ഇഴ പിരിയുന്നേരം
(രചന: Bhavana Babu)
പുലർച്ചെ ഭഗവതി കാവിൽ തൊഴുതു തിരികെ വീട്ടിലേക്ക് നടക്കുമ്പോഴാണ് പിന്നിൽ നിന്നും “മോളെ “എന്നൊരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയത്….
ചെറിയൊരു വിഷമവും, നീരസവും നിറച്ചൊരു നോട്ടത്തോടെ ഭാസ്കരമാമ….. മൂപ്പർക്ക് എന്നോടെന്തോ പറയാനുണ്ടെന്ന് ആ നിൽപ്പ് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി.
“എന്താ, മാമാ, രാവിലെതന്നെ ഈ വഴിയിൽ എന്നെയും കാത്ത്. ഇങ്ങനെയൊരു പതിവ് ഇല്ലാത്തതാണല്ലോ “?
തെല്ലൊരാശങ്കയോടെയായിരുന്നു എന്റെ ചോദ്യം
“ഇങ്ങനെ കാത്ത് നിൽക്കേണ്ടി വന്നു…. അല്ലെങ്കിലും വയസ്സാകുമ്പോൾ, ചിലയിടത്തൊക്കെ ഞങ്ങളെ പോലുള്ളവർ പുകഞ്ഞ കൊള്ളിയാണല്ലോ “?
ഭാസ്കരമാമന്റെ അർഥം വച്ചുള്ള സംസാരം കേട്ടപ്പോൾ കാര്യമത്ര പന്തിയല്ലെന്നെനിക്ക് തോന്നി.
“ഇതെന്താ പതിവില്ലാതെ, വളച്ചു ചുറ്റിയൊക്കെ സംസാരിക്കുന്നത്. മാമന് അറിയാല്ലോ, കാര്യങ്ങൾ നേരെ ചൊവ്വേ പറയുന്നതാണ് എനിക്കിഷ്ട്മെന്ന്.
“ശെരി ദേവൂട്ടി , നേരെ ചൊവ്വേ തന്നെ മാമൻ കാര്യങ്ങൾ പറയാം. ലക്ഷ്മിയമ്മ ഇപ്പോളെന്നെ ഒരു പണിക്കും വിളിക്കുന്നില്ല…. തേങ്ങ വെട്ടാനും, പറമ്പ് കൊത്തി കിളിക്കാനുമൊക്കെ ഏതോ പുറമ്പണിക്കാരെയാണ് വിളിക്കുന്നത്. സാറ് ഉള്ള കാലം മുതൽക്ക് തുടങ്ങിയ പതിവല്ലേ കുഞ്ഞേ…. ഇതിപ്പോ കാര്യമെന്താണെന്നങ്ങോട്ട് മനസ്സിലാകുന്നുമില്ല.”
മാമൻ അമ്മയോട് ഇക്കാര്യം നേരിട്ട് ചോദിച്ചില്ലേ?
“കഴിഞ്ഞാഴ്ച വൈകുന്നേരം നടക്കാൻ പോയി തിരിച്ചു വരുമ്പോൾ ചോദിച്ചതാ….. പക്ഷെ ലക്ഷ്മിയമ്മ എന്നെയൊന്നു തറപ്പിച്ചു നോക്കി ഒന്നും മിണ്ടാതെയങ്ങ് നടന്നു പോയി. മാധവൻ സാറിപ്പോ ഉണ്ടായിരുന്നെങ്കിൽ എനിക്കിങ്ങനെ ഒന്നും വരില്ലായിരുന്നു ”
സങ്കടം നിറച്ച ശബ്ദത്തിൽ ഭാസ്കരമാമ പറയുന്നത് കേട്ടപ്പോൾ എനിക്കും വിഷമമായി.
മാമനെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു വിടുമ്പോഴും, അമ്മയ്ക്കിതെന്തു പറ്റിയെന്ന ചോദ്യമായിരുന്നു മനസ്സ് നിറയെ.
വീട്ടിൽ ചെല്ലുമ്പോൾ സിറ്റ് ഔട്ടിലിരുന്ന് അമ്മ പത്രവും കൈയിൽ പിടിച്ചു ആഴത്തിലുള്ള വായനയിലാണ്….കേറി വന്ന പാടെ ചോദിച്ചാൽ ചിലപ്പോ നല്ലത് കേൾക്കും… അത് കൊണ്ട് അമ്മയെ ഒന്ന് സോപ്പിടാൻ അടുക്കളയിൽ ചെന്ന് അമ്മയ്ക്കും, എനിക്കും ഓരോ കപ്പ് കോഫിയുമിട്ട് അതുമായി ഞാൻ അമ്മയുടെ മുന്നിലേക്ക് ചെന്നു…..
അമ്മയുടെ നേരെ കോഫി മഗ്ഗ് നീട്ടിയതും, ഇതൊരു പതിവില്ലാത്ത ശീലമാണല്ലോ എന്നർഥത്തിൽ എന്നെയൊന്ന് നോക്കി, കോഫി ചുണ്ടോട് അടുപ്പിച്ചു ….
അമ്മ ഇപ്പോഴും വായനയിൽ തന്നെയാണ്… എന്റെ ക്ഷമ മെല്ലെ കെട്ടടങ്ങാൻ തുടങ്ങി.
“എന്താ ദേവു, കാര്യം? നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടോ “?
എന്റെ മനസ്സ് വായിച്ചത് പോലെയായിരുന്നു അമ്മയുടെ ചോദ്യം.
“അത് പിന്നെ അമ്മേ, ഞാനിന്ന് കാവിൽ തൊഴുത് തിരികെ വന്നപ്പോൾ നമ്മുടെ ഭാസ്കരമ്മാമയെ കണ്ടിരുന്നു…. എന്നെ കണ്ടപ്പോൾ, ആള് വല്ലാത്ത പരാതിയും സങ്കടം പറച്ചിലും, അമ്മ ഇപ്പോൾ മാമനെ പണിക്ക് വിളിക്കുന്നില്ലെന്നും പറഞ്ഞിട്ട് ”
“ഓ, അതായിരുന്നോ കാര്യം “?
തികച്ചും ലാഘവത്തോടെയുള്ള അമ്മയുടെ ചോദ്യം കേട്ടതും എനിക്ക് ദേഷ്യം വന്നു.
“അതെന്താ അമ്മേ അതത്ര നിസ്സാരമാണോ? അച്ഛനുള്ളപ്പോഴേ നമ്മുടെയൊപ്പം ഉള്ള ആളല്ലേ…. പാവം ഇപ്പൊ ആകെ കഷ്ടപ്പാടാണെന്ന് തോനുന്നു ”
“എന്റെ ദേവു ഭാസ്കരനിപ്പോ ഒട്ടും വയ്യ…. ചില ഹാർട്ട് പ്രോബ്ലംസ് ഒക്കെയുണ്ട്.ഇനി കടുപ്പപ്പെട്ട പണികളൊന്നും ചെയ്യാൻ പാടില്ലെന്ന് ഡോക്ടർ അവന്റെ ഭാര്യയോട് പറഞ്ഞിരുന്നു. അവൾ പറഞ്ഞിട്ട് തന്നെയാണ് ഞാനങ്ങനെയൊരു തീരുമാനം എടുത്തത്.”
“അപ്പൊ പിന്നെ അമ്മക്ക് ഉള്ള കാര്യമങ്ങ് മാമനോട് പറഞ്ഞുകൂടായിരുന്നോ “?
“എന്നിട്ട് വേണം അവൻ കള്ളും കുടിച്ച് ആ പാവം പിടിച്ച രാധയെ തല്ലി കൊല്ലാൻ? അവനോട് ഇതിനെപ്പറ്റി ഒന്നും പറയരുതെന്ന് അവളെന്നോട് പ്രത്യേകം ചട്ടം കെട്ടിയിരുന്നു “.
ചിന്തിച്ചപ്പോൾ അമ്മ ചെയ്തതാണ് ശരിയെന്ന് തോന്നിയെങ്കിലും, ഭാസകരമാമനോട് ഇനി ഞാനെന്ത് പറയുമെന്നോർത്തായി എന്റെ ആധി….
വല്ലാത്തൊരു നിസ്സഹായാവസ്ഥയോടെ ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി.
“അല്ലെങ്കിലും, അവനിപ്പോ അത്ര ദാരിദ്യമൊന്നുമില്ലെന്റെ ദേവൂ.ഹരി ഗൾഫിന്ന് വന്നിട്ടുണ്ട്. അവന്റെ അച്ഛനും, അമ്മയും കടം കേറി ആത്മഹത്യ ചെയ്തപ്പോൾ അവനേം, അവന്റെ അനിയത്തിയെയും നോക്കിയത് ഭാസ്കരനും, രാധയും ആയിരുന്നല്ലോ.കുറച്ചു കഷ്ടപ്പാടൊക്കെ ഉണ്ടായിരുന്നെങ്കിലും സ്വന്തം മകൾക്കൊപ്പം ആ കുഞ്ഞുങ്ങളെയും അവർ വളർത്തി വലുതാക്കിയില്ലേ. ആ നന്ദിയും കടപ്പാടും അവനു മരണം വരെ ഉണ്ടാകും ”
ഹരിയുടെ പേര് കേട്ടതും എനിക്കെന്തോ വല്ലാത്ത വെറുപ്പായി.അവിടുന്ന് എണീറ്റ് പോയാലോ എന്ന് തോന്നിപ്പോയി .
“ഹരിക്ക് പിന്നെ ഭാസ്കരനെ ഒറ്റ കാര്യത്തിലെ ഇഷ്ടമില്ലാതെയുള്ളു…. അവന്റെ ഒടുക്കത്തെ കള്ളു കുടി…. വീട് വച്ചു അവൻ അവിടെ നിന്ന് മാറിയെങ്കിലും, ചെലവിനുള്ളത് അവനവിടെ എത്തിക്കുന്നുണ്ടെന്നാണ് രാധ പറഞ്ഞത് ”
“അമ്മയ്ക്ക് വേറെ ഒന്നും സംസാരിക്കാനില്ലേ “? പൊട്ടിത്തെറിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“നിനക്കെന്താ ദേവു, ഭ്രാന്ത് പിടിച്ചോ? ഒരുകാലത്ത് നിനക്കവനെക്കുറിച്ച് എത്ര കേട്ടാലും, പറഞ്ഞാലും മതിയാകുമായിരുന്നില്ലല്ലോ? എന്ന് മുതലാ അവൻ നിനക്ക് ഇത്രയും വെറുക്കപ്പെട്ടവനായത് “?
“കഴിഞ്ഞതൊക്കെ അമ്മ ഇത്ര പെട്ടെന്ന് മറന്നോ ? അതോ അമ്മയെന്റെ മുന്നിൽ അഭിനയിക്കുകയാണോ “?
എന്റെ ശബ്ദം ദേഷ്യം കൊണ്ട് വല്ലാതെ വിറച്ചിരുന്നു.
“ഞാനൊന്നും മറന്നിട്ടില്ല. നീ പറയുന്നത് പോലുള്ള തെറ്റൊന്നും അവൻ ചെയ്തിട്ടില്ലെന്നാണ് എനിക്കീ നിമിഷം വരെ തോന്നിയത്.”
ഹരിയെ അമ്മ ന്യായീകരിക്കുന്നത് കേട്ടപ്പോൾ എനിക്കൊട്ടും സഹിക്കാൻ കഴിഞ്ഞില്ല…. ഞാൻ കലി തുള്ളി ആക്രോശിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു .
“അല്ലെങ്കിലും, മനുഷ്യന്റെ സമാധാനം കളയാനായിട്ട് എല്ലാ കുടുംബത്തിലും കാണും ഇതുപോലൊരെണ്ണം.സമാധാനമായിട്ടൊന്നുറങ്ങിയ കാലം മറന്നു. അവളുടെ ഒടുക്കത്തെ ജനസേവനം കാരണം മനുഷ്യനിപ്പോ സ്വൈര്യോം സ്വസ്ഥതയുമില്ല.”
അമ്മ പറഞ്ഞതിനൊന്നും മറുപടി പറയാൻ നിൽക്കാതെ അമ്മയെയൊന്ന് തറപ്പിച്ചു നോക്കി ഞാൻ നേരെ നടന്നു..
റൂമിലെത്തിയതും, ഡോർ ലോക്ക് ചെയ്ത് സങ്കടം കൊണ്ട് ഞാൻ നേരെ ബെഡിലേക്ക് വീണു…. അമ്മ പറഞ്ഞതൊക്കെ എത്ര ശരിയാണ്.ഒരിക്കൽ ഹരി എന്റെ എല്ലാം ആയിരുന്നു. അവനോടുള്ള പ്രണയം മൂത്താണ് ഞാൻ എൽ.
എൽ. ബി. ക്ക് അവന്റെ കോളേജിൽ ചേരുന്നത് വെറുതെ ജീവിച്ചു മരിച്ചാൽ പോരാ ദേവു,സമൂഹത്തിൽ എന്തെങ്കിലും നന്മ ചെയ്തിട്ടേ ഈ ശരീരത്തിൽ നിന്നും ജീവൻ വേർപെടാവൂ എന്നെന്നെ പഠിപ്പിച്ച എന്റെ ഹരി.
അച്ഛന്റെ സ്വഭാവവും, വിപ്ലവം നിറച്ച അവന്റെ ചിന്തകളും, പ്രസംഗങ്ങളുമാകാം ഒരുപക്ഷെ എന്നെ ആരുടെ മുന്നിലും തോൽക്കാത്തവളാക്കി മാറ്റിയത്.
പക്ഷെ എല്ലാം എത്രവേഗമാണ് കീഴ്മേൽ മറിഞ്ഞത്.
അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ആ രാത്രി ഇന്നുമെന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. നാട്ടിലൊരു വായശാല തുടങ്ങുന്നതിനെ കുറിച്ച് ചർച്ച ചെയ്യാനാണ് ഞാനും, ഹരിയും, രാജീവും, വേണിയും, ഉബൈദും കുറുപ്പ് സാറിന്റെ വീട്ടിൽ ഒത്തു കൂടിയത്. ചർച്ച കഴിഞ്ഞപ്പോൾ ഏകദേശം പന്ത്രണ്ടു മണിയായി…..
ഞാനും ഹരിയും എല്ലാവരോടും യാത്ര പറഞ്ഞു വയലിന്റെ സൈഡിലൂടെയുള്ള കട്ട് റോഡിലൂടെ സ്കൂട്ടറിൽ പോകുമ്പോഴാണ് ഒരു പെൺകുട്ടി അലറി വിളിച്ചു കൊണ്ട് ഞങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്നത്.
അവളുടെ പിന്നാലെ ഗുണ്ടകളെന്ന് തോന്നിക്കുന്ന ഒന്ന് രണ്ടു പേരും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അവർ പിന്തിരിഞ്ഞോടിപ്പോയി. അവളുടെ സാരിയും ബ്ലൗസെല്ലാം കീറിപ്പറഞ്ഞ നിലയിലായിരുന്നു.
ഇരു കൈകളും കൊണ്ട് അവൾ തന്റെ അർദ്ധമേനി മറയ്ക്കാൻ തുടങ്ങിയപ്പോഴാണ് ഞാനെന്റെ ഷോൾ കൊണ്ട് അവളെ പുതപ്പിച്ചു നിർത്തിയത്.ഭയം കൊണ്ട് അവൾ മിണ്ടാൻ ശ്രമിച്ചെങ്കിലും വാക്കുകളൊന്നും പുറത്തേക്ക് വന്നില്ല.. ഒടുവിൽ ഏറെ നിർബന്ധിച്ചാണ് അവൾ തന്റെ പേര് ഉമയാണെന്ന് ഞങ്ങളോട് പറഞ്ഞത്
ഒരു നടുക്കത്തോടെ അവൾ പറഞ്ഞതെല്ലാം ഞങ്ങൾ കേട്ട് നിന്നു …. നാട്ടിലെ ലെതർ കമ്പനി മുതലാളിയായ രാജീവ് മേനോൻ ഓവർ ടൈമിന്റെ പേരും പറഞ്ഞു അവളെ കമ്പനിയിൽ പിടിച്ചു നിർത്തിയതും, ഒടുവിൽ അയാൾ അവളെ അവിടെ വച്ചു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതുമെല്ലാം ഞങ്ങൾ ശ്വാസമടക്കി കേട്ടു നിന്നു …ഒടുവിൽ ഞങ്ങൾ അവളെയും കൊണ്ട് നേരെ പോലീസ് സ്റ്റേഷനിൽ പോയി. കേസ് ഫയൽ ചെയ്തു.
ഹിയറിങ്ങിന് ഒരാഴ്ച മുൻപാണ് ഹരിക്ക് ഗൾഫിലേക്ക് പോകാനുള്ള വിസ വന്നത്…. ഈ അവസ്ഥയിൽ പോകരുതെന്ന് ഞാനവന്റെ കാലു പിടിച്ചു പറഞ്ഞതാണ്….. പ്രാരാബ്ധത്തിന്റെയും, കെട്ടുപാടുകളുടെയും കണക്കുകൾ പറഞ്ഞു അവൻ എന്റെ എതിർപ്പുകളെല്ലാം അവഗണിച്ചു കടൽ കടന്നു.
സാക്ഷിമൊഴി ദുർബലമാണെന്ന കാരണം കൊണ്ട് ഞങ്ങൾ കേസ് തോറ്റു…. ജേതാവിനെപ്പോലെ എന്റെ മുന്നിലൂടെ ഒരു ഇളിച്ച ചിരിയുമായി കടന്നു പോയ രാജീവ് മേനോന്റെ മുഖം ഇന്നുമെന്റെ കണ്മുന്നിലുണ്ട്. കേസ് തോറ്റത്തിന്റെ അപമാനഭാരത്താൽ ഒരു മുഴം കയറിൽ ഉമ തന്റെ ജീവിതം അവസാനിപ്പിച്ചതറിഞ്ഞ് വല്ലാത്തൊരു ഞെട്ടലോ ടെയാണ് ഞാനവളുടെ വീട്ടിലോടിയെത്തിയത്.
വിറങ്ങലിച്ചു മരവിച്ച അവളുടെ നെറ്റിയിൽ അന്ത്യ ചുംബനം നൽകുമ്പോൾ രാജീവ് മേനോനെക്കാൾ ഞാൻ വെറുത്തു പോയത് ഹരിയെ ആയിരുന്നു .
ഹരിയൊന്ന് മനസ്സുവച്ചിരുന്നെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നെന്നെനിക്ക് തോന്നി.അന്ന് മനസ്സിൽ നിന്ന് പടിയിറക്കി വിട്ടതാണ് ഹരിയെയും, അവന്റെ ഓർമ്മകളെയും.ഓരോന്നോർത്തു കൊണ്ട് നേർത്തൊരു വിതുമ്പലോടെ ഞാനെപ്പോഴേ ഉറങ്ങിപ്പോയി.
“സീനിയർ ലോയർ അഡ്വക്കറ്റ് പ്രഭാകരൻ സാറിന്റെ ജൂനിയർ ആയി പ്രാക്റ്റീസ് ചെയ്യാൻ നിനക്ക് താല്പര്യമുണ്ടോ “?
ഒരാഴ്ചത്തെ മൗന വ്രതത്തിന് ശേഷമായിരുന്നു അമ്മയുടെ ചോദ്യം.
പ്രഭാകരൻ സാറിന്റെ പേര് കേട്ടതും ഉള്ളിലൊരു കുളിരു പെയ്തത് പോലെ….. കോടതി മുറികളിലെ ഗർജ്ജിക്കുന്ന സിംഹമാണ് പ്രഭാകരൻ സർ…. അദേഹത്തിന്റെ ജൂനിയർ ആയി പ്രാക്ടീസ് ചെയ്യുക എന്നത് എന്നോ ഉള്ള തന്റെ സ്വപ്നമാണ്.
“അതങ്ങനെ എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. പഠിത്തം കഴിഞ്ഞ് ലോങ്ങ് ബ്രെക്ക് വന്നത് കൊണ്ട് അങ്ങനെയൊരു ഓപ്പർച്യുണിറ്റി എനിക്ക് കിട്ടുമെന്ന് തോന്നുന്നില്ല ”
ഒരൽപ്പം നിരാശയോടെ ഞാനമ്മയോട് പറഞ്ഞു.
“അതൊന്നും ഓർത്തു നീ ടെൻഷൻ അടിക്കേണ്ട. താല്പര്യം ഉണ്ടെങ്കിൽ നിനക്ക് നാളെത്തന്നെ അവിടെ ജോയിൻ ചെയ്യാം.ആ പിന്നെ, നിന്റെ ശത്രു ഹരി അവിടെയുണ്ട്.ഇനിയിപ്പോ അത് നിനക്കൊരു പ്രോബ്ലം ആകുമോ “?
ഹരിയുടെ പേരും പറഞ്ഞു ഇങ്ങനെയൊരു അവസരം തള്ളിക്കളയാൻ എനിക്കെന്തോ തോന്നിയില്ല. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ പഠിച്ചു നേടിയ നിയമത്തിന്റെ കറുത്ത കോട്ട് അണിയുന്നതാണ് ഉചിതമെന്നെനിക്ക് തോന്നി.
പിറ്റേദിവസം രാവിലെ റെഡി ആയി നിൽക്കുന്ന എന്നെ കണ്ടതും അമ്മയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കം മിന്നിമറയുന്നത് ഞാൻ കണ്ടു.
ഒൻപത് മണിയോടെ ഞാൻ പ്രഭാകരൻ സാറിന്റെ ഓഫീസിലെത്തി…. കോടതിയുടെ കുറച്ചകലെ മെയിൻ റോഡിന്റെ സൈഡിലാ യിട്ടായിരുന്നു അദേഹത്തിന്റെ ഓഫീസ്….. അരമണിക്കൂർ പിന്നിട്ടപ്പോൾ ഓരോരുത്തരായി വരാൻ തുടങ്ങി. ആക്കൂട്ടത്തിൽ ഹരിയെ കണ്ടതും, ഞാൻ ചെറുതായൊന്ന് ആസ്വസ്ഥയായി..
പത്ത് മണിയോടെ പ്രഭാകരൻ സാറും എത്തി. ഗുഡ്മോണിങ് പറഞ്ഞു, ഞാനെന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ അദ്ദേഹത്തിന് നേരെ നീട്ടുമ്പോൾ മാധവൻ സാറിന്റെ മകൾ ആണല്ലേ എന്നദേഹം ചോദിച്ചു…..
വല്ലാത്തൊരു അമ്പരപ്പോടെ ഞാനദ്ദേഹത്തെ ഉറ്റുനോക്കി. നാല് പേരായിരുന്നു പുതുതായി ജോയിൻ ചെയ്തത്….. ഓരോ കാര്യങ്ങൾ ഡീറ്റൈൽ ആയി പറഞ്ഞു തന്നിട്ട് അദ്ദേഹം ഹിയറിങ്ങിനായി കോർട്ടിലേക്ക് പോയി.
ഉച്ചയോടെ ഞങ്ങളെല്ലാവരും വീട്ടിലേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് ഹരിയെന്റെ മുന്നിലെത്തിയത്…..
“ഞാനിവിടെ ഉള്ളത് കൊണ്ട് ദേവു വരില്ലെന്നാണ് ഞാൻ കരുതിയത് ”
ഹരിയുടെ മനസ്സിലിപ്പോഴും എന്നോടുള്ള പഴയ സ്നേഹമുണ്ടെന്നെന്ന് ആ വാക്കുകളിൽ നിന്നുമെനിക്ക് മനസ്സിലായി.
“നീ ഇവിടെ ഉള്ളതും ഇല്ലാത്തതുമൊക്കെ എനിക്കിപ്പോ ഒരുപോലെയാണ്.ഞാനിവിടെ വന്നത്, എന്റെ കരിയർ ബിൽഡ് ചെയ്യാനാണ് ”
ഹരിയെ തീർത്തും അവഗണിക്കുന്നത് പോലെയാണ് ഞാൻ പറഞ്ഞത്.
“നീയൊന്നും മറന്നിട്ടില്ലെന്ന് എനിക്കറിയാം ദേവൂ ഉമയുടെ ആത്മഹത്യ അറിഞ്ഞപ്പോൾ ഞാനാകെ നടുങ്ങിപ്പോയി . അറിഞ്ഞോ അറിയാതെയോ എനിക്കും അതിലൊരു പങ്കുണ്ടെന്നെനിക്കറിയാം. പക്ഷെ ഞാൻ സാക്ഷി മൊഴി കൊടുത്താലും , നമ്മളാ കേസ് തോൽക്കും. അത്രക്കും പ്രബലനാണ് രാജീവ് മേനോനെന്ന തേർഡ് റേറ്റ് ഗുണ്ട ”
സ്വയം ന്യായീകരിക്കുന്ന ഹരിയെ കണ്ടപ്പോൾ ഉള്ളിലെവിടെയോ അടക്കി വച്ച ദേഷ്യവും, വെറുപ്പും മെല്ലെ പുറത്തേക്ക് വരാൻ തുടങ്ങി.
“കഴിഞ്ഞതൊന്നും വിഴുപ്പലക്കാൻ ഞാനില്ല ഹരി ”
നിസ്സംഗതയോടെ ഞാൻ പറഞ്ഞു
“പക്ഷെ എന്റെ ഉള്ളിലിപ്പോഴും നീയുണ്ട് ദേവൂ. ഒരിക്കലും മറക്കാനോ, മറ്റൊരു ജീവിതം തേടാനോ ഈ ജന്മം എനിക്ക് കഴിയില്ല ”
അവന്റെ വാക്കുകൾ എന്റെ ഉള്ളം പൊള്ളിച്ചത് പോലെയെനിക്ക് തോന്നി.
“എനിക്ക് നിന്നോടെന്നും വെറുപ്പ് മാത്രമേ ഉണ്ടാകൂ .എന്നെ കാത്തിരുന്ന് നീ നിന്റെ നല്ല ജീവിതം കളയരുത്. നിന്നെ ആവശ്യം ഉണ്ടായിരുന്ന ഒരു സമയം എനിക്കുണ്ടായിരുന്നു.അന്ന് നീയെന്നെ
ഒറ്റക്കാക്കി കടന്നുകളഞ്ഞു. ഇപ്പോൾ
ഞാൻ ജീവിക്കുന്നത് അമ്മയുടെ
സന്തോഷത്തിന് വേണ്ടിയാണ്. ഇനി നീയെന്നെ ശല്യപ്പെടുത്താനായി എന്റെ മുന്നിലേക്ക് വരരുത് “.
ഒരു അപേക്ഷ പോലെ ഞാനത് ഹരിയോട് പറഞ്ഞതും , ഉള്ളിലൊതുക്കി വച്ച സങ്കടം പുറത്തേക്ക് ഒഴുകുമോ എന്ന ഭയമായിരുന്നെനിക്ക്.
“ദേവൂ, കഴിഞ്ഞതൊക്കെ മറന്ന്, പഴയത് പോലെ നമുക്കിനി വീണ്ടും സ്നേഹിച്ചു കൂടെ. നീയില്ലാതെ പറ്റില്ലെടാ എനിക്ക് “.
വല്ലാത്തൊരു ഇടർച്ചയോടെയാണ് അവനത് പറഞ്ഞത്. ആ കണ്ണുകളിലേക്ക് നോക്കാൻ ഞാനപ്പോൾ വല്ലാതെ ഭയപ്പെട്ടു.
“ഇല്ല ഹരി.ആ ഓർമ്മകളൊക്കെ എന്നോ എന്നിൽ നിന്നും വേർപെട്ട് പോയതാണ്.ഇനി നമ്മുടെ ഇടയിൽ കഴിഞ്ഞുപോയ പ്രണയ
ത്തിന്റെ അവശേഷിപ്പുകളൊന്നുമില്ല.”
എന്ത് പറയണമെന്നറിയാതെ തരിച്ചു നിൽക്കുകയായിരുന്നു ഹരിയപ്പോൾ…..
ശൂന്യമായ മനസ്സോടെ ആരും കാണാതെ ഉറക്കെയൊന്ന് പൊട്ടിക്കരയാൻ കൊതിച്ചു കൊണ്ട് ഞാനവിടെ നിന്നും ധൃതിയിൽ നടക്കുമ്പോഴും, വാഴയിലയിൽ വിരിച്ചു
കിടത്തിയ ഉമയുടെ മൃതദേഹം കെട്ടിപ്പിടിച്ചു കരയുന്ന അവളുടെ അമ്മയുടെയും, കുഞ്ഞാങ്ങളയുടെയും ദൈന്യത നിറഞ്ഞ മുഖം മാത്രമായിരുന്നു അപ്പോളെന്റെ മനസ്സിൽ.അവളുടെ ഉടലിന്റെ തണുപ്പ് അ പ്പോഴുമെന്റെ ഓർമ്മകളെ മരവിപ്പിച്ചു കൊണ്ടി രുന്നു……