(രചന: Jk)
ആറു വർഷത്തിനുശേഷമാണ് ഈ വഴി വീണ്ടും വരുന്നത്!! എന്താണ് ഇപ്പോൾ മനസ്സിൽ ഉള്ളത് എന്ന് വേർതിരിച്ചറിയാൻ കഴിയുന്നില്ല.. ഈ വരവ് ഒരിക്കലും അമ്മ എന്ന് പറയുന്ന ആ സ്ത്രീയെ കാണാൻ അല്ല പകരം തന്റെ കൂടെപ്പിറപ്പായി ഒരുവൾ കൂടി ഉണ്ടായിരുന്നു ഇവിടെ അവൾക്ക് എന്തുപറ്റി എന്ന് അറിയണം…
ഇന്നലെ താൻ കണ്ട് സ്വപ്നം സത്യമാണെങ്കിൽ!!!
അവളുടെ ഉള്ളിൽ ഭയം നിറഞ്ഞു.. കവലയിൽ ബസ്സിറങ്ങി മെല്ലെ അവിടെ ചുറ്റും നിൽക്കുന്നവരുടെ മുഖത്തേക്ക് നോക്കി അവരാരും തന്നെ ശ്രദ്ധിക്കുന്നില്ല പണ്ടാണെങ്കിൽ ഇങ്ങനെ തുറിച്ചു നോക്കി നിൽക്കും ഓരോന്ന് പറയും ഇപ്പോൾ താൻ ആകെ മാറിയിരിക്കുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു അവർ ആരും തന്നെ തിരിച്ചറിഞ്ഞില്ല..
ഒരു ആശ്വാസം തോന്നി.. ഇവിടെനിന്ന് ഒരുപാട് നടക്കാനുണ്ട് വീട്ടിലേക്ക്… അതുകൊണ്ടുതന്നെ ഒരു ഓട്ടോ പിടിച്ചു…
വീടിന്റെ നേരെ നടയിൽ നിർത്താൻ ധൈര്യമുണ്ടായിരുന്നില്ല വീണ്ടും തനിക്ക് പണ്ടത്തെ ആ പേര് ചാർത്തി കിട്ടുമോ എന്ന് ഭയം…
അവിടെ ഇറങ്ങി ഓട്ടോക്കാരന് പണം നൽകി മെല്ലെ അയാൾ പോകുന്നതുവരെ കാത്തു… എന്നിട്ടാണ് വീട്ടിലേക്ക് നടന്നു നീങ്ങിയത്… ഒരിക്കലും പൂട്ടിയിരുന്നില്ല ആ വീടിന്റെ മുൻവാതിൽ ആര് വന്നാലും യഥേഷ്ടം തുറന്നു കയറാൻ പാകത്തിന് അതിങ്ങനെ വെറുതെ ചാരി വച്ചേക്കും..
ഒരു നിയന്ത്രണവും ഇല്ലാത്ത ആ വീട്ടിൽ എത്ര രാത്രികളിൽ പലരും തന്നെ ഭയപ്പെടുത്തിയിട്ടുണ്ട്… നോട്ടം കൊണ്ട് തുണിയുരിച്ചിട്ടുണ്ട്…
അപ്പോഴൊക്കെ താൻ പൊതിഞ്ഞുപിടിച്ച ഒരു പാവം പെൺകുട്ടിയുണ്ടായിരുന്നു തന്റെ കുഞ്ഞനിയത്തി!! തന്റെ പോലെ അല്ലായിരുന്നു അവൾ… ഒട്ടും ധൈര്യമില്ല വരുന്നവരൊക്കെ അവൾക്ക് മിഠായി കൊണ്ട് കൊടുക്കും അതെല്ലാം വാങ്ങും എത്ര ചീത്ത പറഞ്ഞാലും വീണ്ടും അവൾ അത് ചെയ്തിരുന്നു…
“”” അമ്മ ചീത്തയാ അവർ തരുന്നതൊന്നും വാങ്ങരുത്!!!””
എന്ന് പറഞ്ഞാലും കേൾക്കാത്തവൾ വിശപ്പ് ഉണ്ടാകുമ്പോൾ എല്ലാം മറക്കുന്നവൾ….
സ്കൂളിലെ ഉച്ചക്കഞ്ഞി കുടിച്ച് രാത്രിയിൽ വെറും വെള്ളം കുടിച്ച് എത്രയോ നാളുകൾ അവിടെ കഴിച്ചു കൂട്ടിയിട്ടുണ്ട് സ്കൂളില്ലാത്ത ദിവസങ്ങളിൽ ഉള്ളിൽ ഒരു ഭയമാണ് ഇന്ന് ആ സ്ത്രീ വൃത്തികെട്ട രീതിയിൽ സമ്പാദിക്കുന്നതിന്റെ പങ്ക് പറ്റേണ്ടി വരുമോ എന്ന്…
അവളോടും പറഞ്ഞിട്ടുണ്ട് അതിൽനിന്ന് ഒരു ഒറ്റ പോലും കഴിക്കാൻ നിൽക്കരുത് എന്ന്… എത്ര പറഞ്ഞാലും പെണ്ണ് വിശക്കുമ്പോൾ പിന്നെയും ചെല്ലും കഴിക്കാൻ…
വരുന്നവരുടെ കൂടെ ഇരുന്ന് മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നു ആ സ്ത്രീയ്ക്ക്.. മദ്യപിച്ച് ബോധംകെട്ട് അവരുടെ പേക്കൂത്തുകൾ പലപ്പോഴും ഞങ്ങൾ കാണേണ്ടി വന്നിട്ടുണ്ട്… അപ്പോഴൊക്കെയും കണ്ണടക്കും..
അവളെയും കൊണ്ട് എങ്ങോട്ടെങ്കിലും ഇരുട്ടിലേക്ക് മാറിനിൽക്കും.. ഒരു കണക്കിന് വരുന്ന നരാധമന്മാരിൽ നിന്ന് ഞങ്ങളുടെ സ്വയം രക്ഷയ്ക്ക് കൂടി വേണ്ടിയുള്ളതായിരുന്നു അത്…
എന്നിട്ടും ഇരുട്ടിൽ എന്നെ തിരഞ്ഞു വന്നിരുന്നു ഒരാൾ.. വലിച്ചുവച്ച് അകത്തേക്ക് കൊണ്ടുപോകുമ്പോൾ ആദ്യമായി ഞാൻ ആ സ്ത്രീയെ അമ്മേ എന്ന് ഉറക്കെ വിളിച്ചു… പ്രതീക്ഷയോടെ അങ്ങോട്ട് മിഴികൾ നീട്ടി.. മദ്യപിച്ച് കുഴഞ്ഞ് ഒന്ന് എണീക്കാൻ പോലും ആദില്ലാതെ എന്റെ അമ്മ എന്ന് പറയുന്ന സ്ത്രീ അവിടെ കിടക്കുന്നുണ്ടായിരുന്നു…
അയാൾ വലിച്ചിഴച്ച് എന്നെ കൊണ്ടുപോയി കട്ടിലിലേക്ക് തള്ളിയിട്ടു പിന്നെ അയാളുടെ വസ്ത്രങ്ങൾ ഊരി എന്റെ അരികിലേക്ക് വന്നു കയ്യിൽ കിട്ടിയത് അരിവാൾ ആണ്… അതെടുത്ത് തലങ്ങും വിലങ്ങും അയാളെ വെട്ടുമ്പോൾ ഒരല്പം പോലും ഭയം തോന്നിയില്ല കുറ്റബോധം തോന്നിയില്ല…
രക്തത്തിൽ കുളിച്ച് നിൽക്കുന്ന എന്നെ കണ്ട് എന്റെ കുഞ്ഞനിയത്തി പറയുന്നു ഇനി ഇവിടെ നിൽക്കേണ്ട പോലീസ് പിടിക്കും എന്ന് പറഞ്ഞത് അവളുടെ ആ ചെറിയ ബുദ്ധിയാണ്..
ചേച്ചി എങ്ങോട്ടെങ്കിലും പോയിക്കോ എന്ന് പറഞ്ഞ് അവളെന്നെ തള്ളി വിട്ടു പക്ഷേ ഞാൻ പോയാൽ അവളുടെ ഭാവി..
പക്ഷേ കൂടുതൽ ഒന്നും ഓർത്തു നിൽക്കാൻ അവൾ എന്നെ അനുവദിച്ചില്ല എന്നെ പറഞ്ഞുകേട്ടു ഞാൻ ആ സ്ത്രീയുടെ ദുർഗന്ധം വമിക്കുന്ന സമ്പാദ്യത്തിന്റെ ഒരല്പം എടുത്ത് ഇറങ്ങി ഓടി…
കിട്ടിയ ബസ്സിൽ കയറി അതിന്റെ ഏറ്റവും അറ്റത്തേക്ക് ടിക്കറ്റ് എടുത്തു…
വേശ്യയുടെ മകൾ എന്ന പേരിൽ നിന്ന്, ആൾക്കാരുടെ ചൂഴ്ന്നുള്ള നോട്ടത്തിൽ നിന്ന് അവഗണനയിൽ നിന്ന് എല്ലാം ഓടിയോടിക്കാൻ ഞാൻ കൊതിച്ചു..
ബസ്സിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു ക്ഷീണം കൊണ്ട് എവിടെയോ തളർന്നുവീണു കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടത് ഏതോ ഒരു വയസ്സായ സ്ത്രീയുടെ വീട്ടിലാണ് അവർ എന്നോട് ടീച്ചർ അമ്മ എന്ന് വിളിച്ചോളാൻ പറഞ്ഞു ഭക്ഷണം തന്നു വസ്ത്രം തന്നു.. അവിടുത്തെ സ്കൂളിൽ അവരുടെ സ്വാധീനം വെച്ച് എന്നെ ചേർത്തു…
നാട്ടിലേക്ക് പിന്നീട് മടങ്ങി ചെല്ലാൻ എനിക്ക് ഭയമായിരുന്നു. പോലീസ് പിടിക്കുമോ എന്ന ഭയം.. അമ്മയുടെ കാര്യം ഞാൻ അവിടെ പറഞ്ഞില്ല അമ്മ മരിച്ചു എന്നാണ് ടീച്ചർ അമ്മയോട് പറഞ്ഞത് എല്ലാം തുറന്നു പറഞ്ഞാൽ എന്നെ വെറുക്കുന്നു എന്ന ഭയം…
ടീച്ചർ അമ്മയുടെ മക്കള് എല്ലാം വിദേശത്തായിരുന്നു ആരോരുമില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്നതിൽ വലിയ വിഷമമായിരുന്നു അവർക്ക് അതുകൊണ്ടുതന്നെ ഞാൻ അങ്ങോട്ടേക്ക് ചെന്നത് അവർക്ക് ഒരു അനുഗ്രഹമായി..
എന്നെ സ്വന്തം മോളെ പോലെ നോക്കി അറിയാത്ത പാഠങ്ങൾ പഠിപ്പിച്ചു മറ്റും എന്റെ കൂടെ നിന്നു..
ഡിഗ്രി വരെ അവൻ എന്നെ പഠിപ്പിച്ചു… ഇനിയൊരു ജോലിയാണ് വേണ്ടത് എന്ന് ഞാൻ തീരുമാനിച്ചിരുന്നു… അതുകഴിഞ്ഞ് നാട്ടിൽ പോയി അനിയത്തിയെ കൂട്ടിക്കൊണ്ടു വരണം അതായിരുന്നു എന്റെ മോഹം പക്ഷേ ഇന്നലെ ഉറങ്ങുമ്പോൾ ഞാൻ കണ്ടത് അവളെയായിരുന്നു ഏതോ ഒരാൾ അവളെ കാമത്തോടെ പ്രാപിക്കുന്നത്!!!
വിയർത്തു കുളിച്ച എണീറ്റപ്പോൾ ഞാൻ തീരുമാനിച്ചിരുന്നു നാളെ തന്നെ പോയി അവളെ കൂട്ടിക്കൊണ്ടു വരണം ഇനി ഒന്നിനുവേണ്ടിയും താമസിപ്പിക്കരുത് എന്ന് ഇത്രയും കാലം അവളെ തിരിഞ്ഞു നോക്കാത്തതിൽ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി അങ്ങനെ പുറപ്പെട്ടതാണ്….
വീടിനടുത്ത് ചെന്നപ്പോൾ കണ്ടത് ഇടിഞ്ഞു പൊളിഞ്ഞു വീണ വീടാണ് അവിടെ ആരും താമസമില്ല എന്ന് ദൂരെ കണ്ടപ്പോഴേ മനസ്സിലായി അടുത്തുള്ളവരോട് തിരക്കി…
“” അവിടെ ഒരു അസത്ത് സ്ത്രീയും അതിന്റെ രണ്ടു മക്കളും ആണ് താമസിച്ചിരുന്നത് മൂത്തവളെ പെട്ടെന്ന് ഒരു ദിവസം കാണാതായി ഇളയവൾ ഏതോ ഒരുത്തനെ വെട്ടിക്കൊന്ന് ഇപ്പോൾ ജയിലിൽ ആണ്!!പിന്നെ ആ സ്ത്രീ ഒരു ദിവസം ആത്മഹത്യ ചെയ്തു!!!”””
അന്ന് ഞാൻ ചെയ്തതിന് പോലീസ് പിടിച്ചത് എന്റെ കുഞ്ഞനിയത്തിയെ ആണ് എന്നറിഞ്ഞതും ഞാൻ ആകെ തളർന്നുപോയി പിന്നീട് മുഴുവൻ അന്വേഷിച്ചത് അവളെ പറ്റിയായിരുന്നു ആദ്യം ജുവനയിൽ ഹോമിലേക്കും ഇപ്പോൾ അവളെ വനിത ജയിലിലേക്കും മാറ്റി എന്നറിഞ്ഞു…
അവളെ കാണാനുള്ള കൊതിയോടെ ഞാൻ ഓടിച്ചെന്നു…
അന്ന് ശിക്ഷയുടെ കാലാവധി കഴിഞ്ഞ് അവൾ ഇറങ്ങുന്ന ദിവസമായിരുന്നു..
അവിടെ ഞാൻ ചെന്നു നിന്നതും അവൾക്ക് അത്ഭുതം ആയിരുന്നു എങ്ങനെ ഞാനറിഞ്ഞ ഇന്നേദിവസം ഇവിടെ വന്നു എന്ന്…
പക്ഷേ ഉള്ളുകൊണ്ട് അവൾ ആഗ്രഹിച്ചിരുന്നത്രെ ഇറങ്ങുമ്പോൾ ചേച്ചി ഇങ്ങനെ മുന്നിൽ നിൽക്കുന്നുണ്ടാവണം എന്ന്!!!
അന്നേരം അവൾ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞിരുന്നു ഒരുപാട് ഇഷ്ടപ്പെടുന്നത് എന്തെങ്കിലും മോഹിച്ചാൽ അത് നടക്കാതിരിക്കില്ല!!!
ഞാൻ നിന്നെ കാണാൻ കൊതിച്ചതും നീ എന്നെ കാണാൻ കൊതിച്ചതും, അത്രമേൽ ആത്മാർത്ഥമായിട്ടാണ്…
അതുകൊണ്ട ഇന്ന് നമ്മൾ ഒരുമിച്ച് ഇങ്ങനെ കണ്ടുമുട്ടിയത്…
“””” ചേച്ചിക്ക് എന്നെപ്പോലെ ഒരാളെ എനിക്ക് ഇവിടെ കൊണ്ട് നടക്കാൻ പ്രയാസം ഉണ്ടാകുമോ ആളുകൾ എന്തെങ്കിലും പറയുമോ എന്ന് ഭയമുണ്ടോ??? “”‘
എന്ന് അവൾ ചോദിച്ചപ്പോൾ,
അവളെ ഇറുക്കി കെട്ടിപ്പിടിച്ച് ആ മുഖം ചുംബനങ്ങൾ കൊണ്ട് മൂടി ഞാൻ…
അവൾ അല്ലാതെ ഈ ലോകത്ത് എനിക്ക് ആരുമില്ല എന്ന് പറഞ്ഞ്…