രാജീവേട്ടന്റെ അടക്കം കഴിയുന്ന നിമിഷം മുതൽ ഞാനും ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞും ആ വീട്ടിൽ ആയിരിക്കും താമസിക്കുക.

(രചന: ദർശരാജ്. ആർ)

ഗൗരിയെ എങ്ങനെയാ ഇത് അറിയിക്കുന്നത്?

ഇപ്പോഴും ICU യിൽ ആണെന്നാ ആ പാവം വിചാരിച്ചിരിക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം പോലും ആയില്ലല്ലോ ഈശ്വര…

ഉമ്മറത്തെ അടക്കം പറച്ചിൽ മുഴുവിക്കും മുമ്പേ ഗൗരി കതക് തുറന്ന് പുറത്ത് വന്നു.

പെട്ടെന്ന് എല്ലാവരും സംസാരം നിർത്തി.

ആ മോളെ, രാജീവിന് കുഴപ്പൊന്നുമില്ലാട്ടോ. ദീപനെ ഞാൻ വിളിച്ചിരുന്നു.

ഗൗരിയുടെ മുഖത്ത് നോക്കി കള്ളം പറയാനുള്ള ശേഷി ഇല്ലാത്തതിനാൽ വിദൂരതയിൽ നോക്കി രാജീവിന്റെ അച്ഛൻ ആശ്വാസം പകർന്നു.

“എപ്പോഴാ രാജീവേട്ടന്റെ ബോഡി കൊണ്ട് വരുന്നത്?”

ഗൗരിയുടെ ചോദ്യം കേട്ടതും പരിഭ്രമത്തോടെ ചുറ്റും നിന്നവർ പരസ്പരം നോക്കി.

മോളെ? അത്… അവന് കുഴപ്പമൊന്നുമില്ല. ചെറിയൊരു പരിക്ക്.

അച്ഛൻ നുണ പറഞ്ഞ് ബുദ്ധിമുട്ടേണ്ട. രാജീവേട്ടനെ നമ്മുടെ പുതിയ വീട്ടിൽ അടക്കിയാൽ മതി.

മോളെ? അത് പിന്നെ…

പാല് കാച്ചൽ പോലും ചെയ്യാത്ത വീടല്ലേ? അവിടെ എങ്ങനെയാ? ഇനി അതിന്റെ പേരിൽ ഓരോ ദോഷങ്ങൾ വരുത്തി വെക്കണ്ട.

ഇതിൽ കൂടുതൽ എന്ത് ദോഷം വരാനാച്ഛാ?

ഞാനിനി പറയാൻ പോകുന്ന കാര്യം ദയവായി അച്ഛൻ നടത്തി തരണം. രാജീവേട്ടന്റെ അടക്കം കഴിയുന്ന നിമിഷം മുതൽ ഞാനും ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞും ആ വീട്ടിൽ ആയിരിക്കും താമസിക്കുക.

മോളെ? നീ എന്തൊക്കെയാ ഈ പറയുന്നത്?

പക്ഷെ ആരെത്ര പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗൗരി തന്റെ നിലപാടിൽ ഉറച്ചു നിന്നു.

ഒടുവിൽ ഔദ്യോഗിക ബഹുമതികളോടെ തന്റെ പുതിയ വീട്ടിൽ രാജീവന്റെ ബോഡി കൊണ്ട് വന്നു.

അപ്പോഴേക്കും പറമ്പിൽ രാജീവനെ അടക്കം ചെയ്യാനുള്ള ചിതയൊരുങ്ങുന്നുണ്ടായിരുന്നു.

അതേ സമയം തങ്ങളുടെ പുതിയ വീട്ടിൽ ആദ്യമായി കാച്ചിയ പാലുമായി ഗൗരി രാജീവന്റെ മൃത ദേഹത്തിനരികെ ഒരു തുള്ളി കണ്ണ് നീര് പോലും പൊടിക്കാതെ കൂട്ടിരുന്നു.

ധീര ജവാന് നാടിന്റെ ആദരാഞ്ജലികൾ 🙏🏻

ചെറിയ ചാറ്റൽ മഴ തുടങ്ങിയ അന്നേ ദിവസം രാത്രി.

മോളെ ഗൗരി ? സമയം ഒത്തിരി വൈകി. വാ നമുക്ക് അങ്ങ് വീട്ടിൽ പോകാം.

അമ്മ പൊയ്ക്കോളൂ…

ഇത്രയും വർഷം നമ്മളൊക്കെ സ്വസ്ഥമായിട്ട് ഉറങ്ങിയത് രാജീവേട്ടനെ പോലുള്ളവരുടെ ഉറക്കം നമുക്ക് തന്നിട്ടല്ലേ?

ഈയൊരു രാത്രിയെങ്കിലും പട്ടിയും പൂച്ചയും ശല്യം ചെയ്യാതെ എന്റെ ചേട്ടനെ ഉറക്കി കിടത്താൻ ഞാനൊന്ന് കാവലിരുന്നോട്ടെ.

പ്ലീസ്, എന്നെ നിർബന്ധിക്കരുത്.

മോളെ? നീയൊന്ന് പൊട്ടിക്കരഞ്ഞെങ്കിൽ ഞങ്ങൾക്ക് ഇത്രേം പേടിയും വിഷമവും വരില്ലായിരുന്നു.

അയ്യേ? പട്ടാളക്കാരന്റെ ഭാര്യ പൊട്ടി കരയാനോ?
എനിക്ക് വിഷമമൊന്നുമില്ലമ്മാ. ഈ രാത്രി എന്നെ റൂമിൽ കൊണ്ട് പോവാൻ ആരും ശ്രമിക്കരുത്. ഞാൻ വരില്ല.

ഗൗരിയുടെ ഇച്ഛാശക്തിക്ക് മുമ്പിൽ ഒരിക്കൽ കൂടി ബന്ധുക്കളും കൂട്ടുകാരും പരാജയപ്പെട്ടു.

കണ്മുന്നിൽ കത്തിയെരിഞ്ഞ തന്റെ ജീവന്റെ പാതിയെ ഓർത്തോണ്ട് ചുറ്റും ആരും ഇല്ല എന്ന് ഉറപ്പാക്കിയ ശേഷം സങ്കടം സഹിക്കാനാവാതെ പട്ടാളക്കാരന്റെ ഭാര്യയായ ഗൗരി ആദ്യമായി പൊട്ടിക്കരഞ്ഞു.

അയ്യേ എന്റെ പെണ്ണ് കരയുകയാണോ? നിനക്ക് നമ്മുടെ കുഞ്ഞ് ഇല്ലേടി? ഏതാണ്ട് ഒരു മാസം കൂടി കഴിയുമ്പോൾ ആളിങ്ങെത്തില്ലേ? നീ കണ്ണ് തുടച്ചേ…

ദേ, ഇങ്ങോട്ട് നോക്കിയേ…
നമ്മുടെ ആദ്യ രാത്രിയിൽ നിന്നോട് ഞാൻ എന്താ പറഞ്ഞത്?

നാണമൊന്നും വേണ്ടാ, ലൈറ്റ് ഇട്ടേച്ച് അടിമുടി എന്നെ നോക്കി വെച്ചോന്ന്. ചിലപ്പോൾ അടുത്ത വരവിന് ഇതിൽ ഏതെങ്കിലുമൊക്കെ ഭാഗങ്ങൾ മണ്ണിനടിയിൽ പോയിട്ടുണ്ടാകും.

ചേട്ടാ, ചുമ്മാതിരി…

ഗൗരി രാജീവന്റെ വായ പൊത്തി പിടിച്ചു.

ഗൗരിയുടെ നെറുകയിൽ ചുംബിച്ചോണ്ട് രാജീവൻ തുടർന്നു…

മോളെ, ഇതിനേക്കാൾ സത്യസന്ധമായി എന്റെ ജോലിയെ എനിക്ക് വർണ്ണിക്കാനാവില്ല. പക്ഷെ ഈ ജോലിക്കിടയിൽ എന്റെ ജീവൻ നഷ്ടപ്പെട്ടാലും എന്റെ രാജ്യത്തിന് വേണ്ടി ആണെന്ന അഭിമാനത്തോടെ ഞാൻ മരിക്കും. അത് കൊണ്ട് എനിക്ക് എന്ത് സംഭവിച്ചാലും നീ കരയരുത്.

ആളുകൾ പലതും പറയും. അവൻ ചത്താലെന്താ? പണം കിട്ടൂലേ? അങ്ങനെ അവരുടെ വായിൽ തോന്നിയ പലതും നീ ഭാവിയിൽ കേൾക്കേണ്ടി വരും.

അന്നേരം ഒന്ന് മാത്രം ഓർക്കുക.

കുരക്കാത്ത നായയും ഇല്ല,
കുറവ് പറയാത്ത വായയും ഇല്ല.
ഇത് രണ്ടുമില്ലാത്ത നാടുമില്ല.

പക്ഷെ എന്തൊക്കെയാണേലും ഈ നാടിനെ, ഞങ്ങളെ പോലുള്ളവർക്ക് രക്ഷിച്ചല്ലേ പറ്റൂ?

ഗൗരി രാജീവനെ കെട്ടിപിടിച്ചു.

വരുന്ന നവംബറിൽ നമ്മുടെ പുതിയ വീട് പാല് കാച്ചി കേറണം. വീടിനിടാനുള്ള പേര് ഓർമയുണ്ടല്ലോ?

“BORDER”

അത് അറിയാലോ? ആ സിനിമ തലക്ക് പിടിച്ചല്ലേ പട്ടാളത്തിൽ ചേരാൻ പോയത്?

പിന്നല്ല. ഇനിയെന്റെ മോള്
കണ്ണ് തുടച്ചിട്ട് പോയി കിടന്നുറങ്ങ്.

പെട്ടെന്ന് തന്റെ ഓർമ്മയിൽ നിന്നും ദീർഘ നിശ്വാസത്തിന്റെ അകമ്പടി സേവിച്ചോണ്ട് ഗൗരി കണ്ണ് തുടച്ചു. ശേഷം നെഞ്ചം തകർന്ന വേദന കടിച്ചമർത്തി നിറവയറുമായി രാജീവന്റെ ഇനിയും എരിഞ്ഞടങ്ങാത്ത ഓർമ്മകൾക്ക് മുമ്പിൽ കൈകൂപ്പി വണങ്ങി.

ഒരുപക്ഷെ അന്ന് രാത്രിയിൽ, ചാരമായ തന്റെ അച്ഛനോട്‌ അവർക്ക് ജനിക്കാൻ പോകുന്ന കുഞ്ഞും ഗൗരിയുടെ വയറ്റിൽ കിടന്ന് ദേ ഇങ്ങനെ പറഞ്ഞിട്ടുണ്ടാവാം.

“അപ്പ ഒരിക്കലും സങ്കടപ്പെടരുത്, ഇനിയുള്ള കാലം അമ്മയ്ക്കും ഈ നാടിനും കാവലായി ഞാനുണ്ടാവും”

JAI HIND

©️ദർശരാജ്. ആർ.

Leave a Reply

Your email address will not be published. Required fields are marked *