പണിയെടുത്ത് വയ്യാതെ വരുന്ന എന്നെ നിറഞ്ഞ മിഴിയോടെ ഉമ്മ നോക്കും എന്റെ തലയിൽ തഴുകും എന്നിട്ട് പറയും നിനക്കും വരും ഒരു നല്ല നാള് എന്ന്.. എന്തൊക്കെ ചെയ്താലും മാമയുടെ

(രചന: J. K)

“””ഷാഹുലേ ന്റെ നസീമേടെ നിക്കാഹാ… അനക്ക് അറീലെ മാമാടെ കയ്യിൽ ഒന്നും ഇല്ലാന്ന്… ജ്ജ് വേണം ആങ്ങളടെ സ്ഥാനത്ത് വന്നു നടത്തി കൊടുക്കാൻ….””””

ഇത്രയും പറഞ്ഞ് ഉമ്മറത്തിണ്ണയിൽ ഇരിക്കുന്ന,
മാമയെ വെറുതെ ഒന്ന് നോക്കി ഷാഹുൽ…

“”മാമാക്ക് കുടിക്കാൻ????”

“””ആയിക്കോട്ടെ!!! “”” എന്ന് പറഞ്ഞപ്പോൾ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു,

“””റഹീനാ “””

എന്ന്…. കയ്യിൽ രണ്ടു ഗ്ലാസ് ജ്യൂസുമായി അവൾ അപ്പോഴേക്ക് ഉമ്മറത്ത് എത്തിയിരുന്നു…..

അവൾ കയ്യിലിരുന്ന് ജ്യൂസ് മാമാക്കി നേരെ നീട്ടി അയാൾ അവളെ ഒന്ന് നോക്കി കടുത്ത മുഖത്താൽ ജ്യൂസ് എടുത്തു.. അപ്പോഴേക്കും ഷാഹുലിന്റെ ഫോൺ അടിച്ചു അയാൾ ആ ഫോണും എടുത്ത് അപ്പുറത്തേക്ക് മാറിനിന്നു…

മാമാ അപ്പോൾ പിറുപിറുക്കുന്നത് റഹീന കേട്ടു….

“”””ഓരോ യത്തീം പെണ്ണുങ്ങളുടെ ഭാഗ്യം എന്ന്..””

അത് കേട്ടപ്പോൾ എന്തോ അവർക്ക് ചങ്ക് പൊട്ടുന്നത് പോലെ തോന്നി വേഗം അകത്തേക്ക് പോയി നിറഞ്ഞ മിഴികൾ തുടച്ചു, അടുക്കളയിലെ സിംഗിൽ കിടന്നിരുന്ന പാത്രങ്ങൾ കഴുകാൻ തുടങ്ങി…

“”മാമ പോയി “””

എന്നും പറഞ്ഞ് അവർ കുടിച്ച ജ്യൂസിന്റെ ഗ്ലാസുമായി ഷാഹുൽ അടുക്കളയിലേക്ക് എത്തി….. അപ്പോഴും മിഴികൾ തോർന്നിരുന്നില്ല വേഗം അവൻ കാണാതെ അത് തുടച്ചുമാറ്റി മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്ത് അവിടെ നിന്നു…..

“”ന്തേ ന്റെ പെണ്ണിന്റെ മുഖം വാടിയെ?? മാമാ എന്തേ പറഞ്ഞ്????””

എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല റഹീന…

“”””ഇങ്ങക്ക്, ന്നേ കെട്ടിയത് ഇപ്പോ വേണ്ടേരുന്നു ന്ന് തോന്നുണ്ടോ??”””

“””ഒഹ് അപ്പ മാമാ ഇന്നും കൊള്ളിച്ചു പറഞ്ഞല്ലേ???”” അതു പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ചുവന്നിരുന്നു…

“”” ഞാൻ പറഞ്ഞതൊക്കെ നീ മറന്നോ പെണ്ണെ… ഇയ്യല്ലാണ്ട് ആരും ഇല്ല എനിക്ക് ന്ന് “”””

അത് പറഞ്ഞപ്പോൾ അവൾ സങ്കടം കൊണ്ട് എന്നെ നെഞ്ചിലേക്ക് വീണു…. നേർത്തൊരു തേങ്ങൽ ആ ചങ്കിൽ നിന്നും പൊട്ടിപ്പോയിരുന്നു…

അവളെ ചേർത്തുപിടിച്ചൊന്ന് ആശ്വസിപ്പിച്ചു…

പാവം പെണ്ണ്… ഞാനല്ലാതെ അവൾക്ക് ഈ ലോകത്ത് ആരും തന്നെ ഇല്ല…

കുറച്ചുകാലം വരെ എനിക്കും ആരും ഉണ്ടായിരുന്നില്ല.. ഇപ്പോൾ ഈ വരുന്നവരൊക്കെ ഉണ്ടാക്കിയ പൈസ കണ്ട് വരുന്നവരാണ്… ഒരുകാലത്ത് തന്നെ ആട്ടി അകറ്റിയവർ…..

ഓർമ്മകൾ പുറകിലേക്ക് പോയി….

വളരെ ചെറുപ്പത്തിൽ തന്നെ വിധവയായവളാണ് തന്റെ ഉമ്മ അതുകൊണ്ടുതന്നെ താൻ വളർന്നത് മാമയുടെ വീട്ടിൽ ആയിരുന്നു….

ഉപ്പാക്ക് കുറച്ചു സ്വത്തും ഒരു കുഞ്ഞു വീടും ഉണ്ടായിരുന്നു ടൗണിൽ തന്നെ… അവിടെ അല്ലലില്ലാതെ ഞങ്ങൾ കഴിഞ്ഞു.. ഉപ്പ മരിച്ചു.. ഉപ്പയുടെ തണലിൽ മാത്രം ജീവിച്ച ഉമ്മാക്ക് ഇനി എന്ത് വേണം എന്ന് അറിയില്ലായിരുന്നു…

അതുകൊണ്ടുതന്നെ മാമ ഉപ്പയുടെ മരണശേഷം അവിടെ നിന്ന് ഞങ്ങളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി….

അവിടെ നിന്ന് ഉമ്മയെ സോപ്പിട്ട് പറഞ്ഞു എന്റെ മൂത്ത മോള് സുലേഖ നിന്റെ മോൻ ഷാഹുലിനെ ഉള്ളത് ആണ് എന്ന്…..

പാവം ഉമ്മ എല്ലാം വിശ്വസിച്ചു അല്ലെങ്കിലും സ്വന്തം ആങ്ങളയെ വളരെയധികം സ്നേഹിച്ചിരുന്നു അയാൾക്ക് നല്ല പരിഗണനയും നൽകിയിരുന്നു അവർ… അത് മുതലെടുക്കുകയായിരുന്നു അയാൾ…

ടൗണിൽ തന്നെയുള്ള ആ വീടും പറമ്പും അയാൾ സോപ്പിട്ട് ഉമ്മയുടെ കയ്യിൽ നിന്ന് വാങ്ങി….അതിനുവേണ്ടി കുറെ കള്ളങ്ങൾ പറഞ്ഞു…

ഉപ്പയുടെ സഹോദരങ്ങൾ ഉപദേശിച്ചിരുന്നു ഉമ്മയെ ഒരിക്കലും അത് അയാൾക്ക് കൊടുക്കരുത് എന്ന് പക്ഷേ മാമയുടെ നിർബന്ധം കൊണ്ട് ഉമ്മ നിസ്സഹായയായി എന്ത് ചെയ്യണം എന്ന് അറിയാതെ… ഒടുവിൽ നിർബന്ധം സഹിക്കാൻ കഴിയാണ്ട് എഴുതിക്കൊടുത്തു…

അതോടെ മാമാടെ ഭാവവും മാറി….ഉമ്മ അവിടുത്തെ വേലക്കാരിയായി…. മാമയുടെ ഭാര്യയും ഒട്ടും മോശമല്ല ആയിരുന്നു ക്രമേണ എന്നെയും ഉമ്മയെയും അവിടുത്തെ വെറും വേലക്കാരാക്കി മാറ്റി അവർ….

എന്തു പറയുമ്പോഴും ഉമ്മ പറഞ്ഞരുമായിരുന്നു സുലൈഖ അന്റെ ആണ്… ഓളും ആയുള്ള കല്യാണം കഴിയുമ്പോൾ എല്ലാം ശരിയാകും എന്ന്…. അങ്ങനെ ചെറുപ്പം മുതലേ അവൾ ഒരു മോഹമായി ഉള്ളിൽ ഉണ്ടായിരുന്നു….

മൂന്ന് പെൺമക്കളായിരുന്നു മാമാക്ക് മൂത്തത് സുലൈഖ രണ്ടാമത്തേത് ഷാഹിന, ഒടുവിൽ നസീമയും…

മാമാക്ക് ഒരു ചായ കടയായിരുന്നു അവിടുത്തെ ജോലിയും വീട്ടിലെ ജോലിയും എല്ലാം കഴിഞ്ഞ് എനിക്ക് പഠിക്കാൻ പോയിട്ട് സ്കൂളിൽ പോവാൻ തന്നെ സമയം കിട്ടുന്നുണ്ടായിരുന്നില്ല..

അതുകൊണ്ടുതന്നെയാണ് എസ്എസ്എൽസി എഴുതിയിട്ടും ജയിക്കാതിരുന്നത് അല്ലെങ്കിൽ തന്നെ എന്നെ വീണ്ടും പഠിപ്പിക്കില്ല എന്ന കാര്യത്തിൽ യാതൊരു തർക്കവും ഇല്ലായിരുന്നു…

പണിയെടുത്ത് വയ്യാതെ വരുന്ന എന്നെ നിറഞ്ഞ മിഴിയോടെ ഉമ്മ നോക്കും എന്റെ തലയിൽ തഴുകും എന്നിട്ട് പറയും നിനക്കും വരും ഒരു നല്ല നാള് എന്ന്..

എന്തൊക്കെ ചെയ്താലും മാമയുടെ വായിൽ നിന്ന് ഒരു നല്ല വാക്ക് പോലും കേൾക്കില്ലായിരുന്നു എന്നും കുറ്റം പറച്ചിലും ആട്ടും തുപ്പും മാത്രം…

ഇതിനിടയിൽ ഒരേയൊരു ആശ്വാസം അവളാണ് സുലൈഖ അവൾക്കും എന്നെ ഇഷ്ടമായിരുന്നു…

മാമാടെ കടയിലെ ജോലി കഴിഞ്ഞാൽ അലറ ചില്ലറ പണികളൊക്കെ പുറത്ത് ചെയ്തുകൊടുക്കും അങ്ങനെ കിട്ടുന്ന കാശു കൊണ്ടാണ് അവൾക്ക് കുപ്പിവളയും, മൈലാഞ്ചി ട്യൂബ് എല്ലാം വാങ്ങി കൊടുത്തിരുന്നത്..

അവൾ സ്വാതന്ത്ര്യത്തോടെ അവൾക്ക് വേണ്ടതൊക്കെ എന്നോട് പറയുമായിരുന്നു….

പക്ഷേ അവൾക്ക് ഉപ്പയുടെ അതേ സ്വഭാവമാണെന്ന് മനസ്സിലായത് ഒരു നല്ല വിവാഹാലോചന വന്നപ്പോഴായിരുന്നു..

അതുവരെ ശാഹുലിന്റെ പെണ്ണ്, എന്ന് പറഞ്ഞവൾ വേറെ നല്ല ഒരു വിവാഹാലോചന വന്നപ്പോൾ എന്റെ സഹോദരിയായി മാറി….

അന്ന് വീണതാണ് ഉമ്മ.. പിന്നെ കണ്ടത് ആ മയ്യത്ത് ആണ്… പിന്നവിടെ നിക്കാൻ തോന്നിയില്ല…

പണ്ട് കൂടെ പഠിച്ച കൂട്ടുകാരന്റെ ഉപ്പ ഗൾഫിൽ കൊണ്ട് പോയി… അവനെ ഒരു ആക്‌സിഡന്റിൽ നഷ്ടപ്പെട്ടിരുന്നു ആ ഉപ്പാക്ക്.. ആ സ്ഥാനത്ത് എന്നെ കണ്ടു…. അവരുടെ കൂടെ പോയി…
അധ്വാനിച്ചു… കഠിനധ്വാനം കൊണ്ട് പണം സമ്പാദിച്ചു…

തിരിച്ചു നാട്ടിൽ വന്നപ്പോൾ ആദ്യം ചെയ്തത് ഉപ്പയുടെ ആ ഒരു സ്ഥലവും വീടും തിരിച്ചു വാങ്ങുക എന്നതായിരുന്നു…

അവിടെ ഒരു നല്ല വീട് അതായിരുന്നു സ്വപ്നം.. എല്ലാം വിശ്വസ്ഥനായ ഒരു ചങ്ങാതിയെ ഏൽപിച്ചു…

വീണ്ടും പറന്നു… എന്റെ മോഹം പോലെ വലിയൊരു വീട്.. പണിഞ്ഞു..

എന്നെ കൊണ്ടോയ, കൂട്ടുകാരന്റെ ഉപ്പയും മരിച്ചു.. എന്റെ ഉപ്പ ആയി തന്നെയാണ് ഞാൻ ആ വലിയ മനുഷ്യനെ കണ്ടത്… എല്ലാം ദാനം ചെയ്തു ഒടുവിൽ അയാൾക്കായി ഒന്നും ഉണ്ടാക്കാതെ ആ മനുഷ്യൻ പോയി…

നാട്ടിൽ പാവം ഒരു മോൾ മാത്രം.. ഭാര്യയും നേരത്തെ മരിച്ചിരുന്നു.. മകന്റെ വിയോഗത്തിൽ മനം നൊന്തു…. മകൾ മാത്രം ഒറ്റക്കായി….

ആ മനുഷ്യന്റെ ചലനമറ്റ ശരീരത്തോടൊപ്പം ഞാനും പോയി… എന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്…

എല്ലാം കഴിഞ്ഞു… ആ മകൾ മാത്രം ബാക്കി ആയി… അപ്പഴേക്കും മാമ എത്തി… എനിക്ക് വേണ്ടി ഷാഹിനയെ ആലോചിക്കാൻ.. സുലൈഖയുടെ അനിയത്തി….

പെങ്ങളായി കണ്ടോളെ….

, പണ്ട് പെണ്ണായി കണ്ടോളെ അകറ്റിയതാ പണം ഇല്ലത്തെന്റെ പേരിൽ…

ഇപ്പോ…!!!

എനിക്ക് പറ്റില്ല എന്ന് തന്നെ പറഞ്ഞു…

വാശിയുടെ പേരിലില്ല കടമയുടെ പേരിലും അല്ല , ആ മനുഷ്യന്റെ മോളെ ഏറ്റെടുത്തത് കൂടെ കൂട്ടിയത്.. ഇഷ്ടം ഉണ്ടായിട്ട് തന്നെയാണ്…

ആ ഉപ്പ മകളെ വിളിക്കുമ്പോൾ ഇതുവരെയും സ്വന്തം കാര്യം അവൾ പറഞ്ഞു കേട്ടിട്ടില്ല..
അന്നേ ആരാധനയായിരുന്നു….

ഇതിലും നല്ലൊരു പെണ്ണിനെ വേറെ എവിടുന്ന് കിട്ടും… മാമയോട് ഇനി ഈ പടി കേറരുത് എന്ന് പറയാൻ പോയ എന്നെ തടഞ്ഞതും അവളാ…

എന്നെ കൊണ്ട്, സ്വർണവും വേടിച്ചു കൊടുപ്പിച്ചു…

“””അനക്ക് ഓരോട് ഒട്ടും ദേഷ്യല്ല്യേ രഹി???””
എന്ന് ചോദിച്ചപ്പോ,

മ് ച്ചും “”” എന്ന് കുഞ്ഞുങ്ങളെ പോലെ ചുമൽ കൂച്ചി എന്റെ പെണ്ണ്…

“”ആ ഉപ്പാന്റെ മോളല്ലേ.. എന്ന് ഓർത്തു ഞാൻ…
അവളെ ഈ നെഞ്ചോരം ചേർത്തു…
എനിക്ക് കിട്ടാവുന്ന ഏറ്റവും നല്ല നിധിയാണ് എന്ന ബോധ്യത്തിൽ….

Leave a Reply

Your email address will not be published. Required fields are marked *