(രചന: J. K)
“”എനിക്കീ ബന്ധം വേണ്ടാ “”
സംഗീത അത് പറഞ്ഞപ്പോൾ എല്ലാ മിഴികളും അവളിൽ എത്തി നിന്നു…
വലിയൊരു സെലിബ്രിറ്റിയുടെ ഭാര്യയാണ്.. കാണാനില്ല എന്ന് പറഞ്ഞ് അദ്ദേഹം പരാതി കൊടുത്തത് അനുസരിച്ച് പോലീസുകാർ കണ്ടെത്തി കൊണ്ടുവരികയായിരുന്നു അവരെ
പോലീസ് സ്റ്റേഷനിൽ എത്തി അവരെ കൂട്ടിക്കൊണ്ടു പോകാൻ വന്ന ആളോട് എല്ലാവരുടെയും മുന്നിൽ വച്ച് അവർ പറഞ്ഞതാണ് അങ്ങനെ…
മോഹൻകുമാർ ഒരു പ്രശസ്തനായ എഴുത്തുകാരനാണ് അദ്ദേഹത്തിന്റെ നോവലുകൾ പലതും സിനിമയായി മാറിയിട്ടുണ്ട് മറ്റു പലതും ആളുകൾ ഇപ്പോഴും ഹൃദയത്തോട് ചേർത്തുവച്ച നോവലുകളാണ്
അതുകൊണ്ടുതന്നെ ജനസമ്മതനായ ഒരാളായിരുന്നു അയാൾ അയാളുടെ കാര്യമായതുകൊണ്ട് പോലീസ് സ്റ്റേഷനു മുന്നിൽ ജനം തടിച്ചു കൂടിയിരുന്നു അയാളുടെ ഭാര്യയെ കണ്ടെത്താൻ പോലീസിന് നല്ല പ്രഷറും ഉണ്ടായിരുന്നു…
അങ്ങനെയാണ് നാട് മുഴുവൻ അന്വേഷിച്ച് പോലീസ് അവരെ കണ്ടു പിടിച്ച അയാളുടെ വീട്ടിലേക്ക് ഫോൺ ചെയ്തു പറഞ്ഞത് അയാൾ കേട്ടപാതി ഓടി വരികയായിരുന്നു..
“” സംഗീത പ്ലീസ്, എന്ത് പ്രശ്നം ഉണ്ടെങ്കിലും നമുക്ക് വീട്ടിൽ പോയി സംസാരിക്കാം എന്ന് പറഞ്ഞ് അവളെ അനുനയിപ്പിക്കുന്ന മോഹൻകുമാറിനെ എല്ലാവരും സഹതാപത്തോടെ നോക്കി ഇത്രയും വലിയ ഒരു മനുഷ്യൻ ആ പെണ്ണിന്റെ മുന്നിൽ കെഞ്ചുന്നത് കണ്ടില്ലേ എന്നിട്ടും അവളുടെ അഹങ്കാരം എന്ന് നാട്ടുകാർ പിറുപിറുക്കാൻ തുടങ്ങി……
സംഗീതയ്ക്ക് മറ്റാരുവുമായി ബന്ധമുണ്ട് അയാളുടെ കൂടെ നാടുവിട്ടതാണ് എന്നൊക്കെ അപ്പോഴേക്കും ജനങ്ങൾക്കിടയിൽ ചർച്ച തുടങ്ങിയിരുന്നു..
പൊതുവേ എല്ലാവരോടും നല്ല നന്നായി പെരുമാറുന്ന ഒരാളായിരുന്നു മോഹൻകുമാർ ആർക്കും അയാളെ പറ്റി ഒരു പരാതിയും ഇല്ല വളരെ നല്ലൊരു മനുഷ്യൻ പലരും അദ്ദേഹത്തെ ഒരു റോൾ മോഡൽ ആക്കി പോലും എടുക്കാറുണ്ട്…
പല പെൺകുട്ടികളും അയാളുടെ പുറകെ നടക്കാറുണ്ട് എന്നിട്ടും അയാൾക്ക് സ്വന്തം ഭാര്യയോട് മാത്രമാണ് സ്നേഹം എവിടെയും അയാളുടെ പേര് ചേർത്ത് ഒരു ചീത്ത സംഭവങ്ങൾ ആരും ഇതുവരെ കേട്ടിട്ട് കൂടിയില്ല അങ്ങനെ ഒരാളെ ഉപേക്ഷിച്ചു പോകാൻ മാത്രം എന്ത് പ്രശ്നമാണ് അവർക്കിടയിൽ എന്നായി..
ചിലർ ഒക്കെ മോഹൻ കുമാറിനെതിരെയും രംഗത്ത് വന്നു…
അയാൾ ഭാര്യയെ പീഡിപ്പിക്കുന്നുണ്ട് അതുകൊണ്ടാണ് ഇങ്ങനെയൊരു കാര്യം ഭാര്യ ചെയ്തത് എന്നെല്ലാം പറഞ്ഞു അവർ ആ അവസരം മുതലെടുക്കാൻ ശ്രമിച്ചു..
അതിനെപ്പറ്റി അന്വേഷിച്ചപ്പോഴും ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല വീട്ടിലെ ജോലിക്കാർക്ക് മോഹൻകുമാറിന്റെ സൗമ്യമായ പെരുമാറ്റവും സംഗീതയോടുള്ള അടങ്ങാത്ത സ്നേഹവും അതിന്റെ കഥകളും മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ….
എല്ലാവരെയും പറഞ്ഞ് ഒരുവിധം സമാധാനപ്പെടുത്തി അയാൾ ഭാര്യയെയും കൊണ്ട് അവിടെ നിന്നും പോയി വീട്ടിലെത്തിയതും അയാൾ അവളെയും വിളിച്ച് മുറിയിലേക്ക് പോയി…
“””എന്താ നിന്റെ ഭാവം??””
അത് ചോദിക്കുമ്പോൾ അയാളുടെ മിഴികൾ ക്രൂരമായിരുന്നു.. ആരും കാണാത്ത ഒരുഭാവം അയാളുടെ മുഖത്ത് തിങ്ങിനിറഞ്ഞു സാത്വികനായ മോഹൻകുമാറിന്റെ രൗദ്രഭാവം ഇതുവരെ സംഗീത അല്ലാതെ മറ്റാരും കണ്ടിട്ടില്ല..
അവളോടും അയാൾ ഭംഗിയായി അഭിനയിക്കുകയായിരുന്നു സത്യം അവൾ മനസ്സിലാക്കുന്നത് വരെ..
വലിയൊരു വീട്ടിൽ ആയിരുന്നു സംഗീതയുടെ ജനനം അച്ഛനും അമ്മയ്ക്കും ബിസിനസ് ആയിരുന്നു വളരെ സമ്പന്നമായ കുടുംബം അങ്ങനെയാണ് മോഹൻകുമാർ അവിടേക്ക് ഒരു വിവാഹാലോചനയുമായി വന്നത്..
ആർക്കും എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല വലിയ ബിസിനസുകാരന്റെ മകളും വലിയൊരു സെലിബ്രിറ്റിയും തമ്മിലുള്ള വിവാഹം എല്ലാവരും ആഘോഷമാക്കി..
ഒരുപാട് പ്രതീക്ഷകളുടെ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച സംഗീതയ്ക്ക് ആദ്യരാത്രിയിൽ തന്നെ അറിയാൻ കഴിഞ്ഞത് തന്നെ ഭർത്താവ് ഒരു സ്വവർഗ അനുരാഗിയാണ് എന്നാണ്..
അയാൾക്ക് അവളോട് ഒരു അട്ട്രാക്ഷനും ഇല്ല വെറും സുഹൃത്തുക്കളേ പോലെ അവിടെ കഴിയാം എന്ന് അയാൾ പറഞ്ഞു..
അവളാകെ തകർന്നുപോയി എന്തിനാണ് എന്റെ ജീവിതം തകർത്തത് എന്ന് ചോദിച്ചു….
മുമ്പേ അയാൾക്ക് പറയാമായിരുന്നു..
സമൂഹത്തിൽ അയാൾക്ക് അയാളുടെ മുഖം സംരക്ഷിക്കണം ആയിരുന്നു.. എല്ലായിടത്തും കെട്ടിയെഴുന്നള്ളിച്ചുകൊണ്ട് നടക്കാൻ ഒരു ഭാര്യ..
അയാൾ എന്താണെന്ന് നാട്ടുകാരുടെ മുന്നിൽ അറിയാതിരിക്കാൻ ഒരു കവചം അത് മാത്രമായിരുന്നു താൻ അയാൾക്ക്…
അയാൾ അവിടെ നിന്നും എങ്ങോട്ടും വിടില്ല എന്ന് പറഞ്ഞു. ഞാൻ അയാളുടെ കണ്ണ് വെട്ടിച്ച് എന്റെ വീട്ടിലേക്ക് പോയി എല്ലാം അവരോട് പറഞ്ഞു… അവരും എന്റെ കൂടെ നിന്നില്ല എല്ലാം സഹിച്ച് നിൽക്കാൻ പറഞ്ഞു.. ഇതൊക്കെ പുറത്തു പറഞ്ഞാൽ നാണക്കേടാണത്രേ..
തന്നെയുമല്ല അയാളുടെ ഒക്കെ പേരിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ നമുക്ക് ഇവിടെ ജീവിക്കേണ്ടി വരില്ല എന്ന് പറഞ്ഞു..
അത്യാവശ്യം പഠിപ്പ് വിവരമുള്ള എനിക്ക് ഇങ്ങനെയാണ് ഗതിയെങ്കിൽ സാധാരണ പെൺകുട്ടികളുടെ കാര്യം ഓർത്ത് നോക്കുകയായിരുന്നു ഞാൻ ആരും അവരെ ചേർത്തു പിടിക്കില്ല..
അതോടെ ഞാൻ ആകെ എന്ത് ചെയ്യും എന്ന അവസ്ഥയായി.. തിരികെ അയാളുടെ അടുത്തേക്ക് തന്നെ പോകാൻ നിർബന്ധിതയായി..
എല്ലാവരോടും തുറന്നുപറയും എന്ന് പറഞ്ഞപ്പോൾ മുറിയിലിട്ട് ഉപദ്രവിക്കാൻ തുടങ്ങി. മറ്റുള്ളവരുടെ മുന്നിൽ അയാൾ നന്നായി അഭിനയിച്ചു അയാളുടെ അതിക്രമം ഭയന്ന് ഞാനും ആരോടും ഒന്നും പറയാൻ നിന്നില്ല..
ഒടുവിൽ എപ്പോഴോ ഒരിത്തിരി ധൈര്യം കിട്ടിയപ്പോഴാണ് അവിടെ നിന്നും ഇറങ്ങി ഓടിയത്..
എനിക്ക് ഒരു ഫ്രണ്ട്സ് വലയം ഉണ്ടായിരുന്നു ഇറങ്ങിപ്പോയപ്പോൾ അങ്ങോട്ടേക്കാണ് ചെയ്യുന്നത് അവർ എനിക്കവിടെ അഭയം തന്നു. ഞാൻ പറഞ്ഞത് വിശ്വസിച്ചു.. വലത് ആശ്വാസമായിരുന്നു എനിക്ക് അവിടെ നിന്ന് ഇറങ്ങിയാലും വീട്ടിലേക്ക് പോകാൻ പറ്റില്ല എന്ന് മനസ്സിലായിരുന്നു പിന്നെ എന്ത് എന്ന എന്റെ ചോദ്യത്തിന് ഉത്തരമായിരുന്നു അവർ…
എന്റെ കൂടെ നിന്നു.. അപ്പോഴേക്കും ഉത്തമനായ ഭർത്താവ് കളിച്ച അയാൾ ഭാര്യയെ കാണുന്നില്ല എന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്നു…
പോലീസുകാർ എന്നെ കണ്ടുപിടിച്ചു അയാളുടെ അരികിൽ ഏൽപ്പിച്ചു..
ജനവും മീഡിയയും എല്ലാം ഓടിക്കൂടി.. അവരുടെ മുന്നിൽ നിന്ന് ഞാൻ അയാളുടെ തൊലിയുരിച്ചു..
അയാൾ ചെയ്തത് ഒരു തെറ്റല്ല പക്ഷേ അതിന്റെ പേരിൽ എന്നെ നരകിപ്പിച്ചത് എന്റെ ജീവിതം നശിപ്പിച്ചത് അതാണ് തെറ്റ്… തെറ്റല്ല കുറ്റം..
എനിക്ക് ഭ്രാന്താണെന്ന് അയാൾ വാദിച്ചു എല്ലാവരും അത് ഏറ്റു പറഞ്ഞു….
എന്റെ ഫോണിലെ അയാളും അയാളുടെ പാർട്ണറും തമ്മിലുള്ള ചില രഹസ്യങ്ങൾ ഉണ്ടായിരുന്നു തെളിവിനായി അതും ഞാൻ കാണിച്ചു കൊടുത്തു…
അതോടെ എല്ലാവർക്കും വിശ്വാസമായി.. എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞവർ തന്നെ എന്റെ ഭാഗം നിൽക്കാൻ തുടങ്ങി..
പോലീസ് കേസെടുത്തു..
സമൂഹത്തിനുമുന്നിൽ അയാൾ ധരിച്ചിരുന്ന മാന്യതയുടെ മുഖംമൂടി ഇളകിവീണു അയാൾ ഒരു ഭ്രാന്തനെ പോലെയായി.. എന്നെ കൊല്ലും എന്നു വരെ ഭീഷണിപ്പെടുത്തി എന്റെ എല്ലാ സഹായത്തിനും എന്റെ കൂട്ടുകാർ ഒപ്പം നിന്നു..
ഇപ്പോ വീട്ടുകാർ വന്നിട്ടുണ്ട് ആളുകളുടെ കണ്ണിൽ പൊടിയിടാൻ.. അവരൊന്നും അറിഞ്ഞില്ല മോളെ ഇനി സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണെന്നൊക്കെ സോഷ്യൽ മീഡിയയുടെ മുന്നിൽ കരഞ്ഞു പറയുന്നത് കേട്ടു..
ഞാൻ അവരുടെ കൂടെ പോകാൻ തയ്യാറല്ലായിരുന്നു… ഒരിക്കൽ ഞാൻ സഹായം അഭ്യർത്ഥിച്ചു വന്നതാണ് അന്നേനെ സഹായിച്ചിരുന്നെങ്കിൽ എനിക്ക് ഇതുപോലെ എല്ലാവരുടെയും മുന്നിൽ വച്ച് തുറന്നു പറയേണ്ട ആവശ്യമില്ലായിരുന്നു…
ഇന്ന് ഞാനൊരു ബിസിനസ് വുമൺ ആണ്.. വലിയൊരു സ്റ്റിച്ചിങ് യൂണിറ്റ് തന്നെ ഞാൻ എന്റെ ഉടമസ്ഥതയിൽ നടത്തുന്നുണ്ട് അവിടെ ഒരുപാട് അശരണരായ സ്ത്രീകൾക്ക് ജോലി നൽകുന്നുണ്ട്…
എല്ലാവരുടെയും മുന്നിൽ അയാൾ ഇപ്പോൾ പോയ തന്റെ ഇമേജ് വീണ്ടെടുക്കാനുള്ള സൽപ്രവർത്തികൾ ചെയ്തു നടക്കുകയാണ്..
എന്നെ മറന്നുകൊണ്ട് എന്റെ വീട്ടുകാർ അവരുടെ ഇമേജും മുറുകെപ്പിടിച്ച് ജീവിക്കുന്നു..
വാർത്താലോകം പുതിയ മേച്ചിൽ പുറങ്ങൾ തേടി പോയിക്കഴിഞ്ഞു… എന്റേത് ഇപ്പോൾ ചൂട് പോയ ഒരു വാർത്ത മാത്രം..
എങ്കിലും ഇന്നേറെ ആശ്വാസമാണ്.. അടിമത്തത്തിൽ നിന്ന് പൊരുതി നേടിയ ഈ വിജയത്തിന്റെ മധുരം നുണയുമ്പോൾ..