(രചന: ദേവിക VS)
നിനക്കെന്താ ഈ വീട്ടിൽ കാര്യം… കുഴഞ്ഞാടി കാലുകൾ തറയിൽ ഉറപ്പിക്കാൻ കഴിയാതെ നിൽക്കുന്നവനോട് രവി ചോദിക്കുമ്പോൾ അയാളുടെ ശബ്ദം വെറുപ്പും വേദനയും കൊണ്ട് നിറഞ്ഞിരുന്നു.
എന്റെ ഭാര്യയും കുഞ്ഞിനേയും കൊണ്ടുപോകാൻ വന്നതാണ്, അല്ലാതെ ഇവിടെ കേറി പെറുക്കാനല്ല….
അഴിഞ്ഞ മുണ്ട് മുറുക്കിയുടുത്തുകൊണ്ട് പ്രകാശ് പറയുമ്പോൾ മൂന്നുവയസ്സുകാരി മകൾ പേടിച്ചരണ്ട മിഴികളോടെ അയാളെ നോക്കി നിന്നു.
അച്ഛന്റെ സ്നേഹവും വാത്സല്യവും അനുഭവിച്ചു വളരണ്ട ഈ കുരുന്നു പ്രായത്തിൽ അവൾ കണ്ടു വളർന്നത് അച്ഛന്റെ ക്രൂരതയാണ്.
അവൾക്ക് നിന്നെ കാണാൻ താൽപ്പര്യമില്ല… അവൾക്ക് മാത്രമല്ല ആ പൊടി കൊച്ചിനും. നോക്ക് ആ കുഞ്ഞു പേടിച്ചു മൂലയിലോട്ട് മാറി നിൽക്കുന്നത് . ഹാളിന് എതിർവശത്തുള്ള മുറിയുടെ ഭീത്തിയിലെക്ക് മറഞ്ഞു നിൽക്കുന്ന അമ്മുമോളെ ചൂണ്ടി രവി പറഞ്ഞു.
അത് പറയാൻ നീ ആരാടാ. ചോദിച്ചുകൊണ്ടവൻ രവിയുടെ കവിളിലേക്ക് അവന്റെ കൈകൾ ആഞ്ഞു പതിപ്പിക്കുമ്പോൾ അയാൾ വീണ് പോയിരുന്നു….പിറകെ പ്രകാശും നേരെ നിൽക്കാൻ കഴിയാതെ തറയിലേക്ക് വീണ്.
എല്ലാം കണ്ടു നിന്ന അമ്മൂട്ടി ഉച്ചത്തിൽ കരഞ്ഞുകൊണ്ട് അമ്മക്കരുകിലേക്ക്
ഓടി.
രവിയേട്ടാ… എഴുന്നേൽക്ക്
നിലവിളിച്ചുകൊണ്ട് വസന്ത ഓടിവന്ന് അയാളെ എഴുന്നേൽപ്പിക്കാൻ നോക്കി.
വീട്ടിൽ കേറിവന്നു തോന്നിയാസം കാണിക്കുന്നോ…. നിനക്കിവിടെ ആരുമില്ല…ഇറങ്ങി പോകാൻ നോക്ക്. ദേഷ്യത്തിൽ വസന്ത പ്രകാശനോട് അലറി.
മിണ്ടരുത് തള്ളേ നിങ്ങൾ…. ഞങ്ങളെ ജീവിക്കാൻ സമ്മതിക്കാത്തത് നിങ്ങളോരുത്തിയാണ്. കുഴഞ്ഞുപോകുന്ന നാവോടെ പ്രകാശ് പുലമ്പി.
ഇനിയും എല്ലാം കേട്ട് അകത്തു തന്നെയിരുന്നാൽ ശരിയാവില്ലെന്നു കരുതിയ മഞ്ജു ഹാളിൽലേക്കിറങ്ങി വന്നു.
എന്റെ വീട്ടിൽ കേറിവന്നു എന്റെ അച്ഛനെയും അമ്മയെയും ഉപദ്രവിക്കാനും ചീത്തപറയാനും നിന്നാൽ…. ഇതുവരെ കണ്ട മഞ്ജുവിനെ ആയിരിക്കില്ല നിങ്ങൾ കാണാൻ പോകുന്നത്.
ഇനി നിങ്ങളുടെ കൂടെയുള്ള ജീവിതം എനിക്ക് വയ്യാ…. മടുത്തു ഞാൻ.
ഈ നിമിഷം ഇറങ്ങിക്കോണം വീട്ടിൽ നിന്ന്…ആരും തിരക്കി വരണ്ടാ ഞങ്ങളെ. എന്റെ മോളും നിങ്ങളുടെയല്ലന്നു പറഞ്ഞു കഴിഞ്ഞില്ലേ….
നീ എന്ത് പറഞ്ഞെടി ……….മോളെ വായിൽ വന്ന മുഴുത്ത തെറിയും പറഞ്ഞു പോയി അമ്മുട്ടിയെ വലിച്ചു പൊക്കിയെടുത്തു.
കുഞ്ഞിനെ തറയിലേക്ക് എറിയാനായി തുനിഞ്ഞതും അലറി വിളിച്ചുകൊണ്ടു മഞ്ജു വസന്തയും രവിയും ഓടി അരികിലേക്ക് ചെന്നു.
കുഞ്ഞ് ഭയന്ന് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി.
ഇത്തിരി ബലം പിടിച്ചിട്ടാണെങ്കിലും കുഞ്ഞിനെ അവന്റെ കയ്യിൽ നിന്നും മഞ്ജു മോചിപ്പിച്ചെടുത്തു മാറോടു ചേർത്തു മുഖം നിറയെ ഉമ്മ വെച്ചു. അപ്പോഴും കുഞ്ഞിന്റെ കരച്ചിൽ അടങ്ങിയിട്ടില്ലായിരുന്നു.
സ്വന്തം കുഞ്ഞിനോടും പോലും അൽപ്പം കരുണ കാണിക്കാത്ത അവനിലെ മനുഷ്യ മൃഗത്തെയോർത്തപ്പോൾ ദേഷ്യം അടക്കാനായില്ല ആഞ്ഞു വീശി കവിളിൽ ഒന്ന് പൊട്ടിച്ചു രവി.
എത്ര പറഞ്ഞിട്ടും പോകാൻ കൂട്ടക്കാതെ നിൽക്കുന്നവനെ കണ്ട് രവി അവന്റെ ചേട്ടനെ ഫോൺ ചെയ്തു വരുത്തി.
നടന്ന സംഭവങ്ങളെല്ലാം കേട്ടുകഴിഞ്ഞു മഞ്ജുവിനെ അങ്ങോട്ടേക്ക് വിളിപ്പിച്ചു
മോളെവിടെ…. ഉറങ്ങിയോ?? കരഞ്ഞുവീർത്ത കണ്ണുകളുമായി ഇറങ്ങി വരുന്നവളെകണ്ട് പ്രസാദ് ചോദിച്ചു.
ഉറങ്ങി… ആ ശബ്ദത്തിൽ നിറയെ വേദനയും നിസ്സഹായതയും നിറഞ്ഞു നിന്നിരുന്നു.
നിങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോഴൊക്കെ, എല്ലാം പറഞ്ഞുതീർത്തു ഒത്തുചേർത്തു കൊണ്ടുപോകാൻ ഞാൻ ശ്രമിച്ചിരുന്നു പക്ഷെ ഇനിയതിന് ഞാൻ ഉണ്ടാകില്ല.
നിന്റെ തീരുമാനം എന്താണെന്ന് വെച്ചാൽ പറഞ്ഞാൽ മതി അതിനൊപ്പം ഞങ്ങളെല്ലാരും കൂടെ കാണും.പറഞ്ഞുകൊണ്ട് അയാൾ യാത്രപറഞ്ഞിറങ്ങി.
പ്രകാശിനെ ഓട്ടോയിലേക്ക് പിടിച്ചു കേറ്റികൊണ്ട് പ്രസാദ് മടങ്ങി.
ഓട്ടോഡ്രൈവർ ആയിരുന്നു അച്ഛൻ, അമ്മ വീട്ടമ്മയും പിന്നെയൊരു അനുജത്തിയും അടങ്ങുന്നതായിരുന്നു കുടുംബം
ഒരു ടീച്ചർ ആകണമെന്നായിരുന്നു മോഹം…അതിന് വേണ്ടി നന്നായി തന്നെ പഠിച്ചു.
പതിനെട്ടു കഴിഞ്ഞപ്പോൾ മുതൽ മോൾക്ക് കല്യാണമൊന്നു ആലോചിക്കുന്നില്ലേ എന്നുള്ള പലചോദ്യങ്ങളും നാട്ടുകാരുടെ ഇടയിൽ നിന്നുണ്ടായി.
താഴെ ഇനിയൊരു പെൺകുട്ടിയും ഉണ്ടെന്നുള്ള ഓർമ്മ വേണമെന്ന് ഇടക്കിടക്ക് പലരും ഓർമിപ്പിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ രവിയും വസന്തയും തന്റെ മക്കളെ അവർക്ക് ആഗ്രഹമുള്ളത്രയും പഠിപ്പിച്ചു.
ബിഡ് കഴിഞ്ഞ ശേഷം psc കോച്ചിംങ്ങിനു പോയി തുടങ്ങി മഞ്ജു.
പഠിത്തമെല്ലാം കഴിഞ്ഞു, ഇനി ജോലി കിട്ടുന്നവരെ കാത്തിരിക്കാൻ പറ്റോ??കല്യാണം നടത്താൻ നോക്കാം. വസന്ത പറയുമ്പോൾ രവിക്കും അതു ശരിയെന്നു തോന്നി.
ആലോചനകൾ വന്നു തുടങ്ങിയപ്പോളാണ് നടക്കുമ്പോളുള്ള ചെറിയ ഏന്ത് വലിയ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞത്. അതുകൊണ്ട് തന്നെ കുറെ ആലോചനകൾ മുടങ്ങി പോയി.
അങ്ങനെയിരിക്കയാണ് പ്രകാശിന്റെ ആലോചന വന്നത്.
മൂന്ന് ആൺകുട്ടികൾ ഉള്ള വീട്ടിലെ ഏറ്റവും ഇളയ മകൻ. ഓട്ടോ ഡ്രൈവർ ആണെങ്കിലും എല്ലാ ജോലിക്കും പോകും. വയറിങ് പ്ലംബിങ്, വണ്ടി കച്ചവടം… അങ്ങനെയെല്ലാ പണിയും കൈയിലുണ്ട്.
ഒരു ദിവസം പോലും മുടങ്ങാതെ ജോലിക്ക് പോകും… പൈസയുണ്ടാക്കാൻ മിടുക്കൻ . ചേട്ടന്മാര് രണ്ടും കെട്ടി അവരെയൊക്കെ വേറെ മാറി താമസിക്കുന്നും.
പത്തു സെന്റിലൊരു ഒരു വാർപ്പ് വീട്. വീട്ടിൽ അച്ഛനും അമ്മയും മാത്രം. പറഞ്ഞു കേട്ടപ്പോൾ എല്ലാവർക്കും ഇഷ്ടമായി.
ചെറുക്കന്റെ വീടു കാണാൻ പോയവർക്കും താല്പര്യം തന്നെ. പിന്നെ ആകെയുള്ളൊരു പ്രശ്നം ചെറുക്കന് വിദ്യാഭ്യാസം കുറവുള്ളതെന്നാണ്… എങ്കിലും ബാക്കിയൊക്കെ ചേർന്നതുകൊണ്ട് കല്യാണത്തിലേക്ക് ബന്ധം എത്തി നിന്നു.
കല്യാണം കഴിഞ്ഞ ആദ്യ രാത്രിയിൽ തന്നെ സ്വഭാവത്തിലെ വൈകൃതങ്ങൾ എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നു.
മദ്യപിച്ചു റൂമിലേക്ക് കയറിവന്നു
തന്റെ സമ്മതമോ ഇഷ്ടമോ ഒന്നും നോക്കാതെ ബലമായി തന്നെ അയാൾ കീഴ്പ്പെടുത്തി കളഞ്ഞിരുന്നു. ശരീരം വേദനിച്ചതിനെക്കാളേറെ അന്ന് വേദനിച്ചത് മനസ്സായിരുന്നു.
പിന്നിടുള്ള രാത്രികളിലും ഇതൊക്കെയായിരുന്നു അനുഭവങ്ങൾ.
എല്ലാം സഹിച്ചു നിന്നു…
പെരുമാറ്റം കണ്ടാൽ ആർക്കും പാവം തോന്നും….ഇതൊന്നും ആരും വിശ്വസിക്കാനും പോകുന്നില്ല. അതുപോലുള്ള രീതിയാണ് .
ദിവസങ്ങൾ കടന്നു പോകും തോറും ആളുടെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി, പാതിരാത്രി ആയാലും വീട്ടിലേക്കു വരില്ല. വന്നാൽ തന്നെ കുടിച്ചു നാലുകാലിൽ ആയിരിക്കും കയറി വരുന്നത്.
ബോധമില്ലാതെ വന്നു നാട്ടിലുള്ള ആണുങ്ങളുടെ പേര് ചേർത്തു കൂട്ടിവായിക്കാൻ തുടങ്ങി. ദേഹം പൊള്ളിയടരുന്ന കണക്ക് തോന്നും .
ആരോടും ഒന്നും പറയാൻ നിന്നില്ല, ഇടക്ക് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മൂത്തചേട്ടൻ വന്നാണ് ഒത്തുതീർപ്പാക്കുന്നത്. കുറച്ച് ദിവസത്തേക്ക് മാറ്റം ഉണ്ടാകും പിന്നെയും സ്ഥിതി ഇതു തന്നെ.
രാവിലെ psc ക്ലാസിനു കൊണ്ട് ചെന്ന് വിടുന്നതും ഉച്ചക്ക് വിളിച്ചോണ്ട് വരുന്നതുമൊക്കെ ആളാണ് .പുറത്ത് കൊണ്ടുപോകാറുണ്ട്,യാത്രകൾ പോകാറുണ്ട്
ബന്ധു വീട്ടിലെ ചടങ്ങിനൊക്കെ കൂടെ വരാറുണ്ട്.
അങ്ങനെ പുറത്തുനിന്നു നോക്കുന്നവർക്കെല്ലാം മനോഹരമായ ജീവിതം. എന്നാൽ ഉള്ളുപൊള്ളുന്നത് മറ്റാരും അറിയുന്നുണ്ടായിരുന്നില്ല.
ഒരുവർഷത്തിനു ശേഷം മോള് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നു. പക്ഷെ അയാളുടെ സ്വഭാവത്തിനു മാത്രം ഒരു മാറ്റവും വന്നില്ല.
അയാളുടെ സ്വാഭാവം മനസിലാക്കിയ ശേഷം എങ്ങനെയും ജോലി വാങ്ങണമെന്നായിരുന്നു. അതിന് വേണ്ടി നന്നായി തന്നെ ശ്രമിച്ചു. പക്ഷെ ടേസ്റ്റുകൾ എഴുതുന്നതല്ലാതെ ഒന്നിന്റെ ലിസ്റ്റിലും കേറി പറ്റാൻ കഴിഞ്ഞില്ല.
ജീവിതം മൊത്തം ഇരുട്ടിൽ ആകുന്ന പോലെ… നിരാശ പതിയെ എനിക്കൊപ്പം കൂടിയെങ്കിലും തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല.
മോള് ഉണ്ടായ ശേഷം പിഎസ്സ്സിയുടെ ക്ലാസിനു പോകാൻ കഴിയുന്നുണ്ടായിരുന്നില്ല.
മാസങ്ങളും വർഷങ്ങളും കടന്നുപോയി….പ്രകാശന്റെ സ്വഭാവം കൂടുതൽ വഷളായി വന്നു കൊണ്ടിരുന്നു…
അമ്മൂട്ടിയെ സ്കൂളിൽ വിട്ടശേഷം ക്ലാസ്സിനു പോയി തുടങ്ങി…ഒന്ന് രണ്ട് ലിസ്റ്റിലൊക്കെ പേര് വന്നു തുടങ്ങിയെങ്കിലും അതൊന്നും കിട്ടാൻ വലിയ ചാൻസില്ലെന്നു തോന്നി.
ഒരു ദിവസം രാത്രിയിൽ മോളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അയാൾ മുറിയിലേക്ക് വന്നത്…
കുഞ്ഞിനെ പറഞ്ഞു അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പറഞ്ഞു വിട്ടുകൊണ്ട് അയാൾ എനിക്ക് അരുകിലേക്ക് വന്നു.
വന്നിരുന്നപ്പോൾ തന്നെ മദ്യത്തിന്റെ രൂക്ഷമായ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി. നെറ്റി ചുളിച്ചുകൊണ്ട് അയാളെ നോക്കി.
കഴുത്തിലെ മാലയിലെക്ക് നോക്കി… കാശിനു കുറച്ച് അത്യാവശ്യം ആ മാലയൊന്നു പണയം വെക്കാൻ വേണം. മടിച്ചു അയാൾ പറഞ്ഞു.
അയാളെ സൂക്ഷിച്ചൊന്നു നോക്കി… സ്വർണ്ണമെന്നു പറയാൻ ദേഹത്താകെ അവശേഷിച്ചിരുന്ന സാധനമാണ് താലി മാലയും ഒരു പൊട്ട് കമ്മലും.
വീട്ടിൽ നിന്നു തന്ന സ്വർണ്ണമെല്ലാം അയാൾ നശിപ്പിച്ചു കളഞ്ഞിരുന്നു . എന്തു ചെയ്തെന്നു ചോദിച്ചാൽ ഒഴിഞ്ഞുമാറി പോയ് കളയും.
ഞാൻ എത്ര പവന്റെ ആഭരണങ്ങളും കൊണ്ടാണ് കേറിവന്ന എന്നറിയാമോ??ഇപ്പൊ ഇതല്ലാതെ എന്തെങ്കിലും എന്റെ കയ്യിൽ ഉണ്ടോ??. അതൊക്കെ പോട്ടെ, ഞാൻ ഇതു ഊരി തരാം ആവിശ്യം എന്താണെന്നു പറഞ്ഞാൽ മാത്രം…
താലിമാല ഉയർത്തി കാണിച്ചുകൊണ്ടവൾ പറഞ്ഞു.
എന്നാൽ അതിന് ഉത്തരമൊന്നും ഉണ്ടായിരുന്നില്ല …
അങ്ങോട്ടും ഇങ്ങോട്ടും സംസാരം തുടങ്ങി പിന്നെയത് വഴക്കായി… ബഹളമായി….
അയാളുടെ ദേഷ്യം തീരാൻ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു… അവസാനം കുഞ്ഞു അയാളുടെയല്ലെന്ന്, ഞാൻ പിഴച്ചുണ്ടാക്കിയത് ആണെന്ന്… കേട്ടപ്പോൾ ചങ്ക് പിടഞ്ഞു പോയി…മരിച്ചുപോയാൽ മതീന്ന് തോന്നി…
അയാളെ പിച്ചിവെച്ചിരിക്കുന്ന പോലുള്ള ആ കുഞ്ഞു മുഖം കണ്ടിട്ടും അയാൾക്ക് എങ്ങനെ പറയാൻ കഴിഞ്ഞു ഇതൊക്കെ …. സഹിക്കാൻ കഴിഞ്ഞില്ല മുഖം പൊത്തിപിടിച്ചു താഴെക്കിരുന്നു….
അയാളുടെ കാലടികൾ അകലേക്ക് പോകുന്ന ശബ്ദം കേട്ടു.
ഏറെനേരത്തിനു ശേഷം എഴുന്നേറ്റ് മുഖമൊന്നു കഴുകിയ ശേഷം ഫോൺ എടുത്തു അച്ഛനെ വിളിച്ചു.
എത്രയും പെട്ടന്ന് ഇവിടെയെത്താൻ പറഞ്ഞു…
ഒരു നിമിഷമെങ്കിൽ ഒരു നിമിഷം… എത്രയും പെട്ടെന്ന് ഇവിടെ നിന്നു പോകാൻ തോന്നി.
അമ്മൂട്ടിയെ ഒരുക്കി, അത്യാവശ്യം വേണ്ട ഡ്രസ്സ് എടുത്തു അച്ഛനും അമ്മയുടെ യാത്ര പറഞ്ഞു കൊണ്ട് അവിടുന്ന് ഇറങ്ങി.
ശാരി ടീച്ചരോട് പറഞ്ഞു കഴിയുമ്പോൾ നെഞ്ചു പൊട്ടി പോയിരുന്നു.
ഇപ്പൊ അയാൾ ഇവിടെയാ…
അറിയില്ല ടീച്ചറെ…. ഒന്നും തിരക്കാനും പോകാറില്ല… അന്ന് പോയ ശേഷം ഒന്ന് രണ്ട് തവണ പിന്നെയും വീട്ടിൽ കയറിയിറങ്ങി… ഞാൻ മുൻപിലേക്കു പോയിട്ടില്ല.
കൂടെ ചെല്ലിന്നു ബോധ്യമായപ്പോൾ അതും നിർത്തി.
ഡിഅഡിക്ഷൻ സെൻട്രേലിലൊക്കെ കൊണ്ടുപോയി…. അവിടെ നിന്നെങ്ങോട്ടൊ പോയി എവിടെയാണുന്നു ആർക്കും അറിയില്ല.
മോളെ കാണാൻ അയാളുടെ വീട്ടുകാരോക്കെ വരും എല്ലാവർക്കും സ്നേഹമാണ്.
ഇപ്പൊ സമാധാനമുണ്ട് ടീച്ചറെ ജീവിക്കാനുള്ള പ്രതീക്ഷയായി എന്റെ മോളുണ്ട് എനിക്കൊപ്പം,
ആഗ്രഹിച്ച ജോലി കിട്ടി, അനിയത്തിയുടെയും വിവാഹം കഴിഞ്ഞു അവളും സന്തോഷത്തിലാണ് കഴിയുന്നത്. വയസ്സ് കാലത്തു അച്ഛനും അമ്മയും മനസമാധാനത്തോടെ കഴിയുന്നു.
സ്കൂളിലെ ബെൽ മുഴങ്ങിയതും മുഖമൊന്നു അമർത്തി തുടച്ചുകൊണ്ട് ടേബിളിലിരുന്ന ബുക്കും എടുത്തു ക്ലാസ്സ് റൂമിലേക്ക് നടന്നകലുന്നവളെയും നോക്കിയിരുന്നു ശാരി.