(രചന: ഹേര)
“അച്ഛനോട് എത്ര തവണ പറയണം കതകിൽ മുട്ടിയിട്ട് വേണം അകത്തേക്ക് വരാനെന്ന്. ഞാൻ കുട്ടിക്ക് പാല് കൊടുക്കാന്ന് അറിയില്ലേ.”
കുഞ്ഞിന് പാല് കൊടുത്ത് ഉറക്കുകയായിരുന്നു ദേവിക. അപ്പഴാണ് അമ്മായി അച്ഛൻ ചന്ദ്രൻ ഒന്ന് കതകിൽ തട്ടുക പോലും ചെയ്യാതെ വാതിൽ തള്ളി തുറന്ന് മുറിയിലേക്ക് കയറി ചെന്നത്.
അയാളെ കണ്ടതും ദേവിക പെട്ടെന്ന് ബെഡ് ഷീറ്റ് എടുത്ത് മാറിടം മറച്ചു.
“അത് മോളെ ഞാൻ ഫോണിന്റെ ചാർജർ എടുക്കാൻ വന്നതാ.”
“അച്ഛന്റെ ചാർജർ ഇവിടെ എങ്ങനെ ഉണ്ടാവാനാ. അപ്രത്തെങ്ങാനും പോയി നോക്ക്.” ആർത്തിയോടെ തന്നെ ഉഴിയുന്ന അയാളുടെ നോട്ടം നേരിടാനാവാതെ ദേവിക മുഖം വെട്ടിച്ചു
“സോറി മോളെ. നീ പാല് കൊടുക്കായിരിക്കുമെന്ന് ഓർത്തില്ല ഞാൻ.” അവള് കാൺകെ സ്വന്തം സ്വകാര്യ ഭാഗത്ത് തടവി കൊണ്ട് ചന്ദ്രൻ പുറത്തേക്ക് പോയി.
ദേവിക വല്ലാത്ത സങ്കടവും ദേഷ്യവുമൊക്കെ വന്നു. ആദ്യമായിട്ടല്ല ഇങ്ങനെ. പല തവണയായി. പ്രസവം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞു സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിലേക്ക് അവൾ വന്നിട്ട് ഇപ്പൊ മാസം രണ്ട് കഴിഞ്ഞു. അവിടേക്ക് വന്ന് കുറച്ചു നാൾ കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് ഭർത്താവിന്റെ അച്ഛന്റെ ഭാഗത്ത് നിന്നും സംശയം തോന്നിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റം.
ദേവികയുടെ ഭർത്താവ് ബിജോയ് ഗൾഫിലാണ്. അവനൊരു ചേട്ടനുള്ളത് ഫാമിലി ആയി കാനഡയിൽ ആണ്.
കല്യാണം കഴിഞ്ഞു ബിജോയ് ടെ വീട്ടിൽ വന്നു കയറുമ്പോൾ അമ്മായി അച്ഛൻ അത്ര പ്രശ്നക്കാരനായി ദേവികയ്ക്ക് തോന്നിയിരുന്നില്ല.. അമ്മ അത്യാവശ്യം അമ്മായി അമ്മ പോരൊക്കെ ഉള്ള കൂട്ടത്തിലാണ്. അവൾ എന്ത് വച്ചുണ്ടാക്കിയാലും നൂറു കുറ്റം പറയും. അടിച്ചു വാരി തുണി അലക്കി പാത്രം കഴുകി എന്ന് വേണ്ട വീട്ടിലെ സകല പണി ചെയ്താലും വൃത്തി ആയില്ല എന്ന് പറഞ്ഞ് അമ്മായി അമ്മ വീണ്ടും അതൊക്കെ ചെയ്യുന്നത് കാണുമ്പോ ദേവികയ്ക്ക് സങ്കടാവും. എന്നിട്ട് മോനെ വിളിച്ചു ഇങ്ങനെ പറയും.
“നിന്റെ ഭാര്യയ്ക്ക് വീട്ടിലെ പണിയെടുക്കാൻ ഒന്നും അറിയില്ല. ഏത് നേരവും മൊബൈലും തോണ്ടി ഇരിക്കാനേ അവളെ കൊണ്ട് ഒക്കു. ഒരു ജോലിയും വൃത്തിക്ക് ചെയ്യില്ല. പിന്നേം എല്ലാം ഞാൻ തന്നെ പുറകിന് നടന്ന് ചെയ്യണം.”
ഇതൊക്കെ കേട്ട് ബിജോയ് രണ്ട് പക്ഷവും പിടിക്കാതെ അമ്മ പറയുന്നത് കേട്ട് മൗനം പാലിക്കും.
അമ്മായി അമ്മയുടെ കുറ്റം പറച്ചിൽ കേട്ട് ദേവിക ജോലികൾ ഒന്നും ചെയ്യാതിരുന്നാൽ അതിനും കുറ്റം തുടങ്ങും.
“നിന്റെ ഭാര്യ ഇപ്പൊ മേലനങ്ങി ഒരു പണി എടുക്കില്ല. ഞാൻ അവളുടെ വേലക്കാരി ഒന്നുമല്ല ഊട്ടി ഉറക്കാൻ. അവളോട് അടങ്ങി ഒതുങ്ങി നിക്കാൻ പറഞ്ഞാൽ നിനക്ക് കൊള്ളാം. എനിക്കിനി ഈ വയസാം കാലത്ത് നിന്റെ ഭാര്യയുമായി തല്ല് പിടിക്കാനുള്ള ആരോഗ്യം ഒന്നുമില്ല.”
“ഞാൻ എന്ത് ചെയ്താലും അമ്മയ്ക്ക് ഓരോ കുറ്റം പറഞ്ഞു നടക്കും അമ്മ. എനിക്കിതൊക്കെ കേട്ട് സങ്കടം വരുന്നുണ്ട് ട്ടോ.” രാത്രി വീഡിയോ കാൾ വിളിക്കുമ്പോ ദേവിക പരാതി പറഞ്ഞു കരയും.
“ഇതൊക്കെ എല്ലാ വീട്ടിലും ഉള്ളതാ പെണ്ണെ. അവര് വയസ്സായില്ലേ. നീ ഇതൊന്നും കാര്യമാക്കണ്ട. നിനക്ക് വേണ്ടി അമ്മയോട് വഴക്ക് കൂടാൻ എനിക്ക് വയ്യ.” ബിജോയ് മുഷിച്ചിലോടെ പറയുന്നത് കേക്കുമ്പോ അവളുടെ മനസ്സിടറും.
അമ്മയോട് പോയി വഴക്കിടാൻ വേണ്ടിയല്ല അവൾ വിഷമം പറയുന്നത്. നിനക്ക് ഞാനില്ലേ പെണ്ണെ എന്ന് പറഞ്ഞുള്ള അവന്റെ ഒരു ആശ്വാസ വാക്ക് കേൾക്കാനായിരിക്കും. പക്ഷേ അത് അവനിൽ നിന്ന് ഉണ്ടാവേമില്ല. പിന്നെ പിന്നെ ദേവിക അവനോട് ഒന്നും പറയില്ല. സങ്കടമൊക്കെ അവൾ ഉള്ളിലടക്കും..
ആ സമയത്തൊക്കെ അവൾക്ക് സപ്പോർട്ട് ആയിട്ട് നിന്നിരുന്നത് അമ്മായി അച്ഛനായിരുന്നു. പ്രസവം കഴിഞ്ഞു വന്ന സമയത്തും അമ്മയേക്കാൾ കൂടുതൽ കുഞ്ഞിനെ അവളുടെ അടുക്കൽ നിന്ന് കൊണ്ട് പോയി നോക്കുന്നത് അച്ഛനാണ്. ആ സമയത്ത് അവൾ വീട് പണിയൊക്കെ ഒതുക്കും.
ദേവിക മുറ്റമടിക്കാൻ ഇറങ്ങുമ്പോ മോനേം കളിപ്പിച്ചു അയാൾ ഉമ്മറത്തുണ്ടാവും. കുനിഞ്ഞു നിന്ന് അടിച്ചു വാരുമ്പോ മാക്സിയുടെ മുൻഭാഗം താഴ്ന്നിട്ട് പുറത്തേക്ക് കാണുന്ന അവളുടെ മാറിടങ്ങളിലേക്ക് ആയിരിക്കും അയാളുടെ കണ്ണുകൾ. ദേവിക ആദ്യം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഒരിക്കൽ അപ്രതീക്ഷിതമായിട്ടാണ് അതവളുടെ ശ്രദ്ധയിൽ പെട്ടത്. തനിക്ക് തോന്നുന്നതാണോ എന്ന് പോലും അവൾ സംശയിച്ചു പോയി.
തന്റെ മനസ്സിൽ കടന്ന് കൂടിയ ആശങ്ക മാറ്റാനായി പിന്നീടവൾ അച്ഛനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അവൾ ശ്രദ്ധിക്കാതിരിക്കുമ്പോ ഒളിഞ്ഞും തെളിഞ്ഞും അയാളുടെ നോട്ടം തന്റെ ശരീരത്തിലേക്ക് ആണെന്ന് ബോധ്യമായതോടെ ദേവികയ്ക്ക് അച്ഛനോട് കഠിനമായ വെറുപ്പ് തോന്നി.
മരുമകൾക്ക് തന്റെ തനിനിറം മനസ്സിലാവുകയും അതവൾ ആരോടും പറഞ്ഞിട്ടില്ല എന്നറിഞ്ഞതും ചന്ദ്രന് കാര്യങ്ങൾ കൂടുതൽ സൗകര്യമായി. പിന്നെ പിന്നെ അവൾ അടുക്കളയിൽ നിക്കുമ്പോഴൊക്കെ അറിയാത്ത ഭാവത്തിൽ തട്ടിയും മുട്ടിയും നടക്കുക കുട്ടിയെ കൈയിൽ വാങ്ങുമ്പോ അനാവശ്യമായി അവളുടെ ശരീരത്തിൽ ഉരസാൻ ശ്രമിക്കുക… ഇതൊക്കെ ചെയ്യുമ്പോ അമ്മായി അമ്മയും അടുത്ത് എവിടെയെങ്കിലും ഉണ്ടാവും. അവർക്ക് അസ്വഭാവികത തോന്നാത്ത രീതിയിലാണ് ചന്ദ്രന്റെ പ്രവർത്തികൾ. അതുകൊണ്ട് ഒന്ന് ഉറക്കെ പ്രതികരിക്കാൻ പോലും ദേവിക ഭയന്നു. അയാൾ കാണിക്കുന്ന നെറികേടിന് തെളിവില്ലാതെ പ്രതികരിച്ചാൽ താൻ തെറ്റ് ചെയ്തുവെന്ന് എല്ലാവരും കൂടി വരുത്തിതീർക്കുമെന്ന് അവൾക്ക് തോന്നി.
ഇപ്പൊ അവൾക്ക് മുറിക്കുള്ളിൽ ഇരുന്ന് സ്വസ്ഥമായി കുഞ്ഞിന് പാല് കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയായി. മുറി പൂട്ടിയിട്ട് പാല് കൊടുത്തിരുന്നപ്പോ അമ്മായി അമ്മ വഴക്ക് പറഞ്ഞിട്ടാണ് അവൾ ഡോർ ചേർത്തടയ്ക്കുക മാത്രം ചെയ്തിരുന്നത്. അമ്മ എന്തെങ്കിലും എടുക്കാൻ വരുമ്പോൾ റൂം പൂട്ടിയിരിക്കുന്നത് കണ്ട കലി വരും.
“ഇവിടിപ്പോ നീ കൊച്ചിന് മുല കൊടുക്കുന്നത് നോക്കാൻ വരാൻ ആരിരിക്കുന്നു. നീ കതക് കുറ്റിയിട്ട് അകത്തു കേറി അടയിരുന്നാൽ എനിക്ക് അത്യാവശ്യത്തിന് എന്തേലും എടുക്കണമെങ്കിൽ നീ നട തുറക്കുന്നതും കാത്തിരിക്കേണ്ടി വരുമല്ലോ.” ഇത് കേട്ട് മടുത്താണ് അവൾ വാതിൽ പൂട്ടാത്തത്. അതിപ്പോ അയാൾ ഒരു സൗകര്യം പോലെ കണ്ട് വച്ചിരിക്കുകയാണ്.
അമ്മായി അമ്മയുടെ വീട്ടിലിടുന്ന കുറെ ഡ്രെസ്സുകൾ അവളുടെ മുറിയിലെ അലമാരയിലാണ് ഉള്ളത്. അത് അവർ അവിടുന്ന് എടുത്തു സ്വന്തം മുറിയിൽ കൊണ്ട് വയ്ക്കില്ല. ഇടയ്ക്കിടെ അങ്ങോട്ട് ഇടിച്ചു കേറാൻ അവർക്ക് അതാണ് ഒരു വഴി. അച്ഛൻ മുറിയിലേക്ക് കേറി വരാൻ തുടങ്ങിയപ്പോൾ അവൾ അമ്മയുടെ വഴക്ക് മൈൻഡ് ചെയ്യാതെ സ്വന്തം മാനമാണ് വലുതെന്നു കരുതി കതക് പൂട്ടാൻ തുടങ്ങി.
ഇനി ഇതിങ്ങനെ വിട്ടാൽ പറ്റില്ലെന്ന് ദേവികയ്ക്ക് തോന്നി. ബിജോയ് യോട് അച്ഛന്റെ പെരുമാറ്റം ഇപ്പൊ തീരെ ശരിയല്ല എന്നവൾ സൂചിപ്പിച്ചപ്പോൾ പ്രതീക്ഷിച്ച പോലെ പൊട്ടിത്തെറിയാണ് ഉണ്ടായത്.
അങ്ങനെ അവൾ അവനൊരു വീഡിയോ അയച്ചു കൊടുത്തു. പലപ്പോഴായി അവൾ ഷൂട്ട് ചെയ്തതാണ്.
അടുക്കളയിൽ ഫ്രിഡ്ജിനു മുകളിൽ വീഡിയോ ഓൺ ആക്കി അവൾ ഫോൺ വച്ചിട്ട് അടുക്കള പണിയിൽ മുഴുകുമ്പോഴാണ് ചന്ദ്രൻ വെള്ളം കുടിക്കാനെന്ന ഭാവേന അവിടെ വന്നിട്ട് അവളുടെ പിൻ ഭാഗത്തു കൈ വയ്ക്കുന്നത്. അതുപോലെ അവൾ കാണാൻ വേണ്ടി അടിവസ്ത്രം ഇടാതെ മുണ്ട് മാറ്റി സ്വകാര്യ ഭാഗം കാണിക്കൽ അശ്ലീല ചുവയുള്ള രീതിയിലുള്ള ചിരി… അവളിൽ നിന്നും യാതൊരു വിധത്തിലുള്ള പ്രതികരണം ഉണ്ടാവില്ലെന്ന് അറിഞ്ഞപ്പോ അയാൾ കൂടുതൽ മോശമായി കൊണ്ടിരുന്നു.
വീഡിയോ കണ്ട് സത്യാവസ്ഥ ബോധ്യപ്പെട്ട ബിജോയ് അവളോട് മാപ്പ് പറഞ്ഞ് നാട്ടിലേക്ക് വന്ന് ഭാര്യേം കൊച്ചിനേം കൂട്ടി തിരികെ ഗൾഫിലേക്ക് മടങ്ങി.
മടങ്ങി പോകും മുൻപ് അച്ഛന്റെ മുഖം മൂടി അമ്മയ്ക്ക് മുൻപിൽ വലിച്ചു കീറിയെങ്കിലും അവർ അത് വിശ്വസിക്കാതെ മരുമകളെ പ്രാകി. പക്ഷേ തന്റെ ഭാര്യയോട് മോശമായി പെരുമാറിയ അച്ഛനിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ ബിജോയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
ആ വീട്ടിൽ നിന്ന് ഇറങ്ങിയതോടെ ദേവിക സ്വസ്ഥതയും സമാധാനവും എന്തെന്ന് അറിഞ്ഞു. ബിജോയ്ക്ക് ഒപ്പം പിന്നീടവൾ സമാധാനത്തോടെ ജീവിച്ചു.