(രചന: J. K)
ഇന്നാണ് അപ്പേട്ടന്റെ കല്യാണം..
“” പെങ്ങളുടെ സ്ഥാനത്ത് നീ വേണം”” എന്ന് പറഞ്ഞ് അപ്പച്ചി തലേ ദിവസവും കല്യാണത്തിന് ദിവസവും എല്ലാം അവിടെയുണ്ടാവണം എന്ന് പറഞ്ഞ് വിളിച്ചിരുന്നു…
അത് സ്നേഹംകൊണ്ട് ആത്മാർത്ഥത കൊണ്ടോ ഒന്നുമല്ല ഇപ്പോൾ അവരുടെ മനസ്സിൽ എല്ലാം അപ്പു എന്ന അഭിഷേകിന്റെ പെങ്ങളാണ് ഞാൻ എന്നത് ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ ആയിരുന്നു. അതുകൊണ്ടുതന്നെ ആ വഴിക്ക് പോയതുമില്ല അവരാരും പ്രതീക്ഷിക്കുന്നില്ല എന്നേ എന്ന് അറിയാം…
എങ്കിലും പടിപ്പുര വരെ പോയി നിന്നു വയലിന്റെ അപ്പുറത്തുള്ള വീട്ടിൽ നിന്ന് കല്യാണത്തിന് പോകുന്നവർ ഇറങ്ങുന്നത് കാണാൻ ഒരു കറുത്ത കാറിൽ നിറയെ പൂക്കളൊക്കെ വച്ച് പോകുന്നത് കണ്ടു അതിലാവും അപ്പേട്ടൻ…
തന്റെ മുറ ചെറുക്കൻ ചെറുപ്പം മുതൽ പറഞ്ഞു വെച്ചതായിരുന്നു അപ്പുവിന്റേതാണ് താര എന്ന്…
മനസ്സിൽ ഒന്നുമില്ലാത്ത സമയത്ത് അതും പറഞ്ഞ് കുത്തിവച്ച് തന്നതായിരുന്നു അപ്പുവേട്ടനോടുള്ള സ്നേഹം..
അപ്പുവേട്ടന് തിരിച്ചും ഇഷ്ടമായിരുന്നു… പക്ഷേ അതെല്ലാം വെറുതെയായിരുന്നു എന്ന് മനസ്സിലാക്കാൻ ആൾക്ക് നല്ലൊരു ജോലി കിട്ടേണ്ടി വന്നു… അച്ഛനും അമ്മയ്ക്കും താൻ ഒരൊറ്റ മോളാണ് അച്ഛന്റെ പെങ്ങൾ സുഭദ്ര അപ്പച്ചിയുടെ മകൻ അഭിഷേക് എന്ന എല്ലാവരുടെയും അപ്പുവുമായി ചെറുപ്പത്തിലെ വിവാഹം ഉറപ്പിച്ചിരുന്നു…
അന്ന് അവർക്ക് ഒന്നും ഉണ്ടായിരുന്നില്ല അപ്പച്ചിയുടെ ഭർത്താവിന് വെറും കൃഷിപ്പണി ആയിരുന്നു അവർക്കുള്ളത് കൂടി അച്ഛനാണ് നൽകിയിരുന്നത് അതുകൊണ്ടുതന്നെ അച്ഛനെ വലിയ ബഹുമാനമായിരുന്നു അച്ഛന് പലതരത്തിലുള്ള കച്ചവടങ്ങൾ ആയിരുന്നു ആ സമയത്ത് തന്നെ…
ഇട്ട് മൂടാനുള്ള പണം അന്ന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്നെ പൊന്നുപോലെയാണ് അപ്പച്ചി കൊണ്ടുനടന്നിരുന്നത് പക്ഷേ എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു ഞാൻ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അച്ഛന്റെ കച്ചവടങ്ങൾ എല്ലാം തകർന്ന് വല്ലാത്തൊരു സ്ഥിതിയിലായി…
വീടുവരെ ഈടുവെച്ച് അച്ഛൻ പണം ബാങ്കിൽ നിന്ന് ലോണെടുത്തു. എന്നിട്ടും കടം ബാക്കി… അച്ഛൻ ഒടുവിൽ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചപ്പോൾ വഴിമുട്ടിയത് ഞാനും അമ്മയും ആണ് എന്ത് ചെയ്യണം എന്ന് പോലും ഞങ്ങൾക്കറിയില്ലായിരുന്നു ഒരുപാട് ബാധ്യതകൾ മാത്രം മുന്നിൽ…
അപ്പോഴേക്കും അപ്പുവേട്ടന് നല്ല ജോലി കിട്ടി ബാംഗ്ലൂരിൽ… പോകുമ്പോൾ എന്നോട് പറഞ്ഞിരുന്നു ഈ ജോലിയിൽ കേറിയാൽ പിന്നെ എല്ലാ സാമ്പത്തിക ബാധ്യതകളും ഓരോന്നായി തീർക്കണം എന്ന് ഞാനും ഒരുപാട് പ്രതീക്ഷിച്ചു…
അതൊരിക്കലും പണം കണ്ടിട്ട് ആയിരുന്നില്ല വീഴാൻ പോകുന്നു എന്ന് തോന്നുന്ന നേരത്ത് കൈ തന്നു സഹായിക്കാൻ ഒരാളുണ്ടല്ലോ എന്ന് കരുതിയിട്ടുള്ള ആശ്വാസം കൊണ്ടായിരുന്നു….
പക്ഷേ എല്ലാം വെറുതെയായിരുന്നു എന്ന് മനസ്സിലായി. അവിടെ ചെന്ന് സമ്പാദിക്കാൻ തുടങ്ങിയതോടുകൂടി ഈ ബാധ്യതയുള്ള പെണ്ണ് അവർക്കും ഒരു ബാധ്യതയാകും എന്ന് അവർ കരുതി….
മുറപ്പെണ്ണാണ് കല്യാണം കഴിക്കാൻ പോവുകയാണ് എന്നെല്ലാം പറഞ്ഞുകൊണ്ടിരുന്ന ആൾക്ക് ഞാൻ പെട്ടെന്ന് പെങ്ങൾ ആയി..
അവർ അപ്പുവേട്ടന് വേണ്ടി മറ്റൊരു വിവാഹം ആലോചിച്ചു യോഗ്യയായ ഒരു പെണ്ണിനെ തന്നെ…എനിക്ക് അത് കേട്ട് വിഷമം ഒന്നും തോന്നിയില്ല പകരം അർഹതയില്ലാത്തവർക്ക് സ്നേഹം കൊടുത്തതിലുള്ള കുറ്റബോധം മാത്രമായിരുന്നു…
പക്ഷേ അമ്മ അത് കേട്ട് വല്ലാതെ തകർന്നുപോയി എന്നെ ആ കൈയിൽ ഏൽപ്പിച്ച് സന്തോഷത്തോടെ കണ്ണടയ്ക്കാം എന്നാണ് അമ്മ കരുതിയിരുന്നത്….
എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ടായിരുന്നു അവരുടെ തീരുമാനം…
അമ്മ അവരുടെ കാലുപിടിച്ചു പക്ഷേ പ്രത്യേകിച്ച് മാറ്റം ഒന്നും ഉണ്ടായില്ല….
അമ്മയോട് ഇനി കരയരുതെന്നും എനിക്ക് യാതൊരുവിധ സങ്കടങ്ങളും ഇല്ല എന്നും ഞാൻ പറഞ്ഞു മനസ്സിലാക്കി…
പിന്നെ ഇങ്ങനെ ഇഷ്ടമില്ലാതെ താലികെട്ടിയാൽ അപ്പോഴും അനുഭവിക്കേണ്ടി വരിക ഞാൻ തന്നെയായിരുന്നല്ലോ എന്നും ഉണ്ടായിരുന്നു…. ഇതിപ്പോൾ രക്ഷപ്പെട്ടത് പോലെയായി…
പണ്ട് അച്ഛന്റെ കാര്യസ്ഥൻ പണി നോക്കിയിരുന്നു രാമേട്ടൻ മുഖേന ഒരു വിവാഹാലോചന എനിക്ക് വന്നു എന്നെക്കാൾ ഇരുപത് വയസ്സിന് മൂപ്പുണ്ട് ആൾക്ക്…
“”രാജേന്ദ്രൻ “”” അതായിരുന്നു അയാളുടെ പേര്..
മുമ്പ് ഒരു വിവാഹം കഴിച്ചതാണ് ആ പെൺകുട്ടി ദുർമരണപ്പെട്ടത്രേ..
ആത്മഹത്യ ചെയ്തതാണ് അല്ല അയാൾ കൊന്നതാണ് എന്നൊക്കെ പറയുന്നുണ്ട്… പക്ഷേ ആർക്കും സത്യം അറിയില്ല ഈ വിവാഹാലോചന വന്നപ്പോൾ അയാൾ മുന്നോട്ടുവച്ച ഓഫർ അതായിരുന്നു എല്ലാ കടബാധ്യതകളും തീർത്ത് വീട് ജപ്തിയിൽ നിന്ന് ഒഴിവാക്കി തരാമെന്ന്.. പക്ഷേ പൂർണ്ണസമ്മതം ഉണ്ടെങ്കിൽ മാത്രമേ ഈ വിവാഹത്തിന് തയ്യാറാകാവൂ എന്ന്….
സുഖമില്ലാത്ത അമ്മയ്ക്ക് കേറി കിടക്കാണെങ്കിലും ഒരു ഇടം കാണുമല്ലോ എന്ന് കരുതി ഞാൻ ഈ വിവാഹത്തിന് സമ്മതം മൂളി…
അതോടെ എല്ലാ കടബാധ്യതകളും തീർത്ത് വീട് അമ്മയുടെ പേരിൽ തന്നെ വന്നു..
അമ്മയെ നോക്കാനായി ഒരു ജോലിക്കാരിയെയും ഏർപ്പാടാക്കി ഞാൻ ഭർത്താവിന്റെ വീട്ടിലേക്ക് പോയി…
അയാളുടേത് അക്ഷരാർത്ഥത്തിൽ ഒരു കൊട്ടാരം തന്നെയായിരുന്നു..
അയാളുടെ കൂടെയുള്ള ജീവിതത്തിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നു അയാളിലും ചില നന്മകൾ അവശേഷിക്കുന്നുണ്ട് എന്ന്.
വലിയ പണക്കാരന്റെ ഭാര്യ ആയതിൽ പിന്നെ അപ്പച്ചിയും അപ്പേട്ടനും എല്ലാം ബന്ധം പുതുക്കാൻ ആയി എത്തിയിരുന്നു അർഹിക്കുന്ന അവഗണന കൊടുത്തു തന്നെ അവരെ ഒഴിവാക്കി…
അവരുടെ മുന്നിൽ ഞാൻ അഹങ്കാരിയായി പണം വന്നപ്പോൾ ബന്ധം മറന്ന അഹങ്കാരി പക്ഷേ അത് യഥാർത്ഥത്തിൽ ആരായിരുന്നു എന്ന് ശരിക്കും പറഞ്ഞു മനസ്സിലാക്കി കൊടുത്തു പിന്നെ അവർക്ക് ഒന്നും മിണ്ടാൻ ഇല്ലായിരുന്നു.
എല്ലാത്തിനും എന്റെ കൂടെ നിന്നിരുന്നു…
എനിക്ക് തരുന്ന സ്നേഹം ക്രമേണ ഞാനും ആൾക്ക് തിരിച്ചു കൊടുക്കാൻ തുടങ്ങി..
എപ്പോഴും എന്നോട് പറഞ്ഞിരുന്നു മുമ്പ് വിവാഹം കഴിച്ച പെണ്ണിനെ പറ്റി.. അദ്ദേഹത്തിന്റെ സ്വത്ത് മാത്രം കണ്ടു കൂടെ കൂടിയവൾ..
ആ വീട്ടിൽ അയാൾ അധ്വാനിക്കുന്ന പണംകൊണ്ട് അവൾ സുഖിച്ച് ജീവിച്ചു ഒപ്പം ശരീരം പലർക്കായി കൊടുത്തു….
എല്ലാം അറിഞ്ഞപ്പോൾ അയാൾ തകർന്നുപോയി അത്രമേൽ അയാൾ അവളെ സ്നേഹിച്ചിരുന്നു…. അവളെ അവിടെ നിന്ന് അടിച്ചിറക്കാൻ പോകുന്നതിനു മുമ്പാണ് അവൾ സ്വയം ജീവനൊടുക്കിയത് ആളുകളുടെ മുന്നിൽ തെറ്റുകാരി ആവാതിരിക്കാൻ ആ പഴി കൂടി അയാൾക്ക് കേൾക്കേണ്ടിവന്നു..
അതിനുശേഷം പെണ്ണ് എന്ന് കേട്ടാൽ ദേഷ്യമായിരുന്നു ഇപ്പോൾ എന്തോ ഒരു കൂട്ട് വേണം എന്നൊരു തോന്നൽ അതിന്റെ പേരിലാണ് ഈ വിവാഹം കഴിച്ചത് ഒരിക്കലും ഒരു നല്ല ബന്ധം എന്നൊന്നും അർത്ഥമാക്കിയിരുന്നില്ല… പക്ഷേ മറ്റുള്ളവരുടെ മുന്നിൽ കാണിക്കാൻ തനിക്കൊരു ഭാര്യ വേണമായിരുന്നു അതും എല്ലാം തികഞ്ഞ ഒരുവൾ…
അങ്ങനെയാണ് താരയെപ്പറ്റി അന്വേഷിക്കുന്നതും ഈ വിവാഹം ഉറപ്പിക്കുന്നതും പക്ഷേ.. എല്ലാ ധാരണകളും തിരുത്തിക്കുറിക്കുന്നത് ആയിരുന്നു അവളുടെ പെരുമാറ്റം മെല്ലെ അവളെയും ആത്മാർത്ഥമായി സ്നേഹിക്കാൻ തുടങ്ങിയിരുന്നു രാജേന്ദ്രൻ.
അവൾ തിരികെയും… ഒരു കുഞ്ഞു കൂടി അവർക്ക് ഇടയിലേക്ക് വന്നപ്പോൾ പിന്നെ അത് ശരിക്കും ഒരു സ്വർഗം തന്നെയായി മാറി..
തന്നെ സ്നേഹിച്ച് തോൽപ്പിക്കുന്ന രാജേന്ദ്രനെ കാണുമ്പോൾ ഒരുപാട് തവണ അവൾ ദൈവത്തോട് നന്ദി പറഞ്ഞിരുന്നു അങ്ങനെയെല്ലാം അപ്പച്ചിക്കും അപ്പേട്ടനും തോന്നിച്ചതിന്…
അല്ലെങ്കിൽ ഇന്നും അവരുടെ പഴി കേട്ട് അവരുടെ കാൽച്ചുവട്ടിൽ കിടക്കേണ്ടി വന്നേനെ ഈ സ്വർഗം പോലുള്ള ജീവിതം നഷ്ടമായേനെ….
പ്രണയത്തിന് ഒന്നും പ്രതിബന്ധമാവില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞത് ഇവിടെ വച്ചായിരുന്നു രാജേന്ദ്രന്റെ നിസ്വാർത്ഥ സ്നേഹത്തിനു മുന്നിലായിരുന്നു….
പിന്നെ ഒറ്റ പ്രാർത്ഥന മാത്രമേ അവൾക്കു ഉണ്ടായിരുന്നുള്ളൂ എല്ലാവരും അസൂയയോടെ നോക്കുന്ന ഈ ജീവിതം ഇതുപോലെ ഒരുപാട് കാലം തനിക്ക് നീട്ടി തരണേ എന്ന്…