“”നിസാം ഇപ്പോ താൻ പൂർണ്ണ ആരോഗ്യവാനാണ് ഇനി എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാനുള്ള കാര്യങ്ങൾ ശരിയാക്കാം “”

(രചന: J. K)

“”നിസാം ഇപ്പോ താൻ പൂർണ്ണ ആരോഗ്യവാനാണ് ഇനി എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാനുള്ള കാര്യങ്ങൾ ശരിയാക്കാം “”

എന്ന് മലയാളിയായ ഡോക്ടർ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു നിസാമിന്…

തന്റെ ഈ ദുരിതക്കയത്തിന് ഒരു അറുതി വരാൻ പോകുന്നു. അയാൾ സന്തോഷം കൊണ്ട് മതിമറന്നു ഇനി നാട്ടിലേക്ക് ഉമ്മയെ കാണണം പെങ്ങന്മാരെ കാണണം തന്റെ നഷ്ടപ്പെട്ടുപോയി എന്ന് വിചാരിച്ച്
കുടുംബക്കാരെ മൊത്തം കാണണം…

എത്ര വർഷമായി താനീ മരുഭൂമിയിൽ എത്തിയിട്ട് എന്നത് കൃത്യമായി അറിയില്ല..
മൂത്ത പെങ്ങൾക്ക് ഒരു കല്യാണാലോചന വന്നപ്പോൾ ആയിരുന്നു ആദ്യമായി ഓട്ടോ ഡ്രൈവറിൽ നിന്ന് പ്രവാസിയുടെ കുപ്പായം എടുത്തണിഞ്ഞത്..

വീടിന്റെ ആധാരം പണയപ്പെടുത്തിയാണ് അവളുടെ കല്യാണം നടത്തിക്കൊടുത്തത് ..

ദുബായിലേക്കുള്ള വിസ ശരിയായപ്പോൾ എല്ലാവർക്കും സന്തോഷം ആയിരുന്നു ഇവിടെ വന്നാൽ എന്തോ പണം വാരിക്കൊണ്ടുപോകാം എന്നാണല്ലോ നാട്ടിലുള്ളവരുടെ വിചാരം..

പെങ്ങളുടെ വിവാഹത്തിന് പണയപ്പെടുത്തിയ ആധാരം തിരിച്ചെടുക്കാൻ ആയിട്ടായിരുന്നു ആദ്യമായി ഇവിടേക്ക് വിമാനം കയറിയത് പിന്നെയും വീട്ടുകാരുടെ ആവശ്യങ്ങളുടെ ലിസ്റ്റ് നീണ്ടുനീണ്ട് വന്നു പ്രവാസത്തിന്റെ കാലയളവും..

ഇളയ പെങ്ങളുടെ വിവാഹവും കഴിഞ്ഞു..
ഇതോടെ എല്ലാം ശരിയായി ഇനി സ്വന്തം ജീവിതത്തെ പറ്റി ചിന്തിക്കാം എന്ന് ആലോചിച്ചപ്പോഴാണ് മൂത്തവൾ ഓരോ ആവശ്യമായി പിന്നെയും വന്നത് അവരുടെ പുതിയ വീട് വയ്ക്കൽ പ്രസവം അങ്ങനെ ഓരോന്ന്…

ഒരാൾക്ക് ചെയ്തു കൊടുത്താൽ പിന്നെ അത് അവരുടെ അവകാശമായി സ്ഥാപിക്കപ്പെട്ടു..
മറ്റുള്ളവർക്ക് അതിൽ കുറയാതെ ചെയ്തു കൊടുക്കേണ്ടി വന്നു..

എല്ലാത്തിനും പണം അയക്കുമ്പോൾ വല്ലാത്തൊരു മനസ്സമാധാനമായിരുന്നു അവരുടെ ഉപ്പയുടെ സ്ഥാനത്താണ് എന്നുള്ള അഹങ്കാരവും…

നമ്മളുടെ സ്വന്തക്കാരേക്കാൾ ബന്ധം ഉണ്ടാക്കാം വെറുമൊരു റൂമിൽ താമസിക്കുന്നവർ തമ്മിൽ എന്ന് മനസ്സിലാക്കിയത് ഇവിടെ നിന്നായിരുന്നു അങ്ങനെ കിട്ടിയ ഒരു കൂട്ടായിരുന്നു ബഷീറിക്ക…

എന്തും തമാശ രൂപത്തിൽ കാണുന്ന ഒരു സരസൻ അദ്ദേഹം കൂടെയുള്ളത് വലിയ ഒരു ആശ്വാസമായിരുന്നു കാരണം എന്തും തമാശയാക്കി അതിന്റെ തീവ്രത കുറയ്ക്കും അദ്ദേഹം..

ഞാൻ ആദ്യം ജോലി ചെയ്തിരുന്ന കമ്പനിയിൽ പൈസ തീരെ കുറവായതുകൊണ്ട് അദ്ദേഹത്തിന്റെ ജോലി ചെയ്യുന്ന കമ്പനിയിൽ ഒരു ജോലി മേടിച്ചു തന്നതും അദ്ദേഹമായിരുന്നു…

അതുകൊണ്ട് തന്നെ സുഹൃത്ത് ബന്ധം ഒരു സാഹോദര്യ ബന്ധത്തിലേക്ക് നയിച്ചു..

രണ്ടുപേർക്കും ഒരേ യൂണിറ്റിൽ തന്നെയായിരുന്നു ജോലി..
നാട്ടിൽ അദ്ദേഹത്തിന്റെ മകളുടെ വിവാഹമാണ് അതിന് പൈസയൊന്നും റെഡിയായിട്ടില്ല എന്നുള്ള ടെൻഷനിൽ ആയിരുന്നു ആള് അന്ന്..

എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് ധൈര്യം കൊടുത്ത് ഒപ്പം നിന്നത് ഞാനായിരുന്നു…

ടെൻഷൻ കൊണ്ടാണോ അദ്ദേഹത്തിന് അശ്രദ്ധ പറ്റിയത് എന്നറിയില്ല യൂണിറ്റിലെ മെഷീന് ഉള്ളിൽ അദ്ദേഹം പെട്ടു പോകുന്നത് കണ്ണിന്റെ മുന്നിൽ കാണേണ്ടിവന്നു ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ..

“”നാസീമേ ന്റെ കുട്ട്യോൾ””
എന്ന അവസാനത്തെ അദ്ദേഹത്തിന്റെ നിലവിളി എന്റെ ചെവിയിൽ ആണ് മുഴങ്ങിയത്…

പിന്നെ ഞാൻ ഒന്നും കേട്ടില്ല ഒന്നും അറിഞ്ഞില്ല എന്റേത് മറ്റേതോ ഒരു ലോകം ആയി മാറി…

അവിടെ നിന്നും ഇറങ്ങിയോടി ഞാൻ എവിടെയൊക്കെയോ അലഞ്ഞു നടന്നു .

ആരൊക്കെയോ ചേർന്ന് എന്നെ അവിടെ ഒരു ഹോസ്പിറ്റലിൽ ആക്കി.. ആരുടെ ഒക്കെയോ കാരുണ്യം…
കുറേക്കാലം കഴിഞ്ഞ് സ്വന്തം ഓർമ്മ തിരിച്ചുകിട്ടിയപ്പോൾ,
ആദ്യം ഓർമ്മ വന്നത് ഉമ്മയുടെ മുഖമാണ്..

ദുബായിലേക്ക് ഞാൻ പോരുന്ന അന്ന് അതുവരേക്കും ഞാൻ ഇട്ട ഷർട്ട് ഊരി മേടിച്ച ന്റെ ഉമ്മ…
“”ഇതും കൂട്ടി പിടിച്ചു കെടന്നാ ന്റുട്ടി അടുത്ത് ള്ള പോലാ “”

ന്ന് പറഞ്ഞ ന്റെ ഉമ്മ..
പിന്നെ ഉള്ളിൽ കരഞ്ഞ് പുറമേക്ക് ചിരിച്ചെന്നെ യാത്രയാക്കിയ എന്റെ പ്രിയപ്പെട്ട പെങ്ങമ്മാര്…

അവരോട് ആവശ്യപ്പെട്ടതും അതായിരുന്നു എങ്ങനെയെങ്കിലും എന്നെ ഒന്ന് നാട്ടിലേക്ക് അയക്കണം എന്ന് അവർ ഏതൊക്കെയോ സംഘടനകളും ആയി ബന്ധപ്പെട്ടു..

ഇതുവരെയ്ക്കും എന്റെ നാടോ വീട്ടുകാരെയോ ഒന്നും അറിയില്ലായിരുന്നു ആർക്കും..

ഓർമ്മയും ബുദ്ധിയും നഷ്ടപ്പെട്ട ദിവസം ഇറങ്ങി നടന്ന് എത്തപ്പെട്ടതായിരുന്നു ഞാൻ അവിടെ..

നാട്ടിലേക്ക് എങ്ങനെയോ എത്തപ്പെട്ടു എല്ലാവരോടും നന്ദി മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ സ്വന്തം അല്ലാഞ്ഞിട്ടു കൂടി എന്നെ ചേർത്തുപിടിച്ചവർ എനിക്കായി പ്രാർത്ഥിച്ചവർ…

അല്ലെങ്കിലും മനസ്സിന്റെ നന്മ കാണാൻ ഓരോ പ്രവാസിയുടെ മുറികളിലേക്കും ഒന്ന് എത്തിനോക്കിയാൽ മതി..
കൂടെ കിടക്കുന്നവന് എന്തെങ്കിലും ആപത്തുണ്ട് എന്നറിഞ്ഞാൽ സ്വന്തം വീട്ടിലേക്ക് കഞ്ഞി വാങ്ങാൻ വേണ്ടി അയക്കാൻ വച്ച പണം വരെ എടുത്തു കൊടുക്കും…
അതാണ് സ്നേഹം…
അല്ലാത്തവരും ഇഷ്ടം പോലെയുണ്ട്.. നിക്കുന്നിടം വരെ മാന്തി കൊണ്ട് പോകുന്നവർ…

വീട്ടിലേക്ക് എത്തിയതും വീടിന്റെ സ്ഥാനത്ത് ഒരു വലിയ രണ്ടു നില കെട്ടിടം കണ്ടു..
പണ്ട് ഓടിട്ട മൂന്നു മുറികളുള്ള ഒരു കുഞ്ഞു വീടായിരുന്നു ഇതിന് പകരം..
ബെല്ലടിച്ചപ്പോൾ വന്ന് വാതിൽ തുറന്നത് ഇളയ പെങ്ങളാണ്…

ഇക്കയാണ് എന്ന് പറയുമ്പോൾ ഓടി വന്നവൾ കെട്ടിപ്പിടിക്കും എന്നൊക്കെയായിരുന്നു എന്റെ ധാരണ..

പക്ഷേ എല്ലാം മാറ്റിമറിച്ച് അവൾ ഒരു ചെറിയ മോളലിൽ ഒതുക്കി…
ഇവർക്ക് വേണ്ടിയാണ് ഞാൻ കഷ്ടപ്പെട്ടത് എന്ന് വെറുതെ ഓർത്തു അത് ഉള്ളിൽ വലിയ നീറ്റൽ ഉണ്ടാക്കി..

ഇവളുടെയും കൂടി കല്യാണം കഴിഞ്ഞതിന്റെ കടം വീട്ടാനായിരുന്നു അന്ന് ഞാൻ പിന്നെയും അവിടെത്തന്നെ നിന്നത്…

‘”ഉമ്മ “”

എന്നുമാത്രം ചോദിച്ചു ഉമ്മ മരിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു എന്ന് നിസംഗ ഭാവത്തിൽ പറഞ്ഞു…

ഇനിയെന്താ വേണ്ടത് എന്ന ഭാവത്തിൽ നിന്നപ്പോൾ ഇറങ്ങുകയാണ് എന്ന് പറഞ്ഞ് നടന്നു…
അപ്പം മൂത്തവൾ ആയിഷ എവിടെയാണ് എന്ന് ചോദിച്ചു..

“”അവരൊന്നും ഇവിടെ ഇല്ല മക്കളുടെ കൂടെ വിദേശത്താ എന്ന് paറഞ്ഞു അവൾ അകത്തേക്ക് പോയി…

എങ്ങോട്ടും ഇനി തനിക്ക് പോകാൻ ഇല്ല എന്നത് വലിയൊരു തിരിച്ചറിവായിരുന്നു..

പണ്ട് ഓടിച്ചിരുന്ന ഓട്ടോയുടെ മുതലാളിയുടെ വീട്ടിലേക്ക് എത്തി..
എനിക്ക് ജീവിക്കണം എന്നൊരു തോന്നലിൽ..

അദ്ദേഹവും മരിച്ചു ഇപ്പോൾ അവിടെയുള്ളത് മക്കൾ ആണ് അവർ ഓട്ടോയൊക്കെ വിറ്റ് അവരുടെ ജീവിതം നയിക്കുന്നു…

എങ്ങോട്ടും പോകാൻ ഇല്ലാതെ കടത്തിണ്ണയിൽ തളർന്നിരുന്നപ്പോഴാണ് ആരോ കനിവ് തോന്നി ഒരു രൂപ നാണയത്തോടെ മടിയിലേക്ക് ഇട്ടു തന്നത്..

എന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് മനസ്സിലാവുകയായിരുന്നു….

അപ്പോഴേക്കും ഒരു വണ്ടി നിറയെ ആളുകൾ വന്ന് എന്നോട് പറഞ്ഞു ഇവിടെ യാചക നിരോധിത മേഖലയാണ് എന്ന്..

അവരെന്നെ പിടിച്ച് ഒരു റീഹാബിറ്റേഷൻ സെന്ററിൽ കൊണ്ടാക്കി….
ചെറിയ ചില ജോലികളൊക്കെ ചെയ്താൽ കഴിക്കാനും കിടക്കാനും ഉള്ളത് അവിടെ നിന്നും കിട്ടും..

രണ്ടു കൈ യ്യും നീട്ടി അത് ഞാൻ സ്വീകരിച്ചു സ്വന്തം ജീവിതം നോക്കാതെ വീടിനു വേണ്ടി ജീവിച്ചവന് കിട്ടിയ കൂലി..

ഇനി ഇവിടെയാവട്ടെ….

Jk

Leave a Reply

Your email address will not be published. Required fields are marked *