പക
രചന: Jolly Shaji
****
സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ രാധമ്മ വീണ്ടും ആരതിക്കു നേരെ തിരിഞ്ഞു… “മോളെ ഒരിക്കൽ കൂടി നിനക്ക് ചിന്തിക്കാൻസമയമുണ്ട്..”
“എന്തിനാണ് അമ്മേ..” “ഇനിയും അവന്റ കൂടെ നിന്ന് എന്തിനാണ് ഇങ്ങനെ അടിയും ഇടിയുമൊക്കെ വാങ്ങുന്നെ..പോലീസുകാർ വ്യക്തമായി പറഞ്ഞത് നീയും കേട്ടില്ലേ അവൻ നന്നാവില്ല എന്ന്…” “നിങ്ങക്ക് ഇന്നാണോ അമ്മേ ഇത് തിരിച്ചറിഞ്ഞത്… ഞാൻ വർഷം ഏഴ് ആയി ഇതൊക്കെ അറിഞ്ഞിട്ട്..”
“ഇന്ന് നന്നാവും നാളെ നന്നാവും എന്നൊക്കെ ഓർത്താണ് മോളെ…” “മുഴുകുടിയനായ ഒരാൾക്ക് പരീക്ഷണത്തിന് വിട്ടുകൊടുത്ത് എന്റെ ജീവിതം നശിപ്പിച്ചു നിങ്ങളൊക്കെ കൂടി… എന്നിട്ട് ഇപ്പൊ ഉപേക്ഷിച്ചോളൂ എന്നല്ലേ.. എന്നിട്ട് ഞാൻ നാട്ടുകാരുടെയും വീട്ടുകാരുടെയും അപഹാസ വാക്കുകൾക്ക് ഇരയാവണം അല്ലേ…വേണ്ട എന്ത് വേണം എന്ന് എനിക്കറിയാം…”
“മോളെ അച്ഛനോടും അമ്മയോടും ദേഷ്യം തോന്നല്ലേ.. ഹരീഷ് നല്ലൊരു സർക്കാർ ജോലിക്കാരൻ ആണെന്ന് അറിഞ്ഞപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല… ചെറുപ്പക്കാരായ എല്ലാവരിലും ഉള്ളതുപോലെ അല്പം മദ്യപാനം അത്രേ ഓർത്തൊള്ളൂ…”
“വേണ്ടമ്മേ നിങ്ങളൊക്കെ കൂടി നശിപ്പിച്ചത് എന്റെ സ്വപ്‌നങ്ങൾ ആയിരുന്നു.. ഉയർന്ന വിദ്യാഭ്യാസം നേടി നല്ലൊരു ജോലി കിട്ടി സ്വന്തം കാലിൽ നിൽക്കുക… ചെറുപ്പം മുതൽ നമ്മുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന സതീഷേട്ടൻ ആയി ഒരു ജീവിതം… എല്ലാം നിങ്ങൾ നശിപ്പിച്ചില്ലേ…”
“മോളെ നല്ലൊരു ജോലി ഇല്ലാത്ത ഒരുത്തനു നിന്നെ കൊടുക്കാൻ അന്ന് മനസ്സ് സമ്മതിച്ചില്ല..”
“ഗവണ്മെന്റ് ജോലിക്കാരന് എന്നേ കെട്ടിച്ചപ്പോൾ നിങ്ങൾ തൃപ്‍തർ ആയല്ലോ അല്ലെ.. ഞാനോ സ്വന്തമെന്നു പറയാൻ ഒരു കുഞ്ഞ് പോലും ഇല്ലാത്തവളായി… നിങ്ങൾ പൊയ്ക്കോളൂ…”
“മോളെ ശപിക്കല്ലേ ഈ അമ്മയെ..”
ഒരു മാസങ്ങൾക്കു ശേഷം ഒരു പുലർച്ചെ ഫോണിലേക്കു വന്ന കാൾ അറ്റണ്ടു ചെയ്ത രാമേട്ടൻ നെഞ്ചിൽ കൈവെച്ചു കുഴഞ്ഞു വീഴുന്നത് കണ്ടാണ് രാധമ്മ ഓടി വന്നത്… “രാമേട്ടാ എന്ത് പറ്റി… ആരാണ് വിളിച്ചത്..”
“അവൾ പോയെടോ.. നമ്മുടെ പൊന്നുമോൾ…”
“രാമേട്ടാ എന്തൊക്കെയാ ഈ പറയുന്നത് നമ്മുടെ മോൾക്ക് എന്ത് പറ്റി…”
“ആത്മഹത്യ ആയിരുന്നു അത്രേ…”
കുളിമുറിയിൽ തൂങ്ങിമരിച്ച ആരതിയുടെ ബോഡി ഇൻക്വസ്റ്റ് തയ്യാറാക്കാൻ വന്ന പോലീസുകാർ ആണ് റൂമിലെ ടേബിളിൽ നിന്നും ആ ഡയറി കണ്ടെടുത്തത്..
ആതിര തന്റെ ഒരോ ദിനങ്ങളും അതിൽ കുറിച്ചിട്ടിരിക്കുന്നു.. അവസാനത്തെ ദിനമായ ഇന്നലത്തെ പേജിൽ അവൾ കുറിച്ചിട്ടിരിക്കുന്നു..
“ഞാൻ പോവുകയാണ്… ഞാൻ കൊതിച്ചൊരു സ്വപ്നലോകം എനിക്ക് നിഷേധിച്ചവരോട് എല്ലാമുള്ള പകയാണ് എന്റെ ഈ യാത്ര… ആർക്കും എന്റെ മരണത്തിൽ പങ്കില്ല… അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തിടത്തോളം ഇനിയുമൊരു പാഴ്ജന്മമായി ജീവിക്കുന്നതിൽ അർത്ഥമില്ലല്ലോ… എന്റെ ദേഹത്തോടുള്ള പക പോക്കൽ കൂടിയാണിത്..”
പോലീസുകാർ മുറപോലെ കാര്യങ്ങൾ നടത്തി….
ജോളി ഷാജി… ✍️