1990 ഒക്ടോബർ 6
എനിക്ക് ഏതെങ്കിലും ഒരു ദൈവത്തിന്റെ മുമ്പിൽ വെച്ച് താലി കെട്ടണമെന്നുണ്ട്.
ഏതെങ്കിലും ഒരു ദൈവത്തിന്റെ മുമ്പിൽ വെച്ച് മതിയോ?
മതി.ആരും വേണ്ട നമ്മൾ രണ്ടാളും മാത്രം മതി.അതും ഒരു ചടങ്ങായിട്ടൊന്നും വേണമെന്നില്ല.നരേന്ദ്രേട്ടന്റെ അടുത്ത്, ദൈവത്തിന്റെ കണ്മുന്നിൽ ഒന്ന് നിന്നാലും മതി.
എന്നാൽ ഗൗരി വാ.ഇനി അതിനൊരു അവധി വെക്കണ്ട.
അങ്ങനെ ബോംബെയിലെ ശ്രീകണ്‌ഠേശ്വരാ മന്ദിർ സംസ്ഥാനിൽ വെച്ച് ഡോക്ടർ നരേന്ദ്രൻ അനാഥയായ ഗൗരിയെ താലി ചാർത്തി.
തന്റെ മൂന്നാം വയസ്സിൽ അച്ഛനേയും പതിനേഴാം വയസ്സിൽ അമ്മയേയും നഷ്ടപ്പെട്ട നരേന്ദ്രൻ,തന്നെ പോലെ ചൂണ്ടി കാട്ടാൻ ബന്ധുക്കളാരുമില്ലാത്ത ഒരു കുട്ടിയെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നത്.
ആ ആഗ്രഹത്തിന്റെ സഫലീകരണമാണ് അന്നവിടെ നടന്നത്.
ഏതാനും ദിവസങ്ങൾക്ക് ശേഷമുള്ള ഒരു രാത്രി.
പുറത്ത് ചെറിയ ചാറ്റൽ മഴ.രണ്ട് ദിവസം കൂടി കഴിഞ്ഞാൽ നരേന്ദ്രൻ തന്റെ ജോലിയുടെ ഭാഗമായി സ്റ്റേറ്റ്സിലേക്ക് മടങ്ങും.
അതിന്റെ പരിഭവത്തിൽ നരേന്ദ്രന്റെ നെഞ്ചിൽ തല ചായ്ച്ച് കിടന്നോണ്ട് ഗൗരി പറഞ്ഞു.
ഞങ്ങൾ തിരുപ്പതി, തിരുചന്തൂർ, മധുര, ചിദംബരം,കന്യാകുമാരി,ഗുരുവായൂർ അങ്ങനെ കറങ്ങി ജോളിയായിട്ട് ചെത്തി നടക്കും.നോക്കിക്കോ.
കൂടെ കൊണ്ട് പോവാത്തതിന് എന്നോടുള്ള വാശി തീർക്കുകയാണോ?അതിനാണോ ഈ യാത്ര പോകുന്നത്?
അല്ല.സ്കൂളിലെ പണിയും വിട്ടു.നരേന്ദ്രേട്ടൻ കൂടിയങ്ങ് പോയാൽ ഞാൻ പിന്നെ ഒറ്റക്കിവിടിരുന്ന് എന്ത് ചെയ്യാനാ?
പിന്നെ എനിക്ക് എല്ലാ ദൈവങ്ങളേയും കണ്ട് തൊഴുത് നന്ദി പറയണ്ടേ? എനിക്ക് ഇങ്ങനെ ഒരാളെ കൊണ്ട് തന്നതിന്.
നരേന്ദ്രൻ ഗൗരിയുടെ മുടിയിഴകളിൽ മെല്ലെ തലോടിക്കൊണ്ട് തന്റെ നെഞ്ചിലെ ചൂടിൽ അവളെ ചേർത്ത് കിടത്തി.
നരേന്ദ്രേട്ടൻ ഹാപ്പി ആയിട്ട് പോയിട്ട് വാ.ഒരു മാസം കഴിഞ്ഞ് വരുമ്പോഴേക്കും ഞാൻ എല്ലാ ദൈവങ്ങളുടേയും അനുഗ്രഹവും വാങ്ങിച്ച് റെഡി ആയിട്ടിരിക്കുന്നുണ്ടാവും.
നരേന്ദ്രൻ ഗൗരിയുടെ നെറുകയിൽ ചുംബിച്ചു.ശേഷം അവളുടെ ഒരു സൈഡിലെ കഴുത്തിലെ മുടിയിഴകൾ മാറ്റി പതിയെ കഴുത്തിൽ ചുംബനങ്ങൾ നൽകി കൊണ്ട് ബെഡിലേക്ക് ചാഞ്ഞു.
ഗൗരിക്ക് നരേന്ദ്രനോടൊപ്പം സ്റ്റേറ്റ്സിൽ പോകാനുള്ള ഗ്രീൻ കാർഡ് റെഡിയാവാൻ ഇനിയും ഒരു മാസമെടുക്കും.അപ്പോഴേക്കും സൗത്തിന്ത്യയിലെ ക്ഷേത്രങ്ങൾ തികച്ചും അപരിചിതരായ തീർത്ഥാടകസംഘത്തോടൊപ്പം സന്ദർശിക്കാനാവുന്നതിന്റെ സന്തോഷത്തിലാണ് ഗൗരി.
ഗൗരി നീയൊരു ചായ ഇട്ടോണ്ട് വന്നേ.
ഈ നട്ടപാതിരക്കോ? ഇങ്ങനെ ഒരു ചായ കൊതിയൻ.
നിന്റെ ചായേടെ രുചി അതൊന്ന് വേറെ തന്നെയാ മോളെ.
അയ്യടാ ഞാനങ്ങ് സുഖിച്ചു.നരേന്ദ്രേട്ടാ, ഞാനൊരു കാര്യം ചോദിച്ചോട്ടെ?
എന്താണാവോ?
ചിലപ്പോൾ ഈ പോണ യാത്രയിൽ ബസ്സോ ട്രെയിനോ ആക്‌സിഡന്റായി ഞാൻ മരിച്ചാൽ നരേന്ദ്രേട്ടൻ എന്ത് ചെയ്യും?
എഴുന്നേറ്റ് പോയെ നീ.
നരേന്ദ്രേട്ടാ പിണങ്ങല്ലേ.
ശരി, മരിക്കുന്നില്ല.എന്റെ ഓർമ്മയെങ്ങാനും പൂർണ്ണമായും നശിച്ചു പോയാൽ നരേന്ദ്രേട്ടൻ എന്ത് ചെയ്യും?
നിനക്ക് വട്ടുണ്ടോ ഗൗരി? നട്ട പാതിരാക്ക് ഓരോ വട്ടുകളും കൊണ്ട് വന്നേക്കുവാ. മനുഷ്യന്റെ മൂഡും പോയി.
ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ.
എത്ര ഓർമ്മ പോയെന്ന് പറഞ്ഞാലും നിന്നെ ഞാൻ എന്ത് വില കൊടുത്തും ചികിത്സിച്ച് ആ പഴയ ഗൗരിയാക്കി മാറ്റും.എന്തേ പോരെ?
അയ്യേ പൈങ്കിളി ഡയലോഗ്.ആ സമയത്ത് എനിക്ക് ഒരു കാമുകനും ഉണ്ടെങ്കിലോ?
കാമുകൻ അല്ല സാക്ഷാൽ ഉടയതമ്പുരാൻ വന്ന് തടസ്സം നിന്നാലും നിന്നെയാർക്കും വിട്ടു കൊടുക്കില്ല മോളെ എന്ന് പറഞ്ഞോണ്ട് നരേന്ദ്രൻ ഗൗരിയുടെ വയറ്റിൽ ഇക്കിളിയാക്കി.
ആട്ടെ,എനിക്കാണ് ഈ ഗതി വന്നെങ്കിൽ ഗൗരി എന്ത് ചെയ്തേനെ?
പഴയ കാര്യങ്ങൾ ഓർമ്മ ഇല്ലാത്ത സ്ഥിതിക്ക് പുതിയ കാമുകിക്ക് നരേന്ദ്രേട്ടനെ വിട്ട് കൊടുത്തിട്ട് ഞാൻ എന്റെ പണി നോക്കി പോയേനെ.
“നരേന്ദ്രേട്ടനും അങ്ങനെ ചെയ്താൽ മതി”.
അപ്പോൾ അത്രേയുള്ളല്ലേ സ്നേഹം?
അല്ല പിന്നെ.അത് പോട്ടെ, കാമുകനോടൊപ്പം പോയ എനിക്ക് പിന്നീട് ഓർമ്മ തിരിച്ചു കിട്ടിയാൽ നരേന്ദ്രേട്ടൻ സ്വീകരിക്കുമോ?
ഞാൻ അപ്പോഴേക്കും വല്ല സുന്ദരി ഡോക്ടറിനേയും കെട്ടി സുഖമായിട്ട് ജീവിക്കും.
ദുഷ്ടാ അപ്പോൾ ഇതാണല്ലേ മനസ്സിലിരുപ്പ്.
അവിടെ കിടന്ന തലയിണ എടുത്ത് നരേന്ദ്രനെ അടിക്കാൻ ശ്രമിച്ചോണ്ട് ഗൗരി ദേഷ്യത്തിൽ നരേന്ദ്രന്റെ കവിളിൽ കടിച്ച് ചുമപ്പിച്ചു.ശേഷം ഇരുവരും പുതപ്പിനടിയിൽ വാരി പുണർന്നു.
********************************************
പക്ഷെ ഏതാനും ദിവസങ്ങൾക്ക് ശേഷം,ഗൗരി ചുമ്മാ നേരം പോക്കിന് നരേന്ദ്രനോട് ചോദിച്ച അതേ ചോദ്യം അറം പറ്റിയ പോലെ തന്റെ ജീവിതത്തിൽ സംഭവിച്ചു.
വിജയവാഡയിൽ നിന്നും ദക്ഷിണേന്ത്യയിലെ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ പോയ ടൂറിസ്റ്റ് ബസ് കേരളത്തിലെ ഏതോ അമ്പലത്തിലേക്ക് പോകും വഴി തമ്പുരാൻ കുന്നിൽ വെച്ച് കനത്ത മഴയിലും കാറ്റിലും ആക്‌സിഡന്റിൽ പെട്ടു.ഗൗരി മാത്രം ആ വല്യ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു.പക്ഷേ അപകടത്തിൽ ഇന്നലെകൾ പോയിട്ട് സ്വന്തം പേര് പോലും ഓർത്തെടുക്കാനാവാത്ത വിധം അമ്നേഷ്യ എന്ന രോഗം ഗൗരിയെ പിടികൂടിയിരുന്നു.
ശേഷം ഡോക്ടർ സന്ധ്യയും മകൻ ശരത്തും കൂടി ഓർമ്മ നഷ്ടപ്പെട്ട ഗൗരിയെ അവരുടെ ഹോസ്പിറ്റലിൽ കിടത്തി ചികിത്സിക്കുകയും ഒപ്പം ഗൗരിയുടെ ബന്ധുക്കാരെ കണ്ടെത്താൻ പത്രത്തിൽ പരസ്യമിടുകയും ചെയ്യുന്നു.ഇതിനിടക്ക് ശരത്ത് ഓർമ്മ നഷ്ടപ്പെട്ട ഗൗരിക്ക് “മായ” എന്ന പുതിയ പേര് നൽകുകയും തന്റെ ജീവിത സഖിയായി ലൈഫിലോട്ട് ക്ഷണിക്കുകയും ചെയ്യുന്നു.ഈ സമയത്താണ് ഗൗരിയുടെ ഭർത്താവായ നരേന്ദ്രൻ ഗൗരിയെ കണ്ടെത്താൻ അവർ തമ്മിലുള്ള പഴയ ഫോട്ടോകൾ അടങ്ങിയ പേഴ്‌സുമായി ശരത്തിന്റെ പക്കലെത്തുന്നത്.
ഏത് അംനീഷ്യ ബാധിച്ചാലും തന്റെ ഗൗരി തന്നെ കണ്ടാൽ തിരിച്ചറിയുമെന്ന പൂർണ്ണ വിശ്വാസത്തിലാണ് ശരത്തിന്റെ വീട്ടിൽ നരേന്ദ്രൻ എത്തുന്നത്.പക്ഷെ കണ്മുന്നിൽ തന്റെ ഭാര്യ തികച്ചും അപരിചിതനായ ഒരാളെ പോലെ തന്നെ ട്രീറ്റ് ചെയ്യുന്നത് കണ്ട നരേന്ദ്രൻ അക്ഷരാർത്ഥത്തിൽ തകർന്നു പോയി.
നിങ്ങൾ ഉദ്ദേശിച്ച് വന്ന പെൺകുട്ടി ഇവരല്ലല്ലേ?
ശരത്തിന്റെ ആ ചോദ്യത്തിന് മറുപടിയായി ഉള്ളിലെ വിങ്ങൽ കടിച്ചമർത്തികൊണ്ട് ദയനീയമായി “അല്ല” എന്ന് തലയാട്ടാനെ നരേന്ദ്രന് സാധിച്ചോളൂ.
ഞാൻ വരട്ടെ (കൊണ്ട് വന്ന ചുവന്ന പേഴ്‌സുമായി നരേന്ദ്രൻ പടിയിറങ്ങി )
അല്ല,ചായ കുടിച്ചിട്ട്?
വേണ്ട, വെറുതെ ബുദ്ധിമുട്ടിച്ചതിൽ സോറി.
അല്ല ഒരു മിനിറ്റ്.
അപ്പോഴേക്കും നരേന്ദ്രനുള്ള ചായയുമായി മായ എത്തിയിരുന്നു.
എന്തേ? ചായ പോലും കുടിക്കാതെ?
ആവോ അറിയില്ല.
ഇരുവരും നോക്കി നിൽക്കെ അങ്ങ് ദൂരെ വിദൂരതയിലേക്ക് നരേന്ദ്രന്റെ കാറും അദ്ദേഹത്തിന്റെ നീറുന്ന മനസ്സും യാത്രയായി……………………..
പപ്പേട്ടന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ “വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല. ഞാൻ മരിച്ചതായി നീയും, നീ മരിച്ചതായി ഞാനും കണക്കാക്കുക.ചുംബിച്ച ചുണ്ടുകൾക്ക് വിട” എന്ന വരികളാവാം നരേന്ദ്രന്റെ ആ സമയത്തെ മാനസികാവസ്ഥയെ വരച്ചിടാൻ ഏറ്റവും ഉചിതമായവ.
എന്തായാലും ചുംബിച്ച അതേ ചുണ്ടുകളുടെ ഉടമകളെ തല്ക്കാലം വിട നൽകി വിടാതെ, “ഇന്നലെ” എന്ന ക്ലാസ്സിക് ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗം എന്റെ ഭാവനയിൽ എഴുതുവാനുള്ള എളിയ ശ്രമം ഇവിടെ തുടരുന്നു.
ചോദ്യം ഇതാണ് ;
ഒരുപക്ഷെ മായയുടെ ഓർമ്മകൾ തിരികെ കിട്ടിയാലോ?
*********************************************
അപ്പുവേട്ട, ദേ ഷർട്ട് മുഴുവനും സിന്ദൂരം. ഇതും കൊണ്ടാണോ ആ ഡോക്ടറിന്റെ അടുത്തിരുന്ന് സംസാരിച്ചത്? അയ്യേ.
എന്ത് അയ്യേ?
ഇതിനേക്കാൾ സന്തോഷം നിറഞ്ഞ ഒരു ദിവസം ഇനിയെന്റെ ലൈഫിൽ ഉണ്ടാവില്ല.
ശരത്ത് പരിസരം നോക്കാതെ മായയെ പൊക്കിയെടുത്ത് ചുംബനം കൊണ്ട് മൂടി.
ആ നിമിഷം നരേന്ദ്രന് വേണ്ടി മായ കൊണ്ട് വന്ന ചായ ഗ്ലാസ് പോലും,അവരുടെ സ്നേഹ പ്രകടനത്തിന് മുന്നിൽ ശല്യമായി നിൽക്കാതെ സ്വയം തറയിൽ വീണുടഞ്ഞ് നരേന്ദ്രനെ പോലെ മാറി നിന്നു.
വീട്ടിൽ വന്ന വേളയിൽ കുടിക്കാൻ ചായ വേണോ കോഫീ വേണോ എന്ന് മായ നരേന്ദ്രനോട് ചോദിച്ചപ്പോൾ നരേന്ദ്രൻ ചായ മതിയെന്ന് പറഞ്ഞത് ഒരു പക്ഷെ അവസാനമായി തന്റെ ഭാര്യയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ചായ കുടിക്കാനുള്ള മോഹം കൊണ്ടാവാം.എന്നാൽ തന്നെ തിരിച്ചറിയാത്ത ഗൗരിയുടെ രുചി പോലും തന്നിൽ അവശേഷിക്കണ്ട എന്ന പെട്ടെന്നുള്ള തീരുമാനം കൊണ്ടാവാം ആ ചായ പോലും കുടിക്കാതെ അദ്ദേഹം അവിടെ നിന്നും പടിയിറങ്ങിയത്.
മതി അപ്പുവേട്ടാ,ആ റാഹേലമ്മ(വേലക്കാരി) എങ്ങാനും കണ്ടോണ്ട് വരും.
കാണട്ടെ.എല്ലാരും കാണട്ടെ നമ്മുടെ സ്നേഹം.
അന്നേ ദിവസം സന്ധ്യക്ക് റാഹേലമ്മ മായ കാണാതെ ശരത്തിനെ കാണാനെത്തി.
മോനെ, എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു.
ആ ഇതാരാ? ആരെങ്കിലും വീട്ടിൽ വരുന്നെന്ന് അറിഞ്ഞാൽ ഉടനെ മാർക്കറ്റിൽ പോണെന്നും പറഞ്ഞ് ഇറങ്ങിക്കോണം കേട്ടോ.ആട്ടെ,എന്താ പറയാൻ വന്നത്?
ഏയ് ഒന്നുമില്ല മോനെ.
അന്നേ ദിവസം രാത്രി നരേന്ദ്രന്റെ റൂം.
മദ്യകുപ്പികളുടെ നടുവിൽ ഇരുന്നോണ്ട് തന്റെ ഗൗരി,തിരുപ്പതിയിൽ വെച്ച് തനിക്ക് അവസാനമായി അയച്ച കാർഡ് ഒരിക്കൽ കൂടി നിറ കണ്ണുകളോട് കൂടി നരേന്ദ്രൻ വായിച്ചു.
“കണ്ട ദൈവങ്ങൾക്ക് മുഴുവൻ നമ്മളോടസൂയ” – ഗൗരി ❣️
തന്റെ സഹനശേഷി നഷ്ടപ്പെടാൻ തുടങ്ങിയ നരേന്ദ്രൻ,ഗൗരിയുടെ ഫോട്ടോകൾ സൂക്ഷിച്ച ചുവന്ന പേഴ്‌സ് ഒരു വേള കൂടി തുറന്ന് പോലും നോക്കാതെ കത്തിച്ച് ചാരമാക്കി.
ഫോട്ടോകൾ എത്ര കത്തിച്ചാലും, ലോകത്തിന്റെ ഏത് കോണിൽ പോയാലും ചിറകടിച്ച് പറക്കുന്ന പ്രാവുകൾ ഗൗരിയുടെ ഓർമ്മയുടെ തൂവലുകൾ നരേന്ദ്രനിലേക്ക് പറത്തിവിടുക തന്നെ ചെയ്യും.
ഏതാനും ദിവസങ്ങൾക്ക് ശേഷം,മായയുടേയും ശരത്തിന്റേയും കല്ല്യാണം നടന്നു.അതിനിടക്ക് പലവട്ടം എന്തോ ഒരു കാര്യം ശരത്തിനോട് പറയാൻ റാഹേളമ്മ തുനിഞ്ഞെങ്കിലും എന്തോ ഒന്നവരെ പിന്നോക്കം വലിക്കുന്നുണ്ടായിരുന്നു.
ഒടുവിൽ രണ്ടും കല്പിച്ചോണ്ട് ഒരു ദിവസം റാഹേലമ്മ ആ കാര്യം ശരത്തിനോട് പറഞ്ഞു.
മോനെ, കുറച്ചു ദിവസം മുമ്പ് വൈകുന്നേരം മാർക്കറ്റിൽ പോയിട്ട് വരും വഴി നമ്മുടെ വഴിയിൽ നിന്നും എനിക്കൊരു ഫോട്ടോ കിട്ടി.
ശേഷം നരേന്ദ്രനും തന്റെ മായയും ഒന്നിച്ചിരിക്കുന്ന ഒരു ഫോട്ടോ ശരത്തിന് നേരേ റാഹേലമ്മ നീട്ടി.ഫോട്ടോ കണ്ട ശരത് അക്ഷരാർത്ഥത്തിൽ ഞെട്ടി.
സത്യത്തിൽ ആ ഫോട്ടോ, തിരികെ പോവുന്ന വെപ്രാളത്തിൽ നരേന്ദ്രൻ കാറിൽ കയറുമ്പോൾ തന്റെ ചുവന്ന പേഴ്സിൽ നിന്നും താഴെ വീണതായിരുന്നു.
എന്തായാലും ശരത്തിന്റെ ഉറക്കമില്ലാത്ത രാത്രികൾ അന്ന് മുതൽ ആരംഭിക്കുകയായിരുന്നു.
മായയുടെ ഓർമ്മ തിരികെ കിട്ടിയാലുള്ള അവസ്ഥയെ എങ്ങനെ നേരിടുമെന്നറിയാതെ ശരത്ത് അമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു.
നരേന്ദ്രൻ മായയെ ഉപേഷിച്ച് പോയ സ്ഥിതിക്ക്,മായക്ക് ഇനിയൊരിക്കലും ഓർമ്മ തിരിച്ചു കിട്ടല്ലേ എന്ന് ശരത്തും അമ്മയും മനസ്സുരുകി പ്രാർത്ഥിച്ചു.
അപ്പുവേട്ടന് എന്താ ഈയിടെ ആയിട്ട് എന്നോട് ഉണ്ടായിരുന്ന ആ പഴയ സ്നേഹം ഒന്നും കാണുന്നില്ലല്ലോ? അല്ലേൽ എന്തായിരുന്നു പുകില്.പരിസരം പോലും നോക്കാതെ ഉമ്മവെപ്പും കെട്ടിപ്പിടിയും. എന്ത് പറ്റി?
എന്ത് പറ്റാനാ? ഒന്നും പറ്റിയില്ല.
ഇങ്ങോട്ട് വന്നേ.
മായയുടെ ഇടുപ്പിൽ മുറുകെ പിടിച്ചോണ്ട് ശരത്ത് അവളെ ചുംബിക്കാൻ ചുണ്ടോണ്ട് ചേർത്തെങ്കിലും പെട്ടെന്ന് റാഹേലമ്മ കാട്ടിയ ഫോട്ടോ ശരത്തിനെ പിന്നോക്കം വലിച്ചു.
ദിവസങ്ങൾ കടന്നു പോയി.
ഇതിനിടക്ക് രണ്ട് ദിവസത്തേക്ക് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനായ് ഇരുവർക്കും ബോംബെയിലേക്ക് പോകേണ്ടി വന്നു.
നരേന്ദ്രനുമായി കൈ പിടിച്ച് നടന്ന അതേ ബോംബെ വീഥികളിൽ മായ ശരത്തിനൊപ്പം ഇഴുകി ചേർന്ന് നടന്നു.
അപ്പുവേട്ടാ ദേ ഒരമ്പലം കാണുന്നു. നമുക്കൊന്ന് കേറിയാലോ.
പിന്നെന്താ കയറാലോ വരൂ.
ശ്രീകണ്‌ഠേശ്വരാ മന്ദിർ സംസ്ഥാൻ ( ഗൗരിയുടേയും നരേന്ദ്രന്റെയും വിവാഹം നടന്ന അതേ ക്ഷേത്രം.എല്ലാം നിമിത്തം )
ഇരുവരും മന്ദിറിൽ കയറി പ്രാർത്ഥിച്ച ശേഷം ഐക്യമത്യ അർച്ചന ചെയ്യാൻ തീരുമാനിച്ചു.
മായ ഇവിടെ നിൽക്കൂ.ഞാനൊന്ന് അമ്മയെ വിളിച്ചിട്ട് ഇപ്പോൾ വരാം.അവിടൊരു ബൂത്ത് കാണുന്നുണ്ട്.
തിരുമേനി ചോദിക്കുമ്പോൾ നക്ഷത്രവും പേരും പറഞ്ഞു കൊടുക്കണേ.ഓഹ് സോറി, മായക്ക് എവിടന്നാ നക്ഷത്രം.
കുറച്ചു സമയത്തിന് ശേഷം.
ആ പേരും നക്ഷത്രവും പറഞ്ഞാട്ടെ.
പെട്ടെന്ന് തലയിലൊരു പെരുപ്പ് പോലെ അനുഭവപ്പെട്ട മായ,കുറച്ചു നേരം തിരു നടയിൽ ഇരുന്ന ശേഷം തിരുമേനി കൊടുത്ത പുണ്യാഹം തലയിൽ തളിച്ചോണ്ട് അത് വരെ തന്നിൽ ഇല്ലാത്തൊരു ഭാവ വ്യത്യാസത്തോടെ മറുപടി പറഞ്ഞു.
നരേന്ദ്രൻ
നക്ഷത്രം – കാർത്തിക
ഗൗരി
നക്ഷത്രം – തിരുവാതിര
ഇത് കേട്ടോണ്ട് വന്ന ശരത്ത് എന്ത് ചെയ്യണമെന്നറിയാതെ അമ്പലത്തിന്റെ തൂണിന് മറവിൽ മറഞ്ഞു നിന്നു.
താൻ എന്താണോ ഒരിക്കലും നടക്കരുതേ എന്ന് ആഗ്രഹിച്ചത് അത് നടന്നിരിക്കുന്നു.
ഐക്യമത്യ അർച്ചനക്കുള്ള പേരും നക്ഷത്രവും തിരുമേനിയോട് പറഞ്ഞ ശേഷം ഗൗരി, താൻ തീർത്ഥാടനത്തിന് വന്ന ബസ്സും തന്നോടൊപ്പമുണ്ടായിരുന്ന യാത്രികരേയും തിരക്കി കൊണ്ട് ശ്രീകണ്‌ഠേശ്വര മന്ദിറിന്റെ പടവുകൾ ഇറങ്ങി.
ചുരുക്കി പറഞ്ഞാൽ ഗൗരി ഇപ്പോഴും തീർത്ഥാടനത്തിന് പോയ നാളുകളിലാണ്. ആ യാത്രക്കിടയിൽ സംഭവിച്ച അപകടമോ ശരത്തോ ശരത്തുമായുള്ള കല്ല്യാണമോ ഒന്നും തന്റെ ഓർമ്മയിൽ ഇല്ലാത്ത ഡോക്ടർ നരേന്ദ്രന്റെ ഭാര്യ ഗൗരി.
ഒടുവിൽ നടന്ന കാര്യങ്ങൾ ശരത്ത് ഗൗരിയോട് പറഞെങ്കിലും അവയൊന്നും കേൾക്കാനുള്ള ത്രാണിയോ ക്ഷമയോ അവൾക്കുണ്ടായിര്യന്നില്ല.
അവൾ ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം.
എനിക്കെന്റെ നരേന്ദ്രേട്ടനെ എത്രയും പെട്ടെന്ന് കാണണം.
ഒടുവിൽ നരേന്ദ്രൻ തന്റെ ഗൗരിയെ കാണാൻ നാട്ടിലെത്തി.
നരേന്ദ്രനെ കണ്ടയുടനെ കാലിൽ വീണ് പൊട്ടികരഞ്ഞോണ്ട് ഗൗരി നരേന്ദ്രനെ അടിക്കാൻ കൈയോങ്ങി കൊണ്ട് പറഞ്ഞു.
പണ്ടെപ്പോഴോ തമാശക്ക് ഞാൻ പറഞ്ഞിട്ടുള്ള കാര്യം പിന്നീട് അറം പറ്റിയ പോലെ സംഭവിച്ചെന്ന് വെച്ച് എന്നെ കളഞ്ഞിട്ട് പോവാൻ എങ്ങനെ തോന്നി?
നരേന്ദ്രൻ പൊട്ടി കരഞ്ഞോണ്ട് ഗൗരിയെ കെട്ടിപുണർന്നു.
മോളെ……..🫂
ഒരിക്കൽ എല്ലാം തകർന്ന് നെഞ്ച് പൊട്ടിയ വേദനയുമായി നരേന്ദ്രൻ നിന്ന അതേ സ്ഥാനത്ത് ഇന്ന് ശരത്ത്.
നിങ്ങൾ രണ്ടാളും എന്നോട് പൊറുക്കണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നരേന്ദ്രൻ തിരിച്ചു വരുന്നതും, മായക്ക്…..സോറി ഗൗരിക്ക് ഓർമ്മ തിരിച്ചു കിട്ടുന്നതും ആലോചിച്ച് ഞാൻ ഞെട്ടിയുണരാത്ത രാത്രിയോ പകലോയില്ല.ഇനിയെങ്കിലും എനിക്ക് ഭാരമില്ലാതെ ഒന്നുറങ്ങണം.ഒരർത്ഥത്തിൽ ഞാനൊരു സ്വാർത്ഥനായിരുന്നു.ഗൗരിയെ വേറെ ആരും സ്വന്തമാക്കുന്നതോ തിരിച്ചറിയുന്നതോ എനിക്ക് ഇഷ്ടമല്ലായിരുന്നു.നരേന്ദ്രനെ ഞാൻ ആദ്യം കണ്ടപ്പോൾ പറഞ്ഞ അതേ കാര്യം തന്നെയാണ് ഇപ്പോഴും നിങ്ങളോട് പറയാനുള്ളത്.മായ നിങ്ങളെ തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് അവളെ കൊണ്ട് പോവാം. Its my word.ഗൗരിക്ക് ഞാനിട്ട പേര് പോലെ എല്ലാം ഒരു “മായ” ആയിരുന്നു എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പാകപ്പെടുത്താം.അല്ലേ അമ്മേ?
നിറകണ്ണുകളോടെ അമ്മ ശരത്തിനെ മാറോട് ചേർത്ത് അശ്വസിപ്പിച്ചു.
ഓർമ്മകളിൽ ഇല്ലെങ്കിലും,തന്നെ രക്ഷിക്കുകയും ഒപ്പം കുറച്ചു നാളത്തേക്കെങ്കിലും അഭയവും ജീവിതവും തന്ന ശരത്തിനേയും അമ്മയേയും തൊഴുത് നന്ദി പറഞ്ഞോണ്ട് കൊണ്ട് ഗൗരി നരേന്ദ്രന്റെ കൈ പിടിച്ചു.
നിങ്ങൾ ഉദ്ദേശിച്ച് വന്ന പെൺകുട്ടി ഇവരല്ലല്ലേ എന്ന് എല്ലാ വേദനയും കടിച്ചമർത്തി കൊണ്ട് തമാശ രൂപേണ ശരത്ത് നരേന്ദ്രനോട് ചോദിച്ചു.
ഇക്കുറി ഏറെ സന്തോഷത്തോടെ ആണെന്ന ഉത്തരം തലയാട്ടി പറഞ്ഞോണ്ട് ഗൗരിയെ നരേന്ദ്രൻ ചേർത്ത് പിടിച്ചു.
നോക്കി നിൽക്കാതെ അന്ന് കുടിക്കാതെ പോയ ആ ചായ ഇട്ട് കൊടുക്കെന്റെ മായേ….. സോറി ഗൗരി 🙂
സ്നേഹിച്ച് സ്വന്തമാക്കുന്നത് മാത്രമല്ല,ചിലപ്പോഴൊക്കെ വിട്ടു കൊടുക്കലും സ്നേഹത്തിന്റെ ഭാഷയാണെന്ന് ഇക്കുറി ശരത്ത് നമുക്ക് മുന്നിൽ തെളിയിച്ചു.
ശുഭം
©️✍️Darsaraj R Surya