അമ്മമഴക്കാറ്
രചന: Jolly Shaji
****************
“ഓരോന്നൊക്കെ ഒപ്പിച്ചു വെച്ചിട്ട് അവളിരുന്നു മോങ്ങുന്നത് കണ്ടില്ലേ… എപ്പോളും പറയുന്നത് കേൾക്കാല്ലോ മക്കൾക്ക് വേണ്ടിയാണു ജീവിക്കുന്നതെന്ന്… എന്നിട്ടിപ്പോ എന്തായെടി.. നിന്റെ മോളും നിന്നെ തള്ളി പറഞ്ഞില്ലേ…”
“സുകുവേട്ടനും എന്നെ കുറ്റപ്പെടുത്തുവാണ് അല്ലേ… ഞാൻ ചെയ്തത് തെറ്റായി പോയോ… അതാണോ നിങ്ങളും പറയുന്നത്…”
“ഇല്ലെടി നല്ലകാര്യമാണ് നീ ചെയ്തത്… ഒരു കുഞ്ഞ് ജീവൻ ഇല്ലാണ്ടാക്കിയത് വല്യ പുണ്യപ്രവർത്തി അല്ലേ..”
“പിന്നെന്താ വേണ്ടിയിരുന്നേ പ്രായപൂർത്തിയാവാത്ത മകൾ തന്തയില്ലാത്ത കുഞ്ഞിനേയും കൊണ്ട് പെരുവഴിയിലൂടെ അലയുന്നത് കാണണമായിരുന്നോ…”
“അന്നേ ഞാൻ പറഞ്ഞതാ അവളെ പിടിച്ച് അവന്റെ വീട്ടിൽ കൊണ്ടാക്കാൻ… അപ്പോ മകളെ പഠിപ്പിച്ച് ഉദ്യോഗസ്ഥ ആക്കണം പോലും.. എന്നിട്ടിപ്പോ കിട്ടിയില്ലേ മകളുടെ കയ്യിൽ നിന്നും തല്ല്…”
“അച്ഛനൊന്നുo മിണ്ടാതിരിക്കുന്നുണ്ടോ… മനുഷ്യന്മാർ ഇവിടെ ടെൻഷൻ അടിക്കുമ്പോൾ..”
പുറത്തേക്കിറങ്ങി വന്ന ശില്പ ദേഷ്യത്തോടെ രാധികയുടെ അടുത്തിരുന്നു…
“അമ്മ വിഷമിക്കേണ്ട അവള് വല്ല വിഷമത്തിലും പറഞ്ഞതാവും…”
ശില്പ അമ്മയെ താങ്ങി പിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി…
“മോളെ ശീലു….
“എന്താ അമ്മേ…
“മോൾക്ക് തോന്നുന്നുണ്ടോ അമ്മ ചെയ്തത് തെറ്റാണെന്ന്…
“ഇല്ലമ്മേ… അമ്മ അന്ന് ചെയ്തത് ശെരി ആയിരുന്നു… പക്ഷേ ചേച്ചി വീണ്ടും ആ വിഴുപ്പു ചുമക്കുന്നു…. ഇനി വരുന്നതൊക്കെ അനുഭവിക്കട്ടെ…”
ശില്പ മുറിയിലേക്ക് പോയിട്ടും ശാരദയുടെ മിഴികൾ തോർന്നില്ല… അവരുടെ കണ്ണുകളിൽ നിറവയർ പൊത്തിപ്പിടിച്ചു നിലവിളിക്കുന്ന ശരണ്യയുടെ മുഖം തെളിഞ്ഞു നിന്നു…
അന്ന് കടയിൽ നല്ല തിരക്കുള്ള ദിവസം ആയിരുന്നു… പച്ചക്കറികൾ എല്ലാം ഒതുക്കി ശാരദ ഇറങ്ങിയപ്പോൾ നേരം ഇരുട്ടിയിരുന്നു… പുറത്ത് തന്നേ കാത്തുനിൽക്കുന്ന സുകുവേട്ടന്റെ മുഖം കണ്ടപ്പോൾ തന്നേ അവൾക്ക് ഭയമായി…
“എന്താടി പാതിരാ ആയത് അറിഞ്ഞില്ലെന്നു തോന്നുന്നു… വീട്ടിൽ രണ്ട് പെൺകുട്ടികൾ ഉണ്ടെന്ന് ചിന്ത പോലും തള്ളക്കില്ല..”
“സുകുവേട്ടാ ശനിയാഴ്ച അല്ലേ നല്ല തിരക്കുണ്ടാരുന്നു കടയിൽ…”
“നീയാണോടി കട മുതലാളി… അവൻ അവിടെ ഇല്ലേ പിന്നെ നിനക്കെന്താ സമയത്ത് ഇറങ്ങിയാൽ… അതോ അവനെ വിട്ട് പോരാൻ മടിച്ചിട്ടാണോ…”
“നിങ്ങൾ ഇത് പറയുമെന്ന് നന്നായി അറിയാം…. എന്റെ അരിമാർഗ്ഗം ആണ് ഇത് ദൈവത്തെ ഓർത്ത് അടച്ചു കളയരുത്..”
അവർ വീട്ടിൽ എത്തിയപ്പോൾ ശില്പ ഇറയത്തിരുന്നു പഠിക്കുന്നുണ്ടായിരുന്നു..
“ചേച്ചി എവിടെ മോളെ..
“അവള് വയ്യെന്ന് പറഞ്ഞു കിടക്കുവാ അമ്മേ… അമ്മ എന്താ വൈകിയേ തിരക്കായിരുന്നോ…”
“ശനിയാഴ്ച അല്ലേ ശീലു… തിരക്ക് കണ്ടിട്ട് എങ്ങനാ ഇട്ടേച് പൊരുന്നേ… ശാരു കഴിച്ചോ മോളെ…”
“ചോറ് എടുത്തു വെച്ചിട്ട് അവൾക്ക് കഴിക്കാൻ പറ്റുന്നില്ല അമ്മേ… വയറ്റിലൊക്കെ എന്തോ ബുദ്ധിമുട്ട് ആണെന്ന്..”
“മോളെ ശാരു… എണീറ്റു വന്നേ എന്താ പറ്റിയത് മോൾക്ക്..”
അപ്പോളേക്കും ശരണ്യ എണീറ്റു വന്നു…
“അറിയില്ല അമ്മ ഭയങ്കര ഷീണം പോലെ തോന്നുന്നു…. ഒന്നും കഴിക്കാനും പറ്റുന്നില്ല… ഒരു മനം പിരട്ടൽ പോലെ…”
“അതെങ്ങനെയാ വെറും വൈറ്റിൽ അല്ലേ രാവിലെ ക്ലാസ്സിൽ പോകുന്നെ… ഗ്യാസ് ആയിരിക്കും… തീരെ വയ്യെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം മോളെ…”
“ഞാൻ ഒന്ന് ഉറങ്ങട്ടെ അമ്മേ കുറഞ്ഞില്ലെങ്കിൽ നാളെ പോകാം ഹോസ്പിറ്റലിൽ..”
ഉറങ്ങാൻ കിടന്ന ശരണ്യ കുറച്ചു കഴിഞ്ഞപ്പോൾ തന്നേ എഴുന്നേറ്റു വന്നു..
“അമ്മാ എനിക്ക് ഉറക്കം വരുന്നില്ല,.. എന്തോ അസ്വസ്ഥതകൾ…”
അവളുടെ മുഖം ആകെ വാടിയിരിക്കുന്നു..
“മോൾക്ക് തീരെ വയ്യെങ്കിൽ ഹോസ്പിറ്റലിൽ പോകാം…”
“ഇപ്പൊ ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞാൽ അച്ഛൻ വെറുതെ ചീത്ത പറയും…”
“മോള് റെഡിയാവു ഞാൻ അച്ഛനോട് പറയട്ടെ…”
ശാരദ കൂർക്കവലിച്ചുറങ്ങുന്ന സുകുവിനെ തട്ടിവിളിച്ചു..
“”ചേട്ടാ ശാരു മോൾക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ.. ചേട്ടൻ ആ രഘു ഉറങ്ങിയോന്നു നോക്കിയേ… നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട് വരാം…”
“ഈ പാതിരക്ക്… അവരൊക്കെ ഉറങ്ങിക്കാണും… നീ കൊച്ചിന് ഗ്യാസിന്റെ ഗുളിക എടുത്തു കൊടുക്കു… രാവിലേക്കു സുഖം ആയിക്കോളും…”
ഉറക്കച്ചടവോടെ സുകുമാരൻ തിരിഞ്ഞു കിടന്നു…
“അതിന് തീരെ വയ്യ ചേട്ടാ… ഒന്ന് പോയി വാ..”
ഒടുക്കം സുകുമാരൻ പോയി വണ്ടി വിളിച്ചു വന്നു… നഗരത്തിലെ സാമാന്യം നല്ലൊരു ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയിലാണ് ശരണ്യയെ കാണിച്ചത്.. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർസ് എല്ലാരും ഓടിവന്നു വിവരങ്ങൾ തിരക്കാൻ.. എല്ലാം കേട്ട് കൂട്ടത്തിൽ പ്രായമായ ഒരു ലേഡി ഡോക്ടർ ചോദിച്ചു…
“അവസാന മാസമുറ എന്നായിരുന്നു..”
ശാരദ വേഗം ശരണ്യക്ക് നേരെ തിരിഞ്ഞു…
“എല്ലാമാസവും കൃത്യമായി വരാറില്ല ഡോക്ടർ… ഇതിപ്പോ രണ്ട് മാസം അവറായി… മുൻപും അങ്ങനെ ആണ്…”
ഡോക്ടർ ശാരദയെ വിളിച്ചു ശരണ്യയെക്കുറിച്ച് വിശദമായി ചോദിച്ചു…
“പ്ലസ്ടു പഠിക്കുന്ന കുട്ടിയല്ലേ അവൾ..”
“അതെ ഡോക്ടർ പരീക്ഷ അടുക്കാറായി കുട്ടിക്ക് എന്തേലും കുഴപ്പം….”
“നമുക്ക് എന്തായാലും ബ്ലഡ്, യൂറിൻ ഒക്കെ ഒന്ന് ചെക് ചെയ്യാം… തത്കാലം ഡ്രിപ് ഇടട്ടെ ഷീണം ഉണ്ട് കുട്ടിക്ക്…”
ഏകദേശം ഒരുമണിക്കൂർ ആയപ്പൊളേക്കും ഡോക്ടർ ശാരദയേ മുറിയിലേക്ക് വിളിപ്പിച്ചു..
“കുട്ടിയുടെ അമ്മ അല്ലേ നിങ്ങൾ..”
“അതെ ഡോക്ടർ.. മോൾക്ക്…”
“ഞാൻ പറയാൻ പോകുന്ന കാര്യം സമാദാനത്തോടെ കേൾക്കണം… ഉചിതമായ ഒരു തീരുമാനം എടുക്കുകയും വേണം…”
“എന്താ ഡോക്ടർ എന്റെ മോൾക്ക്…”
“ആ കുട്ടി ഗർഭിണി ആണ്…”
“ഡോക്ടർ…” ശാരദ നിലവിളിയോടെ കസേരയിലേക്ക് ചാഞ്ഞിരുന്നു…
“അമ്മ തളരേണ്ട സമയം അല്ലിപ്പോൾ പതിനേഴു വയസ്സുള്ള നന്നായി പഠിക്കുന്ന ആ കുട്ടിക്ക് എന്താണ് സംഭവിച്ചതെന്നു നിങ്ങൾ ആദ്യം അറിയേണം… എന്നിട്ട് അതിന് പ്രധിവിധി കാണുക…”
ഡോക്ടർ ശാരദയെ അശ്വസിപ്പിച്ചു…
“അവൾക്ക് ഒരു തെറ്റ് പറ്റി അതിന്റെ കാരണം മനസ്സിലാക്കുക… അതിനെ തല്ലുകയോ വാഴക്കു പറയുകയോ അല്ല ഇനി വേണ്ടത്… ഒരുപക്ഷെ നിങ്ങൾ പ്രകോപിത ആയാൽ കുട്ടിയെ നിങ്ങൾക്ക് നഷ്ടപ്പെടും…”
“വേണ്ട ഡോക്ടർ… എനിക്കിനി അവളെ വേണ്ട… അവള് മരിച്ചോട്ടെ… ഞാൻ കഷ്ടപ്പെട്ട് പണിയെടുക്കുന്നത് അവർക്ക് വേണ്ടിയാണ് എന്നിട്ടും…”
“താൻ പുറത്തിരുന്നു ആലോചിക്കൂ നന്നായി ഞാൻ ആ കുട്ടിയോട് ഒന്ന് സംസാരിക്കട്ടെ…”
ഡോക്ടർ ഒരു നേഴ്സിനോട് ശരണ്യയേ വിളിക്കാൻ പറഞ്ഞു… അവളെ അകത്തേക്ക് കയറ്റി ഡോക്ടർ വാതിലടച്ചു…
അപ്പോളൊക്കെ പുറത്തെ ബഞ്ചിൽ ഇരുന്ന ശാരദ സുകുമാരനോട് എങ്ങനെ കാര്യം പറയും എന്ന ചിന്തയിൽ ആയിരുന്നു… നോവേറ്റ് ഉരുകുന്ന ഒരമ്മ..
കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ വീണ്ടും ശാരദയേ റൂമിലേക്ക് വിളിപ്പിച്ചു… ശരണ്യ കരഞ്ഞു കണ്ണുകൾ തുടച്ചു തല കുമ്പിട്ട് കസേരയിൽ ഇരിപ്പുണ്ട് അപ്പോളും..
“ശാരദ… ഞാൻ കുട്ടിയായി സംസാരിച്ചു.. സത്യത്തിൽ അവൾ തെറ്റൊന്നും ചെയ്തില്ല.. കുട്ടി ട്യുഷൻ പഠിക്കാൻ പോകുന്നിടത്തു മുതിർന്ന ഒരു ആൺകുട്ടി ഉണ്ടെന്ന് നിങ്ങൾക്കറിയാമോ…”
“അറിയാം ടീച്ചറുടെ മോൻ കോളേജിൽ പഠിക്കുന്നത് അല്ലേ…”
“അതെ… കഴിഞ്ഞ മാസം ഒരു ദിവസം മോൾ ട്യുഷന് ചെല്ലുമ്പോൾ ടീച്ചർ ഉണ്ടായിരുന്നില്ല… അന്ന് നല്ല മഴ ഉള്ള ദിവസം ആയിരുന്നു… കുട്ടിയെ ടീച്ചർ ഇപ്പോൾ വരുമെന്ന് പറഞ്ഞു അനന്ദു അകത്തേക്ക് വിളിച്ചു… അവൻ അവൾക്ക് എന്തോ ജ്യൂസ് കൊടുത്തത് വരയെ അവൾക്ക് ഓർമ്മയിൽ ഒള്ളു… സാധാരണ ട്യുഷൻ കഴിയുന്ന സമയമായപ്പോൾ അവളുടെ മുഖത്ത് വെള്ളം വീണപ്പോൾ ആണ് മയക്കം വിട്ട് കുട്ടി എഴുന്നേറ്റത്… തന്റെ വസ്ത്രങ്ങൾ അലസമായി കിടക്കുന്നതുകണ്ട അവൾ പേടിച് എഴുന്നേറ്റു അപ്പോൾ അവൾക്ക് മനസ്സിലായി താൻ പീടിക്കപ്പെട്ടു എന്ന്… അവൾ ഒരുപാട് കരഞ്ഞു.. അവൻ ഭീഷണി മുഴക്കി ഈ പാവത്തെ പേടിപ്പിച്ചു നിർത്തി… പിന്നീട് അവൾ ട്യുഷനും പോയിട്ടില്ലല്ലോ..”
എല്ലാം കേട്ടിരുന്ന ശാരദ ശരണ്യയുടെ നേരെ നോക്കി.. അവൾ വേഗം എണീറ്റ് വന്ന് അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു…
അവൾ പറഞ്ഞതൊക്കെ സത്യമാണെന്നു ശാരദക്ക് തോന്നി… കുറേ ദിവസം ആയി അവൾ ട്യുഷനു പോയിട്ട്.. താൻ കുറേ വാഴക്കു പറഞ്ഞു.. പ്രോജെക്ട് അസൈൻമെന്റ് തുടങ്ങി ഒരോ കാരണങ്ങൾ പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി… അതിനൊക്കെ കാരണം ഇതായിരുന്നു…
“എന്താ നിങ്ങടെ തീരുമാനം…ഈ കുഞ്ഞിന്റെ ഭാവി കളയണോ…”
ശാരദ ശരണ്യയെ നോക്കി…
“അവളെ നോക്കേണ്ട… അവൾക്കു ഒന്നും അറിയില്ല… നിങ്ങൾ അവളുടെ അമ്മ അല്ലേ തീരുമാനം നിങ്ങടെ ആവട്ടെ…”
“മോളെ… ഈ അമ്മ എന്ത് ചെയ്യണം..”
ശാരദ വീണ്ടും ശരണ്യയെ കെട്ടിപിടിച്ചു കരഞ്ഞു…
“ഞാനും നിസ്സഹായ ആണ്… ഒരു ജീവൻ ഇല്ലാതാക്കാൻ ഒരു ഡോക്ടർ ഒരിക്കലും പറയാൻ പാടില്ലാത്തതാണ്… പക്ഷെ ഈ അതാണ് ഉചിതം…”
“ഡോക്ടർ ഞങ്ങളെ സഹായിക്കണം.. ഇതൊന്ന് ഇല്ലാതാക്കി തരണം പ്ലീസ്…”
“നിങ്ങളുടെ ഭർത്താവ് വന്നിട്ടില്ലേ അദ്ദേഹം കൂടി അറിയണം കാര്യങ്ങൾ… വിളിക്കു അയാളെ..”
“ഡോക്ടറെ അയാൾ അറിഞ്ഞാൽ എന്നെ ആദ്യം കൊല്ലും…”
“എന്തായാലും കുട്ടിയുടെ അച്ഛൻ അല്ലേ… ഞാൻ വിവരങ്ങൾ അദ്ദേഹത്തെ അറിയിക്കാം… എന്നിട്ട് ഞാനൊരു ഡോക്ടറുടെ നമ്പർ തരാം… അയാളെ വിളിച്ച് ഞാൻ വിവരങ്ങൾ എല്ലാം പറഞ്ഞേക്കാം… നല്ലൊരു മോളുടെ ജീവിതം കളയേണ്ട…”
ശാരദ ശരണ്യയെ കൂട്ടി പുറത്തേക്കു ഇറങ്ങി… സുകുമാരൻ ഡോക്ടറു ടെ മുറിയിലേക്കും..
കുറച്ച് സമയത്തിന് ശേഷം പുറത്ത് വന്ന സുകുമാരൻ വേഗം ഹോസ്പിറ്റലിന് പുറത്തേക്കു പോയി…
പാതിരാത്രിയിൽ എന്ത് ചെയ്യണം എന്നറിയാതെ രണ്ട് പെൺകുട്ടികളെയും കൊണ്ടു നിസ്സഹായ ഒരമ്മ പൊട്ടിക്കരഞ്ഞു..
ഇതെല്ലാം കണ്ട ആ ഡോക്ടർ പുറത്തേക്കു വന്ന് തന്റെ കാറിന്റെ കീ സെക്യുരിറ്റിയെ ഏല്പിച്ചു..
“ഇയാൾ നിങ്ങളെ വീട്ടിൽ ആക്കും.. രാവിലെ ഞാൻ തന്ന നമ്പറിൽ വിളിച്ചു കുട്ടിയേയും കൊണ്ട് പോവണം… എനിക്കറിയാം നൊന്തു പ്രസവിച്ച ഒരമ്മയുടെ വേദന എത്ര എന്ന്.. ”
പിറ്റേന്ന് രാവിലെ ഡോക്ടർ കൊടുത്ത നമ്പറിൽ വിളിച്ചു ശാരദ ശരണ്യയെയും കൊണ്ടു പോയി… അദ്ദേഹം ഒരു ഗവണ്മെന്റ് ഡോക്ടർ ആയിരുന്നു… ഡോക്ടർ ഒരു തുക ഫീസ് ആയി ചോദിച്ചു… അവൾ വേഗം തന്റെ കാതിൽ കിടന്ന കമ്മൽ ഊരി അവിടെ കണ്ട സ്വർണ്ണക്കടയിൽ വിറ്റ് ആ കാശ് ഡോക്ടറെ ഏല്പിച്ചു… പിന്നെ വൈകാതെ തന്നെ അവരോട് ഹോസ്പിറ്റലിലേക്ക് ചെല്ലാൻ പറഞ്ഞു..
പ്രസവമുറിയിലെ ടേബിളിൽ കാലുകൾ അകത്തി കിടക്കാൻ വിസമ്മതിച്ച ശരണ്യയോട് നേഴ്സ്മാർ വളരെ മോശമായി സംസാരിച്ചു.. തന്റെ ഉദരത്തിൽ പിറന്ന ആ കുഞ്ഞ് ജീവനെ ഡോക്ടർ കത്രിക കൊണ്ടു ചുരണ്ടി എടുത്തപ്പോൾ വേദനകൊണ്ട് അവൾ അലറികരഞ്ഞു…
“സുഖിക്കാൻ പോകുമ്പോൾ ഇവളൊന്നും ഒന്നും ഓർക്കില്ല എന്നിട്ടിപ്പോ കാറി പൊളിക്കുന്നു.. അടങ്ങി കിടക്കു പെണ്ണെ.. ”
കുറച്ച് സമയത്തിന് ശേഷം വാർഡിൽ കൊണ്ടുവന്നു കിടത്തിയ ശരണ്യ വാടി തളർന്നിരുന്നു… അവൾ അമ്മയെ കെട്ടിപിടിച്ച് ഒരുപാട് കരഞ്ഞു…
കുറച്ച് ദിവസം കഴിഞ്ഞപ്പോളേക്കും അവൾ എല്ലാം മറന്ന് തുടങ്ങി.. സുകുമാരൻ ഇടക്കൊക്കെ ശാരദയെ കുറ്റപ്പെടുത്തി കൊണ്ടു തന്നെ ഇരുന്നു…
ശരണ്യ ഡിഗ്രിയും പിജിയും കഴിഞ്ഞപ്പോൾ എം ബി എ ക്ക് പോണമെന്നു വാശി പിടിച്ചപ്പോൾ നാട്ടിൽ എന്തേലും ജോലിനോക്കാം എന്ന് പറഞ്ഞതാണ്… പക്ഷെ അവൾക്ക് ഒരേ വാശി… അങ്ങനെയാണ് അവളെ ബാംഗ്ലൂരിൽ എം ബി എ പഠിക്കാൻ ചേർത്തത്… അന്ന് അനന്ദു അവിടെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു… തനിക്ക് അത് അറിയില്ലായിരുന്നു… കുറച്ചു മാസങ്ങൾക്ക് ശേഷമാണ് അറിയുന്നത് ശരണ്യ അനന്ദുവുമായി അടുപ്പത്തിൽ ആണെന്ന്.. ഒരുപാട് പറഞ്ഞു നോക്കി പക്ഷെ അവൾ സമ്മതിച്ചില്ല… അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ഫോട്ടോ അവൾ ശില്പയുടെ ഫോണിലേക്ക് അയച്ചു.. അനന്ദു ശരണ്യയുടെ കഴുത്തിൽ താലി കെട്ടുന്നത്… ഒരമ്മ തകർന്നുപോയ നിമിഷങ്ങൾ…
എന്നിട്ടും ക്ഷെമിച്ചു അവളെ വീണ്ടും വിളിച്ച് കൊണ്ടു വന്നു… പഠിത്തം പക്ഷെ അവൾ കളഞ്ഞില്ല… നല്ലൊരു ജോലിയും കിട്ടി… പക്ഷെ വിവാഹം കഴിഞ്ഞു മൂന്ന് വർഷമായിട്ടും കുട്ടികൾ ഇല്ല…
ഇന്നവൾ തന്നെ വിളിച്ചു പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും ശാരദയിൽ വേദന ഉളവാക്കുന്നത് ആണ്..
“എനിക്കോ പക്വത ഇല്ലായിരുന്നു അന്ന്… അമ്മ അനന്ദുവേട്ടന്റെ വീട്ടിൽ ഒന്ന് സംസാരിച്ചിരുന്നു എങ്കിൽ ഞങ്ങൾക്ക് ഞങ്ങടെ കുഞ്ഞിനെ നഷ്ടമാകുമായിരുന്നോ.. അതെങ്ങനെ എല്ലാം അമ്മയുടെ ഇഷ്ടം അല്ലേ… അച്ഛൻ അന്നും പറഞ്ഞു എന്നെ അനന്ദുവേട്ടന്റെ വീട്ടിൽ കൊണ്ടാക്കാം എന്ന്.. അപ്പോൾ അമ്മക്ക് വാശി പഠിപ്പിച്ച് ജോലിക്കാരി ആക്കി ആ ചിലവിൽ സുഖിച്ചു ജീവിക്കണം എന്ന്… അമ്മയുടെ വ്യാമോഹം നഷ്ടപ്പെടുത്തിയത് എനിക്ക് എന്റെ കുഞ്ഞിനെയാണ്…”
ശാരദ വീണ്ടും പൊട്ടിപ്പൊട്ടികരഞ്ഞു.. ഞാനാണോ.. ഞാനാണോ എന്റെ മോൾക്ക് കുഞ്ഞുണ്ടാവാത്തതിന് കാരണം…
“അമ്മേ… അമ്മ ഇപ്പോളും കരച്ചിൽ ആണോ…”
ശില്പ അമ്മയുടെ തേങ്ങൽ കേട്ടാണ് മുറിയിലേക്ക് വന്നത്…
“മോളെ ഈ അമ്മ ജീവിച്ചത് നിങ്ങൾക്ക് വേണ്ടി അല്ലേ.. എന്നിട്ടും..”
“സാരമില്ല… അവള് വിഷമം കൊണ്ടു പറഞ്ഞതാവും… ഇനി ഈ കാരണത്താൽ അമ്മ കരയരുത്… ഇതെന്റെ അപേക്ഷ ആണ്… അമ്മക്ക് ഒരു മകൾ കൂടി ഇല്ലേ…”
ശില്പ അമ്മയെ കെട്ടിപിടിച്ചു….
ജോളി ഷാജി… ✍️