ഇനിയൊന്നുറങ്ങട്ടെ
(രചന: Jainy Tiju)
“കുഞ്ഞിന്റെ അസുഖം മൂലം ഉറങ്ങാൻ കഴിയുന്നില്ല. യുവതി പന്ത്രണ്ട് വയസ്സുള്ള കുഞ്ഞിനെ വി ഷം കൊടുത്തു കൊലപ്പെടുത്തി ”
അന്നത്തെ പത്രത്തിന്റെ മുൻപജിലെ വാർത്തയുടെ തലക്കെട്ട് അതായിരുന്നു.
മൊബൈൽ സ്ക്രീൻ സ്ക്രോൾ ചെയ്തപ്പോൾ ഫേസ്ബുക്കിലെ മിക്ക പ്രമുഖരുടെയും പോസ്റ്റും ഇത് തന്നെയായിരുന്നു.
ഒരമ്മക്ക് ഇത്ര ക്രൂരയാവാൻ കഴിയുമോ എന്നാണ് പ്രധാന ചോദ്യം. അതിനടിയിലെ കമന്റുകളിൽ നിറയെ ആ സ്ത്രീയോടുള്ള പ്രതിഷേധവും വെറുപ്പും പ്രകടമാവുന്നു.
മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കുന്ന അമ്മമാരുടെ വില കളയാൻ ഇതുപോലുള്ള ഒന്നോ രണ്ടോ കാണുമല്ലോ.
” ലയേ, ആ പെണ്ണിനെ അറസ്റ്റ് ചെയ്തല്ലോ. റിമാൻഡ് ചെയ്താൽ നിന്റെ സബ്ജയിലിലേക്കാവും കൊണ്ടുവരുന്നത് അല്ലെ? ”
അമ്മയാണ്.
” അതെ, ഈ ഏരിയയിൽ ഉള്ളത് എന്റെ ഡിവിഷൻ ആണല്ലോ അമ്മേ ”
ഞാൻ മറുപടി പറഞ്ഞു.
” കലികാലം എന്നല്ലാതെ എന്തുപറയാൻ. എങ്ങനെ കഴിയുന്നു ഈ പെണ്ണുങ്ങൾക്കൊക്കെ നൊന്തുപെറ്റ കുഞ്ഞിനെ കൊന്നുകളയാൻ. ഇവർക്കൊന്നും വേണ്ടെങ്കിൽ വല്ല അനാഥാലയത്തിലും ആക്കരുതോ?”
അമ്മ അമർഷത്തോടെ പറഞ്ഞു.
” അമ്മയുടെ ജയിലിൽ കൊണ്ടുവന്നാൽ നല്ല ഇടി കൊടുക്കണേ അമ്മേ.. ”
പത്തുവയസ്സുകാരനായ എന്റെ മോനാണ്. അവനു പോലും സഹിക്കാൻ കഴിയുന്നില്ല.
ഞാനൊന്നും മിണ്ടാതെ അകത്തേക്ക് നടന്നു. ചെറിയ ഒരു ശാരീരിക ആസ്വാസ്ഥ്യം മൂലം ഞാൻ ഒരാഴ്ചയായി ലീവിലാണ്. പതിനാറു വർഷമായി സർവീസിൽ കയറിയിട്ട്.
എറണാകുളം സബ്ജയിലിൽ ജയിലറായിട്ട് ഇത് രണ്ടുവർഷം. ഇതിനിടയിൽ അനേകം കുറ്റവാളികളെ കണ്ടിട്ടുള്ള എനിക്ക് ഇതിൽ പുതുമ ഒന്നും തോന്നിയില്ല..
പക്ഷെ, എന്തോ കാഴ്ച്ചയിൽ നിഷ്കളങ്കമായ ആ മുഖം മനസ്സിനെ കൊളുത്തി വലിക്കുന്നുണ്ട്. അവളെപ്പോലൊരു പെണ്ണിന് എങ്ങനെയാവും ഇത് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാവുക.
സ്വന്തം അമ്മ നൽകുന്ന ഭക്ഷണത്തിൽ വിഷമുണ്ടാകുമെന്ന് ഒരു മക്കളും പ്രതീക്ഷിക്കില്ലല്ലോ. വീണ്ടും മനസ് കലങ്ങി.
എന്തായാലും ലീവ് തീർന്നു ഡ്യൂട്ടിക്ക് കേറുമ്പോഴേക്കും അവൾ റിമാൻഡിലായിരുന്നു.
കുഞ്ഞിന്റെ സംസ്കാരസമയത്ത് ഒരുതുള്ളി കണ്ണീർ പോലും വാർക്കാതെ പ്രതിമ പോലിരുന്ന ക്രൂരയെക്കുറിച്ച് വീണ്ടും വാർത്തകളിൽ കേട്ടു.
ഞാൻ ചെന്നുകേറിയപ്പോഴും സ്റ്റാഫിന് പറയാനുണ്ടായിരുന്നത് അവളെക്കുറിച്ചായിരുന്നു. കോടതിയിലും അവൾ മൗനമായിരുന്നത്രെ.
ഇവിടെ എത്തിയവഴി പറ്റാവുന്ന വിധത്തിൽ സ്റ്റാഫും മറ്റു പ്രതികളും കൈകാര്യം ചെയ്തിട്ടുണ്ട്. പുറമെ മുറിവുണ്ടാവുന്ന തരത്തിൽ ഉള്ള പണികളൊക്കെ മിക്കവർക്കും അറിയാം.
” കൊച്ചേതാണ്ട് ജനിച്ചപ്പോഴേ എഴുന്നേറ്റു നടക്കാൻ പറ്റാത്തതാ. അതിന്റെ എല്ലാ കാര്യങ്ങളും ഇവൾ ചെയ്തു കൊടുക്കണം. കെട്ടിയോൻ പണ്ടേ ഇട്ടേച്ചു പോയതാ.
പിന്നെ ഇവൾ തോന്നിവാസം നടക്കുകയായിരുന്നു. കൊച്ചിപ്പോ അവളുടെ കാര്യങ്ങൾക്കൊക്കെ തടയായി. അപ്പോ അതിനെ അങ്ങ് തീർത്തെക്കാമെന്നു കരുതിക്കാണും. ”
വാർഡൻ മറിയാമ്മ മുന്നിൽ നടന്ന കാര്യങ്ങൾ പോലെയാണ് പറയുന്നത്. കേട്ടിരിക്കുന്നവരും സമ്മതിക്കുന്നുണ്ട്.
ഇപ്പോൾ പോലീസ് അന്വേഷണം പൂർത്തിയാകും മുന്പേ മാധ്യമക്കോടതിയിലും സാമൂഹികമാധ്യമങ്ങളിലും വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്നതാണല്ലോ ട്രെൻഡ്.
അതിനിടയിൽ ഭാവന കൂടുതലുള്ളവർ അതിനനുസരിച്ചു കഥകളും ഇറക്കുന്നു.
എന്തായാലും അവളെ ഒന്ന് കണ്ടേക്കാമെന്നു കരുതി അവളുടെ സെല്ലിലേക്ക് നടന്നു. അവളുടെ മുടിക്ക് കുത്തിപിടിച്ചു ഇരുത്തിയിട്ടുണ്ട് സരോജിനി.
ബൽകീസ അവളുടെ കവിളിൽ കുത്തിപ്പിടിച്ചിട്ടുമുണ്ട്. എന്നെക്കണ്ടതും രണ്ടുപേരും അകന്നുമാറി.
” എന്താടി ഇവിടെ? ”
ഞാനല്പം ശബ്ദമുയർത്തി ചോദിച്ചു.
” സാറെ, ഇവളെ അറിയില്ലേ. സ്വന്തം കുഞ്ഞിനെ വി ഷം കൊടുത്തു കൊ ന്നിട്ട് സുഖിച്ചു കഴിയാമെന്ന് വിചാരിച്ചവളാ. ഇവർക്കൊക്കെ മറ്റേ സൂക്കേടാ സാറെ. എന്നിട്ട് ഇവൾക്ക് ഇപ്പോൾ ഉറങ്ങണമത്രേ. ഫ്തൂ. ”
പറഞ്ഞത് സരോജിനിയാണ്. അത്യാവശ്യം കളവും പിടിച്ചുപറിയും ചെറിയ ഗുണ്ടായിസവുമൊക്കെ ഉള്ള ആളാണ് സരോജിനി.
ബൽക്കീസയാണെങ്കിൽ നാട്ടിലെ ഒരു പ്രമുഖന്റെ പൈസ അടിച്ചുമാറ്റിയ കേസിലെ പ്രതി. രണ്ടുപേരും നല്ല മുറ്റുകേസുകളാണ്.
അറിഞ്ഞുകൊണ്ട് തന്നെയാണെന്ന് തോന്നുന്നു വാർഡൻമാർ ഇവളെ ആ സെല്ലിൽ തന്നെ ഇട്ടത്. അവർക്കൊക്കെ പറയാൻ ന്യായങ്ങളുണ്ട്. ഗതികെട്ട അഞ്ചാറു ജന്മങ്ങളുടെ വയറുനിറക്കണം എന്ന ന്യായം.
മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്വന്തം മക്കൾ പട്ടിണികിടന്നു മറക്കാതിരിക്കാൻ ഇവരൊക്കെ ഏത് തരംതാഴ്ന്ന പണിക്കും ഇറങ്ങുന്നു, പക്ഷെ, ഈ പെൺകുട്ടിയോ?
” രഞ്ജിനി, ഇവളെ എന്റെ റൂമിലേക്ക് കൊണ്ടുവാ. ”
ഞാൻ പ്രൊബേഷൻ ഓഫീസർ രഞ്ജിനിയോട് പറഞ്ഞിട്ട് എന്റെ റൂമിലേക്ക് നടന്നു.
” ചെല്ലെടി , നിനക്കുള്ളത് കിട്ടും. ഞങ്ങളൊന്നും ഒന്നുമല്ല. ചെല്ല് “.
പുറകിൽ നിന്ന് ബാൽക്കീസയുടെ സ്വരം കേട്ടു.റൂമിൽ എത്തിയപ്പോൾ രഞ്ജിനിയോട് പൊക്കോളാൻ പറഞ്ഞു.
ഒരു നിമിഷം എന്നേ സംശയത്തോടെ നോക്കിയിട്ട് രഞ്ജിനി വാതിൽ അടച്ചതിന് ശേഷം പുറത്തേക്ക് ഇറങ്ങി.
ഞാനവളുടെ മുഖത്തേക്ക് നോക്കി. നിർജീവമായിരുന്ന മിഴികളിൽ ഇപ്പോൾ ഭയത്തിന്റെ മിന്നലാട്ടം കാണാം.
ഈ മൂന്നാലു ദിവസത്തിനുള്ളിൽ ഈ മുറികളിൽ അവൾ അനുഭവിച്ചത് എന്താണെന്ന് അവളുടെ കണ്ണുകളിൽ എനിക്ക് വായിക്കാമായിരുന്നു.
” സുനിത ഇരിക്ക്. ”
അവൾ അവിശ്വസനീയതയോടെ എന്നേ നോക്കി. അവൾ അത്രയും സൗമ്യമായ സ്വരം പ്രതീക്ഷിച്ചില്ലെന്നു തോന്നി.
” ഇരിക്കെടോ. പേടിക്കണ്ട. ഞാൻ തന്നെ ഉപദ്രവിക്കില്ല.”
അവൾ മനസ്സില്ലാമനസോടെ കസേരയിൽ ഇരുന്നു. ചുറ്റിനും ഉഴറിനോക്കി. ഞാൻ എഴുന്നേറ്റ് ചെന്നു അവളുടെ മുന്നിലെ മേശയിൽ ചാരി നിന്നു.
” ഒരുപാട് കേട്ടു, പത്രങ്ങളിൽ വായിച്ചു. എങ്കിലും എനിക്ക് നിന്നെ കേൾക്കണമെന്ന് തോന്നി. അതിനാ വിളിച്ചത്.
പറ എന്താണുണ്ടായത്? പന്ത്രണ്ട് വർഷം വളർത്തിയ സ്വന്തം കുഞ്ഞിനെ കൊന്നുകളയാൻ മാത്രം എന്താണ് നിന്നെ പ്രേരിപ്പിച്ചത്?
നിന്നെ കണ്ടാൽ അവർ പറയുന്നൊരു പെണ്ണാണെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് ചോദിക്കുന്നത്, പറ എന്താ ഉണ്ടായത്? ”
അവൾ മുഖം താഴ്ത്തി ഇരുന്നതല്ലാതെ മിണ്ടിയില്ല.
” പറയെടി “. എന്റെ ശബ്ദം ഉയർന്നതും അവൾ ഞെട്ടിയെഴുന്നേറ്റു.
” എനിക്കൊന്നുറങ്ങണം സാറേ, സമാധാനമായിട്ട് , സ്വസ്ഥമായിട്ട് ഒരു ദിവസമെങ്കിലും എനിക്കൊന്നുറങ്ങണം..”
പറഞ്ഞതും അവൾ വാവിട്ട് കരഞ്ഞു. ഞാനൊരു നിമിഷം വല്ലാതായി.
കുറച്ചു സമയത്തിന് ശേഷം അവൾ തുടർന്നു.
” പതിനെട്ടാം വയസ്സിൽ ഏതോ ഒരു ബാധ്യത തീർക്കാൻ എന്നപോലെ കല്യാണം കഴിപ്പിച്ചതാ എന്നെ. ഉടനെ തന്നെ കുഞ്ഞുമുണ്ടായി.
ആദ്യമൊക്കെ നല്ല സ്നേഹമായിരുന്നു അദ്ദേഹത്തിന്. എന്റെ കുഞ്ഞിനെ കാണുന്നത് വരെ.
അടയാത്ത, പുറത്തേക്ക് തള്ളിയ കണ്ണുകളും വായയും. കേൾക്കാനോ കാണാനോ കഴിയുമോ എന്ന് ഉറപ്പില്ലാത്ത അവസ്ഥ. ഒരിക്കലും എഴുന്നേറ്റു നടക്കാൻ കഴിയാത്ത ശരീരം.
അതായിരുന്നു എന്റെ മോൾ. ഒരുതരം ജനിതക രോഗമാണത്രെ. അപൂർവങ്ങളിൽ അപൂർവം. ഫൈ ഫെർസ് സി ൻഡ്രം എന്നാണത്രെ രോഗത്തിന്റെ പേര്.
ഇരുപത്തി നാലുമണിക്കൂറും കാവലിരിക്കണം, വയറുതുളച്ചു ഒരു ട്യൂബ് ഇട്ട് അതിലൂടെ ആണ് ഭക്ഷണം കൊടുക്കുന്നത്.
ഓരോ മണിക്കൂർ ഇടവിട്ട് കണ്ണിൽ മരുന്നൊഴിച്ച് കൊടുക്കണം ഉണങ്ങാതിരിക്കാൻ.
വായയും നാവും ഇടക്കിടെ പഞ്ഞി വെച്ച് തുടക്കണം, രാത്രിയിൽ ശ്വാസം നിന്നു പോകുമോ എന്ന് പേടിച്ചു കാവലിരിക്കണം.
കുറച്ചു നാൾ കഴിഞ്ഞപ്പോ എല്ലാവർക്കും മടുത്തു. എന്റെ ഭർത്താവ് ഉപേക്ഷിച്ചു പോയി. ഇങ്ങനെ നിരാശപ്പെട്ട് ഒരു ജീവിതം നശിപ്പിക്കാൻ വയ്യാത്രെ..
ഏതോ നല്ലൊരു സ്ത്രീയെ കണ്ടുപിടിച്ചു ജീവിതം തുടങ്ങി. ഞാൻ വീണ്ടും വീട്ടുകാർക്ക് ഒരു ബാധ്യത ആയി. ആദ്യം എല്ലാവർക്കും സിംപതി ആയിരുന്നു.
പിന്നീട് ഞാൻ ശല്യമായി, എന്റെ കുഞ്ഞു അപശകുനമായി, സഹോദരങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഇവളെ കാണുന്നത് പേടിയായി.
പതുക്കെ ഞാനൊരു വാടക വീട്ടിലേക്ക് മാറി.. കുറച്ചു നാൾ ഏട്ടന്മാർ പണം തന്നു സഹായിക്കുമായിരുന്നു.
പക്ഷെ, വാടകയും മരുന്നും വീട്ടുചെലവും എല്ലാം കൂടെ ഞാൻ മറ്റുള്ളവർക്ക് ഒരു ഭാരമാണെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് ഒരു പണിക്ക് പോണമെന്നു തോന്നിയത്.
അപ്പോഴും മോളെ ആര് നോക്കും എന്നത് ചോദ്യമായി. ഒടുവിൽ പകൽ അമ്മ നോക്കിക്കോളാം എന്ന് സമ്മതിച്ചു. ഞാൻ അടുത്തൊരു തുണിക്കടയിൽ ജോലിക്ക് പോയിത്തുടങ്ങി.
പക്ഷെ അതു അധികകാലം നീണ്ടില്ല. മോളെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതും മറ്റുമായി പലപ്പോഴും ജോലിക്ക് പോകാൻ കഴിയാതെയായി.
മോൾ വളരുംതോറും അമ്മക്ക് അവളെ തിരിക്കാനും മ റിക്കാനും ഒന്നും പറ്റാതായിതുടങ്ങി.
ഞാനും തളർന്നു. പകൽ ജോലിയും രാത്രി മോളെ നോട്ടവും. ഒന്നുറങ്ങിയ കാലം മറന്നു തുടങ്ങി.
കഴിഞ്ഞ വർഷം എന്റെ അമ്മ മരിച്ചു സാറേ. ഇപ്പോൾ ഞാൻ ജോലിചെയ്യുന്ന കടയിലെ മുതലാളി നല്ലവനായിരുന്നു.
ഞാൻ ലീവെടുത്താലും ശമ്പളം തികച്ചു തരും. ആശുപത്രിയിൽ പോകാൻ ചിലപ്പോൾ കാറുമായി വരും.
അമ്മ പോയതോടെ ഞാൻ ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ നോക്കുന്ന കാര്യം കഷ്ടമായി.
ചിലപ്പോഴൊക്കെ ഏട്ടന്മാരുടെ ഭാര്യമാർ സഹായിക്കും ചിലപ്പോൾ അയൽക്കാരും. ആ ദിവസങ്ങളിലാണ് ഞാൻ ജോലിക്ക് പോകുന്നത്.
പക്ഷെ, ജോലിക്ക് പോകാതെയും എന്നെ സഹായിക്കുന്ന ആ നല്ല മനുഷ്യനെയും മഞ്ഞക്കണ്ണുകളിലൂടെ കാണുവാനായിരുന്നു നാട്ടുകാർക്ക് ഇഷ്ടം. ”
ഒരു നിമിഷം നിർത്തി അവളൊന്നു ദീർഘശ്വാസം എടുത്തു.
” മടുത്തു സാറേ എനിക്ക്. എല്ലാം മടുത്തു. ഉറക്കമില്ലാത്ത പകലുകളും രാത്രികളും.
വിദേശനാടുകളിലൊക്കെഎന്തോ മെഷീൻ കിട്ടുമത്രേ ഉറക്കത്തിൽ ശ്വാസം നിന്ന് പോകാതെ നോക്കാനും അലാറം അടിക്കാനുമൊക്കെ. നമ്മളെപ്പോലുള്ള ആൾക്കാർ എന്ത് ചെയ്യാനാ.
കൊല്ലണമെന്ന് കരുതിയല്ല വളർത്തിയത്. എന്നെങ്കിലും അവൾ എഴുന്നേൽക്കുമെന്നും എന്നെ അമ്മേ എന്ന് വിളിക്കുമെന്നും വെറുതെ എങ്കിലും പ്രതീക്ഷയുണ്ടായിരുന്നു..
അവളുടെ ശരീരം പക്ഷെ വളർന്നു ഒരു സ്ത്രീരൂപത്തിലേക്ക്. പേടിയാണ് സാർ.. മിണ്ടാനും പ്രതികരിക്കാനും കഴിയാത്ത മാംസപിണ്ടങ്ങളെയും വെറുതെ വിടാത്ത കാട്ടാളന്മാരുള്ള കാലത്ത് പേടിയാണ് സാറേ..
ജീവിക്കണമെന്ന് അവൾ ആശിച്ചിരുന്നോ എന്ന് അറിയില്ല. പക്ഷെ, ഇനി മതിയാക്കാം എന്നെനിക്ക് തോന്നി.”
” അവൾക്ക് വിഷം കൊടുത്തിട്ട് ഞാനും കഴിക്കണം എന്നാണ് കരുതിയത്. പക്ഷെ, എന്റെ മോൾ മരിച്ചു എന്ന് ഉറപ്പിക്കാതെ എനിക്ക് വിഷം കഴിക്കാൻ കഴിയില്ലായിരുന്നു. ഞാൻ മരിച്ചിട്ട് എന്റെ മോൾ ബാക്കിയായാലോ.
പക്ഷെ, എന്റെ മോൾ അവസാനമായി ഒന്ന് പിടഞ്ഞു. അത് കണ്ടപ്പോൾ അറിയാതെ ഉറക്കെ കരഞ്ഞു പോയതാണ് ഞാൻ. അപ്പോഴേക്കും ആളുകൾ വന്നു. പിന്നെ എനിക്ക് കഴിഞ്ഞില്ല സാറേ…. ”
അവൾ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ഒന്ന് സമാധാനിപ്പിക്കാൻ കഴിയാതെ ഞാൻ അവളുടെ ഷോൾഡറിൽ അമർത്തിപ്പിടിച്ചു.
” എനിക്കൊന്നുറങ്ങണം സാറേ, ഇനിയെങ്കിലും. പന്ത്രണ്ട് വർഷം എനിക്ക് നഷ്ടപ്പെട്ട ഉറക്കം എനിക്കുറങ്ങണം.. ”
അവളെന്നെ നോക്കി.
” സുനിത . നിന്റെ ന്യായങ്ങളൊന്നും കോടതിക്കോ മറ്റുള്ളവർക്കോ മനസ്സിലാകണമെന്നില്ല. പക്ഷെ, എനിക്ക് മനസ്സിലാവുന്നുണ്ട് നിന്നെ. നിന്റെ അവസ്ഥ.
എനിക്ക് അതിലൊന്നും നിന്നെ സഹായിക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ, ഒരുകാര്യം ഉറപ്പ് തരാം. ഇനി നിന്നെ ആരും ഇവിടെ ഉപദ്രവിക്കില്ല. നീ പോയി ഉറങ്ങിക്കോളൂ മതിയാവുവോളം.”
അവൾ എന്റെ നേരെ കൈകൂപ്പി പുറത്തേക്ക് വേച്ചു വേച്ചു നടന്നു.
അവൾ പോകുന്നത് കണ്ട ഞാനൊന്നു നിശ്വസിച്ചു.
‘ ഉറങ്ങാൻ ശ്രമിക്കു കുട്ടി. പക്ഷെ എനിക്കറിയില്ല നിനക്കതിന് കഴിയുമോ എന്ന്.
ഇതുവരെ അവളുടെ ജീവൻ പോകുമോ എന്ന് ഭയന്ന് ഉറങ്ങാതെ കാവലിരുന്ന നീ, ഇനിമുതൽ അവൾ ആഗ്രഹിക്കാതെ,
ആ ജീവനെടുത്ത കുറ്റബോധത്തിൽ പിടഞ്ഞ് ഉറക്കം നഷ്ടപ്പെടും. നിന്റെ വിധിയാണത്. നിന്റെ മാത്രമല്ല നിന്നെപ്പോലുള്ള ഒരുപാട് ജന്മങ്ങളുടെ വിധി…