(രചന: ദേവൻ)
പീഡനക്കേസിലെ പ്രതിയുടെ മകളായിട്ടായിരുന്നു അവൾ വളർന്നത്.
ഓർമ്മ വെച്ച കാലം മുതൽ പലപ്പോഴും ആരൊക്കെയോ വാതിലിൽ വന്നു മുട്ടാറുണ്ട്. അന്നൊക്കെ അമ്മ അരികിലൊരു മടവാളുമായി അവളെ ചേർത്തുപിടിച്ചു രാത്രി വെളുപ്പിക്കും.
നിന്നെപ്പോലെ ഒരു ചരക്ക് വീട്ടിലുണ്ടായിട്ടും അവനൊക്കെ ഇമ്മാതിരി പണി ചെയ്യണമെങ്കിൽ അവന്റെ ഒക്കെ വെട്ടിക്കളയുകയാ വേണ്ടത് എന്ന് അമ്മയുടെ മുഖത്ത് നോക്കി പച്ചയ്ക്ക് പറഞ്ഞിട്ടുണ്ട് പലരും കവലയിൽ അത്രേം ആളുകൾക്കിടയിൽ വെച്ച്.
അന്നൊക്കെ കവലയിൽ പോകുന്ന അമ്മ വരുന്നത് കരഞ്ഞുകൊണ്ട് ആയിരുന്നു. ചിലർ അടുത്ത് കൂടി വരട്ടെ എന്ന് ചോദിക്കും, ചിലർ കിട്ടിയ തക്കത്തിന് ഒന്ന് തോണ്ടും.
അപ്പോഴൊക്കെ വെറുപ്പോടെ അമ്മ ഒഴിഞ്ഞുമാറുന്നത് കണ്ടിട്ടുണ്ട്. ചിലർ പറയും വളർന്നു വരുന്നതും ഒരു പെൺകൊച്ചാണ്, മറക്കണ്ട എന്ന്.
അതായിരുന്നു അമ്മയുടെയും പേടി. ” മോളെ ഒറ്റയ്ക്ക് എവിടേം പോവല്ലേ ” എന്ന് പറയുമ്പോൾ ആ നെഞ്ചിലെ പിടപ്പ് ഞാൻ അറിയാറുണ്ട്. സ്കൂളിൽ പോകുന്ന പ്രായത്തിൽ ഒറ്റയക്ക് വിടാൻ പോലും അമ്മയ്ക്ക് ഭയമായിരുന്നു.
” ഇങ്ങനെ പേടിച്ച് ജീവിക്കേണ്ട ഗതി വന്നല്ലോ ശാരദേ നിനക്ക് ” എന്ന് ചിലർ അമ്മയോട് അടക്കം പറയുമ്പോൾ അമ്മ സാരിത്തുമ്പിൽ കണ്ണ് തുടയ്ക്കും.
” എന്ത് ചെയ്യാനാ ചേച്ചി. മോളേം കൊണ്ട് ചാവാൻ പറ്റോ. എന്റെ കാര്യം എങ്ങനോ ആവട്ടെ, പക്ഷേ മോള്.. അവളെ ഓർക്കുമ്പോൾ നെഞ്ചിൽ തീയാ. അതിയാൻ കാണിച്ച പിറപ്പുകേടിന് അനുഭവിക്കുന്നത് ന്റെ മോളാ.
അവള് വളരുംതോറും എന്റെ നെഞ്ച് പൊള്ളുവാ. തന്ത ചെയ്ത കൊല്ലരുതായ്‌മയുടെ പേരിൽ അവൾക്ക് ഒന്നും സംഭവിക്കാതിരിക്കാൻ തള്ളക്കോഴി കുട്ടികളേ ചിറകിനടിയിൽ ഒളിപ്പിക്കുംപ്പോലെ കൊണ്ടുനടക്കാ ഇപ്പോൾ.
പക്ഷേ, എന്നും അങ്ങനെ പറ്റില്ലല്ലോ ചേച്ചി. കണ്ണൊന്നു തെറ്റിയാൽ കൊത്താൻ കഴുകന്മാർ ചുറ്റിലും ഉള്ളപ്പോൾ ഞാൻ ന്ത് ചെയ്യും ചേച്ചി. ”
സാരിയിൽ കണ്ണും മൂക്കും തുടച്ചുകൊണ്ട് ഉള്ളിലെ നോവ് പറയുമ്പോൾ അച്ഛനെന്ന ആളോടെനിക്ക് വല്ലാത്ത വെറുപ്പ് തോന്നിയിരുന്നു.
അന്ന് സ്കൂളിൽ വിട്ട് വീട്ടിലേക്ക് വരുമ്പോൾ പിറകിൽ കൂടിയവൻ “പോരുന്നോ ” എന്ന് ചോദിച്ചപ്പോൾ ” വീട്ടിൽ പെങ്ങളില്ലെടാ ” എന്ന് ചോദിക്കാൻ കാണിച്ച ധൈര്യം പീഡനവീരൻ സഹദേവന്റെ മോളെ തന്റേടിയാക്കി.
” അമ്മയെ പോലല്ല, പെണ്ണ് ഉശിരുള്ളവൾ ” ആണെന്ന് കവലയിൽ സംസാരമായപ്പോൾ പിറകെ നടന്നവർ ചിരലെങ്കിലും ഒന്ന് ഒതുങ്ങി.
” മോളെ സൂക്ഷിക്കണം, ” എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയാറുള്ള അമ്മയ്ക്ക് മറുപടി പുഞ്ചിരി മാത്രമായിരുന്നു.
അന്ന് പലചരക്കു കടയിൽ നിൽകുമ്പോൾ പിറകിൽ നിന്ന ഒരുവൻ ചെവിയോട് ചേർന്ന് ചോദിച്ചത് കേട്ട് അവൾക്കാകെ പെരുത്ത് കയറി .
” അമ്മ ഇപ്പോഴും കൊടുക്കുന്നുണ്ടോ ” എന്ന് ചോദിച്ചവന്റെ മുഖമടച്ചൊന്ന് കൊടുത്തു
” അമ്മയല്ല, ഇപ്പോൾ മകളാ ഇതുപോലെ കൊടുക്കാറ് ” എന്നും പറഞ്ഞ്. കവലയിൽ ആളുകൾക്കിടയിൽ വെച്ച് അടികിട്ടിയവൻ നാണക്കേട് കാരണം മുഖം തുടച്ചുകൊണ്ട് അവൾക്ക് നേരേ വിരൽചൂണ്ടി
” നിനക്ക് ഞാൻ കാണിച്ചു താരാടി, ” എന്ന് പറഞ്ഞവന് നേരേ അവളും വിരൽചൂണ്ടി
” നീയങ്ങനെ എല്ലാവരേം കാണിക്കാൻ വേണ്ടി കൊണ്ടുനടക്കുന്നത് ഇങ്ങോട്ട് കാണിക്കാതിരിക്കാൻ വേണ്ടിയാണ് ഞാനിപ്പോ തന്നത്. ” എന്നും പറഞ്ഞ്.
നാലുപാടും നോക്കി നാണക്കേടോടെ അടി കിട്ടിയ മുഖം പൊത്തി അവനങ് പോയി.
ചിലർ പറഞ്ഞു ” അത് നന്നായി മോളെ ” എന്ന്.
മറ്റുചിലരാകട്ടെ ” കണ്ടില്ലേ പെണ്ണിന്റ ഒരു അഹങ്കാരം ” എന്നും.
അങ്ങനെ പിഴച്ചുപോകാതിരിക്കാൻ പെണ്ണ് പ്രതികരിച്ചതിന്റെ പേരിൽ അഹങ്കാരിയുമായി.
കല്യാണപ്രായമെത്തിയപ്പോൾ അമ്മയുടെ ആധിയുടെ അളവ് കൂടി. പെണ്ണ് ചോദിച്ചു വരുന്നവർ കവലയിൽ വെച്ച് തന്നെ തിരിഞ്ഞുപോകാൻ തുടങ്ങിയപ്പോൾ അമ്മ തലയിൽ കൈവെച്ചു ഭർത്താവിനെ പ്രാകി.
പക്ഷേ, ഒരിക്കൽ കവലയിലെത്തിയവൻ വീട് തേടി വന്നു.
സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ അവൾ ആദ്യമേ ചോദിച്ചത് അറിഞ്ഞ കുടുംബമഹിമയെ കുറിച്ചായിരുന്നു.
” കവലയിൽ നിന്ന് ചിലർ പറഞ്ഞു. കേട്ടറിവിനേക്കാൾ കൂടുതൽ കണ്ടറിയാം എന്ന് കരുതിയാ വന്നത് ”
പെണ്ണ് കാണാൻ വന്നവന്റെ വാക്ക് കേട്ടപ്പോൾ അവൾ പുഞ്ചിരിച്ചു.
“എന്റെ അച്ഛൻ പീഡനക്കേസിൽ പ്രതിയാണ്. അങ്ങനെ ഒരാളുടെ മോളെ കെട്ടി നാളെ ആളുകൾ അതും പറഞ്ഞു കളിയാക്കിയാൽ എന്ത് ചെയ്യും. ”
” കളിയാകുന്നവൻ അത് ചെയ്തുകൊണ്ടേ ഇരിക്കും ഈ വിഷയം അല്ലെങ്കിൽ മറ്റൊരു വിഷയം. ഞാൻ അല്ലെങ്കിൽ മറ്റൊരാൾ.. അതവരുടെ പണിയാണ്.
ചെവി നമ്മുടെയും. എന്തൊക്കെ കേൾക്കണം, കേൾക്കണ്ട എന്ന് തീരുമാനിക്കുന്നത് നമ്മളാകുമ്പോൾ എന്റെ ശരികൾക്കപ്പുറം ഞാൻ ആരെയും കേൾക്കാറില്ല. !!”
അവന്റെ ദൃഢമായ വാക്കുകൾ അവളെ ഒത്തിരി സന്തോഷിപ്പിച്ചു.
എല്ലാം തീരുമാനിച്ചതായിരുന്നു അന്നവർ പോയത്.
ഉള്ളുരുകിയുള്ള പ്രാർത്ഥന ദൈവങ്ങൾ കേട്ടല്ലോ എന്ന് അമ്മയും.
അന്ന് അമ്മ കവലയിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ” ഞാൻ പോകാം ” എന്നും പറഞ്ഞവൾ അമ്മയെ തടഞ്ഞു.
റേഷൻകടയിൽ കേറി കാർഡിലുള്ള സാധനങ്ങൾ വാങ്ങി കവലയിൽ നിൽക്കുമ്പോൾ അന്ന് അടികൊണ്ട് പോയവൻ അവൾക്കരികിൽ എത്തി.
” ഒരാണിന്റ മുഖത്ത് കൈ വെച്ചിട്ട് നീ ശീലാവതി ആയല്ലൊടി അന്ന്. നിന്റ തന്ത സഹദേവൻ നിന്നെ പോലൊരു കൊച്ചിനെ നശിപ്പിച്ചപ്പോൾ ഓർത്തില്ല അവനും വളരുന്നത് ഒരു പെങ്കൊച്ചാന്ന്.
അന്ന് നിന്റ അച്ഛനാൽ മാനം പോയ ആ പെങ്കൊച്ചിന്റെ അതെ പ്രായമാ നീയും, നല്ല മുഴുപ്പും. മകളുടെ മാനം പോകുമ്പോൾ ഉണ്ടാകുന്ന വേദന നിന്റ വീട്ടുകാരും അറിയണം.”
അത് പറയുമ്പോൾ അവൻ ചുണ്ടുകൾ കടിച്ചു.
പക്ഷേ, അവൾ പ്രതികരിച്ചത് അന്നത്തെപ്പോലെ അവന്റെ മുഖമടച്ചൊന്നുകൂടി കൊടുത്തായിരുന്നു.
” നീ ആണോടാ പകരം ചോദിക്കാൻ ഇറങ്ങിയവൻ? എന്റെ അച്ഛൻ ചെയ്ത തെറ്റിന് എന്നെയും പീഡിപ്പിച്ചു പ്രതികാരം തീർക്കാൻ വന്ന നീയും എന്റെ അച്ഛനും തമ്മിൽ എന്താടാ വത്യാസം.
ഒരു പെണ്ണിന്റ മാനം വെച്ച് വില പറയുന്ന നീയൊക്കെ മനുഷ്യനാണോ? എന്റെ അച്ഛനെന്ന് പറയുന്ന ആ മനുഷ്യനെ എത്രത്തോളം വെറുക്കാൻ കഴിയുന്നുവോ അത്രേം വെറുക്കുന്ന ആളാണ് ഞാൻ.
അയാളെ പെണ്ണിനെ സംരക്ഷിക്കാൻ കഴിയാത്ത, പെണ്ണിന്റെ നിറം കാണുമ്പോൾ ഇതുപോലെ തോന്നുന്ന നീയും അയാളുമൊക്ക ഈ ഭൂമിക്ക് ഭാരമാണ്. ചത്തൂടെ നിനക്കൊക്കെ.
നീ പറഞ്ഞല്ലോ അന്ന് അയാൾ പീഡിപ്പിച്ചപ്പോൾ ഓർത്തില്ല അയാൾക്ക് വളർന്നുവരുന്നതും ഒരു പെണ്ണ് ആണ് എന്നൊക്കെ. അത് നീ ഓർത്തോ ഇപ്പോൾ. നിന്റ ഭാര്യ എട്ട് മാസം നിറവയറുമായി വീട്ടിൽ ഇരിപ്പ് അല്ലേ. ആ ജനിക്കുന്ന കുട്ടി പെണ്ണ് ആണെങ്കിൽ…
ഇന്ന് ഞാനും എന്റെ അമ്മേം അനുഭവിക്കുന്നത് തന്നെ അല്ലേ അവരും അനുഭവിക്കേണ്ടത്? ഇതുപോലെ പുച്ഛവും അവഗണനയും നിന്നെ പോലെ ഉള്ളവന്മാരുടെ ശല്യവും സഹിച്ചു ജീവിക്കേണ്ടിവരുന്ന അവരെ കുറിച്ചോർത്തുനോക്ക്.
എന്നിട്ടും മനസ്സിലായില്ലെങ്കിൽ ഇച്ചിരി വിഷം വാങ്ങിത്തിന്നെടോ. എന്നെപ്പോലെ പീഡനവീരന്റെ മകളായി ആ കുഞ്ഞ് ജീവിക്കണ്ടാലോ, തന്ത ആത്മഹത്യ ചെയ്തു എന്നല്ലേ പറയൂ ”
അവൾ ഒന്നടങ്ങി നാലുപാടും നോക്കുമ്പോൾ കവല നിറയെ ആളുകൾ ആയിരുന്നു. അവനാവട്ടെ ഒന്നും മിണ്ടാൻ കഴിയാതെ തലയും താഴ്ത്തി നിന്നു.
അവിടെ കൂടി നിന്ന ആളുകൾ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവർ അടുത്തുള്ള പലചരക്കുകടയിലേക്ക് കയറി…
” ചേട്ടാ.. ഒരു കിലോ പഞ്ചസാര, അര കിലോ ചായ…. ഇച്ചിരി ചുവന്ന മുളകും…. കൂടെ ചെറിയ പാക്കറ്റ് കടുകും…….