(രചന: J. K)
“”‘ ഇങ്ങനെ, വയ്യ, കാണണമെന്ന് ഒക്കെ പറഞ്ഞ് ഇടയ്ക്കിടയ്ക്ക് വിളിക്കേണ്ട എനിക്ക് ഓടി വരാൻ പറ്റിയ അവസ്ഥയൊന്നുമല്ല എനിക്ക് ഇവിടെ ഒരുപാട് ജോലി തിരക്കുണ്ട് പിന്നെ എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ നിങ്ങൾ എന്റെ സ്വന്തം അമ്മയൊന്നുമല്ലല്ലോ!!””
സൗരവ് പറഞ്ഞത് കേട്ട് ഞെട്ടിപ്പോയിരുന്നു സുമ… ഒരിക്കലും അവന്റെ വായിൽ നിന്ന് ഇങ്ങനെ ഒരു വാർത്ത കേൾക്കും എന്ന് അവർ വിചാരിച്ചതല്ല..
മാലയിട്ട് ഫോട്ടോയിലേക്ക് നോക്കി മിഴികൾ വാർത്തു…
“”” ഹരിയേട്ടൻ”””
അദ്ദേഹം തന്നെ പിരിഞ്ഞു പോയതിൽ പിന്നെയാണ് താൻ ഇത്രത്തോളം ഒറ്റപ്പെട്ടത്… വയ്യ എന്ന് തോന്നുമ്പോൾ ഭയമാണ് ഇനിയും അവനെ ഒരു നോക്ക് കാണാൻ കഴിയില്ലയോ എന്ന് അതുകൊണ്ടാണ് ഓരോ തവണ ഒന്ന് വന്ന് കണ്ടിട്ട് പോകാൻ വേണ്ടി വിളിക്കുന്നത്…
ഒരു പത്ത് തവണ വിളിച്ചാൽ ചിലപ്പോൾ ഒരു തവണ എങ്ങാൻ വന്നാൽ ആയി.. ഇത്തവണ ഒട്ടും സുഖം തോന്നിയില്ല ശരിക്കും ഹരിയേട്ടന്റെ അടുത്തേക്ക് തന്നെ പോകും എന്ന് കരുതിയാണ് അതിന്റെ മുന്നെ അവന്റെ മുഖം ഒന്ന് കാണാൻ തോന്നി അവന്റെ സാമീപ്യം കൊതിച്ചു പോയി.
അതുകൊണ്ട് മാത്രമാണ് വിളിച്ചത് പക്ഷേ ഇതുപോലെ ഒരു മറുപടി പ്രതീക്ഷിച്ചില്ല എന്തോ മനസ്സ് വല്ലാതെ വേദനിച്ചു അവൻ ആ പറഞ്ഞത് കേട്ട്…
“” എന്നെ ഇവിടെ തനിച്ചാക്കി ഒറ്റയ്ക്ക് പോയത് കൊണ്ടല്ലേ എനിക്ക് ഇതുപോലെയൊക്കെ കേൾക്കേണ്ടിവന്നത് എന്ന് ഹരിയേട്ടന്റെ ഫോട്ടോയിലേക്ക് നോക്കി പരിഭവം പറഞ്ഞു സുമ…..
അപ്പോ ആ മുഖം സമാധാനിപ്പിക്കുന്നത് പോലെ തോന്നി.. എന്തൊക്കെ പറഞ്ഞാലും അവൻ നമ്മുടെ കണ്ണൻ അല്ലേ എന്ന്..
“”””കണ്ണൻ “””
താൻ പ്രസവിച്ചിട്ടില്ലെങ്കിലും തന്റെ പൊന്നുമോൻ..
ഒരു ജോലി കിട്ടിയിട്ടും മതി വിവാഹം എന്ന് അച്ഛനോട് പറഞ്ഞ വാശിപിടിച്ച് ഇരിക്കുകയായിരുന്നു അങ്ങനെ ടിടിസി കഴിഞ്ഞതും ഒരു സ്കൂളിൽ കയറി..
ഇനി വിവാഹം ആവാം എന്ന് പറഞ്ഞപ്പോഴാണ് ഹരിയേട്ടന്റെ വിവാഹാലോചന വന്നത് ഗവൺമെന്റ് സ്കൂളിലെ മാഷാണ് അച്ഛനും അമ്മയും ഇല്ല…
ആകെ കൂടിയുള്ളത് ഒരു കുഞ്ഞ് അനിയത്തിയാണ് ഹരിത..
ഏട്ടനും അനിയത്തിയും മാത്രമായിരുന്നു അവരുടെ ലോകം അതിലേക്കാണ് താൻ കടന്നുചെന്നത് അവൾക്ക് ശരിക്കും താൻ ഒരു അമ്മയായി തീരുകയായിരുന്നു. അമ്മ ഇല്ലാത്തതിന്റെ ഒരു കുറവും ഞാൻ തന്നതിന് ശേഷം അവളെ അറിയിച്ചിട്ടില്ല…
ഹരിയേട്ടനും ഹരിതമോളും തമ്മിൽ ഒരുപാട് വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അവൾ ശരിക്കും ഒരു മോളെ പോലെ തന്നെയായിരുന്നു..
അവരുടെ അമ്മ രണ്ടുവർഷം മുന്നേ ആണ് മരിച്ചത് അതിൽ പിന്നെ അവർ രണ്ടുപേരും ഒറ്റയ്ക്കായിരുന്നു അമ്മ മരിക്കുന്നതിന് മുമ്പേ തന്നെ ഹരിയേട്ടനെ ഒരുപാട് വിവാഹം കഴിക്കാൻ നിർബന്ധിച്ചതാണ്…
പക്ഷേ അന്നൊന്നും സമ്മതിച്ചില്ല അമ്മ കൂടി പോയപ്പോൾ ഹരിതമോൾ ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് പിന്നീട് ഒരു വിവാഹത്തെ പറ്റി പോലും ആള് ചിന്തിച്ചത്..
ഹരിത എന്നെ ഏടത്തി ആയിട്ടല്ല സ്വന്തം അമ്മയെ പോലെ തന്നെയായിരുന്നു കണ്ടത്.. സ്വർഗ്ഗം പോലൊരു വീടായിരുന്നു അത് പരസ്പരം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മാത്രം അറിയാവുന്ന മൂന്നു പേരെ കൊണ്ട്…
എല്ലാം താറുമാറായത് വളരെ പെട്ടെന്നായിരുന്നു.. അവൾക്ക് ഒരു പ്രണയം… ഞങ്ങൾ ആരും അറിഞ്ഞിരുന്നില്ല… അവൾ രഹസ്യമാക്കി സൂക്ഷിച്ച അവളുടേത് മാത്രമായ പ്രണയം…
പക്ഷേ അതെപ്പോഴോ അതിര് കടന്നു..
അവൾ ഗർഭിണിയായി അതോടെ അവൾ ആകെ പരിഭ്രാന്തയായി…
ജീവനുതുല്യം അവളെ സ്നേഹിക്കുന്ന ഏട്ടൻ അവളുടെ ഈ അവസ്ഥയെ അറിഞ്ഞാൽ വിഷമിക്കും എന്ന് കരുതി വയറ്റിൽ കുരുത്ത കുഞ്ഞിനെ ഇല്ലാതാക്കാൻ തീരുമാനിച്ചിരുന്നു അവൾ..
ഒരുപക്ഷേ പ്രണയിച്ച ആ പയ്യനും അവളെ അതിന് നിർബന്ധിച്ചു കാണണം രണ്ടുപേർക്കും പ്രായം ഒന്നും ആയിട്ടില്ലല്ലോ..
ആശുപത്രിയിൽ ഒന്നും പോകാൻ കഴിയില്ലാത്തതുകൊണ്ട് എന്തൊക്കെയോ ആ ശാസ്ത്രീയ മാർഗങ്ങൾ അവര് തന്നെ ആരോടൊക്കെയോ ചോദിച്ചു മനസ്സിലാക്കി..
അത് വാങ്ങി കഴിച്ചു.. അന്ന് വീട്ടിൽ വന്നതും അവൾ തളർന്നുവീണു എന്താണെന്നറിയാതെ ഞാനും ഹരിയേട്ടനും കൂടി അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി അവിടെനിന്നാണ് ഞെട്ടിക്കുന്ന വാർത്തയറിഞ്ഞത് അവൾ ഗർഭിണിയാണ് എന്ന്….
ഹരിയേട്ടന്റെ അപ്പോഴത്തെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ലായിരുന്നു ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു അവളെ കൊല്ലും എന്നൊക്കെ പറയുന്നുണ്ട് അദ്ദേഹത്തെ ഇത്രമേൽ ദേഷ്യപ്പെട്ട് ഞാൻ മുൻപ് കണ്ടിട്ടില്ല ഞാൻ പരമാവധി അദ്ദേഹത്തെ നോർമൽ ആക്കാൻ ശ്രമിച്ചു പക്ഷേ പറ്റുന്നുണ്ടായിരുന്നില്ല..
ഇനിയൊരു അബോർഷൻ റിസ്കാണെന്നും ഹരിതമോൾ ആകെ വീക്കാണ് എന്നും ഡോക്ടർ വന്നു പറഞ്ഞപ്പോൾ പിന്നെ അദ്ദേഹം ഒന്നടങ്ങി….
ഞങ്ങൾക്ക് വേറെ വഴിയില്ലാത്തതുകൊണ്ട് അവളെയും കൊണ്ട് ഒരു വർഷത്തെ ലീവും എഴുതിക്കൊടുത്തു ഞങ്ങൾ ആ നാട്ടിൽ നിന്ന് പോയി..
അവൾ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി ഞങ്ങളോട് വിടപറഞ്ഞു പോയി…
ഹരിയേട്ടന്റെ അപ്പോഴത്തെ വിഷമം കണ്ടിട്ടുണ്ടെങ്കിൽ സഹിക്കാൻ കഴിയില്ല ആയിരുന്നു….
ആ കുഞ്ഞ് ഉള്ളതുകൊണ്ട് മാത്രമാണ് അദ്ദേഹം പിടിച്ചുനിന്നത് അവനെ ഞങ്ങൾ സ്വന്തം കുഞ്ഞിനെ പോലെ വളർത്തി..
ദൈവം അവനെ നോക്കാൻ ഞങ്ങളെ നിയോഗിച്ചത് കൊണ്ടാണോ എന്തോ അറിയില്ല മറ്റൊരു കുഞ്ഞിനെ തന്ന് ഞങ്ങളെ അനുഗ്രഹിച്ചില്ല..
പിന്നെ അവനായിരുന്നു ഞങ്ങളുടെയെല്ലാം അനിയത്തിയുടെ കുഞ്ഞാണ് എന്ന കാര്യം അവനോട് മറച്ചുവച്ചു പകരം പറഞ്ഞത് ഞങ്ങളുടെ കുഞ്ഞാണ് എന്ന് തന്നെയായിരുന്നു..
അവനും ഞങ്ങളോട് ഒരുപാട് സ്നേഹമായിരുന്നു..
ഞങ്ങളുടെ കുഞ്ഞായി അവൻ വളർന്നു…
പക്ഷേ എല്ലാം തകിടം മറിഞ്ഞത് അന്ന് ഹരിത സ്നേഹിച്ചിരുന്ന ആള് അയാളുടെ മകനെ തേടി ഇറങ്ങിയപ്പോഴാണ്..
അയാൾ ഞങ്ങളുടെ അഡ്രസ്സ് തപ്പിപിടിച്ച് വീട്ടിൽ വന്നു അയാളുടെ കുഞ്ഞിനെ വിട്ടുകൊടുക്കണം എന്ന് പറഞ്ഞു…
അപ്പോഴേക്കും അയാളുടെ വിവാഹം കഴിഞ്ഞിരുന്നു… അയാൾക്ക് അതിൽ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു എന്തു കാരണം കൊണ്ട് അവർ പിരിഞ്ഞു ഇപ്പോഴാണ് അയാൾ സ്വന്തം കുഞ്ഞിനെ പറ്റി ആലോചിച്ചത്….
ഒരു പതിനാറ് വയസ്സുകാരന്റെ യുക്തിക്ക് നിരക്കാത്തതായിരുന്നു ആ കാലം വരെ താൻ സ്വന്തം പോലെ സ്നേഹിച്ചത് സ്വന്തം അച്ഛനും അമ്മയും അല്ല എന്നറിഞ്ഞത്…
അവൻ ഞങ്ങളുടെ ദേഷ്യമോ പരിഭവമോ ഒന്നും കാണിച്ചില്ല പക്ഷേ അവന് ഞങ്ങളോട് വല്ലാത്ത അകൽച്ച ഞങ്ങൾക്ക് മനസ്സിലായിരുന്നു ഹരിയേട്ടന് അതൊന്നും താങ്ങാനുള്ള കഴിവ് ഉണ്ടായിരുന്നില്ല.. ആ ടെൻഷൻ ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം എന്നെ വിട്ടു പോയത്..
ഞങ്ങളുടെ കണ്ണൻ പിന്നെ മുഴുവൻ നിന്ന് പഠിച്ചത് ഒരു ഹോസ്റ്റലിൽ ആയിരുന്നു ഇടയ്ക്ക് ഞങ്ങളെ കാണാൻ വരും ഒരു അപരിചിതനെ പോലെ പെരുമാറും എനിക്ക് അതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല അവനോട് ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു ഹരിത നിന്നെ പ്രസവിച്ചു എന്നേയുള്ളൂ ഞാൻ തന്നെയാണ് നിന്റെ അമ്മ എന്ന്..
ഇതൊന്നും സഹിക്കാതെ അദ്ദേഹം പോയത് നന്നായി എന്ന് എനിക്ക് തോന്നി..
കാലം കടന്നുപോയി ഒപ്പം അവനും എന്നിൽ നിന്ന് ഒരുപാട് അകലേക്ക് പോയി..
ഒടുവിൽ അവന്റെ കൂടെ ജോലി ചെയ്യുന്ന ഒരു കുട്ടിയെ അവൻ വിവാഹം കഴിച്ചത് പോലും ഒരുപാട് നാൾ കഴിഞ്ഞാണ് ഞാൻ അറിഞ്ഞത്..
അതോടെ ഞാനും ആകെ തളർന്നു… എങ്കിലും സ്വന്തം പോലെ കരുതിയതല്ലേ ഇടയ്ക്കൊന്ന് ആ മുഖം കാണാൻ തോന്നും.. അന്നേരം അവന്റെ തിരക്ക് ഒന്നും നോക്കാതെ വിളിക്കുന്നതാണ്….
അതിന് കിട്ടിയ മറുപടിയായിരുന്നു അത്..
അതിനടുത്ത ദിവസവും സൗരവിന്റെ ഫോൺ റിങ്ങ് ചെയ്തിരുന്നു അതെടുത്ത് നോക്കിയപ്പോൾ കണ്ടു സുമ അമ്മ എന്ന്…
രണ്ടുമൂന്നു തവണ ഇഗ്നോർ ചെയ്തു എന്നിട്ടും അത് വീണ്ടും അടിച്ചു കൊണ്ടേയിരുന്നു..
ഒടുവിൽ ദേഷ്യപ്പെട്ടിട്ടാണ് ഫോൺ അറ്റൻഡ് ചെയ്തത് ഏതോ ഒരു ശബ്ദം കേട്ടപ്പോൾ പകച്ചു പോയി…
“”” മോനേ ടീച്ചർ ഇന്നലെ രാത്രി മരിച്ചു… അവരുടെ അകന്ന ബന്ധുക്കൾ ഒക്കെ വന്നിട്ടുണ്ട്… ഇന്ന് സംസ്കരിക്കും എന്നാണ് കരുതുന്നത് മോൻ വരുന്നുണ്ടോ?? “”
എന്ന് ചോദിച്ചതും ആകെ അദ്ദേഹം തളരുന്ന പോലെ തോന്നിയിരുന്നു സൗരവിന്..
അപ്പോൾ തന്നെ നാട്ടിലേക്ക് പുറപ്പെട്ടു.. എന്നും സുമ അമ്മയെ കാണാറുള്ളത് പോലെ തന്നെ മുണ്ടും നേരിയതും ഉടുത്ത് കറുത്ത ഫ്രെയിമുള്ള കണ്ണട വെച്ച് ഭസ്മക്കുറിയും തൊട്ട് അനങ്ങാതെ കിടക്കുന്നുണ്ട്….
അടുത്ത് ചെന്നിരുന്നു ആരും കേൾക്കാതെ വിളിച്ചു….
അമ്മേ”””””” എന്ന്…..
ആ വിളി കേൾക്കാൻ ഒരാൾ ഇല്ലെങ്കിൽ കൂടി…
ഒരുപാട് താൻ വൈകിയെങ്കിൽ കൂടി…