“ ഈ ബെഡ്റൂമിൽ എങ്ങനെയാടി ഒരു സിഗരറ്റിന്റെ മണം? “

(രചന: J. K)

അയാൾ വന്നു കോളിംഗ് ബെൽ അടിച്ച സമയത്ത് ബാത്റൂമിൽ ആയിരുന്നു ബീന… കുട്ടികൾ സ്കൂളിൽ നിന്ന് എത്താറാവുന്നതേയുള്ളൂ.

അതുകൊണ്ടു തന്നെ ഈ നേരത്ത് ആരാണെന്ന് അറിയാതെ അവൾ വേഗം ബാത്റൂമിൽ നിന്നിറങ്ങി… വേഗം പോയി വാതിൽ തുറന്നു തൊട്ടു മുന്നിൽ നിൽക്കുന്ന തന്റെ ഭർത്താവിനെ കണ്ടു അവൾ ആദ്യം ഒന്ന് ഭയപ്പെട്ടു….

“”” ഏതവനയാടി കേറ്റി ഒളിപ്പിച്ചിരിക്കുന്നത്??? “””

എന്നും പറഞ്ഞ് അവളെ ഉന്തി മാറ്റി അയാൾ അകത്തേക്ക് കടന്നു വിനയൻ.

എല്ലാം കണ്ട് നിസ്സംഗതയോടെ നിന്നു ബീന, കാരണം ഇതൊരു പുതിയ അനുഭവമല്ലായിരുന്നു വിവാഹം കഴിഞ്ഞത് മുതൽ ഇങ്ങനെയാണ് ഇയാൾ….

തനിക്ക് ഏതോ ഒരു കാമുകൻ ഉണ്ടെന്ന് ഏതോ കാലം മുതൽ അയാൾ സങ്കൽപ്പിക്കുന്നുണ്ട്…. എന്നിട്ട് ഓരോ പൊട്ടും പൊടിയും കണ്ട് അതെല്ലാം അയാളുടേതാണെന്ന് പറഞ്ഞ് വഴക്കിടും….

ഇന്നും കടയിൽ നിന്ന് സംശയം തോന്നി നേരത്തെ ഇറങ്ങി വന്നതാണ്. ഇതുപോലെയാണ് തോന്നുന്ന നേരത്ത് എല്ലാം കയറി വരും എന്റെ കാമുകനെ കയ്യോടെ പിടിക്കാൻ…

“””എടീ “””

എന്ന് ബെഡ്റൂമിൽ നിന്ന് അലറി വിളിക്കുന്നത് കേട്ടാണ് പുറകെ ചെന്ന് നോക്കിയത് ഭ്രാന്തനെ പോലെ അയാൾ അവിടെ നിന്ന് അലറുന്നുണ്ടായിരുന്നു..

“”” ഈ ബെഡ്റൂമിൽ എങ്ങനെയാടി ഒരു സിഗരറ്റിന്റെ മണം?? “””

“” ഓ ഇത്തവണ സിഗരറ്റ് ആണോ?? “‘

എന്ന് ചിരി കോട്ടി ചോദിച്ചു അയാളോട്….

അയാളുടെ ഭ്രാന്തുകൾ, ഇത് കേട്ട് ആദ്യം എല്ലാം ഭയപ്പെട്ടിരുന്നു. ഇപ്പോൾ ഒരു മരവിപ്പാണ്. എന്ത് കേട്ടാലും പ്രതികരിക്കാൻ തോന്നാറില്ല….

“”” പറയെടി നീളമുള്ള… വെളുത്ത നിറമുള്ള… ആളുകളെ കാണുമ്പോ നിനക്ക് ഇപ്പോഴും…… “”””

“””ഛെ “”’

യാതൊരു ഉളുപ്പുമില്ലാതെ എന്റെ മുഖത്ത് നോക്കി ഇത്രയും വൃത്തികേട് പറയുന്ന അയാളെ നോക്കി പറഞ്ഞു…

“”” ഓ നിനക്ക് ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല ഞാൻ പറയുമ്പോൾ ആണ് അല്ലേടി പ്രശ്നം “””

അവൾ തളർന്ന് കട്ടിലിലേക്ക് ഇരുന്നു. അയാൾ വീണ്ടും ആ വീട് മുഴുവൻ പരതി നടക്കുന്നുണ്ടായിരുന്നു അവളുടെ കാമുകന്റെ ബാക്കി അവിടെ ഉപേക്ഷിച്ചിട്ട് പോയ തെളിവുകൾ ശേഖരിക്കാൻ…

സ്കൂളിൽ പഠിക്കുമ്പോൾ അന്യജാതിക്കാരൻ ഒരാളുമായി ഒരു പ്രണയം ഉണ്ടായിരുന്നു.അത് എങ്ങനെയോ വീട്ടിൽ അറിഞ്ഞു.

വലിയ പ്രശ്നമായി. അതിന്റെ പേരിലാണ് തന്റെ പഠിപ്പ് നിർത്തിയത്. ഇങ്ങനെയൊരാളുടെ തലയിൽ തന്നെ കെട്ടിവെച്ചതും….

“””നസീം “””” അതായിരുന്നു അവന്റെ പേര് നല്ല നിറമുള്ള നീളമുള്ള ഒരാൾ…

ട്യൂഷൻ സെന്ററിൽ മാഷായിരുന്നു. അവിടെ പത്താം ക്ലാസ് ആയിരുന്നപ്പോൾ ട്യൂഷന് പോയി പരിചയപ്പെട്ടതാണ്.പിന്നീട് അങ്ങോട്ട് ഒരു മൂന്നാലു വർഷം പ്രണയമായിരുന്നു..

ഡിഗ്രി സെക്കൻഡ് ഇയറിന് പഠിക്കുമ്പോൾ, കൂട്ടുകാരിയുടെ വിവാഹത്തിന് പോയത് നസീമിന്റെ ബൈക്കിലായിരുന്നു. അത് കുടുംബത്തിൽ ആരോ കണ്ടു. വീട്ടിൽ അറിഞ്ഞു അത് വലിയ പ്രശ്നമായി…

പിന്നെ ചോദ്യം ചെയ്യൽ ആയിരുന്ന. അവരുടെ മുന്നിൽ തുറന്നു തന്നെ പറഞ്ഞു ഞങ്ങൾ തമ്മിൽ പ്രണയമാണ് എന്ന്….

വീട്ടിൽ പറഞ്ഞു കല്യാണ ആലോചനയുമായി വരാം ആരും സമ്മതിച്ചില്ലെങ്കിൽ നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് ജീവിതം തുടങ്ങാം … പ്രായപൂർത്തിയായ വരല്ലേ…..

എന്നെല്ലാമാണ് നസീം പറഞ്ഞിരുന്നത്. പക്ഷേ എന്റെ വീട്ടിൽ സമ്മതിക്കാത്തത് പോലെ നസീമിനെ അവന്റെ വീട്ടിലും സമ്മതിച്ചില്ല…

നസീമിന്റെ കൂടെ ഇറങ്ങിപ്പോകും എന്ന് പറഞ്ഞ് എന്നെ വീട് തടങ്കലിൽ ആക്കിയിരുന്നു… അങ്ങനെയാണ് വിനയന്റെ ആലോചന വരുന്നത്. സ്വന്തമായി ഒരു പലചരക്ക് കടയായിരുന്നു ടൗണിൽ. പിന്നെ ഒന്നും ആലോചിച്ചില്ല. എല്ലാം ഉറപ്പിച്ചു…

അയാൾ പെണ്ണുകാണാൻ വന്നപ്പോൾ മുന്നിൽ പോയി നിന്നത് പോലും അവരുടെ ഭീഷണിയെ എന്നിട്ടായിരുന്നു നസീമിനെ കൊന്നു കളയും എന്നായിരുന്നു ഭീഷണി….

പേടിച്ചിട്ടാണ് ഒരു കല്യാണ പെണ്ണിന്റെ വേഷവും കെട്ടി ചായയും കൊണ്ട് അയാളുടെ മുന്നിൽ പോയി നിന്നത്.അവർക്കെല്ലാം ഇഷ്ടമായി എന്ന് പറഞ്ഞു രണ്ടുപേർക്കും സംസാരിക്കാനുണ്ടെങ്കിൽ ആവാം എന്ന് പറഞ്ഞു…..

അയാളോട് നസീമിന്റെ കാര്യം പറഞ്ഞ് മനസ്സിലാക്കാം എന്നാണ് കരുതിയത് സംസാരിക്കാൻ വന്നപ്പോൾ ഞാൻ പറഞ്ഞു ഈ വിവാഹത്തിൽ നിന്ന് പിന്മാറണം എന്ന് എനിക്ക് മറ്റൊരാളെ ഇഷ്ടമാണ് എന്ന് എല്ലാം കേട്ട് വെറുതെ ചിരിച്ചതല്ലാതെ അയാൾ മറുപടിയൊന്നും പറഞ്ഞില്ല….

അയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയില്ല ഈ വിവാഹം തന്നെ നടന്നു… അതിനുശേഷം ആണ് ഇയാൾ ഇങ്ങനെയായത്… ആദ്യമൊക്കെ നസീം എന്ന പേരും പറഞ്ഞ് ഉപദ്രവിക്കും ആയിരുന്നു…

നസീമിന്റെ വിവാഹം കഴിഞ്ഞ് അയാൾ ഉമ്മയെയും ഭാര്യയെയും കൂട്ടി ഗൾഫിലേക്ക് പോയി. അവിടെ സ്ഥിരമായി. അതിനുശേഷം ഇപ്പോൾ മറ്റൊരു കാമുകനുണ്ട് എന്നും പറഞ്ഞ് ആയിരുന്നു ഉപദ്രവം…..

കറുത്ത നീളമില്ലാത്തവൻ ആയിരുന്നു വിനയൻ…. വെളുത്ത,അയാളെക്കാൾ നീളമുള്ള ഒരു ഭാര്യയെ കിട്ടി അതിന്റെ കോംപ്ലക്സ് അയാൾക്ക് ധാരാളം ഉണ്ടായിരുന്നു……

തങ്ങൾക്കിടയിൽ കുഞ്ഞുങ്ങൾ വന്നാൽ ഇതിന് അല്പം ഭേദം ഉണ്ടാവും എന്ന് വെറുതെ പ്രതീക്ഷിച്ചു അങ്ങനെ രണ്ടു കുഞ്ഞുങ്ങൾ ആയി….

അയാളുടെ സംശയരോഗം കൂടുക എന്നല്ലാതെ ഒട്ടും കുറഞ്ഞില്ല… കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ചുപോലും അയാൾ വായിൽ വരുന്നതൊക്കെ വിളിച്ചുപറയാൻ തുടങ്ങി ഏറെ വിഷമിപ്പിച്ചു കുഞ്ഞുങ്ങൾ അത് കേൾക്കുന്നത്…

കുറെ തവണ വീട്ടിൽ പോയി നിന്നു ഈ ബന്ധം വേണ്ട എന്ന് വെച്ച് അപ്പോഴൊക്കെ അയാൾ വന്ന് സോപ്പിട്ട് വീണ്ടും തിരിച്ചുകൊണ്ടുപോകും ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ല ഇതൊന്നും ആവർത്തിക്കില്ല എന്ന്

ഓരോ തവണ അയാൾ പറഞ്ഞത് വിശ്വസിച്ച് അയാളുടെ കൂടെ ഇങ്ങോട്ട് തന്നെ വരും പക്ഷേ അയാളെ കൊണ്ട് സംശയമില്ലാതെ ഇരിക്കാൻ കഴിയില്ലായിരുന്നു.

അയാൾക്ക് ഏതുനേരവും സംശയമായിരുന്നു എന്ത് ചെയ്താലും സംശയമായിരുന്നു ഇങ്ങനെ ഒരാളുടെ കൂടെ കഴിയുന്നത് എത്രമാത്രം ദുസ്സഹമാണ്…

അടുത്ത വീട്ടിലെ കല്യാണത്തിന് തലേന്ന് അങ്ങോട്ട് പോയപ്പോൾ, അവിടേക്ക് കഷ്ടകാലത്തിന് നസീം വന്നിരുന്നു..

കല്യാണം കഴിക്കാൻ പോകുന്ന കുട്ടി ഗൾഫിൽ നിസാമിന്റെ കൂടിയാണ് ജോലി ചെയ്യുന്നത്. അവർ ഭയങ്കര കൂട്ടാണത്രെ. അതുകൊണ്ടാണ് അവന്റെ വിവാഹത്തിന് നാട്ടിലേക്ക് കുടുംബസമേതം വന്നത്….

എന്നെ കണ്ടതും എന്നോട് സംസാരിക്കാൻ തുടങ്ങിയിരുന്നു. അയാളോട് തിരിച്ചു സംസാരിക്കാൻ പേടി ആയി…

വിനയേട്ടൻ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഇതു വലിയ പ്രശ്നമാകും എന്നെനിക്കറിയാമായിരുന്നു. വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു… വിനയേട്ടൻ വന്നു എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ എന്റെ മുഖത്തേക്ക് അടിച്ചു വായിൽ വന്നതെല്ലാം വിളിച്ചുപറഞ്ഞു….

എല്ലാവരും സഹതാപത്തോടെ എന്നെ നോക്കി വിനയേട്ടന്റെ സംശയരോഗത്തെപ്പറ്റി അവിടെയുള്ളവർക്കെല്ലാം അറിയാമായിരുന്നു…

എനിക്ക് പക്ഷേ അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ രാത്രി തന്നെ കുഞ്ഞുങ്ങളെയും വിളിച്ച് അവടെ നിന്നും ഇറങ്ങിപ്പോന്നു.

രണ്ടുദിവസം കഴിഞ്ഞപ്പോൾ അയാളുടെ ഭ്രാന്ത് ഒന്നടങ്ങി. വീണ്ടും എന്നെയും കുഞ്ഞുങ്ങളെയും വിളിക്കാൻ വന്നിരുന്നു…

ഇത്തവണ തീർത്ത് തന്നെ പറഞ്ഞു ഇനി വരില്ല എന്ന്.. മതിയായി എന്ന്…

എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണ് ഈ ക്രൂശിക്കപ്പെടൽ എങ്കിൽ കുഴപ്പമില്ല ആയിരുന്നു… ഇത്…

നീ വന്നില്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി അയാൾ… പലപ്പോഴും ഈ തന്ത്രം ഉപയോഗിച്ചാണ് എന്നെ തിരിച്ചുകൊണ്ടുപോകാറ് ഇത്തവണ പക്ഷേ എനിക്കൊന്നും തോന്നിയില്ല..

അങ്ങനെയാണ് വിധിയെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ എന്ന് മാത്രം പറഞ്ഞു… ആ ദേഷ്യത്തിന് പറഞ്ഞതുപോലെ അയാൾ ചെയ്തു…

അടുക്കളയിൽ ഒരു മുഴം കയറിൽ അയാൾ….
ഇത്തവണ പക്ഷേ എനിക്കൊട്ടും കുറ്റബോധം തോന്നിയില്ല.. വിവാഹം കഴിഞ്ഞത് മുതൽ അയാളെ മാത്രമായിരുന്നു മനസ്സിൽ കൊണ്ട് നടന്നത് എന്നിട്ടുപോലും അയാൾക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല…

അല്ലെങ്കിൽ ശ്രമിച്ചില്ല അയാളിലെ സംശയരോഗം അയാളെ ഒരു ഭ്രാന്തൻ ആക്കി… ഒന്ന് നന്നായി ജീവിച്ചിട്ട് പോലുമില്ല ഇത്രയും കാലം..

ഒരാളോടും മിണ്ടുന്നത് പോലും അയാളെ ഭയപ്പെട്ടിട്ടാണ്.. അതുകൊണ്ടുതന്നെ ഇതൊരു ആശ്വാസമായി തോന്നി…

കുഞ്ഞുങ്ങളെ വിളിച്ച് അയാളുടെ വീട്ടിലേക്ക് വീണ്ടും ചെന്നു… ജനലുകൾ എല്ലാം തുറന്നിട്ടു ദീർഘമായ ഒരു ശ്വാസം എടുത്തു ഈ വീട്ടിൽ വന്നിട്ട് ആദ്യമായി…..

Leave a Reply

Your email address will not be published. Required fields are marked *