ആരോടും കൂടുതൽ സംസാരിക്കുന്നതോ ഇടപഴകുന്നതോ അയാൾക്ക് ഇഷ്ടമല്ലായിരുന്നു.. അയാളുടെ ഇഷ്ടം മാനിക്കാതെ മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ

(രചന: J. K)

“”നിമ്മീ… വിനു വരുന്നുണ്ട് “” അമ്മ വിളിച്ചു പറഞ്ഞതും ഭയത്തോടെ അവൾ വീട്ടിലേക്ക് ഓടി. കുറെ നാളിന് ശേഷം ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് നിൽക്കാൻ വന്നതായിരുന്നു നിമ്മി..

അവളെ പുറത്ത് കണ്ടതും അടുത്ത വീട്ടിലുള്ള ആന്റി ഓരോ വിശേഷങ്ങൾ ചോദിച്ചപ്പോൾ മതിലിനപ്പുറത്തുനിന്ന് വിശേഷങ്ങൾ പറയുകയായിരുന്നു അതിനിടയ്ക്കാണ് അവളുടെ ഭർത്താവ് വന്നു എന്ന് അമ്മ വിളിച്ചു പറഞ്ഞത് അത് കേട്ട് എന്തോ ഭയം അവളുടെ മുഖത്ത് നിറഞ്ഞു അവൾ വേഗം അകത്തേക്ക് ഓടി…

അവളുടെ മട്ടും ഭാവവും കണ്ട് അപ്പുറത്തെ വീട്ടിലെ ആന്റിയും പറയുന്നുണ്ടായിരുന്നു എന്ത് കളിയും ചിരിയും ആയി നടന്ന പെൺകുട്ടിയാ…

ആകെ മാറി ഇപ്പോൾ ആരോടും മിണ്ടാട്ടം ഇല്ലാതെയായി എന്തെങ്കിലും അങ്ങോട്ട് ചോദിക്കണം എന്നാലേ പറയൂ എന്ന്…

അത് സത്യമായിരുന്നു ഒരു കിലുക്കാം പെട്ടി പ്പോലത്തെ പെണ്ണായിരുന്നു നിമ്മി എല്ലാവരോടും സംസാരിച്ച് കളിച്ചു ചിരിച്ചു നടക്കുന്ന, എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം…

അവൾക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ അച്ഛൻ ചെറുപ്പത്തിലെ ഉപേക്ഷിച്ചതാണ് അതുകൊണ്ടുതന്നെ വരുന്ന കല്യാണ ആലോചനകൾ പലതും ആ പേരിൽ ഒഴിഞ്ഞു മാറിപ്പോയിരുന്നു അതിന്റെ പേരിൽ അവളുടെ അമ്മയ്ക്ക് വളരെ ടെൻഷനും ഉണ്ടായിരുന്നു…

അങ്ങനെയാണ് വിനുവിന്റെ വിവാഹാലോചന വരുന്നത് അവിടെ അച്ഛനും അമ്മയ്ക്കും ഒറ്റ മകനായിരുന്നു വേറെ പ്രശ്നങ്ങൾ ഒന്നുമില്ല അവിടെ അവനെപ്പറ്റി അന്വേഷിച്ചപ്പോൾ എല്ലാവർക്കും നല്ലത് മാത്രമായിരുന്നു പറയാൻ ഉണ്ടായിരുന്നത്…

ഒരു പ്രൈവറ്റ് ബാങ്കിലാണ് വിനു വർക്ക് ചെയ്തിരുന്നത്.. ധാരാളം സ്വത്തും ഉണ്ടായിരുന്നു അവർക്ക് അതുകൊണ്ടുതന്നെ അമ്മ കൂടുതൽ ഒന്നും ചിന്തിക്കാതെ ഈ വിവാഹം നടത്തി..

പക്ഷേ താനൊരുപാട് കുഴിയിലേക്കാണ് ചെന്ന് പെട്ടത് എന്ന് കല്യാണം കഴിഞ്ഞതിനു ശേഷം മാത്രമാണ് അവൾക്ക് മനസിലായത്…

ഒരു പ്രത്യേകതരം സ്വഭാവക്കാരനായിരുന്നു അയാൾ.. ആരോടും കൂടുതൽ സംസാരിക്കുന്നതോ ഇടപഴകുന്നതോ അയാൾക്ക് ഇഷ്ടമല്ലായിരുന്നു.. അയാളുടെ ഇഷ്ടം മാനിക്കാതെ മറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ക്രൂരമായി തന്നെ ഉപദ്രവിക്കും..

പക്ഷേ മറ്റുള്ളവരുടെ മുന്നിൽ അയാൾ സ്നേഹനിധിയായ ഒരു ഭർത്താവാണ് അതുകൊണ്ടുതന്നെ ഇങ്ങനെയൊക്കെയാണ് ബെഡ്റൂമിൽ അയാളുടെ സ്വഭാവം എന്ന് പറഞ്ഞാൽ ഒരാളും വിശ്വസിക്കില്ല..

അവിടെ ഞങ്ങൾ തമ്മിൽ എന്ത് പ്രശ്നമുണ്ടായാലും അയാളുടെ അമ്മയും അച്ഛനും അതെല്ലാം കണ്ടില്ല എന്ന് നടിക്കും.
അവരോട് പരാതി പറഞ്ഞാലും പറയും അതെല്ലാം നിങ്ങളുടെ കാര്യമാണ് നിങ്ങളുടെ ബെഡ്റൂം വിട്ട് അതൊന്നും വെളിയിലേക്ക് വരരുത് എന്ന്…

അവരോട് പറഞ്ഞിട്ട് ഒരു പ്രയോജനവുമില്ല എന്ന് എനിക്ക് അപ്പഴേ മനസിലായിരുന്നു…

ഒരിക്കൽ അയാളുടെ വീട്ടിലേക്ക് എന്റ അമ്മാവന്റെ മകൻ വന്നിരുന്നു അവൻ ആ വഴിക്ക് എന്തിനോ കാര്യത്തിന് വന്നപ്പോൾ വീട്ടിലേക്ക് ഒന്ന് കയറിയതാണ്.. അന്നേരം മാന്യമായി തന്നെ അയാൾ അവനോട് പെരുമാറി പക്ഷേ അവൻ അവിടെ നിന്ന് ഇറങ്ങിയതിനു ശേഷം വല്ലാത്ത ഉപദ്രവം ആയിരുന്നു..

“” നിങ്ങൾ തമ്മിൽ എന്താടി ബന്ധം? കല്യാണത്തിന് മുമ്പ് നീ അവന്റെ കൂടെ അല്ലായിരുന്നു ഇപ്പോൾ കല്യാണം കഴിഞ്ഞപ്പോൾ അവനവളെ കാണാതിരിക്കാൻ വയ്യ അതുകൊണ്ടല്ലേ അവൻ നിന്റെ പേരും പറഞ്ഞ് ഇങ്ങോട്ട് അന്വേഷിച്ചു വന്നത്?? “”
എന്നൊക്കെ പറഞ്ഞു ബഹളം വച്ചു..

വല്ലാതെ അടിക്കുന്നത് കണ്ടപ്പോൾ അയാളുടെ അമ്മയും അച്ഛനും വന്നു തടഞ്ഞു പക്ഷേ അവർക്ക് മകന്റെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ട് കൂടുതൽ ഒന്നും അവർ ഞങ്ങളുടെ കാര്യത്തിൽ ഇടപെട്ടില്ല..

ഇത് പലപ്പോഴും ആവർത്തിച്ചു ആരോട് സംസാരിച്ചാലും അയാൾ ഇതുപോലെ ക്രൂരമായി തന്നെ ഉപദ്രവിക്കാൻ തുടങ്ങി..

കുടുംബത്തിൽ എന്തെങ്കിലും ഒരു ഫംഗ്ഷൻ ഉണ്ടെങ്കിൽ അയാൾ എന്നെ കൊണ്ടുപോകില്ല പുറത്തേക്ക് കൊണ്ടുപോകില്ല ആ വീട്ടിൽ അടച്ചിട്ട ഒരു കിളിയെ പോലെ നിൽക്കണം അതായിരുന്നു എന്റെ വിധി…

പലരും ഇതൊക്കെ എന്റെ അഹങ്കാരമായി വിധിയെഴുതി.. കല്യാണം കഴിഞ്ഞപ്പോൾ നിനക്കിപ്പോൾ ഞങ്ങളെ ഒന്നും വേണ്ട അല്ലേ എന്ന് സ്ഥിരം കേൾക്കുന്ന ഒരു പല്ലവിയായി മാറി..

പക്ഷേ അതിന് പിന്നിലെ നിജസ്ഥിതി അറിയാൻ ആരും മെനക്കെട്ടില്ല എന്ന് മാത്രം…

ഇടയ്ക്ക് അയാളുടെ കാല് പിടിച്ച് കരഞ്ഞാലാണ് ഒന്ന് വീട്ടിലേക്ക് കൊണ്ടാക്കുക.
അതും ഇടയ്ക്കിടയ്ക്ക് വീഡിയോ കോൾ വിളിക്കും ഞാൻ എന്തു ചെയ്യുന്നു എവിടെയാണ് ആരാണ് കൂടെ എന്നൊക്കെ അയാൾക്ക് അറിയണം മടുത്തിരുന്നു എല്ലാംകൊണ്ടും….

അമ്മയോട് എല്ലാം തുറന്നു പറയണോ എന്ന് ചിന്തിച്ചു പക്ഷേ അമ്മ വളരെ സന്തോഷവതി ആയിരുന്നു എന്നെ നല്ലൊരു കയ്യിൽ ഏൽപ്പിച്ചല്ലോ എന്ന സമാധാനം.

ആ മുഖത്ത് നിറച്ച് കണ്ടപ്പോൾ പിന്നെ ഒന്നും പറയാൻ തോന്നിയില്ല വെറുതെ ഞാനായിട്ട് എന്തിനാണ് ആ മനസ്സമാധാനം കളയുന്നത് ഇതെന്റെ വിധിയാണ് എന്നൊക്കെ കരുതി..

എല്ലാം ഒരു ദിവസം ശരിയാകും എന്ന് കരുതി.. ഒരു മാസം പീരിയഡ്സ് വൈകി വന്നപ്പോൾ അയാളുടെ അമ്മയാണ് സംശയം പറഞ്ഞത് അവൾക്ക് വിശേഷം ഉണ്ടോ എന്ന് നോക്കാൻ..

ഏതൊരു ഭർത്താവിനും സന്തോഷം നൽകുന്ന ഒരു വാർത്ത പക്ഷേ അയാൾ അതിനു പ്രതികരിച്ചത് എന്നെ ക്രൂരമായി ഉപദ്രവിച്ച് ആയിരുന്നു.. നീ ഗർഭിണി ആണെങ്കിൽ അതിന്റെ ഉത്തരവാദി ആരാണെന്ന് കൂടി പറയടീ എന്ന് പറഞ്ഞ് അയാൾ വല്ലാതെ ഉപദ്രവിച്ചു..

എന്തോ ഭാഗ്യത്തിന് അത് പ്രഗ്നൻസി അല്ലായിരുന്നു മറ്റെന്തോ കാരണം കൊണ്ട് പീരിയഡ്സ് വൈകിയത് ആയിരുന്നു

പക്ഷേ ഞാൻ ശരിക്കും ഗർഭിണിയായാലും അയാളുടെ പെരുമാറ്റം ഇതുതന്നെയാവും എന്നറിയാവുന്നതുകൊണ്ട് ഇനി അവിടെ നിൽക്കുന്നതിൽ അർത്ഥമില്ല എന്ന് മനസിലായി.. ഒരു കുഞ്ഞാവുമ്പോൾ എല്ലാം ശരിയാകും എന്ന് കരുതിയിരുന്ന എനിക്ക് അത് വലിയൊരു അടി തന്നെയായിരുന്നു…

ഇനിയും ഞാൻ മിണ്ടാതിരുന്നാൽ എല്ലാം സഹിച്ചാൽ ജീവിതകാലം മുഴുവൻ ഞാൻ ഈ നരകത്തിൽ കിടക്കേണ്ടി വരും എന്ന് ബോധ്യമായി അതുകൊണ്ടാണ് അമ്മയോട് ഞാൻ എല്ലാം തുറന്നു പറയാം എന്ന് വിചാരിച്ചത്..

“”എന്റെ മോള് എല്ലാം സഹിക്കണം അവിടെ നിൽക്കണമെന്ന് പറയും എന്ന് വിചാരിച്ച എന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു അമ്മയുടെ മറുപടി..

“” ഇത്രയും കാലം എന്തിനുവേണ്ടിയാണ് നീ ഇതൊക്കെ സഹിച്ചത് നിനക്ക് ഇങ്ങോട്ട് ഇറങ്ങിപ്പോരാൻ പറ്റില്ലായിരുന്നോ?? ഞാനുണ്ടല്ലോ ഇവിടെ ജീവനോടെ എന്നായിരുന്നു അമ്മയുടെ മറുപടി..

അത് കേട്ടപ്പോൾ എന്തൊക്കെയോ ആശ്വാസമായിരുന്നു എനിക്ക്..
ഒരച്ഛൻ ഇല്ലാത്തതിന്റെ കുറവ് ഒരിക്കലും ഈ അമ്മ കാരണം ഞാൻ അനുഭവിച്ചിട്ടില്ല..

എന്നെ അറിയിച്ചിട്ടില്ല.. ദേ ഇപ്പോഴും ഇത്രയ്ക്ക് കട്ടയ്ക്ക് കൂടെ നിൽക്കാൻ എന്റെ അമ്മയ്ക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല എന്ന് പൂർണ ബോധ്യം ഉണ്ടായിരുന്നു എനിക്ക്.. ഒപ്പം അമ്മയെ തെറ്റിദ്ധരിച്ച് എല്ലാം മറച്ചുവെച്ചതിൽ ചെറിയൊരു കുറ്റബോധവും …

ഇനിയെന്നു വേണം എന്ന് കുടുംബക്കാരെ മൊത്തം വിളിച്ചു ഇരുന്ന് ഞങ്ങൾ ആലോചിച്ചു അയാൾക്ക് സംശയരോഗം ആണെന്നും ചികിത്സിച്ചാൽ നല്ല കുറവുണ്ടാകും എന്നും ഓരോരുത്തരും ഉപദ്ദേശിച്ചു..

അത് പ്രകാരമാണ് അയാളുടെ വീട്ടിൽ അമ്മ ചെന്ന് രണ്ടുപേരും ഒരു കൗൺസിലിങ്ങിന് പോണം എന്ന് പറഞ്ഞത്…

അത് വീണ്ടും പ്രശ്നമായി അവരുടെ മകന് പ്രാന്താണെന്ന് വരുത്തി തീർക്കാനുള്ള ഞങ്ങളുടെ ഗൂഢാലോചനയായി അത് ചിത്രീകരിക്കപ്പെട്ടു എത്ര പറഞ്ഞിട്ടും അവർക്ക് മനസ്സിലാകുന്നില്ല ഇതൊരു രോഗാവസ്ഥയാണ് എന്ന്…

എനിക്ക് വേറേതോ ആളുമായി ബന്ധമുണ്ട് അപ്പൊ അയാളെ ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നായി അത് ഏറ്റുപിടിക്കാൻ അവരുടെ ചില കുടുംബക്കാരും..

അവസാനം നിമിഷം അമ്മ ചോദിച്ചു നിങ്ങൾ തയ്യാറാണോ എന്ന് അവർ അല്ല എന്ന് പറഞ്ഞതും അവിടെ നിന്നിറങ്ങിയിരുന്നു പിന്നെ ഈ വിവാഹബന്ധം ഒഴിവാക്കാൻ ഒരു വക്കീലിനെ കണ്ട് അതിനുള്ള ഏർപ്പാടുകൾ ചെയ്തു…

മ്യൂച്ചലായി കൊടുത്താൽ പെട്ടെന്ന് കിട്ടുമായിരുന്ന ഡിവോഴ്സ് അയാൾ വിസമ്മതിച്ചത് കാരണം നീണ്ടുപോയി.. എങ്കിലും ഞങ്ങളും വാശിയിലായിരുന്നു… ഇനി അയാളുടെ അടിമയായി കിടക്കില്ല എന്ന വാശി..

വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു അതൊന്ന് ഒത്തുതീർപ്പാക്കാൻ.. ഒടുവിൽ അയാളുടെ ഭാര്യ എന്ന പദവി അവിടെ വലിച്ചെറിഞ്ഞിട്ടാണ് ഞാൻ ഇറങ്ങിയത്..
അപ്പോഴേക്കും ഒരു ജോലിയും സമ്പാദിച്ചു..

ഇനി ഞാനും അമ്മയും ഉള്ള ഒരു ലോകം മാത്രം മതി വിവാഹമല്ല ഏറ്റവും പ്രധാനം.. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാകുക എന്നതാണ് എന്ന് ഇതിനകം അമ്മയും പഠിച്ചിരുന്നു…

എന്നെ മനസ്സിലാക്കാൻ എന്നെ അംഗീകരിക്കാൻ കഴിവുള്ള ഒരാളുമായി ഒരു വിവാഹം.. വൈകിയാലും അത് എന്നെങ്കിലും ഉണ്ടാകും..

ഇപ്പോ ഈ വീട് മുഴുവൻ സന്തോഷമാണ് സമാധാനമാണ് ആ പഴയ കിലുക്കാംപെട്ടി വീണ്ടും ഈ വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്…

Leave a Reply

Your email address will not be published. Required fields are marked *