(രചന: J. K)
“” ഒന്നൂടെ പുഷ് ചെയ്യൂ രജിത… ഉള്ളിൽ കിടക്കുന്ന കൊച്ച് ഇത്തിരി തൂക്കം കൂടുതലാ അതിന്റെ ഒരു ബുദ്ധിമുട്ട് കാണും… പിന്നെ ഇതിപ്പോ ആദ്യത്തെ ഒന്നുമല്ലല്ലോ.. “”
ഇത്തിരി നീരസത്തോടെ തന്നെയാണ് ഗ്രേസി ഡോക്ടർ അത് പറഞ്ഞത്..
പലപ്പോഴും ഡോക്ടറെ കാണാൻ വരുന്നവരോട് ഡോക്ടർ പറയുന്നതാണ് ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ആണെങ്കിൽ രണ്ടെണ്ണം മതി അതിൽ കൂടുതൽ ഒന്നും വേണ്ട എന്നിട്ട് ഉള്ള ശ്രദ്ധ ആ രണ്ടു കുഞ്ഞുങ്ങൾക്ക് കൊടുത്ത് അതുങ്ങളെ നേരാംവണ്ണം വളർത്താൻ നോക്ക് എന്ന്…
രണ്ടിൽ കൂടുതലായാൽ ഡോക്ടർക്ക് ദേഷ്യം ആണ്… ഒരുപക്ഷേ തന്റെ മാത്രം തോന്നൽ ആവാം എങ്കിലും തനിക്ക് അനുഭവത്തിൽ തോന്നിയിട്ടുള്ളതാണ് എന്ന് വേദനയ്ക്കിടയിലും രജിത ഓർത്തു….
സത്യം പറഞ്ഞാൽ ഇതുതന്റേ നാലാമത്തെ കുഞ്ഞാണ്..
മൂന്നാമത്തെ കുഞ്ഞിനെ ദൈവം ആയുസ്സ് ഇട്ട് തന്നില്ല…
അതും പെൺകുഞ്ഞ് ആയിരുന്നു.. മൂത്തത് രണ്ടുപേരും പെൺകുഞ്ഞുങ്ങളാണ്..
എല്ലാം ഈ ഹോസ്പിറ്റലിൽ തന്നെയായിരുന്നു…
“”” പെൺകുട്ടിയാ “”
ഇന്ന് ഗ്രേസി ഡോക്ടർ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…
മൂന്നു പെൺകുട്ടികളായിരുന്നു തന്റെ അമ്മയ്ക്കും അച്ഛനും…
പക്ഷേ അതിലവർ ദുഃഖിക്കുന്നത് ഇന്നേവരെ കണ്ടിട്ടില്ല ഒരു കാര്യത്തിനും അവരെ ബുദ്ധിമുട്ടിക്കാതെയാണ് താങ്കൾ മൂന്നുപേരും വളർന്നത് അതുകൊണ്ട് തന്നെ ഇല്ലായ്മയിലും ജീവിതം സ്വർഗ്ഗതുല്യമായിരുന്നു പക്ഷേ അതിൽ നിന്ന് ഒരിത്തിരി മാറ്റം വന്നത് വിവാഹശേഷം ആയിരുന്നു..
അമ്മായി അമ്മയ്ക്ക് മൂന്ന് കുട്ടികളായിരുന്നു മൂത്തത് പെണ്ണ് ഇളയതുങ്ങൾ രണ്ടും ആണ്…
അതിൽ മൂത്തയാളിനെയാണ് താൻ വിവാഹം കഴിച്ചത്…
വിവാഹം കഴിഞ്ഞ് അധികം താമസിക്കാതെ താൻ ഗർഭിണിയായി അതിനും അമ്മായിയമ്മയ്ക്ക് മുറുമുറുപ്പ് ഉണ്ടായിരുന്നു പറഞ്ഞ സ്ത്രീധനം മുഴുവൻ തരാതെ ഗർഭിണിയായാൽ ഇനി അവർക്ക് ഒഴിവാക്കണമെങ്കിൽ അത് ബുദ്ധിമുട്ടാകുമല്ലോ..
അവിടെ നിറഞ്ഞ അസ്വസ്ഥതയിലും ഗർഭകാലം നീണ്ടുപോയി പത്തുമാസം കഴിഞ്ഞ് ഞാൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി…
“” മൂത്തത് ആൺകുട്ടി അല്ലെങ്കിൽ കുറച്ചു കൊല്ലം കഴിയുമ്പോൾ മോനെ നീ ചക്ര ശ്വാസം വലിക്കും… ഈ പെണ്ണിനെ ഒക്കെ കെട്ടിച്ചു വിടണ്ടേ…”
നിഷ്കളങ്കമായി കയ്യും കാലും ഇട്ടു കളിച്ചിരുന്ന തന്റെ മൂത്തമകളുടെ മുഖത്ത് നോക്കി അമ്മായിയമ്മ പറഞ്ഞ വാക്കുകളാണ്..
വീട്ടിലേക്ക് ചെന്നിട്ടുണ്ടെങ്കിൽ അച്ഛനത് ഇനിയും ബുദ്ധിമുട്ടാകും എന്നറിയാം മൂത്ത ചേച്ചിയുടെ വിവാഹം നടത്തിയപ്പോൾ കടം ഉണ്ടായിരുന്നു തന്റേതും കൂടി ആയപ്പോൾ അച്ഛന് ഒന്ന് നിവർന്ന് നിൽക്കാൻ പോലും വയ്യാത്ത അവസ്ഥയായി
അത്രയ്ക്കും ബാധ്യതകൾ എല്ലാം ആ പാവം കഷ്ടപ്പെട്ട് വീട്ടുകയാണ് ആ സമയത്ത് താൻ കൂടെ ചെന്ന് ഒരു ഭാരമാവാൻ ഒട്ടും ആഗ്രഹിച്ചില്ല..
എന്നിട്ടും കുഞ്ഞുണ്ടായതിന്റെ എന്റെ വീട്ടുകാരുടെ ഭാഗത്തുനിന്ന് ചെയ്യേണ്ട എല്ലാ കടമകളും അച്ഛൻ എവിടെ നിന്നൊക്കെയോ കടമെടുത്ത് ചെയ്തു തന്നിരുന്നു…
വേണ്ട എന്ന് പറയാൻ ആഗ്രഹമുണ്ടെങ്കിലും വീണ്ടും ആ വീട്ടിലേക്ക് കയറി ചെല്ലേണ്ട എന്നോർക്കുമ്പോൾ എല്ലാം സഹിച്ചു..
മോൾക്ക് ഒരു വയസ്സ് പോലും ആവാതെയായിരുന്നു വീണ്ടും ഗർഭിണിയായത്… പീരിയഡ്സ് കറക്റ്റ് ആയി വന്നില്ല വീണ്ടും ഗർഭിണിയായത് രണ്ടുമൂന്നു മാസം കഴിഞ്ഞിട്ടാണ് അറിഞ്ഞത്…
അപ്പോഴേക്കും അ*ബോർ*ഷൻ എന്നൊരു ഓപ്ഷൻ ഇല്ലായിരുന്നു…
അതും പെൺകുഞ്ഞ് ആയപ്പോൾ പിന്നെ അമ്മായിയമ്മ തനി സ്വരൂപം കാണിക്കാൻ തുടങ്ങി ഈ ആൺകുട്ടികൾ പിറന്നാലെ എന്താണ് പ്രത്യേകത എന്ന് എനിക്ക് അപ്പോഴും മനസ്സിലാകുന്നുണ്ടായിരുന്നില്ല..
‘”‘ എന്റെ മോനെ ഉപദ്രവിക്കാൻ ആയിട്ട് ഒരുമ്പെട്ടോൾ പെൺകുഞ്ഞുങ്ങളെ പെറ്റ് കൂട്ടുകയാണ്…””
അധികം പഠിപ്പും വിവരവും ഒന്നും ഇല്ലെങ്കിലും കുഞ്ഞുങ്ങൾ ആണോ പെണ്ണാണോ എന്നത് ആണുങ്ങളെ ആശ്രയിക്കും എന്ന് അറിയാമായിരുന്നു
പക്ഷേ അവരോട് എന്തു പറയാൻ…
ഇത്രയൊക്കെ അവര് കടന്നു തുള്ളി കളിക്കുമ്പോൾ എന്റെ ഭർത്താവ് മിണ്ടാതെ അത് ശരിയാണെന്ന് രീതിയിൽ നിൽക്കും അതായിരുന്നു കൂടുതൽ അസഹനീയം ഒരുപാട് തവണ ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട് ആണായാലും പെണ്ണായാലും ഇത് നമ്മുടെ കുഞ്ഞുങ്ങളാണ് നിങ്ങൾക്ക് അങ്ങനെ കരുതിക്കൂടെ എന്ന്..
“”” എന്നുവച്ച് ഈ പെൺകുഞ്ഞുങ്ങൾ മാത്രം തന്നെയാവുമ്പോൾ എങ്ങനെ സ്നേഹിക്കാനാണ് എന്നയാൾ പറഞ്ഞത് ശരിക്കും എന്റെ ഉള്ളിൽ വല്ലാത്ത നോവ് തീർത്തിരുന്നു.
എന്റെ കുഞ്ഞുങ്ങളോട് ഒന്നും അയാൾക്ക് സ്നേഹം ഇല്ല എന്ന് ഒരു ധ്വനി അതിലുണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു…
മൂന്നാമത്തെ കുഞ്ഞു പോയതിന്റെ വിഷമത്തിൽ വീട്ടിലേക്ക് വന്ന ഞാൻ കേട്ടത്,
“”‘ ച*ത്തത് നന്നായേ ഉള്ളൂ അതും പെണ്ണല്ലേ എന്നായിരുന്നു….
എന്റെ മക്കളെയും എടുത്ത് അവിടെ നിന്നും അന്ന് ഇറങ്ങി..
വീട്ടിലേക്ക്.. അച്ഛന്റെ സ്ഥിതി അറിയാഞ്ഞിട്ടല്ല ഇനിയും അവിടെ നിൽക്കാൻ തോന്നിയില്ല..
എന്നെയും മക്കളെയും അച്ഛൻ പൊന്നുപോലെ നോക്കിയിരുന്നു.. എങ്കിലും അറിയാമായിരുന്നു ഞങ്ങൾ കൂടി വന്നത് അദ്ദേഹത്തിന് ഭാരം ആണ് എന്ന് പ്രസവം കഴിഞ്ഞതുകൊണ്ട് ഉടനെയൊന്നും എനിക്കൊരു ജോലിക്ക് പോകാൻ പറ്റുന്ന അവസ്ഥയായിരുന്നില്ല
എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്കുള്ള ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ പോലും അച്ഛൻ കിടന്ന് പെടാ പാടുപെടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അയാൾ പിന്നെ വന്നു വിളിച്ചപ്പോൾ വല്ലാതെ എതിർക്കാതെ കൂടെ ഇറങ്ങിച്ചെന്നത്..
ഇത്തവണ ചെന്നപ്പോൾ ഞാൻ ആദ്യം തന്നെ ചെയ്തത് എന്റെ സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി എങ്ങനെയെങ്കിലും ഒപ്പിച്ചു എടുക്കുക എന്നതായിരുന്നു..
അടുത്തുള്ള അംഗനവാടിയിൽ ഒരു സഹായിയെ വേണമെന്ന് പറഞ്ഞിരുന്നു.
ചെറിയ മോളെയും കൊണ്ട് അവിടുത്തെ ജോലിക്ക് എനിക്ക് പോകാൻ ബുദ്ധിമുട്ടില്ലായിരുന്നു..
ആദ്യം പകരക്കാരി ആയിട്ടാണെങ്കിലും പിന്നീട് ആ ജോലി സ്ഥിരപ്പെട്ടു..
വലിയ ശമ്പളം ഒന്നുമില്ലെങ്കിലും അത്യാവശ്യം ജീവിച്ചു പോകാമായിരുന്നു..
എന്റെ കുഞ്ഞുങ്ങളെ പോലെ തന്നെ ഒരുപാട് കുഞ്ഞുങ്ങളെ നോക്കണം നേരത്തിന് അവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കണം അങ്ങനെ എനിക്കിഷ്ടപ്പെട്ട ജോലി തന്നെയായിരുന്നു അത് അതുകൊണ്ടുതന്നെ ഞാൻ അത് സന്തോഷത്തോടെ ചെയ്തു..
ഇതിനിടയിൽ ഭർത്താവിന്റെ അനിയന്റെ വിവാഹം കഴിഞ്ഞിരുന്നു അവൻ കല്യാണം കഴിഞ്ഞതും അവളുടെ വാക്കും കേട്ട് അമ്മയെ തള്ളിപ്പറഞ്ഞു ഭാര്യയെയും കൊണ്ടുപോയി… അതിന്റെ വിഷമത്തിൽ അവർ തളർന്നു… അവരുടെ മകൾ ഓടിയെത്തിയിരുന്നു അപ്പോഴേക്കും…
പക്ഷേ അറിഞ്ഞിട്ടും ഇളയ മകനാ വഴിക്ക് വന്നില്ല..
അപ്പോഴും ഞാൻ അവരോട് പറയുന്നുണ്ടായിരുന്നു കുഞ്ഞ് ആണായാലും ശരി പെണ്ണായാലും ശരി നല്ല മനസ്സുണ്ടായാൽ മതി എന്ന്
അമ്മയുടെ കാര്യങ്ങൾ ചെയ്തു വച്ച് ഞാൻ അംഗനവാടിയിലേക്ക് പോകും.. ഞാൻ പോയാൽ എന്റെ മൂത്ത മകൾ ആയിരുന്നു അമ്മയ്ക്ക് കൂട്ടിരിക്കാറ് അമ്മയുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കും…
ഒരുകാലത്ത് തള്ളിപ്പറഞ്ഞതാണ് അവളെ…
അംഗനവാടിയിലെ ജോലി ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു അവിടെനിന്ന് സാലറി ആയി എനിക്ക് ആദ്യം കിട്ടിയ പൈസ ഞാൻ കൊണ്ട് കൊടുത്തത് എന്റെ പ്രിയപ്പെട്ട അമ്മായിയമ്മയുടെ കയ്യിൽ തന്നെയായിരുന്നു
എന്നിട്ട് പറഞ്ഞു എന്റെ അച്ഛനുണ്ടായ പെണ്കുട്ടി അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ് ഇത് എന്ന് ഇത്രയും പഠിപ്പും വിവരവുമില്ലാത്ത ഞാൻ പോലും ജോലി ചെയ്ത് ഇന്നത്തെ കാലത്ത് സമ്പാദിക്കുന്നുണ്ട് പഠിപ്പും വിവരവും ഉണ്ടായാൽ മതി അല്ലാതെ ആൺകുട്ടി തന്നെ വേണം എന്നൊന്നുമില്ല എന്ന് ഞാൻ പറഞ്ഞു..
ആ മുഖത്ത് പറഞ്ഞു പോയതിന്റെ കുറ്റബോധം ഞാൻ അപ്പോൾ കണ്ടു..
സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയതുകൊണ്ട് ഭർത്താവിനും എന്നോടൊരൽപ്പം ബഹുമാനം വന്നു തുടങ്ങി പണ്ടത്തെപ്പോലെ കാൽച്ചുവട്ടിൽ അല്ല എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങിയിരുന്നു…
ക്രമേണ മക്കളോടും ഉള്ള മനോഭാവത്തിൽ മാറ്റം വന്നു..
വീണ്ടും ഗർഭിണിയായപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു ഇതും പെൺകുഞ്ഞ് വേണം എന്ന്..
അത് കേട്ടപ്പോൾ അദ്ദേഹം ഒന്നും പറഞ്ഞില്ല എന്റെ ആഗ്രഹം പോലെതന്നെ അതും പെൺകുട്ടിയായി ആൺകുട്ടിയോടുള്ള വിരോധം കൊണ്ടല്ല പക്ഷേ പെൺകുഞ്ഞുങ്ങളെ കൂടുതൽ ഇഷ്ടമുള്ളതുകൊണ്ടാണ്..