(രചന: J. K)
രാവിലെ ആ ഫോൺകോൾ വന്നത് മുതൽ അവൾ വല്ലാതെ അസ്വസ്ഥയായിരുന്നു..
ജോലിചെയ്യുന്ന സ്ഥാപനത്തിൽ നടത്തിയ ചെറിയൊരു ക്രമക്കേട്.. അതും ആദ്യമായല്ല അവനുവേണ്ടി ഇതുപോലുള്ള സഹായങ്ങൾ പലപ്പോഴും ആയി താൻ ചെയ്തു കൊടുത്തിട്ടുണ്ട് അതൊന്നും ആരും അറിഞ്ഞിട്ടില്ല
പക്ഷേ ഇപ്പോൾ ആരോ ആ പേര് പറഞ്ഞ് തന്നെ വിളിച്ചു ഭീഷണിപ്പെടുത്തുന്നു. അതിന് എല്ലാം തന്നെ തെളിവുണ്ട് അയാളുടെ കയ്യിൽ എന്ന് പറയുന്നു.
എല്ലാവരോടും അത് പറഞ്ഞു കൊടുക്കും എന്ന് പറയുന്നു ഇത് വെളിയിൽ അറിഞ്ഞാൽ പിന്നെ താൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല സാമ്പത്തിക ക്രമക്കേടാണ് അതിന്റെ പുറകെ അന്വേഷണം വരും.
അറസ്റ്റ് ഉണ്ടാകും ചിലപ്പോൾ ഈ ജോലി തന്നെ നഷ്ടപ്പെടും. ആകെക്കൂടി ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു ലിന്റക്ക്…
പെട്ടെന്നാണ് വാട്സാപ്പിലേക്ക് ഒരു മെസ്സേജ് വന്നത് അത് ഓപ്പൺ ചെയ്തതും അവൾ ഞെട്ടിപ്പോയി ഏതോ ഒരു അണ് നോൺ നമ്പറിൽ നിന്നുമായിരുന്നു അത് അഞ്ചാറു വർഷമായി അവനുവേണ്ടി താൻ ചെയ്ത എല്ലാ ക്രമക്കേടിന്റെയും തെളിവുകൾ അതിൽ ഉണ്ടായിരുന്നു
ഇതെങ്ങാനും പുറത്തറിഞ്ഞാൽ പിന്നെ താൻ ആത്മഹത്യ ചെയ്യുകയല്ലാതെ വേറൊരു വഴിയും ഇല്ല എന്ന് അവൾക്ക് മനസ്സിലായിരുന്നു എന്തുവേണമെന്ന് അറിയാതെ പകച്ചിരുന്നു അവൾ ആ നമ്പറിലേക്ക് വിളിച്ചു നോക്കി അങ്ങനെ ഒരു നമ്പർ നിലവിലില്ല എന്നായിരുന്നു പറഞ്ഞിരുന്നത് അവൾക്ക് ആകെ എന്തോ ഭയം തോന്നി…
പെട്ടെന്ന് ഒരു പ്രൈവറ്റ് നമ്പറിൽ നിന്ന് കോൾ വന്നു അവൾ അത് എടുത്തു നോക്കിയപ്പോൾ വാട്സാപ്പിൽ അയച്ച ആളാണ് തന്നെ വിളിച്ചിരിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി ആദ്യം തന്നെ ചോദിച്ചു തനിക്ക് എന്താണ് വേണ്ടത് എന്ന്..
ഒരു പൊട്ടിച്ചിരിയായിരുന്നു അതിനുപകരം.. വല്ലാതെ ഭയപ്പെടുത്തുന്ന ഒരുതരം പൊട്ടിച്ചിരി അവൾ കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു തന്റെ ജീവിതം വച്ചാണ് അയാൾ കളിക്കുന്നത് എന്ന ബോധ്യം അവൾക്കുണ്ടായിരുന്നു
അതുകൊണ്ടുതന്നെ സംയമനം പാലിച്ച് അവൾ കെഞ്ചി, പ്ലീസ് എന്തുവേണമെങ്കിലും തരാം ദയവുചെയ്ത് ഇതൊന്നും പുറത്തറിയരുത് എന്നെ സഹായിക്കണം എന്ന്….
അയാൾ പറയുന്നതുപോലെ ചെയ്യാമോ എന്നായിരുന്നു പിന്നെ ചോദ്യം… ചെയ്യാം എന്ന് സമ്മതിക്കുകയല്ലാതെ അവൾക്ക് വേറെ വഴിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അവൾ സമ്മതം മൂളി അയാൾ എന്തുപറഞ്ഞാലും അനുസരിക്കാമെന്ന്….
അടുത്ത നിർദ്ദേശം ഇതായിരുന്നു ഇതിനെപ്പറ്റി ഒന്നും തന്നെ കാമുകൻ അറിയരുത് എന്ന് അവൾക്ക് അത്ഭുതമായി തന്റെ കാമുകനെ ഇയാൾക്ക് വിശദമായി അറിയാം…
അടുത്ത ചോദ്യം ഇതായിരുന്നു നിന്റെ ഭർത്താവ് എങ്ങനെയാണ് മരിച്ചതെന്ന് അവൾ ആകെ ഞെട്ടിപ്പോയി തനിക്കും തന്റെ കാമുകൻ ലിയോക്കും മാത്രം അറിയുന്ന സത്യം…
“” ചോദിച്ചത് കേട്ടില്ലേ എന്ന് അപ്പുറത്തുനിന്ന് ഉയർന്ന കേട്ട ശബ്ദത്തിൽ അവൾ ഞെട്ടിപ്പോയി മെല്ലെ പറഞ്ഞു..
എനിക്കൊന്നും അറിയില്ല എന്ന് പറഞ്ഞപ്പോൾ, എല്ലാത്തിനും തെളിവുണ്ട് എന്ന് അയാൾ പറഞ്ഞു..
അയാൾ വെറുതെ പറഞ്ഞതല്ല എന്ന് അവർക്ക് പൂർണ ബോധ്യമുണ്ടായിരുന്നു അതുകൊണ്ട് തന്നെ മടിച്ചു മടിച്ചു പറഞ്ഞു.
ഭക്ഷണത്തിൽ അവൾ പോയ്സൺ കലർത്തിയതാണ് എന്ന്..
എന്തിനുവേണ്ടി എന്നപ്പുറത്ത് ചോദിച്ചപ്പോൾ ആ ശബ്ദം ഇടറിയത് പോലെ തോന്നി അവൾക്ക്…
“” ഞാനും ലിയോയും ആയുള്ള ബന്ധം ബെന്നിച്ചൻ കണ്ടുപിടിച്ചിരുന്നു.. അങ്ങിനെ ഒരുപാട് ഉപദ്രവിച്ചു… അദ്ദേഹത്തിന്റെ ഒരു ചില്ലിക്കാശ് പോലും ഇനി എനിക്ക് തരില്ല എന്ന് പറഞ്ഞു എല്ലാ സ്വത്തും അനാഥമന്ദിരത്തിന് എഴുതിക്കൊടുക്കുകയാണെന്നു പറഞ്ഞു… വേറെ നിവൃത്തിയില്ലാതെ ചെയ്തു പോയതാണ്.. “”
“”എന്നിട്ട്??””
അയാൾ വിടാൻ ഭാവമില്ല അയാളെല്ലാം അറിഞ്ഞിട്ടാണ് വിളിക്കുന്നത് എന്ന് മനസ്സിലായി..
അവൾ ആകെ തകർന്നു പോയിരുന്നു ഇനി എന്ത് വേണം എന്നറിയാതെ അവൾ പകച്ചു നിന്നു..
വാട്സ്ആപ്പ് നോക്ക്..
എന്നുപറഞ്ഞതും അവൾ വാട്സ്ആപ്പ് നോക്കി അതിൽ മുഴുവൻ ചെയ്തതിനെല്ലാം ഉള്ള തെളിവുകൾ ആയിരുന്നു..
പെട്ടെന്ന് മുൻവശത്തെ വാതിലിൽ ആരോ മുട്ടുന്നത് പോലെ അവൾക്ക് തോന്നി വേഗം ചെന്ന് വാതിൽ തുറന്നപ്പോൾ കണ്ടു ബെന്നിച്ചായന്റെ അനിയനെ..
ഇത്രയും നേരം അവനാണ് എന്നെ ഫോൺ വിളിച്ചു സംസാരിച്ചത് എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി…
തങ്ങൾ തമ്മിൽ അധികം ഒന്നും സംസാരിച്ചിട്ടില്ല ബെന്നിച്ചായനുമായി താൻ പ്രണയത്തിലായത് മുതൽ വീട്ടുകാർക്ക് വളരെ എതിർപ്പാണ്..
എന്നെ ഒന്ന് കാണാനോ ആ വീട്ടിലേക്ക് കയറ്റാനോ അവർ തയ്യാറായിരുന്നില്ല…
നിനക്ക് ഞാനുണ്ട് എന്ന് പറഞ്ഞ് ബെന്നിച്ചൻ അപ്പോഴും എന്നെ ചേർത്തുപിടിച്ചു..
അനിയനോട് മാത്രമാണ് അവിടെ ബെന്നിക്ക് ഒരു കോൺടാക്ട് ഉള്ളത്..
പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനായിരുന്നു ബെന്നി തന്നെയുമല്ല അയാളുടെ സ്നേഹം ഒന്നും അയാൾ പ്രകടിപ്പിക്കാറില്ല പക്ഷേ തന്റെ കാര്യത്തിൽ ഒരു കുറവും വരാതെ അയാൾ ശ്രദ്ധിച്ചിരുന്നു…
അങ്ങനെയിരിക്കുമ്പോഴാണ് ലിയോ വന്നതും അയാളുടെ സ്നേഹപ്രകടനത്തിൽ താൻ വീണുപോയതും ലിയോ ഇല്ലാതെ ജീവിക്കാൻ ആവില്ല എന്ന് തോന്നി..
ലിയോയുടെ നിർദ്ദേശപ്രകാരമാണ് പോയ്സൺ കൊടുത്തത്..
നമ്മൾ ഒരുമിച്ചുള്ള ജീവിതം അതിമനോഹരമായിരിക്കും എന്നൊക്കെ പറഞ്ഞ് അവനാണ് തന്നെ ഇളക്കി വിട്ടത്.. അവൾ ഓർത്തു…
ഇതെല്ലാം ബെന്നിച്ചന്റെ അനിയൻ സാം എങ്ങനെ മനസ്സിലാക്കി എന്നത് അപ്പോഴും അജ്ഞാതമായിരുന്നു ഒരുപക്ഷേ ചേട്ടനോടുള്ള സ്നേഹക്കൂടുതലുകൊണ്ടാവാം അല്ലെങ്കിൽ അങ്ങനെ ഒരു മനുഷ്യൻ ആത്മഹത്യ ചെയ്യില്ല എന്ന് അറിവുള്ളതുകൊണ്ടാവും അതിന്റെ പുറകെ നടന്നു അന്വേഷിച്ചത്..
അയാൾ ആദ്യം തന്നെ ചെയ്യിപ്പിച്ചത് അവളെ കൊണ്ട് എല്ലാ തെറ്റും ഏറ്റുപറഞ്ഞ് ഒരു വീഡിയോ എടുക്കുകയായിരുന്നു…
മാലയിട്ട് തൂക്കിയ ബെന്നിച്ചന്റെ ഫോട്ടോയ്ക്ക് മുന്നിൽ അവളെ കൊണ്ട് മാപ്പ് പറയിച്ചത് വല്ലാത്തൊരു ഭാവത്തോടെ അയാൾ നോക്കിയിരുന്നു..
ആ വീഡിയോ അയാൾ കുടുംബത്തിലെ എല്ലാവർക്കും അയച്ചുകൊടുത്തു എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്തു..
ഒടുവിൽ പോലീസിന് കൈമാറും എന്ന് പറഞ്ഞ് അയാൾ അവിടെ നിന്നും ഇറങ്ങി..
ഒരുപക്ഷേ നേരിട്ട് പോലീസിൽ പറഞ്ഞാൽ പോലും തന്നെ ഇത്രയും ബാധിക്കില്ലായിരുന്നു അയാൾക്ക് അത്രയും ചെയ്താൽ മതിയായിരുന്നു പക്ഷേ ആ ശിക്ഷ മതിയാവില്ല എന്ന് തോന്നിയത് കൊണ്ടാവും അയാൾ ഇങ്ങനെയെല്ലാം….
ഒരിക്കൽ സ്നേഹിച്ചു ചേർത്തു നിർത്തിയവരാരും ഇനി തന്നെ തിരിഞ്ഞു പോലും നോക്കിയില്ല എന്നത് അവൾക്ക് ഉറപ്പായിരുന്നു സ്വന്തം അച്ഛനും അമ്മയും പോലും…
നിർത്താതെ തുടരെത്തുടരെ അടിക്കുന്ന തന്റെ ഫോണിലേക്ക് നോക്കി അത് എടുക്കാനുള്ള മനക്കരുത്ത് തനിക്കിപ്പോൾ ഇല്ല ഇനി എല്ലാവരുടെയും മുന്നിൽ ഒരു പരിഹാസ കഥാപാത്രമായി മാറും താൻ..
പലരും തന്നെ ശപിക്കും പലരും ഉപദ്രവിക്കാൻ ശ്രമിക്കും ഒരു നികൃഷ്ട ജീവിയെ പോലെ ശിഷ്ടകാലം ജീവിക്കേണ്ടിവരും എല്ലാം താൻ ചെയ്തതിനുള്ള ശിക്ഷ തന്നെ..
ഒന്നും ഒറ്റയ്ക്കായിരുന്നില്ല ലിയോയെ വിളിച്ചു നോക്കി അവന്റെ ഫോൺ സ്വിച്ച് ഓഫ് എന്നാണ് കണ്ടത്…
ഒരുപക്ഷേ ഇനി അവനും തന്നെ ഏറ്റെടുക്കില്ലായിരിക്കാം കാരണം ഇനി സ്വത്തൊന്നും തന്റെ പേരിൽ അല്ലല്ലോ അവനു വേണ്ടത് പണമാണ് എന്ന് മുമ്പ് മനസ്സിലാക്കിയതാണ്…
ബെന്നിച്ചനെ കൊല്ലുന്ന കാര്യം പറഞ്ഞപ്പോൾ വേണ്ട ഞാൻ ഇറങ്ങി വരാം എന്ന് പറഞ്ഞപ്പോൾ..
എന്ത് വെച്ച് ജീവിക്കും എന്നാണ് നീ കരുതുന്നത്.. എന്ന് ചോദിച്ചാൽ ഇപ്പോഴും മറന്നിട്ടില്ല അന്ന് പക്ഷേ പ്രണയത്തിന്റെ മാസ്മരികത അതൊന്നും വലിയ കാര്യമാക്കിയെടുക്കാൻ പ്രേരിപ്പിച്ചില്ല…
ഇനി താൻ നേരിടേണ്ടി വരുന്ന ചോദ്യങ്ങളെ അവൾ ഭയത്തോടെ ഓർത്തു തനിക്ക് നേരിടേണ്ടിവരുന്ന വിചാരണയെ ഓർത്തപ്പോഴേക്ക് തല പെരുക്കും പോലെ തോന്നി…
കുപ്പിയിലിരിക്കുന്ന ഉറക്കഗുളികകൾ ഒരുമിച്ചെടുത്ത് അവൾ കഴിച്ചു.. അവസാനമായി വീണ്ടും ഫോട്ടോയ്ക്ക് മുന്നിൽ ചെന്ന് നിന്നു..
“” മാപ്പ് എന്ന് ആത്മാർത്ഥമായി പറഞ്ഞു..
ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റ് അത് ചെയ്തു പോയി.. അതിനാൽ സ്വയം വിധിച്ചത് മരണം ആയിരുന്നു…
മരണത്തിന്നപ്പോൾ തണുപ്പായിരുന്നു…. ശരീരം കോച്ചി വിറപ്പിക്കുന്ന തണുപ്പ്…