(രചന: J. K)
നിസ്സാര പ്രശ്നങ്ങൾ ആണ് നിങ്ങൾക്കിടയിൽ…. അത് ഊതി വീർപ്പിച്ച് നല്ല ഈ ജീവിതം നശിപ്പിക്കാൻ നിൽക്കരുത് ഒന്നുകൂടി ആലോചിക്കു..””
എന്നുപറഞ്ഞ് രാജീവിനെയും നീതുവിനെയും മുറിയിൽ തനിച്ച് സംസാരിക്കാൻ വിട്ട് ഭാസ്കരൻ മാഷ് മെല്ലെ അവിടെ നിന്നും ഇറങ്ങി..
ഇവിടെ എന്ത് പ്രശ്നമുണ്ടെങ്കിലും മധ്യസ്ഥത്തിന് വരുന്ന ഒരാളാണ് ഭാസ്കരൻ മാഷ് എന്തും പറഞ്ഞ് ഒത്തുതീർപ്പിക്കാൻ അദ്ദേഹത്തിന് വളരെ വിരുതാണ് അതുകൊണ്ടുതന്നെ എന്ത് പ്രശ്നമുണ്ടായാലും അദ്ദേഹത്തെയാണ് വിളിച്ചുകൊണ്ടുപോവുക….
ഭാസ്കരൻ മാഷ് പറഞ്ഞതിൽ തന്നെ കുരുങ്ങി ഇരിക്കുകയായിരുന്നു നീതു പ്രശ്നങ്ങൾ വളരെ നിസ്സാരമാണ് മറ്റുള്ളവർക്ക് പുറമേ നിന്ന് നോക്കുമ്പോൾ എല്ലാ പ്രശ്നങ്ങളും വളരെ നിസ്സാരമാണ്
പക്ഷേ തനിക്ക് അത് വലിയ പ്രശ്നങ്ങൾ തന്നെയാണ്…
“” നീ മാറില്ല എന്നുതന്നെയാണോ നിന്റെ തീരുമാനം “”” എന്ന് രാജീവേട്ടൻ വീണ്ടും ചോദിച്ചു….
“”” ഇവിടെ മാറ്റം എനിക്കല്ല ആവശ്യം രാജീവേട്ടനാണ്””” എന്ന് നീതു മറുപടിയും പറഞ്ഞു.
അത് കേട്ടതും പതിവ് അസ്വസ്ഥതയോടെ രാജീവ് അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി..
അപ്പോഴേക്കും പിന്നെയും ആരൊക്കെയോ വന്നിരുന്നു ഉപദേശിക്കാൻ..
അവരെല്ലാം പറഞ്ഞത് ഒരു മറുപടിയും തിരിച്ചു പറയാതെ കേട്ടിരുന്നു. കാരണം അവർക്കാർക്കും തന്റെ മനസ്സറിയാൻ കഴിയില്ല എന്ന പൂർണ ബോധ്യം ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ അതിനൊന്നും പ്രത്യേകം മറുപടിയും അർഹിക്കുന്നില്ല…
രാജീവേട്ടന് രണ്ട് സഹോദരിമാരായിരുന്നു ഇരട്ടകൾ.. അദ്ദേഹത്തെക്കാൾ വളരെ പ്രായം കുറവായിരുന്നു അവർക്ക്..
അവരുടെ ജനനശേഷം വളരെ കുറച്ചുനാൾ മാത്രമേ അമ്മ ഉണ്ടായിരുന്നുള്ളൂ എന്തോ അസുഖം എന്ന് അമ്മയും മരിച്ചപ്പോൾ പിന്നെ രാജീവേട്ടൻ ആണ് അവരുടെ കാര്യം മുഴുവൻ ഏറ്റെടുക്കുക
പ്രവാസിയായ അച്ഛന് അധികം ഒന്നും അവരെ സംരക്ഷിക്കാൻ കഴിഞ്ഞില്ല അദ്ദേഹം ലീവ് കഴിഞ്ഞ് പോയി പിന്നെ ഉണ്ടായിരുന്നത്
ഒരു അമ്മൂമ്മയാണ് പ്രായാധിക്യം കൊണ്ട് അമ്മൂമ്മയ്ക്കും ഒന്നും ചെയ്തു കൊടുക്കാൻ പറ്റാത്തതുകൊണ്ട് ഇരട്ട സഹോദരിമാരുടെയും എല്ലാ കാര്യങ്ങളും രാജീവേട്ടൻ തന്നെയാണ് ഏറ്റെടുത്ത് നടത്തിയിരുന്നത്…
സ്വയം വിവാഹം കഴിച്ചത് പോലും തന്റെ സഹോദരിമാർക്ക് വേണ്ടിയാണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം…
വിവാഹം കഴിഞ്ഞ് അങ്ങോട്ട് ചെന്ന് മുതൽ കേൾക്കുന്നതാണ് അവരുടെ ഇഷ്ടത്തിനൊത്ത് ജീവിക്കണം എന്ന് അവർക്ക് ഇഷ്ടമുള്ള വിഭവങ്ങൾ വീട്ടിൽ തയ്യാറാക്കണം
അവരുടെ ഇഷ്ടം ഉള്ള സ്ഥലങ്ങളിലേക്ക് പോകണം എന്തിനും ഏതിനും പെങ്ങന്മാർ കൂടെയുണ്ടാകും ഒരുതരത്തിലും ഒരു പ്രൈവസിയും ഇല്ലാത്ത അവസ്ഥ…
ആദ്യമൊക്കെ ഇത്തിരി അനുവദിച്ചു കൊടുത്തു പക്ഷേ എന്നും അത് തന്നെയായപ്പോൾ വല്ലാതെ ജീവിതത്തോട് വെറുപ്പ് തോന്നാൻ തുടങ്ങി തങ്ങൾക്കിടയിൽ യാതൊരുവിധ അടുപ്പവുമില്ല എല്ലാം പെങ്ങന്മാർ വന്ന് കൈയേറിയത് പോലെ…
പെങ്ങമാരുടെ സന്തോഷത്തിന് മാത്രം അദ്ദേഹം പ്രാധാന്യം നൽകി എന്റെ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഒന്നും അദ്ദേഹം അറിഞ്ഞില്ല…
എപ്പോഴൊക്കെയോ ഞാൻ അതിനെപ്പറ്റി സൂചിപ്പിച്ചപ്പോൾ, അവര് നാളെ കല്യാണം കഴിച്ചു പോകേണ്ട കുഞ്ഞുങ്ങളല്ലേ നിനക്ക് അവരോട് അസൂയയാണോ എന്നായി…
അതെ അതെനിക്കറിയാം നാളെ വിവാഹം കഴിച്ചു പോകേണ്ട കുഞ്ഞുങ്ങൾ ആണ് പക്ഷേ അതുവരേക്കും ഞങ്ങൾക്ക് ഒരു ജീവിതം വേണ്ട എന്ന് പറഞ്ഞതിൽ ഉള്ള യുക്തിയാണ് എനിക്ക് മനസ്സിലാവാത്തത്….
പെങ്ങമ്മാരെ സ്നേഹിക്കേണ്ട എന്ന് ഒരിക്കലും പറയില്ല പ്രത്യേകിച്ച് ആ കുഞ്ഞുങ്ങളെ അവർക്ക് അമ്മയില്ലാത്തതാണ്….
അത് വിചാരിച്ച് ഞാൻ എന്തെങ്കിലും ചെയ്തു കൊടുത്താൽ അതൊന്നും അവർക്ക് ഇഷ്ടപ്പെടില്ല അവർക്ക് മാത്രമല്ല അവരുടെ ഏട്ടനും…
ഈ പെങ്ങമ്മാരോട് ഉള്ളതുപോലെ തന്നെ ഉത്തരവാദിത്വം ഒരാൾക്ക് സ്വന്തം ഭാര്യയോടും ഇല്ലേ അതു മറന്നു പെങ്ങമ്മാരോട് മാത്രം സ്നേഹം കാണിച്ചാൽ അത് എവിടുത്തെ നീതിയാണ്…
അതിനെതിരായി മാത്രമാണ് പറഞ്ഞത്…
നാളെ അവരവരുടെ കാര്യം നോക്കി വിവാഹിതരായി പോകും. പിന്നെയും ജീവിക്കേണ്ടത് ഞങ്ങൾ തമ്മിൽ അല്ലേ അതൊന്നും അദ്ദേഹത്തിന് മനസ്സിലാകുന്നത് പോലുമില്ല പറഞ്ഞാലും അത് എടുക്കത്തും ഇല്ല…
അദ്ദേഹത്തിന് പ്രമോഷനോട് കൂടി ട്രാൻസ്ഫർ കിട്ടി മറ്റൊരു സ്ഥലത്തേക്ക്…
അതോടെ പിന്നെ അദ്ദേഹത്തിന്റെ ഡിമാൻഡ് ഞാൻ എന്റെ ജോലി വേണ്ട എന്ന് വെക്കണം എന്നായിരുന്നു കാരണം അദ്ദേഹത്തിന് ദിവസവും വന്ന് പോകാൻ കഴിയാത്തത് കാരണം മക്കളുടെ കാര്യം നീ തന്നെ നിന്നു നോക്കണം എന്ന്…..
എനിക്കതിന് സമ്മതമല്ലായിരുന്നു ഞാൻ പഠിച്ച കഷ്ടപ്പെട്ട് നേടിയെടുത്ത ജോലി ഒന്നിനെയും പേരിൽ മാറ്റിവയ്ക്കാൻ എനിക്ക് താല്പര്യമില്ല… അങ്ങനെ തന്നെ ഞാൻ പറഞ്ഞു അത് വളരെ പ്രശ്നമുണ്ടാക്കി…
ഒടുവിൽ അദ്ദേഹം ട്രാൻസ്ഫർ കിട്ടിയ സ്ഥലത്ത് വാടകയ്ക്ക് വീട് എടുത്ത് പെങ്ങമ്മാരെ അങ്ങോട്ട് കൊണ്ടുപോകാം എന്നായി. അപ്പോഴും എന്റെ കാര്യം അദ്ദേഹത്തിന്റെ പരിഗണനയിൽ പോലുമില്ല…
അത് ചോദിച്ചപ്പോൾ പറഞ്ഞു നിനക്ക് നിന്റെ ജോലിയല്ലേ വലുത് എന്ന്..
ആകെക്കൂടി ഒരു മരവിപ്പ് ആണ് എല്ലാം കൂടെ ആയപ്പോൾ തോന്നിയത്…
കൂടുതൽ ഒന്നും പറയാതെ ഞാനെന്റെ സാധനങ്ങളും എടുത്ത് വീട്ടിലേക്ക് പോന്നു ….
“” പെങ്ങന്മാരെക്കാൾ ഉപരി ഒരു ഭാര്യയുടെ സേവനം എപ്പോഴെങ്കിലും ആവശ്യം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അപ്പോൾ വരാം എന്ന് പറഞ്ഞു…
അതിനുശേഷം ആണ് ഇങ്ങനെ ഒരു സമാധാന ചർച്ച നടത്തിയത്…
അയാൾക്ക് മാറാൻ കഴിയില്ല എന്നത് എനിക്ക് ഉറപ്പായിരുന്നു. അയാളുടെ മനസ്സിൽ പെങ്ങന്മാരെ മാത്രമേ ഉള്ളൂ സ്വന്തം ഭാര്യ മനസ്സിന്റെ ഏഴ് അയലത്ത് പോലുമില്ല..
ഒപ്പം കുറെ ഉപദേശികളും എല്ലാവരുടെയും പക്ഷം രാജീവേട്ടന്റെ അടുത്താണ് ശരി എന്നതായിരുന്നു എനിക്കൊരു തരം അസൂയയും കുശുമ്പും ഒക്കെ ആയിരുന്നു.
ഒരു ഭാര്യക്കുള്ള അവകാശങ്ങളെ പറ്റി ആർക്കും അറിയില്ല എന്ന് പോലും തോന്നിപ്പോയി…
സമാധാന ചർച്ചകൾക്കൊടുവിൽ അദ്ദേഹം
അവസാനമായി ഒരു ഡിമാൻഡ് വച്ചു പെങ്ങമ്മാരെ കൂടി പരിഗണിക്കാൻ പറ്റാത്ത വിധം ഇടുങ്ങിയ ചിന്താഗതിയുള്ള നിനക്ക് കുറച്ചു സമയം തരാം അത് മാറ്റാൻ….
എല്ലാം മാറ്റി അവരെ സ്വന്തം മക്കളെ പോലെ കാണാനുള്ള മനസ്സുണ്ടെങ്കിൽ മാത്രം ഇങ്ങോട്ട് വന്നാൽ മതി എന്ന്…
അല്ലെങ്കിൽ നിയമപരമായി ഈ വിവാഹബന്ധം വേർപ്പെടുത്തും എന്ന്..
എനിക്ക് അത് കേട്ട് ഒന്നും തോന്നിയില്ല കാരണം ആ കുഞ്ഞുങ്ങളെ ഞാൻ സ്വന്തം പോലെ തന്നെയാണ് കരുതിയിരുന്നത് അവരുടെ കണ്ണിൽ കാണാനില്ലായിരുന്നു എന്ന് മാത്രം..
ഇതിൽ കൂടുതൽ ഒന്നും എനിക്ക് ഇനി ചെയ്യാനില്ല എന്ന് തന്നെ ഞാൻ പറഞ്ഞു….
പിന്നെ കിട്ടിയത് ഒരു ഡിവോഴ്സ് നോട്ടിസ് ആണ്…..
സന്തോഷത്തോടുകൂടി തന്നെ അത് സ്വീകരിച്ചു കാരണം ചില ബന്ധങ്ങൾ എപ്പോഴും അങ്ങനെയാണ് ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും… അത് വിട്ട് രണ്ടും രണ്ട് സ്ഥലത്ത് ആകുന്നത് തന്നെയാണ് ഭംഗി…
ഒന്നുമില്ലെങ്കിലും മനസ്സമാധാനമെങ്കിലും കിട്ടും…
കുറേക്കാലത്തിനുശേഷം ഡിവോഴ്സ് അനുവദിച്ചു.. പെങ്ങമ്മാരുമോത്തുള്ള നല്ല ഒരു ജീവിതം കിട്ടട്ടെ എന്ന് ആശംസിച്ചു…
ഞാൻ മെല്ലെ എന്റെ ജീവിതത്തിലേക്ക് നടന്നു കയറി…