(രചന: J. K)
“””ഇന്നും വന്നു അമ്മാ അച്ഛൻ സ്കൂളിൽ “” അത് കേട്ടപ്പോൾ അനിതയുടെ മുഖം മെല്ലെ താണു..
പിന്നെ അനിത മോളോട് ഒന്നും ചോദിച്ചില്ല…. അറിയാമായിരുന്നു ഇന്നും നാല് കാലിൽ വന്നിട്ടുണ്ടാവും എന്ന്… വായിൽ വരുന്നതൊക്കെ വിളിച്ചു പറയും..
കുറെ നാളായി ഇത് തുടങ്ങിയിട്ട്..
പാവം മക്കളുടെ കാര്യമാണ് കഷ്ടം…
മറ്റു കുട്ടികൾക്ക് മുന്നിൽ പരിഹാസ്യരായി……
ഓർക്കും തോറും അനിതയുടെ മിഴികൾ നീറി… തന്റെ വിധി ഇങ്ങനെ ആയി പോയി.. അതിൽ മക്കളും വന്നു പെട്ടു പോയതാണ് സഹിക്കാൻ പറ്റാത്തത്…
അനിതയുടെ ഓർമ്മകൾ കുറെ മുന്നിലേക്ക് പോയി… തങ്ങൾ നാലു പെൺമക്കൾ ആയിരുന്നു.. അച്ഛൻ ചെറുപ്പത്തിൽ മരിച്ചു വളരെ ബുദ്ധിമുട്ടേറിയ ബല്യമായിരുന്നു….
അമ്മ അടുത്ത വീടുകളിൽ എല്ലാം ജോലിക്ക് പോയാണ് ഞങ്ങളെ വളർത്തിയത്….
നേരത്തിന് വയറു നിറച്ചൊന്നും കിട്ടില്ല എങ്കിലും സന്തോഷകരമായിരുന്നു… ഉള്ളത് കൊണ്ട് ഓണം പോലെ…
ഇതിനിടയിൽ മൂത്ത ചേച്ചിയെ ഒരാൾ വിവാഹം അന്വേഷിച്ചു വന്നു… പ്രായത്തിനു ചേച്ചിയെക്കാൾ ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു… അവൾ ഒന്നും പറയാതെ കല്യാണത്തിന് സമ്മതിച്ചു..
അയാളുടെ കൈ പിടിച്ചു ഇറങ്ങാൻ നേരം ഞങ്ങളോട് പറഞ്ഞത്,
“” ചേച്ചി പോയാൽ ചേച്ചിടെ പങ്ക് ഭക്ഷണം കൂടെ എന്റെ കുഞ്ഞുങ്ങൾക്ക് കഴിക്കാലോ… വയറു നിറയുമല്ലോ എന്ന് “””
വലിയൊരു പാഠം ആയിരുന്നു എന്നെ സംബന്ധിച്ച് അത്… ഇളയതുങ്ങൾക്കായി വിട്ടുകൊടുക്കണം എന്ന പാഠം….
രണ്ടാമത്തെ ചേച്ചിയെ വിവാഹം കഴിച്ചത് അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ള ഒരു വീട്ടിലേക്ക് ആയിരുന്നു…
ആ ചേട്ടൻ ദുബായിലും…
അങ്ങനെയാണ് ആ ചേട്ടന്റെ അകന്ന ഒരു കുടുംബക്കാരൻ എന്നെ കാണുന്നതും വിവാഹം അന്വേഷിക്കുന്നതും.. മൂത്ത രണ്ടു പേർക്കും സ്വർണ്ണം ഒന്നും വേണ്ട എന്ന് അവരായി തന്നെ പറഞ്ഞിരുന്നു…
ഇയാൾ ഒന്നും പറഞ്ഞില്ല.. അതുകൊണ്ടുതന്നെ എന്റെ രണ്ടു ചേച്ചിമാരും കൂടി ഏഴ് പവന്റെ സ്വർണം തന്ന്… എന്റെ വിവാഹം നടത്തി…
ചേച്ചിയുടെ ഭർത്താവിന് ഇയാളെ പറ്റി കൂടുതൽ ഒന്നും അറിയില്ലായിരുന്നു.. ആ ചേട്ടന്റെ വീട്ടിൽ നിന്നും ഒത്തിരി അകലെയായിരുന്നു ഇവരുടെ വീട്…. എങ്കിലും അവരുടെ ബന്ധുക്കൾ അല്ലേ അതുകൊണ്ട് തന്നെ കൂടുതലൊന്നും ഇവരെപ്പറ്റി ആരും അന്വേഷിച്ചില്ല….
മോഹനൻ എന്നാണ് പേര് എന്ന് മാത്രം അറിയാം…
ഒരു തികഞ്ഞ മദ്യപാനി.. അതിൽ കൂടുതൽ ഒന്നും ആയിരുന്നില്ല അയാൾ.. വിവാഹം കഴിഞ്ഞ് ആദ്യത്തെ രണ്ടുമാസം മാത്രമാണ് മര്യാദയ്ക്ക് അയാൾ വീട്ടിൽ വന്നിരുന്നത് അത് കഴിഞ്ഞ് നാലുകാലിൽ അല്ലാതെ അയാളെ ആരും കണ്ടിട്ടില്ലായിരുന്നു….
കുടിച്ചു വന്നിട്ടുണ്ടെങ്കിൽ അയാൾക്ക് പിന്നെ കണ്ണ് കാണില്ല അയാൾ ഉപദ്രവിക്കാൻ തുടങ്ങും ഓരോന്ന് പറഞ്ഞ്…. വായിൽ വരുന്ന അസഭ്യം ഒക്കെ വിളിച്ചു പറയും…
സഹിക്കാതായപ്പോൾ ഞാൻ എന്റെ വീട്ടിൽ പോയി നിന്നു.. അവിടെയും വന്നു ശല്യപ്പെടുത്താൻ തുടങ്ങി… അനിയത്തി, അവൾക്ക് വന്ന ഒരു കല്യാണ ആലോചന ഇത് കാരണം മുടങ്ങി…
ഞാൻ കാരണം അവളുടെ ജീവിതം കൂടി നശിക്കുമോ എന്ന് ഭയപ്പെട്ട് പിന്നീട് അയാൾ ഇനി പ്രശ്നം ഒന്നും ഉണ്ടാവില്ല എന്നും പറഞ്ഞു വിളിക്കാൻ വന്നപ്പോൾ അയാളുടെ കൂടെ ഇങ്ങോട്ട് തന്നെ പോന്നു…
അയാളുടെ ഈ കള്ളുകുടിയും അസഭ്യം പറച്ചിലും കാരണം അവിടെ മറ്റുള്ളവർക്ക് നിൽക്കാൻ വയ്യ എന്ന് പറഞ്ഞ് അയാളുടെ തന്നെ ചേട്ടൻ ഞങ്ങളോട് അവിടെ നിന്നും ഇറങ്ങാൻ പറഞ്ഞു…
അങ്ങനെയാണ് ഒരു വാടക ക്വാർട്ടേഴ്സിലേക്ക് താമസം മാറുന്നത്.. അപ്പോഴും സമാധാനമായിരുന്നു മറ്റുള്ളവർ കേൾക്കില്ലല്ലോ എന്ന്….
ഇതിനിടയിൽ രണ്ട് കുഞ്ഞുങ്ങളും… നാൾക്ക് നാൾ അയാളുടെ സ്വഭാവം ചീത്തയായി… അയാൾ പണിക്കൊന്നും പോകാതെയായി അതുകൊണ്ട് തന്നെ ഞാൻ അടുത്ത വീട്കളിലെക്ക് ജോലിക്കും തൊഴിലുറപ്പിനും മറ്റും പോയി കുടുംബം നോക്കി….
അവിടെ നിന്നും കിട്ടുന്ന പൈസയും അയാൾ കൊണ്ടുപോയി കുടിക്കും എനിക്കും മക്കൾക്കും അയാൾ കാരണം ജീവിക്കാൻ വയ്യ എന്നായി….
അക്ഷരാർത്ഥത്തിൽ അയാളുടെ മരണം പോലും ആഗ്രഹിച്ചു പോയിരുന്നു എന്നുള്ളതാണ് സത്യം… സ്വന്തം ഭർത്താവ് മരിച്ചു കാണാൻ ആഗ്രഹിക്കുന്ന ആരുണ്ടാവും ഈ ലോകത്ത്???…
ഇനി ഞാൻ അധ്വാനിച്ച് ഉണ്ടാക്കുന്ന ഒരു രൂപ പോലും അയാൾക്ക് കുടിക്കാൻ കൊടുക്കില്ല എന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത്…
ഞാൻ ജോലി ചെയ്യുന്ന വീടുകളിലും പറഞ്ഞിരുന്നു അയാൾ വന്നു ചോദിച്ചാൽ പണം കൊടുക്കരുത് എന്ന് ഇത് അയാളെ പ്രകോപിപ്പിച്ചു….
എന്നെ അതും പറഞ്ഞു ഉപദ്രവിക്കാൻ തുടങ്ങി… പോലീസിൽ പരാതിപ്പെട്ടപ്പോൾ അവർ അയാളെ എടുത്തുകൊണ്ടുപോയി നന്നായി ഒന്ന് പെരുമാറി.. ഇനി ഞങ്ങളുടെ വീട്ടിൽ ശല്യമായി വരരുത് എന്ന് പറഞ്ഞു….
അതിനുശേഷം ആണ് ഈ കലാപരിപാടി… പാവം കുഞ്ഞുങ്ങളുടെ സ്കൂളിൽ പോയി എന്നെ അസഭ്യം പറയുക….
അതുങ്ങൾക്ക് തല ഉയർത്തി നടക്കാൻ പോലും വയ്യാതായി…
എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു പോലീസിൽ ഒരു തവണ പരാതിപ്പെട്ടതാണ് ഇനിയും പ lരാതിരിക്കപ്പെട്ടാൽ അയാളുടെ ഉപദ്രവം കൂടും എന്നല്ലാതെ കുറയില്ല എന്ന് ഞങ്ങൾക്കറിയാമായിരുന്നു… ഞങ്ങൾക്ക് ആരും ചോദിക്കാനും പറയാനും ഇല്ല…
ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോൾ അയാൾ വഴിയിൽ നിന്നിരുന്നു….
എന്നെ കണ്ടതും പണം വേണം എന്ന് പറഞ്ഞു പുറകെ കൂടി..
തരില്ല എന്ന് തീർത്തു പറഞ്ഞു… എന്റെ കഴുത്തിൽ കിടക്കുന്ന ഇത്തിരി പൊന്നിന്റെ മാലയും പൊട്ടിച്ച് അയാൾ ഓടി…
കിട്ടുന്ന പൈസ എല്ലാം കൂട്ടിവച്ച് ഞാൻ മേടിച്ചതായിരുന്നു ഒരു പവൻ പോലും തികച്ചില്ലാത്ത ആ മാല….
പൊന്നണിഞ്ഞു നടക്കാനുള്ള മോഹം കൊണ്ട് ഒന്നുമല്ല… കയ്യിൽ പൈസ ഇല്ലാത്ത നേരത്ത് എന്തെങ്കിലും ഒരു അത്യാവശ്യം വന്നാൽ വിക്കുക എങ്കിലും ചെയ്യാമല്ലോ എന്ന് കരുതി… രണ്ടു കുഞ്ഞുങ്ങൾ ഉള്ള ഒരു അമ്മയുടെ കരുതൽ…
അതും പൊട്ടിച്ചു ഓടുന്നത് കണ്ടപ്പോൾ ചങ്ക് പൊട്ടി.. എന്ത് വേണം എന്നറിയാതെ പകച്ചു നിന്നു… ചിലപ്പോൾ ദൈവം നിലത്തിറങ്ങി വരും എന്ന് പറയാറില്ലേ.. വേഗത്തിൽ വന്ന ഒരു കാറിന്റെ രൂപത്തിൽ ഇവടെയും…
അയാൾ ഓടി ചെന്നു വീണത് അതിന്റെ മുന്നിൽ ആയിരുന്നു.. അയാളെ ഇടിച്ചു തെറിപ്പിച്ചു ആ കാർ നിർത്താതെ പോയി…
അയാൾ റോഡിൽ കിടന്നു പിടയുന്നത് കണ്ടിട്ടും എനിക്ക് ഒരു സഹതാപവും തോന്നിയില്ല…
അർഹിച്ചത് കിട്ടി എന്നെ തോന്നിയുള്ളൂ..
ആളുകൾ കൂടും മുന്പേ ഞാൻ ആ മാല വീണ്ടെടുത്തു… ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി അയാളെ…
നിസ്സംഗതയോടെ നോക്കി നിന്നു… ജീവനോടെ തിരിച്ചു വരരുതേ എന്നായിരുന്നു പ്രാർത്ഥന…
പക്ഷെ വന്നു.. കഴുത്തിനു താഴേക്ക് ചലനമില്ലാതെ…
കാർ പോലീസ് കണ്ടെടുത്തു… അയാളുടെ പേരിൽ ഇൻഷുറൻസ് തുകയും കിട്ടി…
രണ്ടും ഏറ്റെടുക്കാൻ ഞാൻ തയ്യാറായില്ല..
അതുകൊണ്ട് തന്നെ ഏതോ ചാരിറ്റി സംഘടന അയാളെ ഏറ്റെടുത്തു…
മക്കളോട് ചോദിച്ച്ചിരുന്നു അതിന് മുമ്പ്.. അമ്മ അച്ഛനെ ഇങ്ങോട്ട് കൊണ്ടു വരണോ എന്ന്..
കുഞ്ഞി കണ്ണുകളിൽ ഭയത്തോടെ അവർ പറഞ്ഞു വേണ്ട എന്ന്..
ജന്മം കൊണ്ടല്ലല്ലോ കർമ്മം കൊണ്ട് വേണ്ടേ അച്ഛനാവാൻ… അതുകൊണ്ട് തന്നെ ഇനി കുറ്റബോധം ഇല്ലാതെ തന്നെ മുന്നോട്ട് പോകാം എനിക്ക്……