“” കണ്ടവർക്കൊക്കെ പായ വിരിക്കുന്ന പെണ്ണിനേയും കൊണ്ട് ഇവിടെ കേറി പൊറുക്കാൻ പറ്റില്ല ജയാ!! ഇറങ്ങിക്കോ ഈ വീട്ടിൽ നിന്ന്… “”

(രചന: J. K)

“” കണ്ടവർക്കൊക്കെ പായ വിരിക്കുന്ന പെണ്ണിനേയും കൊണ്ട് ഇവിടെ കേറി പൊറുക്കാൻ പറ്റില്ല ജയാ!! ഇറങ്ങിക്കോ ഈ വീട്ടിൽ നിന്ന്… “”

സുമതി ഉറഞ്ഞുതുള്ളി പറയുകയാണ്…

“”” എന്നമ്മയോട് ആരാ പറഞ്ഞത്? അമ്മ കണ്ടിരുന്നോ?? നാട്ടുകാര് ഓരോ ഇല്ലാവചനം പറയുന്ന കൂട്ടത്തിൽ അമ്മകൂടി പറയണ്ട അവളെ വിളിച്ചിറക്കി കൊണ്ടുവന്നത് ഞാനാണെങ്കിൽ എന്റെ കൂടെ പൊറുപ്പിക്കാനും എനിക്കറിയാം… “”

അമ്മയുടെ വാക്കുകേട്ട് ആകെ ഭ്രാന്ത് പിടിച്ചിരുന്നു ജയന് അതുകൊണ്ടുതന്നെ അവനും ഒട്ടും വിട്ടുകൊടുക്കാൻ പോയില്ല..

“”” ആയിക്കോ നിനക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം പക്ഷേ അത് ഈ മുറ്റത്തിന്റെ പുറത്തുനിന്ന് ആവണം എന്ന് മാത്രം ഇതിനകത്തേക്ക് ഒരുത്തിയെയും ഞാൻ കേറ്റില്ല…

രണ്ടു പെൺമക്കളുടെ കല്യാണം കഴിഞ്ഞത് ഭാഗ്യം ഇല്ലെങ്കിൽ അതുങ്ങളും ഇവിടെ ചിലവാകാതെ ഇരുന്നേനെ കാരണം അതുപോലെ ഒന്നിനെയല്ലേ ഇങ്ങോട്ട് കെട്ടി എഴുന്നള്ളിച്ച് കൊണ്ടുവന്നിരിക്കുന്നത് “””

വീറോടെ സുമതി പറഞ്ഞപ്പോൾ ശരിക്കും ജയന് ദേഷ്യം ഇരച്ചു കയറിയിരുന്നു..

“””” ആ രണ്ടു മക്കളുടെയും കല്യാണം കഴിഞ്ഞത് എങ്ങനെയാണെന്ന് അറിയാമോ നിങ്ങൾക്ക്??? ഒന്നും അറിയിച്ചിട്ടില്ലല്ലോ… എല്ലാം ഞാൻ സ്വയം ഏറ്റെടുക്കുകയായിരുന്നു ഈ കുടുംബത്തിന്റെ ഭാരം മൊത്തം..

എന്നാൽ നിനക്കതിന് കഴിയുമോ എന്നൊന്നും ആരും ഇതുവരെ ചോദിച്ചിട്ടില്ല എല്ലാം എന്നെ കടമയായി എന്റെ തലയിൽ വച്ചു തന്നു… ഒറ്റയ്ക്ക് കൂട്ടിയാൽ കൂടാഞ്ഞിട്ട് പോലും അതെടുത്ത് ഞാനും അങ്ങ് തലയിൽ വച്ചു… ഇപ്പോൾ കാര്യങ്ങളൊക്കെ കഴിഞ്ഞപ്പോൾ എല്ലാരും അഭിമാനികൾ…”””

ജയന്റെ ഒച്ച ഇടറുന്നുണ്ടായിരുന്നു അത് പറയുമ്പോൾ, സിന്ധു അവന്റെ അരികിലേക്ക് ചെന്നു. ഇനി പറഞ്ഞത് മതി എന്ന് പറഞ്ഞ് അവനെ പിടിച്ച് പടിക്ക് പുറത്തേക്ക് നടന്നു…

വെറും പന്ത്രണ്ടു വയസ്സായിരുന്നു ജയന് അച്ഛൻ മരിക്കുമ്പോൾ.. പറക്കമുറ്റത്ത കുഞ്ഞുങ്ങളെയും ഒന്നിനും പറ്റാത്ത അമ്മയെയും തനിച്ചാക്കി അച്ഛൻ അങ്ങ് പോയപ്പോൾ എന്തുവേണമെന്ന് അറിയില്ലായിരുന്നു അയാൾക്ക്….

കൂപ്പിലെ പണിക്ക് പോയത് അറിഞ്ഞിട്ടൊന്നുമല്ലായിരുന്നു….
എന്നിട്ടും ആ ജോലി ചെയ്തു കുടുംബം പോറ്റി…

കാര്യമായി ഒന്നും സമ്പാദിക്കാൻ ആ ജോലി കൊണ്ട് ആകുമായിരുന്നില്ല അന്നന്നത്തെ ചിലവ് കഴിഞ്ഞു പോകാം എന്നല്ലാതെ അതുകൊണ്ടുതന്നെ താഴെയുള്ള രണ്ട് പെങ്ങമ്മാരും പ്രായം തേകഞ്ഞു വന്നപ്പോൾ അയാൾക്ക് ഉള്ളിൽ തീ ആയിരുന്നു…

പണികിടയിൽ പരിചയപ്പെട്ടതായിരുന്നു അവളെ സിന്ധുവിനെ…

ചെറുപ്പത്തിലെ ഏതോ ഒരുത്തനെ സ്നേഹിച്ചു അവന്റെ കൂടെ പുറപ്പെട്ടു പോന്നതാണ് അവൻ ചതിച്ചു പോയപ്പോൾ ജീവൻ അവസാനിപ്പിക്കാതെ ജോലിയെടുത്ത് ജീവിക്കാൻ തുടങ്ങി അതുകൊണ്ട് തന്നെ അവളുടെ വാതിൽക്കൽ പല പകൽ മാന്യന്മാരും വന്നുമുട്ടി ഒറ്റയ്ക്കാണല്ലോ…

ഒരുത്തനെയും അടുപ്പിക്കാതെ ഒരു അരിവാളും കയ്യിൽ വച്ച് അവൾ നാളുകൾ തള്ളിനീക്കി..
കിട്ടാത്ത മുന്തിരി പുളിക്കും എന്നല്ലേ പറയുക അതുകൊണ്ടുതന്നെ എല്ലാവരും കൂടി അവളുടെ തലയിൽ ഒരു പേരും ചാർത്തി കൊടുത്തു വഴിപിഴച്ചവൾ….

അവളുടെ മനസ്സിന്റെ ശുദ്ധിയും നേരും അവൾക്കും തെക്കേലെ തേവർക്കും മാത്രം അറിയാവുന്ന കാര്യമായിരുന്നു…

എന്നോ ഒരിക്കൽ ജയനും അത് മനസ്സിലാക്കി…
അയാൾ തന്നെയാണ് അവളോട് അങ്ങോട്ട് പറഞ്ഞത് ഞാൻ നിന്നെ വിവാഹം കഴിച്ചോട്ടെ എന്ന് അവൾക്ക് ഭയമായിരുന്നു. കാരണം ജയൻ ഒരിക്കൽ പോലും തന്റെ പിന്നാമ്പുറത്തിൽ കൂടെ വന്ന് വാതിലിൽ മുട്ടിയിട്ടില്ല…

നേരിട്ട് വന്ന് പറയുക തന്നെയാണ് ചെയ്തത്…. എനിക്ക് നിന്നെ ഇഷ്ടമാണ് വിവാഹം കഴിക്കണം എന്ന്…. ആണൊരുത്തനെ അങ്ങനെ പറയൂ എന്ന് അവൾക്കും ഉറപ്പുണ്ടായിരുന്നു അതുകൊണ്ട് മാത്രമാണ് ജയൻ അവളുടെ മനസ്സിലേക്ക് കയറി പോയത് പക്ഷേ എന്നിട്ടും അവൾ എതിർത്തു…

“” നാട്ടുകാര് എന്നെപ്പറ്റി അതും ഇതും എല്ലാം പറഞ്ഞു നടക്കുന്നുണ്ട് വെറുതെ എന്നെ കെട്ടി നിങ്ങളുടെ ജീവിതം കൂടി തകർക്കേണ്ട നിങ്ങൾക്ക് നല്ല ഒരു പെണ്ണിനെ കിട്ടും അവളെയും കെട്ടി സുഖമായി ജീവിക്കാൻ നോക്ക്.. “”

എന്നിട്ടും ജയൻ ചോദിച്ചത് അതുതന്നെയായിരുന്നു എനിക്ക് നിന്നെ ഇഷ്ടമാണ് എന്നാണ് പറഞ്ഞത് നിനക്ക് എന്നെ കെട്ടാൻ സമ്മതം ഉണ്ടോ എന്നാണ് ചോദിച്ചത്….

അല്ലാതെ എന്റെ ഭാവിയും വർത്തമാനവും ഒന്നും നീ നോക്കേണ്ട ആവശ്യമില്ല…. എന്ന് പറഞ്ഞപ്പോൾ അറിയാതെ അവൾ സമ്മതം മൂളിപ്പോയി….

രണ്ട് അനിയത്തിമാരുടെയും വിവാഹം കഴിഞ്ഞാൽ അടുത്ത മുഹൂർത്തത്തിൽ താൻ വരുമെന്നും ഒരുങ്ങിയിരുന്നോളാനും അവളോട് പറഞ്ഞിട്ടാണ് ജയൻ പോയത് രണ്ടുപേരെയും കല്യാണം കഴിച്ചു വിടാൻ കാലമായപ്പോൾ കയ്യിൽ ഒന്നുമില്ലാതെ അയാൾ വിഷമിച്ചു അപ്പോൾ അവൾ തന്നെയാണ് പത്തു പവന്റെ പണ്ടം എടുത്ത് അയാളുടെ കയ്യിൽ വച്ചു കൊടുത്തത് പിന്നെ കുറച്ച് പണവും..

അയാൾ വേണ്ടെന്നു പറഞ്ഞു നിഷേധിച്ചപ്പോൾ അവൾ പറഞ്ഞിരുന്നു,

“” പണ്ട് ഒരുത്തനെയും വിശ്വസിച്ചു വന്നപ്പോൾ എടുത്തോണ്ട് വന്നതാണ് എനിക്കായി എന്റെ അച്ഛൻ വാങ്ങിയ ഈ സ്വർണം അയാൾ അത് വിൽക്കാൻ കുറെ നോക്കി പക്ഷേ എന്റെ മനസ്സ് അനുവദിച്ചില്ല അതുകൊണ്ട് മാത്രമാണ് എന്റെ പേരിൽ പണയം വെച്ചത് ആ പൈസയും ആ ദുഷ്ടൻ കൊണ്ടുപോയി ഒപ്പം എന്റെ ശരീരം അയാൾക്ക് മതിയാവുന്നത് വരെ ആസ്വദിച്ചു….

എല്ലാം മടുത്തപ്പോൾ എന്റെ കാര്യം ഒന്നാലോചിക്കുക കൂടി ചെയ്യാതെ ആ പണവും എടുത്ത് അയാൾ നാടുവിട്ടു എന്നെങ്കിലും അയാളെ കാണും അന്ന് അയാളുടെ കഴുത്തിന് നോക്കി വെട്ടാനാ ഈ അരിവാൾ ഞാൻ സൂക്ഷിച്ചു വെച്ചിരുന്നത്

പക്ഷേ പിന്നീട് മനസ്സിലായി അതിന് മാത്രമല്ല മാനം കാത്ത് ഒരു പെണ്ണിന് നാട്ടിൽ ഒറ്റയ്ക്ക് കഴിയാനും ഇത് ആവശ്യമാണെന്ന്….

പിന്നെയും പണ്ടം വാങ്ങാൻ വിസമ്മതിച്ചപ്പോൾ അവൾ പറഞ്ഞിരുന്നു,

“” ഒട്ടും മടിക്കേണ്ട പണയം വെച്ച പണ്ടം ഞാൻ തന്നെയാണ് അധ്വാനിച്ച് തിരിച്ചു നേടിയെടുത്തത് ഒപ്പം ഈ പണവും ഒന്നിനുവേണ്ടിയല്ല എനിക്കിനി ഇത് ഉപകരിക്കുകയും ഇല്ല ഇതുകൊണ്ട് രണ്ടു പെൺകുട്ടികളുടെ വിവാഹം കഴിയുമെങ്കിൽ എനിക്ക് അതിന് പൂർണ്ണ സമ്മതമേ ഉള്ളൂ…

എന്ന്…

മടിച്ചു മടിച്ച് അത് വാങ്ങുമ്പോൾ ജയന്റെ മനസ്സിൽ അവളുടെ സ്ഥാനം അങ്ങ് ആകാശത്തോളം ഉയർന്നിരുന്നു..

അതും ജയൻ സമ്പാദിച്ചതും പിന്നെ കുറച്ച് കടവും ഒക്കെയായി രണ്ടുപേരുടെയും വിവാഹം ഒരുമിച്ചു നടത്തി…

അമ്മയോട് പറഞ്ഞിരുന്നു എല്ലാം തന്നത് സിന്ധു ആണ് എന്ന് അപ്പോൾ കരുതി വിവാഹം കഴിക്കുകയാണെന്ന് അറിഞ്ഞപ്പോൾ അമ്മ ശരിക്കും തരം മാറി…

അവളെയും കൊണ്ട് ഈ പടി കയറിയാൽ തൂങ്ങി ചാവും എന്നു വരെ പറഞ്ഞു…

അപ്പോൾ ഒന്നും മറുപടി പറഞ്ഞില്ല ചെയ്യാൻ പകരം പെങ്ങന്മാരുടെ വിവാഹം കഴിയുന്നത് വരെ കാത്തിരുന്നു…

അവരെല്ലാം ഭർത്താവിന്റെ വീട്ടിൽ സുഖമായി കഴിയുന്നു എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ജയൻ സിന്ധുവിനെ വിളിച്ചിറക്കി കൊണ്ടുവന്നത് പക്ഷേ കിട്ടിയത് ഇത്തരത്തിലുള്ള സ്വീകരണവും അതെല്ലാം അറിഞ്ഞു പെങ്ങമ്മാരും ഓടിവന്നു അവർക്കും ഇഷ്ടമുണ്ടായിരുന്നില്ല ഇതുപോലെ ഒരുത്തിയെ ഏട്ടന്റെ ഭാര്യയാക്കാൻ…

എല്ലാമറിഞ്ഞപ്പോൾ സിന്ധുവും ക്രമേണ അകലാൻ തുടങ്ങി ജയനിൽ നിന്ന് അയാൾക്കത് താങ്ങാൻ ആകുമായിരുന്നില്ല..

“” നിങ്ങൾക്ക് അമ്മയെയും പെങ്ങന്മാരെയും ഒരുപാട് ഇഷ്ടമാണ് എന്നെനിക്കറിയാം വെറുതെ എനിക്ക് വേണ്ടി അവരെ നഷ്ടപ്പെടുത്തരുത് എനിക്ക് ഇതൊക്കെ ശീലമാണ് ദയവുചെയ്ത് എന്നെ വിട്ടുപോകൂ എന്ന് അവൾ കരഞ്ഞപേക്ഷിച്ചു…

“”” അമ്മയോട് പെങ്ങന്മാരോടും ഉള്ള കടമകൾ എല്ലാം ഞാൻ തീർത്തതാണ്… എന്നിട്ടും എന്റെ ഒരു ആഗ്രഹം അവർക്ക് സാധിപ്പിച്ചു തരാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഇനിയും ഞാൻ അവിടെ തുടരുന്നത് കൊണ്ട് പ്രയോജനമില്ല…
എന്ന് കരുതി അവർക്കൊക്കെ കിട്ടാനുള്ള വിഹിതം എല്ലാ മാസവും ഞാൻ അങ്ങോട്ട് എത്തിച്ചോളാം…

അതിന്റെ ഒന്നും പേരിൽ എനിക്ക് നിന്നെ ഉപേക്ഷിക്കാൻ ആവില്ല ഇനി നിനക്ക് എന്നെ മറക്കാൻ പറ്റുമെന്ന് ഉണ്ടെങ്കിൽ നിനക്ക് അത് തുറന്നു പറയാം. അങ്ങനെ നീ എന്നെ സ്നേഹിക്കില്ല ഞാൻ പോയാലും വിഷമിക്കില്ല എന്ന് ഉറപ്പു തരികയാണെങ്കിൽ ഞാൻ നിന്നെ വിട്ടു പൊയ്ക്കോളാം… “””

അവൾക്ക് അറിയാമായിരുന്നു അവൾ എന്തുമാത്രം ജയനെ സ്നേഹിക്കുന്നുണ്ട് എന്ന് നിശബ്ദത അവർക്കിടയിൽ തളംകെട്ടി നിന്നു…

പൊടുന്നനെ അവളെ നെഞ്ചോട് ചേർത്ത് ജയൻ ചോദിച്ചു..

“” നിനക്ക് പറ്റുമോടീ എന്നെ വിട്ടു പോകാൻ എന്ന് “”

അതിനുള്ള മറുപടിയായി അവൾ അവന്റെ മുഖത്ത് ചുമ്പനങ്ങൾ കൊണ്ട് മൂടിയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *