(രചന: J. K)
വാട്സ്ആപ്പ് ലേക്ക് വന്ന ഫോട്ടോ നോക്കി അവൾ ആ ഇരുപ്പ് തുടങ്ങിയിട്ട് ഏറെ നേരം ആയിരുന്നു…
തന്റെ ഭർത്താവ് മറ്റൊരു പെണ്ണിന്റെ കൂടെ.. തന്റെ കണ്ണുകളെ അവൾക്ക് വിശ്വസിക്കാൻ തോന്നിയില്ല…
ജീവേട്ടൻ തന്നോട് ഇങ്ങനെ ചെയ്യുമെന്ന് അവൾ ഒരിക്കൽ പോലും കരുതിയില്ല…
വിവാഹം കഴിഞ്ഞിട്ട് ഇത് ഏഴ് വർഷം ആയിരിക്കുന്നു.ഇതുവരെയും തങ്ങൾക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ദൈവം തന്നില്ല. അതിന്റെ വിഷമത്തിലായിരുന്നു ഇത്രയും നാള് അമ്പലവും വഴിപാടും ഒക്കെയായി തള്ളിനീക്കിയത്…..
അപ്പോഴൊക്കെയും ജീവേട്ടൻ ആണ് തന്നെ പറഞ്ഞ് ആശ്വസിപ്പിച്ചത്. എല്ലാം ശരിയാകും എന്ന് നമുക്ക് താമസിയാതെ തന്നെ ഒരു കുഞ്ഞുണ്ടാകുമെന്ന്….
കാണിക്കാത്ത ഡോക്ടർമാർ ഇല്ലായിരുന്നു….
രണ്ടുപേർക്കും പ്രശ്നങ്ങളൊന്നുമില്ല എന്ന് പറഞ്ഞു.. അപ്പോ പിന്നെ എന്നായാലും ഒരു കുഞ്ഞുണ്ടാകും എന്ന പ്രതീക്ഷയിൽ ഇരിക്കുകയായിരുന്നു ഞാനും….
പക്ഷേ ജീവേട്ടന്റെ പെരുമാറ്റത്തിൽ നിന്ന് ഒരു കുഞ്ഞു വേണമെന്നോ അല്ലെങ്കിൽ അതിൽ ഒരു വിഷമം ഉള്ളതു പോലെയോ ഇതുവരെയും എനിക്ക് തോന്നിയിട്ടില്ല…..
ഇത്രയും കാലം ഞാൻ ധരിച്ചത് എന്നെക്കൂടി വിഷമിപ്പിക്കേണ്ട എന്ന് കരുതി ആ പാവം എന്റെ മുന്നിൽ സന്തോഷം അഭിനയിക്കുന്നതാകും എന്നായിരുന്നു….
പക്ഷേ ഇപ്പോൾ….. വാട്സാപ്പിലേക്ക് വന്ന ഫോട്ടോസും വീഡിയോസും നോക്കി ഒരിക്കൽ കൂടി നെടുവീർപ്പിട്ടു ശിഖ….
ഒരു ഗർഭിണിയായ സ്ത്രീയ്ക്ക് ഒപ്പം തന്റെ ജീവേട്ടൻ അവർ ഒരുമിച്ച് ഹോസ്പിറ്റലിലേക്ക് പോകുന്നു….
പിന്നീട് ഏതോ ഒരു ഡോക്ടറുടെ ഒ പി റൂമിൽനിന്ന് രണ്ടുപേരും ഒരുമിച്ച് പുറത്തിറങ്ങുന്നുണ്ട്….
ഇത്രയുമായാൽ സംശയിക്കത്തക്കതായി ഒന്നുമില്ല പക്ഷേ പിന്നീടുള്ള ഫോട്ടോസ് ആണ് തന്നെ ആകെ തകർത്തു കളഞ്ഞത്… അത് അവരുടെ മെഡിക്കൽ റെക്കോർഡ്സ് ആയിരുന്നു….
അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട് ആതിര ജീവൻ എന്ന്… സാധാരണ സ്ത്രീകൾ ഭർത്താവിന്റെ പേരല്ലേ പേരിനൊപ്പം ചേർക്കാറുള്ളത്..
ഇതുവരെ സ്നേഹത്തിന്റെ പ്രതിരൂപമായിരുന്നു ജീവേട്ടൻ ..തന്നെ ഏതു പ്രതിസന്ധിയിലും ചേർത്തുപിടിക്കുമെന്ന് വിശ്വസിച്ചവൻ….
പക്ഷേ ഇപ്പോൾ അയാളുടെ സ്നേഹപ്രകടനം എല്ലാം കപടം ആയിരുന്നു എന്ന് തോന്നി…
ഇങ്ങനെ ഒരു ബന്ധം നിലനിൽക്കുന്നത് കൊണ്ടായിരിക്കുമോ തന്നിൽ ഒരു കുഞ്ഞു പിറന്നു കാണാൻ പോലും ആൾക്ക് ഒരു താൽപര്യക്കുറവ് തോന്നിയത് …
ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..
തനിക്ക് ഈ വീഡിയോസും ഫോട്ടോസും അയച്ച നമ്പറിലേക്ക് ഒത്തിരി തവണയായി വിളിക്കാൻ നോക്കുന്നു പക്ഷേ അത് സ്വിച്ച് ഓഫ് ആയിരുന്നു….
അവളുടെ ഓർമ്മകൾ പതിയെ പുറകിലേക്ക് പോയി
അച്ഛന്റെ പെങ്ങളുടെ മകനാണ് ജീവൻ… ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആയിരുന്നു…
ശ്വേതയും ശിഖയും..
ചേച്ചിയെ ആദ്യം വിവാഹം കഴിപ്പിച്ചു… എല്ലാവരും നല്ല ബന്ധമാണ് എന്ന് പറഞ്ഞിട്ടായിരുന്നു വേറൊന്നുമാലോചിക്കാതെ വിവാഹം കഴിപ്പിച്ചത്….
പക്ഷേ വിവാഹം കഴിഞ്ഞതോടെ കൂടിയാണ് ആളൊരു മുഴുക്കുടിയൻ ആയിരുന്നു എന്ന് അറിഞ്ഞത്…
ചേച്ചിയെ അയാൾ വല്ലാതെ ഉപദ്രവിക്കുമായിരുന്നു ഒരു കുഞ്ഞ് ആകുന്നതു വരെയും അവൾ അത് ആരോടും പറഞ്ഞിരുന്നില്ല……അതിന്റെ ശേഷം ആണ് അച്ഛൻ പോലും അറിഞ്ഞത്…
പൊന്നുപോലെ നോക്കിയ മകളെ മറ്റൊരുത്തൻ വല്ലാണ്ട് ഉപദ്രവിക്കുന്നത് കണ്ടു നിൽക്കാനുള്ള ത്രാണി ഒന്നും ആ പാവം അച്ഛന് ഉണ്ടായിരുന്നില്ല…….
അച്ഛൻ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു…
മോളെയും കുഞ്ഞിനേയും ഇനി താൻ സംരക്ഷിച്ചു കൊള്ളാം എന്ന് പറഞ്ഞു…
പിന്നീട് അച്ഛന് ഭയമായിരുന്നു…..
എന്റെ കല്യാണം അന്വേഷിച്ചപ്പോൾ മുന്നേ അറിയുന്ന ഒരാൾ മതി എന്ന് പറഞ്ഞത് ഇതുപോലെ ചതി നടക്കരുത് എന്ന് അച്ഛൻ ആത്മാർത്ഥമായി ആഗ്രഹിച്ചതിനാലാണ്…..
അതുകൊണ്ടു തന്നെയാണ് ബാംഗ്ലൂർ സെറ്റിൽഡ് ആയ പെങ്ങളോട് അച്ഛൻ കാര്യം അവതരിപ്പിക്കുന്നത് അവർക്ക് പൂർണ സമ്മതം ആയിരുന്നു…
ജീവേട്ടനെ ചെറുപ്പത്തിൽ എപ്പോഴോ കണ്ടിട്ടുണ്ട് എന്നല്ലാതെ വലിയ പരിചയമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല.. അതുകൊണ്ടുതന്നെ മുറ ചെറുക്കനെ കല്ല്യാണം കഴിക്കാനുള്ള ജാള്യത ഒന്നും തോന്നിയില്ല….
വിവാഹം കഴിഞ്ഞ് അദ്ദേഹത്തിന് ജോലി ഗുജറാത്തിൽ ആയിരുന്നതു കൊണ്ട് ഞങ്ങൾ രണ്ടു പേരും കൂടി ഇങ്ങോട്ട് മാറി….
അഞ്ചാറു വർഷമായി ഇവിടെ തന്നെയാണ്….
ജീവേട്ടനെ എനിക്ക് മതിപ്പായിരുന്നു…. ചേച്ചിയുടെ തകർന്ന ജീവിതം കണ്ട് എനിക്ക് ജീവേട്ടൻ ഒരു നല്ല മനുഷ്യനായിരുന്നു…
അങ്ങനെ ഉള്ള എന്റെ മനസ്സിലെ വലിയ ഒരു വിഗ്രഹമാണ് ഇപ്പോൾ തകർന്നടിഞ്ഞത്….
അച്ഛനെക്കുറിച്ച് ഓർക്കുന്തോറും ഉള്ളു പിടഞ്ഞു…
ചേച്ചി കുറെനാൾ അച്ഛന്റെ സംരക്ഷണയിൽ കഴിഞ്ഞു. പിന്നീട് ചേച്ചിയുടെ ഭർത്താവ് മാനസാന്തരം വന്ന് വിളിച്ചു കൊണ്ടുപോയി ഇപ്പോൾ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ അവർ ജീവിക്കുന്നുണ്ട്…..
അതിനെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു ആശ്വാസമായിരുന്നു ഇനി തന്റെ ജീവിതം കൂടി ചതിയിൽ പെട്ടു എന്ന് അറിഞ്ഞാൽ ആ മനസ്സ് അത് എങ്ങനെ എടുക്കും എന്നുള്ള ടെൻഷൻ ആയിരുന്നു അവൾക്ക്….
അന്ന് പതിവിലും ഇത്തിരി താമസിച്ചാണ് ജീവൻ വീട്ടിലെത്തിയത് ഇരിക്കുന്നുണ്ടായിരുന്നു ലൈറ്റ് പോലും ഇടാതെ…. അവളുടെ ആ ഇരിപ്പ് കണ്ട് പന്തിയല്ല എന്ന് ജീവന് മനസ്സിലായി…
എന്താടോ താൻ ലൈറ്റ് പോലും ഇടാതെ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത് എന്ന് ചോദിച്ച് ജീവൻ അവളുടെ അടുത്തേക്ക് വന്നു…
ഒന്നും മിണ്ടാതെ അവൾ ഫോൺ അയാൾക്ക് നേരെ നീട്ടി.. അതിലുള്ള സീനുകൾ കണ്ടത് അയാൾക്ക് വല്ലാതെ ഷോക്കായി….
അന്നൊരു രാത്രി മുഴുവൻ അവർ തമ്മിൽ ഒന്നും സംസാരിച്ചില്ല.. അവൾ കസേരയിലെ ആ ഇരുപ്പ് പുലരുവോളം തുടർന്നു…
അയാൾ മുറിയിൽ കയറി വാതിലടച്ചു…
പിറ്റേ ദിവസം അയാൾ അവളുടെ മുന്നിൽ വന്ന് തലകുനിച്ചിരുന്നു .. അവളുടെ മുഖത്തേക്ക് ശരിക്കും ഒന്ന് നോക്കാതെ അയാൾ പറഞ്ഞു തുടങ്ങി അയാളുടെ പ്രണയത്തെപ്പറ്റി….
ഗുജറാത്തിൽ വന്നപ്പോൾ പരിചയപ്പെട്ടത് ആയിരുന്നത്രേ അവളെ… അച്ഛനുമമ്മയും ഒന്നുമില്ലാത്ത ഒരു സാധു പെൺകുട്ടി…
ആതിര..
അവളോടുള്ള സഹതാപം എപ്പോഴോ പ്രണയമായി വിരിഞ്ഞു… അവർ തമ്മിൽ അടുത്തു… അപ്പോഴാണ് തങ്ങളുടെ കല്യാണം നിശ്ചയിച്ചിട്ടുണ്ട് എന്ന് പറഞ്ഞു അമ്മ ബാംഗ്ലൂർക്ക് തിരിച്ചു വിളിച്ചത്….
സ്വന്തം ആങ്ങളയുടെ മകളെ വിവാഹം ചെയ്യാൻ നിർബന്ധിച്ചത് അമ്മയുടെ പണിയാണ്……
ഇല്ലെങ്കിൽ പിന്നെ അമ്മയെ കാണില്ല എന്ന് കൂടി പറഞ്ഞപ്പോൾ നിവൃത്തിയില്ലാതെ സമ്മതിച്ചതാണ് ശിഖയുമായുള്ള വിവാഹത്തിന്…..
അതുകഴിഞ്ഞ് ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത് ആതിര ഗർഭിണിയാണ് എന്ന്…
എന്റെ വിവാഹം കഴിഞ്ഞതറിഞ്ഞു അവൾ ഒത്തിരി കരഞ്ഞു പക്ഷേ അവളെ കൈവിടാൻ ആ നേരം എനിക്ക് ആവുമായിരുന്നില്ല…
അവളുടെ വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞു തന്നെയായിരുന്നു അതിനുള്ള കാരണം….
ആരുമറിയാതെ അവളെ ഞാൻ കുറച്ച് ദൂരെ കൊണ്ടുപോയി താമസിപ്പിച്ചു അതിനുശേഷമാണ് നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്….
ഞങ്ങൾക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞുണ്ട് ഇപ്പോൾ രണ്ടാമത്തേതും… എല്ലാം ശിഖ ഒരു തളർച്ചയോടെ കേട്ടു…. അതിനുശേഷം അവൾക്ക് കൂടുതലായി ഒന്നും ചിന്തിക്കാൻ ഇല്ലായിരുന്നു…..
എല്ലാം തുറന്നു പറഞ്ഞ് കസേരയിലിരുന്ന് കരയുന്ന ജീവനെ ഒന്ന് നോക്കി…. എടുക്കാനുള്ള എല്ലാം എടുത്തിട്ട് ഇറങ്ങി അവൾ…
അത് കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്നുണ്ടായിരുന്നു ജീവൻ….
തന്റെ അമ്മാവന്റെ മകൾ. അവൾ കടന്നു വന്നതിനു ശേഷം വല്ലാത്ത കുറ്റബോധം ആയിരുന്നു മനസ്സിൽ എന്തു വേണം എന്ന് അറിയില്ലായിരുന്നു….
ആതിരയെ കൈവിടാനും വയ്യ… ശിഖ യെയും താൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു….
കുഞ്ഞുങ്ങൾ ഇല്ലാത്തതിന് അവൾ സങ്കടപ്പെടുന്നത് തന്നെ ബാധിക്കാത്തതിന് കാരണം ആതിരയിൽ തനിക്കുണ്ടായ മകളായിരുന്നു…
പക്ഷേ അപ്പോഴും ശിഖയുടെ മനസ്സ് മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു…. ഇപ്പോൾ അവൾ പോകാൻ തുടങ്ങുമ്പോൾ എന്താണ് അവളോട് പറയേണ്ടത് എന്ന് പോലും അറിയില്ല…
ഒന്നും മിണ്ടാൻ ഇല്ലാതെ ഒരു കുറ്റവാളിയെ പോലെ അയാൾ തല കുനിച്ചു നിന്നു….
പോകാൻ നേരത്ത് അവൾ തന്റെ താലി ഊരി അയാൾക്ക് കൊടുത്തു…. ഇനി ഇതിന്റെ അവകാശി ആതിര മാത്രം ആണെന്ന് പറഞ്ഞു….
ജീവന് എതിർക്കാൻ കഴിയുമായിരുന്നില്ല അവൾ നടന്നകന്നു…. ആരുടെ കയ്യിലാണ് തെറ്റ് എന്നൊന്നും ശിഖ ചിന്തിച്ചില്ല…
ആരെയും കുറ്റപ്പെടുത്തിയ അതുമില്ല തന്റെ അച്ഛൻ ഇതെല്ലാം എങ്ങനെ അഭിമുഖീകരിക്കും എന്ന ടെൻഷൻ മാത്രമായിരുന്നു അവളുടെ മനസ്സിൽ….
പിന്നെ പതിയെ അവൾ ആശ്വസിച്ചു….
അച്ഛന് തന്നെ മനസ്സിലാകും എന്നും… ഇതും ആ മനസ്സ് ഉൾക്കൊള്ളും എന്നും ….