എനിക്കിനി വയ്യ…. ക്ഷമിക്കാവുന്നതിനപ്പുറം ഞാൻ ക്ഷമിച്ചു എന്നമ്മക്കറിയില്ലേ….. ഇനി എന്നെ നിർബന്ധിച്ചാൽ ഞാൻ വല്ല കടുംകൈയ്യും ചെയ്യുട്ടോ…..”

അജല
(രചന: ബെസ്സി ബിജി)

“അമ്മേ…. എനിക്കിനി വയ്യ…. ക്ഷമിക്കാവുന്നതിനപ്പുറം ഞാൻ ക്ഷമിച്ചു എന്നമ്മക്കറിയില്ലേ….. ഇനി എന്നെ നിർബന്ധിച്ചാൽ ഞാൻ വല്ല കടുംകൈയ്യും ചെയ്യുട്ടോ…..”

അജല പെട്ടെന്ന് ഫോൺ കട്ട് ചെയ്തതു കൊണ്ട് മറ്റൊന്നും അങ്ങോട്ട് ചോദിക്കാൻ പറ്റിയില്ല. ഇപ്പോൾ തന്നെ തിരിച്ച് അവളെ വിളിച്ചാൽ അവൾ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുകയേ ഉള്ളു എന്നവർക്കറിയാം.

എത്രയോ പ്രാവശ്യമായി ഇതിങ്ങനെ……….. അവർ ആലോചിച്ചു .

എഴുപത്തിനാല് വയസ്സായി ,കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന എനിക്കിത് എത്ര കാലം ഇങ്ങനെ അവളെ ആശ്വസിപ്പിച്ച് കൊണ്ടു നടക്കാനാകും. അവരിൽ നിന്നും അറിയാതെ ഒരു ദീർഘനിശ്വാസം അടർന്നുവീണു……

അതെ ,നീണ്ട ഇരുപത്തിനാല് വർഷം……. അന്ന് അജലക്ക് വെറും ഇരുപത് വയസ്സ് പ്രായം………

ഡിഗ്രി കഴിഞ്ഞ് എന്തെങ്കിലും പ്രൊഫണൽ കോഴ്‌സ് കംപ്ലീറ്റ് ചെയ്ത് ജോലിക്ക് കയറി സ്വന്തം കാലിൽ നിൽക്കണം എന്നത് മാത്രമായിരുന്നു അവളുടെ ആഗ്രഹം. പഠിക്കാൻ മിടുക്കിയായ അവൾക്കത് നിസാരമായിരുന്നു. എന്നിട്ടും………

“ആലീസ്… നിൻ്റെ മോൾക്കിപ്പോൾ 20 വയസ്സായില്ലേ . അച്ഛനില്ലാത്ത അവളെ ഇനിയും ഇങ്ങനെ നിർത്താതെ പറ്റിയ ഒരു പയ്യനെ കണ്ടു പിടിച്ച് കെട്ടിച്ച് നിൻ്റെ ബാധ്യതയൊക്കെ തീർക്ക്. ഒരു മരുമകൻ വന്നാൽ നിനക്കും ഒരു ആശ്വാസമാകുമല്ലോ……

അല്ലെങ്കിലും പെൺകുട്ടികൾക്കൊക്കെ ജോലി കിട്ടിയിട്ടെന്തിനാ? എനിക്കറിയാവുന്ന ഒരു നല്ല പയ്യനുണ്ട്. നിനക്ക് സമ്മതമാണെങ്കിൽ നമുക്കിതൊന്ന് ആലോചിക്കാം… ” അകന്ന ബന്ധത്തിലെ അന്നയാണ്.

“അജലക്കിപ്പോൾ കല്യാണമൊന്നും വേണ്ടന്നാ അന്നാ പറയുന്നത്. അവൾക്ക് പഠിച്ച് ഒരു നല്ല ജോലിയൊക്കെ കിട്ടിയിട്ട് മതിപോലും.”

ഹ….. ഈ പെൺപിള്ളേരൊക്കെ ജോലിക്ക് പോയിട്ടിപ്പോൾ എന്നാ കിട്ടാനാന്നേ… റോബിൻ… അവനെ വീട്ടിൽ വിളിക്കുന്നത് അച്ചൂന്നാട്ടോ…. അച്ചൂൻ്റെ അപ്പൻ്റെ കൈയിൽ പൂത്ത കാശുണ്ടന്നേ… എന്തൊക്കെ ബിസിനസ്സുകളാ അവർക്കുള്ളത്….

നമുക്കൊന്നും ആലോചിക്കാനേ പറ്റാത്ത ബന്ധമാണ്. ഇതിപ്പോൾ അവർക്ക് രണ്ട് ഡിമാൻ്റേ ഉള്ളു… പെണ്ണ് കാണാൻ സുന്ദരി ആയിരിക്കണം, കുറച്ചൊക്കെ വിദ്യാഭ്യാസവും വേണം. ഇത് രണ്ടും നമ്മുടെ അജലക്കുണ്ടല്ലോ…. നടന്നാൽ നിൻ്റെയും മോളുടേയും മഹാഭാഗ്യം. ”

പല ദിവസങ്ങൾ മനസ്സിലിട്ട് കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും നോക്കി. അജലയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും…

“മോളേ…. അമ്മക്ക് പ്രായമായി വരികയല്ലേ….. അപ്പ മരിച്ചതിനു ശേഷം നമ്മൾ ഒത്തിരി കഷ്ടപെട്ടിട്ടുള്ളത് മോൾക്കും അറിയാവുന്നതല്ലേ…. പഠിച്ച് ഒരു ജോലിയൊക്കെ കിട്ടുക എന്നു വച്ചാൽ ഇനിയും എത്ര നാളെന്ന് വച്ചാ….

മോൾക്കൊരു നല്ല കല്യാണാലോചന വന്നിട്ടുണ്ട്. ഇത് നടന്ന് കിട്ടിയാൽ മോളുടെ ഭാഗ്യമാ…… അവർ നിന്നെ എത്രവേണമെങ്കിലും പഠിപ്പിക്കും… ഉത്തരവാദിത്വങ്ങളൊക്കെ ഒതുക്കി വച്ച് അമ്മക്കിനി വിശ്രമിക്കണം. ”

“അമ്മയുടെ മോളല്ലേ ഞാൻ……. എങ്ങനെയാ ഞാനമ്മക്ക് ഒരു ഉത്തരവാദിത്വമാകുന്നത്….. എന്നെ കല്യാണം കഴിച്ച് വിട്ടാൽ പിന്നെ അമ്മയെങ്ങനെ ഒറ്റക്ക് ജീവിക്കും….

ഒരു ജോലിയൊക്കെ കിട്ടി എനിക്ക് കുറച്ചു കൂടി പക്വതയൊക്കെ വന്നിട്ട് കല്യാണത്തെ കുറിച്ച് ആലോചിച്ചാൽ മതീട്ടോ അമ്മേ……”

ഇന്നത്തെ കാലത്ത് ഒരു ഡിമാൻ്റും ഇല്ലാതെ ഇത്ര നല്ല ആലോചന വന്നത് നിൻ്റെ മഹാഭാഗ്യമാ… നീ എന്തൊക്കെ പറഞ്ഞാലും ഞാനിത് നടത്തിയിരിക്കും. ”

എൻ്റെ പിടിവാശിക്ക് മുന്നിൽ അജല മുട്ട് മടക്കുകയായിരുന്നു.

കല്യാണം കഴിഞ്ഞ് പിറ്റേദിവസം ” അമ്മേ…. ഇന്നലെ രാത്രിയിൽ ഞാൻ ഒരു പോള കണ്ണടച്ചിട്ടില്ല.. ചേട്ടനും കൂട്ടുകാരും കൂടി മ ദ്യ സേവ ആയിരുന്നു.. അപ്പയും അമ്മയും കൂടി… എന്നോടും അവിടെ ചെന്നിരിക്കാൻ നിർബന്ധിച്ചു… എനിക്കിതൊന്നും പരിചയമില്ലെന്ന് അമ്മക്കറിയില്ലേ…. ”

അന്ന് തുടങ്ങിയതാണ് അവർ തമ്മിലുള്ള അസ്വാരസ്യങ്ങൾ. അവളുടെ പഠിത്തം തുടരുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ……

“പത്താം ക്ലാസ് വരെ പഠിച്ച എനിക്ക് ഒരു ഡിഗ്രിക്കാരി ധാരളമാ….. പഠിച്ചതൊക്കെ മതി….. നല്ല ഒരു ഭാര്യയായി ഒരു മരുമകളായി നിനക്കിവിടെ കഴിയാം…… ”

മുരടിച്ചു പോയ അവളുടെ പഠിപ്പും ജീവിതവും…. പിന്നീടൊരിക്കലും തഴച്ച് വളർന്നിട്ടില്ല…. ആവശ്യത്തിൽ കൂടുതൽ നല്ല ഭക്ഷണവും, വസ്ത്രവും, ജോലിക്കാരും, കാറുകളും, വലിയ പാർപ്പിടവും ഉണ്ടായിട്ടും……

” മോളേ….. ഇനി നീ കുട്ടികളുടെ കാര്യങ്ങളൊക്കെ നന്നായി നോക്കി അതിലങ്ങോട്ട് എൻഗേജിഡ് ആവ്… അല്ലാതെ വേറെ മാർഗ്ഗങ്ങളൊന്നും ഇല്ലല്ലോ?”

രണ്ട് കുട്ടികൾ അവരെന്ത് പിഴച്ചു? അവർക്കും വേണ്ടേ രണ്ട് പേരുടേയും സ്നേഹം…..

“അമ്മേ…. എനിക്കിവിടെ തീരെ പറ്റുന്നില്ല… ഇതൊരു വീടല്ലേ അമ്മേ….. മിക്ക ദിവസങ്ങളിലും ചേട്ടൻ്റെ കൂട്ടുകാരും ഭാര്യമാരും വന്ന്… ക ള്ള് കുടിയും ഒച്ചയും ബഹളവും… അശ്ലീലം കലർന്ന കമൻ്റുകളും….. ”

“ഞാനിതിലൊന്നും പങ്കെടുക്കാത്തതു കൊണ്ട് കൂട്ടത്തിൽ കൂട്ടാൻ കൊള്ളില്ല, യാതൊരു സഹകരണവും ഇല്ലാത്തവൾ എന്നെല്ലാം പറയുന്നു…… ഞാൻ മക്കളേയും കൂട്ടി അമ്മയുടെ അടുത്തേക്ക് വന്നോട്ടെ… മറ്റൊന്നും വേണ്ട…. സമാധാനത്തോടെ ജീവിച്ചാൽ മതിയെനിക്ക്…. ”

മോളേ…. ഇനി നിൻ്റെ ജീവിതം അവിടെയാണ്… എനിക്കും പ്രായമായി വരികയല്ലേ….. എൻ്റെ കാലം കഴിഞ്ഞാൽ നിനക്കെങ്ങനെ ഒറ്റക്ക് ഈ പിള്ളേരേയും കൂട്ടി ജീവിക്കാൻ പറ്റും…. അവരുടെ പഠിപ്പ്, മറ്റാവശ്യങ്ങൾ…. നീയൊന്ന് അഡ്ജസ്റ്റ് ചെയ്ത് ജീവിക്ക് മോളേ….. ”

അല്ലെങ്കിലും അവൾക്കെന്താണവിടെ കുഴപ്പം… അവൾ പറയാതെ തന്നെ വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിച്ച് കൊടുക്കുന്നുണ്ട്, ഇടക്കിടക്ക് പല സ്ഥലങ്ങളിലും കറങ്ങാൻ കൊണ്ടു പോകുന്നുണ്ട്……..

പിന്നെ ഇവിടെ വന്ന് എൻ്റെ കൂടെ നിൽക്കാൻ സമ്മതിക്കാത്തതാണോ അവളുടെ പരാതി….

” ഇവിടെ വന്ന് നിന്നിട്ടെന്തിനാ മോളേ… ഈ കൊച്ച് വീട്ടിൽ…. എല്ലാവരും പറയുന്നത് പോലെ എൻ്റെ മോൾ ഭാഗ്യവതിയല്ലേ…. അച്ചു പറഞ്ഞതല്ലേ നമ്മുടെ ഈ വീട് വലുതാക്കി പണിയാമെന്ന്….. ”

എന്നിട്ട് എന്തിനാണമ്മേ……എല്ലാവരോടും അദ്ദേഹത്തിന് വീമ്പ് പറയാനോ…. “ഞാനാണെൻ്റെ ഭാര്യ വീട് പണിതതെന്ന്….. ”

” അമ്മേ… എനിക്ക് വലിയ ആഗ്രഹങ്ങളൊന്നും ഇല്ല… ഒരു കൊച്ചുവീടാണെങ്കിലും അവിടെ എൻ്റെയും മക്കളുടെയും കൂടെ സമയം ചിലവഴിക്കുന്ന, എൻ്റെ വാക്കുകൾക്ക് വില കല്പിക്കുന്ന, എൻ്റെ സ്ത്രീത്വത്തെ ആദരിക്കുന്ന ഒരു ഭർത്താവ്….. അത് അതിമോഹമൊന്നും അല്ലല്ലോ അമ്മേ……. ”

ദിവസങ്ങൾ. ആഴ്ചകൾ, മാസങ്ങൾ വർഷങ്ങൾ……… പരാതികളും പരിഭവങ്ങളും……

മക്കളൊക്കെ ഇത്രയും വലുതായിട്ടും…. അജല ഇപ്പോഴും ഇങ്ങനെ…… ഫോൺ റിങ്ങ് ചെയ്യുന്ന ഒച്ച കേട്ട് ആലീസ് ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്നു….

” അജലയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു…. പെട്ടെന്ന് വരണം………”

ഓട്ടോറിക്ഷാ വിളിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ…. എല്ലാവരും അവിടെയും ഇവിടെയും മാറി നിന്ന് പതിഞ്ഞ സ്വരത്തിലുള്ള സംസാരം….

” എന്തിൻ്റെ കുറവുണ്ടായിട്ടാ അവളിത് ചെയ്തത്…… കുടുംബത്തിന് പേര് ദോഷം ഉണ്ടാക്കാനായിട്ട്…. അച്ചുവിനേയും ഈ കുട്ടികളേയും കുറിച്ചെങ്കിലും അവൾക്കൊന്ന് ചിന്തിക്കാമായിരുന്നു…. വല്ല അസുഖവും വന്ന് മരിച്ചിരുന്നെങ്കിൽ…. ഇതിപ്പോൾ……”

“എന്താ പറ്റിയത് എൻ്റെ മോൾക്ക്…… അജല എവിടെ……. ?”

ആരോ പിടിച്ച് കസേരയിൽ ഇരുത്തി…..

” അവൾ പോയി…. ”

കേട്ടത് വിശ്വസിക്കാൻ പറ്റിയില്ല…..അവരോട് തിരിച്ചെന്തെങ്കിലും ചോദിക്കാൻ നാവ് പൊങ്ങിയില്ല… ശബ്ദം തൊണ്ടയിൽ കുടുങ്ങിയോ…. തല ചുറ്റുന്നതുപോലെ…..

ആരോ പറയുന്നത് സ്വപ്നത്തിലെന്ന പോലെ കേട്ടു……

“മാനസീക രോഗമായിരുന്നു…. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഉണ്ടാകുന്ന ഒരു തരം ഉത്കണ്oകൾ……”

അച്ചുവിൻ്റെ നിർഭാഗ്യം….. അവനൊരു മാനസീക രോഗിയെ ആണന്നേ കെട്ടിയത്…. രണ്ട് പിള്ളേരൊള്ളത് വലുതായത് ഭാഗ്യം….. അച്ചുവിന് ഇനിയും ജീവിതം കിടക്കുകയല്ലേ……………

Leave a Reply

Your email address will not be published. Required fields are marked *