(രചന: J. K)
“”മൂത്ത മോളെ ഇല്ലിക്കലേക്കാ കെട്ടിച്ചു വിട്ടേ””” അത് പറയുമ്പോൾ അയാളുടെ മുഖം അഭിമാനം കൊണ്ട് നിറഞ്ഞു..
“”ഇല്ലിക്കൽ “” വലിയ തറവാടാണ്… പ്രമാണിമാർ.. അവിടത്തെ ഒരു കൊച്ചിന്റെ കല്യാണാലോചന തന്റെ മകൾക്ക് വന്നപ്പോൾ മുതൽ കേശവപ്പണിക്കർ നിലത്തൊന്നുമല്ല….
തന്റെ മൂത്തമകൾക്ക് കിട്ടിയ ഭാഗ്യം അയാൾ സർവ്വരോടും കൊട്ടി ഘോഷിച്ചു നടന്നു…. അവർക്കൊത്ത രീതിയിൽ ഈ വിവാഹം എങ്ങനെ നടത്താം എന്നതായിരുന്നു പിന്നെ ചിന്ത മുഴുവൻ…
തന്റെ തറവാടിന് ഇപ്പോഴും പണ്ടത്തെ പേര് മാത്രമേ ഉള്ളൂ എല്ലാം ക്ഷയിച്ചു..
പക്ഷേ അതൊന്നും നാട്ടുകാരെ അറിയിക്കാൻ അയാൾ തയ്യാറായിരുന്നില്ല…
ആധാരം മാത്രമേ കയ്യിൽ ഉണ്ടായിരുന്നുള്ളൂ വിലപിടിപ്പുള്ളത് എന്ന് പറയാൻ അതും ബാങ്കിൽ പണയപ്പെടുത്തിയാണ് മകളുടെ വിവാഹം അതിഗംഭീരമായി അയാൾ നടത്തിയത്…
ഒരു നാടുമുഴുവൻ പറഞ്ഞു ഇത്രയും ഗംഭീരമായ ഒരു വിവാഹം ഇവിടെ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല എന്ന്…
മൂന്ന് കൂട്ടം പ്രഥമനും കൂട്ടി സദ്യ ഉണ്ട് എല്ലാവരും അയാളെ പ്രശംസിച്ചു പോയി. അത് മതിയായിരുന്നു കേശവ പണിക്കരുടെ മനസ് നിറയാൻ…
വിവാഹ ശേഷവും അവരുടെ അന്തസ്സിന് കിടപിടിക്കുന്ന രീതിയിൽ എല്ലാം ചെയ്യാൻ അയാൾ ശ്രദ്ധിച്ചു….
ബാങ്കിലേക്ക് ഒരു തിരിച്ചടവും പോലും പോകാതെ ജപ്തി നോട്ടീസ് വന്നപ്പോഴാണ് അയാൾക്ക് തിരിച്ചറിവുണ്ടായത്….
ഇല്ലിക്കലുകാർ അറിയും എന്ന് കരുതി ഭയപ്പെട്ട് ജപ്തി എങ്ങനെ ഒഴിവാക്കാം എന്നായി പിന്നെ അയാളുടെ ചിന്ത…
അതുകൊണ്ടാണ് അവിടെ നിന്നുള്ള ഒരു ലോക്കൽ ഫിനാൻസിൽ നിന്ന് വലിയൊരു തുക കടമായി എടുത്ത് അയാൾ ബാങ്കിൽ കൊണ്ടുപോയി അടച്ചത് ആധാരം പിന്നെ ഫിനാൻസ് കമ്പനിയിൽ കൊണ്ട് കൊടുക്കുകയും ചെയ്തു…
ഭാര്യയോടും ഇളയ മകളോടും ഒന്നും അയാൾ പറഞ്ഞിരുന്നില്ല ഇങ്ങനെയൊരു ജപ്തി നോട്ടീസ് വന്നതും ഇങ്ങനെയൊരു ക്രയ വിക്രയം അയാൾ നടത്തിയതും ഒന്നും…
ബാങ്കിലെ പോലെ ആയിരുന്നില്ല ഫിനാൻസ് അനുദിനം അയാൾ അടയ്ക്കാനുള്ള തുക കൂടിക്കൂടി വന്നു.. അതൊരു ഭീമമായ തുകയായി അയാളെ കൊണ്ട് സാധിക്കാവുന്നതിലും അപ്പുറത്ത്…
അതിന്റെ മുതലാളി ഒരിക്കൽ അയാളെ കാണാൻ വന്നു. വളരെ സൗമ്യമായിട്ടാണ് അയാൾ സംസാരിച്ചത് വീട്ടുകാർ എല്ലാം അറിയും എന്ന് കരുതി വല്ലാതെ പേടിച്ചിരുന്നു കേശവപ്പണിക്കർ…
എത്രയും പെട്ടെന്ന് അടയ്ക്കാനുള്ള തുക അടച്ചില്ലെങ്കിൽ ഈ വീടും പറമ്പും അയാളുടെ പേരിൽ ഇരിക്കുമെന്ന് പറഞ്ഞു കേശവപ്പണിക്കരോട് അയാൾ…
അത് കേട്ട് എന്ത് ചെയ്യണം എന്നറിയാതെ അയാളുടെ കാലു പിടിക്കാൻ സന്നദ്ധനായി പണിക്കർ…
കുറേനേരം ആലോചിച്ചിരുന്നു ഒടുവിൽ ആ ഫിനാൻസ് കമ്പനിയുടെ മുതലാളി ഒരു സജഷൻ വച്ചു,
“” ഇളയ മകളെ ഞാൻ കല്യാണം കഴിച്ചോളാം എന്ന് “” പണം തിരിച്ചുതരേണ്ട എന്ന് മാത്രമല്ല ഈ വീടും പറമ്പും മുഴുവനായും നിങ്ങളുടെ പേരിൽ തന്നെ എഴുതി തന്നേക്കാം…
“”” അവളെക്കാൾ ഇരട്ടിപ്രായമുള്ള അയാളു പറയുന്നത് കേട്ട് പണിക്കർ എഴുന്നേറ്റു നിന്നു…
“”” എന്താടോ താൻ പറഞ്ഞത് എന്ന് ചോദിച്ച്…
“” കൂടുതൽ ഒച്ച എടുക്കേണ്ട എന്ന് അയാളുടെ താക്കീത് കിട്ടിയപ്പോഴാണ് പണിക്കർക്ക് സ്വന്തം അവസ്ഥയെപ്പറ്റി ബോധം വന്നത്…
അയാൾ നിസ്സഹായനായിരുന്നു എന്തുവേണമെന്ന് ഒരുപാട് ചിന്തിച്ചു പണ്ട് ഈ ഫിനാൻസ് കമ്പനിയുടെ മുതലാളിയായ രാജേന്ദ്രന്റെ അച്ഛൻ ഇവിടത്തെ വെറുമൊരു തൊഴിലാളിയായിരുന്നു….
അതല്ല ഇവിടുത്തെ പ്രശ്നം അയാളുടെ സ്വഭാവമാണ്…
രാജേന്ദ്രൻ!! അയാൾ , ഒരിക്കൽ വിവാഹം കഴിച്ചതാണ് ഭാര്യ ആത്മഹത്യ ചെയ്തു എന്നും അതല്ല അയാൾ തല്ലിക്കൊന്നതാണ് എന്നും ഒക്കെ പലരും പലതും പറഞ്ഞു നടക്കുന്നുണ്ട് അങ്ങനെയൊരാളാണ് തന്റെ ഇളയമകളെ വിവാഹം അന്വേഷിച്ചിരിക്കുന്നത്…
ആകെക്കൂടെ തല പെരുക്കുന്നത് പോലെ തോന്നി അയാൾക്ക്..
ഇളയവൾ കുറച്ചു ദിവസമായി അച്ഛനെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു അച്ഛന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അവൾക്ക് മനസ്സിലായി അതുകൊണ്ടാണ് അവൾ അയാളുടെ അരികിലെത്തി അയാളോട് എന്താണ് ഉണ്ടായത് എന്ന് ചോദിച്ചത്….
ആരോടെങ്കിലും എല്ലാം തുറന്നു പറയണമായിരുന്നു പണിക്കർക്കും അതുകൊണ്ടാണ് അവളോട് എല്ലാം തുറന്നു പറയാൻ തയ്യാറായത്…
“”” അച്ഛാ ഞാനൊരു കാര്യം പറയട്ടെ “”
എന്ന് ചോദിച്ചു തുളസി.. അവൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ അവളുടെ മുഖത്തേക്ക് നോക്കി പണിക്കർ..
“”” ഈ കുടുംബ പാരമ്പര്യവും, അന്തസ്സും വിട്ട് ഒന്ന് ചിന്തിച്ചു നോക്കൂ… അവർ ജപ്തി ചെയ്യാൻ വരുന്നതിനുമുമ്പ് നമുക്ക് ഈ വീട്ടിൽ നിന്ന് ഇറങ്ങി കൊടുത്താൽ പോരേ തൽക്കാലം ഒരു വാടക വീട്ടിലേക്ക് മാറാം പിന്നീട് തരം പോലെ എന്താ എന്ന് വെച്ചാൽ ചെയ്യാം “””
“”” പക്ഷേ മോളെ അപ്പോ രാജി
മോളുടെ ജീവിതം… ഇല്ലിക്കലേക്ക് അവളെ കല്യാണം കഴിപ്പിച്ച് അയച്ചതല്ലേ അവരുടെ അന്തസ്സും കൂടി നമ്മൾ നോക്കണ്ടേ… “”‘
“”” ഒരിക്കൽ അച്ഛൻ അത് മാത്രം ശ്രദ്ധിച്ചത് കൊണ്ടല്ലേ ഇന്ന് ഈ ഗതികേട് മുഴുവൻ വന്നത്.. എന്നിട്ട് അവർ ആരെങ്കിലും വന്നോ അച്ഛനെ സഹായിക്കാൻ…
ചേച്ചിയെ നമ്മൾ അങ്ങോട്ട് വിവാഹം കഴിച്ചു കൊടുത്തത് ചേച്ചിക്കും ഇല്ലിക്കലേ ഭവിൻ ചേട്ടനും ഒരു ജീവിതം ഉണ്ടാവാൻ ആണ്… അതിനിടയിൽ നമ്മുടെ കുടുംബ പ്രശ്നം എങ്ങനെയാണ് ബാധിക്കുക..”””
പണിക്കർക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു പക്ഷേ അയാൾ മൗനം പാലിച്ചു..
“””ഞാൻ പറഞ്ഞതുപോലെ ചെയ്യാം.. ഫിനാൻസുകാർ വന്ന് നമ്മളെ പിടിച്ചിറക്കുന്നതാണോ പിന്നെ മഹത്തരം….””
അവൾ പറഞ്ഞതിലും കാര്യമുണ്ട് എന്ന് തോന്നി..
“””” അതോ നമ്മുടെ അന്തസ്സിനു വേണ്ടി അയാളെ ഞാൻ വിവാഹം കഴിക്കണം എന്ന് അച്ഛന് ആഗ്രഹം ഉണ്ടോ “””
“”” ഇല്ല മോളെ ഒരിക്കലും ഇല്ല “””
എന്ന് പറഞ്ഞു അയാൾ…
എങ്കിൽ പിന്നെ എടുക്കാൻ ഉള്ളതെല്ലാം എടുത്ത് നമുക്ക് ഇറങ്ങാം…
തുളസി പറഞ്ഞതുപോലെ ചെയ്യാം എന്ന് പണിക്കരും തീരുമാനിച്ചു അവർ ആ വലിയ വീടിന്റെ പടിയിറങ്ങി അയാളുടെ മിഴികൾ നനഞ്ഞ് മിഴിനീർ കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു…
അവർ വാടകവീട്ടിലാണ് എന്നറിഞ്ഞതും രാജീവും ഭവിനും പിന്നെ തിരിഞ്ഞു നോക്കിയത് പോലുമില്ല.. തുളസി എന്തോ ഒരു ചെറിയ ജോലി സംഘടിപ്പിച്ചു അതിന് പോകാൻ തുടങ്ങി…
ഇല്ലിക്കലുകാർ അവരെ എന്തു പരിപാടി നടന്നാലും ഒഴിവാക്കി…. അവർക്ക് വേണ്ടിയാണ് അവരുടെ അന്തസ്സിനൊപ്പം നിൽക്കാൻ വേണ്ടിയാണ് ഈ കണ്ട കടങ്ങൾ മുഴുവൻ കേശവപ്പണിക്കർ ഉണ്ടാക്കി വച്ചത്…
ഒടുവിൽ ഒരു ചെറിയ പതനം വന്നപ്പോൾ തങ്ങളെ അത്രമേൽ ഒഴിവാക്കിയവരോട് ഇനിയൊരു ബന്ധം വേണ്ട എന്ന് അയാളും തീരുമാനിച്ചു….
ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അത് ഉൾക്കൊള്ളാൻ പഠിച്ചു പണിക്കർ…
മൂത്ത മകളുടെ പെരുമാറ്റവും അയാളെ വിഷമിപ്പിച്ചിരുന്നു ഇനി അവളുടെ കാര്യമേ ചിന്തിക്കില്ല എന്നും അയാൾ ഉറപ്പിച്ചു..
“”” ഇപ്പോഴും തോന്നുന്നുണ്ടോ പണിക്കരെ കുടുംബ പാരമ്പര്യം വേണമെന്ന് “”
ഇടയ്ക്ക് തുളസി കളിയാക്കി ചോദിക്കും…
“”” അയ്യോ വേണ്ടേ മനുഷ്യനായി ജീവിച്ചാൽ മതിയേ “”
എന്ന് സ്വന്തം ജീവിതത്തിൽ നിന്ന് പഠിച്ച വലിയൊരു തത്വം അയാൾ മറുപടിയായി പറയും….