(രചന: J. K)
“”അമ്മായീ ജിനി എവിടെ??””
മീനു ആണ്…
“””അവിടെ മുറിയിൽ എങ്ങാനും കാണും “””
എന്ന് അലസമായി പറഞ്ഞു ഗീത.. മീനു വേഗം അവരെയും കടന്ന് മുറിയിൽ എല്ലാം പരതി അവിടെ കട്ടിലിൽ ഒരു ഓരം ചേർന്ന് കിടക്കുന്നവളെ നോക്കി…
തന്റെ കൂടെ കളിച്ച് ചിരിച്ചു നടന്നിരുന്ന ജിനിയാണ് അത് എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി അവൾക്ക്…
“””ടീ ജിനീ “”
എന്ന് വിളിച്ചപ്പോൾ പതുക്കെ കട്ടിലിൽ എഴുന്നേറ്റിരുന്നു തന്നെ ഒന്ന് നോക്കി… ആ മുഖത്ത് തനിക്കായി ഒരു ചെറിയ ചിരി പോലും വിടർന്നില്ല എന്നത് മീനുവിനെ അത്ഭുതപ്പെടുത്തി..
ഇവളാകെ മാറിയിരിക്കുന്നു തന്റെ ജിനി ആണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം…
അവൾ മെല്ലെ ജിനിയുടെ അടുത്ത് ചെന്നിരുന്ന് വിശേഷങ്ങളോരോന്നായി ചോദിക്കാൻ തുടങ്ങി ഒരു മൂളലിലോ തലയാട്ടിലോ അവൾ ഉത്തരം ഒതുക്കി…
സഹിക്കാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു അതെല്ലാം മീനുവിന്…
അവളുടെ മനസ്സിലേക്ക് ആ പഴയ പാവാടക്കാരി ഓടിവന്നു. എന്തിനും ഏതിനും തന്റെ കൂടെ നിൽക്കുന്ന ഓജസ്സുള്ള സുന്ദരി പെണ്ണിനെ…
അമ്മാവന്റെ മകളാണ് ഏകദേശം പ്രായം തുല്യമായിരുന്നു ജിനിയും മീനുവും അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ അവർ കൂട്ടാണ്..
സ്കൂളിലേക്ക് പോയി തുടങ്ങിയതും കോളേജിൽ ചേർത്തതും എല്ലാം ഒരുമിച്ച് ആയിരുന്നു…
മീനുവിനെക്കാൾ എല്ലാ കാര്യത്തിലും മിടുക്കി ജിനി ആയിരുന്നു.. പഠിക്കാൻ ആയാലും മറ്റ് കാര്യങ്ങൾ ആയാലും എല്ലാം അതുകൊണ്ട് തന്നെ എല്ലാവർക്കും അവളോട് ഒരു പ്രത്യേക താൽപര്യവും ഉണ്ടായിരുന്നു… കാണാനും സുന്ദരി…
അങ്ങനെയാണ് കോളേജിൽ വെച്ച് ഒരു പ്രണയമുണ്ടാവുന്നത് സീനിയർ ആയിട്ടുള്ള മിഥുൻ എന്ന ഒരു ചേട്ടൻ കുറെനാൾ അവളുടെ പുറകെ നടന്നു….
ആദ്യമൊന്നും അവൾ അങ്ങോട്ട് നോക്കിയത് പോലുമില്ല… പിന്നെ എപ്പോഴോ അവൾക്കും ഇഷ്ടമായി തുടങ്ങിയിരുന്നു….
നല്ല സ്വഭാവമായിരുന്നു ആ ചേട്ടന്റെത് അതുകൊണ്ടുതന്നെയാണ് മീനുവും അതിന് കൂട്ടുനിന്നത്….
സാധാരണ കോളേജ് പ്രണയം ആയിരുന്നില്ല…. രണ്ടുപേരും എത്രത്തോളം ആത്മാർത്ഥമായാണ് ഇഷ്ടപ്പെടുന്നത് എന്ന് അടുത്തറിയാവുന്നവർക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ…
വീട്ടിൽ അറിഞ്ഞതും അത് വലിയ പ്രശ്നമായി…
മിഥുൻ ചേട്ടൻ അവളുടെ വീട്ടിൽ വന്നു എല്ലാവരോടും സംസാരിച്ചതാണ് ഇപ്പോൾ താൻ പഠിക്കുകയാണെന്നും
പഠനം കഴിഞ്ഞ് ഒരു ജോലി കിട്ടിയാൽ ഉടനെ വീട്ടുകാരുമായി വന്നു പെണ്ണ് ചോദിക്കാം എന്നും അന്ന് തനിക്കായി അവളെ നൽകണം എന്നൊക്കെ……
ചേട്ടൻ പറഞ്ഞു….
പക്ഷേ അവിടെ നിന്നും അമ്മാവൻ ആട്ടി ഇറക്കി വിടുകയാണ് ഉണ്ടായത്….
ഇല്ലാത്ത തറവാട്ട് മഹിമയുടെ പേര് പറഞ്ഞ്.. അന്ന് മിഥുൻ ചേട്ടനെ ഇറക്കി വിട്ടു…
പിന്നെ ചെയ്തത് സ്വന്തം മകളുടെ പഠനം മുടക്കിയതാണ് ജിനി കരഞ്ഞു പറഞ്ഞു നോക്കി പഠിക്കാൻ എങ്കിലും വിടാൻ പക്ഷേ അവർക്കൊക്കെ അവരുടെ വാശിയായിരുന്നു വലുത്..
ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ വലിയ കുടുംബ മഹിമയുള്ള ഒരു കുടുംബത്തിലേക്ക് മകളെ കൈപിടിച്ച് പറഞ്ഞയക്കുകയും ചെയ്തു മകളുടെ മനസ്സ് പോലും കാണാതെ….
ഇതിനിടയിൽ മീനുവിന് പിജി ചെയ്യാനും മറ്റുമായി അവിടെനിന്നും കുറച്ചുകാലം മാറി നിൽക്കേണ്ടി വന്നു….
പിന്നെ ജിനിയുടെ ജീവിതം ദുസഹം ആയിരുന്നു…. കുടുംബമഹീമ ജീവിതത്തിന്റെ അവസാനവാക്ക് അല്ലല്ലോ അയാൾ എല്ലാവരും വിചാരിച്ചപോലെ ഒരാളായിരുന്നില്ല… മയക്കുമരുന്നിന് അടിമയായിരുന്നു.. സ്വഭാവ വൈകൃതത്തിനും….
അയാൾ ജിനിയെ തോന്നുംപോലെ ഉപദ്രവിച്ചു. പിടഞ്ഞു കൊണ്ടുള്ള അവളുടെ കരച്ചിൽ അയാൾക്ക് കൂടുതൽ ആവേശം നൽകി….
ഒടുവിൽ തളർന്നുവീണ ആ പാവത്തിനെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോൾ ആ ദേഹത്ത് പീഡനം അനുഭവിക്കാത്ത ഒരു ഭാഗം പോലും ഉണ്ടായിരുന്നില്ല
സിഗരറ്റ് വെച്ചു പൊള്ളിച്ച പാടുകളും ബ്ലേഡ് കൊണ്ട് മുറിയാക്കിയതും ഒക്കെയായിരുന്നു ശരീരത്തിൽ മുഴുവൻ….
പക്ഷേ അപ്പോഴേക്കും ജിനി ഒന്നും പ്രതികരിക്കാത്ത വിധം മാറിയിരുന്നു..
ഒരുതരം മരവിപ്പ് ആ മനസ്സിനെ വന്നു ഓടിയിരുന്നു ആരോടും മിണ്ടില്ല ഒന്നും കേൾക്കില്ല ഇങ്ങനെ ഇരിക്കും മണിക്കൂറുകളോളം…
ജിനിയുടെ അവസ്ഥ കണ്ട് നെഞ്ചുപൊട്ടി ഇപ്പോൾ അവിടെ തളർന്ന് ഇരിപ്പുണ്ട് അവളുടെ അച്ഛൻ ഒരുകാലത്ത് കുടുംബമഹിമ പ്രസംഗിച്ചു നടന്നയാൾക്ക് ഇപ്പോൾ മകളുടെ അവസ്ഥ കണ്ട് ഒന്നും പ്രതികരിക്കാൻ ഇല്ല…..
ആവുന്ന പോലെ എവിടെ ഒക്കെയോ കൊണ്ടുപോയി ചികിത്സിച്ചു ഒരു കുറവും ഇല്ല….. ആരോടും മിണ്ടില്ല റൂമിൽ തന്നെ ഇരിക്കും ആരെങ്കിലും എന്തെങ്കിലും ഭക്ഷണം കൊണ്ട് കൊടുത്താൽ മാത്രം കഴിക്കും….
മിഥുൻ ചേട്ടനുമായി ഇപ്പോഴും കോൺടാക്ട് ഉണ്ടായിരുന്നു മീനുവിന് ആള് ഇപ്പോൾ നല്ല സ്ഥിതിയിലാണ്.. വിവാഹമൊക്കെ കഴിഞ്ഞെന്നു പറഞ്ഞു…
അന്ന് ഒന്ന് മകളുടെ മനസ്സ് അറിഞ്ഞിരുന്നുവെങ്കിൽ ഇപ്പോൾ അവൾ ആയേനെ ഏറ്റവും കൂടുതൽ സന്തോഷത്തോടെ ഇവിടെ ജീവിക്കുന്നത്…..
മറുപടിയൊന്നും കിട്ടിയില്ലെങ്കിലും അവളോട് ഒരുപാട് നേരം സംസാരിച്ചിരുന്നു സങ്കടം വരുന്നുണ്ടായിരുന്നു അവളുടെ അവസ്ഥ കാണുമ്പോൾ….
പക്ഷേ എന്ത് ചെയ്യാനാണ്….. എന്റെ വിവാഹം ആണ് നീ വരുമോ എന്ന് ചോദിച്ചപ്പോൾ ആ കണ്ണുകളിൽ ഭയം കണ്ടു..
“””കൊല്ലും മീനു… ഇത് വേണ്ടാ “”””
എന്നൊക്കെ പുലമ്പി കൊണ്ടിരുന്നു വിവാഹം എന്നത് ആ മനസ്സിൽ എന്തുമാത്രം ആഘാതം സൃഷ്ടിച്ചിട്ടുണ്ട് എന്ന് അതിൽ നിന്നും മനസ്സിലായിരുന്നു…
അമ്മാവനെ കണ്ടപ്പോൾ എനിക്കൊന്നും മിണ്ടാൻ തോന്നിയില്ല ദേഷ്യമായിരുന്നു അയാളോട് ആ പാവം പെണ്ണിന്റെ ജീവിതം ഇങ്ങനെ താറുമാറാക്കിയതിന്റെ ദേഷ്യം..
പക്ഷേ ഒന്നും പറഞ്ഞില്ല കാരണം ഇനി എന്തെങ്കിലും പറഞ്ഞാൽ അയാൾക്ക് താങ്ങാൻ ആവില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു അത്രമാത്രം തളർന്നിരുന്നു ആ മനുഷ്യൻ…
ഒരുകാലത്ത് ചെയ്തു പോയത് ഓർത്ത്…
മിഥുൻ ചേട്ടനെ എന്റെ കല്യാണം പറയാൻ വേണ്ടി വിളിച്ചപ്പോൾ ഞാൻ ജിനിയുടെ കാര്യം പറഞ്ഞു കുറച്ചുനേരം അദ്ദേഹം അത് കേട്ട് മിണ്ടാതെ നിന്നു…
പിന്നെ ഒരു ഡോക്ടറുടെ നമ്പർ തന്നിട്ട് പറഞ്ഞു എങ്ങനെയെങ്കിലും അവരോട് പറഞ്ഞു അങ്ങോട്ട് കൊണ്ടുപോകാൻ..
ചികിത്സയുടെ മുഴുവൻ ചെലവും അദ്ദേഹം വഹിച്ചു.. കാരണം അമ്മാവന്റെ കയ്യിൽ ഇനി ഒന്നും എടുക്കാനില്ലായിരുന്നു…
അവളിൽ ക്രമേണ മാറ്റം കണ്ടു തുടങ്ങി..
ഒന്നും പണ്ടത്തെപ്പോലെ ആവില്ല എന്നറിയാം എങ്കിലും….
അവളിലേക്ക് ചെറിയതോതിൽ എങ്കിലും ആ കളിയും ചിരിയും എല്ലാം വന്നുചേർന്നു….
ഒടുവിൽ അവളെ കാണാൻ മിഥുൻ ചേട്ടനും ഭാര്യയും കൂടി വന്നിരുന്നു… ഞാനും ഭർത്താവും കൂടെ അവിടേക്ക് ചെന്നു…
എന്റെ പേടി മുഴുവൻ അവൾ മിഥുൻ ചേട്ടനെ കണ്ടാൽ ജിനി എങ്ങനെ പ്രതികരിക്കും എന്നായിരുന്നു പക്ഷേ ആർക്കും കൂടുതൽ ആശങ്കകൾക്കൊന്നും വഴിയൊരുക്കാതെ അവൾ നല്ല രീതിയിൽ തന്നെ പെരുമാറി….
അവിടെത്തന്നെ ഏതോ ഒരു കൂട്ടുകാരന്റെ സ്ഥാപനത്തിൽ അവൾക്കുള്ള ജോലിയും മിഥുൻ ചേട്ടൻ ശരിയാക്കിയിരുന്നു…
അവൾ ലെറ്റർ വാങ്ങി അയാളെ നന്ദിപൂർവ്വം നോക്കി… ഞാൻ മിഥുൻ ചേട്ടന്റെ ഭാര്യയുടെ മുഖത്തേക്കാണ് അപ്പോഴും ശ്രദ്ധിച്ചത് അവർക്ക് എല്ലാം അറിയാമായിരുന്നു മിഥുൻ ചേട്ടന്റെ കൂടെ എല്ലാത്തിനും കൂട്ടായി അവർ നിന്നിരുന്നു…
ഒരുപക്ഷേ ചേട്ടൻ അവർക്ക് കൊടുക്കുന്ന സ്വാതന്ത്ര്യവും ബഹുമാനവും ആവാം…
അവൾക്ക് ഒരു ജീവിതം തന്നെ നേടി കൊടുത്ത് മിഥുൻ ചേട്ടൻ ആ പടിയിറങ്ങുമ്പോൾ അവളുടെ അച്ഛന്റെ തല ശരിക്കും താണിരുന്നു…
ഒരുകാലത്ത് ആൾക്കാരുടെ മഹത്വം നോക്കാതെ.. വേറെ പലതിനും വില കൊടുത്തതിന്….