ആ കുട്ടി പ്രഗ്നന്റ് ആണ് “” ഇപ്പോൾ എന്താണ് കേട്ടത് എന്ന് തന്നെ ചിന്തിക്കുകയായിരുന്നു ഞാൻ…. ഞാൻ കേട്ടതിന് തെറ്റുപറ്റിയതാണോ എന്ന് ഒരിക്കൽ കൂടി നോക്കി…

(രചന: J. K)

“”ആമി… നിനക്കെന്താ വയ്യേ?”” എന്ന് അനിയത്തി അഭിരാമിയോട് അമ്പിളി ചോദിച്ചു…

രണ്ടുദിവസമായി അവൾ ശ്രദ്ധിക്കുന്നു ആകെ കൂടി ക്ഷീണം പോലെ ആമിക്ക്..

നേരാംവണ്ണം ഒന്നും കഴിക്കുന്നതും ഇല്ല.. അല്ലെങ്കിൽ കോളേജിൽ പോകുമ്പോൾ കഴിച്ചിട്ട് മാത്രെ പോവുകയുള്ളൂ അവൾ..

ചേച്ചി വരുമ്പോൾ വിറ്റാമിൻ ടാബ്ലെറ്റ് കൊണ്ടുവരാം പച്ചക്കറി ഒന്നും കഴിക്കത്തില്ലല്ലോ നീ വെറും ആ ചോറും വല്ല മീനിന്റെ ചാറും ഉണ്ടെങ്കിൽ അത് മാത്രം കഴിച്ചിട്ട് ഓടിയിട്ടാണ് എന്നെല്ലാം പറഞ്ഞ് വേഗം പുറത്തേക്ക് നടന്നു

അമ്പിളി ഇന്നും നേരം വൈകിയിട്ടുണ്ട് ടെക്സ്റ്റൈൽസിൽ എത്താൻ ഒമ്പതര എങ്കിലും ആകും..

ആ ഫ്ലോർ മാനേജർ മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരിക്കും ഇന്നും അയാളുടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കാനാണ് യോഗം എന്നെല്ലാം കരുതി അവൾ ഓടി…

ഭാഗ്യത്തിന് നേരത്തെ എത്തുന്ന ബസ് പോയിട്ടുണ്ടായിരുന്നില്ല നേരത്തിന് എന്നൊന്നും പറയാൻ പറ്റില്ല ഇത് അവിടെ എത്തണമെങ്കിൽ ഒൻപതു കഴിയും എന്നാലും വലിയ ചീത്ത കേൾക്കില്ല…

ടെക്സ്റ്റൈൽസിൽ നിൽക്കുമ്പോഴാണ് ഒരു കോൾ വന്നത് അറ്റൻഡ് ചെയ്തപ്പോൾ അത് അഭിരാമിയുടെ കോളേജിൽ നിന്നായിരുന്നു അവളുടെ ടീച്ചർ…

അഭിരാമി കോളേജിൽ തലചുറ്റി വീണു… ഇപ്പോൾ സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയാണ് അങ്ങോട്ടേക്ക് വരണം എന്നതായിരുന്നു ഫോണിൽ പറഞ്ഞത്…

ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയി എന്താണ് ഈ കുട്ടിക്ക് രണ്ടുദിവസമായി ഞാനും ശ്രദ്ധിക്കുന്നു…

ഒന്നും വരുത്തല്ലേ എന്ന് മനസ്സുരുകി സകല ദൈവങ്ങളോടും പ്രാർത്ഥിച്ചു കാരണം ഞങ്ങൾക്ക് വയ്യാത്ത ഒരു അമ്മ മാത്രമേ ഉള്ളൂ മറ്റാരുമില്ല ഒരു സഹായത്തിന്…

ഹോസ്പിറ്റലിലേക്ക് ഓടി ചെല്ലുമ്പോൾ നെഞ്ച് പടപട മിടിക്കുന്നുണ്ടായിരുന്നു. അവിടെ രണ്ട് ടീച്ചേഴ്സിനെ പുറത്തു കണ്ടു…

ഓടിച്ചെന്ന് അവരോട് കാര്യം തിരക്കി അകത്തേക്ക് ചെന്നോളൂ ഡോക്ടർ തന്നെ പറയും എന്ന് അവർ പറഞ്ഞു..

നെഞ്ചിൽ തീയാളി ഞാൻ അകത്തേക്ക് നടന്നു…

“”അഭിരാമിയുടെ???”

“” ചേച്ചിയാണ്””

എന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു ഡോക്ടർ അൽപനിമിഷം എന്റെ മുഖത്തേക്ക് നോക്കി എന്നിട്ട് മെല്ലെ പറഞ്ഞു..

“” ആ കുട്ടി പ്രഗ്നന്റ് ആണ് “”

ഇപ്പോൾ എന്താണ് കേട്ടത് എന്ന് തന്നെ ചിന്തിക്കുകയായിരുന്നു ഞാൻ…. ഞാൻ കേട്ടതിന് തെറ്റുപറ്റിയതാണോ എന്ന് ഒരിക്കൽ കൂടി നോക്കി…

അല്ല ഡോക്ടർ അത് തന്നെയാണ് പറയുന്നത്.
അവളെയും കൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു ടീച്ചേഴ്സ് എല്ലാം ഒരുമാതിരി നോട്ടം നോക്കുന്നുണ്ടായിരുന്നു.

ഓട്ടോയിലാണ് വീട്ടിലേക്ക് പോന്നത്..
വീട് എത്തും വരെയും അവൾ എന്നോട് ഒരു അക്ഷരം പോലും മിണ്ടിയില്ല ഞാനും അവളോട് ഒന്നും ചോദിക്കാനും പോയില്ല..

വീടെത്തിയതും ഞാൻ അവളോട് ഇത്രമാത്രം പറഞ്ഞു അമ്മ ഒന്നും അറിയരുത് എന്ന്..

ഞാനാകെ തളർന്നു പോയിരുന്നു.. ചുമടുപ്പ് തൊഴിലാളിയായ അച്ഛൻ ജോലിക്കിടയിൽ ഭാരം ദേഹത്തേക്ക് വീണു മരിക്കുമ്പോൾ, എനിക്ക് വെറും പതിനാറു വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ പഠിക്കാൻ വലിയ മിടുക്കി ഒന്നും അല്ലെങ്കിലും അത്യാവശ്യം പഠിക്കുമായിരുന്നു…

അമ്പിളി മോളെ പഠിപ്പിച്ചു ഒരു ടീച്ചർ ആക്കണം എന്ന് അച്ഛൻ കൂടെ കൂടെ പറയുമായിരുന്നു എനിക്കും ഉള്ളിൽ ആ ഒരു മോഹം ഉണ്ടായിരുന്നു. അതെല്ലാം ഞാൻ മാറ്റിവച്ചത് വയ്യാത്ത അമ്മയ്ക്കും അവൾക്കും വേണ്ടിയാണ്..

ടെക്സ്റ്റൈൽസ് ഷോപ്പിൽ ആളെ വേണം എന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അവിടെ കയറി..

സീസൺ ആവുമ്പോൾ ഒന്ന് ബാത്റൂമിലേക്ക് പോലും പോകാതെ ഒരേ നിർത്തം നിൽക്കണം..
ആളുകൾ അത് എടുക്കൂ ഇതെടുക്കു എന്ന് പറഞ്ഞ് തുണികൾ എല്ലാം വലിച്ചിടും…

വൈകിട്ട് എല്ലാം ഒതുക്കി വെച്ചാൽ മാത്രമേ വീട്ടിലേക്ക് പോകാൻ കഴിയുള്ളൂ..

തന്റെ മാത്രമല്ല അവിടെ ജോലി ചെയ്യുന്ന എല്ലാവരുടെയും സ്ഥിതി ഇതാണ് എങ്കിലും അതെല്ലാം സന്തോഷപൂർവ്വം ചെയ്യും കൂടുതലായി കിട്ടുന്ന ആ പണത്തിനുവേണ്ടി.

അപ്പോൾ മനസ്സിൽ ഉള്ളത്, അമ്മയ്ക്ക് ഒരു മാസത്തേക്ക് മരുന്നു വാങ്ങാൻ എഴുതുമ്പോൾ വെറും 15 ദിവസത്തേക്ക് വാങ്ങുന്നത് ബാക്കി കൂടി വാങ്ങാലോ എന്നാണ്… ആമിയുടെ ട്യൂഷൻ ഫീസ് ഇത്തവണയെങ്കിലും നേരത്തിന് കൊടുക്കാലോ എന്നാണ്..

തന്നെപ്പറ്റി ചിന്തിച്ചിട്ട് പോലും കാലങ്ങൾ കുറെയായി അതിനൊന്നും നേരം ഇല്ലായിരുന്നു അമ്മയും ആമിയും മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ…

അവൾ തന്നെക്കാൾ പഠിക്കാൻ മിടുക്കി ആയത് വല്ലാത്ത ഒരു ആശ്വാസമായിരുന്നു… തന്നെ ഒരു ടീച്ചർ ആക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം എന്തായാലും ഇനി തന്നെ കൊണ്ട് അത് സാധ്യമല്ല അവളെ കൊണ്ടെങ്കിലും അതിന് കഴിയട്ടെ….

ഈ ആത്മാവ് എന്നോന്നുണ്ടെങ്കിൽ, അത് കണ്ട് സന്തോഷിക്കട്ടെ എന്നെല്ലാം കരുതിയതാണ്..

പക്ഷേ ഇന്ന് കേട്ടത് തന്റെ എല്ലാ സ്വപ്നങ്ങളും തകർക്കുന്ന ഒരു വാർത്തയാണ് അവൾക്ക് തെറ്റ് പറ്റി..

ഒരുപക്ഷേ കൂട്ടുകാരൻ ആവാം.. പക്ഷേ ആരാണെന്ന് ചോദിക്കാൻ പോലും ഭയമായിരിക്കുന്നു.. ഇനിയെന്ത് എന്ന് ചോദ്യത്തിന് ഉത്തരം ഇല്ലാതായിരിക്കുന്നു…

ഒന്നും കഴിക്കാതെ കേറി കിടന്നപ്പോഴാണ് കാലിൽ എന്തോ സ്പർശിച്ചത്…

അവളായിരുന്നു ആമി അവൾ അവിടെയിരുന്ന് കരഞ്ഞു.. അമ്മ ഉറങ്ങിക്കാണും അതുകൊണ്ടാണ് അവൾ എന്റെ അടുത്തേക്ക് വന്നത് ….

ഞാൻ ഒന്നും ചോദിച്ചില്ല..
പക്ഷേ അവൾ ഇങ്ങോട്ട് എല്ലാം പറഞ്ഞു…

ചോദിക്കാനും പറയാനും ആരും ഇല്ല എന്ന് മനസിലാക്കി ട്യൂഷൻ സാറാണത്രെ അവളെ…

അവളുടെ പ്രായത്തിൽ ഒരു കുട്ടിയുണ്ട് അയാൾക്ക്.. കേട്ടതും ചെവി പൊത്തി ഇരുന്നു ഞാൻ.. ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയും എന്നും ഭീഷണിപ്പെടുത്തി പാവം അത് എല്ലാം ഉള്ളിൽ വച്ച് സഹിക്കുകയായിരുന്നു..

പലപ്പോഴും പറഞ്ഞതാണ് ട്യൂഷന് പോണ്ട എന്ന് ഞാനാണ് അവളെ നിർബന്ധിച്ചു പറഞ്ഞയച്ചത്.. ഇത് കാരണമാണെന്ന് അവൾക്ക് ഒരുതവണയെങ്കിലും എന്റെ അടുത്ത് സൂചിപ്പിക്കാമായിരുന്നു പേടിച്ചിട്ട് ആവാം അവൾ അത് പറയാതിരുന്നത്..

“” മോള് ധൈര്യമായി പോയി കിടന്നോളൂ ചേച്ചി നാളെ എന്താന്നുവച്ചാൽ ചെയ്തോളാം എന്ന് പറഞ്ഞ് അവളെ ഉറങ്ങാൻ പറഞ്ഞയച്ചു..

പിറ്റേദിവസം അവളെയും കൊണ്ട് അയാളുടെ വീട്ടിലേക്ക് ചെന്നു… അധ്യാപികയായ ഭാര്യയുടെയും വലിയ രണ്ട് പെൺമക്കളുടെയും മുന്നിൽ മാന്യനായി അവിടെ നിൽപ്പുണ്ടായിരുന്നു അയാൾ…

ചെന്ന് പാട് അയാളുടെ പെൺമക്കളോട് കൺഗ്രാജുലേഷൻസ് പറഞ്ഞു.. അവർ എന്തിനാണെന്ന് മനസ്സിലാവാതെ എന്നെ തന്നെ നോക്കി നിങ്ങൾക്ക് താഴെ ഒരാൾ കൂടി വരാൻ പോകുന്നു..

എന്ന് പറഞ്ഞപ്പോൾ അവർ ഒന്നും മനസ്സിലാവാതെ എന്നെ നോക്കി അമ്മയെ വിളിച്ചു അവരോട് മൂന്നു പേരോടുമായി ഞാൻ എല്ലാം പറഞ്ഞു,..

ഉണ്ടായത് പറഞ്ഞപ്പോൾ ആദ്യമൊന്നും ആ ടീച്ചർ സമ്മതിച്ചില്ല…. അവരുടെ ഭർത്താവിനെ പറ്റി പറയുന്നത് വിശ്വസിക്കാൻ…. അയാൾ ഞങ്ങളെ അടിക്കാൻ വന്നു.

അവൾ കള്ളിയാണ് മോശപ്പെട്ട പെണ്ണാണ് എന്നൊക്കെ അവരുടെ മുന്നിൽ വച്ച് അയാൾ പറഞ്ഞു…

അവർ അയാളെ തടഞ്ഞു ഒരു പക്ഷേ ഞങ്ങൾക്ക് വെറുതെ ഇങ്ങനെ ഒരു കാര്യം പറയേണ്ട ആവശ്യമില്ലല്ലോ എന്ന് അവരും ചിന്തിച്ചു കാണും അല്ലെങ്കിൽ അവരുടെ മകളുടെ സ്ഥാനത്ത് എന്റെ ആമിയെ അവർ കണ്ടു കാണും…

ഞാൻ എന്തുവേണമെന്ന് അവർ ഞങ്ങളോട് ചോദിച്ചു… ഒന്നും വേണ്ട സ്വന്തം മക്കളെ എങ്കിലും സൂക്ഷിക്കൂ എന്നും പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി അയാൾ അവിടെ ഇരുന്ന് കരയുന്നുണ്ടായിരുന്നു..

നേരെ പോയത് ഒരു ഗൈനക്കോളജി അടുത്തേക്കാണ് അവളുടെ ഉള്ളിലെ ആ പാപത്തിന്റെ വിത്തിനെ നശിപ്പിക്കാൻ…
ചെയ്യുന്നത് തെറ്റാണ് എന്നറിയാം എങ്കിലും ഇപ്പോൾ ഇതാണ് നീതി..

അവളുടെ മനസ്സ് എന്താണെന്ന് എനിക്ക് ഇപ്പോഴും ഒരു പിടിയിലായിരുന്നു…

എന്തായാലും അതിന് വളരെ ആഘാതം ഏറ്റിട്ടുണ്ടാകും എന്നുള്ള കാര്യം ഉറപ്പായിരുന്നു…

സാരമില്ല സാവധാനം എല്ലാം ശരിയായിക്കോളും… എന്തോ ക്യാൻസർ പോലെ ഒരു അസുഖം നിനക്ക് വന്നു ഇപ്പോൾ നമ്മൾ ആ ഭാഗം മുറിച്ചുമാറ്റി ഇനി നീ സേഫ് ആണ്…

അതിനെപ്പറ്റി ഇനി ചിന്തിക്കുക കൂടി ചെയ്യരുത്.. എന്ന് അവളെ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചു….

എല്ലാം പതിയെ ശരിയായിക്കോളും എന്ന് എനിക്ക് ഉറപ്പുണ്ട്.. നടന്നതിന് കാരണം പാതി ഞാനാണെന്നും അറിയാം…

കാരണം നമ്മുടെ വീട്ടിലുള്ള ഓരോ പെൺകുട്ടികളുടെയും ഭാവമാറ്റം നമ്മൾ പ്രത്യേകമായി ശ്രദ്ധിച്ചിരിക്കണം.. ഒരുപക്ഷേ അവർക്ക് എല്ലാം തുറന്നു പറയാൻ കഴിഞ്ഞെന്നു വരില്ല… എല്ലാം കണ്ടറിയേണ്ടത് നാമാണ് കാലം വല്ലാത്തതാണ്…….

Leave a Reply

Your email address will not be published. Required fields are marked *