“പ്രായം ചെന്ന ചന്തമുള്ള പെണ്ണാണ് അതിനെ ഇങ്ങനെ വീട്ടിൽ കേറ്റി പേരുദോഷം വാങ്ങിക്കല്ലേ കൊച്ചേ…. ഒരിക്കൽ അവർ ശ്രീജേച്ചിയോട് പറയുന്നത് ഞാൻ വ്യക്തമായി

തിരിച്ചുവരവ്
(രചന: Bhavana Babu S, Manikandeswaram)

അഞ്ച് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്കൊരു യാത്ര…. കേട്ടതും ജെയിംസ് ആദ്യമെന്നെ വിലക്കുകയാണ് ചെയ്തത്….

എന്തിനാ ദേവു ഇപ്പോൾ ഇങ്ങനെയൊരു തിരക്കിട്ട യാത്ര… അതും കല്യാണത്തിന് വെറും രണ്ടാഴ്ച ബാക്കി നിൽക്കെ? അവന്റെ വേവലാതി എനിക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ…. ഞാൻ പറഞ്ഞ കഥകൾ അവനിൽ അത്രത്തോളം ഭയം ഉണ്ടാക്കിയിട്ടുണ്ട്….

“ജെയിംസ്, എനിക്ക് തന്നെ മനസ്സിലാകും…. പക്ഷെ എത്രതന്നെ ഒളിച്ചോടിയാലും അതെന്റെ നാടാണ്,എന്റെ അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണാണത് .. അവിടെ പോയി അനുഗ്രഹം വാങ്ങി വേണം, നമുക്കൊരു പുതിയ ജീവിതം തുടങ്ങാൻ…” അവനെ അശ്വസിപ്പിക്കാണെന്നോണം ഞാൻ പറഞ്ഞു.

“ശരി, തന്നെ ഞാൻ തടയുന്നില്ല…. പക്ഷെ എന്തെങ്കിലും പ്രോബ്ലം ഉണ്ടായാൽ താനെ ന്നെ വിളിക്കണം. ആ നിമിഷം ഞാനവിടെ പറന്നെത്തും….”

എന്റെ ചുമലിൽ കൈമർത്തികൊണ്ടവൻ പറഞ്ഞു…….

“അതെനിക്ക് അറിയില്ലേ ജെയിംസ്”….
ചെറു ചിരിയോടെ ഞാൻ പറഞ്ഞു.

നാല് മണി ആയപ്പോഴാണ് ട്രെയിൻ സ്റ്റേഷനിൽ എത്തിയത് …. ഇനിയും ഒരു മണിക്കൂർ കൂടി യാത്ര ചെയ്താലേ നാട്ടിലെത്തൂ…. അച്ഛന്റെ ബാല്യകാല സുഹൃത്ത് കുമാരേട്ടൻ, കാറൊക്കെ ഏർപ്പാട് ചെയ്തിരുന്നു….അതിൽ കയറി യാത്ര തുടങ്ങിയതും പഴയ ഓർമ്മകൾ ഓരോന്നായി എന്റെ മനസ്സിലേക്ക് കടന്നു വന്നു….

ജീവിതത്തിലെ ഓരോ പടികൾ ചവിട്ടി കയറുമ്പോഴും എന്റെ മനസ്സിലെന്നും ആലത്തൂർ ഗ്രാമം ഉണ്ടായിരുന്നു.മനസ്സു മടുപ്പിച്ചിട്ടും, ഒളിച്ചോടിയിട്ടും, ഈ നാടിന്റെ വേരുകളെന്റെ ആത്മാവിൽ പടർന്നിരുന്നു.

പ്ലസ് ടു വിനു പഠിക്കുമ്പോഴാണ് ഒരു ആക്സിഡന്റിൽ എനിക്കെന്റെ അച്ഛനെയും അമ്മയെയും നഷ്ടമാകുന്നത്. അനാഥയാ ക്കപ്പെട്ട എന്റെ സങ്കടം ഗ്രാമത്തിന്റെ ഉള്ളുലച്ചത് കൊണ്ടാകും,.കെട്ടുറപ്പുള്ള നല്ലൊരു വീട് എന്ന സ്വപ്നം അവരെനിക്ക് യഥാർഥ്യമാക്കിതന്നത് .

പാതി വഴിയിൽ നിലച്ചു പോയ എന്റെ വിദ്യാഭ്യാസം ഏറ്റെടുത്തത് ഗീവർഗീസ് അച്ചനാണ്.പഠിക്കാൻ മിടുക്കിയായത് കൊണ്ട് അദ്ദേഹം എനിക്ക് വേണ്ടി ഒരു സ്പോൺസറെ കണ്ടെത്തി … അങ്ങനെ ഞാൻ പ്ലസ് ടു നല്ല മാർക്കോടെ പാസ്സായി, ഡിഗ്രിക്ക് ചേർന്നു…..

“മാഡം, വീടെത്തി”
ഡ്രൈവറുടെ വാക്കുകൾ എന്നെ ഓർമ്മകളിൽ നിന്നും ഉണർത്തി…

സമയം ഏകദേശം ആറ് മണിയോട് അ ടുത്തിരിക്കുന്നു.ചുറ്റിലും നിശബ്ദമായി നിലയുറപ്പിച്ച കൂറ്റൻ വീടുകൾ കണ്ടപ്പോൾ ഗ്രാമത്തിന്റെ വിശുദ്ധിയും, ശാന്തതയും എവിടെയോ നഷ്ടപ്പെട്ടതു പോലെയാണ് എനിക്ക് തോന്നിയത് ……

നിർത്താതെയുള്ള ഹോൺ ശബ്ദം കേട്ടതും കുമാരേട്ടന്റെ ഇളയ മകൾ ആശ ഓടിയെത്തി ഗേറ്റ് തുറന്നു ….

“ചേച്ചി, യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു? ”

കുശലാന്വേഷണത്തോടെ അവളെന്റെ ബാഗെടുത്ത് വീടിനുള്ളിലേക്ക് വച്ചു….

“വയ്യ മോളെ….ചെറിയൊരു ക്ഷീണമുണ്ട്… വീടും ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് ഞാൻ പറഞ്ഞു…”

എല്ലാം വൃത്തിയായി സൂക്ഷിച്ചു വച്ചിട്ടുണ്ട്.ഹാളിന്റെ ഒത്ത നടുവിലായിലായി അച്ഛന്റെയും അമ്മയുടെയും വലിയ ഫോട്ടോ ഫ്രെയിം ചെയ്ത് തൂക്കിയിട്ടിരിക്കുന്നു . വിധി വേർപെടുത്തിയ അവരെ കുറിച്ചോർത്തതും എന്റെ മിഴികൾ നിറഞ്ഞൊഴുകി……

” ചേച്ചി പറഞ്ഞ പോലെ രാത്രിയിലേക്ക് കഴിക്കാനായി കഞ്ഞിയും, പപ്പടവും, പിന്നെ ചുട്ട ചമ്മന്തിയും ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്. ചായയോ, കാപ്പിയോ എന്തെങ്കിലുമിപ്പോ കുടിക്കാൻ എടുക്കണോ ?”

“ആദ്യമൊന്ന് കുളിക്കണം, ബാക്കിയൊക്കെ അത്‌ കഴിഞ്ഞിട്ട് നോക്കാം ”

“അല്ല ചേച്ചി, ഇന്ന് രാത്രി ഞാനിവിടെ നിൽക്കണോ?”

“വേണ്ട ആശേ, എനിക്കിതൊക്കെ ഒരു ശീലമായി…നേരമിരുട്ടിയല്ലോ നീ വേഗം പോകാൻ നോക്ക്…”

“കുറച്ചു കഴിഞ്ഞിട്ട് പോകാം ചേച്ചി, ഇപ്പോൾ പോയാൽ അച്ചൻ വെറുതെ എന്നെ കുറ്റപ്പെടുത്തും… ഞാൻ പണിയെടുക്കാൻ മടിച്ചി ആയോണ്ട് മുങ്ങിയത് ആണെന്നും പറഞ്ഞിട്ട് ”

ഒരു ചെറു ചിരിയോടെ ടവ്വലും ഡ്രെസ്സുമെടുത്തു ഞാൻ കുളിക്കാനായി നടന്നു…..

കുളി കഴിഞ്ഞ് നേരെ പോയത് അച്ഛനേം അമ്മയെയും അടക്കിയ മണ്ണിലേക്കാണ്. അവിടെയൊരു അസ്ഥിത്തറ കെട്ടണമെന്നൊക്കെ എനിക്ക് ഒരു മോഹമുണ്ടായിരുന്നു.പക്ഷെ ഒരു തിരി തെളിയിക്കാൻ ആരും ഇല്ലാത്തത് കൊണ്ട് ഞാനാ ആഗ്രഹം ഉപേക്ഷിച്ചു.

എന്റെ സങ്കടങ്ങളും, കുഞ്ഞു സന്തോഷങ്ങളും, ജെയിംസിനെ പറ്റിയും ഞാൻ അവരോട് നിശബ്ദമായി പറഞ്ഞു.ഒടുവിൽ അവരുടെ അനുഗ്രഹം വാങ്ങി തിരികെ പോകുമ്പോൾ ഒരു ഇളം കാറ്റിനെ പോലെ അവരെന്തോ എന്റെ കാതിൽ മന്ത്രിക്കുന്നത് പോലെ എനിക്ക് തോന്നി….

ചുറ്റിലും വല്ലാതെ ഇരുട്ട് പടർന്നിരിക്കുന്നു…. ആശ ഒറ്റക്കാണല്ലോ എന്നോർത്ത് ഞാൻ ധൃതിയിൽ വീട്ടിലേക്ക് നടന്നു

“ചേച്ചി ഞാനിനി പൊയ്ക്കോട്ടേ, അച്ചന് കഷായത്തിനുള്ള സമയം ആയി”….
മുറ്റത്തു പോകാൻ റെഡിയായി ആശ നിൽക്കുന്നു……..

“അത് ചോദിക്കാൻ മറന്നു, കുമാരേട്ടന് ഇപ്പോൾ എങ്ങനെ ഉണ്ട്?”

“കുറച്ചൊക്കെ എണീറ്റ് നടക്കും ചേച്ചി…. ഇപ്പോൾ ഞാൻ മാത്രല്ലേ വീട്ടിലുള്ളു . അതിന്റെ ഒരു ബുദ്ധിമുട്ട് ഉണ്ട്…. പിന്നെ ചേച്ചിയെ അച്ഛൻ അന്വേഷിച്ചിരുന്നു

“പോകും മുന്നേ , ഞാൻ നിന്റെ വീട്ടിലേക്ക് വരും പെണ്ണെ…. അല്ല ഇവിടെ പിന്നെയെന്തൊക്കെയുണ്ട് വിശേഷം? എന്നെ ആരെങ്കിലും അന്വേഷിച്ചിരുന്നോ ”

എന്റെ ചോദ്യം കേട്ടതും, ഗേറ്റ് വരെ എത്തിയ ആശ എന്തോ ഓർത്ത് പിന്തിരിഞ്ഞു കൊണ്ട് പറഞ്ഞു

“ബാങ്കിലെ നമ്മുടെയാ ശ്രീജേച്ചി എന്നും ചോദിക്കും, എന്നാ വരിക എന്ന് ”

ആ പേര് കേട്ടതും ഞാനൊന്ന് നടുങ്ങി

“എന്നിട്ട് നീയെന്ത് പറഞ്ഞു, വിറച്ചു കൊണ്ട് ഞാൻ അവളോട് ചോദിച്ചു”?

“ഞാൻ ഇന്ന് വരുമെന്ന് പറഞ്ഞു..”..

“ഈശ്വര ഈ പെണ്ണിന്റെ ഒരു കാര്യം… ആരോടും പറയരുതെന്ന് പറഞ്ഞതല്ലേ.”… ഉള്ളിൽ അവളോടുള്ള ദേഷ്യം ഒതുക്കിവച്ചു ഞാൻ ധൃതിയിൽ റൂമിലേക്ക് നടന്നു

മേശപ്പുറത്തെ ജാറിലെ വെള്ളം ഞാൻ ഒറ്റ വലിക്ക് കുടിച്ചു തീർത്തു….

വാര്യേടത്തെ ശ്രീജേച്ചിയും, മഹേഷേട്ടനും, പിന്നെ അവരുടെ ആറു വയസ്സുള്ള മോൾ കുട്ടിമണിയും. ശ്രീജേച്ചിക്ക് ബാങ്കിലാണ് ജോലി…. മഹേഷേട്ടൻ ആലത്തൂർ വാർഡ്‌ മെമ്പറാണ്… നാട്ടുകാരുടെ ഏത് ആവശ്യത്തിനും അയാൾ മുന്നിലുണ്ടാകും. എല്ലാവർക്കും അയാളോട് വല്ലാത്തൊരു സ്നേഹവും ബഹുമാനവുമാണ്.

പക്ഷെ എനിക്കെന്തോ അയാളെ ഒട്ടും ഇഷ്ടമല്ല. അയാളുടെ ഒരു വഷളൻ ചിരിയും നോട്ടവും…. അയാൾ ഉണ്ടെങ്കിൽ ഞാൻ വാ ര്യേടത്തേക്ക് പോകാറില്ല . …

എന്നാൽ ശ്രീജേച്ചി എനിക്കെന്റെ സ്വന്തം ചേച്ചിയെ പോലെയാണ്…. എന്റെ ചെറിയ ചെറിയ ആഗ്രഹങ്ങളൊക്കെ ചേച്ചിയാണ് സാധിപ്പിച്ചു തന്നിരുന്നത്.ഇടക്ക് കുട്ടിമണിയെ എന്നെ ഏൽപ്പിച്ചാണ് ചേച്ചി എങ്ങോട്ടെങ്കിലും പോയിരുന്നത്

ഞാൻ അവിടെ ഇടയ്ക്കിടെ വരുന്നതും, ശ്രീജേച്ചി എന്നെ സ്നേഹിക്കുന്നതൊമൊക്കെ ഇഷ്ടമില്ലാത്ത ഒരാൾ അവിടെ ഉണ്ടായിരുന്നു പുറം പണിക്ക് വരുന്ന പരദൂഷണം ജാനകി.ഒരു അസത്ത് സാധനം.

“പ്രായം ചെന്ന ചന്തമുള്ള പെണ്ണാണ് അതിനെ ഇങ്ങനെ വീട്ടിൽ കേറ്റി പേരുദോഷം വാങ്ങിക്കല്ലേ കൊച്ചേ…. ഒരിക്കൽ അവർ ശ്രീജേച്ചിയോട് പറയുന്നത് ഞാൻ വ്യക്തമായി കേട്ടതാണ്”

പക്ഷെ ശ്രീജേച്ചി അതൊന്നും മൈൻഡ് ചെയ്തില്ല .മാത്രവുമല്ല, എന്നെ ചേച്ചി കുഞ്ഞനുജത്തിയായിട്ടാണ് കാണുന്നതെന്നും അവരോട് പറഞ്ഞു. ഇത് കേട്ടതും, സന്തോഷത്തോടെ ഞാൻ അവരെ നോക്കി ഒന്നിളിച്ചു കാണിച്ചു

“ദേവു, എനിക്കിന്ന് ബാങ്കിൽ ഒരു മീറ്റിംഗ് ഉണ്ട്… വരുമ്പോൾ ലേറ്റ് ആകും… നീയൊന്ന് കുട്ടിമണിയെ സ്കൂളിൽ നിന്ന് കൂട്ടി വരുമോ ”

ഡിഗ്രി എക്സാം ഒക്കെ തീർന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് പഠിക്കാനൊന്നു മില്ലായിരുന്നു …പിന്നെ കുട്ടിമണിയുമായി ചിരിച്ചു കൂട്ട് കൂടി നടക്കുന്നതും ഒരു രസമാണ്.

“ഞാൻ മോളെ സ്‌കൂളിന്ന് വിളിക്കാം … ചേച്ചി, ടെൻഷൻ അടിക്കാതെ പോയിട്ട് വാ….”

അന്ന് വൈകീട്ട് കുട്ടിമണിയെയും കൊണ്ട് ഞാനെന്റെ വീട്ടിലേക്കാണ് പോയത്. ഏഴ് മണിയായിട്ടും ചേച്ചി വന്നില്ല … ..

കുറച്ചു കഴിഞ്ഞപ്പോൾ മോൾക്ക് വിശക്കാൻ തുടങ്ങി… വീട്ടിൽ ആണേൽ അവൾക്ക് ഇഷ്ടപ്പെട്ടതൊന്നും ഇരുപ്പില്ല.

“ചേച്ചി ബാ നമുക്ക് വീട്ടി പോകാം… അവിടെ പാലും ബിസ്ക്കറ്റും ഒക്കെയുണ്ട് ” അവൾ കരച്ചിലിന്റെ വക്കോളം എത്തിയെന്നെനിക്ക് മനസ്സിലായി.

അവളുടെ ചിണുങ്ങൽ കേട്ടപ്പോൾ എനിക്കും സങ്കടമായി…വീടും പൂട്ടി ഞാൻ അവളുടെ ഒപ്പം നടന്നു….

ഗേറ്റ് തുറന്നു ഉള്ളിലേക്ക് നടന്നപ്പോൾ എനിക്ക് ആശ്വാസമായി…. ഭാഗ്യം അങ്ങേര് വന്നിട്ടില്ല…. താക്കോൽ സ്ഥിരം വയ്ക്കുന്നിടത്ത് അതെടുത്ത് റൂം തുറന്നു ഞാൻ കിച്ചനിലേക്ക് നടന്നു…..

കുട്ടിമണി കാണിച്ചു തന്ന ടിന്നിൽ നിന്നും ഞാൻ ചിപ്സും ബിസ്ക്കറ്റും , ഒരു പാത്രത്തിലേക്ക് തട്ടികൊടുത്തതും കഴിക്കാനായി അവൾ അതും കൊണ്ട് നേരെ ഹാളിലേക്ക് നടന്നു….

സിങ്കിൽ കിടന്ന കുറച്ച് പാത്രങ്ങളൊക്കെ കഴുകി, തറയൊക്കെ തൂത്തു വാരി തുടച്ച് ഒടുവിൽ ഞാൻ പാൽ തിളപ്പിക്കുവാനായി ഗ്യാസ് ഓൺ ആക്കി.അപ്പോഴാണ് മെമ്പറിന്റെ സ്‌കൂട്ടറിന്റെ ശബ്ദം കേട്ടത്…..

ഈശ്വര, മഹേഷേട്ടൻ…. ഞാൻ ഓടിപ്പിടച്ചു ഹാളിലേക്ക് നടന്നു…. അപ്പോഴാണ് സോഫയിൽ കിടന്നുറങ്ങുന്ന കുട്ടിമണിയെ ഞാൻ ശ്രദ്ധിച്ചത്…. ഞാൻ അവളെ നേരെ കിടത്തി,തറയിലേക്ക് വീണ ചിപ്സും, ബിസ്ക്കറ്റും ഒക്കെ വൃത്തിയാക്കി.

“ആഹാ, ഇതാര് ദേവുവോ, വൃത്തികെട്ട ചിരിയുമായി അയാളെന്റെ മുന്നിലേക്ക് വന്നു….

എനിക്കെന്തോ ഉള്ളിൽ ചെറിയൊരു പേടി ഉണ്ടാകാൻ തുടങ്ങി……

“ശ്രീജേച്ചി ഇന്ന് താമസിച്ചേ വരൂ… അതാണ് ഞാൻ മോളെയും കൂട്ടി ഇങ്ങോട്ട് വന്നത്, ആ മുഖത്തേക്ക് നോക്കാതെ ഞാൻ പറഞ്ഞു.”

“അതെന്തായാലും നന്നായി, അതിനെന്തിനാണ് പെണ്ണെ നീയിങ്ങനെ കിലുകിലാ വിറയ്ക്കുന്നത്? നിനക്ക് ഇപ്പൊ നല്ലോം മാറ്റമുണ്ട് .ഭംഗിയൊക്കെ വച്ചു ഒരു മുതിർന്ന പെണ്ണായി ”

അടിതൊട്ട് മുടി വരെ എന്റെ ശരീരത്തിലൂടെ അയാളുടെ വൃത്തികെട്ട കണ്ണുകൾ നോട്ടമെറിയുന്നത് നിവൃത്തിയില്ലാതെ ഞാൻ സഹിച്ചു കൊണ്ട് നിന്നു…..

“എനിക്ക് പോകണം, മുന്നിൽ നിന്നൊന്ന് മാറി നിൽക്കോ “?…. ഒരൽപ്പം ഉച്ചത്തിൽ ഞാൻ അയാളോട് പറഞ്ഞു….

“ഇപ്പോ നീ പൊയ്ക്കോ. ഒരു ദിവസം നിന്നെ ഞാൻ “…….മുന വച്ചുള്ള ആ സംസാരം മുഴുമി ക്കാതെ അയാൾ സൈഡിലോട്ട് മാറി നിന്നു. ഒരു ദീർഘാനിശ്വാസത്തോടെ ഞാൻ ഓടിപ്പിടിച്ചു വീട്ടിലേക്കോടി…..

വീട് എത്താറായപ്പോഴാണ് ഗ്യാസ് ഓഫ്‌ ചെയ്തില്ലേ എന്ന ചിന്ത എന്നെ അലട്ടാൻ തുടങ്ങിയത്…. പാൽ ചൂടാക്കാൻ ഞാൻ ഗ്യാസ് ഓൺ ചെയ്തിരുന്നു…. പക്ഷെ ഓഫ്‌ ആക്കിയോ?അത്‌ ഓർമ്മയില്ല….

മഹേഷേട്ടൻ കിച്ചനില്ലേക്ക് ഒന്നും പോകില്ല…. ഗ്യാസ് ഓഫ്‌ ചെയ്യാതെ വല്ല അപകടവും ഉണ്ടായാലോ.തൊട്ടടുത്താണ് മണ്ണെണ്ണ സ്റ്റൗവ് ഉള്ളത്. കുട്ടിമണിയെ കുറിച്ചോർത്തപ്പോൾ ആകെയൊരു അസ്വസ്ഥത..

ഒരു സമാധാനവും കിട്ടില്ലെന്ന്‌ ഉറപ്പായപ്പോൾ ഞാൻ തിരിച്ചു ശ്രീജേച്ചിയുടെ വീട്ടിലേക്ക് നടന്നു….

ഗേറ്റ് തുറന്നു തന്നെ കിടക്കുകയായിരുന്നു…. ശബ്ദം ഉണ്ടാക്കാതെ ഞാൻ ചാരി കിടന്ന വാതിലൂടെ എത്തി നോക്കി…. മഹേഷേട്ടൻ കുട്ടി മണിയെ നോക്കിയിരിക്കുകയാണ്… പെട്ടെന്നാണ് ഞാൻ അയാളുടെ കൈയിലെ ഫോൺ ശ്രദ്ധിച്ചത്…. കുട്ടിമണിയുടെ വീഡിയോ എടുക്കുകയാണ്…. അവളാണെങ്കിൽ നല്ല ഉറക്കത്തിലും.

“ഈ മനുഷ്യന്റെ ഒരു കാര്യം…. ഉറങ്ങുന്ന കൊച്ചിന്റെ വീഡിയോ ആരെങ്കിലും എടുക്കുമോ? പെട്ടെന്നാണ് അയാൾ അവളുടെ ഫ്രോക്കിന്റെ അറ്റം മേല്പോട്ടേക്ക് ഉയർത്തിയത്. അപ്പോഴാണ് അയാൾ മൊബൈലിൽ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് എനിക്ക് ഊ ഹിക്കാൻ കഴിഞ്ഞത് .തൊട്ടടുത്ത നിമിഷം അവളുടെ അടിവസ്ത്രം താഴ്ത്താൻ തുടങ്ങിയതും ഒറ്റ കുത്തിപ്പിന് ഞാൻ ഉള്ളിലേക്ക് കയറി അയാളുടെ ഫോൺ പിടിച്ചു വാങ്ങി

“എന്തൊരു വൃത്തികേടാണ് നിങ്ങളീ കാണിക്കുന്നത്…. സ്വന്തം കുഞ്ഞിന്റെ നഗ്ന വീഡിയോ എടുത്ത് രസിക്കുന്നോ? .. ഛെ…. നിങ്ങളെന്തൊരു അച്ഛനാണ് ”

കൊടുങ്കാറ്റു പോലെ അയാളുടെ മുന്നിലെത്തിയ എന്നെ കണ്ടപ്പോൾ ഒന്ന് പരുങ്ങിയെങ്കിലും അടുത്ത നിമിഷം അയാളെന്റെ കൈയിലിരുന്ന ഫോൺ തട്ടിപ്പറിച്ചു

“നിന്നോട് ആരാണ് ഇങ്ങോട്ട് വരാൻ പറഞ്ഞത്.കുറച്ചു മുന്നേ .. നീ ഇവിടെ നിന്നും പോയതല്ലേ…”?

ഒട്ടും കൂസലില്ലാതെയായിരുന്നു അയാളുടെ ചോദ്യം.

“ഞാൻ വന്നത് കൊണ്ട് നിങ്ങളുടെയീ അളിഞ്ഞ മുഖം എനിക്ക് കാണാൻ കഴിഞ്ഞു.ശ്രീജേച്ചിയെങ്ങാനും ഇതറിഞ്ഞാൽ ആ നിമിഷം നിങ്ങളെ അവര് ചവിട്ടിപ്പുറത്താക്കും ”

ശ്രീജേച്ചിയെ ഇത് എത്രമാത്രം വിഷമിപ്പിക്കുമെന്നോർത്തപ്പോൾ എനിക്കും സങ്കടമായി …. ആ പാവത്തിന്റെ ചങ്ക് തകരുമല്ലോ ഈശ്വരാ

“എന്നാൽ നീ ഇങ്ങ് വാ…. എനിക്ക് ആസ്വദിക്കാൻ ആരെങ്കിലും മതി…. ഒരു കാമവെറിയനെ പോലെ അയാളെന്നെ കേറി പിടിച്ചു…. ആ കൈക്കരുത്തിൽ ഞാൻ വല്ലാതെ വലിഞ്ഞു മുറുകി….. എങ്കിലും സർവ്വ ശക്തിയുമെടുത്തു ഞാൻ അയാളിൽ നിന്നും കുതറി പിന്നിലേക്ക് മാറി നിന്നു…..

വീണ്ടും അയാളെന്നെ കടന്നു പിടിക്കാൻ മുന്നോട്ട് ആഞ്ഞതും, ആ കൈയിൽ ഞാൻ പിടുത്തമിട്ടു…. അപ്പോഴാണ് അവിടേക്ക് ശ്രീജേച്ചിയും, പരദൂഷണം ശ്യാമളയും കേറി വന്നത്….അവരെ കണ്ടതും ഞാനൊന്ന് പതറി….

“ശ്രീജെ, നീ കണ്ടോ ഈ ദേവു…. കുറേനാളായി ഇവൾ എന്റെ പിന്നാലെ ഇങ്ങനെ മണപ്പിച്ചു നടക്കുന്നു…. അവൾക്കെന്നോട് വല്ലാത്ത ഇഷ്ടമാണെന്ന്….ഇന്നിപ്പോൾ ആരും ഇല്ലാത്ത നേരം നോക്കി…..”

അയാളുടെ പൊള്ളയായ വാക്കുകൾ കേട്ടതും ഞാനാകെ സ്തംഭിച്ചു പോയി…..

“കണ്ടോ കൊച്ചേ, ഞാനന്നേ പറഞ്ഞതാണ് ഇതിനെ ഇവിടെ കേററരുത് കുലം മുടിക്കുമെന്ന്. ഇപ്പോൾ എന്തായി?”

വിഷം ശ്യാമള എന്റെ അവസ്ഥ നന്നായി മുതലെടുത്തുവെന്ന് എനിക്ക് മനസ്സിലായി…

“ശ്രീജേച്ചി, ഞാൻ….ഇതൊന്നുമല്ല ഇവിടെ നടന്നത് എന്നെയൊന്നു വിശ്വസിക്ക് ചേച്ചി, ”

ആ മുഖത്തേക്ക് നോക്കി സങ്കടത്തോടെ ഞാൻ പറഞ്ഞു….

“ദേവു എനിക്ക് നിന്നോട് ഒന്നും പറയാനില്ല… ഇപ്പോ നീ വീട്ടിലേക്ക് പോകാൻ നോക്ക് …..”

അത്‌ പറയുമ്പോൾ ചേച്ചിക്കെന്നോട് ദേഷ്യമായിരുന്നോ, വെറുപ്പ് ആയിരുന്നോ, അതെനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല…..

“ഞാൻ പോകുന്നു ചേച്ചി…. പക്ഷെ കുട്ടി മണിയെ കുറിച്ചോർത്തു എനിക്ക് സങ്കടമുണ്ട്…. അവളെ പൊന്ന് പോലെ നോക്കിക്കോളണേ….. “അതും പറഞ് വെറുപ്പോടെ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.

ശ്രീജേച്ചി അപ്പോഴും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ശില പോലെ നിൽക്കുകയായിരുന്നു.

ഒരു ഇരയെ നഷ്ടപ്പെട്ട സങ്കടത്തോടെ അയാൾ അപ്പോൾ സോഫയിൽ തല കുനിച്ചിരിക്കുകയാണ്…..

അന്ന് ഞാൻ അവിടെനിന്നു പോയെങ്കിലും, ശ്യാമള ഈ അവസരം നന്നായി ഉപയോഗിച്ചു. അവൾ എന്നെ പറ്റിയുള്ള അനാവശ്യം നാട്ടിലാകെ പറഞ്ഞു പരത്തി….ആളുകളുടെ കണ്ണിൽ ഒന്ന് രണ്ടു ദിവസം കൊണ്ട് ഞാനൊരു വൃത്തികെട്ട പെണ്ണായി.

ഒരാഴ്ച കഴിഞപ്പോൾ ഗീവർഗീസ് അച്ഛൻ എന്നെ പള്ളിയിലേക്ക് വിളിപ്പിച്ചു…. ഡിഗ്രി നല്ല മാർക്കോടെ പാസ്സായ ഞാൻ ഫാഷൻ ടെക്നോളജി പഠിക്കണമെന്ന് അച്ഛനോടൊരു മോഹം പറഞ്ഞിരുന്നു.കൊച്ചിയിലെ പ്രമുഖ കോളേജിൽ പഠിക്കണമെങ്കിൽ നല്ല ചിലവുമുണ്ട്.

അൾത്താരയ്ക്ക് മുന്നിൽ മുട്ട് കുത്തിയിരിക്കുന്ന അച്ഛനെ കണ്ടതും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

എന്റെ ഏങ്ങലടിക്കുന്ന ശബ്ദം കേട്ടിട്ടാകണം അച്ചൻ എന്റെ അടുത്തേക്ക് വന്നു….

“ദേവു, നിന്റെ സങ്കടമൊക്കെ എനിക്ക് മനസ്സിലാകും.അറിഞ്ഞപ്പോൾ എനിക്കും വിഷമമായി…. പക്ഷെ സുമതിയുടെയും, ശ ങ്കരന്റെയും മകൾ ഇത്രത്തോളം അധഃപതിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്…. പള്ളിയെന്നോ, അമ്പലമെന്നോ വേർതിരിവില്ലാതെ ഏത് സഹായത്തിനു അവർ ഓടിയെത്തുമായിരുന്നു…. ആ രക്തത്തിന്റെ വിശുദ്ധിയെ ഞാനൊരിക്കലും ചോദ്യം ചെയ്യില്ല ”

“അച്ചോ, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല…. അന്ന് നടന്നത് അയാൾ പ്ലാൻ ചെയ്തൊരു നാടകം മാത്രമായിരുന്നു ”

അ സംഭവം ഞാൻ പറയാൻ തുടങ്ങിയതും അച്ചനെന്നെ തടഞ്ഞു…. വാർഡ് മെമ്പറിന്റെ സ്വഭാവമഹിമ ഇവിടുത്തെ കുമ്പസാര കൂട്ടിലിരുന്ന് ഞാൻ ഒരു പാട് തവണ കേ ട്ടിട്ടുള്ളതാണ് കുഞ്ഞേ…. ഇനിയിതും കൂടി താങ്ങാനുള്ള ശേഷി എന്റെ മനസ്സിനില്ല ദേവു ”

അച്ഛന്റെ ആ വാക്കുകൾ കേട്ടതും എനിക്ക് വല്ലാത്ത ആശ്വാസമായി…

“നിന്നെ ഞാൻ വിളിപ്പിച്ചത് കുറ്റവിചാരണ നടത്തുവാനല്ല….. നിന്റെ തുടർ പഠനത്തിനുള്ള സ്പോൺസറെ കിട്ടി എന്നറിയിക്കാനാണ്…. നിനക്ക് നിന്റെ ആഗ്രഹം പോലെ കൊച്ചിയിലെ കോളേജിൽ ഫാഷൻ ടെക്നോളജി പഠിക്കാം…. ”

അച്ചന്റെ വാക്കുകൾ കേട്ടതും എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു…..

“അച്ചോ ഇതിനൊക്കെ പകരമായി ഞാൻ എന്താണ് നൽകേണ്ടത്,??”

സ്നേഹവും നന്ദിയും നിറഞ്ഞിട്ട് മനസപ്പോൾ വല്ലാത്തൊരവസ്ഥയിലായിരുന്നു…..

“നീ പകരമായി എനിക്കൊന്നും തരേണ്ട ദേവു…. നിന്നെപ്പോലെ കഴിവുള്ള കുറെ കുട്ടികൾ ഇവിടെയുണ്ട്…. നീ പഠിച്ചു ഒരു നിലയിൽ എത്തിയാൽ അവർക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യുക….”

ഇവരെയൊന്നും ഞാൻ ഒരിക്കലും മറക്കില്ലെന്ന ഉറപ്പ് നൽകിയാണ് അന്ന് ഞാ നാ പടികൾ ഇറങ്ങിയത്…..

കുമാരേട്ടനോടും, അച്ഛനോടും യാത്ര പറഞ് ഒരാഴ്ചയ്ക്കുള്ളിൽ ഞാൻ കൊച്ചിയിലേക്ക് തിരിച്ചു…. പിന്നെ പഠനം,ഒടുവിൽ . നല്ലൊരു ജോലി തേടി ഗൾഫിലേക്ക്‌ പറന്നു അവിടെ വച്ചാണ് ജെയംസിനെ കാണുന്നതും ഒടുവിൽ ഞങ്ങൾ പ്രണയത്തിലാകുന്നതും……

പക്ഷെ ഇതൊന്നും അറിയാനുള്ള ഭാഗ്യം ഗീവർഗീസ് അച്ഛനുണ്ടായില്ല…. ഞാൻ കൊച്ചിയിലേക്ക് പോയി മൂന്നാം വർഷം അച്ചൻ മരിച്ചു…. എങ്കിലും ആ വാക്ക് ഞാൻ മറന്നില്ല…. എന്റെ കഴിവ് പോലെ ആ കുഞ്ഞുങ്ങളെ ഞാനിന്നും സഹായിക്കുന്നുണ്ട്

നേരം ഏറെ വൈകി… ഓരോന്ന് ഓർത്ത് കൊണ്ട് ഞാൻ കിച്ചനിലേക്ക് നടന്നു… കഞ്ഞി വല്ലാതെ തണുത്തിരിക്കുന്നു . അപ്പോഴാഴാണ് ട്രെയിനിൽ വച്ച് ഫോൺ ചാർജ് തീർന്ന് ഓഫായ കാര്യം ഞാനോർത്തത്.

ചാർജറിൽ ഇട്ട് ഫോൺ ഓൺ ആക്കിയപ്പോൾ ജെയിംസിന്റെ , മെസ്സേജസ് തുരുതുരാ വന്നു കൊണ്ടിരുന്നു……

“ജെയിംസ് ഞാൻ ഓക്കേ ആണ്. ഇവിടെ ഒരു പ്രശ്നവുമില്ല “വാട്സാപ്പിൽ മെസ്സേജ് ഇട്ട് ചൂടാക്കിയ കഞ്ഞി ഞാൻ കുടിക്കുവാൻ തുടങ്ങി……

പെട്ടെന്നാണ് ആരോ ഹാളിലേക്ക് വരുന്നത് ഞാനറിഞ്ഞത്….. സിറ്റൗട്ടിന്റെ ഡോർ അടയ്ക്കുവാൻ മറന്ന കാര്യം അപ്പോഴാണ് ഞാനോർത്തത് ….ഞെട്ടലോടെ ഞാൻ പിന്തിരിഞ്ഞു നോക്കിയതും ശ്രീജേച്ചി….. ചെറിയൊരു പേടിയോടെ ഞാനാ മുഖത്തേക് നോക്കി…..

ചേച്ചി….. എന്താ ഈ രാത്രിയിൽ…… ഒരല്പം വിറയലോടെ ഞാൻ ചോദിച്ചു

“നിനക്ക് സുഖമാണോ മോളെ….
പെട്ടെന്നുള്ള ചേച്ചിയുടെ ചോദ്യം കേട്ടതും എനിക്ക് സമാധാനമായി
എന്റെയാ പഴയ ശ്രീജേച്ചി തന്നെ…..

ഒരു പൊട്ടിക്കരച്ചിലോടെ ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു…

“അന്ന് ചേച്ചി അറിഞ്ഞതോ, കണ്ടതോ ഒന്നുമായിരുന്നില്ല സത്യം…… ഇപ്പോഴെങ്കിലും ഞാനതൊന്ന് പറഞ്ഞോട്ടെ…..”

“വേണ്ട ദേവു…. ഇനി അതൊക്കെ അറിഞ്ഞിട്ട് എന്ത് കാര്യം…. അയാൾ മരിച്ചത് നീ അറിഞ്ഞില്ലേ….”??.

“അറിഞ്ഞു ചേച്ചി…. പക്ഷെ എങ്ങനെയാണ് മരിച്ചതെന്ന് ആരുമെന്നോട് പറഞ്ഞില്ല … പാടത്ത് വീണെന്നോ അങ്ങനെയെന്തോ ആണ് ഞാൻ അറിഞ്ഞത്….”

മരിച്ചു അത്രതന്നെ…. ശ്രീജേച്ചി നിർവികാരതയോടെയാണ് അത് പറഞ്ഞത്

“നിന്നെ ഞാനൊരിക്കലും സംശയിച്ചിട്ടില്ല കുട്ടി… നടന്നത് വ്യക്തമായി മനസ്സിലായില്ലെങ്കിലും, നീ എന്നോട് അവസാനം പറഞ്ഞ ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു…..”

“കുട്ടിമണിക്ക്‌ സുഖം തന്നെയല്ലേ.”???.. ചേച്ചിയുടെ അപ്പോഴത്തെ മൂഡ് മാറ്റാനാണ് ഞാൻ അങ്ങനെ ചോദിച്ചത്

മോളുടെ പേര് കേട്ടതും ചേച്ചി ഉഷാറായി….

“അവളിപ്പോൾ വളർന്ന് വലിയ കുട്ടിയായി.ദേവു.കണ്ടാൽ പോലും നീ തിരിച്ചറിയില്ല …”

കുറച്ചു നേരം വിശേഷങ്ങളൊക്കെ പറഞ്ഞു ഓരോന്നോർത്തപ്പോൾ എന്തൊക്കെയോ സങ്കടമെന്റെ ഉള്ളിൽ നിറഞ്ഞു.ഒടുവിൽ യാത്ര പറഞ്ഞു ഇറങ്ങാൻ നേരം എനിക്കൊന്നേ ചേച്ചിയോട് ചോദിക്കാൻ ഉണ്ടായിരുന്നുള്ളു അയാൾ എങ്ങനെയാണ് മരിച്ചത്?

എന്റെ ആസ്വസ്ഥമായ മനസ്സറിഞ്ഞിട്ടും ശ്രീജേച്ചി ഒന്നും പറഞ്ഞില്ല…”. ദേവു നീയിനി കഴിഞ്ഞതൊന്നും ഓർക്കരുത്. ഒക്കെ ഒരു ദുസ്വപ്നമായി കരുതി എല്ലാം മറക്കുക.”

അതൊരു ഉപദേശം അല്ലായിരുന്നു… ഒരു താക്കീതിന്റെ സ്വരമായിരുന്നു ചേച്ചിയുടെ വാക്കുകളിൽ

ശ്രീജേച്ചിയുടെ വലിഞ്ഞു മുറുകിയ മുഖമെന്നിൽ ലേശം ഭയമുണർത്തി… ആ കൈത്തലം ചേർത്ത് പിടിച്ചതും, ചേച്ചി ഒന്നും മിണ്ടാതെ പിന്തിരിഞ്ഞു നടന്നു….. ഒരു പെരു മഴ പെയ്തു തോർന്നപോലെ, അപ്പൊഴെന്റെ മനസ്സ് തികച്ചും ശൂന്യമായി ….. ആലത്തൂർ ഗ്രാമത്തിലെ കാറ്റിനു അപ്പൊഴെന്റെ അച്ഛന്റേം അമ്മയുടെയും ഗന്ധമുണ്ടായിരുന്നു…….

Leave a Reply

Your email address will not be published. Required fields are marked *