എന്റേയൂഴം കഴിഞ്ഞ് അവൾക്കവസരം നൽകുമ്പോൾ പൊത്തി വച്ച കമ്പിളി നീക്കിയിടയ്ക്കിടെ എന്നെ നോക്കി “””ഇതിനാത്ത് ചൂടാ… എനിക്ക്

മൂവന്തി
(രചന: ദയ ദക്ഷിണ)

ഇന്നവളുടെ കല്യാണമായിരുന്നു. ആളുമാരവവും വാദ്യ ഘോഷങ്ങളും സദ്യയും ഒത്തിണങ്ങിയൊരു വിവാഹം.

ചുവന്ന പട്ടുസാരിയിൽ ആഭരണങ്ങളെല്ലാമണിഞ് പുഞ്ചിരി പൊതിഞ്ഞ മുഖത്തോടെ കതീർ മണ്ഡപത്തിലേക്ക് കയറിയവളെ നേരമിത്രയായിട്ടും മനസ്സിൽ നിന്ന് പടിയിറക്കാൻ സാധിച്ചിട്ടില്ല.

അന്നത്തെയാ 9 വയസുകാരി പെണ്ണിൽ നിന്നവൾ ഇന്നൊരു ഭാര്യയായിരിക്കുന്നു. പട്ടു പാവാട പ്രായം വർണങ്ങൾ തുന്നിയ പുടവയിലേക്ക് ചുവടു മാറിയിരിക്കുന്നു. മാറാ‌ത്തതിന്നും ഞാനാണ് ഞാൻ മാത്രം!

“”എന്നെയും കളിക്കാൻ കൂട്ടുവോയെന്ന്””” ചുണ്ട് പിളർത്തി ചോദിച്ചു കൊണ്ട് എന്റെയരികിൽ അവൾ ചേർന്നിരിക്കുമ്പോൾ അന്നത്തെ കൊച്ചു പയ്യനു അവളൊരു കൗതുകമായിരിന്നു.

അവിടം തൊട്ട് അയൽവാസിയായ ദേവകിയമ്മയുടെ മകളെന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരിയായി. മുട്ടൊളമെത്തുന്ന പെറ്റികോട്ടുമിട്ടു തോട്ടിൽ മീൻ പിടിക്കാനും… വെള്ളം തേവീ തെറിപ്പിക്കാനും.. മണ്ണപ്പം ചുടാനും… തുമ്പിയെ പിടിക്കാനും…

മാവിൽ കയറാൻ ഞാൻ ഉത്സാഹം കാട്ടുമ്പോ കൗതുകത്തോടെ നോക്കാനും ഒടുവിൽ തെന്നി താഴെ വീഴുമ്പോൾ കൈകൊട്ടി ചിരിക്കാനും ആളായിരുന്നു മുൻപന്തിയിലുണ്ടായിരുന്നത് വിള കൊയ്ത പാടത്ത് ഓടി കളിക്കാനും…

കർക്കിടകം തിമിർത്തു പെയ്യുമ്പൊ “”വാ “” എന്നുമ്പറഞ്ഞെന്റെ കയ്യുമ്പിടിച്ച് മുറ്റത്തേക്ക് നിർത്തി നനഞ്ഞോടുവിൽ ചുക്ക് കാപ്പിയുടെ ചവർപ്പും അമ്മയുടെ കൈചൂടുമേൽക്കാൻ ഒപ്പമുണ്ടായതും അവളാരുന്നു.

പുട്ട് പാനിയിലെ തുളസിയില നുള്ളിയിട്ട വെള്ളത്തിലേക്ക് മുഖം കുനിച്ച് കമ്പിളി പുതപ്പ് മൂടുമ്പോൾ കൗതുകം കോറിയിട്ട മുഖത്തോടെ ഏറെ നേരെമെന്നേ നോക്കിയിരുന്നിട്ടുണ്ടവൾ.

എന്റേയൂഴം കഴിഞ്ഞ് അവൾക്കവസരം നൽകുമ്പോൾ പൊത്തി വച്ച കമ്പിളി നീക്കിയിടയ്ക്കിടെ എന്നെ നോക്കി “””ഇതിനാത്ത് ചൂടാ… എനിക്ക് പൊള്ളുന്നു!”””
എന്ന് പറയും…

വിയർക്കട്ടടി.. എന്നാലേ പനി വിടു…

എന്ന് അമ്മ ശകാരിക്കുമ്പോൾ കെറുവിച്ച മുഖത്തോടെ വീണ്ടും അതിലേക്ക് മുഖം പൂഴ്ത്തും.

”’നാള സ്കൂളിന്ന് വരുമ്പോ കടല മുട്ടായിയും സിപ് അപ്പും മേടിക്കാട്ടോ ഉണ്ണി “””

എന്തോ കണ്ടെത്തൽ നടത്തിയത് പോലെന്നോട് പറയുമ്പോൾ ഞാൻ തലയാട്ടി നിന്നു കേൾക്കും. അവളുടെ കുറുമ്പുകൾക്ക് ചുക്കാൻ പിടിക്കയെന്നതിൽ കവിഞെനിക്ക് മറ്റൊന്നുമന്ന് വലുതായിരുന്നില്ല.

വൃത്തിയായി പൊതിഞ്ഞ് നെയിം സ്ലിപ് ഒട്ടിച്ച ബൂക്കുമായി രാവ് ചായുമ്പോഴെന്റെ വീട്ടിലേക്കോടി വന്നൊപ്പമിരുന്നു പഠിക്കും. അന്നുമവൾക്കെന്നെ പഠിപ്പിക്കാൻ വല്ലാത്തയുത്സാഹമായിരുന്നു…

എനിക്ക് പറഞ്ഞു തരാൻ. എനിക്ക് വേണ്ടി ഉച്ചത്തിൽ വായിക്കാൻ…ശ്രദ്ധിക്കാതാവുമ്പോ ചെവിക്ക് പിടിക്കാൻ.. അവസാനം ഞാൻ മിണ്ടാതെ മാറിയിരിക്കുമ്പോൾ ഇരു കാതിന് കുറുകെയും കൈ വെച്ച് ക്ഷമ ചോദിക്കാൻ, ഒക്കെയവൾക്ക് ആവേശമേറേയായിരുന്നു.

നോട്ടു ബുക്കിന്റെ താളുകളിൽ ചടുലതയോടെ ഒഴുകി നടക്കുന്ന അവളുടെ ഇടം കൈ എനിക്കെന്നും അത്ഭുതമായിരുന്നു. ഞാൻ എഴുതി തുടങ്ങുന്ന സമയത്തേക്കുമവൾ എഴുത്തിനൊടുക്കം കുറിക്കുമായിരുന്നു. ക്ലാസ്സിലെ കുട്ടികളെല്ലാം.. “‘

മീനുവിനെ നോക്കിക്കേ ഇടം കയ്യൊണ്ടാ എഴുതുന്നെ… എങ്ങനാ ഇങ്ങനെഴുതാൻ കഴിയുന്നതെന്ന് അതിശയം കാട്ടുമ്പോഴൊക്കെ അവളെനിക്ക് അഭിമാനമാകുമായിരുന്നു.

അവളെന്റെ ബെസ്റ്റ്ഫ്രണ്ട് ആണെന്നതിൽ ഞാനേറേ സന്തോഷിച്ചിരുന്നു. എനിക്ക് മാത്രമമവകാശമുള്ള സ്വകാര്യ അഹങ്കാരമായി അവൾ മാറുകയായിരുന്നു..

തന്നേക്കാൾ ഭാരമുള്ള ബാഗും പേറി സ്കൂളിലേക്ക് പോകുമ്പോൾ കൂട്ട് പോരാറുള്ള… കണക്ക് മാഷിന്റെ പിരിയഡിൽ ബി ഡിവിഷനിൽ നിന്ന് എ ഡിവിഷനിലേക്ക് പാഞ്ഞേത്തി കൊണ്ട്

“” “”ഡാ നിന്റെൽ കോമ്പസുണ്ടോ എന്റത് പൊട്ടി പോയി… ഇന്ന് വൃത്തം വരപ്പിക്കും ന്ന് പറഞ്ഞിരുന്നതാ ഇന്ന് കൊണ്ടോയില്ലെങ്കിൽ എന്നെയാ മാഷ് പിച്ചി കൊല്ലും!'””

ക്ലാസിലെ കുട്ടികളാകെ നോക്കി നിൽക്കെയെന്നോട് കണ്ണ് നിറച്ചു പരാതി പറയുന്ന . തേൻ മിട്ടായിയുടെയും പുളി മുട്ടയായിയുടെയും രുചി നാവിൽ പകരാറുള്ള..

പരീക്ഷകളിൽ മാർക് കുറഞ്ഞതിന് അമ്മയെന്നെ തല്ലുമ്പോ വക്കാലത്തുമായി വരുന്നവൾ. സ്കൂളിൽ നിന്ന് വന്നു കയറിയാലുടൻ ബാഗുമെറിഞ്ഞു പാടത്തേക്ക് ഞാൻ വച്ചു പിടിക്കുമ്പോൾ സൈക്കിളിൻറെ പിന്നിൽ കയറിയിരുന്ന്

“””എന്നേം കൊണ്ടോടാ”””

എന്ന് കെഞ്ചി പറയുന്നവൾ… എന്ന് മുതലാണവൾ തനിക്ക് മറ്റാരോ ആയി തുടങ്ങിയത്.? കുസൃതിക്കും തല്ലു കൊള്ളിത്തരത്തിനും നിഴലായി കൂടെ നിന്ന കളിക്കൂട്ടുകാരിയിൽ മറ്റാരെയോ ഞാൻ തിരഞ്ഞത് എന്ന് മുതലായിരുന്നു.

“”അവളിനി നിന്റൊപ്പം കളിക്കാനൊന്നും വരൂല ഉണ്ണി… “””

എട്ടാം ക്ലാസ്സിലെ വാർഷിക പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേന്ന് പിള്ള ചേട്ടന്റെ വീട്ടിലെ ചാമ്പക്ക എറിഞ്ഞിടാൻ അവളെയും കൂട്ട് വിളിക്കാൻ പോയപ്പോൾ ദേവമ്മ തന്ന മറുപടി അന്നത്തെയെന്നെ വല്ലാതെയുലച്ചു കളഞ്ഞു. ഒരുതരം പിടപ്പ് ഹൃദയമാകമാനം ഞാനറിഞ്ഞു തുടങ്ങിയിരുന്നു.

“”അ.. അതെന്താ…””

സംശയമൊഴിയാത്ത മനസോടെ ഞാൻ ചോദിക്കുമ്പോൾ അവളെയെന്നന്നേക്കുമായി നഷ്ടപ്പെടുകയാണോ എന്ന് പോലും തോന്നി പോയി.

“”അവൾ വല്യ കുട്ടിയായി ഉണ്ണി… ഇനിയിപ്പോ നിന്റെ കൂടെ കളിക്കാനൊന്നും വിടൂലാ.. “””

തന്റെ സംശയത്തിന് മുടിയിൽ തലോടിക്കൊണ്ട് ദേവമ്മ ഉത്തരമേകുമ്പോൾ മിഴികൾ അവിടമാകമാനം അവൾക്കായി തിരഞ്ഞു നടന്നു.

എന്നിട്ട് അവളെവിടെ?

കള്ളം പറയുകയാണെന തോന്നലിൽ അവളെ കാണാനായി ഞാൻ ചോദിക്കുമ്പോൾ ദേവമ്മ പിന്നെയും തുടർന്നു.

അങ്ങനെ കാണാനൊന്നും പറ്റൂലാ… ദൈവം കോപിക്കും.

പറഞ്ഞവസാനിപ്പിച്ചതും ശബ്ദമടക്കി പിടിച്ചു ഞാൻ വീട്ടിലേക്കോടിയതും ഒരുമിച്ചായിരുന്നു.

അന്നത്തെ ദിവസം മുഴുവൻ മറ്റെങ്ങോട്ടും പോകാതെ ഞാനുമെന്റെ മനസും വീടിനുള്ളിൽ തളയ്‌കപ്പെട്ടു.ഒടുവിൽ, മുഖം വാടിയതിന്റെ കാരണം ചോദിച്ച അമ്മയുടെ മടിയിൽ കിടന്നു കരയുമ്പോൾ ഞാനുതിർത്തൊരു ചോദ്യമുണ്ടായിരുന്നു.

മീനു വല്യ കുട്ടിയായില്ലേ അപ്പോ ഞാനെന്താ അങ്ങനാവാത്തെ? ഇനിയിപ്പോ മീനു എന്നോട് മിണ്ടൂലെ?

പ്രിയപ്പെട്ട കൂട്ടുകാരി തന്നിൽ നിന്നാകന്നുവെന്ന് വിശ്വസിച്ച എനിക്ക് ഞാനാ ചോദിച്ചതിന്റെ അർത്ഥം പോലുമറിയില്ലായിരുന്നു.

അല്ലെങ്കിൽ തന്നെ ബയോളജി ടെക്സറ്റിലെ പുനരുൽപാദനത്തിന്റെ പാഠ ഭാഗം സ്വയം വായിച്ചറിഞ്ഞോയെന്ന് പറഞ്ഞോഴിവാക്കിയ മാഷായിരുന്നല്ലോ ഉണ്ടായിരുന്നത്.

അയ്യേ ഉണ്ണി… നീയിതെന്തൊക്കെയാ പറയുന്നേ… മീനു നിന്നോട് മിണ്ടാണ്ടിരിക്കണ്ട കാര്യമെന്താ… അതൊക്കെയുണ്ടാവും സ്കൂളിലും ഒന്നിച്ചു വരും.
പക്ഷെ പണ്ടത്തെ പോലെ കളിക്കാനൊന്നും കൂടുലാ അത്ര തന്നെ.

ഞാൻ ചോദിച്ച ചോദ്യത്തിന് കൃത്യമായ കാരണം പറഞ്ഞു തരാതെ അമ്മയും ഒഴിഞ്ഞപ്പോൾ അതുവരെ പിടിച്ചു വച്ചിരുന്ന ഗദ് ഗദം അതിന്റെയിരെട്ടിയാക്കത്തിൽ എന്നിൽ നിന്നും പ്രവഹിച്ചു.

അന്ന് മുതൽ പിന്നെ മീനുവിനോടൊരകൽച്ച സ്വാഭാവികമായുമെന്നിൽ ഉടലെടുത്തു കഴിഞ്ഞിരുന്നു.

“”അവൾക്ക് വയറു വേദനയാ ഉണ്ണി നീ പൊക്കോ””

ഒരു ദിവസം സ്കൂളിലേക്ക് പോകാൻ വിളിക്കാൻ ചെന്നപ്പോൾ ദേവമ്മ പറഞ്ഞ കാര്യം എനിക്കൊട്ടും ഉൾക്കൊള്ളനായില്ല. പിന്നീട് മാസാമാസമിതേ പല്ലവി തുടർകഥയായപ്പോഴും ആരോടും ചോദിക്കാൻ തോന്നിയില്ല.

പക്ഷെ ആക്കൊല്ലത്തെ ഓണത്തിന് അമ്പലത്തിൽ പോകാൻ നേരം ഇളം നീല കസവുള്ള ദാവണിയും ചുറ്റി മുടി കുളിപ്പിന്നൽ കെട്ടി നെറ്റിയിൽ കറുത്ത പൊട്ടും വച്ചവൾ ഇറങ്ങി വന്നപ്പോൾ അതുവരെ ഞാൻ കണ്ട മീനാക്ഷിയിൽ നിന്ന് ഒരുപാട് മാറിയത് പോലെ തോന്നി.

എത്ര നേരം നോക്കി നിന്നെന്ന് എനിക്ക് തന്നെയുറപ്പില്ലാതെ കടന്നു പോയ നിമിഷങ്ങളായിരുന്നു.

എന്തോ ഇതുവരെ തൻറെ കൂടെയുണ്ടായിരുന്ന മീനാക്ഷിയല്ല അവളെന്ന് മനസെന്നോട് പറഞ്ഞു തന്നു കൊണ്ടിരുന്നു. ഇതുവരെയില്ലാത്ത എന്തോ ഒരു വികാരമെന്നെ കീഴ്പ്പെടുത്താൻ തുനിയുന്ന പോലെ തോന്നി.

പിന്നീട് അവളെ കാണുമ്പോഴൊക്കെ പതിവിലും വിപരീതമായി ഹൃദയം തുടിക്കുന്നത് ആശ്ചര്യത്തോടെ ഞാൻ തിരിച്ചറിയുകയായിരുന്നു.

മിഡിയിൽ നിന്ന് ചുരിദാറീലേക്ക് അവൾ മാറി നടന്നപ്പോൾ എന്നിലൂമെത്തി ചേര്ന്നിരുന്നു സമാനമായ മാറ്റങ്ങൾ. നിക്കറും ഷർട്ടും ഇട്ടു നടന്നവൻ പാന്റീലേയ്ക്ക് സ്ഥാനക്കയറ്റം നേടിയ നാളുകൾ.

അതുവരെ വെള്ളം കൊടുക്കാനും കാണാതാവുന്ന ബാൾ തിരഞ്ഞിറങ്ങാനും മാത്രം വിധിക്കപ്പെട്ടവൻ കളത്തിലിറങ്ങി കളിച്ച നിമിഷങ്ങൾ. കുഞ്ഞു സൈക്കിളിൽ നിന്ന് വലിയ ഗിയറുള്ള സൈക്കിൾ കൈയിൽ കിട്ടിയ മുഹൂർത്തം.

അതുവരെ വലിയ ചേട്ടന്മാർ
ക്ലബ്ബിലിരിക്കുന്നത് കൗതുകത്തോടെ നോക്കി നിന്നിരുന്നവൻ അവരുടെ കൂടെ കളി തമാശ പറയാനും നാട്ടിലെ കല്യാണങ്ങൾക്ക് ആഹാരം വിളമ്പുന്നതിൽ കുഞ്ഞു കുഞ്ഞു സഹായങ്ങൾ ചെയ്യാനും ഒപ്പം കൂടി.

അങ്ങനെയങ്ങനെ പ്രായം പായുമ്പോൾ എന്റെ മനസുമതിന് വിധേയപ്പെട്ടു. പക്ഷെയപ്പോഴും മീനാക്ഷി വല്യ കുട്ടിയായതിന്റെ രഹസ്യമറിയാൻ കോളേജ് കാലം വരെ കാക്കേണ്ടി വന്നു.

അതുവരെ സാനിറ്ററീ പാടിനെ ബ്രെഡിനോടുപമിച്ചവൻ… കൂട്ടുകാർ പകർന്നു തന്ന കാര്യങ്ങളിലൂടെ മാത്രം ഈ വസ്തുവിനെ കുറിച്ചറിഞ്ഞവൻ പിന്നീട് യാതൊരു മടിയും കൂടാതെ പെൺ സുഹൃത്തുക്കൾക്ക് അത് വാങ്ങി കൊടുക്കാൻ ശീലിച്ചു.

അവരുടെ വേദനകളിൽ പങ്കു ചേർന്നു. അവിടം തൊട്ട് മീനാക്ഷിയുമിതു പോലെ സഹിക്കുന്നുണ്ടാവില്ലേയെന്ന ചിന്തയധികരിച്ചു തുടങ്ങുകയായിരുന്നെന്നിൽ.

“”ഉണ്ണി നീയറിഞ്ഞോ… മീനുന്റെ കല്യാണം തീരുമാനിച്ചു… “””

ഒരു വൈകുന്നേരം ചായയൂതി കുടിച് ഉമ്മറത്തിരിക്കവേ അമ്മ അതീവ സന്തോഷത്തോടെ വന്നു പറയുമ്പോൾ ഒരു നിമിഷം ഞാൻ വിറങ്ങലിച്ചു പോയി.

എടാ നല്ല പയ്യനാ… ഡോക്ടറാ…അവൾടെ അച്ഛൻ അശോകേട്ടന് ഹാർട്ടിന് അസുഖയപ്പോ ചികിൽസിച്ചത് ഈ പയ്യനാത്രേ…അവസാനം അങ്ങേർക്ക് സുഖം പ്രാപിച്ചപ്പോ അന്വേഷിച്ചു വന്നതാ… ഏതായാലും നന്നായി…

ചിരിയോടെ പറഞ്ഞു കൊണ്ട് പ്ലേറ്റിൽ വച്ച ഉണ്ണിയപ്പം എടുത്ത് അമ്മ കടിക്കുമ്പോൾ എന്റെ മനസ് നുറുങ്ങി തുടങ്ങുകയായിരുന്നു.

നാട്ടിലെ ഗാന മേളയ്ക്കും സിനിമയ്ക്കും ഒക്കെ പോകാൻ നേരം അമ്മയ്ക്ക് കൂട്ടിരിക്കാൻ വരുന്നവളോട് കൂടെ വരുന്നൊന്ന് ചോദിക്കുമ്പോ ഇല്ലെന്ന് പറഞൊഴിയുന്ന മീനുവിനെ അന്നെനിക്ക് ഓർമ വന്നു.

രണ്ടു വീടിനും അതിരു കല്പിച്ച വരമ്പിലൂടെ തോളിൽ ബാഗും തൂക്കി അവൾ നടന്നു വരുന്ന കാണുമ്പോ ബൈക്ക് നിർത്തി പോരുന്നൊന്ന് ചോദിക്കാൻ തോന്നി പോവാറുണ്ട്..

വേണ്ടെന്ന് പറഞ്ഞാലും ഇത്തിരി നേരം ഞാനവളെ നോക്കി നിൽക്കുമായിരുന്നു. പക്വതയുടെ പര്യായമായി അവളുടുക്കുന്ന സാരിയുടെ അറ്റം ഏറ്റി പിടിച്ച് വെള്ളത്തിലൂടെ റോഡ് കയറുമ്പോൾ സൂക്ഷിക്കണമെന്ന് പലയാവർത്തി ഓര്മിപ്പിച്ചിട്ടുണ്ട്.

അന്നൊന്നുമിതിൻറെ ആവശ്യമെന്തെന്നോ… എന്തിനാണ് അതൊക്കെ പറയുന്നതെന്നൊ അങ്ങനൊക്കെ ചോദിക്കുന്നതെന്നോ എനിക്കറിയില്ലായിരുന്നു.

കളിക്കൂട്ടുകാരിയോടുള്ള കരുതലിൽ കവിഞ്ഞു ഒരു വ്യാഖ്യാനവും ഞാനതിന് കല്പിച്ചു നൽകിയിരുന്നുമില്ല. പക്ഷെ ഇന്നെന്തോ വല്ലാതെ നോവുന്നു… കേൾക്കാൻ പാടില്ലാത്തത് കേട്ട പോലെ… ഹൃദയത്തിന് ഭാരം കൂടിയ പോലെ.!

‘””നിനക്ക് ആരോടും പ്രേമമില്ലേ അദ്രി…””

കോളേജിലെ ഒഴിവു സമയത്തൊരിക്കൽ കൂട്ടുകാർ ചോദിച്ചതിനെ ഒരു പുഞ്ചിരിയിൽ അലിയിച്ചു കളയുമ്പോഴും എനിക്കറിയില്ലായിരുന്നു ഇവളെന്റെ ഹൃദയം കട്ടെടുത്തു കഴിഞ്ഞിരുന്നെന്ന്….

‘””എടാ എനിക്കൊരു പുതിയ സാരി മേടിച്ചന്നെക്കണേ… മീനുന്റെ കല്യാണത്തിന് പോവാനുള്ളതാ… “””

ആവേശം ചോരാതെ അമ്മേയെന്റെ തുടയിൽ തട്ടി പറയുമ്പോഴും ഞാൻ വേറേതോ ലോകത്തായിരുന്നു. എന്തോ വല്ലാതെ ഒറ്റയ്ക്കാവും പോലെ. കുടിച്ചു തീർത്ത ഗ്ലാസ് അര മതിലിലേക്ക് വച്ചു കൊണ്ട് റൂം ലക്ഷ്യമാക്കി ഞാൻ നടക്കുമ്പോൾ കതകടഞ്ഞ ഞൊടിയിൽ മിഴികൾ പൊട്ടിയൊലിച്ചു പോയി.

അന്നത്തെയാ എട്ടാം ക്ലാസ്സുകാരൻ പുനർജനിച്ചു. ഒരുപാട് കരഞ്ഞു. ആർത്താര്ത്ത് കരഞ്ഞു…അമ്മയുടെ മടിയിൽ അഭയം പ്രാപിച്ചില്ലെന്ന വ്യത്യാസം മാത്രം ബാക്കിയായി.

പകരം ആ നാല് ചുവരുകൾ എന്റെയുപ്പ് രസം ആവോളമനുഭവിച്ചു. പാതിരാത്രിയിൽ ജനൽ പാളികൾ തുറന്നിട്ട്‌ കൊണ്ട് ഞാനവളുടെ വീടിനു നേരെ കണ്ണ് പായിച്ചു. അവളെ കണ്ടു മുട്ടിയ ദിനം മുതലിങ്ങോട്ട് ഒരു തിരശീലയിലെന്ന കടന്നു പോയി.

കാലമിത്ര വേഗം ഓടിയോ എന്നാധ്യമായി പരിതപിച്ചു.അവളെന്റെ ആരൊക്കെയോ ആണെന്ന് തോന്നി പോയി. ഇതുവരെ ഇങ്ങനൊന്നു തോന്നിക്കാത്തത്തിൽ മനസിനോട് പരിഭവം നടിച്ചു.നഷ്ടപ്പെടുത്താൻ തോന്നാവണ്ണം അവളിലുടക്കി നിന്നു.

“”ഉണ്ണി.. എന്റെ കൂടൊന്നു വരണേ കല്യാണം ക്ഷണിക്കാൻ… കുടുംബക്കാരുടെ വീട്ടിലൊക്കെ ഞാനും ദേവകിയും ചെന്നോളും അല്ലാതെ ദൂര സ്ഥലത്തൊക്കെ പോവാൻ ഒരാള് വേണ്ടേ… ആരെയും ഒഴിവാക്കാനും ഒക്കില്ലല്ലോ… പിന്നെ അതിനായിരിക്കും പരാതി.

അടിച്ചു കിട്ടിയ കത്തും കയ്യിൽ പിടിച്ച് ഒരു ദിവസം അശോകേട്ടൻ ഉമ്മറത്തു വന്നു നിന്നിങ്ങനെ പറയുമ്പോൾ എതിർക്കാൻ തോന്നിയിട്ടും അതിന് തുനിഞ്ഞില്ല.

പഞ്ചായത്തിൽ നിന്ന് ലീവ് കിട്ടില്ലെന്ന്‌ പറയാൻ തുടങ്ങിയെങ്കിലും ആ ന്യായത്തേ കാട്ടിലെറിയും വിധമായിരുന്നു അടുത്ത വരി.
“”
എന്നുമൊന്നും വേണ്ടാ….ഞായറാഴ്ച മാത്രം മതി. അല്ലാത്ത ദിവസം എനിക്കുംസമയം കാണില്ല

എന്നും പറഞ്ഞു കൊണ്ടെന്നെ തോൽപ്പിക്കുമ്പോൾ മനസില്ല മനസോടെ ഞാനും സമ്മതം മൂളുകയായിരുന്നു. ആ ദിവസങ്ങളിലൊന്നും മീനുവിനു ഞാൻ മുഖം കൊടുത്തിരുന്നില്ലെന്നത് മറ്റൊരു സത്യം.

അമ്മയോട് കുശലം പറയാൻ പല തവണ അവൾ വീട് കേറി വരുമ്പോഴും… മണിക്കൂറുകളോളം നാവ് ചലിപ്പിക്കുമ്പോഴും… ഇടയ്ക്കെപ്പാഴോ എന്നെ അന്വേഷിക്കുമ്പോഴും ഞാൻ മൗനം പൂകുക സ്ഥിരമായി.

“”നിനക്കിത് എന്ത് പറ്റിയടാ ഉണ്ണി കുട്ടാ “”
എന്നെന്റെ താടിയിൽ പിടിച്ചൊരിക്കൽ അവൾ കൊഞ്ചി ചോദിച്ചപ്പഴും കൈ തട്ടി മാറ്റി ദേഷ്യത്തോടെ ഞാൻ നടന്നകലുകയായിരുന്നു.

അപ്പോഴും അവളെ അഭിമുഖീകരിക്കാനുള്ള മടിയുടെ മൂട് പടമാണ് ഈ ദേഷ്യമെന്ന് സമ്മതിക്കാൻ മാത്രമെന്റെ മനസ് തയ്യാറായില്ല.

കല്യാണം പ്രമാണിച്ച് അവൾ ലീവ് എടുത്തതും മുടിയും മുഖവും മിനുക്കാൻ പോയതും…ഒക്കെ ഞാനറിഞ്ഞിരുന്നു. അതിനുമപ്പുറം, കുടുംബക്കാർക്ക് ഡ്രസ്സ്‌ എടുക്കാൻ പോയപ്പോൾ എനിക്കും അമ്മയ്ക്കുള്ള വിഹിതം വീട്ടിലേൽപ്പിച്ച്,

“””നീയെന്താ എന്നോട് മിണ്ടാത്തത് എന്നെനിക്ക് അറിഞ്ഞൂടാ എന്നാലും നിനക്ക് വേണ്ടി എടുത്തതാ ഒരു മൂണ്ടും ഷര്ട്ടുമാണ് അതും കറുപ്പ് കളർ നിന്റെ ഫെവറേറ്റ്. ഇത് ഉടുത്തു വേണം എന്റെ കല്യാണത്തിന് നീ വരാൻ. “””

എന്നും പറഞു കവറും കയ്യിലേൽപ്പിച്ച് തിരിഞ്ഞു നടക്കുമ്പോഴും അവളോടോന്നുള്ളൂ തുറക്കാൻ ഞാൻ വിസമ്മതിച്ചു. എന്തിനേറെ ആ സ്വരമിടറിയതിന്റെ കാരണം ചികയാൻ പോലും ആദ്യമായി ഞാൻ മറന്നു.

ഒടുക്കം കല്യാണം വിളിയും സ്വർണമെടുപ്പും പന്തൽ പണിയും എന്നുവേണ്ട തലേന്നത്തെ സദ്യവരെ വിളമ്പാൻ ഒപ്പം ചേർന്നപ്പോഴും ആടയാഭരങ്ങളുടെയും അലങ്കാരത്തിന്റെയും നടുവിൽ ബന്ധു ജനങ്ങളുടെ അന്വേഷണത്തിലും സ്നേഹ പ്രകടനത്തിലും മുങ്ങി പോയൊരുവളെ ഞാൻ പല തവണ ഏറു കണ്ണിട്ടു നോക്കി.

നിമിഷങ്ങളുടെ വ്യത്യാസത്തിൽ വസ്ത്രം മാറ്റി ഫോട്ടോ ഗ്രാഫർമാരുടെ ഇച്ചയ്ക്ക് അനുസരിച്ച് മടുപ്പോടെ ചിരിക്കുന്നവളിൽ ഇടയ്ക്കെപ്പഴോ വീണ്ടും കണ്ണുടക്കുമ്പോൾ നിറയാനാഞ്ഞ മിഴികളെ ഷർട്ടിന്റെ കൈയിലേക്ക് ഒളിപ്പിച്ച് വീടെത്തേട്ടെന്ന് പറഞ്ഞു പഠിപ്പിക്കുകയായിരുന്നു ഞാൻ.

“””ഉണ്ണി വാ ഒരു ഫോട്ടോയോടുക്കാം… “””

അശോകേട്ടൻ ചിരിച്ച മുഖത്തോടെ വിളിക്കുമ്പോൾ വിയർപ്പിൽ മുങ്ങിയ ഷർട്ടിനെ കവച്ചു വച്ചെന്റെ നോട്ടം മീനുവിൽ എത്തി നിന്നു.

വേണ്ട അശോകേട്ട… ജോലി കൊറെയുണ്ട്…പിന്നെ ആകെ മൊത്തം മുഷിഞ്ഞു.

ഇട്ടിരുന്ന ഷർട്ടിൻറെ കോളർ ഉയർത്തിക്കാട്ടി പറയുമ്പോഴേക്കും പിന്നെയും സ്വരമുയർന്നു.

“””അതൊന്നും സാരില്ലന്നെ… പിന്നെ നീയിനിയിപ്പോ ജുബ്ബ ഇട്ട് വന്നിട്ട് വേണ്ടാ ഇവള്ടെ കൂടെ ഫോട്ടോയെടുക്കാൻ… പോയി നിക്കട ചെക്കാ…”””

കപട ഗൗരവത്തിന്റെ മേലങ്കിയണിഞ്ഞു കൊണ്ട് അശോകേട്ടൻ പറഞ്ഞവസാനിപ്പിച്ച അതെ നിമിഷം അമ്മ മീനുവിനടുത്തേക്ക് പാഞ്ഞിരുന്നു.

അതുവരെയെന്നോട് കെഞ്ചി തളർന്ന തിന്റെ വാശിയത്രയും അവൾക്കൊപ്പം ഫോട്ടോയെടുത്തു കൊണ്ട് അമ്മ വീട്ടുമ്പോൾ . ഞാനും പതിയനെ അടുത്തേക്ക് ചെന്ന് അമ്മയുടെ വശം ചേർന്ന് നിന്നതും ഫോട്ടോ ഗ്രാഫർമാർ അത് പകർത്തി.

“””ഹാ പോവാൻ വരട്ടെ ഇവരുടെ രണ്ടുപേരുടെ മാത്രമായിട്ട് കൊറച്ചു സ്റ്റിൽസ് എടുത്തേ… പണ്ടേ കൂട്ടാ രണ്ടാളും….”””

അതുവരെയവളോട് വിശേഷങ്ങളുടെ കെട്ടഴിച്ച അമ്മയെയും വലിച്ചു ഞാൻ പോകാൻ തുനിഞ്ഞതും വീണ്ടും അശോകേട്ടനിടപെട്ടു.

ചിരിയോടെ ഞങ്ങളുടെ സൗഹൃദത്തിന്റെയാഴം വിവരിക്കുമ്പോൾ ഇരുവരും പരസ്പരം നോക്കാൻ പോലും കഴിയാവിധം മനസാൽ അപരിചിതരായി കഴിഞ്ഞെന്ന വിവരമയാൾ അറിഞ്ഞിരുന്നില്ല.

അയാളുടെ നിർബന്ധപ്രകാരം അവൾക്കടുത്ത് ചേർന്ന് നിന്ന് ചിരിക്കുമ്പോൾ അതിൽ സത്യ സന്ധത കലർത്താൻ ശ്രമിച്ചിട്ടും ഞാൻ പരാജയപ്പെട്ടു പോയി. ക്യാമറ വെളിച്ചം തൂകുമ്പോഴൊക്കെ ചിര പരിചിതരായി ഞങ്ങളിരുവരും അഭിനയിച്ചു തകർത്തു.

രാവിലെയേണ്ണീറ്റ് വീണ്ടും കല്യാണ വീടിന്റെ തിരക്കുകളിലേക്ക് ചേക്കേറുമ്പോൾ ഇരുളു കിനാ കണ്ടുകൊണ്ട് പൊലിയാൻ കാത്ത കണ്ണുനീരിന്റെ അവശേഷിപ്പുകൾ കവിളിന്റെ കോണിൽ ബാക്കി നിന്നിരുന്നു.

ഉറക്കം വെടിഞ്ഞതിന്റെ തെളിവുകൾ കണ്ണിൽ വരകളായി പ്രത്യക്ഷപ്പെടവേ കാരണം ചികഞ്ഞവർക്കൊക്കെ കല്യാണത്തിന്റെ തിരക്ക് കൊണ്ടാണെന്ന് ഞാനുത്തരം പകർന്നു.

താലി കെട്ടിന് നേരമായെന്നറിയിച്ച് മേളം മുറുകിയപ്പോൾ അതുവരെ കലവറയ്ക്കുള്ളിൽ എരിഞ്ഞയെന്റെ മനസിലും ശരീരത്തിലും മറ്റൊരു മേളം കൊട്ടിക്കയറി… അവിടെയെന്റെ ദേഹം അഗ്നിയിലമർന്നു…

അവൾ സമ്മാനിച്ച വസ്ത്രവും ധരിച്ച് ആരുടേയും കരച്ചിലും ബഹളവുമില്ലാതെ എല്ലു നുറുങ്ങുന്നത് ഞാനനുഭവിച്ചു. ചന്ദനതിരിയുടെ മണം ശ്വസിച്ചു. മുറി തേങ്ങയിൽ ദീപം തെളിഞ്ഞെന്റെ തലയ്ക്കരികിൽ കത്തുന്നത് ഞാൻ കണ്ടു. ഇരു കാലിന്റെയും തള്ള വിരൽ കൂട്ടി കെട്ടി…

ശ്വാസത്തിന്റെയവസാന കണ്ണിയും മുറിച്ചു കൊണ്ട് പഞ്ഞി തിരുകിയ മൂക്കും എന്റെ അന്ത്യ യാത്രയ്ക്ക് അനുമതിയേകി.

പൂ മാല കൈമാറലും അനുഗ്രഹം ചൊരിയലും അവസാന ഘട്ടത്തിലെത്തെ മീനുവെന്ന നാമത്തെ ഞാനെന്റെ ഹൃദയത്തിൽ നിന്ന് പറിച്ചെറിയാനൊരു വിഫല ശ്രമം നടത്തി നോക്കി… എവിടെയും വിജയമറിയാത്തവന് ഇവിടെയും വിധി മറ്റൊന്നായില്ല.

“””അവളോടൊരിക്കലെങ്കിലും നിനക്ക് സൂചിപ്പിക്കാമായിരുന്നെന്ന്””” മനസാക്ഷി കൂടി കളം മാറ്റി ചവിട്ടിയപ്പോൾ ഞാൻ നിന്നുരുകി പോയി. എങ്ങലടിയുടെ താളം വഹിച്ചു കൊണ്ട് അവളെയുമവളുടെ ചെക്കനെയും വഹിച്ച കാർ മുന്നോട്ട് നീങ്ങുമ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു മീനാക്ഷി അവളെന്റെ ആരെല്ലാമോ ആയിരുന്നെന്ന്…

അവൾക്ക് അദ്രിതിന്റെ ജീവിതത്തിലൊരു വേഷമുണ്ടായിരുന്നെന്ന്… അതിനുമപ്പുറം മറ്റൊരാൾക്കും അവിടെക്കിനി ഓടിക്കയറാൻ അവസരമില്ലെന്ന്.. അഥവാ കയറിയാലും അവളോളമാകില്ലെന്ന്..!!

അഞ്ചു വർഷങ്ങൾക്കിപ്പുറം!

“””ഡാ ഉണ്ണി…. മീനു ഇന്ന് വരുന്നുണ്ടെന്ന് ഇങ്ങോട്ടേക്ക്…. “”‘

മീനുവിനെ കുറിച്ച് പറയുമ്പോൾ അമ്മയ്ക്കുള്ള ആവേശം ഇന്നും തെല്ലും ചോർന്നിട്ടില്ല… അവളിന്നും അമ്മയ്ക്കാ കൊച്ചു പെണ്ണ് തന്നെയാണെന്ന് തോന്നും പലപ്പോഴും.

അവളുടെ കല്യാണം കഴിഞ്ഞന്നു രാത്രി അമ്മയൊരുപാട് പദം പറഞ്ഞു കരഞ്ഞത് ഇന്നലെയെന്ന പോലെ തെളിയുന്നു . അവളുടെ തമാശകൾ മണ്ടത്തരങ്ങൾ… വീമ്പു പറച്ചിലുകൾ… അവൾ ചെയ്തു കൊടുത്ത സഹായങ്ങൾ…

എന്തിനേറെ അമ്മ അരിപാത്രത്തിലിട്ട് വച്ച ഉണ്ണിയപ്പം കട്ടോണ്ട് ഓടിയ കഥവരെ കരച്ചിലിൻറെ അകമ്പടിയോടെ മുന്നിൽ നിരത്തുമ്പോൾ അന്ന് മനസില്ല മനസോടെയെങ്കിലും ഞാനത് കേട്ടിരുന്നിരുന്നു. രണ്ടാഴ്ചയ്ക്കിപ്പുറം ഭർത്താവിനോപ്പം വീട്ടിലേക്ക് വിരുന്നിനു വന്നപ്പോൾ ഇങ്ങോട്ട് കൂടി വിളിക്കാനും മറന്നില്ലയമ്മ.

അന്നവൾക്കുള്ളതൊക്കെ ഉണ്ടാക്കി നിരത്തി വച്ചൂട്ടുമ്പോൾ എന്നെപോലെയമ്മയും ആഗ്രഹിച്ചിരുന്നുവോ അവൾ ഈ വീടിന്റെയാവാൻ എന്ന് പോലുമോർത്തു പോയി.

അന്നുമവൾ ഭർത്താവിനെന്നെ പരിചയപ്പെടുത്തി കൊടുത്തോടുവിൽ നാം രണ്ട് പേരും മാത്രമായി സംസാരിക്കുമ്പോൾ വാക്കുകൾക്ക് ക്ഷാമം നേരിട്ടിരുന്നു.

സുഖ വിവരങ്ങൾക്കപ്പുറത്തേക്ക് എനിക്കൊന്നും ചോദിക്കാനോ പറയാനോ ഇല്ലായിരുന്നു. ഒരുകാലത്ത് നാവിനെ തടങ്കലിലാക്കാൻ പാട് പെട്ട രണ്ടുപേരാണ് ഞങ്ങളെന്നത് നാമിരുവർക്കുമൊരു കളി തമാശയായി മാറി കഴിഞ്ഞിരുന്നു.

അന്ന് പോകാൻ നേരമവൾ മറ്റൊന്ന് കൂടെ സൂചിപ്പിച്ചിരുന്നു ഒരുമാസം കഴിഞ്ഞാൽ യു കെ യിലേക്ക് പറക്കുമെന്ന്… ഭർത്താവിന് അവിടെയൊരു ഹോസ്പിറ്റലിൽ ജോലി ശരിയായെന്ന്. അവൾക്കും അവിടെയെന്തോ തരപ്പെടുത്തിയിട്ടുണ്ടെന്നു…

ഇനിയെന്ന് കാണുമെന്നും…. ഇത്ര പെട്ടെന്ന് പോണോയെന്നുമുൾപ്പെടെ അവളുടെ ദേഹമാകെ തൊട്ടുഴിഞ്ഞ് അമ്മ പരാതി പറയുമ്പോൾ ഒരൊരത്ത് മാറി നിന്ന് പുഞ്ചിരിച്ചതേയുള്ളു ഞാൻ.

തിരിയെ വണ്ടിയിലെക്ക് കയറുമ്പോൾ അവളുടെ പാതിയായവന്റെ കയ്യിലൊന്നമർത്തി പിടിച്ച് പൊന്നു പോലെ കാക്കണമെന്ന് പറയുമ്പോഴും കൺ കോണിൽ ഒരു നീർതുള്ളി പൊലിയാൻ വെമ്പി പിറന്നിരുന്നു.

‘” നന്നായി ജീവിക്ക്… ലീവിന് വരുമ്പോ അന്നും ഞങ്ങളെയൊന്നും മറന്നിട്ടില്ലെങ്കിൽ ഇങ്ങോട്ട് പോരണം… “””

ചുണ്ടിൽ ചേർത്ത് വച്ച ചിരിയോടെ അവസാനിപ്പിക്കുമ്പോൾ ഉള്ളിലാർത്ത് കരയുകയായിരുന്നു ഞാൻ…എങ്കിലും അവളെവിടെ പോയാലും എത്ര ദൂരെയായാലും സന്തോഷത്തോടെ ജീവിച്ചാൽ മതിയെന്ന പ്രാർത്ഥന മാത്രം ഞാൻ കൂടെ കൂട്ടി.

ഞാനല്ലല്ലോ ഉണ്ണി മറന്നത് നീയല്ലേ…!

വാക്കിന്റെ മുനയിൽ നോവ് പുരട്ടിയവളെന്റെ നെഞ്ചം തുളയ്ക്കുമ്പോൾ എന്റെ വായടഞ്ഞു പോയി. ഉള്ളിലൊരു അഗ്നിപർവതം കത്തിയമരാൻ കാത്തു നിന്നു.

പറഞ്ഞത് പോലെ അവളരെയും മറന്നില്ല… സമയം കിട്ടുമ്പോഴൊക്കെ വിളിച്ചു… അപ്പോഴും മുഖം കൊടുക്കാതിരുന്നത് ഞാനൊരുത്തനായിരുന്നു.

അവളെന്നെ കൂട്ടുകാരിയെ സ്വകാര്യ അഹങ്കാരമായി കണ്ടിരുന്നവനിൽ നിന്ന് അവളെയഭിമുഖീകരിക്കാൻ വിങ്ങൽ നേരിടുന്നവനായി സ്വയം മാറിയെന്നത് ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

രണ്ടു ദിവസം മുൻപ് വിളിച്ചപ്പോൾ നാട്ടിലേക്ക് പ്ലെയിൻ കയറിയെന്നു പറഞ്ഞിരുന്നു. ഇന്നിപ്പോ ദാ ഇങ്ങോട്ട് വരുന്നെന്നും. മീശ മാത്രമുണ്ടായിരുന്നവനിലേക്ക് താടി കൂടി കടന്നു കയറ്റം നടത്തിയ പോലെ…

കവിളുകൾ അവിടവിടെയായി ചുളിവ് പേറി തുടങ്ങിയത് പോലെ… ടെൻഷന്റെ അപരനായി മുടി കൊഴിഞ്ഞു തുടങ്ങിയ പോലെ അവളിലും മാറ്റം വന്നിട്ടുണ്ടാവും… അരയോപ്പമുള്ള മുടി വെട്ടിക്കാണും…

കളറും പൂശിയിട്ടുണ്ടാവും… ചുരിദാറിൽ നിന്ന് ക്രോപ് ടോപ്പിലേക്ക് കാലമവളെ കൊണ്ടെത്തിചിട്ടുണ്ടാവും … ചിലപ്പോൾ അവളുടെ പ്രണയ സാക്ഷത്കാരത്തിന്റെ അടയാളമായി കയ്യിലൊരു കുഞ്ഞു കുറുമ്പനോ കുറുമ്പിയൊ കാണും.

ചിന്തകൾ മീനുവിന് ചുറ്റും വട്ടമിട്ടു പറക്കുമ്പോഴും നാട്ടിലെത്തിയാൽ അവൾ പഴയ മീനാക്ഷി തന്നെയായി മാറുമെന്ന കാര്യം ഞാനോർത്തില്ല…

പക്ഷെയൊരു കാര്യം മാത്രം ശരിയായിരുന്നു ഒരു കുഞ്ഞി നക്ഷത്രത്തിനായി അവളുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് മാസം നാലായിരുന്നു. പ്രസവത്തിനു വേണ്ടി നാട്ടിലേക്ക് പറന്നിറങ്ങിയതാണവൾ.

“””നിന്റെ ഭാര്യയെവിടെ ഉണ്ണി “”

പതിവ് പോലമ്മയുടെ കൈപ്പുണ്യം ആവോളം നുകർന്നൊടുവിൽ അര മതിലിൽ ചാരി ഇരിക്കുമ്പോൾ അവൾ തൊടുത്ത ചോദ്യത്തിൽ ഞാനും അമ്മയും ഒരു പോലെ വിറച്ചു.
കുറച്ചു നേരം മൗനം വിഴുങ്ങി. നിമിഷങ്ങൾ മണിക്കൂറുകളായി പരിണമിക്കെ ക്ഷമ നശിച്ചു കൊണ്ടവൾ വീണ്ടും ചോദിച്ചു.

അമ്മേ എന്തെ ഒന്നും മിണ്ടാത്തെ ഇവൻ കല്യാണം കഴിച്ചിട്ടില്ലേ ഇതുവരെ?

സംശയം കൂറിക്കൊണ്ട് പിരികം വളച്ചവൾ ചോദിക്കുമ്പോൾ വീണ്ടുമുത്തരം നിശബ്ദത മാത്രമായ് ചുരുങ്ങവേ ഞാൻ മറുപടിയേകി

മികച്ചതൊന്നിനെ കാലം മറ്റൊരാളുടെ കയ്യിലേൽപ്പിച്ചു. അതിൽ പിന്നെ ഞാൻ തിരഞ്ഞിറങ്ങിയില്ല ആരെയും. ഒന്നും മനസിലാകാ വണ്ണമവൾ വീണ്ടുമെന്റെ മുഖത്തുറ്റ് നോക്കുമ്പോൾ എന്റെ സ്റ്റീറ്റീരിയോ ഉത്തരമേകി കഴിഞ്ഞിരുന്നു.

!1″”നിത്യമാം ശാന്തിയിൽ നാമുറങ്ങും നേരം എത്രയോ രാവുകൾ മായാം … ഉറ്റവർ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാകാം അന്നും ഉറ്റവൾ നീ തന്നെയാകാം അന്നും മുറ്റത്ത് പൂ മഴയാകാം…!!

എത്രത്തോളം നന്നായെന്ന് അറിയില്ല
തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക . ക്ലിഷേ ആണെന്ന് അറിയാഞ്ഞിട്ടല്ല. മനസിലൊരു തീം വന്നപ്പോ എഴുതാതിരിക്കാൻ തോന്നിയില്ല.

Leave a Reply

Your email address will not be published. Required fields are marked *