന്ന ഭാര്യമാരും നമുക്ക് ചുറ്റിനും ഉണ്ട്.
പരസ്പരം ഒന്നും മനസ്സിലാക്കാൻ ശ്രമിച്ചാൽ,,, തന്റെ പങ്കാളിയും തന്നെപ്പോലെ മനസ്സും ഹൃദയവും ഉള്ള ഒരു സഹജീവി തന്നെയാണ് എന്ന് ചിന്തിക്കുവാൻ ശ്രമിക്കുന്നിടത്ത് അതിമനോഹരമായ ഒരു കുടുംബജീവിതവും തുടങ്ങുവാൻ കഴിയും )