(രചന: J. K)
“””അവരെ വിളിക്കണ്ടേ അപ്പുവേട്ടാ??”””
എന്ന് ചോദിച്ചപ്പോൾ അധികം ആലോചിക്കേണ്ടി വന്നില്ല അപ്പുവിന് വേണ്ട എന്ന് പറയാൻ…
പിന്നെയൊന്നും ചോദിക്കാൻ പോയില്ല അമൃത!! അവൾക്കറിയാമായിരുന്നു തന്റെ സഹോദരന്റെ അപ്പോഴത്തെ മനസ്സ്!! കൂടുതലൊന്നും ചോദിക്കാൻ അവൾക്കാവുമായിരുന്നില്ല അവൾ വേഗം അകത്തേക്ക് പോയി…
അകത്ത് ചായ കുടിക്കുകയായിരുന്ന അച്ഛൻ അവളുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി പക്ഷേ തലകുനിച്ച് അയാളുടെ മുന്നിൽ അവൾ ചെന്നിരുന്നു പിന്നെ ഒന്നും ചോദിച്ചില്ലായിരുന്നു..
ഉത്തരം അയാൾക്ക് മനസ്സിലായിരുന്നു വേഗം ചായ കുടിക്കുന്നത് പാതിയിൽ വച്ച് നിർത്തി അവിടെ നിന്ന് എഴുന്നേറ്റു വേലായുധൻ!!
“”ഞാൻ ഇറങ്ങാ!!! അവനോടു കൂടി ഒന്നു പറഞ്ഞേക്ക്!!!”
എന്നുപറഞ്ഞപ്പോൾ ഒന്ന് മൂളി അമൃത..
അച്ഛൻ പോയിക്കഴിഞ്ഞപ്പോൾ എന്തോ വിഷമം ആ ക്ഷീണിച്ച ഇരുപ്പും മുഖഭാവവും എല്ലാം കൂടെ കണ്ടപ്പോൾ അവൾക്ക് സങ്കടം വന്നു അതുകൊണ്ടാണ് അച്ഛനുവേണ്ടി ഒന്നുകൂടി ഏട്ടനോട് സംസാരിക്കാം എന്ന് കരുതി മുറിയിലേക്ക് പോയത് അവിടെ കട്ടിലിന്റെ റസ്റ്റിൽ തലയും വെച്ച് ചാരി കിടക്കുന്നുണ്ടായിരുന്നു ഏട്ടൻ!!!
“”” ഏട്ടാ!!”
അവൾ വിളിച്ചപ്പോൾ കണ്ണ് തുറന്ന് നേരെ ഇരുന്നു അപ്പു..
പിന്നെ ചിരിയോടെ,
എന്താടി!!”””എന്ന് ചോദിച്ചു…
“””” ഏട്ടാ അച്ഛന് നല്ല വിഷമം ഉണ്ട് ഏട്ടന്റെ വിവാഹത്തിന് ചെറിയമ്മയെ വിളിക്കാത്തതിൽ!! എന്റെ വിവാഹം പോലെയല്ലല്ലോ ഏട്ടന്റെ…
ഞാൻ വിവാഹം കഴിച്ചത് അമ്മയുടെ ഏട്ടന്റെ മോനെ തന്നെയല്ലേ… അവർക്കാണെങ്കിൽ ഇവിടുത്തെ എല്ലാ വിവരവും അറിയാം അതുകൊണ്ട് ചെറിയമ്മയെ വിട്ട് നിർത്തിയാലും ആരും ഒന്നും പറയാനില്ല…
ഇതിപ്പോ പുറമേ നിന്നൊരു പെൺകുട്ടി ഈ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ പോവുകയാണ് അവളുടെ മുന്നിലും വേണോ ഏട്ടാ ഈ വാശി!!!”””
അപ്പു ഒന്നും മിണ്ടാതെ അമൃതയെ നോക്കി ഇരുന്നതേയുള്ളൂ അവനൊന്നും പറയാൻ ഉണ്ടായിരുന്നില്ല!
“”” അച്ഛൻ പറഞ്ഞിട്ട ഞാൻ ഇന്ന് ഏട്ടനോട് ഒന്നുകൂടി വന്നു ചോദിച്ചത് ചെറിയമ്മയെ കല്യാണത്തിന് വിളിക്കണ്ടേ എന്ന്!!! അച്ഛന്, വേണ്ട എന്ന് അപ്പുവേട്ടൻ പറഞ്ഞപ്പോൾ ശരിക്കും വിഷമം ആയിട്ടുണ്ട് ആ മുഖം കണ്ടാൽ തന്നെ അറിയാം.. വല്ലാതെ സങ്കടപ്പെട്ടിട്ട ഇവിടെ നിന്ന് ഇറങ്ങിപ്പോയത്!!””
അത്രയും അമൃത പറഞ്ഞപ്പോൾ പിന്നെ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല അപ്പുവിന് അവൻ അവളെ രൂക്ഷമായി ഒന്ന് നോക്കി പിന്നെ ചോദിച്ചു,
“”” ഇതിലും സങ്കടപ്പെട്ടിട്ടില്ലേ നമ്മൾ അന്ന് അച്ഛൻ വാ തുറന്ന് എന്തെങ്കിലും പറഞ്ഞതായി നിനക്ക് ഓർമ്മയുണ്ടോ??? “””
അമൃത പിന്നെ ഒന്നും പറയാൻ നിന്നില്ല അവൾ വേഗം അവിടെ നിന്ന് എണീറ്റുപോയി…. അസ്വസ്ഥമായിരുന്നു അപ്പുവിന്റെ മനസ്സ് ഒന്ന് കണ്ണടച്ചപ്പോഴേക്ക് പഴയ ഓർമ്മകൾ ഇങ്ങനെ ഓടിയെത്തി…
അച്ഛനും അമ്മയും അമൃതയും താനും എന്ത് സന്തോഷകരമായ ജീവിതം ആയിരുന്നു!! എന്നാണ് അതിന് വിള്ളൽ വന്നത്??
അതെ, അച്ഛന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന് അമ്മ അറിഞ്ഞത് മുതലാണ് തങ്ങളുടെ കുടുംബം ശിഥിലമാകാൻ തുടങ്ങിയത്!!!
ഞങ്ങളുടെ നാട്ടിൽ തന്നെയുള്ള ഒരു സ്ത്രീയായിരുന്നു അത് അവരെ ഭർത്താവ് വിവാഹം കഴിച്ചിട്ട് ഉപേക്ഷിച്ചിട്ട് പോയതാണ് അച്ഛന് അവരുടെ വീടിന് അരികിലായിരുന്നു ജോലി….അങ്ങനെ കണ്ട് പരിചയം ആയി പിന്നീട് അവർ തമ്മിൽ അരുതാത്ത ഒരു ബന്ധം തുടങ്ങുകയായിരുന്നു!!!!
സ്നേഹസമ്പന്നനായ അച്ഛൻ എത്ര പെട്ടെന്നാണ് മാറിയത് പിന്നീട് ഞങ്ങളോട് വെറുതെ ദേഷ്യം കാണിക്കാൻ തുടങ്ങി… അമ്മ എന്തുപറഞ്ഞാലും കുറ്റം അടിയും ഇടിയും ബഹളവുമായി… വീട്ടിലേക്ക് ഒരു സാധനവും വാങ്ങി തരില്ല ഞങ്ങൾക്ക് ചെലവിന് പോലും തരാതായി!!!
അമ്മയ്ക്ക് ഇതൊന്നും സഹിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല ഞങ്ങൾ മക്കളെ പോയി പറ്റി പോലും ചിന്തിക്കാതെ ഒരു മുഴം കയറി അമ്മ ജീവനൊടുക്കുമ്പോൾ അറിഞ്ഞില്ല, പിന്നീട് ദുരിതക്കയം തന്നെയാണ് ഞങ്ങൾക്ക് നീന്തിക്കയറാൻ ഉള്ളത് എന്ന്…
അമ്മ പോയതോടെ അച്ഛൻ ആ സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു പിന്നീടങ്ങോട്ട് ശരിക്കും ദുരിതമായിരുന്നു…
അമൃതയെ കൊണ്ട് വീട്ടിലെ ജോലി മുഴുവൻ ചെയ്യിച്ചു… വെറുതെയിരുന്ന് തിന്നാൻ പറ്റില്ല എന്ന് പറഞ്ഞ് എന്നെക്കൊണ്ട് ആ പ്രായത്തിൽ ആവുംവിധം ഉള്ള പണിയെല്ലാം ചെയ്യിപ്പിച്ചിരുന്നു…
എല്ലാം കണ്ടിട്ടും കാണാത്തതുപോലെ അച്ഛൻ കണ്ണടച്ചു അച്ഛന് ആ സ്ത്രീയെ പിണക്കാൻ വയ്യായിരുന്നു..
അമ്മയുടെ വീട്ടുകാർ വന്നു വിളിച്ചപ്പോൾ ഞങ്ങൾ അവരുടെ കൂടെ പോയി ഈ സ്ത്രീയുടെ കൂടെ ജീവിക്കുന്നതിനേക്കാൾ ഭേദം മരിക്കുന്നതായിരുന്നു അല്ലെങ്കിൽ അവർ തന്നെ ഞങ്ങളെ കൊല്ലുമായിരുന്നു…
എങ്ങനെയൊക്കെയോ പ്ലസ് ടു പാസായി, ഞാൻ അടുത്ത് തന്നെ ഒരു ഇടത്ത് ജോലി മേടിച്ചു എടുത്തു…
അവിടെയുള്ള ഒരു കൂട്ടുകാരൻ വഴിയാണ് ഗൾഫിൽ ഒരു ജോലി ശരിയായത് എന്റെ ഭാഗ്യം എന്ന് തന്നെ വേണം പറയാൻ നല്ല ഒരു സ്ഥലമായിരുന്നു അവിടെ വിശ്വസ്തനായി നിൽക്കാൻ കഴിഞ്ഞു അതുകൊണ്ട് തന്നെ നല്ല സാലറിയും കിട്ടാൻ തുടങ്ങി…
ആദ്യം തന്നെ ചെയ്തത് ഒരു കുഞ്ഞു വീട് പണിയുക എന്നതായിരുന്നു അമൃതയെയും ഞങ്ങളുടെ അമ്മയുടെ അമ്മയെയും അവിടെ കൊണ്ടുവന്ന് നിർത്തി…
അപ്പോഴേക്കും അമ്മാവന്റെ മകൻ അവളെ ഇഷ്ടമാണ് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞു വന്നിരുന്നു അവളോട് ചോദിച്ചപ്പോൾ അവൾക്കും ഇഷ്ടക്കുറവ് ഒന്നുമില്ല അപ്പോൾ പിന്നെ ആ വിവാഹം നടത്തി കൊടുത്തു…
അന്ന് അവളുടെ കൈപിടിച്ചു കൊടുക്കാൻ അച്ഛൻ വേണമെന്ന് നാട്ടുകാർ എല്ലാവരും പറഞ്ഞത് പ്രകാരമാണ് ഞാൻ അച്ഛനെ കാണാൻ ചെന്നത് അച്ഛനോട് അവളുടെ വിവാഹമാണ് വന്നത് കൈപിടിച്ചു കൊടുക്കണം എന്ന് പറഞ്ഞു..
അന്ന് അച്ഛൻ എന്നോട് പറഞ്ഞതാണ് ചെറിയമ്മയോട് കൂടി ഒരു വാക്ക് പറയാൻ പറ്റില്ല എന്ന് അച്ഛന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു..
അച്ഛന് അത് ഇഷ്ടപ്പെട്ടില്ല എന്നറിയാം എങ്കിലും ഞാൻ അതു കാര്യമാക്കിയില്ല…
അത് കഴിഞ്ഞ് അടുത്ത വരവ് വന്നതാണ് ഇപ്പോൾ.. അമൃതയുടെയും അവളുടെ ഭർത്താവ് സുരേഷിന്റെയും നിർബന്ധമായിരുന്നു എനിക്ക് ഈ വരവിൽ തന്നെ ഒരു വിവാഹം നോക്കണം എന്ന്… അങ്ങനെയാണ് പെണ്ണ് കാണാൻ നടന്നതും ഒന്ന് ശരിയായതും… എന്റെ സങ്കല്പത്തിലുള്ള ഒരു കുട്ടി തന്നെ!!!
അച്ഛനെ വിളിച്ച് അറിയിക്കണ്ടേ എന്ന് ചോദിച്ചു അമൃത..
ആലോചിച്ചപ്പോൾ അച്ഛനോട് എന്തിനാണ് പറയാതിരിക്കുന്നത് എന്ന് തോന്നി.. അവളോട് തന്നെ പറഞ്ഞേക്കാൻ പറഞ്ഞു അവൾ വിളിച്ചു പറഞ്ഞപ്പോൾ അച്ഛൻ ഇങ്ങോട്ട് വന്നു…
അമൃത കുട്ടിയുടെ ഫോട്ടോ എല്ലാം കാണിച്ചു കൊടുത്തു.. ഇപ്പോൾ എന്താണ് ചെയ്യുന്നത് വീട് എവിടെയാണ് വീട്ടിൽ ആരൊക്കെയുണ്ട് എന്നുള്ള എല്ലാ വിശദവിവരങ്ങളും അവൾ അച്ഛന് പറഞ്ഞു കൊടുത്തു…
എന്നിട്ട് അവളെ കൊണ്ട് പറയിപ്പിച്ചതാണ് അപ്പുവിനോട് ചെറിയമ്മയോട് പറയാൻ എന്റെ വിവാഹമാണ് ഇങ്ങോട്ട് വരണം എന്ന്!!!
അവരെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ എനിക്ക് ഓർമ്മ വരുന്നത്, തൂങ്ങി നിൽക്കുന്ന അമ്മയെയാണ്, അമൃതയെയും എന്നെയും കഷ്ടപ്പെടുത്തിയിരുന്നതാണ്… ഭക്ഷണം പോലും നേരാംവണ്ണം കഴിക്കാൻ തരാത്തതാണ്…. ഒരു വറ്റിറക്കുമ്പോൾ കുത്തുവാക്കുകൾ പറയുന്നതാണ്..!!!
എത്രയോ ദിവസങ്ങൾ ഈ ജന്മം ഒടുക്കുന്നതിനെ പറ്റി ഞങ്ങൾ ചിന്തിച്ചിട്ടുണ്ട്…!!! അച്ഛനെങ്കിലും അന്നൊന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന് മോഹിച്ചിട്ടുണ്ട് പക്ഷേ ഒന്നും ഉണ്ടായില്ല… അവൾക്ക് ഞാനും എനിക്ക് അവളും മാത്രമേ ഉണ്ടായിരുന്നുള്ളൂ….
ചാവാതെ പിടിച്ചുനിന്നത് തന്നെ ഞങ്ങൾ രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ എന്ന് ആലോചിച്ചിട്ടാണ്….
എന്റെ മിഴികൾ നിറഞ്ഞൊഴുകി തൊട്ടരികിൽ ആരോ വന്നിരിക്കുന്നത് കണ്ടാണ് കണ്ണുകൾ തുറന്നു നോക്കിയത് അമൃതയായിരുന്നു!!!
അവൾ എന്റെ അരികിൽ ചേർന്നിരുന്നു എന്നിട്ട് പറഞ്ഞു!!!
“”” അവർ നമ്മളോട് ചെയ്തതൊന്നും മറന്നിട്ടില്ല അച്ഛന്റെ സങ്കടം കണ്ടപ്പോൾ പറഞ്ഞുപോയതാണ് ഒന്നുമില്ലെങ്കിലും നമ്മളുടെ അച്ഛൻ അല്ലേ അപ്പുവേട്ടാ!!!
എന്ന്!!!
“”” അന്നും ആ അച്ഛൻ നമ്മളുടേത് തന്നെ ആയിരുന്നില്ലേ മോളെ എന്നിട്ടും നമുക്ക് വേണ്ടി ഒന്ന് ശബ്ദം ഉയർത്തിയത് പോലുമില്ലല്ലോ??? ഇങ്ങോട്ട് തരാത്ത സ്നേഹം അങ്ങോട്ട് കൊടുക്കുന്നതിൽ യാതൊരു അർത്ഥവുമില്ല!! ഇനി ചെറിയമ്മ വന്നില്ലെങ്കിൽ അച്ഛൻ വരുന്നില്ലെങ്കിൽ വേണ്ട നമുക്ക് നമ്മൾ മതി!!!'””
സമ്മതത്തോടെ ആ നെഞ്ചിൽ തല ചായ്ച്ചു പെണ്ണ്!!!