ചിറ്റമ്മ
(രചന: Bindu NP)
സമയം സന്ധ്യയാവാറായി അവർ വിരുന്നു കഴിഞ്ഞു തിരിച്ചെത്താൻ . വരുമ്പോ വീട് പൂട്ടിക്കിടക്കുകയായിരുന്നു. കാറിന്റെ ശബ്ദം കേട്ടിട്ടാവണം കുമാരേട്ടൻ അവിടേക്ക് വന്നത് .
“മോനേ അവള് പോയി . ഈ ചാവി നിന്നേ ഏൽപ്പിക്കാൻ പറഞ്ഞു “… അതും പറഞ്ഞ് കുമാരേട്ടൻ കയ്യിലിരുന്ന ചാവി അവന്റെ നേരെ നീട്ടി.
“ചിറ്റമ്മ എങ്ങോട്ട് പോയി…”അവൻ അമ്പരപ്പോടെ ചോദിച്ചു .
“അവൾ വന്നിടത്തേക്ക് തന്നെ പോയി… അല്ലെങ്കിലും പോകേണ്ട എന്ന് പറഞ്ഞിട്ടെന്തിനാ .. അവൾക്കാരാ ഉള്ളത്… ഓരോന്നിന്റെ ഒരു വിധിയേ ..”കുമാരേട്ടൻ കണ്ണ് തുടച്ചു ..
“നിന്റെ അച്ഛൻ പോയിട്ടും അവൾ ഇവിടെ നിന്നത് നിന്നെ ഒറ്റയ്ക്ക് വിട്ട് പോകാൻ വയ്യാത്തോണ്ടായിരുന്നു … ഇനിയിപ്പോ നീ തനിച്ചല്ലല്ലോ ..”
അതും പറഞ്ഞ് കുമാരേട്ടൻ തോർത്ത് കൊണ്ട് കണ്ണ് തുടച്ചു നടന്നുപോകുന്നത് നാഥൻ വിഷമത്തോടെ നോക്കി നിന്നു..
നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അമ്മ മരിക്കുന്നത്.പിന്നെ കുറേ നാള് അച്ഛനും മോനും മാത്രമായുള്ള ജീവിതം.
എല്ലാവരും നിർബന്ധിച്ചപ്പോൾ അച്ഛൻ മറ്റൊരു കല്യാണത്തിന് സമ്മതിക്കുകയായിരുന്നു . ഒരു ദിവസം സ്കൂളിൽ നിന്നും വരുമ്പോ വീട്ടിൽ കുറച്ച് ആളുകൾ ഉണ്ട്..
സദ്യയുടെയും പലഹാരത്തിന്റെയും മണം. അടുക്കളയിൽ ചെന്നപ്പോ അവിടെ ഒരു സ്ത്രീ നിൽപ്പുണ്ട് .. അവരെ കാട്ടി മുത്തശ്ശി പറഞ്ഞു “മോനേ ഇനി മുതൽ ഇതാണ് നിന്റെ അമ്മ..”
അവൻ ആ സ്ത്രീയെ തുറിച്ചു നോക്കി.. മോനേ എന്ന് പറഞ്ഞ് കയ്യിൽ പിടിച്ചപ്പോ ആ കൈ ദേഷ്യത്തോടെ തട്ടി മാറ്റി പുറത്തേക്ക് ഓടിപ്പോയി .
അവർ വന്നതോടെ അവനെ അച്ഛന്റെ കൂടെ കിടത്താതെയായി. പിറ്റേന്ന് രാവിലെ അടുക്കളയിൽ പോയപ്പോ അവർ ചായയുണ്ടാക്കുന്നു..
അവനെ കണ്ടതും ചിരിച്ചു കൊണ്ട് ഒരു ഗ്ലാസ്സ് ചായ അവന്റെ നേർക്ക് നീട്ടിയതും അവൻ ആ ചായയും ഗ്ലാസും അവരുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞതും ഒരുമിച്ചായിരുന്നു..
അത് കണ്ട് പരിഭ്രമിച്ചു മാറി നിന്ന ആ സ്ത്രീയെ അച്ഛൻ ആശ്വസിപ്പിക്കുന്നത് കേട്ടു.. “സാരമില്ല…നീ വിഷമിക്കേണ്ട.. എല്ലാം ശരിയാവും ..”
പക്ഷേ ഒന്നും ശരിയായില്ല… ആ സംഭവത്തിന് ശേഷം അവൻ കുറേ ദിവസം പനിച്ചു കിടന്നു . പനിക്കിടക്കയിലും അവൻ പിച്ചും പേയും പറയുന്നത് അവൾ കേട്ടു.. “അതെന്റെ അമ്മയല്ല… എന്റെ അമ്മയല്ല..”
അവൾ സങ്കടത്തോടെ തിരിഞ്ഞു നടന്നു .. പിന്നീട് അവൾ അവന്റ മുന്നിലേക്ക് പോകാറില്ല.. അവന് വേണ്ടുന്നതെല്ലാം ചെയ്തു കൊടുക്കും.. ഭക്ഷണം സമയമാസമയങ്ങളിൽ ഉണ്ടാക്കി ഡൈനിങ് ടേബിളിൽ എടുത്തുവെക്കും.
വസ്ത്രങ്ങൾ അലക്കി മടക്കിവെക്കും.. എല്ലാം ചെയ്യും. പക്ഷേ പരസ്പരം മിണ്ടാറില്ല…
അങ്ങനെ വർഷങ്ങൾ കടന്നുപോയി.. അവൻ പഠിക്കാനായി പട്ടണത്തിൽ പോയി..
അവിടെ ഹോസ്റ്റലിൽ ആയിരുന്നു പിന്നത്തെ ജീവിതം .ഹോസ്റ്റൽ ഭക്ഷണംത്തിന് ഒട്ടും രുചി തോന്നാറില്ല… ആ സമയങ്ങളിൽ ഒക്കെ അവൻ ചിറ്റമ്മയെ കുറിച്ച് ഓർക്കും ….
വല്ലപ്പോഴും വീട്ടിൽ വരും.. വരുമ്പോ അവർ അവന് ഇഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കികൊടുക്കും.. എന്തൊരു രുചിയാണ് ചിറ്റമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണങ്ങൾക്കൊക്കെ.അവൻ ആ അമ്മയെ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു..
എന്നാലും അവർ തമ്മിൽ സംസാരിചിരുന്നില്ല ഒരിക്കലും..അങ്ങനെ അവന് പട്ടണത്തിൽ ജോലി കിട്ടി. പിന്നെ വീട്ടിലേക്കുള്ള വരവ് വല്ലപ്പോഴും മാത്രമായി..
കൂടെ ജോലി ചെയ്യുന്ന കുട്ടിയുമായി അവന്റെ കല്യാണം തീരുമാനിച്ച സമയത്താണ് അച്ഛനൊരു നെഞ്ച് വേദന വരുന്നത്.. ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു..
അച്ഛന്റെ നൽപ്പത് കഴിഞ്ഞ ശേഷം അമ്പലത്തിൽ വെച്ച് വളരെ ലളിതമായ രീതിയിൽ അവന്റെ വിവാഹം കഴിഞ്ഞിട്ടിപ്പൊ രണ്ടു ദിവസം ആയതേയുള്ളൂ.. അവൾടെ വീടുവരെ ഒന്ന് പോയതായിരുന്നു.
അവന് കിടന്നിട്ട് ഉറക്കം വന്നതേയില്ല . പിറ്റേന്ന് രാവിലെ തന്നെ കുമാരേട്ടനെയും കൂട്ടി ചിറ്റമ്മയുടെ അടുത്തേക്ക് പോയി..
എവിടെയാണ് വീടെന്ന് പോലും നിശ്ചയമില്ലായിരുന്നു . കുമാരേട്ടൻ പറഞ്ഞ വഴിയിലൂടെ ഡ്രൈവ് ചെയ്തു. ഒടുവിൽ എത്തിച്ചേർന്നത് ഒരു അനാഥാലയത്തിന്റെ മുന്നിലായിരുന്നു..
“ഇവിടെ ”
അവൻ ചോദ്യഭാവത്തിൽ കുമാരേട്ടനെ നോക്കി..
“അതേ .. ഇതാണ് നിന്റെ ചിറ്റമ്മയുടെ വീട് .. ഇവിടെ നിന്നാണ് നിന്റെ അച്ഛൻ അവളെ കല്യാണം കഴിച്ചത് .
എല്ലാവരും മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചപ്പോൾ ഒരു അനാഥയായ കുട്ടിയെ മതി എനിക്കെന്ന് നിന്റെ അച്ഛൻ പറഞ്ഞു..
അങ്ങനെ ആണ് അവൾ നിന്റെ അമ്മയായത്.. നിനക്ക് വേണ്ടിയാണ് അവൾ തന്റെ അമ്മയാവാനുള്ള മോഹം പോലും ഉപേക്ഷിച്ചത്.. പക്ഷേ നീയാവളെ ഒരിക്കലും തിരിച്ചറിഞ്ഞില്ലല്ലോ മോനേ ..”
അവർക്കിടയിൽ മൗനം തളം കെട്ടി..അവിടത്തെ അധികാരികളെ കണ്ട് കാര്യങ്ങൾ സംസാരിച്ചു തിരിച്ചു പോരുമ്പോൾ അവരും ഉണ്ടായിരുന്നു അവന്റെ കൂടെ… ചിറ്റമ്മയായിട്ടല്ല .. അമ്മയായിട്ട് ..
അവരെ ചേർത്തു പിടിച്ച് ഇതെന്റെ അമ്മയാണെന്ന് അവൻ തന്റെ ഭാര്യയോട് പറയുന്നത് കേട്ടപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു ..
“ഈ കണ്ണുകൾ ഇനി നിറയരുത് “…എന്നും പറഞ്ഞ് കൊണ്ടവൾ ആ കണ്ണുകൾ തുടച്ചു..
ആ കാഴ്ച കണ്ടുനിന്നപ്പോൾ കുമാരേട്ടന്റെ കണ്ണുകളും നിറഞ്ഞിരുന്നു ..