(രചന: J. K)
ശർക്കര ഉരുകുന്ന മണം അവന്റെ മൂക്കിലടിച്ചപ്പോൾ അവന്റെ സന്തോഷം നോക്കിക്കാണുകയായിരുന്നു ശശികല…
പണ്ടുമുതലേ അവന് ശർക്കര പായസം എന്നുവച്ചാൽ ജീവനാണ് ശർക്കര ഉരുകുന്ന മണം എത്ര ദൂരെയാണെങ്കിൽ പോലും അവനെ കൊണ്ട് തിരിച്ചറിയാൻ കഴിയും പിന്നെ എത്ര വാശി പിടിച്ചിരിക്കുന്ന സമയമാണെങ്കിലും മൂട് മാറി ആ മുഖത്ത് ചെറിയൊരു ചിരി വിടരും…
അതുകൊണ്ടുതന്നെ ശശികലയുടെ അവസാനത്തെ ഐഡിയ ആണ് അവന് ശർക്കര പായസം ഉണ്ടാക്കിക്കൊടുക്കുക എന്നത്..
ഇത്തവണ പക്ഷേ…
ശശികലയുടെ മിഴി നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു അവർ ശർക്കര പായസം അടുപ്പിൽ നിന്ന് വാങ്ങിവച്ചു ആറാനായി ഒരു പാത്രത്തിലേക്ക് ഒഴിച്ചു അവൻ അക്ഷമനാണ് എന്ന് അവൾക്ക് അവനു മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി…
തന്റെ 21 കാരൻ മകൻ ആരവ്..
ഗർഭിണിയായിരിക്കുമ്പോൾ ചിക്കൻപോക്സ് വന്നിരുന്നു അതിന്റെ പരിണിതഫലമാണോ എന്തോ ജനിച്ച മകന് ഓട്ടിസം ബാധിച്ചിരുന്നു…
ഒരു നാലഞ്ചു വയസ്സുവരെ അവനെ നോക്കുന്നത് വലിയ പ്രയാസം ഉണ്ടായിരുന്നില്ല പിന്നീട് അസാമാന്യം വളർച്ചയുള്ള അവന്റെ ദേഹം നിയന്ത്രണത്തിൽ നിന്ന് വിട്ടുപോകുന്നുണ്ടായിരുന്നു..
വെറുതെ ഓരോന്നിന് വാശി പിടിക്കും ചിലപ്പോൾ എന്താണെന്ന് പോലും മനസ്സിലാകില്ല അത് നടത്തി കൊടുക്കുന്നത് വരെ അവൻ കരയും ഉപദ്രവിക്കും ചിലപ്പോൾ സ്വയം തന്നെയും….
എല്ലാം സഹിച്ച് അവന്റെ കൂടെ നിൽക്കും അവൻ ഉണ്ടായതിനുശേഷം ഒരു വാടക വീട്ടിലേക്ക് മാറേണ്ടിവന്നു ബാക്കിയെല്ലാവർക്കും അവനെ ഭയമാണത്രെ…
ഏട്ടന്റെയും അനിയന്റെയും ഭാര്യമാർ പറഞ്ഞപ്പോൾ എനിക്ക് വല്ലാതായി അവരുടെ കുഞ്ഞുങ്ങളെ എന്റെ മോൻ ഉപദ്രവിക്കുമത്രെ..
മുഖത്തുനോക്കി അവരത് പറഞ്ഞപ്പോൾ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല ഭർത്താവിനോട് പറഞ്ഞ് അവനെയും എടുത്ത് മറ്റൊരു വാടകവീട്ടിലേക്ക് താമസം മാറി…
അവന്റെ ശാഠ്യങ്ങളും പിടിവാശികളും കൂടി വന്നു ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തായി..
സ്പെഷ്യൽ സ്കൂളിൽ അവനെ കൊണ്ടുപോയി ചേർത്തു ചെറിയ ചെറിയ മാറ്റങ്ങൾ..
ഒരിക്കൽ എന്റെ കുഞ്ഞ് അമ്മേ എന്ന് വിളിച്ചപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് എല്ലാം മടുത്തു.. ഞങ്ങളുടെ ജീവിതത്തിൽ നിന്ന് അദ്ദേഹം ഇറങ്ങിപ്പോയി. ഞാൻ ഒന്നും പറഞ്ഞില്ല കുറ്റപ്പെടുത്തിയില്ല കാരണം എനിക്കറിയാം ഇത് എത്ര ബുദ്ധിമുട്ടേറിയ ജോലിയാണ് എന്ന്..
അവന്റെ കൂടെ നിൽക്കണമെങ്കിൽ അത്രയും ക്ഷമയുണ്ടായേ പറ്റൂ. അദ്ദേഹത്തിന് അത് ഇല്ലെങ്കിൽ പിന്നെ കൂടെ നിർത്തുന്നതിൽ ഒരു അർത്ഥവുമില്ല എന്നെനിക്കറിയാമായിരുന്നു..
അവനെ സ്പെഷ്യൽ സ്കൂളിൽ വിട്ട് ഞങ്ങൾക്കു മുന്നോട്ടു ജീവിക്കാനുള്ള പണത്തിനായി ഞാൻ നെട്ടോട്ടം ഓടി ചെയ്യാത്ത പണികൾ ഇല്ല…
അവനെ ഓർത്താൽ തളർച്ച അനുഭവപ്പെടുകയേ ഉണ്ടായിരുന്നില്ല..
പക്ഷേ ആ ഒരു കാഴ്ച കണ്ടായിരുന്നു ഞാൻ ആകെ തളർന്നു പോയത്..
സ്പെഷ്യൽ സ്കൂളിൽ നിന്ന് ചിലപ്പോഴൊക്കെ അവനെ നേരത്തെ വിടും, അപ്പോൾ ആ ടീച്ചർ അവനെ തൊട്ടടുത്തുള്ള വീട്ടിലേക്ക് കൊണ്ട് ചെന്നാക്കും…
അവിടെയുള്ളവർ കരുണയുള്ളവരായതുകൊണ്ട് അവർ അവനെ ഞാൻ വരുന്നത് വരെ നോക്കും..
എങ്കിലും വളരെ പേടിയാണ് എന്നെങ്കിലും അവർക്ക് അനിഷ്ടമായി അവനവിടെ ചെയ്താലോ എന്ന്..
അതുകൊണ്ടുതന്നെ നേരത്തെ അവിടെ കൊണ്ട് ചെന്നാക്കി എന്ന് പറഞ്ഞ ദിവസം ബാക്കി എല്ലാ പണികളും ഇട്ടിട്ട് ഞാൻ ഓടി വരാറാണ് പതിവ്…
ഇന്നും പതിവുപോലെ ഓടിവന്നു.. പക്ഷേ കണ്ടത് അവിടെയുള്ള അയാൾ എന്റെ മകന് ലൈംഗികമായി ഉപദ്രവിക്കുന്നതാണ്..
വല്ലാത്തൊരു ശബ്ദത്തിൽ അവൻ ഉറക്കെ കരയുന്നുണ്ട് അവന് കഴിയാവുന്ന വിധത്തിൽ…
എന്താണ് സംഭവിക്കുന്നത് എന്ന് പോലും എന്റെ കുഞ്ഞിന് അറിയാൻ ഉണ്ടായിരുന്നില്ല…
എന്റെ കയ്യിൽ കുട ആയിരുന്നു ഉണ്ടായിരുന്നത് അതെടുത്ത് ഞാൻ അയാളെ പൊതിരെ തല്ലി അയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു പക്ഷേ എന്റെ മനസ്സും മുഴുവൻ എന്റെ മോനോട് അയാൾ ചെയ്ത ക്രൂരതയായിരുന്നു..
അതുകൊണ്ടുതന്നെ എനിക്ക് പറ്റുന്ന പോലെ അയാളെ ഞാൻ ഉപദ്രവിച്ചു..
അയാളുടെ ഭാര്യ പലചരക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി പുറത്തു പോയതായിരുന്നു അത്രേ. അപ്പോഴാണ് എന്റെ മകനോട് അയാളീ ക്രൂരത കാണിച്ചത്…
അവർ കണ്ടുകൊണ്ട് വന്നു..
എടീ”””” എന്ന് വിളിച്ച് എന്നെ അടിക്കാൻ.. ഞാൻ അവരോട് ഉണ്ടായത് മുഴുവൻ വിളിച്ചുപറഞ്ഞു…
സങ്കടകരമായ കാര്യം അവരത് വിശ്വസിച്ചില്ല എന്നതാണ് പകരം അവരെന്റെ മകനെ എന്തൊക്കെയോ പറഞ്ഞു…
എന്റെ സമനില തെറ്റുന്നത് പോലെ തോന്നി എനിക്ക്…
അവനെയും കൊണ്ട് ഞാൻ എന്റെ വീട്ടിലേക്ക് പോയി അവിടെ ചെന്ന് ഞാൻ പൊട്ടി കരഞ്ഞു അവനെ കെട്ടിപ്പിടിച്ച്….
പാവം കുഞ്ഞ് എന്താ ഉണ്ടായത് എന്ന് പോലും അറിയാതെ എന്റെ മുഖത്ത് നോക്കി നിഷ്കളങ്കതയോടെ ചിരിച്ചു സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു അത്…
അപ്പോഴേക്കും അയാളുടെ ഭാര്യ എന്നോട് അവിടേക്കും വഴക്കിനു വന്നിരുന്നു എന്തൊക്കെയോ നുണകൾ അയാൾ പറഞ്ഞു കൊടുത്തു..
കുറെ ശപിച്ചു ഞാൻ ഒന്നും മറുത്ത് പറയാൻ നിന്നില്ല ആകെ വല്ലാത്തൊരു മരവിപ്പായിരുന്നു ആ സമയത്ത് എനിക്ക്…
നെഞ്ചിനൊക്കെ വല്ലാത്ത വേദന ആ നിൽപ്പിൽ മരിച്ചു വീഴുമോ എന്നു പോലും തോന്നിപ്പോയി പെട്ടെന്ന് മരിക്കാൻ വല്ലാത്ത ഭയവും ഞാൻ ഇല്ലാണ്ടായാൽ എന്റെ കുഞ്ഞിന് പിന്നെ ആരാണുള്ളത്..
ഇതുപോലുള്ള നരാധമന്മാർ ഉള്ള ലോകത്ത് എന്റെ കുഞ്ഞ് എങ്ങനെ ജീവിക്കും..
കണ്ണ് ഉടക്കിയത് എലി ശല്യം കൂടുതലായപ്പോൾ വാങ്ങിയ വിഷത്തിലേക്കാണ്.. കപ്പയിൽ ആക്കി വെച്ചു കൊടുക്കാൻ വേണ്ടി അവിടെ എടുത്തു വച്ചിരിക്കുകയായിരുന്നു..
അവന് ഇഷ്ടപ്പെട്ട ശർക്കര പായസം ഉണ്ടാക്കി…
അതിലേക്ക് അത് ചേർത്തു..
രുചിയോട് എന്റെ കുഞ്ഞ് കഴിക്കുന്നത് ശ്വാസം വിലങ്ങി നോക്കിയിരുന്നു…
പിന്നെ ബാക്കി ഞാനും…
അവന് എന്തൊക്കെയോ അസ്വസ്ഥതകൾ അതൊന്നും കാണാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല അതിനാൽ അല്പം ബലമായി തന്നെ അവനെ എന്റെ മടിയിലേക്ക് പിടിച്ചു കിടത്തി..
അവന് ഇഷ്ടപ്പെട്ട പാട്ട് പാടി കൊടുത്തു.
“”ഓമന തിങ്കൾ കിടാവോ…”””
മെല്ലെ മെല്ലെ അവൻ ഗാഢമായ ഉറക്കത്തിലേക്ക് വഴുതിവീണുകൊണ്ടിരുന്നു….
ഇതിനിടയിൽ എപ്പോഴോ അവൻ എന്നെ.
അമ്മേ “””
എന്ന് വിളിച്ചു അപൂർവമായി ഞാൻ കേൾക്കാൻ കൊതിച്ചിരുന്ന ആ വാക്ക്…
അത് കേട്ടപ്പോൾ എന്റെ നെഞ്ചുവിങ്ങി..
അവന്റെ മുഖത്ത് ഞാൻ ചുംബനങ്ങൾ കൊണ്ട് മൂടി..
പതിയെ പതിയെ അവൻ ഉറക്കത്തിലേക്ക് വഴുതിവീണു..
ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്…
ഇതുവരെയ്ക്കും എന്നിൽ നിന്ന് വിട്ടുനിൽക്കാത്ത അവനെ തനിച്ച് പറഞ്ഞയക്കുന്നത് എങ്ങനെ? അവന്റെയൊപ്പം ഞാനും…
ഒന്ന് ചാരാൻ ഒരു ചുമൽ ഉണ്ടെങ്കിൽ സാരമില്ല പോട്ടെ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ഒരാളുണ്ടെങ്കിൽ ഒരിക്കലും ഇതിന്റെ ആവശ്യം വരില്ലായിരുന്നു ഞാൻ ചെയ്യില്ലായിരുന്നു പക്ഷേ ഒന്നുമില്ല… ആരുമില്ല…
ഞാൻ ആർജിച്ച കരുത്തെല്ലാം എവിടെയോ ചോർന്നു പോയി..
ഞാനും അവനും പതിയെ യാത്രയായി
അല്ലലുകളില്ലാത്ത ലോകത്തിലേക്ക്..
ഇനിയെങ്കിലും ആരെങ്കിലും അശരണരായി നമ്മുടെ മുന്നിൽ ഉണ്ടെങ്കിൽ ഒരിക്കലും അവരെ ഒറ്റപ്പെടുത്താതിരിക്കാം ഒരു കൈത്താങ്ങ് അവർക്കായി നൽകാം..
എല്ലാവർക്കും ജീവിക്കാനുള്ളതല്ലേ ഭൂമി..
J. K