“” എടാ മക്കളെ രമ്യ ഇതുവരെ വീട്ടിലേക്ക് വന്നിട്ടില്ല മോളെയും കൊണ്ട് പോയേക്കുന്നെ.. എടാ ഞാൻ അവളുടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചു അവിടെയും ചെന്നിട്ടില്ല… “

(രചന: J. K)

“” എടാ മക്കളെ രമ്യ ഇതുവരെ വീട്ടിലേക്ക് വന്നിട്ടില്ല മോളെയും കൊണ്ട് പോയേക്കുന്നെ.. എടാ ഞാൻ അവളുടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചു അവിടെയും ചെന്നിട്ടില്ല… ”

വാട്സാപ്പിൽ അമ്മ അയച്ച വോയിസ് കേട്ട് ഒന്ന് ഞെട്ടി മിഥുൻ..

രമ്യ എങ്ങോട്ടും എത്തിയിട്ടില്ല.. വല്ല കടുംങ്കയ്യും ചെയ്തോ എന്നായിരുന്നു അയാളുടെ ഭയം മുഴുവൻ… മോളെയും കൊണ്ടാണ് പോയിരിക്കുന്നത് അയാൾക്ക് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..

ഇന്നലെ വിളിച്ച് അവളോട് അത്രയും സംസാരിക്കാൻ തോന്നിയ ആ നിമിഷത്തെ അയാൾ ശപിച്ചു.. ഏതായാലും ലീവിന് അപ്ലൈ ചെയ്തതാണ് ഉടനെ തന്നെ ലീവ് കിട്ടും എന്നും അറിയാം അതുവരെ ക്ഷമിക്കേണ്ടതായിരുന്നു..

അയാൾ വേഗം ഫോണെടുത്ത് സുധിയെ വിളിച്ചു തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ….
രമ്യ മിസ്സിംഗ് ആയതിനെ പറ്റി പറഞ്ഞു..

നീ ഒന്നുകൊണ്ടും പേടിക്കേണ്ട ഞാൻ എല്ലാം അന്വേഷിച്ചു വേഗം വിളിക്കാം എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു അപ്പോൾ എന്തോ ഇത്തിരി ആശ്വാസം തോന്നി. ആത്മാർത്ഥതയുള്ളവനാണ് അവൻ എവിടെയായാലും അവളെ കണ്ടുപിടിക്കും..

അല്പസമയം കഴിഞ്ഞപ്പോഴേക്കും സുധിയുടെ കോൾ വന്നിരുന്നു എടാ അവൾ അവന്റെ കൂടെ ഉണ്ട് “”

എന്ന് ഒരു മടിയോടെ ആണെങ്കിലും അവൻ പറഞ്ഞു ഒപ്പിച്ചു..

“”മ്മ് “”
എന്ന് വെറുതെ ഒന്ന് മൂളിയപ്പോൾ കേട്ടു എടാ നീ ഇനി ഇതും ഓർത്ത് വെറുതെയിരുന്ന് വിഷമിക്കരുത് എന്ന് പറയുന്നത്.. അതിന് ഒന്നും പറയാൻ തോന്നിയില്ല വേഗം ഫോൺ കട്ട് ചെയ്ത് അവിടെ ഇരുന്നു ഇന്ന് വെള്ളിയാഴ്ച ആയതുകൊണ്ട് ജോലി പോലും ഇല്ല..

കൂട്ടുകാരെല്ലാം കൂടി ഒരു ഔട്ടിങ്ങിന് പോയതാണ് ലീവ് അല്ലേ എന്ന് കരുതി വിളിച്ചതാണ് അവർ തന്നെയും പക്ഷേ പോകാൻ തോന്നിയില്ല അല്ലെങ്കിലും അങ്ങനെ ഒരു കാര്യത്തിന് പോകാനുള്ള മനസ്സല്ലല്ലോ ഇപ്പോ..

ഓർമ്മകൾ പുറകിലേക്ക് പോയി..
അച്ഛന് വയ്യാണ്ടായതിന് തുടർന്നാണ് പ്രാരാബ്ദം കൊണ്ട് ജോലിക്ക് പോകാൻ വേണ്ടി തുടങ്ങിയത്.. പിന്നെയും പഠിപ്പ് എന്ന് പറഞ്ഞിരുന്നാൽ വീട്ടിലെ അടുപ്പ് പുകയില്ല എന്ന് മനസ്സിലായി..

ബസ്സിലെ കണ്ടക്ടർ ആയിരുന്നു.. അങ്ങനെയാണ് അവളെ പരിചയപ്പെടുന്നത് രമ്യയെ.. എന്നും അവൾ ഈ ബസ് തന്നെ കാത്തുനിൽക്കാൻ തുടങ്ങി ഇതിൽ തന്നെ കയറാൻ തുടങ്ങി..

ആദ്യം ഒരു തമാശയായിരുന്നു പിന്നീടാണ് അത് സീരിയസ് ആയിട്ടുള്ള ഒരു റിലേഷൻ ആയി മാറുന്നത്… നല്ലൊരു വീട്ടിലെ പെൺകുട്ടിയായിരുന്നു അവൾ അതുകൊണ്ട് തന്നെ അവൾക്ക് നല്ലൊരു ബന്ധം കിട്ടും എന്നും എനിക്ക് ഉറപ്പായിരുന്നു.

പലപ്പോഴും ആ കാരണം കൊണ്ട് അവളെ ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് അപ്പോഴൊക്കെയും കൂടുതൽ ഇങ്ങോട്ട് വന്നത് അവളാണ്..

പിന്നീട് എനിക്കും അവളില്ലാതെ ഒരു ജീവിതമില്ല എന്ന് മനസ്സിലായപ്പോൾ ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു…

അവളുടെ വീട്ടിൽ വിവാഹാലോചനകൾ നടക്കുന്ന സമയമായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം അവളുടെ വീട്ടിൽ അറിഞ്ഞപ്പോൾ അവർ മറ്റേതോ ഒരാളുമായി അവളുടെ കല്യാണം ഉറപ്പിച്ചു അവൾ ഇറങ്ങി വരാം എന്ന് പറഞ്ഞു…

പക്ഷേ അതിനു സമ്മതിക്കാതെ അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ അവളെ കല്യാണം കഴിക്കൂ എന്നത് എന്റെ തീരുമാനമായിരുന്നു കാരണം എനിക്കും ഉണ്ടായിരുന്നു പെങ്ങന്മാർ അവർ ഈ അവസ്ഥയിൽ ഇറങ്ങി പോയാൽ എന്റെ അമ്മയ്ക്കും അച്ഛനും എത്രത്തോളം വിഷമം ഉണ്ടാകും എന്ന് വെറുതെ ചിന്തിച്ചു നോക്കി…

എന്തോ ഞങ്ങൾ തമ്മിലുള്ള ബന്ധവും വാശിയും എല്ലാം കണ്ടതുകൊണ്ടാണ് അവളുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത് അവളുടെ അച്ഛൻ തന്നെയാണ് ഒരു ബന്ധുവിനെ കൊണ്ട് എന്നെ ഗൾഫിലേക്ക് കൊണ്ടുപോയത്..
അവിടെ അത്യാവശ്യം നല്ലൊരു ജോലിയും വാങ്ങിത്തന്നത്…

തരക്കേടില്ലാതെ ഞങ്ങളുടെ ജീവിതം ഇങ്ങനെ മുന്നോട്ടു പോവുകയായിരുന്നു അതിനിടയിൽ ഞങ്ങൾക്ക് ഒരു മാലാഖ കുഞ്ഞും പിറന്നു..

ഇതിനിടയിലാണ് അവൾക്ക് കമ്പ്യൂട്ടർ പഠിക്കണം എന്ന് എന്നോട് പറഞ്ഞത്.. വെറുതെ വീട്ടിൽ ഇരിക്കുകയല്ലേ എന്ന് കരുതിയാണ് പറഞ്ഞയച്ചത്..

പിന്നീട് അറിഞ്ഞു അവിടുത്തെ സാറുമായി അവൾക്ക് എന്തോ ബന്ധമുണ്ട് എന്ന് ആദ്യം ഒന്നും ഞാനത് വിശ്വസിച്ചില്ല ഇത്രയും എന്നെ സ്നേഹിക്കുന്നവൾ എന്നെ കിട്ടാനായി വീട്ടുകാരോട് യുദ്ധം ചെയ്തവൾ..

എന്റെ കുഞ്ഞിന്റെ അമ്മ മറ്റൊരാളെ മനസ്സിൽ പോലും കരുതും എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു…

പറഞ്ഞവരോട് എല്ലാം ദേഷ്യപ്പെട്ട് സംസാരിച്ചതും അതുകൊണ്ടാണ് പിന്നീട് മെല്ലെ ഓരോരുത്തരും തെളിവുകൾ അടക്കം കൊണ്ട് തരാൻ തുടങ്ങി. എനിക്ക് അത് വിശ്വസിക്കേണ്ടിവന്നു. അതുകൊണ്ടാണ് അവളെ വിളിച്ച് ഞാൻ ദേഷ്യപ്പെട്ടത് ഇനിമുതൽ വീടിന് പുറത്തേക്ക് ഇറങ്ങരുത് എന്ന് പറഞ്ഞത്…

അതിനുശേഷം ആണ് അമ്മയുടെ മെസ്സേജ് വന്നത് അവളെ കാണാനില്ല എന്ന് പറഞ്ഞ് ആകെ കൂടി തലയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി അങ്ങനെയാണ് സുധിയെ വിളിച്ചത് അവരാണ് പറഞ്ഞത് അവൾ അയാളുടെ കൂടെ പോയി എന്ന്…

തകർന്നു പോയിരുന്നു ഞാൻ.. രണ്ടുദിവസം കൂടി കഴിഞ്ഞാൽ നാട്ടിലേക്ക് പോകേണ്ടവനാണ്..

എനിക്ക് എന്ത് വേണം എന്നൊരു രൂപവും ഇല്ലായിരുന്നു.. എന്തായാലും നാട്ടിലേക്ക് പോകുക തന്നെ എന്ന് തീരുമാനിച്ചു എനിക്കെന്റെ കുഞ്ഞിനെ എങ്കിലും വേണം. അവളുടെ വീട്ടിലേക്കാണ് എല്ലാ കാര്യങ്ങളും പറയാൻ…

“” അത്രയും സ്നേഹിച്ച ഞങ്ങളെ വിട്ട് നിന്റെ കൂടെ വരാൻ അവൾ താൽപര്യം കാട്ടിയെങ്കിൽ, ഇപ്പോൾ നിന്നെ വിട്ട് മറ്റൊരുത്തന്റെ കൂടെ പോകാനും അവൾക്ക് തോന്നിക്കാണും സ്വാഭാവികം.. “‘

എന്നായിരുന്നു അവർ പറഞ്ഞത്.. പിന്നെ അവളെ തന്നെ നേരിട്ട് കാണാൻ ചെന്നു. അവനും അവളും കൂടി ഒരു വാടക വീട്ടിലായിരുന്നു താമസം എന്റെ മോളെയും അവിടെ കണ്ടു..

എന്നെ കണ്ടതും മോള് അച്ഛാ എന്ന് വിളിച്ചു ഓടി വന്നു ഞാൻ അവളെ എടുത്ത് കെട്ടിപ്പിടിച്ചു..

അവളോട് എനിക്കൊന്നും പറയാനില്ലായിരുന്നു.. എന്റെ സ്നേഹവും എന്റെ അഭിമാനവും എല്ലാം പുല്ലുവിലയിട്ട് പോന്നവരോട് ഇനിയെന്ത് സംസാരിക്കാൻ…

പക്ഷേ എന്റെ പൊന്നുമോൾ അവളെ ഞാൻ കൊണ്ടുപോകും എന്നു പറഞ്ഞു ബഹളം വെച്ചപ്പോൾ അവൾ സമ്മതിച്ചിരുന്നു അവളെയുമായി ഞാൻ എന്റെ വീട്ടിലേക്ക് പോയി എല്ലാവരും പറഞ്ഞത് പ്രകാരം പോലീസിൽ ഒരു പരാതി കൊടുത്തു. ഭാര്യയെ കാണാനില്ല എന്ന് പറഞ്ഞു അവർ അവളെയും അവനെയും പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.

അവിടെ നിന്നും അവൾ എന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു അവൾക്ക് അവളുടെ കാമുകന്റെ കൂടെ പോകാനാണ് ഇഷ്ടം എന്ന്..

പോലീസുകാരാണ് അവളെ അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചത് എന്നിട്ട് രണ്ടുപേരുംകൂടി ഡിവോഴ്സിനു അപ്ലൈ ചെയ്യാൻ കിട്ടിയതിനുശേഷം ലീഗല്ലി കാമുകന്റെ കൂടെ താമസം ആക്കിക്കോളൂ എന്ന്…

അവിടെനിന്ന് അതെല്ലാം സംസാരിച്ച് സമ്മതിച്ച് ഇറങ്ങി പക്ഷേ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൾ അവന്റെ കൂടെ പോയി…

പിന്നെ എല്ലാവർക്കും പരിഹാസമായിരുന്നു ഞാൻ പോരാത്തവനായിരുന്നു എല്ലാവരുടെയും മുന്നിൽ..

അവളുടെ കാര്യങ്ങൾ എത്രത്തോളം ഞാൻ സാധിപ്പിച്ചു കൊടുത്തിട്ടുണ്ട് എന്ന് എനിക്ക് അറിയാമായിരുന്നു.. എന്റെ അമ്മയെയും അച്ഛനെയും വിട്ടുപോരാൻ പോലും എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല എന്നിട്ടും ഞാൻ ഈ അന്യ നാട്ടിൽ കിടന്ന് കഷ്ടപ്പെട്ടത് അവൾക്ക് വേണ്ടിയായിരുന്നു..

ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ എല്ലാം പഴങ്കഥകൾ ആയതാണല്ലോ..
അവളെ തന്നെ വിശ്വസിച്ചിരുന്ന ഞാൻ ഒരു മണ്ടൻ എന്നല്ലാതെ എന്തു പറയാൻ..

പക്ഷേ കൂടുതൽ ഒരു മണ്ടനായി നിൽക്കാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല അതുകൊണ്ടാണ് പെട്ടന്ന് തന്നെ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചത്…

എനിക്ക് അതൊരു വാശിയായിരുന്നു എങ്കിൽപോലും എന്റെ മോളുടെ കാര്യം കൂടി ഞാൻ ശ്രദ്ധിച്ചിരുന്നു അവളെ കൂടി നോക്കാൻ കഴിയുന്ന ഒരാൾ വേണമെന്ന്..

അങ്ങനെയാണ് അവളെ കാണുന്നത് പരിചയപ്പെടുന്നത്.. അതും ഒരു ബ്രോക്കർ വഴി..

സുധ”” അതായിരുന്നു അവളുടെ പേര്.. ഒരു വിവാഹത്തിലേക്ക് സന്തോഷപൂർവ്വം കാലെടുത്തു വെച്ചവൾ…

വർഷങ്ങൾ ഏറെ കാത്തിരുന്നും കുഞ്ഞുങ്ങൾ ഉണ്ടാകാതെ ആയപ്പോൾ അവർ ഡോക്ടറെ കാണാൻ വേണ്ടി പോയി.. അവൾക്കാണ് കുഴപ്പം എന്നറിഞ്ഞതും ഭർത്താവ് നിഷ്കരണം അവളെ ഉപേക്ഷിച്ച് വീട്ടിൽ കൊണ്ടാക്കി…

പാവം ആകെ തകർന്നു പോയിരുന്നു..
ആ വീട്ടിൽ ഒരു വേലക്കാരിയെ പോലെ.. ആങ്ങളമാരുടെ ഭാര്യമാരുടെ അടിമയെ പോലെ….

കഴിഞ്ഞ കൂടുന്നത് കണ്ടിട്ട് അവളുടെ അച്ഛനും അമ്മയ്ക്കും സഹിക്കാനാണ് ഒരു വിവാഹാലോചന എങ്ങനെയെങ്കിലും കൊണ്ടുവരാൻ ബ്രോക്കറോട് പറഞ്ഞത് അങ്ങനെയാണ് അവളെപ്പറ്റി ഞാൻ അറിയുന്നത്..

എനിക്ക് കൂടുതലൊന്നും ചിന്തിക്കാൻ ഇല്ലായിരുന്നു എന്റെ കുഞ്ഞിനെ അവൾ പൊന്നുപോലെ നോക്കും എന്ന് എന്റെ മനസ്സ് പറഞ്ഞു… അവൾ എന്റെ ജീവിതസഖിയായി എന്റെ മോളുടെ അമ്മയും…

ജീവിതം നല്ല രീതിയിൽ തന്നെ ഞങ്ങളുടേത് മുന്നോട്ടു പോകാൻ തുടങ്ങി..

ഇതിനിടയിൽ കേട്ടിരുന്നു രമ്യ യും അയാളും തമ്മിൽ തെറ്റി എന്ന്… അവൾ ഇപ്പോൾ സ്വന്തം വീട്ടിൽ ആണ് എന്ന്.. അവൾ ഒരുതവണ ആത്മഹത്യയ്ക്കും ശ്രമിച്ചത്രെ…

എന്തോ കൂടുതൽ അങ്ങനത്തെ വാർത്തകൾക്ക് ചെവി കൊടുക്കാൻ പോയില്ല…

കാരണം ഇപ്പോൾ എനിക്ക് ഒരു കുടുംബമുണ്ട് ഒരു മോളുണ്ട് സ്നേഹനിധിയായ ഒരു ഭാര്യയുണ്ട് അത് മതി…

Leave a Reply

Your email address will not be published. Required fields are marked *