(രചന: J. K)
“മനു… എടാ എനിക്ക് താമസിക്കാൻ വല്ല ഹോസ്റ്റലും കിട്ടുമോ ന്ന് ഒന്നു നോക്കാമോ???
എന്ന് ഹിമ വിളിച്ചു പറഞ്ഞപ്പോൾ അവൻ ആകെ അമ്പരന്നിരുന്നു..
എടി ഈ സിറ്റിയിൽ സ്വന്തം ചേച്ചിക്ക് സ്വന്തമായി ഒരു ഫ്ലാറ്റ്.. അതിന് തൊട്ടരികിൽ കോളേജ് അഞ്ചിന്റെ പൈസ റെന്റ് കൊടുക്കാതെ നിൽക്കാം ഭക്ഷണവും ഫ്രീ പിന്നെ എന്ത് തേങ്ങക്കാ ഹോസ്റ്റൽ തപ്പി നടക്കുന്നെ…??””
“”‘ മനു നിനക്ക് അന്വേഷിക്കാൻ പറ്റുമെങ്കിൽ അന്വേഷിക്ക്…”
എന്നുപറഞ്ഞ് അവൾ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തപ്പോഴേ മനസ്സിലായിരുന്നു എന്തൊക്കെയോ പ്രശ്നങ്ങൾ അവൾക്ക് ഉണ്ട് എന്ന്….
കോളേജിൽ ചേർന്നപ്പോൾ ആദ്യമായി കിട്ടിയ കൂട്ടാണ് ഹിമ ഒറ്റയ്ക്ക് ഇരിക്കുന്ന ഒരു പാവം പെൺകുട്ടിയെ കണ്ടു കമ്പനി കൊടുക്കാൻ ചെന്നതാണ് അത് പിന്നെ കട്ട ഫ്രണ്ട്ഷിപ്പിലാണ് അവസാനിച്ചത്…
നാട്ടിൽ അവൾ എറണാകുളം ആണെന്ന് പറഞ്ഞു അവളുടെ ചേച്ചിയെ കല്യാണം കഴിച്ചിരിക്കുന്നത് ഇവിടെ തന്നെ ജോലി ചെയ്യുന്ന ഒരാളാണ്…
അവർക്ക് ഇവിടെ സ്വന്തമായി ഫ്ലാറ്റ് ഉണ്ട് അതുകൊണ്ടാണ് അവൾ ഇങ്ങോട്ട് കോളേജിൽ ചേരാൻ വേണ്ടി വന്നത്..
അവളുടെ ചേച്ചിയുടെ വീട്ടിൽ നിൽക്കാം..
അവിടെ നിന്നും കോളേജിൽ പോയി വരുന്നതും സുഖമാണ്. കാരണം കോളേജിന് അടുത്ത് തന്നെയാണ് അവരുടെ ഫ്ലാറ്റ് എന്നൊക്കെയാണ് അവൾ പറഞ്ഞിരുന്നത്…
അങ്ങനെ തന്നെയാണ് ചെയ്തിരുന്നതും ഇതിപ്പോൾ ഇങ്ങനെ പറയാൻ എന്തുണ്ടായി എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല നാളെ അവൾ കോളേജിൽ വരുമ്പോൾ ചോദിക്കാം എന്ന് കരുതി മിണ്ടാതെ ഇരുന്നു…
ആദ്യം ഒരു കൂട്ട് കിട്ടാത്തതുകൊണ്ട് അവൾ മൂഡി ആയിരുന്നു പക്ഷേ തന്നോട് കൂട്ടുകൂട്ടിയതിനുശേഷം അവൾ ഭയങ്കര എനർജറ്റിക് ആയിരുന്നു എപ്പോഴും ഓരോ തമാശകൾ പറയും….
ചിരിച്ചേ അവളുടെ മുഖം കണ്ടിട്ടുള്ളൂ, ഒന്ന് ഓർത്തു നോക്കി മനു അതെ ശരിയാണ് ഇപ്പോൾ കുറച്ചുകാലമായി അവൾ മൂഡി ആയിട്ട് ആണ് ഇരിക്കുന്നത് താൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്…
എക്സാം അടുക്കാറായി ഒന്നും പഠിച്ചിട്ടില്ല ഒന്നും തലയിൽ കയറുന്നില്ല എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറയുന്നത് കേൾക്കാം അതായിരിക്കും കാരണം എന്ന് കരുതി കൂടുതൽ അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല….
ഇപ്പോ അവൾ പറഞ്ഞത് കേട്ടതുകൊണ്ട് മാത്രമാണ് താൻ എല്ലാം ഒന്നുകൂടി റിവൈൻഡ് ചെയ്തു നോക്കിയത്…
എന്തോ അവൾക്ക് വിഷമമുണ്ട് എന്നത് ഉറപ്പായി മനുവിന് പിറ്റേദിവസം അവളെ കാണാനായി കാത്തിരുന്നു…
“”” എടാ വല്ലടത്തും ശരിയായോ ഇന്ന് തന്നെ മാറാൻ കഴിയുമെങ്കിൽ എനിക്ക് ഇന്ന് തന്നെ മാറണം പ്ലീസ് എനിക്ക് നിന്നോട് മാത്രമേ ഇവിടെ പറയാനുള്ളൂ ഞാൻ ആകെ പെട്ടുപോയ അവസ്ഥയാണ്”””
എന്ന് പറഞ്ഞപ്പോഴേക്ക് അവളുടെ മിഴികൾ നിറഞ്ഞിരുന്നു. ഒന്നും മനസ്സിലാവാതെ ഞാൻ അവളെ തന്നെ നോക്കി…..
“”” എടീ ഇത്രമാത്രം നിനക്കെന്താ പ്രശ്നം? നീയും ചേച്ചിയും തമ്മിൽ വഴക്കിട്ടോ അങ്ങനെയാണെങ്കിൽ അത് പറഞ്ഞു തീർക്കാവുന്നതല്ലേ ഉള്ളൂ കൂടെപ്പിറപ്പുകൾക്കിടയിൽ വഴക്കിടുന്നതും പിന്നീട് അത് സോൾവ് ആക്കുന്നതും ഒക്കെ സർവ്വസാധാരണമാണ് എന്നെക്കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്ന വിഷയമാണെങ്കിൽ ഞാൻ ഇടപെടാം നീ പറ… “””
അതൊന്നുമല്ല എന്ന് പറഞ്ഞെങ്കിലും യഥാർത്ഥ കാരണം പറയാൻ അവൾ തയ്യാറായില്ല അതുകൊണ്ടുതന്നെ അവൾക്കിഷ്ടമില്ലെങ്കിൽ പറയേണ്ട എന്ന് ഞാനും കരുതി മിണ്ടാതിരുന്നു.
പക്ഷേ എന്നോട് പറഞ്ഞാൽ നന്നായിരിക്കും എന്ന് അവൾക്ക് പിന്നീട് തോന്നിയിട്ടുണ്ടാകും…. അതുകൊണ്ടുതന്നെയാണ് അവൾ എന്റെ മുന്നിൽ എല്ലാം തുറന്നു പറഞ്ഞത്…
“” എന്റെ ചേച്ചിയുടെ ഭർത്താവിനെ ഞാൻ കണ്ടത് സ്വന്തം ചേട്ടന്റെ സ്ഥാനത്താണ് പക്ഷേ അയാൾക്ക് തിരിച്ച് അങ്ങനെയല്ല… ചേച്ചി ഇപ്പോൾ ഗർഭിണിയാണ്, ചില കോംപ്ലിക്കേഷൻസ് ഉണ്ട്… ബെഡ് റെസ്റ്റും പറഞ്ഞിട്ടുണ്ട് ഡോക്ടർ… അതുകൊണ്ടുതന്നെ റൂമിൽ നിന്ന് ഇറങ്ങാറില്ല അധികം….
ഇതൊരു ചാൻസായി കരുതി അയാൾ എന്റെ പുറകെ തന്നെ ഉണ്ടാകും… അറിയാത്ത ഭാവത്തിൽ അടുത്ത് വന്ന് നിന്ന് ദേഹത്തെല്ലാം തൊട്ടുരുമ്മി നടക്കും.. ആദ്യം ഒന്നും എനിക്കത് മനസ്സിലായില്ല പക്ഷേ ക്രമേണ അയാൾ കൂടുതൽ സ്വാതന്ത്ര്യം എടുത്തു തുടങ്ങി….
സ്വന്തം ഏട്ടനെ പോലെ കരുതിയ ഒരാളുടെ അടുത്ത് നിന്ന് ഇത്തരം ഒരു അനുഭവം എനിക്ക് ഒട്ടും പിടിച്ചുനിൽക്കാൻ വയ്യടാ ഈ അവസ്ഥയിൽ ചേച്ചിയോട് ഒന്നും തുറന്നു പറയാനും വയ്യ….
ചേച്ചിയോട് എന്നല്ല അയാളെ വിശ്വസിക്കുന്ന എന്റെ അച്ഛനോടും അമ്മയോടും ഒന്നും…. സ്വന്തം മകനെ പോലെയാണ് അവർ അയാളെ കാണുന്നത് പിന്നെ ചേച്ചിക്ക് അയാൾ എന്ന് വെച്ചാൽ ജീവനാണ്…. “””
ഇത്രയും പറഞ്ഞ് കരഞ്ഞ അവളുടെ മാനസികാവസ്ഥ എനിക്ക് പെട്ടെന്ന് മനസ്സിലായി…. ഒരുതരം ചെകുത്താനും കടലിനും നടുക്ക് പ്പെട്ട അവസ്ഥ….
“””” എടീ ഈ പ്രശ്നങ്ങളിൽ നിന്നെല്ലാം നീ ഒളിച്ചോടി പോയാൽ എല്ലാം ശരിയാകും എന്ന് നീ കരുതുന്നുണ്ടോ??? അയാളെപ്പോലെ ഒരു വൃത്തികെട്ടവനെ ജീവിതകാലം മുഴുവൻ നിന്റെ ചേച്ചി സഹിക്കണോ??? “””
“”” എടാ പക്ഷേ ചേച്ചിക്ക് അയാൾ എന്നുവച്ചാൽ ജീവനാണ് വെറുതെ എന്തിനാണ് അവരുടെ ജീവിതം തകർക്കുന്നത്??? “””
അവൾ അങ്ങനെയായിരുന്നു ചിന്തിച്ചത് പക്ഷേ മനുവിന് അത് ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല…
“”” എടി അയാളെപ്പോലെ ഒരു ചതിയന്റെ അഭിനയവും വിശ്വസിച്ച് ചേച്ചി ഇങ്ങനെ കഴിയുന്നതാണ് നല്ലത് എന്നാണോ നീ പറഞ്ഞു വരുന്നത്…. നീ, അല്ലെങ്കിൽ മറ്റൊരാളെ കണ്ടാൽ അയാൾ ഇത്തരത്തിൽ തന്നെ ആവില്ലേ ഇനിയും പെരുമാറുക….
ഒരു ദിവസം എങ്കിൽ ഒരു ദിവസം മുമ്പ് ചേച്ചി സ്വന്തം ഭർത്താവിന്റെ സ്വഭാവം തിരിച്ചറിയണം…. അല്ലെങ്കിൽ നമ്മൾ അത് ചേച്ചിയോട് ചെയ്യുന്ന വലിയ തെറ്റാവില്ലെ… നീയൊന്ന് ആലോചിക്ക്…. “”””
അവൾക്ക് വേണ്ടിയുള്ള ഹോസ്റ്റൽ ഞാൻ റെഡിയാക്കിയിരുന്നു എന്റെ റിലേറ്റീവ് ഇവിടെ ഉണ്ടായിരുന്നു അവർ മുഖാന്തരം കോളേജിന് അടുത്ത് തന്നെ ഉള്ള ഒരു ഹോസ്റ്റലിൽ അവൾക്ക് റൂം ശരിയായി…
രണ്ടുദിവസത്തിനകം അങ്ങോട്ടേക്ക് മാറിക്കോളാൻ ഞാൻ അവളോട് പറഞ്ഞു അങ്ങോട്ടേക്ക് മാറും എന്ന് പറഞ്ഞ അന്ന് അവൾ നാട്ടിലേക്ക് പോയി എന്നാണ് അറിയാൻ കഴിഞ്ഞത് പിന്നെയും രണ്ടുദിവസം കഴിഞ്ഞാണ് അവൾ അങ്ങോട്ടേക്ക് വന്നത്. അന്ന് രാവിലെ അവൾ എന്റെ അരികിൽ വന്നിരുന്നു..
“””” ഞാൻ ചേച്ചിയോട് എല്ലാം തുറന്നു പറഞ്ഞു.. എനിക്കറിയാമായിരുന്നു വെറുതെ ഒരു വാക്ക് പറഞ്ഞാൽ സ്വന്തം അനിയത്തിയായ എന്നെ പോലും ചേച്ചി ഒരിക്കലും വിശ്വസിക്കില്ല എന്ന് അത്രത്തോളം ആ മനസ്സിൽ അയാൾ വിശ്വാസം പിടിച്ചു പറ്റിയിരുന്നു….
അതുകൊണ്ടുതന്നെ അയാളുടെ അടുക്കളയിലെ ലീലാവിലാസങ്ങൾ ഞാൻ ഫോണിലെ ക്യാമറ വച്ച് പകർത്തിയിരുന്നു എല്ലാം നേരിട്ട് കണ്ടപ്പോൾ ചേച്ചിക്ക് തന്നെ മനസ്സിലായി യാഥാർത്ഥ്യം അവൾ അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി…
ഞാൻ ഹോസ്റ്റലിലേക്ക് മാറുകയാണ് എന്ന് പറഞ്ഞപ്പോൾ അവരാരും എതിർത്തില്ല അവർ ചേച്ചിയെയും കൊണ്ടുപോയി…
അയാൾ നിന്ന് കരഞ്ഞു തകർത്ത് അഭിനയിക്കുന്നുണ്ടായിരുന്നു. പക്ഷേ ആരും വിശ്വസിച്ചില്ല….ചേച്ചി നാട്ടിൽ ഒറ്റയ്ക്ക് പോയാൽ ശരിയാവില്ല എന്ന് മനസ്സിലായത് കൊണ്ട് ചേച്ചിയുടെ കൂടെ ഞാനും പോയി ഒരു ആശ്വാസത്തിന്…. “””
മനു എല്ലാം കേട്ട് നിന്നു അവൾ തുടർന്നു…
“”” ഞാൻ വിചാരിച്ച പോലെ ആയിരുന്നില്ല ചേച്ചി ബോൾഡ് ആയിരുന്നു ഇനി അയാളോടൊപ്പം കഴിയാൻ പറ്റില്ല എന്നാണ് ചേച്ചി പറയുന്നത്…. എത്രത്തോളം സ്നേഹിക്കുന്നു അത്രത്തോളം വെറുപ്പും കൂടും എന്നല്ലേ പറയുക… അയാൾ നന്നാവും എന്ന് കരുതി ഇനിയും ഒരു പരീക്ഷണത്തിന് ചേച്ചി ഒരുക്കമല്ലാത്രെ… എനിക്ക് തോന്നി അത് തന്നെയാണ് ശരി എന്ന്… “”
അതും പറഞ്ഞ് അവളുടെ ബാഗ് എല്ലാം എന്നെക്കൊണ്ട് ചുമപ്പിച്ച് അവളുടെ ഹോസ്റ്റലിലേക്ക് മാറി അവൾ….
ഇപ്പോ ആ പഴയ ഹേമ കുട്ടിയായി…
ഇടയ്ക്ക് എപ്പോഴോ അവൾ പറഞ്ഞിരുന്നു നീ അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ഒന്നും ആരോടും പറയില്ലായിരുന്നു.
ആ ചതിയനെയും സഹിച്ച് എന്റെ ചേച്ചി ഇനിയും അയാളുടെ കൂടെ കഴിയേണ്ടി വന്നേനെ…. ഇപ്പോ വലിയ ഒരു ആശ്വാസമുണ്ട് ഒരു കൺമുനിൽ കണ്ട ഒരു തെറ്റ് തിരുത്തിയ വലിയ ആശ്വാസം എന്ന്…..