(രചന: ശ്രേയ)
” കാര്യങ്ങൾ വിശദമായി തുറന്നു പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്.. എന്റെ മകളെ അതായത് ഇവന്റെ സഹോദരിയെ 101 പവനും 10 ലക്ഷം രൂപയും കൊടുത്താണ് ഞാൻ കല്യാണം കഴിപ്പിച്ചു വിട്ടത്.
ഇവൻ കല്യാണം കഴിച്ചു കൊണ്ടുവരുന്ന പെൺകുട്ടിയിൽ നിന്നും അത്രയും തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലല്ലോ..!”
ചിരിച്ചുകൊണ്ട് മനുവിന്റെ അമ്മ അത് പറഞ്ഞപ്പോൾ ഞാൻ അതിശയത്തോടെ മനുവിനെ നോക്കി. പക്ഷേ മനു എന്നെ ശ്രദ്ധിക്കുന്നു പോലുമുണ്ടായിരുന്നില്ല.
” അയ്യോ നിങ്ങൾ ഇത് എന്ത് വർത്തമാനമാണ് പറയുന്നത്..? ഞങ്ങളുടെ ഇവിടത്തെ സ്ഥിതിയൊക്കെ നിങ്ങൾക്ക് അറിയാവുന്നതല്ലേ..? ഇത്രയും വലിയൊരു സ്ത്രീധനം തരിക എന്നൊക്കെ പറഞ്ഞാൽ.. ”
അമ്മയാണ്. എന്റെ നോട്ടം എത്തി നിന്നത് അച്ഛനിൽ ആയിരുന്നു. അവിടെ നിസ്സഹായത മാത്രമാണ് കാണാനുള്ളത്.
മകൾക്ക് വന്നു കയറിയ ഭാഗ്യം ഇതോടു കൂടി നഷ്ടപ്പെട്ടു പോകുമോ എന്നൊരു ഭയം അച്ഛന്റെ മുഖത്ത് ഞാൻ കണ്ടു.
പക്ഷേ പ്രൈവറ്റ് ബാങ്കിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ അച്ഛന് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു ഭീമമായ തുകയാണ് അവർ സ്ത്രീധനമായി ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഉറപ്പിച്ച് ഒരു വാക്ക് പറയാൻ പോലും കഴിയുന്നില്ല..
മനു അപ്പോഴും ഒരക്ഷരം പോലും സംസാരിക്കാതെ അമ്മയുടെ വാക്കുകൾ അംഗീകരിക്കുന്നതു പോലെ ഇരിക്കുന്നത് കണ്ടിട്ട് വല്ലാതെ ദേഷ്യം തോന്നുന്നുണ്ടായിരുന്നു.
അവന്റെ അഞ്ചുവർഷത്തെ ആത്മാർത്ഥ പ്രണയം ഈ നിമിഷം കൊണ്ട് അവസാനിക്കുകയാണ് എന്ന് അവൾക്ക് സംശയം തോന്നി.
കോളേജിൽ ആദ്യമായി കയറി ചെല്ലുമ്പോൾ, വല്ലാത്ത ഒരു പരിഭ്രമം അവളെ ബാധിച്ചിരുന്നു.
എവിടേക്ക് പോകണമെന്നോ ആരോട് എന്ത് സംസാരിക്കണം എന്നോ ഒന്നും അവൾക്ക് അറിയില്ലായിരുന്നു. അതിന്റെതായ ഒരു ബുദ്ധിമുട്ട് അവളിൽ പ്രകടമായി കാണാനും ഉണ്ടായിരുന്നു.
അവിടെ അവൾക്ക് തുണയായി എത്തിയത് മനുവായിരുന്നു. രണ്ടുപേരും ഒരേ നാട്ടുകാർ ആണെങ്കിലും പരസ്പരം അത്രയും അടുത്ത ബന്ധമൊന്നും രണ്ടാളും തമ്മിൽ ഉണ്ടായിരുന്നില്ല.
സാമ്പത്തികമായ വ്യത്യാസം തന്നെയായിരുന്നു അതിന്റെ കാരണം.മനു അത്യാവശ്യം നല്ല ഫിനാൻഷ്യൽ ബാഗ്രൗണ്ട് ഉള്ള വീട്ടിലെ കുട്ടിയാണ്. നല്ല തറവാട്ട് മഹിമയും ഒക്കെയുള്ള കുട്ടി.
അങ്ങനെയുള്ള ഒരാളിനോട് സൗഹൃദം വച്ചു പുലർത്താനുള്ള യോഗ്യത പോലും തനിക്കില്ല എന്ന് അർച്ചനയ്ക്ക് അറിയാമായിരുന്നു.
നാട്ടിൽ വച്ച് പലപ്പോഴും കാണുമ്പോൾ ഗൗരവത്തോടെ നടന്നു പോകുന്ന മനുവിനെ മാത്രമാണ് അവൾ കണ്ടിട്ടുള്ളത്.
എന്നാൽ കോളേജിലുള്ള മനു അതിൽ നിന്നൊക്കെ ഒരുപാട് വ്യത്യസ്തനാണ് എന്ന് അർച്ചനയ്ക്ക് മനസ്സിലായി.
ഇങ്ങോട്ട് വന്ന് അവൻ സഹായം വാഗ്ദാനം ചെയ്യുമ്പോൾ അവൾക്ക് അതിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും തോന്നിയില്ല.
അവളെ ക്ലാസിൽ കൊണ്ടാക്കാനും കൂട്ടുകാരുമായി പരിചയപ്പെടാനും ഒക്കെ സഹായിച്ചത് അവൻ തന്നെയായിരുന്നു.
അവൾക്ക് അവനോട് നടക്കാനാവാത്ത നന്ദി തോന്നി. അന്ന് അവൾക്ക് അത് അവനോട് തുറന്നു പറയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് എപ്പോഴെങ്കിലും കാണുമ്പോൾ സംസാരിക്കാം എന്ന് അവൾ കരുതിയിരുന്നു.
കുറച്ചു നാളുകൾ കഴിഞ്ഞിട്ടാണ് അതിനുള്ള അവസരം ഒത്തു കിട്ടിയത്. ഒരിക്കൽ കോളേജ് കാന്റീനിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവൾ അവനോട് ചെന്ന് സംസാരിക്കുന്നത്.
” താൻ ഇതൊക്കെ വലിയ കാര്യമായി ഇപ്പോഴും ഓർത്തു നടക്കുകയാണോ..? നാട്ടിലുള്ള ഒരു കുട്ടിയെ സഹായിച്ചു എന്നു മാത്രമേയുള്ളൂ. താൻ അതിന് ഇങ്ങനെ നന്ദി പറയേണ്ട ആവശ്യമൊന്നുമില്ല.. ”
അന്ന് ചിരിച്ചുകൊണ്ട് മനു അങ്ങനെ പറഞ്ഞപ്പോൾ അവൾക്കും വല്ലാത്ത സന്തോഷം തോന്നി. പിന്നീട് പലപ്പോഴും കോളേജിൽ വച്ച് അവർ പരസ്പരം കണ്ടിരുന്നു.
പതിയെ പതിയെ അത് നല്ലൊരു സൗഹൃദമായി രൂപപ്പെട്ടു. കോളേജിൽ എവിടെ വച്ച് കണ്ടാലും രണ്ടു വാക്ക് എങ്കിലും സംസാരിക്കുന്ന തരത്തിൽ ഒരു അടുപ്പം ഇരുവർക്കും ഇടയിൽ ഉണ്ടായി.
അങ്ങനെയിരിക്കെ ഒരിക്കൽ അവൻ തന്റെ ഇഷ്ടം അവളോട് തുറന്നു പറയുന്നത്.
“അച്ചു.. തന്നോട് ഇനിയും മറച്ചു വയ്ക്കുന്നത് കൊണ്ട് അർത്ഥമില്ല എന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോൾ ഇത് തുറന്നു പറയുന്നത്.
തന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇഷ്ടം എന്ന് പറഞ്ഞാൽ വിവാഹം കഴിക്കാനുള്ള ഇഷ്ടം തന്നെ. തന്റെ മറുപടി എന്തായാലും ആലോചിച്ച് പറഞ്ഞാൽ മതി.”
പെട്ടെന്ന് അവൻ അങ്ങനെ പറഞ്ഞപ്പോൾ അർച്ചന പകച്ചു പോയെങ്കിലും അവൾ മനസ്സാന്നിധ്യം വീണ്ടെടുത്തു.
” മനുവേട്ടന് അറിയാത്തതല്ലല്ലോ എന്റെ വീട്ടിലെ സാഹചര്യങ്ങൾ. ഒരിക്കലും നമ്മൾ തമ്മിൽ ചേരില്ല.
ഞാൻ മനുവേട്ടനോട് എനിക്ക് പ്രണയമാണ് എന്ന് പറഞ്ഞാൽ പോലും അത് ഒരു വിവാഹത്തിലേക്ക് എത്തുന്ന സമയത്ത് മനുവേട്ടന്റെ വീട്ടുകാർ എതിർക്കും.
അവരുടെ ഒപ്പം നിൽക്കാനുള്ള പൊന്നും പണവും യോഗ്യതയും ഒന്നും ഞങ്ങൾക്കില്ല. അതുകൊണ്ട് മനുവേട്ടന് ഇപ്പോൾ തോന്നിയ ഇഷ്ടം മനസ്സിൽ തന്നെ വച്ചാൽ മതി.. ഇത് ഒരിക്കലും നടക്കില്ല.. ”
അങ്ങനെ അവനോട് പറയുമ്പോൾ അവളുടെ ഉള്ളിൽ അവനോട് തോന്നിയിരുന്ന പ്രണയം അവൾ അടക്കിവയ്ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
” താൻ ഇങ്ങനെയൊക്കെ പറയുമ്പോഴും തന്റെ ഉള്ളിൽ എന്നോട് ഇഷ്ടമുണ്ട് എന്ന് എനിക്കറിയാം. പിന്നെ താൻ പറഞ്ഞതുപോലെ എന്റെ വീട്ടുകാർ അത്ര ഭീകരന്മാർ ഒന്നുമല്ല.
എന്റെ പ്രണയം എന്തായാലും അവർ അംഗീകരിക്കും. തന്നെപ്പോലെ ഒരു പെൺകുട്ടിയെയാണ് എന്റെ ജീവിതത്തിലേക്ക് വേണ്ടത് എന്ന് എന്റെ മനസ്സ് പറയുന്നു. ”
അവൻ ഉറപ്പോടെ അത് പറയുമ്പോൾ ഒരുപക്ഷേ തന്റെ ജീവിതം ഇനി അവനോടൊപ്പം ആയിരിക്കാം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
പിന്നീടുള്ള അഞ്ചുവർഷക്കാലം അവരുടെ പ്രണയത്തിന്റേതായിരുന്നു. അവൾ ഇപ്പോൾ ബിഎഡ് ട്രെയിനിങ്ങിന് പോവുകയാണ്. അവനും അത്യാവശ്യം നല്ലൊരു ജോലി കിട്ടിയിട്ടുണ്ട്.
കാര്യങ്ങളൊക്കെ വീട്ടിൽ തുറന്നു പറയാം എന്ന് പറഞ്ഞത് അവൻ തന്നെയായിരുന്നു. അവന്റെ വീട്ടിൽ വിവാഹ ആലോചനകൾ തുടങ്ങിയിട്ടുണ്ട് എന്ന്…
അങ്ങനെയാണ് കാര്യങ്ങൾ ഇവിടെ വരെ എത്തിയത്. പക്ഷേ അവർ സ്ത്രീധനം ചോദിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോൾ തന്റെ അഞ്ചുവർഷത്തെ പ്രണയത്തിന് എന്ത് വിലയാണ് ഉള്ളത്..?
അവൾ സ്വയം ചോദിച്ചു.
“നിങ്ങളാരും ഒന്നും പറഞ്ഞില്ല..?”
മനുവിന്റെ അമ്മ വീണ്ടും ചോദിക്കുന്നുണ്ട്.
“അവർക്ക് ആർക്കും പ്രത്യേകിച്ചൊന്നും പറയാനില്ല.. ഈ കല്യാണം നടക്കില്ല..”
മനസ്സിനെ കല്ലാക്കിക്കൊണ്ട് അവരോട് അങ്ങനെ പറയുമ്പോൾ അവൾക്ക് വിഷമം ഒന്നും തോന്നിയില്ല.
“മോൾ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്..?”
അവർ വാൽസല്യം ചാലിച്ചുകൊണ്ട് ചോദിച്ചപ്പോൾ അവൾക്ക് ദേഷ്യമാണ് തോന്നിയത്.
” ഞങ്ങളെ മനഃപൂർവം പരിഹസിക്കാൻ വേണ്ടി നിങ്ങൾ ഇവിടേക്ക് കടന്നു വരണം എന്നുണ്ടായിരുന്നില്ല.
മനു വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ തന്നെ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി എന്താണ് എന്ന് നിങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.
എന്നിട്ടും ഇന്ന് നിങ്ങൾ ഇവിടേക്ക് കയറി വന്ന് ഇത്രയും ഭീമമായ ഒരു തുക എന്റെ അച്ഛനോട് ആവശ്യപ്പെട്ടത് ഞങ്ങളെ അപമാനിക്കാൻ കരുതി തന്നെയായിരിക്കും.
പക്ഷേ നിങ്ങളുടെ ഉദ്ദേശം എന്തുതന്നെയാണെങ്കിലും അതിന് നിന്നു തരാൻ ഞങ്ങൾ തയ്യാറല്ല.ഇത്രയും പൊന്നും പണവും തന്നുകൊണ്ട് ആ വീട്ടിലേക്ക് മരുമകളായി കയറി വരാൻ എനിക്ക് യാതൊരു ആഗ്രഹവുമില്ല.
അഞ്ചുവർഷം അവനെ പ്രണയിച്ചു എന്നല്ലാതെ മറ്റൊരു തെറ്റും ഞാൻ ചെയ്തിട്ടില്ല. പ്രണയിക്കുന്ന സമയത്ത് അവൻ എനിക്കൊരു വാക്ക് തന്നിട്ടുണ്ട്. ഒരിക്കലും സ്ത്രീധനത്തിന്റെയോ പണത്തിന്റെയോ പേരും പറഞ്ഞ് അവൻ എന്നെ ബുദ്ധിമുട്ടിക്കില്ല എന്ന്.
എന്നിട്ട് ഇപ്പോൾ അമ്മ ഇവിടെ ഇത്രയും പറയുമ്പോൾ പോലും മൗനമായി ഇരിക്കാൻ അവൻ എങ്ങനെ കഴിയുന്നു എന്ന് ആലോചിച്ച് എനിക്ക് അത്ഭുതം തോന്നുന്നു.
എന്തുതന്നെയാണെങ്കിലും ഇവിടെ വരെ വന്നതിനു നന്ദി. ഈ വിവാഹത്തിന് ഇവിടെ ആർക്കും താല്പര്യം ഇല്ല. നിങ്ങൾക്ക് പോകാം.. ”
അത്രയും പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ അവരുടെ സ്വരമാണ് അവളെ പിടിച്ചു നിർത്തിയത്.
” എന്റെ മരുമകളായി കയറിവരുന്ന പെൺകുട്ടി ഇങ്ങനെ തന്റേടത്തോടെ സംസാരിക്കുന്നത് എനിക്ക് ഇഷ്ടമാണ്.
എന്റെ മകൻ നിനക്ക് അങ്ങനെ ഒരു വാക്ക് തന്നിട്ടുണ്ടെങ്കിൽ അവൻ അത് പാലിക്കുക തന്നെ ചെയ്യും. നിങ്ങളുടെ സ്വഭാവം എന്താണെന്ന് അറിയാൻ വേണ്ടി മാത്രമാണ് ഞാനിപ്പോൾ ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്.
വലിയൊരു വീട്ടിൽ നിന്നുള്ള ആലോചന ആകുമ്പോൾ അത് കൈവിട്ടു പോകാതിരിക്കാൻ എവിടെ നിന്ന് കടം വാങ്ങിയിട്ടാണെങ്കിലും സ്ത്രീധനം തരാം എന്ന് ഏത് വീട്ടുകാരും പറയും. അത് അവർക്കുള്ള സ്ഥാനമാനങ്ങൾക്കുള്ള ആർത്തിയാണ്.
പക്ഷേ നീ അതിൽ നിന്ന് വ്യത്യസ്തമായി ഈ വിവാഹം വേണ്ട എന്നാണ് പറഞ്ഞത്. നിന്റെ തന്റേടം എനിക്കിഷ്ടപ്പെട്ടു.. വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങാം.. ”
അമ്മ അത് പറയുമ്പോൾ സത്യമാണോ എന്നറിയാൻ ഞാൻ ചുറ്റും നോക്കി. കുസൃതിയോടെ ചിരിക്കുന്ന മനുവിനെ കണ്ടപ്പോൾ, വല്ലാത്തൊരു ആവേശം..!
ഒരിക്കലും നടക്കില്ല എന്ന് കരുതിയ കല്യാണം നടക്കാൻ പോകുന്നതിന്റെ ആവേശം മുഖത്തും പ്രകടമായിരുന്നു.