(രചന: J. K)
വിവാഹത്തിന്റെ വിരുന്നെല്ലാം കഴിഞ്ഞു മുറിയിലേക്ക് കയറിയപ്പോഴേക്കും നേരം ഏറെ വൈകിയിട്ടുണ്ടായിരുന്നു..
അരുണേട്ടൻ മുറിയിലേക്ക് വന്നതും കട്ടിലിന്റെ ഓരത്തിരുന്ന ഞാൻ എണീറ്റു നിന്നു…
“”” അമ്മയ്ക്ക് ഒരേ നിർബന്ധം എല്ലാ ഗിഫ്റ്റ് എൻവലപ്പും ഇപ്പോ തന്നെ തുറന്നു നോക്കണം എന്ന്… അതാ ഇത്തിരി വൈകിയത്… “””
എന്നോടായി അരുണേട്ടൻ പറഞ്ഞു ചിരിയോടെ ഞാൻ തലയാട്ടി. അദ്ദേഹം എന്റെ അടുത്തേക്ക് വന്നു..
അച്ഛന്റെ മരണശേഷം ഞങ്ങളും മൂന്ന് ആൺകുട്ടികളെയും അമ്മ ഏറെ കഷ്ടപ്പെട്ട് ആണ് വളർത്തിയത്…
ഞാൻ മൂത്തവൻ ആയതുകൊണ്ട് എന്നെ അമ്മ വല്ലാതെ സ്നേഹിക്കുന്നുണ്ട്… അമ്മ എന്തെങ്കിലും പറഞ്ഞാൽ പിന്നെ ഞങ്ങളാരും എതിര് നിൽക്കാറില്ല…
ഒരു ന്യായീകരണം പോലെ അരുണേട്ടൻ പറഞ്ഞു ഞാൻ എല്ലാം തലകുലുക്കി കേട്ടു പെട്ടെന്നാണ് വാതിലിൽ ഒരു മുട്ട് കേട്ടത് അരുണേട്ടൻ ഇപ്പോൾ വരാം എന്ന് പറഞ്ഞ് വാതിൽ തുറന്നു അമ്മ വാതിലിന് അപ്പുറം നിൽക്കുന്നുണ്ടായിരുന്നു….
എന്തോ കാര്യം പറയാനുണ്ട് എന്നും പറഞ്ഞ് അരുണേട്ടനെയും വിളിച്ച് അമ്മ അപ്പുറത്തേക്ക് പോയി… പോയ ആൾ ആയിരുന്നില്ല തിരിച്ചുവന്നത് മുഖമൊക്കെ വലിഞ്ഞുമുറുകി…
എനിക്കെന്തോ കണ്ടപ്പോൾ തന്നെ പേടി തോന്നി.. എന്നോട് നീ കിടന്നോ എന്നും പറഞ്ഞു, പുറത്തേക്ക് പോയി…
അങ്ങനെയൊന്ന് ഞാൻ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല എന്താണ് ഇവിടെ നടക്കുന്നത് എന്നൊന്നും മനസ്സിലാവാതെ ഞാൻ അവിടെ തന്നെ ഇരുന്നു…
ആദ്യരാത്രി അങ്ങനെ മുറിയിൽ ഒറ്റയ്ക്ക് ഇരുന്ന് ഞാൻ കഴിച്ചുകൂട്ടി..
പിറ്റേദിവസം എന്റെ വീട്ടിൽ വിരുന്ന് ആയിരുന്നു പോകുമ്പോൾ തന്നെ അമ്മ പറഞ്ഞു ഏൽപ്പിച്ചിരുന്നു എന്നേ സ്ത്രീധന തുകയുടെ ബാക്കിയും കൊണ്ട് മാത്രേ ഇനി ഇങ്ങോട്ട് വരാവൂ എന്ന് അന്തസ്സുള്ള കുടുംബക്കാർ ആണെങ്കിൽ പറഞ്ഞ വാക്ക് പാലിക്കും എന്ന്…
അത് കേട്ട് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു അമ്മയൊഴികെ അരുണേട്ടന്റെ വീട്ടുകാരെല്ലാം വിരുന്നിനു വന്നിരുന്നു…
എന്നോട് സ്ത്രീധനത്തിന്റെ ബാക്കി കൊണ്ടുവരാൻ പറഞ്ഞു ഏൽപ്പിച്ചിരുന്നത് ഉള്ളിൽ കിടന്നു പൊള്ളി അവിടെയെത്തി അച്ഛനോട് അത് പറയാൻ നോക്കിയപ്പോഴാണ്
അവിടെയുള്ളവർക്ക് തന്നെ പണം കൊടുക്കാൻ കഴിയാതെ എന്തുവേണമെന്ന് അറിയാതെ വിഷമിച്ചിരിക്കുന്നത് കണ്ടത്…
അച്ഛനോട് പിന്നെ ഒന്നും പറയാൻ തോന്നിയില്ല തിരികെ അരുണേട്ടന്റെ വീട്ടിലേക്ക് ചെന്നപ്പോൾ അമ്മ അവിടെത്തന്നെ കാത്തുനിൽപ്പ് ഉണ്ടായിരുന്നു ബാക്കി പണവും ചോദിച്ചുകൊണ്ട്
പക്ഷേ ഞാൻ അവരുടെ മുന്നിൽ കൈ മലർത്തി അച്ഛനോട് എനിക്ക് ചോദിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞു അതോടെ അവരുടെ ഭാവം ആകെ മാറി…
“”””ഗവൺമെന്റ് ജോലിക്കാരനായ എന്റെ മോന് ഇനിയും നല്ല പെണ്ണുങ്ങളെ കിട്ടുമെടി നിന്റെ വീട്ടിൽ നിന്ന് ധർമ്മ കല്യാണം ഒന്നും കഴിക്കേണ്ട ആവശ്യം അവനില്ല…
കുറച്ച് ദിവസം കൂടി ഞാൻ സമയം തീരും. അതിനുള്ളിലും നിന്റെ വീട്ടിൽ നിന്ന് സ്ത്രീധന കൊണ്ടുവന്നില്ലെങ്കിൽ അവന്റെ കൂടെ കിടക്കാം എന്ന് നീ കരുതണ്ട!!! “”””
അമ്മ അങ്ങനെ പറഞ്ഞപ്പോഴാണ് ഇന്നലെ രാത്രി അരുണേട്ടൻ മുറിയിൽ നിന്നു പോയതിന്റെ അർത്ഥം എനിക്ക് മനസ്സിലായത്…
സ്വന്തം ഭാര്യയോട് ഒന്നിച്ച് ഒരു മുറിയിൽ കഴിയാൻ പോലും അമ്മയുടെ അനുവാദത്തിന് കാത്തുനിൽക്കുന്ന അയാളോട് അപ്പോൾ തീർന്നിരുന്നു എനിക്ക് എല്ലാ സ്നേഹവും…
പക്ഷേ ആ പറഞ്ഞത് എനിക്ക് അയാളിൽ നിന്ന് തന്നെ നേരിട്ട് അറിയണമായിരുന്നു അതുകൊണ്ടുതന്നെ ഞാൻ അദ്ദേഹത്തോട് മുറിയിൽ വച്ച് ചോദിച്ചു,
ഇന്നലെ ഇറങ്ങിപ്പോയത് അമ്മ പറഞ്ഞിട്ടാണോ സ്ത്രീധനം മുഴുവൻ കിട്ടാത്തത് കൊണ്ടാണോ എന്ന്…
“””മായേ… ഞാൻ ആദ്യമേ പറഞ്ഞല്ലോ അമ്മയെ വിഷമിപ്പിക്കാൻ എനിക്ക് വയ്യ എന്ന് അമ്മ പറഞ്ഞതിനെതിരായി ഞാൻ എന്ത് തീരുമാനം എടുത്താലും അത് അമ്മയ്ക്ക് വിഷമമാവും അതുകൊണ്ട് അമ്മയെ എനിക്ക് വിഷമിപ്പിക്കാൻ ആവില്ല..””””
“””” ഈ താലി എന്റെ കഴുത്തിൽ കെട്ടിയതിനു ശേഷം എന്നോട് അരുണേട്ടന് ഒരു കടമയും ഇല്ലേ??? “”
ഇന്ന് ചോദിച്ചപ്പോൾ കേട്ട മറുപടി,
“” അതിപ്പോ നിങ്ങളോട് ആദ്യം തന്നെ സ്ത്രീധനത്തിന്റെ കാര്യം സംസാരിച്ചിരുന്നല്ലോ എല്ലാം സമ്മതിച്ചിട്ടാണല്ലോ ഈ വിവാഹം നടന്നത് പിന്നെ അത് തരേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം അല്ലേ? അമ്മ അതില് ഒരു തെറ്റുകാരി അല്ല എന്നതായിരുന്നു….
എന്തോ സ്ത്രീധനത്തെ പറ്റി ഒന്നും എന്നോട് പറഞ്ഞിട്ടില്ലായിരുന്നു എല്ലാം ഇവിടെ വന്നതിനുശേഷം ആണ് ഞാൻ അറിഞ്ഞത്…
ഒരുപക്ഷേ മകൾക്ക് നല്ല വിവാഹാലോചന വന്നപ്പോൾ അച്ഛൻ സമ്മതിച്ചത് ആവാം ഗവൺമെന്റ് ജോലിക്കാർക്ക് വിവാഹ കമ്പോളത്തിൽ നല്ല മാർക്കറ്റ് ആണല്ലോ…
“”””അപ്പോൾ അമ്മയുടെ തീരുമാനം തന്നെയാണോ അരുണേട്ടന്റെ തീരുമാനം എന്ന് ചോദിച്ചു..
“””” അത് ഒരു കുഞ്ഞൊക്കെ ആയിക്കഴിഞ്ഞാൽ പിന്നെ നീന്റെ വീട്ടുകാർ പീഡനം എന്നതൊക്കെ മറക്കും എന്നാണ് അമ്മ പറയുന്നത്…. അതുകൊണ്ട് അത് മുഴുവൻ കിട്ടിയാൽ നമുക്ക് ഒരു ജീവിതം തുടങ്ങാൻ കഴിയു… നീ അഡ്ജസ്റ്റ് ചെയ്യണം …. “””
നട്ടെല്ലില്ലാത്ത അയാളോട് ആ നേരം എനിക്ക് തോന്നിയത് വെറുപ്പായിരുന്നു…
സ്ത്രീധന തുക അച്ഛൻ ഒരുപക്ഷേ എവിടെ നിന്നില്ലെങ്കിലും ഒപ്പിച്ചു തരുമായിരിക്കും പക്ഷേ എന്നാലും പിന്നെ ഞാൻ കഴിയേണ്ടത് ഇയാളുടെ കൂടെയല്ലേ….
യാത്ര പറയാൻ നിന്നില്ല എനിക്ക് എടുക്കാൻ ഉള്ളതെല്ലാം എടുത്ത് അവിടെ നിന്നും ഇറങ്ങി..
വീട്ടിലേക്ക് എത്തിയപ്പോൾ അവിടെയും കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ടായിരുന്നു…
നല്ലൊരു ഗവൺമെന്റ് ജോലിക്കാരനെ കല്യാണം കഴിച്ചിട്ട് അവിടെ അഡ്ജസ്റ്റ് ചെയ്ത് നിൽക്കാതെ ഇറങ്ങി പോന്നതിന്….
അച്ഛനോടും അമ്മയോടും മാത്രമേ എനിക്ക് പറഞ്ഞ് മനസ്സിലാക്കാൻ ഉണ്ടായിരുന്നുള്ളൂ അവർ മാത്രം എന്നെ മനസ്സിലാക്കിയാൽ മതി…
ഇനി എനിക്ക് അങ്ങോട്ട് പോകാൻ കഴിയില്ല എന്നും… എന്നെങ്കിലും ഒരു ദിവസം ചായകുടിക്കാൻ വന്ന് അതിന്റെ മധുരവും കടുപ്പവും പറയുന്നതുപോലെ ഒരു പെണ്ണിനെ നോക്കി അവളെ ഇഷ്ടമായി എന്ന് പറയുമ്പോൾ
കഴിച്ചു കൊടുക്കാൻ ഉള്ളതല്ല കല്യാണം എന്ന് അവരോട് യാചന പോലെ ഞാൻ പറഞ്ഞു കൊടുത്തു…
അവർ എന്റെ ഭാഗം നിൽക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.. എന്തെങ്കിലും ജോലി കണ്ടുപിടിച്ച സ്വന്തം കാലിൽ നിൽക്കാനാണ് ഇനിയുള്ള ശ്രമം…
എത്ര തന്നെ എന്ന് വിളിച്ചാലും അയാളോട് ഒന്നിച്ചുള്ള ജീവിതം ഇനി സാധ്യമാവില്ല…
സ്വന്തം ആത്മാഭിമാനം പണയം വെച്ച് അവിടെ നിൽക്കുന്നതിനേക്കാൾ നല്ലത് വല്ല കൂലിപ്പണിക്കും പോയി സ്വന്തം വീട്ടിൽ രാജകുമാരിയായി കഴിയുന്നതാണ്…
താഴെ ഉള്ള കുട്ടികളുടെ ഭാവിയോർത്ത് ഒരുപക്ഷേ എനിക്ക് അവിടെ തന്നെ കടിച്ചുപിടിച്ചു നിൽക്കാം.. അതും മരിച്ചു ജീവിക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസം…
അച്ഛനെയും അമ്മയുടെയും കണ്ണടയുന്നതിന് മുമ്പ് കുട്ടികളെ സുരക്ഷിതരാക്കാൻ വിവാഹമല്ല മാർഗ്ഗം അവർക്ക് നല്ല വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്തും നേടിക്കൊടുക്കലാണ് എന്ന്… എന്റെ അച്ഛനമ്മമാരോട് ഞാൻ പറയാതെ പറഞ്ഞിരുന്നു…
ഒപ്പം താഴെയുള്ളവർ എങ്കിലും നന്നായി പഠിച്ച് അവരുടെ കാലിൽ നിന്നതിനു ശേഷം അവർക്ക് ഇഷ്ടപ്പെട്ട ഒരു വിവാഹം നടത്തി കൊടുക്കണം എന്ന് അഭ്യർത്ഥനയും….