(രചന: Asiya hannath)
നല്ലോണം പഠിക്കുന്ന കുട്ടിയായിരുന്നു സൽമ .. എല്ലാത്തിനും മിടുക്കി…
പഠിച്ച ക്ലാസ്സുകളിൽ എല്ലാം ഒന്നാമതായി ജയിക്കും.. എല്ലാ ടീച്ചർമാർക്കും അവളെ ഇഷ്ടമായിരുന്നു എന്ത് ചോദിച്ചാലും ആദ്യം എണീറ്റ് നിന്ന് പറയും വളരെ സ്മാർട്ട് ആയിരുന്നു…
അവൾക്ക് എല്ലാ സ്വാതന്ത്ര്യവും കൊടുത്താണ് അവളുടെ ഉപ്പയും ഉമ്മയും വളർത്തിയത്…
അതിന്റെ ഇടയിൽ ആണ് ഹസീബിന്റെ ആലോചന അവൾക്ക് വരുന്നത്..
ഹസീബ് നന്നായി പഠിച്ച ഒരാളായിരുന്നു..
അവരുടെ വകയിലുള്ള ഒരു ബന്ധു വഴി തന്നെ വന്ന ആലോചനയായിരുന്നു ഹസീബിന്റെ…
കാണാൻ നല്ല സുന്ദരൻ ദുബായിൽ നല്ല ഒരു ജോലിയും…
അപ്പോഴൊന്നും വിവാഹം വേണ്ട എന്ന് പറഞ്ഞിരുന്ന സൽമ ഹസീബിനെ ആറ്റിട്യൂട് കണ്ടാണ് സമ്മതിച്ചത് കാരണം, തന്റെ ഭാര്യയായി വരുന്ന കുട്ടി നന്നായി പഠിക്കണമെന്നും നല്ലൊരു നിലയിൽ എത്തണമെന്ന് ഏറെ ആഗ്രഹമുള്ള ഒരാളായിരുന്നു ഹസീബ്…
സൽമയേ ഇനിയും പഠിപ്പിക്കാൻ തയ്യാറാണെന്ന് ഹബീബ് ആദ്യം തന്നെ ഉറപ്പു നൽകിയിരുന്നു…
അതുകൊണ്ടുതന്നെ അവർക്ക് കൂടുതൽ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല….
വിവാഹത്തിന്റെ മുന്നേ തന്നെ ഫോണിലൂടെ അവർ വളരെ അടുത്തു….
ഹസീബ് അവൾക്ക് എല്ലാ നിർദേശങ്ങളും നൽകി പഠനത്തിലും മറ്റു കാര്യത്തിലും അയാൾക്ക് എല്ലാത്തിനെയും പറ്റിയും നല്ല ഒരു കാഴ്ചപ്പാട് ഉണ്ടെന്ന് ആദ്യം തന്നെ സൽമക്ക് മനസ്സിലായിരുന്നു…
സൽമയുടെ പഠിത്തം കഴിഞ്ഞാൽ അവളെ കൂടി ദുബായിലേക്ക് കൂടെ കൊണ്ടുപോകാമെന്ന് ഹസീബ് പറഞ്ഞിരുന്നു… സ്ത്രീധനം ഒന്നും വേണ്ട എന്ന് ഹസീബ് തന്നെയാണ് പറഞ്ഞത്..
എന്നാലും സൽമക്ക് അത്യാവശ്യം ആഭരണങ്ങൾ എല്ലാം കൊടുത്ത് തന്നെയാണ് സൽമയുടെ വീട്ടുകാർ അവളെ കല്യാണം കഴിപ്പിച്ചു വിട്ടത്…
കേറി ചെന്ന വീട്ടിൽ ആദ്യമൊന്നും വലിയ കുഴപ്പമില്ലായിരുന്നു ഹസീബ് ഗൾഫിലേക്ക് തിരിച്ചു പോയി…. അതിനുശേഷമാണ് അവിടെത്തെ അമ്മായിഅമ്മയുടെ ഭരണം ആരംഭിച്ചത്….
സ്വർണ്ണം അവർ സൂക്ഷിക്കാം എന്നു പറഞ്ഞായിരുന്നു ആദ്യത്തെ പ്രശ്നം.. എനിക്കായി തന്ന സ്വർണ്ണം സൂക്ഷിക്കാൻ എനിക്കറിയാം എന്ന് അവരുടെ മുഖത്തുനോക്കി പറഞ്ഞു…
അത് വലിയ പ്രശ്നമായി അമ്മായി അമ്മയുടെ മുഖത്തുനോക്കി കാര്യം പറഞ്ഞ മരുമകളെ എല്ലാവരുടെയും കണ്ണിലെ കരട് ആക്കി മാറ്റി അവർ…..
എന്റെ ഉപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിത്തന്ന സ്വർണം അവർ എടുത്തു വെക്കണം എന്ന് പറയുന്നതിലെ ശരി എന്താ എന്ന് ഞാൻ പലവട്ടം ചിന്തിച്ചു…..
എന്റെ ആവശ്യത്തിന് അല്ലെങ്കിൽ ഞങ്ങളുടെ ജീവിതത്തിനാവശ്യമായ എന്തെങ്കിലും കാര്യത്തിന് ഉപകരിക്കുമെങ്കിൽ അതിനാണ് ഞങ്ങൾക്ക് ഇത്രയും സ്വർണ്ണം തന്നിരിക്കുന്നത് അല്ലാതെ അമ്മായിഅമ്മയുടെ പെട്ടിയിൽ എടുത്തു വയ്ക്കാൻ അല്ല…..
ഞാൻ പഠിക്കാൻ പോകുന്നതും ഉമ്മയ്ക്ക് വലിയ ഇഷ്ടം ഒന്നും ഉണ്ടായിരുന്നില്ല…
ഉമ്മയുടെ പെൺമക്കൾ ആരും പഠിച്ചിട്ടില്ല എന്നതായിരുന്നു അതിനൊരു ന്യായം… പുസ്തകത്തിലെ പഠിപ്പ് അല്ല വേണ്ടത് വീട് നോക്കാൻ എന്ന് കൂടെ കൂടെ എന്നെ കൊള്ളിച്ചു അവർ പറയുമായിരുന്നു….
പുസ്തകത്തിലെ പഠിപ്പ് ഉണ്ടെങ്കിലെ മനുഷ്യന്മാരോട് വീട്ടിലായാലും എവിടെയായാലും പെരുമാറാൻ കഴിയൂ എന്ന് ഞാൻ തിരിച്ചും പറയും…
അത് അവരെ കൂടുതൽ പ്രകോപിതയാക്കാറുണ്ട്… ഇക്ക വിളിക്കുമ്പോൾ ഒക്കെയും അവർ പലതും എന്നെ പറ്റി പറഞ്ഞു കൊടുത്തു…
ഉമ്മയെ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല എന്നെയും കൂടി വിശ്വാസം ഉള്ളതു കൊണ്ട് അതിന്റെ സത്യാവസ്ഥ ഇക്ക എന്നോട് അന്വേഷിക്കാറുണ്ടയിരുന്നു…..
ഞാൻ ഇക്കയോട് ഉള്ളത് ഉള്ളതുപോലെ തന്നെ പറയുമായിരുന്നു…. അതുകൊണ്ട് തന്നെ ഇക്ക എന്നെ എപ്പോഴും ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു…
ഉമ്മയുടെ സ്വഭാവം അങ്ങനെയാണ് നീ അത്ര കാര്യമാക്കേണ്ട പഴയ തലമുറയല്ലേ??
പഠിപ്പും വിവരവും ഒന്നും കാണില്ല…
ഇങ്ങനെയൊക്കെയെ അവർക്ക് പെരുമാറാൻ അറിയൂ….. നമ്മൾ വേണം ഇതെല്ലാം നോക്കി കണ്ട് നിൽക്കാൻ എന്നെല്ലാം…. അത് കേൾക്കുമ്പോൾ ഒരു ആശ്വാസം തോന്നും ഞാൻ എല്ലാം മറക്കും….
ഇതിനിടയിൽ ഒരു തവണ ഇക്ക ഗൾഫിൽ നിന്ന് നാട്ടിലേക്ക് വന്നു ആ പ്രാവശ്യം ഞാൻ ഗർഭിണിയായി…. ഫൈനൽ ഇയർ ആയിരുന്നു ഞാൻ അപ്പോൾ…
അപ്പോഴായിരുന്നു എന്റെ പരീക്ഷ… എന്റെ പഠിപ്പ് എങ്ങനെ നിർത്താം എന്ന് നോക്കി നടക്കുന്ന അമ്മായി അമ്മയ്ക്ക് അതൊരു കച്ചി തുരുമ്പ് ആയിരുന്നു…
ഗർഭിണിയാണ് എന്ന കാര്യം പറഞ്ഞ് അവർ എന്നോട് ഇനി പഠിക്കാൻ പോകണ്ട എന്ന് പറഞ്ഞു..
ഞാൻ വളരെ വിഷമിച്ചു പോയി കാരണം ഈയൊരു അവസ്ഥയിൽ മറ്റുള്ളവരുടെ ഉപദേശം കേൾക്കുകയല്ലാണ്ട് എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു..
ഞാൻ ഇക്ക വിളിച്ചപ്പോൾ അത് കരഞ്ഞു പറഞ്ഞു,..
ഇനി പഠിക്കാൻ പോകണ്ട എന്ന് ഉമ്മ പറഞ്ഞ വിവരം… ഇക്ക പക്ഷേ പറഞ്ഞത് നോക്കട്ടെ എന്നാണ്…
ഇക്ക തന്നെ എല്ലാവരോടും സംസാരിച്ചു ഗർഭത്തിന്റെ ആദ്യമാസങ്ങളിൽ ദേഹം ഇളക്കാൻ പാടില്ലത്രേ… എന്റെ വീട്ടുകാരോട് വിളിച്ചു പറഞ്ഞപ്പോൾ അവരും ഉമ്മയുടെ സൈഡ് ആണ് നിന്നത്…..
അവർക്ക് ഇഷ്ടമില്ലെങ്കിൽ ഇതിന് നീ പോവണ്ട എന്ന് പറഞ്ഞു ഞാൻ ആകെ കൂടെ എന്ത് ചെയ്യണം എന്ന അവസ്ഥയിലായി…. അപ്പോഴാണ് ഇക്ക തന്നെ ഒരു മാർഗ്ഗം പറഞ്ഞത് കാണിക്കുന്ന ഡോക്ടറോട് ഒന്ന് ചോദിച്ചു നോക്കാൻ…
അത് നല്ലൊരു മാർഗമായി എനിക്കും തോന്നി പിറ്റേ ദിവസം ഇക്കായുടെ ഉമ്മയെയും കൂടി ഞാൻ ഡോക്ടറെ കാണിക്കാൻ പോയി ഡോക്ടറോട് പഠിക്കാൻ പോകുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചു….
ആദ്യമാസങ്ങളിൽ ഇളകാതെ വീട്ടിൽ റസ്റ്റ് എടുക്കണം എന്നാണ് എല്ലാവരും പറഞ്ഞത് എന്നും ഡോക്ടറോട് ഞാൻ പറഞ്ഞു..
അപ്പോൾ ഡോക്ടർ പറഞ്ഞു ആരാണ് നിങ്ങളോട് ഇതെല്ലാം പറഞ്ഞത്??? എന്ന്…
അപ്പോൾ ഞാൻ ഉമ്മയെ നോക്കി… ഉമ്മ തല താഴ്ത്തി ഇരുന്നു…
അങ്ങനെ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട് പക്ഷേ അത് അത്തരം രോഗികൾക്ക് ആണെന്ന് മാത്രം… ഇവിടെ സൽമക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല…. പക്ഷേ ശ്രദ്ധിക്കണമെന്ന് മാത്രം..
ധൈര്യമായി പോയിട്ട് വരാം..
സേഫ് ആയ വാഹനങ്ങളിൽ ധൈര്യമായി പരീക്ഷയെഴുതാൻ പോകാം …. അതിന് ഒത്തിരി ഒന്നും സ്ട്രെയിൻ ചെയ്യേണ്ട ആവശ്യം വരുന്നില്ലല്ലോ…
യാതൊരു തടസ്സവും ഇല്ല എന്ന് ഡോക്ടർ വ്യക്തമായിത്തന്നെ പറഞ്ഞു…
ഉമ്മ എല്ലാം കേട്ടിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി….. വീട്ടിൽ ചെന്ന് ഞാൻ എല്ലാം ഹസീബ് വിളിച്ചപ്പോൾ അദ്ദേഹത്തോട് പറഞ്ഞു…
അദ്ദേഹം ഉമ്മയെ വിളിച്ച് എല്ലാം ശരിയാക്കി ഉമ്മ പിന്നെ ഒന്നും പറഞ്ഞില്ല… എന്നെ പരീക്ഷകൾ എല്ലാം എനിക്ക് നന്നായി എഴുതാൻ പറ്റി..
ചിലരുണ്ട് ഇങ്ങനെ നമ്മുടെ സമൂഹത്തിൽ… അവർക്ക് കഴിയാത്തത് മറ്റുള്ളവർക്കും സാധിക്കരുത് എന്ന് ചിന്തിക്കുന്നവർ…
സ്വന്തം മക്കളെയും മരുമകളെയും രണ്ടുതട്ടിൽ തൂക്കുന്നവർ. സ്വന്തം മക്കൾക്ക് കിട്ടാത്തത് മരുമകൾക്ക് കിട്ടരുത് എന്ന് ആഗ്രഹിക്കുന്നവർ….
അവരുടെ ഇടയിൽ പിടിച്ചുനിൽക്കാൻ തന്റെടത്തോടെ ജീവിക്കുക എന്നത് മാത്രമാണ് ഏക പോംവഴി…..
അല്ലെങ്കിൽ അവരുടെ മുന്നിൽ അടിയറവ് പറഞ്ഞു നമ്മളുടെ എല്ലാം ആഗ്രഹങ്ങളെയും ത്യജിച്ചു ജീവിക്കേണ്ടിവരും…. സ്നേഹത്തിന്റെ മുന്നിൽ തോറ്റു കൊടുക്കുക അല്ലാതെ വാശിയുടെ മുന്നിലല്ല…