അവള് അവിടെ നിന്ന് ഇങ്ങോട്ട് പോന്നതിന്റെ കാരണം എന്തായിരിക്കും? അവൾക്ക് ഒരു താങ്ങായി ഞാനും അമ്മയും ഉണ്ടാകും എന്ന വിശ്വാസമല്ലേ??

(രചന: Jk)

“”” നിനക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ അമ്മു!!! ഇപ്പോൾ ദേ നിന്റെ ചേട്ടന്റെ കല്യാണവും കഴിഞ്ഞു. ഇനിയും നീ ഒരു കാരണവും പറഞ്ഞു ഇവിടെ തന്നെ നിന്നിട്ടുണ്ടെങ്കിൽ അത് അവനാണ് മോശം!!

സ്വന്തം പെങ്ങൾ ഭർത്താവിന്റെ വീട്ടിൽ നിന്ന് പിണങ്ങി സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നുണ്ട് എന്നറിഞ്ഞിട്ടുണ്ടെങ്കിൽ അവന്റെ ഭാര്യ വീട്ടുകാരുടെ മുന്നിൽ അവന്റെ തല താഴത്തേണ്ടിവരും!!”””

“”” അവിടുത്തെ കാര്യങ്ങൾ അമ്മയ്ക്ക് അറിയാവുന്നതല്ലേ? കുറേ ഞാൻ സഹിച്ചു നോക്കി പക്ഷേ ഒട്ടും പറ്റാതെ ആയപ്പോഴാ അവിടെ നിന്നിറങ്ങിയത്!!”””

“”” എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല മോളെ പക്ഷേ പെണ്ണുങ്ങളാ നമ്മൾ!!! നമ്മൾ വേണം എല്ലാം സഹിക്കാൻ എന്നും ഇങ്ങനെ തന്നെയാകും എന്നാണോ നീ കരുതിയിരിക്കുന്നത് എല്ലാവർക്കും ഒരു നല്ല കാലവും ചീത്ത കാലവും ഉണ്ട് മോളെ നിന്റെ ഭർത്താവിനോട് പിണങ്ങി നീ ഇങ്ങനെ ഇവിടെ വന്നു നിന്നാൽ എല്ലാം ശരിയാകും എന്നാണോ നീ കരുതിയിരിക്കുന്നത്

നീ അവിടെ പോയി നിന്ന് അവനോട് ക്ഷമപൂർവം എല്ലാം ഒന്ന് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കു നീയും അല്പം ക്ഷമ കാണിക്കു ഒക്കെ ശരിയാവും… “”

അമ്മായിയമ്മയുടെയും നാത്തൂന്റെയും സംസാരം കേട്ടിട്ടാണ് രാവിലെതന്നെ അടുക്കളയിലേക്ക് കയറിവന്നത് വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളൂ ഇതുവരെക്കും തന്റെ വീട്ടിലായിരുന്നു ഇന്നലെയാണ് ഇങ്ങോട്ടേക്ക് വന്നത്….

രാവിലെ നേരത്തെ എണീക്കാൻ നിന്ന എന്നെ, ഇന്നലെ വൈകിട്ടല്ലേ കിടന്നത് ഇത്തിരി നേരം കൂടി ഉറങ്ങിക്കോടോ എന്ന് പറഞ്ഞ് അവിടെത്തന്നെ പിടിച്ചു കിടത്തിയത്, പ്രശാന്ത് ഏട്ടനാണ്.. അറിയാതെ കിടക്കുകയും ചെയ്തു ഉറങ്ങിപ്പോയി!!! പിന്നെ എണീറ്റപ്പോൾ നേരം നന്നായി വൈകീട്ടുണ്ട് അതുകൊണ്ട് ചെറിയൊരു ജാള്യത ഉണ്ടായിരുന്നു ഇങ്ങോട്ട് വരാൻ…

അത് മനസ്സിലാക്കി ഏട്ടനും കൂടെ പോന്നു… അപ്പോഴാണ് അടുക്കളയിൽ നിന്ന് കാര്യമായ സംസാരം കേട്ടത് ചേട്ടനും അത് കേട്ട് നിൽക്കുന്നുണ്ടായിരുന്നു…
എനിക്ക് സംഭവം ഒന്നും മനസ്സിലായില്ല ഞാൻ ഏട്ടന്റെ മുഖത്ത് നോക്കിയപ്പോൾ മിണ്ടരുത് എന്ന് പറഞ്ഞ് അവിടെ നിന്ന് അവർ പറയുന്നത് മുഴുവൻ ശ്രദ്ധിച്ചു കേൾക്കുന്നത് കേട്ടു ഞാനും ശ്രദ്ധിച്ചില്ലെങ്കിലും എനിക്ക് ഒന്നും മനസ്സിലായില്ല….

അമ്മ, പ്രതിഭ ചേച്ചിയെ അവരുടെ ഭർത്താവിന്റെ വീട്ടിലേക്ക് നിർബന്ധിച്ച് പറഞ്ഞയക്കുകയാണ് എന്ന് മാത്രം മനസ്സിലായി..
അതിനു പറയുന്ന കാരണം ഏട്ടനും എനിക്ക് അവൾ അവിടെ നിൽക്കുന്നത് പ്രശ്നമാകും എന്നതായിരുന്നു ഏട്ടൻ അത് കേട്ട് അടുക്കളയിലേക്ക് കയറിച്ചെന്നു…

“””അമ്മേ!! കഴിഞ്ഞ തവണ അമ്മു ഇങ്ങോട്ട് വരുമ്പോൾ എന്തായിരുന്നു കോലം എന്ന് അമ്മയ്ക്ക് അറിയാവുന്നതല്ലേ?? അതിന്റെ കാരണവും???”””

പെട്ടെന്ന് ഏട്ടൻ അങ്ങോട്ട് കയറിച്ചെന്ന് അങ്ങനെ പറഞ്ഞതും അമ്മ ഒന്ന് ഞെട്ടിയിരുന്നു പിന്നെ അതെ എന്ന് പറഞ്ഞ് തലകുനിച്ചു..

“”” അവിടെ സന്തോഷ് കള്ളുകുടിച്ച് അവളെ ഉപദ്രവിക്കുന്നത് നമുക്ക് അറിയുന്ന കാര്യമല്ലേ?? “”

“”” എന്നാലും അങ്ങനെ അല്ല മോനെ ഇവിടെ നിന്റെ കല്യാണം കഴിഞ്ഞു ഇനി കെട്ടിച്ചുവിട്ട പെങ്ങൾ ഇവിടെ നിൽക്കുമ്പോൾ ആളുകൾ അതും ഇതും ഒക്കെ പറയും… “”

“”” ആരു വേണമെങ്കിലും പറഞ്ഞോട്ടെ അവരാരും അല്ലല്ലോ ഈ കുടുംബത്തിലെ ചിലവ് നോക്കുന്നത് അമ്മയ്ക്ക് അറിയാവുന്ന കാര്യമാണ് ഇവൾ അവിടെ എത്ര സഹിച്ചു എന്ന്!!! എന്നിട്ട് ഇവൾ വല്ലതും നമ്മളെ അറിയിച്ചിരുന്നോ?? അവന്റെ അച്ഛനും അമ്മയും എല്ലാം കണക്കാണ്.. അവൻ കള്ളും കുടിച്ച് വന്ന് ഇവളെ പട്ടിയെപ്പോലെ തല്ലുന്നത് കണ്ടിട്ട് ഒന്ന് പിടിച്ചു മാറ്റാൻ പോലും ശ്രമിക്കാത്തവരാ…

ഒടുവിൽ ഇവൾ ഗർഭിണിയാണ് എന്നറിഞ്ഞ് എത്ര സന്തോഷത്തിലാണ് നമ്മളെല്ലാവരും ഇരുന്നത്….. അത് അബോർഷൻ ആയി പോയത്!!! അതിന്റെ കാരണം ഞാൻ പറയാതെ തന്നെ അമ്മയ്ക്ക് അറിയാമല്ലോ.. ടെൻഷനും സ്ട്രെസ്സും കാരണം.. ഇതൊക്കെ അവൾക്ക് വരാൻ ആരാ കാരണക്കാരൻ!! അയാൾ ആ സന്തോഷ് അവൻ ഒരു സൈക്കോ ആണ്…”””

പ്രശാന്തേട്ടൻ അത്രയും പറഞ്ഞതും അമ്മ മറുപടിയൊന്നും ഇല്ലാതെ നിന്നു ഞാൻ വെറുതെ ചേച്ചിയുടെ മുഖത്തേക്ക് നോക്കി അവിടെ നിന്ന് ശബ്ദമില്ലാതെ കരയുകയായിരുന്നു പാവം..

“”” അവള് അവിടെ നിന്ന് ഇങ്ങോട്ട് പോന്നതിന്റെ കാരണം എന്തായിരിക്കും? അവൾക്ക് ഒരു താങ്ങായി ഞാനും അമ്മയും ഉണ്ടാകും എന്ന വിശ്വാസമല്ലേ?? ഇപ്പോൾ അമ്മ എന്താണ് പറയുന്നത് എല്ലാം സഹിച്ച് അങ്ങോട്ട് തന്നെ പോകാനോ അവളെ കൊലയ്ക്ക് കൊടുക്കാനോ കല്യാണം കഴിപ്പിച്ച് വിട്ടെന്ന് കരുതി അവൾ നമ്മടേ വീട്ടിലെ കുഞ്ഞ് അല്ലാതെ ആകുന്നുണ്ടോ അമ്മേ???? “””

അതുകഴിഞ്ഞ് കരയുന്ന ചേച്ചിയെ പ്രശാന്തേട്ടൻ ചേർത്ത് പിടിച്ചു എന്നിട്ട് എന്റെ നേരെ തിരിഞ്ഞു..

“”” എന്റെ അനിയത്തിയെ കല്യാണം കഴിപ്പിച്ച് വിട്ട വീട്ടിൽ ഒത്തിരി അനുഭവിച്ചു.. അവനെപ്പറ്റി ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല ഈ വിവാഹം സംശയരോഗവും പിന്നെ മയക്കുമരുന്നിന്റെ ഉപയോഗവും അവനെ ഒരു മൃഗമാക്കി.. അനാവശ്യമായി എന്റെ കുഞ്ഞിനെ അവൻ ഉപദ്രവിച്ചു ഒന്നും പറയാതെ ഇത്രയും നാൾ ഈ പാവം സഹിച്ചു…

ഒടുവിൽ ഒരു പ്രശ്നമുണ്ടായപ്പോഴാണ് എല്ലാം ഞങ്ങളോട് തുറന്നു പറഞ്ഞത് അന്ന് ഞാനാണ് അവളെ കൂടെ കൂട്ടിയത്… അമ്മയും എന്റെ ഭാഗം തന്നെയായിരുന്നു പക്ഷേ ഇപ്പോൾ അമ്മ ഇങ്ങനെയൊക്കെ പറയുന്നത് നിനക്കും എനിക്കും തമ്മിലുള്ള ജീവിതത്തിനിടയിൽ ഇവൾ ഒരു പ്രശ്നമായാലോ എന്ന് കരുതിയാണ്!!!

ഇനി എനിക്ക് അറിയേണ്ടത് നിന്റെ വായിൽ നിന്നാണ് പറ ഇവൾ ഇവിടെ നിൽക്കുന്നതുകൊണ്ട് നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ??? “””

ഞാൻ മെല്ലെ അവരുടെ അരികിലേക്ക് ചെന്നു ചേച്ചിയുടെ കൈപിടിച്ചു.

“”” എനിക്ക് ചേച്ചിയോടാണ് സംസാരിക്കാനുള്ളത് ഈ പ്രശ്നം ഇത്രയും വഷളാക്കിയത് ചേച്ചി തന്നെയാണ് ഭർത്താവിന്റെ സ്വഭാവം നന്നല്ല ചേച്ചിക്ക് സഹിക്കാൻ പറ്റുന്നില്ല എന്ന് കണ്ടാൽ അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങി പോരണമായിരുന്നു…

എല്ലാം സഹിച്ചു നിൽക്കാൻ തുടങ്ങിയാൽ അത് നമ്മുടെ ദൗർബല്യമായി മാത്രമേ അവർ കാണൂ അതിന്റെ പുറത്ത് അവർ കുതിര കയറും അത് ഒരിക്കലും നമ്മളോടുള്ള സ്നേഹം അല്ല എന്ന് നമ്മൾ മനസ്സിലാക്കണം..

ഒരുതരം മുതലെടുപ്പ് മാത്രമാണ് അത്… അതിനവർ എന്തു മുതലക്കണ്ണീർ വേണമെങ്കിലും പ്രയോഗിക്കും പക്ഷേ അതിൽ വീണ് നമ്മൾ അവിടെ നിന്നാൽ നമ്മുടെ ഈ ജന്മം ഇങ്ങനെ അസ്വസ്ഥമായി തീരുകയേ ഉള്ളൂ…

ഇപ്പോ ഇവിടെ വന്ന് നിൽക്കുന്നത് നല്ല ഒരു ഓപ്ഷൻ തന്നെയാണ് ചേച്ചി ഇനിയെന്ത് വേണം എന്ന് ഇവിടെ നിന്ന് ചിന്തിക്കണം… സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി നേടിയെടുക്കൂ.. എന്ത് സഹായത്തിനും ഞാനുണ്ടാകും കൂട്ടിന്…!!!”””

ചേച്ചിയോട് ഞാൻ അത്രയും പറഞ്ഞപ്പോഴേക്ക് പ്രശാന്ത് ഏട്ടന്റെ മുഖം തെളിഞ്ഞിരുന്നു ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു ആരും കാണാതെ എന്നെ നോക്കി ഒന്ന് കണ്ണീറുക്കി കാണിച്ചു…

പിന്നെ എനിക്ക് പറയാനുള്ളത് അമ്മയോട് ആയിരുന്നു..

‘”‘ അമ്മേ സഹിച്ചും ക്ഷമിച്ചും ഒന്നും നിൽക്കേണ്ട ആവശ്യം ഒരു പെൺകുട്ടിക്കും ഇല്ല.. ഒരേയൊരു ജീവിതമേ ഉള്ളൂ എല്ലാവർക്കും അതിങ്ങനെ ഒരാളെ ഭയപ്പെട്ടു, പീഡനങ്ങൾ സഹിച്ച് ജീവിചു തീർക്കുന്നത് എത്ര ദുസഹമാണ് എന്നൊന്ന് ചിന്തിച്ചു നോക്കൂ ചേച്ചി ഇവിടെ വന്നത് പ്രശാന്തേട്ടൻ പറഞ്ഞതുപോലെ തന്നെ അമ്മയെയും ഏട്ടനെയും വിശ്വാസം ഉള്ളതുകൊണ്ടാണ്…

അമ്മ ചേർത്തുപിടിക്കേണ്ടതിനു പകരം ഇങ്ങനെയൊന്നും പറയരുത്… അങ്ങനെ പറഞ്ഞതിന്റെ ഭവിഷ്യത്ത് ഒരുപാട് നമ്മൾ സമൂഹത്തിൽ കണ്ടതാണ്… ചേർത്തുപിടിക്കാൻ ആളുണ്ടെങ്കിൽ ഒരു ആത്മഹത്യ പോലും ഈ ലോകത്ത് ഉണ്ടാവില്ല ഒരു പെണ്ണുങ്ങൾ പോലും ദുരിതമനുഭവിക്കില്ല… “””

ഞാൻ പറഞ്ഞത് അമ്മയുടെ മിഴികളിലൂടെ കണ്ണുനീർ ഒഴുകിയിരുന്നു അമ്മ ചേച്ചിയെ ചേർത്ത് പിടിച്ച് മാപ്പ് പറഞ്ഞു..
അന്നേരം ചേച്ചിയും കൈകൂപ്പി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു…

“”” അമ്മു നാളെ മുതൽ രേവതി യോടൊപ്പം പിഎസ്സി കോച്ചിങ്ങിന് പൊയ്ക്കോളൂ “”””

എന്നൂടെ പറഞ്ഞിട്ടാണ് ഏട്ടൻ മേലേക്ക് കയറി പോയത്…

Leave a Reply

Your email address will not be published. Required fields are marked *