ശ്രീജിത്ത് വരുന്നതിനുമുമ്പ് ദിവ്യക്കായി ഒരു സാരി എടുത്തു വച്ചിരുന്നു അവൾക്ക് ഏറെ പ്രിയമുള്ള മഞ്ഞ പട്ടുസാരി… അതെടുത്ത് അജിത കയ്യിൽ പിടിച്ചിരുന്നു ഇവന് ഇപ്പോൾ സെലക്ഷൻ ഒക്കെ നന്നായി അറിയാമല്ലോ എന്ന് പറഞ്ഞ്…

(രചന: J. K)

ശ്രീജിത്ത്‌ ലീവിന് വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ തുടങ്ങിയതാണ് ദിവ്യക്ക് വെപ്രാളം.. എന്തൊക്കെ ഒരുക്കിയിട്ടും ഒരു തൃപ്തി വരാത്തത് പോലെ…

അലമാര തുറന്നു ഒന്നൂടെ നോക്കി… വന്നാൽ പല്ല് തേക്കാൻ ഉള്ള ടൂത് ബ്രഷ്, ടവൽ, ഉടുക്കാൻ ഉള്ള മുണ്ട്.. എല്ലാം ഉണ്ട്…

പിന്നെ കൊണ്ട് വരുന്ന ശ്രീയേട്ടന്റെ ഡ്രസ്സ്‌ വക്കാൻ അലമാരയിൽ പ്രത്യേകം സ്ഥലം…
എല്ലാം ഒന്നൂടെ നോക്കി.. ഇനിയും ഉണ്ട് ഒരു ദിവസം കൂടി

ഈ സമയം ഇഴഞ്ഞാണ് നീങ്ങുന്നത് എന്ന് അവൾക്ക് തോന്നി… വിവാഹം കഴിഞ്ഞു രണ്ട് മാസം ആയപ്പോൾ പോയതാണ് പിന്നെ വരുന്നത് ഇപ്പോഴാണ്… പോയി ഒരു മാസം കഴിഞ്ഞു ആണ് അറിഞ്ഞത് താൻ ഗർഭിണിയാണ് എന്ന്..

പ്രസവ സമയത്ത് ഒന്ന് അരികിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു…
പ്രവാസികളുടെ ഭാര്യമാർക്ക് അങ്ങനെത്തെ ചെറിയ ആഗ്രഹങ്ങളെ കാണൂ.. നടക്കാത്ത ചില മോഹങ്ങൾ…

മോളെ പ്രസവിച്ചു… അവൾക്കിപ്പോ ആറു മാസവും ആയി… അപ്പോഴാണ് അച്ഛൻ ആദ്യമായി കാണാൻ വരുന്നത്…

അവളുടെ ചോറൂണ് അതുകൊണ്ട് തന്നെ ശ്രീയേട്ടൻ വന്നിട്ട് ആവാം എന്ന് തീരുമാനിക്കുക ആയിരുന്നു…

ശ്രീയേട്ടൻ വരുന്നു എന്ന് പറഞ്ഞതിന്റെ തലേന്ന് തന്നെ വന്നു കൂടിയതാണ് പെങ്ങളും മക്കളും..
അല്ലാതെ എന്തെങ്കിലും കാര്യത്തിന് വിളിച്ചാൽ പോലും വരാത്തവർ….

ഓണത്തിനോ വിഷുവിനോ വീട്ടിലേക്ക് പോകാൻ വേണ്ടി ദിവ്യ അവരെ വിളിക്കും അമ്മയുടെ കൂടെ വന്നു നിൽക്കാൻ അപ്പോ ഇല്ലാത്ത തിരക്കില്ല..
ഇപ്പോ വരാനും നിൽക്കാനും ഒന്നും തിരക്കെ ഇല്ല..

രാവിലെ ആയിരുന്നു ഫ്ലൈറ്റ്.. മോൾക്ക് ഒരു പനി കോളുണ്ട് അതുകൊണ്ട് പോകേണ്ട എന്ന് വച്ചു ഇങ്ങോട്ട് തന്നെ ആണല്ലോ വരുന്നത്..

പകരം ചേച്ചിയും കുട്ടികളും, പോയി..
മൂന്ന് മക്കൾ ആണ് അവർ… മൂത്തത് ആണ് അജിത ചേച്ചി.. പിന്നെ അജിത് ഏട്ടൻ ഇളയതാണ് ശ്രീജിത്ത്‌ ഏട്ടൻ.. അജിത് ഏട്ടനും ശ്രീയേട്ടനും ഗൾഫിൽ ആണ്…

അജിത്തേട്ടന്റെ വീട് പണി നടന്നുകൊണ്ടിരിക്കുന്നു..

ശ്രീയേട്ടൻ വീട്ടിൽ എത്തി.. മോളെ എടുത്തു.. പ്രൈവസി ഇത്തിരി പ്രശ്നം ആയിരുന്നത് കൊണ്ട് ആരും കാണാതെ കവിളിൽ ഒരു ചുംബനം നൽകി.. അത് മതിയായിരുന്നു പെണ്ണിന്.. മനസ് നിറയാൻ കണ്ണ് നിറയാൻ…

“”മെലിഞ്ഞു… വല്ലാണ്ട്.. “” എന്ന് പറഞ്ഞവൾ ഏറെ സ്നേഹത്തോടെ പരിഭവിച്ചു…

“””നീ പക്ഷേ സുന്ദരിയായി ട്ടോ…”” എന്ന് പറഞ്ഞു ശ്രീ മറുപടിയായി…

അതോടെ പെണ്ണിന്റെ കവിളിൽ കുങ്കുമം പൂശി…

നിറഞ്ഞൊന്ന് കണ്ടു അവൾ അവളുടെ പ്രണയത്തെ… അവൻ തിരിച്ചും..

അപ്പോഴേക്കും കൊണ്ട് വന്നത് ചേച്ചി തുറന്നു…
ചേച്ചിക്ക് ആവശ്യം ഉള്ളതൊക്കെ എടുക്കാൻ തുടങ്ങി…

ശ്രീജിത്ത് വരുന്നതിനുമുമ്പ് ദിവ്യക്കായി ഒരു സാരി എടുത്തു വച്ചിരുന്നു അവൾക്ക് ഏറെ പ്രിയമുള്ള മഞ്ഞ പട്ടുസാരി… അതെടുത്ത് അജിത് കയ്യിൽ പിടിച്ചിരുന്നു ഇവന് ഇപ്പോൾ സെലക്ഷൻ ഒക്കെ നന്നായി അറിയാമല്ലോ എന്ന് പറഞ്ഞ്…

അപ്പോഴേക്കും ശ്രീജിത്ത് അങ്ങോട്ട് എത്തിയിരുന്നു..

”’ ചേച്ചി അത് ഞാൻ ദിവ്യയ്ക്ക് വേണ്ടി വാങ്ങിയതാ എന്ന് പറഞ്ഞ്..

“” എടാ അവൾക്ക് ഇവിടെ നിന്ന് വാങ്ങി കൊടുക്കാലോ.. ഇതൊക്കെ ഇഷ്ടമായെങ്കിൽ അത് അവൾ എടുത്തോട്ടെ എന്ന് സപ്പോർട്ടിന് അമ്മയും വന്നു…

ദിവ്യ നോക്കിയപ്പോൾ സാരമില്ല പോട്ടെ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു..

“‘” ചേച്ചി അത് അവൾക്ക് തന്നെ ആയിട്ട് വാങ്ങിയതാണ്.. ചേച്ചിക്ക് ഞാൻ ഇവിടെ നിന്നും വാങ്ങിത്തരാം.. “”

എന്നുപറഞ്ഞ് ആ സാരി മേടിച്ച് ദിവ്യയുടെ കയ്യിൽ വെച്ച് കൊടുത്തു… അവൾക്ക് എന്തോ ഭയം പോലെ…

“””ഇത് ചേച്ചി എടുത്തോട്ടെ ശ്രീയേട്ടാ…”” എന്ന് പറഞ്ഞു…

നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല ഇത് ഞാൻ നിനക്ക് വേണ്ടി വാങ്ങിയതാണ് എന്ന് പറഞ്ഞു ചേച്ചിയുടെ കയ്യിൽ നിന്ന് ആ സാരി വാങ്ങി ദിവ്യയുടെ കയ്യിൽ വച്ചുകൊടുത്തു…

“””ഇപ്പോ അവള് മതിയോടാ നിനക്ക്? ഒപ്പം വളർന്നോള് വേണ്ടാ ല്ലേ? “”

എന്നും ചോദിച്ചു അമ്മ മുന്നോട്ട് വന്നു…

“”””അങ്ങനെ ഒരർത്ഥം ഞാൻ ഇപ്പോ ചെയ്തതിന് ഉണ്ടോ അമ്മേ.. ഞാൻ പറഞ്ഞല്ലോ അത് അവൾക്കായി വാങ്ങിയതാണ് എന്ന്.. ഞാനല്ലാതെ മറ്റാരാണ് അവൾക്ക് വാങ്ങി കൊടുക്കാൻ ഉള്ളത്….

പെങ്ങൾക്കുള്ള സ്ഥാനം അത് എന്നും അവിടെത്തന്നെ കാണും.. ഭാര്യക്ക് ആയി കൊണ്ടുവന്ന ഒരു സാരി അവൾക്ക് കൊടുത്തു ന്ന് കരുതി അത് കൂടുകയും കുറയുകയും ഇല്ല…””

അത്രയും പറഞ്ഞ് ശ്രീജിത്ത് അവിടെനിന്നും എണീറ്റുപോയി അമ്മയ്ക്ക് തിരിച്ചു ഒന്നും പറയാനില്ലായിരുന്നു….

അതുകൊണ്ടുതന്നെ ബാക്കി ദിവ്യയുടെ നേർക്കായി…

“”” നീ ഇവിടെ കേറി വരുന്നതിനും മുമ്പ് ഉള്ളതാണ് അവന് പെങ്ങള്… ആ സ്ഥാനം ഓരോന്ന് പറഞ്ഞു കൊടുത്തു ഇല്ലാതാക്കാം എന്ന് ആരും കരുതണ്ട!!!””

എന്ന്…

അത് കേട്ട് ദിവ്യ മുറിയിലേക്ക് പോയി ശ്രീജിത്ത് മോളെ കട്ടിലിൽ കിടന്ന് കളിപ്പിക്കുന്നുണ്ടായിരുന്നു..

“”” അജിത ചേച്ചിക്ക് അത് ഇഷ്ടമായി എങ്കിൽ എടുത്തോട്ടെ എന്നുവച്ചാൽ മതിയായിരുന്നു…. “””

ഇന്ന് പതുക്കെ ശ്രീജിത്തിനോട് പറഞ്ഞു..
“”ഉവ്വോ.. എന്നിട്ട് എല്ലാം വിട്ടു കൊടുത്ത് നീ കുലസ്ത്രീ ആകുമോ…?””

അല്പം പരുഷമായി തന്നെയായിരുന്നു ശ്രീജിത്ത് അത് പറഞ്ഞത്.. ഒന്നുമില്ലാതെ ദിവ്യ ശ്രീജിത്തിനെ തന്നെ നോക്കിയിരുന്നു..

“””” ഏട്ടൻ ഇതുപോലെ വരുന്നത് നീ കണ്ടിട്ടില്ലേ?? അന്നേരം എല്ലാം കൈകാര്യം ചെയ്യുന്നത് ഏടത്തിയമ്മ അല്ലേ..?? “”

“”മ്മ് “”

അതിന് മെല്ലെ ഒന്ന് മൂളി ദിവ്യ…

“”ഇതിപ്പോ വിവാഹം കഴിഞ്ഞ് ആദ്യമായി ആണ് ഞാൻ വരുന്നത് അപ്പോൾ ഭാര്യക്കായി എന്തെങ്കിലും കരുതിക്കാണും എന്ന് ഉറപ്പാണ് അതുപോലും തരാൻ ഔചിത്യം ഇല്ലാത്തവരോട് പ്രതികരിക്കാൻ ഇനി നിനക്ക് ആരാണ് പ്രത്യേകം പറഞ്ഞു മനസിലാക്കി തരേണ്ടത് “””

എന്ന് ചോദിച്ചു ശ്രീജിത്ത്‌…

അവൾക്ക് ഉത്തരം ഇല്ലായിരുന്നു..

”’നോക്ക് ദിവ്യ.. എല്ലാവരോടും സ്നേഹം നല്ലതാണ്.. പക്ഷേ അതിന്റെ പേരിൽ മുതലെടുക്കുന്നവരെ പ്രത്യേകം തിരിച്ചറിയാൻ ഉള്ള ഒരു ബുദ്ധി കാണിക്കണം ആരായാലും… ഈ സാരി ഇപ്പോൾ ചേച്ചിക്ക് കൊടുത്തെന്ന് വിചാരിച്ച് എനിക്ക് ഒരു പ്രശ്നവുമില്ല..

പക്ഷേ അത് ഞാൻ നിന്നെ മാത്രം ഓർത്ത് നിനക്ക് വേണ്ടി വാങ്ങിയതാണ്…. നിന്നോട് പറഞ്ഞതും ആണ്.. അപ്പോൾ നീയത് വിട്ടുകൊടുക്കുമ്പോൾ ഞാൻ എന്താണ് അതിൽ നിന്ന് മനസ്സിലാക്കേണ്ടത്..

ഒരു പ്രശ്നം ഉണ്ടാവേണ്ട എന്ന് കരുതി ആവാം.. ഇതിപ്പോ സാരി… ഇനി ഇതിലും വലുത് എന്തെങ്കിലും ആണെങ്കിൽ നീ വിട്ടുകൊടുക്കുമോ…”””””

ദിവ്യക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല ശ്രീജിത്ത് പറയുന്നതെല്ലാം ശരിയാണെന്ന് അവൾക്ക് ബോധ്യം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഒന്നും മിണ്ടാതെ അയാൾ പറയുന്നത് മുഴുവൻ അവൾ കേട്ടു…

“”””അതുകൊണ്ട് ഒരു കാര്യം ഇനിയെങ്കിലും ശ്രദ്ധിക്കൂ അവനവന് അവകാശപ്പെട്ടത് മറ്റൊരാൾക്ക് വിട്ടുകൊടുക്കാതിരിക്കുക…”””

അതും പറഞ്ഞ് മോളെയും എടുത്ത് പുറത്തേക്ക് നടന്നു ശ്രീജിത്ത്…

അപ്പോഴും ദിവ്യ ചിന്തിക്കുകയായിരുന്നു, ആ പറഞ്ഞത് എങ്ങനെ ഇനി മുതൽ പ്രാവർത്തികമാക്കാം എന്ന്….

Leave a Reply

Your email address will not be published. Required fields are marked *