(രചന: J. K)
“””തെക്കേലെ ശേഖരേട്ടൻ തൂങ്ങി മരിച്ചു “””
കാർത്യായനി രാവിലെ തന്നെ കേട്ട വാർത്ത അതാണ്..
അത് കേട്ടപ്പോൾ രാജലക്ഷ്മി അറിയാതെ പറഞ്ഞു പോയി നന്നായി”” എന്ന്..
അത് കേട്ട് പറയാൻ വന്നവർ അത്ഭുതത്തോടെ നോക്കിയിരുന്നു അവരെ .. സ്വന്തം ആങ്ങള മരിച്ചെന്നു പറയുമ്പോൾ നന്നായി എന്ന് പറയുന്ന അവരെ അവർക്ക് ഉൾക്കൊള്ളാൻ ആയില്ല…
“”” ഞാൻ വന്നോളാം നിങ്ങൾ പൊയ്ക്കോ എന്നും പറഞ്ഞ് വീടിനകത്തേക്ക് കയറി കാർത്യയനി…
വയ്യാത്ത മോളെ അവിടെ കിടത്തി വാതിലും പൂട്ടി ഇറങ്ങി അവസാനമായി തന്റെ ആങ്ങളയെ ഒരു നോക്ക് കാണാൻ..
കുറ്റബോധം തന്നെ വല്ലാതെ തളർത്തുന്നുണ്ടെന്ന് അവർ അറിഞ്ഞു..
അവരുടെ വീട്ടിലേക്ക് അല്പം ദൂരം നടക്കണം പോകുന്ന വഴി മുഴുവൻ അവർ ചിന്തിച്ചത് ശേഖരൻ എന്ന തന്റെ ആങ്ങളയെപ്പറ്റിയായിരുന്നു..
ഒരുപക്ഷേ ആങ്ങളയുടെ ഇന്നത്തെ അവസ്ഥയ്ക്ക് താനും ഒരു ചെറിയ പങ്ക് വഹിച്ചിട്ടുണ്ട്..
ഓർമ്മകൾ പഴമകളിലേക്ക് ഓടിപ്പോയി..
അന്നും ഇവിടെ പട്ടിണിയും പരിവട്ടവും ആയിരുന്നു..
കിടപ്പിലായ അച്ഛൻ.. ഓർമ്മകളിൽ മുഴുവൻ ചുമച്ച് ചോരപ്പുന്ന അച്ഛൻ മാത്രമേ ഉള്ളൂ..
ഓരോ തവണ വയ്യാതാകുമ്പോഴും എന്ത് ചെയ്യണം എന്നറിയാതെ ഉറക്കിയ നിലവിളിക്കുന്ന അമ്മയും പറക്കമുറ്റാത്ത കുറെ മക്കളും…
അതായിരുന്നു തങ്ങളുടെ കുടുംബം..
തിന്നാനും കുടിക്കാനും പോലും ഒന്നുമില്ല അതിനിടയിലാണ് മക്കളെല്ലാം പഠനം നിർത്തി പണിക്ക് പോകാൻ തുടങ്ങിയത് ചെറിയ കുഞ്ഞുങ്ങളെ പണിക്ക് പോകുമ്പോൾ പറ്റിക്കാനും ഏറെ ആളുകൾ ഉണ്ടായിരുന്നു തുച്ഛമായ എന്തെങ്കിലും വരുമാനം കൊടുക്കും…
എങ്കിലും കിട്ടുന്നത് കൊണ്ട് ഓണം പോലെ അവർ അവിടെ കഴിഞ്ഞു മൂന്നുനേരം വയറു നിറച്ച് ആഹാരം കഴിക്കുന്ന ദിവസം അവർക്ക് സ്വർഗ്ഗമായിരുന്നു..
അച്ഛൻ മരിച്ചു പകരം അമ്മ ആ സ്ഥാനം ഏറ്റെടുത്തു നിത്യവും രോഗങ്ങളുമായി…
കഷ്ടപ്പാട് എന്നെ നിറഞ്ഞ് അവർ വളർന്നു ഓരോ ദിവസവും ഓരോ പ്രയാസം കാരണം കിട്ടുന്ന പൈസ ഒന്നിനും തികയുന്നുണ്ടായിരുന്നില്ല..
ഓരോരുത്തരുടെയും വിവാഹം കഴിയാൻ തുടങ്ങി മൂത്തവർ മൂത്തവർ വിവാഹം കഴിച്ചു ഭാര്യമാരെയും കൊണ്ട് വേറെ മാറി താമസിച്ചു അവരുടേതായ ലോകം കെട്ടിപ്പടുത്തു അപ്പോഴും വീടിന് ആശ്രയമായി നിന്നത് ശേഖരൻ ആയിരുന്നു…
ഒന്നിനും കൊള്ളാത്ത ഒരുത്തൻ അങ്ങനെയാണ് അവനെപ്പറ്റി എല്ലാവരും പറഞ്ഞുകൊണ്ട് നടന്നത്… ആളുകളെ മനസ്സിലാക്കാനുള്ള മനസ്സും ദ്രോഹിക്കാൻ ഉള്ള തന്റേടവും ഇല്ലാത്ത ഒരു പാവം..
പലരും അതുകൊണ്ടുതന്നെ എല്ലുമുറിയെ പണിയെടുപ്പിച്ച് പണം പാതി കൊടുത്ത് പറ്റിക്കുമായിരുന്നു എങ്കിലും പരാതിയില്ല…
അങ്ങനെയാണ് ഒരു ദിവസം ശേഖരന് ഒരു കല്യാണാലോചന വന്നത്.. അവിടെ തന്നെയുള്ള ഭേദപ്പെട്ട ഒരു വീട്ടിലെ പെൺകുട്ടിയുടെ…
എല്ലാവർക്കും അത്ഭുതമായിരുന്നു പക്ഷേ സത്യാവസ്ഥ അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി ആ പെൺകുട്ടി മറ്റൊരു ആളുമായി പ്രണയത്തിലായിരുന്നത്രെ അയാളിൽ നിന്ന് ആ കുട്ടി ഗർഭിണിയായി..
മാസങ്ങൾ ഏറെ കഴിഞ്ഞു അത് നശിപ്പിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിയപ്പോഴാണ് എല്ലാവരും അറിഞ്ഞത്.
അപ്പോഴേക്കും പ്രണയിച്ച ആള് രക്ഷപെട്ടു…
എന്തായാലും കുടുംബത്തിന്റെ മാനം കാക്കാൻ ഒരാളു വേണം അങ്ങനെയാണ് ശേഖരനെ തിരഞ്ഞു കണ്ടു പിടിക്കുന്നത്..
വീടിന്റെ പണി മുഴുവൻ തീർത്തു തരാമെന്നും അമ്മയുടെ ചികിത്സ നടത്തി തരാം എന്നൊക്കെ പറഞ്ഞപ്പോൾ എല്ലാവരും കൂടി ശേഖരനെ കൊണ്ട് ഈ വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നു…
പ്രത്യേകിച്ചും താൻ… നല്ല രീതിയിൽ ഒന്ന് ജീവിക്കണം എന്ന മോഹമേ അന്ന് ഉണ്ടായിരുന്നുള്ളൂ….
സ്ത്രീധനം എന്ന പേരിൽ നല്ലൊരു തുക വീട്ടിലേക്ക് ആയി തന്നു അതുകൊണ്ട് അത്യാവശ്യം എല്ലാം ചെയ്തു ബാക്കിയുള്ള പെൺമക്കളുടെ വിവാഹം നടത്തി… തന്റെയും….
ശേഖരനും അവന്റെ ഭാര്യക്ക് താമസിക്കാൻ അവർ തന്നെ ഒരു കുഞ്ഞു വീട് പണിത് കൊടുത്തിരുന്നു അവിടെ അവർ താമസം തുടങ്ങി..
പക്ഷേ, ആ പെൺകുട്ടിക്ക് ശേഖരനെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല അവൾക്ക് അവനോട് ഒരുതരം വെറുപ്പായിരുന്നു…
അവന്റെ കൺമുന്നിൽ വെച്ച് തന്നെ അവൾ ആദ്യം പ്രണയിച്ചവനുമായി വീണ്ടും അടുത്തു..
ഒരിക്കൽ തന്നെ ചതിച്ചവനാണ് എന്നു പോലും ഓർക്കാതെ…
അറിഞ്ഞിട്ടും ശേഖരൻ ഒന്നും തടഞ്ഞില്ല.. ഇനി എതിർത്തിട്ടും കാര്യമില്ലായിരുന്നു…
അതുകേട്ട് പലതവണ പറഞ്ഞു കൊടുത്തതാണ് ഇങ്ങനെ പാവമാവല്ലേ എന്ന് കുറച്ചൊക്കെ പ്രതികരിക്കാൻ…
അതിന് അവൻ പറഞ്ഞ മറുപടി ഇതായിരുന്നു,
“”” എന്നെ ഇഷ്ടപ്പെട്ടിട്ട് ഒന്നുമല്ലല്ലോ ചേച്ചി അവൾ കല്യാണം കഴിച്ചത്..
അവളുടെ ഗതികേട് കൊണ്ടല്ലേ…
പിന്നെ നമ്മൾ വേണ്ടെന്നു വയ്ക്കണമായിരുന്നു അപ്പോഴത്തെ ലാഭത്തിനുവേണ്ടി നമ്മൾ അതും ചെയ്തില്ലല്ലോ… ഇനി ഇതിൽ നമുക്കൊന്നും ചെയ്യാനില്ല അവൾ അവളുടെ ഇഷ്ടം പോലെ ജീവിക്കട്ടെ… “”
പിന്നെ ഒന്നും എനിക്ക് അവനോട് പറയാനില്ലായിരുന്നു…
നാട്ടുകാർ മുഴുവൻ ഒന്നിനും കൊള്ളാത്തവൻ എന്ന് വീണ്ടും എഴുതി തുടങ്ങി.. സ്വന്തം ഭാര്യയെ പോലും നിനക്ക് നിർത്താൻ കഴിയാത്തവൻ..
അവന്റെ കാഴ്ചപ്പാടിൽ അവൻ ചെയ്യുന്നതെല്ലാം ശരിയാണ്…
ആർക്കും മനസ്സിലാവാത്ത ശരി…
വീണ്ടും അവന്റെ കുഞ്ഞിന് അവൾ ജന്മം നൽകി..
അപ്പോഴും ഒരു ഭ്രാന്തനെ പോലെ ശേഖരൻ അവിടെ തന്നെ ജീവിച്ചിരുന്നു അവളുടെ ആട്ടും തുപ്പും കേട്ട്…
താൻ നിർബന്ധിച്ച് അവനെ അങ്ങനെയൊരു ജീവിതത്തിലേക്ക് തള്ളി വിട്ടത് കൊണ്ടാണോ എന്നറിയില്ല…
വിവാഹം കഴിഞ്ഞ് ഏറെ നാൾ കാത്തിരുന്ന് ഉണ്ടായ കുട്ടിക്ക് ചലിക്കാൻ പോലും ആവില്ലായിരുന്നു…
അതിന്റെ ചികിത്സയ്ക്കായി ഈ ജന്മം മുഴുവൻ കളഞ്ഞു..മനപ്രയാസം വേറെയും…അദ്ദേഹം ആ വിഷമത്തിലാണ് നെഞ്ചുപൊട്ടി മരിച്ചത്..
മോളെ നോക്കലും വീട്ട് ചെലവും എല്ലാം കൂടി എനിക്ക് എത്താതെയായി…
ഇതിനിടയിൽ ശേഖരന് എന്തോ അസുഖം ഉണ്ടെന്നറിഞ്ഞു.. അത് കേട്ടപ്പോൾ,
ശേഖരനെ ഇങ്ങോട്ട് വിളിക്കണം എന്നുണ്ടായിരുന്നു..
പക്ഷേ ഒരു നേരത്തെ ആഹാരത്തിനുള്ള വകുപോലും കണ്ടെത്താൻ കഴിയാത്തവരുടെ വീട്ടിലേക്ക് അവനെ കൂടി വിളിച്ചിട്ട് എന്താ എന്ന് തോന്നി…
അവിടെയാകുമ്പോൾ അവർ അവന്റെ ചികിത്സയെങ്കിലും ചെയ്യുമല്ലോ എന്നോർത്തു…
പക്ഷേ എല്ലാം വെറുതെയായിരുന്നു അവൾ അവനെ തിരിഞ്ഞു പോലും നോക്കിയില്ല അവളുടെ മക്കളും വ്യത്യസ്തരായിരുന്നില്ല അവർക്ക് അച്ഛനെ പുച്ഛം ആയിരുന്നു അല്ലെങ്കിലും പേരിനു മാത്രമല്ലേ അവൻ അച്ഛൻ…
എല്ലാം കണ്ട് കണ്ട് സഹിക്കാതായപ്പോൾ ചെയ്തതായിരിക്കും ആ പാവം..
കാർത്യായനി ചെന്നപ്പോൾ വീടിന്റെ മുറ്റത്ത് വെള്ളത്തുണിയിൽ പൊതിഞ്ഞ് കിടത്തിയിട്ടുണ്ട് ആളെ.. ആ മുഖത്ത് ചെറിയൊരു ചിരിയുള്ളതുപോലെ തോന്നി അവർക്ക്..
ഒരു ജീവിതം മുഴുവൻ സ്വന്തം സുഖങ്ങൾക്കായി അവനെ ഒരു പടുകുഴിയിലേക്ക് തള്ളിയിട്ടവരോടുള്ള പുച്ഛം കലർന്ന ഒരു ചിരി….
അവനെ ഒരേ ഒരു തവണ നോക്കി മെല്ലെ കാർത്യായനി നടന്നകന്നു.. വയ്യാത്ത ഒരു മോൾ ഉണ്ടല്ലോ.. ഒന്ന് അനങ്ങാൻ പോലും ആകാതെ അവൾക്കായി….