തനിയെ
(രചന: Dhipy Diju)
‘എടാ വിനു… അവളെ കണ്ടിട്ടു ഒരു വശപിശക് ലുക്ക് ഇല്ലേടാ… നീയൊന്നു നോക്കിയെ…’
ബാംഗ്ളൂര്‍ റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിങ്ങ് ഏരിയയില്‍ ഇരുന്നു ഉറക്കം തൂങ്ങുകയായിരുന്ന വിനുവിനെ ഗോവിന്ദ് കുലുക്കി വിളിച്ചു.
‘ഏതവളാടാ…???’
കണ്ണു തിരുമ്മി കൊണ്ട് ഉറക്കച്ചടവിനിടയില്‍ വിനു ചുറ്റും നോക്കി.
‘ദേ നോക്കെടാ… ആ റെഡ് ടോപ്പ് ബ്ളൂ ജീന്‍സ്… കണ്ടിട്ടു സെറ്റ് അപ്പ് ആണെന്ന് തോന്നുന്നു…’
ചെവിയില്‍ തിരുകി വച്ച ഹെഡ്സെറ്റില്‍ പാട്ടും കേട്ട് ച്യൂവിങ്ങ് ഗം ചവച്ചു കൊണ്ട് ഫോണിലേയ്ക്ക് നോക്കിയിരിക്കുന്ന പെണ്‍കുട്ടിയെ ഗോവിന്ദ് ചൂണ്ടി കാണിച്ചു.
‘ശരിയാണല്ലോടാ… അവളുടെ മൊത്തത്തില്‍ ഉള്ള ഒരു ഇരുപ്പുവശം കണ്ടിട്ടു ഒന്നു മുട്ടി നോക്കാം എന്നു തോന്നുന്നു…’
‘ശ്ശേ… ദാ ട്രെയിന്‍ വന്നു… മിസ്സ് ആയല്ലോടാ… അറ്റ്ലീസ്റ്റ് കുറച്ചു ടൈം കിട്ടിയിരുന്നേല്‍ ഫോണ്‍ നമ്പര്‍ എങ്കിലും വാങ്ങാമായിരുന്നു…’
‘വാ… ഇനി ഇപ്പോള്‍ പോകാന്‍ നോക്കാം… ഭാഗ്യമില്ല… അല്ലാതെന്തു പറയാനാ…’
അവര്‍ ബാഗുമായി ട്രെയിനില്‍ കയറി സീറ്റ് കണ്ടു പിടിച്ച് ഇരുന്നു.
‘ദേ…നോക്കിയേടാ… അവള്‍ അല്ലെ ആ വരുന്നത്…???’
‘ശരിയാണല്ലോ… ഇങ്ങോട്ട് തന്നെയാണല്ലോ… ഭഗവാന്‍… സബ് കുച്ച് തേരി മായ…!!!’
അവള്‍ ബാഗും പെട്ടിയുമായി അവരുടെ എതിരെയുള്ള സീറ്റ് നമ്പര്‍ നോക്കി, പെട്ടി സീറ്റിനടിയിലും ബാഗ് മുകളിലെ ബര്‍ത്തിലേയ്ക്കും വച്ചു വിന്‍ഡോ സൈഡ് സീറ്റില്‍ ഇരിപ്പുറപ്പിച്ചു.
കുറച്ച് സമയം പുറത്തേയ്ക്ക് നോക്കിയിരുന്ന അവള്‍ പിന്നീട് ഹാന്‍ഡ് ബാഗില്‍ നിന്ന് ഒരു ബുക്ക് എടുത്ത് വായിക്കാന്‍ തുടങ്ങി.
ഈ സമയമെല്ലാം ഫോണിലേയ്ക്ക് നോക്കി ഇരിക്കുന്നെങ്കിലും ഗോവിന്ദിന്‍റെയും വിനുവിന്‍റെയും നോട്ടം പലപ്പോഴും അവളിലേയ്ക്ക് പാളി വീഴുന്നത് അവളും അറിയുന്നുണ്ടായിരുന്നു.
ഫോണ്‍ റിങ്ങ് ചെയ്തതും അവള്‍ അറ്റന്‍ഡ് ചെയ്തു.
‘ഹാ… അമ്മ… ട്രെയിനില്‍ കയറി… വേണ്ട… അച്ഛനോട് വരേണ്ട എന്നു പറഞ്ഞോളൂ… ഞാനങ്ങോട്ടു പോന്നോളാം… ശരിയമ്മാ…’
അവള്‍ ഫോണ്‍ കട്ട് ചെയ്ത് വീണ്ടും പുസ്തകത്തിലേയ്ക്ക് നോക്കിയിരുന്നതും ഗോവിന്ദ് കൈത്തലം കൊണ്ട് വിനുവിനെ ഒന്നു തട്ടി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.
‘ഹായ്… മലയാളി ആണല്ലേ… എന്‍റെ പേര് വിനു… ഇത് ഗോവിന്ദ്… ഞങ്ങള്‍ ബാംഗ്ളൂരില്‍ ഇലക്ട്രോണിക് സിറ്റിയില്‍ വര്‍ക്ക് ചെയ്യുന്നു… ഇയാള്‍ ഒറ്റയ്ക്കാണോ…???’
വിനുവിന്‍റെ അര്‍ത്ഥം വച്ചുള്ള ചോദ്യം കേട്ടതും അവള്‍ പുസ്തകത്തില്‍ നിന്നു കണ്ണെടുത്തു.
‘അതെ ഒറ്റയ്ക്കാണ്…’
‘ഈ രാത്രിയില്‍ ഇങ്ങനെ ഒറ്റയ്ക്ക് പോകാന്‍ പേടി ഇല്ലേ…???’
‘പേടിക്കണോ…???’
പരിഹാസത്തോടെയുള്ള മറുചോദ്യം അവനെ ചൊടിപ്പിച്ചു.
‘കാലം അത്ര നല്ലതൊന്നും അല്ല…’
അവന്‍ അവളെ ചൂഴ്ന്നു നോക്കി.
‘ഞാനും…’
ഒരു പ്രത്യേക രീതിയില്‍ കുഴഞ്ഞു കൊണ്ട് അല്‍പം പരിഹാസവും കലര്‍ത്തിയുള്ള അവളുടെ മറുപടി കേട്ട് അവന്‍റെ കണ്ണുകള്‍ തിളങ്ങി.
‘എടാ… ഞാന്‍ പറഞ്ഞില്ലേ… ഇതു വളയുന്ന കേസാണെന്ന്… ഇനി നീ നോക്കിക്കോ…’
വിനു ഗോവിന്ദിനെ നോക്കി ഒരു കണ്ണിറുക്കി.
‘നാട്ടിലേയ്ക്കാണോ…???’
‘അതെ…’
‘ബാംഗ്ളൂറില്‍…??? പഠിക്കുവായിരുന്നോ…???’
‘അല്ല… ജോലി ആയിരുന്നു… ഇപ്പോള്‍ നാട്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ആയതാ…’
‘ഓ… നാട്ടില്‍ എവിടെയാ…???’
‘എറണാകുളത്ത്…’
‘ഓ… ഞങ്ങളുമതേ… അപ്പോള്‍ നമ്മള്‍ നാട്ടുകാര്‍ ആണ്… ഇനിയും കാണാന്‍ പറ്റുമെന്നു ചുരുക്കം…’
അവന്‍ ഒരു പ്രത്യേക ഈണത്തില്‍ പറഞ്ഞതും അവള്‍ ഒരു കള്ളച്ചിരി ചിരിച്ചു.
‘എടാ… വീണെടാ… വീണു… ഇനി വളച്ചൊടിച്ചു ഞാന്‍ പെട്ടിയിലാക്കും…’
അവന്‍ ഗോവിന്ദിന്‍റെ ചെവിയില്‍ പറഞ്ഞു.
‘നാട്ടുകാര്‍ ഒക്കെ ആകുമ്പോള്‍ എപ്പോഴാ ആവശ്യം വരുന്നത് എന്ന് അറിയില്ലല്ലോ… ഫോണ്‍ നമ്പര്‍ ഒന്നു തരാമോ…???’
‘ഉംംം… തരാം… സമയം ഉണ്ടല്ലോ…’
അവളുടെ മറുപടി കേട്ട് രണ്ടു പേരുടെയും കണ്ണുകള്‍ തിളങ്ങി.
അവള്‍ ബാഗ് തുറന്ന് അതില്‍ നിന്ന് ഒരു സാന്‍വിച്ച് എടുത്ത് കഴിച്ചതിനുശേഷം ഉറങ്ങാന്‍ ഉള്ള പുറപ്പാടില്‍ ആയി.
‘അല്ല അതു പിന്നെ…’
‘ഉംംംം…???’
‘അല്ല… നമ്പര്‍ തരാന്നു പറഞ്ഞിട്ടു…???’
‘തരാമെന്നെ…’
അവള്‍ മുകളിലെ ബര്‍ത്തിലേയ്ക്ക് കയറി ഉറക്കം പിടിച്ചു.
‘വരാല്‍ വഴുതി കളയുവാണല്ലോ… ഞാന്‍ വിടില്ല മോനെ…’
രാത്രിയില്‍ ശരീരത്തിലൂടെ എന്തോ ഇഴയുന്നതു പോലെ തോന്നിയതും അവള്‍ പെട്ടെന്ന് കണ്ണു തുറന്നു. തന്‍റെ ഹാന്‍ഡ് ബാഗ് എടുക്കാന്‍ ശ്രമിക്കുന്ന ഒരുത്തനെ കണ്ടതും അവള്‍ ഒരു പോരാളിയെ പോലെ അയാളുടെ കഴുത്തില്‍ കുരുത്തു പിടിച്ചു അയാളെ താഴേയ്ക്ക് എടുത്തെറിഞ്ഞു.
ശരവേഗത്തില്‍ മുകളില്‍ നിന്ന് ചാടി ഇറങ്ങിയ അവള്‍ നിമിഷനേരം കൊണ്ട് അയാളെ കീഴ്പ്പെടുത്തി.
ഇതെല്ലാം കണ്ട് വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു വിനുവും ഗോവിന്ദും.
‘ടോ… വായും പൊളിച്ചു നില്‍ക്കാതെ ആ ചെയിന്‍ വലിക്കെടോ…’
അവള്‍ വിളിച്ചു പറഞ്ഞതും ഒരു പാവയെ പോലെ ചെന്നു ഗോവിന്ദ് ചെയിന്‍ വലിച്ചു.
ആ കള്ളനെ റെയില്‍വേ പോലീസിനെ ഏല്‍പ്പിച്ചശേഷം യാത്ര തുടരുമ്പോള്‍ അവര്‍ രണ്ടു പേരും കടുവയെ പിടിച്ച കിടുവയുടെ അവസ്ഥയില്‍ ആയിരുന്നു.
‘എന്താ… രണ്ടു പേരും ഒന്നും മിണ്ടാത്തെ…???’
അവളുടെ ചോദ്യം കേട്ട് അവര്‍ ഒരു വളിച്ച ചിരി പാസ്സാക്കി.
‘തനിയെ യാത്ര ചെയ്യുന്ന പെണ്ണുങ്ങള്‍ എല്ലാം പോക്കുകേസ് അല്ല കേട്ടോ… നിങ്ങള്‍ തമ്മില്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു… പിന്നെ… നിങ്ങളെ പോലുള്ള ചെറുപ്പക്കാര്‍ അവരെ മുതലെടുക്കാന്‍ ശ്രമിക്കുന്ന നേരത്ത്, എന്തു കൊണ്ട് അവര്‍ക്ക് ഒരു രക്ഷാകവചം ആകാന്‍ നോക്കുന്നില്ല…???
അങ്ങനെ ഓരോ പുരുഷന്മാരും ചിന്തിക്കാന്‍ തുടങ്ങിയാല്‍ തന്നെ മാറ്റം തുടങ്ങില്ലേ…??? ചിലപ്പോള്‍ ചില സാഹചര്യങ്ങള്‍ ആകാം സ്ത്രീകളെ തനിയെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്… അപ്പോള്‍ അവള്‍ക്ക് ഭയമല്ല തോന്നേണ്ടത്… എന്നെ കാക്കാന്‍ ചുറ്റും എന്‍റെ സഹോദരങ്ങള്‍ ഉണ്ടെന്ന് വേണം തോന്നാന്‍…’
അവളുടെ വാക്കുകള്‍ അവരുടെ തല താഴ്ത്തിച്ചു. അവള്‍ തുടര്‍ന്നു.
‘എല്ലാ സ്ത്രീകള്‍ക്കും സെല്‍ഫ് ഡിഫന്‍സ് പഠിക്കണം എന്നാണ് ആഗ്രഹം എങ്കിലും അതിനുള്ള അവസരം ഒത്തു കിട്ടുന്നില്ല എന്നതാണ് സത്യം… പാഠ്യപദ്ധതിയില്‍ അതു കൂടി ഉള്‍പ്പെടുത്തേണ്ടതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്… മാറ്റം അനിവാര്യമാണ്…
എന്നാല്‍ മാറുന്നതു വരെ നിങ്ങളെ പോലുള്ള പുരുഷന്മാര്‍ പലതും വിചാരിച്ചാല്‍ നടക്കും… ഞങ്ങള്‍ സ്ത്രീകള്‍ നിങ്ങളുടെ അമ്മയും പെങ്ങളും ഭാര്യയും ഒക്കെ പോലെ തന്നെയാണെന്ന ഒരു ചിന്ത അതു മാത്രം മതി… ബഹുമാനിക്കാന്‍… അവളുടെ വ്യക്തിത്ത്വത്തെ…അപ്പോള്‍ ഇനി ഉറങ്ങുകയല്ലേ…???’
അവള്‍ അതും പറഞ്ഞു മുകളിലേക്ക് കയറി.
പെരുവിരല്‍ മുതല്‍ അരിച്ചു കയറിയ ഒരു തണുപ്പില്‍ അവര്‍ രണ്ടുപേരും പരസ്പരം നോക്കി നിന്നു.
അപ്പോഴേക്കും അവരുടെ മനസ്സുകള്‍ കലങ്ങി തെളിഞ്ഞിരുന്നു. ഇനി ഒരിക്കലും അങ്ങനെയൊരു കണ്ണോടെ ഒരു പെണ്‍കുട്ടിയേയും നോക്കില്ലെന്ന ദൃഢനിശ്ചയത്തോടെ…!!!
രാവിലെ ട്രെയിന്‍ സ്റ്റേഷനിലേക്ക് അടുത്തതും അവളുടെ ബാഗും പെട്ടിയും എടുക്കാന്‍ അവരും സഹായിച്ചു.
ട്രെയിനില്‍ നിന്ന് ഇറങ്ങി പരസ്പരം യാത്ര പറഞ്ഞു പിരിയാനൊരുങ്ങുകയായിരുന്നു അവര്‍.
‘ഹാ… നിങ്ങള്‍ക്ക് എന്‍റെ നമ്പര്‍ വേണമെന്നല്ലേ പറഞ്ഞേ…’
‘വേണ്ട…ഇനി നമ്പര്‍ വേണ്ട…’
‘ഹേയ് ആവശ്യം വരും… നോട്ട് ചെയ്തോളൂ…’
അവള്‍ അവളുടെ നമ്പര്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തു.
‘പേര്…???’
‘ദക്ഷ…. ദക്ഷ IPS…. അപ്പോള്‍ ഇനിയും കാണാം…’
അവള്‍ അവര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് നടന്നകന്നു.