…… നന്ദേട്ടനെ അവൾ പ്രണയിച്ചു തുടങ്ങിയത് എന്നായിരുന്നു എന്ന് എനിക്ക് നിശ്ചയല്ല്യ…. നമ്മുടെ വിവാഹം ഉറപ്പിച്ചതിനു ശേഷമാണ് അവൾ എന്നോട് എല്ലാം പറയുന്നത്…

മയൂഖി
(രചന: Athulya Sajin)

മിഴികളിൽ ഏഴു വർണ്ണങ്ങൾ നിറച്ച ഒരു കുസൃതികുടുക്കയായിരുന്നു അവൾ…… മയൂഖി..

ശ്രീബാലയെ കാണാനായി ആൽത്തറയിൽ കാത്തു നിൽക്കുമ്പോൾ അവളുടെ കൈ പിടിച്ചു നിറചിരിയോടെ വരുന്ന അവളെ ഇന്നും ഓർമയുണ്ട്……

ബാലയെ പയ്യന്മാർ ഓരോന്ന് പറഞ്ഞു കളിയാക്കുമ്പോളും ചില സ്ത്രീകൾ അവളെ നോക്കി അടക്കം പറയുമ്പോളും ബാലയെക്കാൾ മുന്നേ നിറഞ്ഞിരുന്നത് ആ മിഴികളായിരുന്നു…..

എന്നാൽ എതിർത്തൊന്നും പറയാതെ കണ്ണുനീർ വാർത്തിരുന്ന ബാലക്കുവേണ്ടി, അവരോടെല്ലാം വഴക്കിനു പോവുന്ന ആ കുറുമ്പിയെ കാണുമ്പോൾ മനസ്സിൽ വാത്സല്യത്തിന്റെ അലകളായിരുന്നു നിറയെ…..

അന്ന് ആ വീടിന്റെ പടി കയറി ചെന്ന് ബാലയെ എനിക്ക് തരുമോ എന്ന് ചോദിക്കുമ്പോൾ എല്ലാവരുടെ മുഖത്തും അതിശയമായിരുന്നു….

അവളുടെ മുഖം അന്നു താൻ ശ്രദ്ധിചിരുന്നോ….???? ബാലയുടെ മുഖത്തെ നാണം കലർന്ന സന്തോഷം കാണാൻ ആയിരുന്നു അന്ന് മനസ്സ് വെമ്പൽ കൊണ്ടത്……

എന്നാൽ വിവാഹം കഴിഞ്ഞു ഇറങ്ങാൻ നേരം ആണ് ആ വായാടി വെറും തൊട്ടാവാടി മാത്രമാണെന്ന് തിരിച്ചറിഞ്ഞത്…. പരസ്പരം കെട്ടിപിടിച്ചു കരയുന്ന ആ സഹോദരിമാരുടെ ഗാഢമായ സ്നേഹം എത്ര ആഴത്തിൽ ആണെന്ന് പിന്നേയും ബോധ്യമാവുകയായിരുന്നു…..

ബാലയെക്കാൾ രണ്ടു വയസ്സിനു ഇളപ്പം ഉള്ളുവെങ്കിലും ബാല തന്റെ മോളെ പോലെ ആയിരുന്നു അവളെ നോക്കിയിരുന്നത്……

എല്ലാവരോടും കൊഞ്ചിയും വഴക്കിട്ടും നടന്നിരുന്ന അവൾ തന്റെ മുൻപിൽ മാത്രം നിശബ്ദതയുടെ മൂടുപടം വലിച്ചിട്ടു……

എന്താ മായക്കുട്ടിക് എന്നോട് ഇത്ര അകൽച്ച….???
അവൾക് ഇഷ്ടല്ല്യായിരുന്നോ ഈ വിവാഹം…??

ഒരിക്കൽ ബാലയോട് ചോദിച്ചപ്പോൾ അവൾ കണ്ണിനീരിനെ മറക്കാൻ പാടുപെടുന്നത് കണ്ടു….

ഇഷ്ട്ടായിരുന്നു ഒരുപാട്…… നന്ദേട്ടനെ അവൾ പ്രണയിച്ചു തുടങ്ങിയത് എന്നായിരുന്നു എന്ന് എനിക്ക് നിശ്ചയല്ല്യ…. നമ്മുടെ വിവാഹം ഉറപ്പിച്ചതിനു ശേഷമാണ് അവൾ എന്നോട് എല്ലാം പറയുന്നത്… പറഞ്ഞതല്ല ഞാൻ കണ്ടുപിടിച്ചു എന്ന് പറയുന്നതാവും ശരി….

നിങ്ങളായിരുന്നു ഒന്നിക്കേണ്ടത്…. ഈ ഞൊണ്ടികാലി എങ്ങനെയോ ഇടയിൽ പെട്ടു പോയി…. അത് എന്റെ ഹൃദയത്തിൽ ഏറ്റ ഒരു വെട്ടായിരുന്നു…… ആ ചുണ്ടുകളെ തടഞ്ഞു അവളെ മാറോടടക്കിപ്പറഞ്ഞു.. ഞാൻ ഈ ലോകത്തിൽ സ്നേഹിച്ച ഒരേയൊരു പെണ്ണ് നീയാണ് ബാല…. മരണം വരെ അത് നീ തന്നെ ആയിരിക്കും….

അപ്പൊ ഞാൻ മരിച്ചാലോ നന്ദേട്ടാ. …??

അപ്പൊ അവളെ വിവാഹം ചെയ്യണേ…. നമ്മുടെ മോളെ അവളെപ്പോലെ മറ്റൊരു പെണ്ണും നോക്കില്ല….

എന്താ ബാല ഇത്… നീയില്ലെങ്കിൽ മറ്റൊരു പെണ്ണില്ല…. അങ്ങനെ എന്ധെലും ഉണ്ടായാൽ ഞാൻ ഒറ്റയ്ക്ക് നോക്കും നമ്മുടെ മോളെ….

ഒരു അമ്മയുടെ കുറവ് നികത്താൻ ഒരിക്കലും ഒരു അച്ഛന് കഴിയില്ല നന്ദേട്ട…..

പിന്നെ മുതൽ അവളെ ഞാനും അകറ്റി നിർത്തി…

എങ്കിലും . ഒരിക്കലും സ്വാർത്ഥയാവാത്ത ആ മനസ്സിന്റെ നന്മ എനിക്ക് എന്നും ഒരു അത്ഭുതം ആയിരുന്നു…. ബാലയുടെ വാക്ക് അറംപറ്റിയതു പോലെ അന്നേക്ക് നാലാം നാൾ അവൾ എന്നെ വിട്ടു പോയി….

ചേച്ചിയെ തുരുതുരാ ഉമ്മ വെച്ച് അലമുറയിട്ട് കരയുന്ന അവളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും എന്റെ കൈ പൊന്തിയില്ല…. മോളെ വിട്ടു തരാൻ അവൾ കൂട്ടാക്കിയില്ല….. മാറോടടക്കി കരഞ്ഞു….. .

നാളുകൾക്കു ശേഷം മോളെ കൂടെ അവളെയും കൂടേ കൂട്ടി… ഒരു മഞ്ഞച്ചെരട് കഴുത്തിൽ കെട്ടി… അന്നു മുതൽ നീണ്ട അഞ്ചു വര്ഷക്കാലത്തിനിപ്പുറവും ബാലയെ മറന്നു ഒരിക്കൽ പോലും അവളെ അങ്ങനെ നോക്കിയിട്ടില്ല….

അവളും ഒരിക്കലും ഒരു ഭാര്യയുടെ അവകാശം സ്ഥാപിക്കാൻ എത്തിയിട്ടില്ല… എന്റെ വേദനക്കിടയിൽ ആ മനസ്സ് ഉരുകുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു….. എനിക്കും മോൾക്കും വേണ്ടിയാണു ആ ജീവിതം മാറ്റിവെച്ചത് എന്ന കാര്യം മനപ്പൂർവം മറന്നു…

ഇത്ര നാളും ഒന്ന് ചേർത്തു പിടിച്ചിട്ടില്ല, ആശ്വസിപ്പിച്ചിട്ടില്ല.. .എന്നാലും ഒരു പരിഭവവും അവൾ പറഞ്ഞിട്ടില്ല….

ഈ ജീവിതം അവളും ഇഷ്ട്ടപ്പെടുന്നു എന്നായിരുന്നു ധാരണ….

ഇന്ന് അതെല്ലാം മാറിമറിഞ്ഞിരിക്കുന്നു………

അല്ലി മോളെ മെല്ലെ മാറിൽ നിന്നും അടർത്തി മാറ്റി കട്ടിലിൽ കിടത്തി…. നന്നായി പുതപ്പിച്ചു… എഴുന്നേൽക്കാൻ ഭാവിച്ചപ്പോളേക്കും ആ കുഞ്ഞിക്കൈകൾ ചുറ്റിപ്പുടിച്ചിരുന്നു….

മാറിൽ മുഖം പൂഴ്ത്തിയുറങ്ങുന്ന അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം ഏകി… വിശന്നു തളര്ന്നു തന്റെ മാറിൽ അടിച്ചു കരഞ്ഞ ആ പിഞ്ചു കുഞ്ഞിനെ ആ നേരം ഓർമ്മ വന്നു….

ചേച്ചി മരിച്ച അന്ന് തന്റെ മാറിന്റെ ചൂട് പറ്റിയാണ് അവളുറങ്ങിയത്…. അന്നേരം അവൾക്കായി ഈ മാറൊന്നു ചുരത്തിയിരുന്നെങ്കിൽ എന്നോരായിരം വട്ടം ആശിച്ചതാണ്…. എന്റെ ചേച്ചി പോയ പോലെ ഇവളെയും എന്നിൽ നിന്നു കൊണ്ടുപോവാൻ സമ്മതിച്ചില്ല….. അവളെ ഇന്ന് ഞാൻ അല്ലി മോളിലൂടെയാണ് കാണുന്നത്….

എന്റെ ആരെല്ലാമോ ആയിരുന്നു ബാലേച്ചി….. അമ്മയേക്കാൾ ഏറെ ഞാൻ സ്നേഹിച്ചത് അവളെയായിരുന്നു…. സൗന്ദര്യം കൊണ്ടും സ്വഭാവം കൊണ്ടും അവളൊരു ദേവതയായിരുന്നു…

നല്ല മിഴികൾ ആയിരുന്നു ചേച്ചിക്ക്….. ചുണ്ടുകൾ പനിനീർപ്പൂക്കൾ….. എന്നെയെന്നും അസൂയപ്പെടുത്തിയത് അവളുടെ മുട്ടറ്റം നീണ്ടു കിടക്കുന്ന മുടിയായിരുന്നു……..

എന്നാൽ അവളുടെ നല്ല ഗുണങ്ങൾ ആരും കണ്ടില്ല…. കാലിലെ ഒരു മുടന്ത്… മറ്റെല്ലാം ആ ഒരു കുറവിൽ മുങ്ങി പോയി…

ആളുകളുടെ മുന്നിൽ ഒന്നെങ്കിൽ പരിഹാസം അല്ലെങ്കിൽ സഹതാപം അവളെ തളർത്തുന്നത് കണ്ടു നിൽക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു……

വിവാഹങ്ങൾ ഒന്നൊന്നായി മുടങ്ങി…. വരുന്നവർക്കെല്ലാം അനിയത്തിയെ മതി…. എന്നാൽ എന്റെ മനസ്സ് എന്നോ ഒരാൾക്ക് മുന്നിൽ അടിയറവ് വെച്ചിരുന്നു….

എന്റെ നന്ദേട്ടൻ…… ആ മിഴികളിലേ പ്രണയം എന്നു ഹൃദയത്തിൽ ഒപ്പിയെടുത്തിരുന്നു ഞാൻ….

ഓരോ കിനാവുകളിലും ആ മുഖം എന്നെ തരളിതയാക്കിയിരുന്നു….

നാട്ടിലെ എല്ലാ പയ്യന്മാരും എന്റെ ചേച്ചിയെ കളിയാക്കുമ്പോളും സഹതാപത്തോടെയോ പുച്ഛത്തോടെയോ ഉള്ള ഒരു നോട്ടം പോലും ആ കണ്ണുകളിൽ കണ്ടില്ല…. അതാണ് ഞാൻ ശ്രദ്ധിക്കാൻ ഉള്ള കാരണം….. ആ കണ്ണുകൾ എന്നെയും പിന്തുടരുന്നത് പിന്നേ തിരിച്ചറിഞ്ഞു…

ഒരു ദിവസം പടിപ്പുര കടന്നു വരുന്ന നന്ദേട്ടനെ കണ്ടപ്പോൾ ഹൃദയത്തിൽ കുടമുല്ലപ്പൂക്കൾ സുഗന്ധം പരത്തി…. എന്നാൽ ചേച്ചിയുടെ മനസ്സ് വേദനിക്കുമല്ലോ എന്നോർത്തപ്പോൾ വിഷമം തോന്നി…..

എന്നാൽ ചേച്ചിയെ ആണ് ഇഷ്ടം എന്നറിഞ്ഞപ്പോൾ ഒരേ സമയം നെഞ്ച് തകരുന്നതും സന്ദോഷം വിങ്ങുന്നതും അറിഞ്ഞു……

എല്ലാവർക്കും സന്ദോഷം ആയി…. ഒരിക്കലും നടക്കില്ല എന്ന് കരുതിയ വിവാഹം നടക്കാൻ പോവുന്നു…. എന്റെ ഹൃദയത്തിൽ അലയടിച്ചു വന്ന സങ്കടത്തിരയെ ഞാൻ അണ കെട്ടി നിർത്തി ..

ആ കടാക്ഷം എനിക്കു നേരെ ആണെന്ന് തെറ്റിദ്ധരിച്ചു പോയി എന്ന് മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തി….. എന്നാൽ എന്നിലെ മാറ്റം ആ കണ്ണുകളിൽ ഉടക്കി…. ആ കണ്ണുകളിൽ നിന്നും ഒരിക്കലും ഒളിച്ചോടാൻ എനിക്ക് കഴിയുമായിരുന്നില്ല….

എല്ലാം തുറന്നു പറഞ്ഞു….

നിറഞ്ഞ മിഴികളോടെ ആ സൗഭാഗ്യം എനിക്ക് വെച്ചു നീട്ടുകയായിരുന്നു ബാലേച്ചി….

ഇല്ല ചേച്ചി….. ഈ മിഴികളിൽ ഈറൻ നിറച്ചു എനിക്ക് ഒരു സൗഭാഗ്യവും വേണ്ട….. എന്റെ ചേച്ചിയോളം എന്നെ സന്ധോഷിപ്പിക്കുന്ന മറ്റെന്താണുള്ളത്….

ഒരിക്കലും നന്ദേട്ടൻ അറിയരുത് എന്ന് ചേച്ചിയിൽ നിന്നും സത്യവും വാങ്ങി…. പിന്നെ പ്രണയം എന്റെ ചേച്ചിയെ സ്വീകരിക്കാൻ കാണിച്ചാൽ ആ നല്ല മനസ്സിനോടുള്ള ആരാധനക്ക് വഴി മാറി…. എങ്കിലും നന്ദേട്ടനെ നേരിടാൻ കഴിയുമായിരുന്നില്ല…. പിടിക്കപ്പെട്ടാലോ എന്ന ഭയം പുറകോട്ട് വലിച്ചു…

കുഞ്ഞു കൂടെ വന്നതോടെ ഇരട്ടിയായി മാറിയ സന്ദോഷം ഇല്ലാതാവാൻ ഒരു നിമിഷം വേണ്ടിവന്നുള്ളു….

തുണി വിരിക്കാൻ പോയ ചേച്ചിയുടെ കാലിൽ കടിച്ചത് ഉഗ്രവിഷമുള്ള മൂർഖൻ ആയിരുന്നു….

അറിഞ്ഞു ഓടിച്ചെന്നപ്പോൾ നീലച്ച ദേഹവുമായി മരണത്തോട് മല്ലിടുന്നതാണ് കണ്ടത്…..

മോളെയും കൊണ്ട് അടുത്തായി കരഞ്ഞു തളര്ന്നു നന്ദേട്ടനും ഇരിക്കുന്നു…..

ആ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു…. നിറഞ്ഞ മിഴികളിൽ എന്ന അവസാനമായി കാണാൻ കഴിഞ്ഞതിന്റെ തിളക്കമാവാം…..

എന്റെ നിറുകയിൽ തലോടി……

മോളുടെ കൈ എടുത്തു എന്റെ കൈതടത്തിൽ വെച്ചു തന്നു….. നിറഞ്ഞ ചിരിയോടെ ആ കണ്ണുകൾ എന്നന്നേക്കുമായി അടയുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു……

കുളിപ്പിച്ച് കൊണ്ടുവന്നപ്പോൾ മണ്ണിൽ ഇഴഞ്ഞ ആ നീണ്ട തലമുടി പിന്നെയും പിന്നെയും നോക്കി നിന്നു……..

ചിതയിലേക്കെടുക്കുന്ന വരെ ആ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല…….

പിന്നീട് ഈ നിമിഷം വരെ ആ കുഞ്ഞിക്കൈകൾ വിട്ടിട്ടില്ല……

അന്ന് നന്ദേട്ടനോപ്പം മോളെ വിട്ടില്ല… ഇവളെ കൊടുക്കില്ല എന്ന് അമ്മയോട് തീർത്തു പറഞ്ഞു….

അതൊരിക്കലും നടക്കില്ല മോളെ….

ഇന്നല്ലെങ്കിൽ നാളെ ഇവളെ അവർ കൊണ്ടുപോവും…..

അല്ലെങ്കിൽ ഒരു വഴിയേ ഉള്ളു ഇന്നലെ നന്ദന്റെ അച്ഛൻ വിളിച്ചപ്പോൾ സൂചിപ്പിച്ചതാ….

നീ നന്ദന്റെ ഭാര്യ ആവണം…

അല്ലി മോൾക്ക്‌ അമ്മയും…. ഇല്ലമ്മേ ചേച്ചിടെ സ്ഥാനത് ഞാൻ…. ഇല്ല അത് നടക്കില്ല… അത് എന്റെ ചേച്ചിയോട് ചെയ്യുന്ന ചതിയാവും….

അല്ലേൽ വേറെ വഴിയില്ല മോളെ ഇവളെ തിരിച്ചു കൊടുത്തേ പറ്റു…

നന്ദൻ നാളെ മറ്റൊരു വിവാഹം കഴിച്ചാൽ വന്നു കേറുന്ന പെണ്ണിന് അല്ലി മോൾ ഒരു ഭാരം ആയാലോ…..

നീയും ഒരു കല്യാണം കഴിക്കണ്ടേ… പിന്നെ ആ കുഞ്ഞിന്റെ സ്ഥിതി എന്താവും.. അതൊരു പെൺകൊച്ചല്ലേ….

തല പെരുക്കുന്നത് പോലെ തോന്നി..

നീ ഓർത്തു നോക്ക് നിന്റെ ചേച്ചിയും ആഗ്രഹിച്ചത് അതു തന്നെ അല്ലെ…. നിന്റെ കൈകളിലേക്കാണ് അവൾ മോളെ ഏൽപ്പിച്ചു പോയത്…. നിനക്കു മാത്രമേ സ്വന്തം പോലെ അവളെ നോക്കാൻ ആവു… മോൾ ആലോചിച്ചു പറ….

അങ്ങനെ ഒരിക്കൽ സ്വപ്നം കണ്ട ആ താലി എന്റെ കഴുത്തിൽ വീണു…. എന്നാൽ എന്റെ പ്രാണൻ എന്നോ എന്നെ വിട്ടു പോയി….. മോൾക്ക് വേണ്ടിയാണു നന്ദേട്ടനും ഇതിനു സമ്മതിച്ചത്….

പിന്നെ ഇന്ന് വരെ……. ഒരു പാൽപ്പുഞ്ചിരിയിൽ തുടങ്ങി ഉറക്കത്തിൽ നെറ്റിത്തടത്തിൽ വീഴുന്ന ഒരു നനുത്ത സ്പർശത്തിൽ അവസാനിക്കുന്നതായിരുന്നു എന്റെ ദിവസങ്ങൾ….

ഒരിക്കലും ഈ ജീവിതം ഞാൻ വെറുത്തില്ല.. ഒന്നും പ്രതീക്ഷിച്ചുമില്ല.. പഴയതിനേക്കാൾ ഏറെ നന്ദേട്ടനെ പ്രണയിച്ചു.. പ്രകടിപ്പിച്ചില്ല…..

ഇന്ന് അമ്മയുടെ വാക്കുകൾ ഇടനെഞ്ചിൽ തറക്കുന്നതിനു തൊട്ടു മുൻപ് വരെ ആനന്ദിച്ചിട്ടേ ഉള്ളു…..

മോളുടെ അമ്മേ എന്ന വിളിയിൽ……. ആ കൊഞ്ചലിൽ… ചേച്ചിയുടെ ഓർമ്മകൾ തിരിച്ചു പിടിക്കുകയായിരുന്നു….

ആദ്യത്തേത് ചട്ടുകാലി.., ഇപ്പോളത്തേതോ മച്ചിയും…. എന്റെ മോന്റെ ജീവിതം ഇങ്ങനെ ആയല്ലോ ഈശ്വരാ….

അമ്മ അമ്മായിയോട് പറയുന്നത് കേട്ടപ്പോൾ
കരച്ചിൽ അടക്കാൻ ആയില്ല….

ഉയർന്നു വന്ന ഏങ്ങൽ പുറത്തു വരാതിരിക്കാൻ മുഖം പൊത്തി തിരിഞ്ഞോടാൻ ഭാവിച്ചപ്പോളേക്കും ചെന്നിടിച്ചത് എല്ലാം കണ്ട് കൊണ്ട് എന്റെ പിറകിൽ നിന്ന നന്ദേട്ടനിൽ ആയിരുന്നു….

ആ മിഴികളുമായി എന്റെ നിർമിഴികൾ കോർത്തപ്പോൾ പിന്നെ അവിടെ നിൽക്കാൻ കഴിഞ്ഞില്ല…. നെറ്റിത്തടത്തിൽ പതിവുള്ള സ്പർശം അറിഞ്ഞപ്പോൾ എന്നത്തെയും പോലെ മനസ്സിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല….

കരഞ്ഞു പോയി…..

ക്ഷമ ചോദിക്കാൻ പോലും അർഹതയില്ല എന്നറിയാം….

എന്നോട് ക്ഷമിക്കാൻ കഴിയോ നിനക്ക്??

ഇത്രയും കാലം നിന്നെ അവഗണിച്ചതിനു???

എനിക്കൊരു സങ്കടവുമില്ല നന്ദേട്ട…

ഞാൻ ഒരിക്കലും ചേച്ചിയുടെ സ്ഥാനം ആഗ്രഹിച്ചിട്ടില്ല… മോൾക്ക്‌ വേണ്ടിയാണ്…. ഞാൻ….

മതി…. ഇനിയൊന്നും പറയണ്ട….

എല്ലാം എനിക്കറിയാം… ബാല എന്നോട് പറഞ്ഞിട്ടുണ്ട്…

എനിക്ക് അറിയേണ്ടത് ഒന്ന് മാത്രം….

നിനക്ക് എല്ലാ അർത്ഥത്തിലും എന്റെ ഭാര്യ ആവാൻ കഴിയോ???

ഒരു പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്ക് വീഴാനെ അപ്പോൾ കഴിഞ്ഞുള്ളു…. സീമന്തരേഖയിൽ പതിഞ്ഞ ചുംബനം…. ആദ്യ ചുംബനം… മിഴികൾ പെയ്തു…. ഇടതടവില്ലാതെ…..

ആ ഹൃദയതോട് ചേർന്നു നിന്ന് അഞ്ചു വർഷത്തെ പരാതികളും പരിഭവങ്ങളും ഒഴുക്കിക്കളഞ്ഞു…. ഉണർന്നു ചിണുങ്ങിയ അലിമോളെ ചേർത്തു പിടിച്ചുകൊണ്ട് ആ രാത്രി ഞങ്ങൾ ഒരുമിച്ചുറങ്ങി………

Leave a Reply

Your email address will not be published. Required fields are marked *