“ഓ നിന്റെ മറ്റവൻ ഇപ്പൊ നാട്ടിൽ ഇല്ലല്ലോ അല്ലേ… ഉണ്ടാരുന്നെങ്കിൽ അവനെ സുഖിപ്പിക്കാൻ വാങ്ങുമായിരുന്നല്ലോ…”    ‘സത്യേട്ടൻ എന്തിനാ ആവശ്യമില്ലാത്ത

മണൽക്കാട്ടിലെ മഴപ്പാറ്റകൾ
രചന: Jolly Shaji

***************************

പ്രവാസത്തിന്റെ പൊള്ളുന്ന ഏകാന്തതയിൽ നിന്നും ഒരുപാട് പ്രതീക്ഷയോടെയാണ് ജാനി എയർപോർട്ടിൽ കാലുകുത്തിയത്… രണ്ടുവർഷമെത്തി വരികയാണ് നാട്ടിലേക്ക്…. ഇനിയുമൊരു തിരിച്ചുപോക്ക് ഒരിക്കലും ആഗ്രഹിക്കാതെയാണ് ജാനിയുടെ വരവ്… നീണ്ട പതിനെട്ടു വർഷത്തെ പ്രവാസത്തിൽ ജാനിക്ക് ഒരുപാട് സ്വപ്‌നങ്ങൾ പൂവണിയിക്കുവാൻ സാധിച്ചു…. രണ്ടുപെൺകുട്ടികളെയും അത്യാവശ്യം നല്ലരീതിയിൽ പഠിപ്പിക്കാനും വിവാഹം കഴിപ്പിക്കാനും സാധിച്ചു.. മകനെ വിസയെടുത്തു ഗൾഫിലേക്ക് കൊണ്ടുവരാനും സാധിച്ചു… പക്ഷേ ഒരിക്കൽ പോലും അവൻ താൻ ജോലിചെയ്യുന്നിടത്തു വന്നു തന്നെയൊന്നു കാണാത്തതാണ് ഏറ്റവും വലിയ വിഷമം…
തനിക്ക് ലീവ് കിട്ടുമ്പോൾ മകന് ലീവ് കാട്ടാത്തത് കൊണ്ട് അവന്റെ കല്യാണം കൂടാൻ പറ്റാത്തതും ജാനിയുടെ സങ്കടങ്ങൾക്കു കാരണമാണ്…. മകൻ പ്രവാസി ആയപ്പോൾ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങാൻ ജാനി തീരുമാനിച്ചതാണ് പക്ഷേ ഭർത്താവ് സമ്മതിക്കാത്തതിനാൽ ജാനി ഇന്നും പ്രവാസിയാണ്…

ചെക്കിങ് കഴിഞ്ഞു പെട്ടിയുമായി പുറത്തേക്ക് നടക്കുമ്പോൾ ജാനിയുടെ കണ്ണുകൾ തന്നേ സ്വീകരിക്കാൻ വന്നിരിക്കുന്ന പ്രിയപ്പെട്ടവരെ തിരയുകയായിരുന്നു… ദൂരെനിന്നും നടന്നു വരുന്ന ഭർത്താവിനെ കണ്ടപ്പോൾ അവൾക്ക് ആശ്വാസം തോന്നി…

“ഞാൻ എത്ര നേരം ആയെന്നോ ഇവിടെ കുത്തിപ്പിടിച്ചു നിൽക്കുന്നത്… നേരത്തെ വരാൻ പറഞ്ഞിട്ടല്ലേ ഞാൻ ഇവിടെ കാത്തുകെട്ടി കിടക്കേണ്ടി വന്നത്…”

“സത്യേട്ടാ ഫ്‌ളൈറ്റ് ലേറ്റ് ആയത് എന്റെ കുഴപ്പമാണോ…. എവിടെ മക്കളൊക്കെ…”

“ഓ അവരാരും വന്നട്ടില്ല ഞാൻ ഒറ്റക്കാണ് വന്നത്… ”

“അപ്പൊ സൂര്യമോൾ കുഞ്ഞിനേയും കൊണ്ട് വരുമെന്ന് കണ്ണൻ വിളിച്ചപ്പോൾ പറഞ്ഞല്ലോ….”

“ഓ അവളെങ്ങും വന്നില്ല… കുഞ്ഞിനെയും കൊണ്ട് യാത്ര വയ്യെന്ന്..”

“അത്രേ ഉള്ളു മക്കൾക്ക്‌ അമ്മയെ കാണാനുള്ള ആകാംഷ..”

ജാനി നെടുവീർപ്പിട്ടു…

“നീ കുപ്പി വാങ്ങിയില്ലേ..”

“ഇല്ല..”

“അതെന്താ ഞാൻ പറഞ്ഞതല്ലേ വാങ്ങണമെന്ന്…”

“എനിക്കെന്തോ പുറത്തേക്ക് വരുമ്പോൾ ഒരു അസ്വസ്ഥത പോലെ അതുകൊണ്ട് ഡ്യൂട്ടിപെയ്ഡിൽ കേറിയില്ല….”

“ഓ നിന്റെ മറ്റവൻ ഇപ്പൊ നാട്ടിൽ ഇല്ലല്ലോ അല്ലേ… ഉണ്ടാരുന്നെങ്കിൽ അവനെ സുഖിപ്പിക്കാൻ വാങ്ങുമായിരുന്നല്ലോ…”

‘സത്യേട്ടൻ എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നത്…. രാമേട്ടൻ എന്റെ അപ്പച്ചിയുടെ മോനാണ്… എന്റെ സ്വന്തം ഏട്ടനെപ്പോലെ തന്നേ… ”

“ജാനി എടോ..”

പിന്നിൽ നിന്നും ആരുടെയോ വിളികേട്ട ജാനി തിരിഞ്ഞു നോക്കി..

“ജോസഫ്..”

അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…

“എടോ തനിക്കെന്നെ മനസ്സിലായില്ലേ… ഞാൻ ജോസഫ് ആണ്..”

“ഉവ്വ്… പെട്ടന്ന് കണ്ടപ്പോൾ… ഇവിടെ പ്രതീക്ഷ ഇല്ലല്ലോ…”

“ആ ഞാൻ മോളെ കയറ്റിവിടാൻ വന്നതാണ്…”

“മോളെവിടെയാ..”

“മൂത്തയാൾ ആണ്… അവൾ സിങ്കപ്പൂർ ആണ്… ”

“അപ്പോൾ കുടുംബം ”

“അവൾ വന്നില്ല… കഴിഞ്ഞദിവസം ഒന്ന് വീണു.. കാലിൽ ചെറിയ ഫ്രാക്ച്ചർ ഉണ്ട്‌ അവൾക്ക് കൂട്ടിന് ഇളയ മോളെയും ആക്കിയാണ് പോന്നത്…താൻ ഇനി തിരിച്ചു പോകുന്നോ..”

“തീരുമാനിച്ചില്ല… മടുത്തു പ്രവാസം..”

“പ്രാരാബ്ദങ്ങൾ കഴിഞ്ഞില്ലേടോ ഇനി കുറച്ച് റസ്റ്റ്‌ എടുക്കു…”

അവൾ മെല്ലെ ചിരിച്ചു..

“നീ വരുന്നുണ്ടോ വണ്ടി വെയിറ്റ് ചെയ്യുവാണ്‌..”

സത്യന്റെ സംസാരം അല്പം നീരസം കലർന്നതായിരുന്നു…

“ജാനി ചെല്ല് ഞാൻ വിളിക്കാം…”

ജോസഫ് അവളോട്‌ പൊയ്ക്കോളാൻ പറഞ്ഞപ്പോൾ അവൾ തലകുലുക്കി സത്യന് പിന്നാലെ നടന്നു…

പാർക്കിംഗ് ഏരിയയിൽ കിടന്ന ഓട്ടോറിക്ഷയിലേക്ക് സത്യൻ പെട്ടിയും ബാഗും എടുത്തു വെക്കുന്നത് കണ്ടപ്പോൾ ജാനിയുടെ ഉള്ളിൽ ഒരു നൊമ്പരം അനുഭവപ്പെട്ടു… ആരും കാണാതെ നിറഞ്ഞു വന്ന കണ്ണുകൾ അവൾ തുടച്ചു…

രണ്ടുവർഷമെത്തി നാട്ടിൽ എത്തുന്ന പ്രവാസിയെ സ്വീകരിക്കാൻ മക്കൾ ഇല്ല, വീട്ടിലേക്കു പോകുവാൻ ഒരു ഓട്ടോറിക്ഷ… ഓർക്കും തോറും അവളുടെ കണ്ണുകൾ ഈറനണിഞ്ഞു….

രണ്ട് രണ്ടര മണിക്കൂർ യാത്രക്ക് ശേഷം സ്വന്തം വീടിന്റെ മുന്നിലെത്തിയ ജാനി കണ്ടത് ഇരുളിൽ മുങ്ങിയ വീടും അടച്ചിട്ട വാതിലുമാണ്…

“ശ്രീക്കുട്ടിയും, പാറുവും എവിടെ ഇവിടെ ആരെയും കാണുന്നില്ലല്ലോ…”

“അവരൊക്കെ ഉറങ്ങിക്കാണും സമയം ഇപ്പോൾ ഒരു മണി കഴിഞ്ഞില്ലേ…”

വാതിൽ തുറന്ന് ജാനിയും സത്യനും അകത്തു കടന്നിട്ടും ആരും എഴുന്നേറ്റു വന്നില്ല… പെട്ടിയൊക്കെ ഹാളിൽ ഒതുക്കിവെച്ചു ജാനി വേഗം കുളിച് അടുക്കളയിൽ കയറി നോക്കി… രാത്രി ഭക്ഷണം കഴിച്ച പാത്രങ്ങൾ നിരന്നു കിടപ്പുണ്ട് സ്ലാബിൽ… കഞ്ഞിക്കലം തുറന്ന് നോക്കിയപ്പോൾ അടിയിൽ അല്പം വറ്റ് മാത്രം കിടപ്പുണ്ട്… കറിച്ചട്ടിയൊക്കെ കാലിയായി ഇരിപ്പുണ്ട്..
പൈപ്പിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് കുടിച്ച ജാനി ഹാളിൽ വന്നപ്പോൾ സത്യൻ സെറ്റിയിൽ കിടന്ന് കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ട്.. ആകെയുള്ള മൂന്നു മുറിയിലും മക്കൾ സ്ഥാനം പിടിച്ചെന്നു മനസ്സിലാക്കിയ ജാനി അടുക്കളയോട് ചേർന്നുള്ള കൊച്ചു മുറിയിൽ ഒരു ബെഡ് ഷീറ്റ് വിരിച്ചു കിടന്നു….

ഹാളിൽ മുട്ടലും തട്ടലും കേട്ടാണ് ജാനി കണ്ണുതുറന്നത്… അവൾ എണീറ്റു ഹാളിലേക്ക് ചെന്നു… പെട്ടി പൊട്ടിക്കലിന്റെ ബഹളം ആണ് ഹാളിൽ…

“അമ്മ എണീറ്റാരുന്നോ.. ഷീണം ഉണ്ടാവും ഉറങ്ങിക്കോട്ടെ എന്നോർത്താണ് വിളിക്കാതിരുന്നത്…”

മൂത്തമോൾ ശ്രീകല ആണ്…

“ഈ അമ്മയോട് കഴിഞ്ഞപ്രാവശ്യം ഞാൻ പറഞ്ഞതല്ലേ സോപ്പ് ഡോവ് വേണ്ടെന്ന്‌… ഇപ്രാവശ്യം അത് തന്നേ വാങ്ങി..”

ഇളയ മകൾ പാർവതിയുടെ പരാതി..

“സൂര്യയും കുഞ്ഞും എവിടെ…”

“ഓ അവള് എണീക്കാൻ സമയം ആയില്ല…”

ജാനി ക്ലോക്കിൽ നോക്കി സമയം 9.51…

“ഇത്രയും നേരം ഉറക്കമോ…”

“അവളുടെ സമയം പതിനൊന്ന് ആണ്… ആ പതുക്കെ എണീറ്റാൽ മതിയല്ലോ… സ്വന്തം വീട്ടിൽ അവൾ അങ്ങനെ ആണ്… വല്ലപ്പോഴും വരുമ്പോൾ ഇവിടെയും പതിവ് തെറ്റിക്കാറില്ല…”

ജാനി അടുക്കളയിൽ കയറി നോക്കി… തലേന്നത്തെ പാത്രങ്ങൾ അങ്ങനെ തന്നേ കിടപ്പുണ്ട്.. രാവിലെ പാല് തിളപ്പിച്ച പാത്രം സ്റ്റൗവിൽ ഇരിപ്പുണ്ട് പക്ഷേ പാല് ഉണ്ടായിരുന്നില്ല…

“ശ്രീക്കുട്ടി രാവിലത്തേക്ക് ഭക്ഷണം ഉണ്ടാക്കേണ്ടേ…”

“പുട്ടുപൊടി ഉണ്ടെന്ന് തോന്നുന്നു… സ്റ്റോറിൽ പഴവും ഉണ്ടാവും… അമ്മ ഇത്തിരി പുട്ട് ഉണ്ടാക്കൂ… കുറേ ആയില്ലേ അമ്മയുടെ കൈകൊണ്ടു ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട്….”

“കുറേ നാളെത്തി സ്വന്തം വീട്ടിൽ വിശ്രമിക്കാൻ എത്തിയ അമ്മ നിങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി തരണം അല്ലേ…”

ജാനിയുടെ ചോദ്യത്തിന് ആർക്കും മറുപടി ഉണ്ടായില്ല.. അവൾ അടുക്കളയിൽ കയറി പ്രഭാത ഭക്ഷണം ഉണ്ടാക്കി… അപ്പോളേക്കും സൂര്യ കുഞ്ഞിനെയും കൊണ്ട്ഹാളിലേക്ക് വന്നു… ഒരേയൊരു മകന്റെ പൊന്നോമന കുഞ്ഞിനെ ആദ്യമായി കണ്ട ജാനി കുഞ്ഞിനെ സൂര്യയിൽ നിന്നും മേടിക്കാൻ കൈകൾ നീട്ടി… പക്ഷേ അവൾ കുഞ്ഞിനേയും കൊണ്ട് മാറിപ്പോയി…

“അമ്മ അടുക്കളയിൽ ജോലി ചെയ്തു വിയർത്തതല്ലേ കുളിച്ചിട്ടു വന്ന് എടുക്കാം കുഞ്ഞിനെ..”

ജാനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… കുഞ്ഞിനെ ഒന്നെടുക്കാൻ കൊതിയോടെ എത്തിയതാണ് താൻ…

അവൾ വേഗം അടുക്കളയിലേക്ക് തന്നെ കയറി… ഉച്ചക്കത്തേക്കുള്ള ചോറും കറികളുമൊക്കെ ഉണ്ടാക്കി കുളിച്ചിട്ടു വന്നപ്പോളേക്കും മക്കളൊക്കെ ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു…
അടുക്കളയിൽ പോയിരുന്നു രണ്ടുവറ്റു ചോറ് വാരി വായിൽ വെച്ചിട്ട് അവൾക്ക് ഇറങ്ങിപോകുന്നില്ല… സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി…

പാത്രങ്ങളൊക്കെ ഒതുക്കി മുൻവശത്തേക്ക് വന്നപ്പോൾ മക്കളൊക്കെ പോകാൻ തയ്യാറായി നിൽക്കുന്നു..

“ഇതെന്താ നിങ്ങൾ പോകുവാണോ ഇപ്പൊ തന്നേ…”

“പിന്നെ പോവാതെ…. കെട്ടിച്ചു വിട്ടാൽ പിന്നേം വീട്ടിൽ വന്ന് കിടക്കാൻ പറ്റുമോ… അല്ലേ ചേച്ചി..”

പാർവതി ചെറിയ ചിരിയോടെ പറഞ്ഞ് സൂര്യയെ നോക്കി… സൂര്യയും നല്ല ഡ്രെസ്സിൽ ആയിരുന്നു…

“സൂര്യമോൾ എന്താ നല്ല ഡ്രെസ്സിൽ…”

“വീട്ടിൽ നിന്ന് അച്ഛൻ വരും എന്നെ ക്കൊണ്ടുപോകാൻ… കുഞ്ഞിന്റെ സാധനങ്ങൾ ഒന്നും ഞാൻ കൊണ്ടുവന്നില്ല..”

“ഓഹോ അപ്പോൾ എല്ലാവരും വന്നത് അമ്മ ജീവനോടെയാണോ വന്നതെന്ന് അറിയാൻ മാത്രമാണല്ലേ….”

കൂടുതൽ ഒന്നും സംസാരിക്കാതെ അവൾ അകത്തേക്ക് പോയി… താൻ കൊണ്ടുവന്ന പെട്ടിയും ബാഗുമെല്ലാം തുറന്ന് തന്റെ തുണികൾ മാത്രം വലിച്ചുവാരി ഇട്ടിട്ടുണ്ട്…. സാധനങ്ങൾ എല്ലാം വീതം വെച്ചെടുത്തു അവർ പോയിരിക്കുന്നു…

പ്രവാസത്തിന്റെ ഏകാന്തതയേക്കാൾ പ്രിയപ്പെട്ടവരുടെ ഒറ്റപ്പെടുത്തൽ അവളെ ഒരുപാട് വേദനിപ്പിച്ചു… ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു… ചിട്ടിപൈസയും ലോണുമൊക്കെ അടക്കേണ്ട ദിവസം എത്തി…

“സത്യേട്ടാ ഇന്നല്ലേ ലോൺ പൈസയും ചിട്ടിയുടെ പൈസയും കൊടുക്കേണ്ടത്…”

“അതേ കൊടുക്കണം.. കൊടുത്തേക്കു…”

“അക്കൗണ്ടിൽ ബാലൻസ് എത്ര ഉണ്ട്‌…”

“ബാലൻസോ… നീ അയക്കുന്ന പിച്ചക്കാശ് കൊണ്ട് ഒരുമാസം ഒപ്പിക്കുന്ന ബുദ്ധിമുട്ട് എനിക്കല്ലേ അറിയൂ…”

“പിന്നെങ്ങനെ ക്യാഷ് കൊടുക്കും…”

“നിന്റെ സംബന്ധക്കാരൻ ഉണ്ടല്ലോ ഒരുത്തൻ.. നീ വരുന്നത് അറിയിച്ച് എയർപോർട്ടിൽ കാത്തു നിന്നവൻ…. അവനോടു കുറച്ച് പണം തരാൻ പറയ്‌….”

“ഏട്ടാ അനാവശ്യം പറയരുത്… എന്റെ കൂടെ ഒന്നാം ക്ലാസ്സ്‌ മുതൽ ഒരുമിച്ച് പഠിച്ചതാണ് ജോസഫ്… ഇടയ്ക്കു വീട്ടിൽ ചെല്ലുമ്പോൾ കാണാറും ഉണ്ട്‌…വല്ലപ്പോഴും ഒന്ന് വിളിച്ചു വിശേഷങ്ങൾ പറയും…അതിലപ്പുറം ആരും അല്ല എനിക്കയാൾ… നല്ലൊരു സുഹൃത്തു മാത്രം…”

“എന്നിട്ടാണോടി നിന്നെക്കാണാൻ വന്നത്….”

“കഷ്ടം… അയാളുടെ മകളെ യാത്രയാക്കാൻ വന്നതായിരുന്നു…. വെറുതെ ഒരു പാവത്തിനെ എന്തിനാ ഇങ്ങനൊക്കെ പറയുന്നത്…”

“എന്തായാലും നിന്നിൽ അവനൊരു കണ്ണുണ്ടെന്നു എനിക്ക് തോന്നി…”

സത്യന്റെ വാക്കുകൾ അവളെ ഒരുപാട് വേദനിപ്പിച്ചെങ്കിലും അവളിൽ ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു… ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താൻ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ…

മക്കളോടും കൂടെപ്പിറപ്പുകളോടും ക്യാഷ് ചോദിച്ചിട്ട് കിട്ടാതായപ്പോൾ അവസാനം മനസ്സില്ലാമനസ്സോടെ അവൾ ജോസഫ്നെ വിളിച്ചു…

“ഹലോ ജോസഫ് ഞാൻ ജാനിയാണ്…”

“എന്തുപറ്റിയെടോ വിളിക്കാൻ തോന്നിയത്… നാട്ടിൽ വന്ന് മക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പം അടിച്ച് പൊളിക്കുന്നതിനിടക്ക് നമ്മളെയൊക്കെ ഓർത്തോ…”

“നല്ല കാര്യായി മക്കളൊക്കെ ഞാൻ വന്നപ്പോൾ കൊണ്ടുവന്നതൊക്കെ പങ്കിട്ടെടുത്തു അപ്പോൾ തന്നേ പോയതാണ് പിന്നിങ്ങോടു വന്നിട്ടേയില്ല…”

“സാരമില്ലെടോ അവർക്കൊക്കെ കുടുംബം ഉള്ളതല്ലേ… തന്റെ കൊച്ചുമോൻ എന്ത് പറയുന്നു…”

“ജോസഫ്… എന്നേ അതൊന്നും ഓർമ്മിപ്പിക്കല്ലേ…. അതിനെയൊന്നു എടുക്കാൻ പോലും എനിക്ക് കിട്ടിയില്ല…. അവൾ അവളുടെ വീട്ടിലാണ്…”

“ഓഹോ…. എനിക്കറിയില്ലാരുന്നടോ.”

“ഞാൻ ഇപ്പോൾ വിളിച്ചത് ഒരു സഹായം ചെയ്യുമോ എന്നറിയാനാണ്… ബുദ്ധിമുട്ടിക്കുന്നതിൽ വിഷമം ഉണ്ട്‌ എന്നാലും എന്റെ അവസ്ഥ അങ്ങനെയാണിപ്പോ…”

“താൻ കാര്യം പറയെടോ…”

“എനിക്ക് കുറച്ച് ക്യാഷ് വേണമായിരുന്നു… ഈ മാസത്തെ ശമ്പളം കിട്ടാതായപ്പോൾ എന്റെ ലോണും ചിട്ടിയുമൊക്കെ പെന്റിങ് ആയി… ഞാൻ അവിടെ എത്തി രണ്ടോ മൂന്നോ തവണയായി തിരികെ തരാം പണം…”

“ഇതിനാണോ താനിത്ര എളിമ കാണിച്ചത് അക്കൗണ്ട് നമ്പർ താടോ ക്യാഷ് ഞാൻ ഇടാം…”

“ഒരുപാട് നന്ദി ജോസഫ്…”

“എന്തിനാടോ നന്ദിയൊക്കെ പറഞ്ഞ് എന്നേ അന്യൻ ആക്കുന്നത് തന്റെ കൂടെപ്പിറപ്പിനോട് ചോദിച്ചെന്നു കരുതിയാൽ മതി…”

ഫോൺ കട്ട് ചെയ്ത ജാനി പൊട്ടിക്കരഞ്ഞു സന്തോഷത്തോടെയുള്ള അവളുടെ കരച്ചിൽ ആയിരുന്നു അത്… ഒരമ്മയുടെ വയറ്റിൽ പിറക്കാതെയും കൂടെപ്പിറപ്പിനെ കിട്ടുമെന്ന് അവൾ മനസ്സിലാക്കി…

പിന്നീടുള്ള ദിവസങ്ങൾ ജാനിക്ക് വിരസതയുടെ ദിനങ്ങൾ ആയിരുന്നു..
രണ്ടുമാസത്തെ ലീവ് ആണ് അറബി തന്നിരിക്കുന്നത്…. തിരിച്ചു പോകേണ്ട എന്നായിരുന്നു പോരും മുൻപ് ഓർത്തത്…പക്ഷെ ഇപ്പോൾ എങ്ങനെയും തിരിച്ചുപോയാൽ മതിയെന്നായി… താൻ നോക്കുന്ന അറബിക്കുട്ടികൾക്കാണ് തന്റെ മക്കളെക്കാൾ സ്നേഹം…

അവൾ അറബിക്കു മെസ്സേജ് അയച്ചു റിട്ടേൺ ടിക്കറ്റ് അയക്കാൻ പറഞ്ഞു…
പിറ്റേന്ന് അറബി ടിക്കറ്റ് ഡീറ്റെയിൽസ് അയച്ചു….
നാലു ദിവസം മാത്രം തിരികെ പോകാൻ… ജാനി ശ്രീക്കുട്ടിയെയും പാറുവിനെയും സൂര്യയെയും വിളിച്ച് ടിക്കറ്റ് റെഡിയായി എന്ന് പറഞ്ഞു…

പോകുന്നതിന്റെ തലേന്ന് മക്കൾ വന്നു…

“അമ്മ പെട്ടിയൊക്കെ റെഡിയാക്കിയോ…”

“എന്ത് റെഡിയാക്കാൻ എന്റെ ഡ്രസ്സ് മാത്രം അല്ലേ കൊണ്ടുപോകാൻ ഒള്ളു അതെടുത്തു വെക്കണം….”

“അല്ലെങ്കിൽ ഇപ്പൊ എന്ത് കൊണ്ടുപോകാൻ അറബി വീട്ടിൽ എല്ലാം കിട്ടുന്ന അമ്മക്ക് പ്രത്യേകിച്ച് ഒന്നും കൊണ്ടുപോകേണ്ടല്ലോ..”
“അമ്മേ ദേ ഈ പാക്കറ്റ് കൂടി വെച്ചോളൂ ഏട്ടൻ എയർപോർട്ടിൽ വന്ന് വാങ്ങിക്കോളും…”

സൂര്യ അത്യാവശ്യം വലിയൊരു പൊതി ജാനിയെ ഏല്പിച്ചു…

“എന്താ മോളെ ഇതിൽ.. ഇത് വാങ്ങാൻ എയർപോർട്ടിൽ വരുമ്പോൾ അവന് നാണമാകില്ലേ…. ഗദ്ദാമയായ അമ്മയെ കാണാൻ…”

“അതൊന്നും എനിക്കറിയില്ല… എന്നോട് ഇത്തിരി അച്ചാറും, ചിപ്സുമൊക്കെ കൊടുത്തുവിടാൻ പറഞ്ഞു ഞാൻ അത് കൊണ്ടുവരികയും ചെയ്തു…”

ജാനിക്ക് വിഷമം തോന്നി… നാട്ടിൽ നിന്നും പോകുന്ന തനിക്ക് കൊണ്ടുപോകാൻ ഒന്നുമില്ല… അവിടുത്തെ മക്കൾ എന്ത് കൊണ്ടുവന്നു എന്ന് ചോദിച്ചാൽ താൻ എന്ത് പറയും….

പെട്ടെന്ന് ഫോൺ ബെല്ലടിച്ചു…

“ഹലോ ആരാണ്…”

“ജാനിചേച്ചി അല്ലേ ഞാൻ ജോസഫിന്റെ ഭാര്യയാണ് ആൻസി…”

“ആഹാ… എന്താ ആൻസി വിളിച്ചത്… എന്തുണ്ട് വിശേഷങ്ങൾ..”

“ചേച്ചി നാളെയല്ലേ പോകുന്നത്… ചേട്ടൻ പറഞ്ഞിരുന്നു… പാക്കിങ് ഒക്കെ കഴിഞ്ഞോ….”

“ഓ പ്രത്യേകിച്ച് പാക്കിങ് ഒന്നുമില്ല ആൻസി…”

“ഇതെന്റെ നമ്പർ ആണ് ഇടയ്ക്കു വിളിക്കണം അടുത്ത തവണ വരുമ്പോൾ കാണാം കേട്ടോ…”

ആൻസി ഒരുപാടു സന്തോഷത്തോടെ ഒരു കൂടെപ്പിറപ്പിനെപ്പോലെയാണ് സംസാരിച്ചത്… ജാനിക്ക് അവളെ ഇഷ്ടമായി…

പോകാൻ ജാനി റെഡിയായപ്പോളേക്കും സത്യൻ ഓട്ടോ വിളിച്ചു വന്നു…

“സത്യേട്ടാ നമുക്ക് ബസിൽ പോയാൽ മതിയാരുന്നു അല്ലേ…”

“എന്താടി നീയെന്നെ കളിയാക്കുന്നോ… ഓട്ടോയിൽ പോകാൻ നാണക്കേട് ആണെങ്കിൽ നിന്റെ മറ്റവനോട് കാറുമായി വരാൻ പറയെടി…”

മക്കളുടെ മുന്നിൽ വെച്ചു സത്യൻ പറഞ്ഞ വാക്കുകൾ കേട്ട ജാനിയുടെ മിഴികൾ നിറഞ്ഞുവന്നു…

“ഏട്ടാ ഞാൻ വെറുതെ ഒരു തമാശക്ക് പറഞ്ഞതാണ്…”

“ഹും തമാശ… നിനക്ക് ഒരു വിചാരം ഉണ്ട്‌ ഗൾഫുകാരിയായ നിന്റെ തലയിലൂടെയാണ് കാര്യങ്ങൾ എല്ലാം നടക്കുന്നതെന്ന് …. അയക്കുന്നത് മുഴുവനും ലോണും ചിട്ടിയും അടക്കും പിന്നെ ഈ വീട്ടിലെ ചിലവ് മുഴുവൻ നോക്കുന്നത് നിന്റെ തന്ത ഒന്നുമല്ലല്ലോ…”

അച്ഛൻ ഇത്രയൊക്കെ പറഞ്ഞിട്ടും മക്കൾ ഒരക്ഷരം മിണ്ടിയില്ല… ജാനി വേഗം ഓട്ടോയിൽ കയറി.. മക്കളോ കൊച്ചുമക്കളോ അവൾക്കടുത്തേക്ക് പോലും വന്നില്ല…

എയർപോർട്ടിൽ എത്തും വരെ ജാനി നിശബ്‍ദയായിരുന്നു… പെട്ടിയും ബാഗും വണ്ടിയിൽ നിന്നും ഇറക്കിവെച്ച ഉടൻ ഓട്ടോയിൽ കയറി സത്യൻ പോയി… ഓട്ടോ അകന്നുപോകുന്നത് നോക്കി ജാനി അൽപനേരം നിന്നു.. ഒരു ട്രോളിയിലേക്ക് പെട്ടിയും ബാഗും വെച്ച് അവൾ മെയിൻ ഗെയ്റ്റിലൂടെ അകത്തേക്ക് നടന്നു… അപ്പോളാണ് പിന്നിൽ നിന്നും
“ആന്റി…” എന്ന വിളികേട്ടത്…

അവൾ തിരിഞ്ഞുനോക്കി… വെളുത്തുമെല്ലിച്ച ഒരു പെൺകുട്ടി… അവൾ ആ കുട്ടിയെ സൂക്ഷിച്ചു നോക്കി…

“ജാനിയാന്റി അല്ലേ… ഞാൻ ജോസ്മി… ആന്റിയുടെ ഫ്രണ്ട് ജോസഫിന്റെ ഇളയ മകളാണ്…”

“ആഹാ മോൾ എങ്ങനെ എന്നേ അറിഞ്ഞു… മോൾ ഇവിടെ…”

അവൾ തെല്ല് അതിശയത്തോടെ ചോദിച്ചു…

“ഞാൻ എന്റെ ചേച്ചിയുടെ അടുത്തേക്ക് പോവുകയാണ് സിങ്കപ്പൂരിന്… സ്റ്റഡി വിസയിൽ… പിന്നെ ദേ ഈ പാക്കറ്റ് പപ്പയും മമ്മിയും കൂടി ആന്റിക്കുവേണ്ടി കൊണ്ടുവന്നതാണ്…”

അവൾ വലിയൊരു പൊതി ജാനിക്ക് നേരെ നീട്ടി….

“എന്താ മോളെ ഇതൊക്കെ…”

“അച്ചാറും ചിപ്സുമൊക്കെ ആണെന്ന് തോന്നുന്നു… എനിക്ക് വേണ്ടി ഉണ്ടാക്കിയപ്പോൾ അല്പം കൂടുതൽ ഉണ്ടാക്കി അത്രേ ഉള്ളു…”

ജാനിക്ക് മറുപടി പറയാൻ വാക്കുകൾ ഇല്ലായിരുന്നു… അവളുടെ കണ്ണുകളിലേക്കു നോക്കിയ ജോസ്മി വേഗം ജാനിയെ ചേർത്തു പിടിച്ചു…

“എന്താ ആന്റി ഇത്…. എന്തിനാ കരയുന്നത്… എന്റെ പപ്പ എപ്പോളും പറയും ആന്റിയെക്കുറിച്ച്… പപ്പേടെ സ്വന്തം സഹോദരി തന്നെയാണ് ആന്റി… ദേ പപ്പയും മമ്മിയും നോക്കുന്നു…”

അവൾ കുറച്ച് അപ്പൂറത്തെ ചില്ലിന് പിന്നിൽ നിന്നു കൈവീശുന്ന ജോസഫിനെയും ആൻസിയെയും ജാനിയെ കാണിച്ചു കൊടുത്തു… ജാനിയും കൈ ഉയർത്തി അവർക്കുനേരെ….

“വാ ആന്റി ചെക്കിങ്ങിലേക്ക് പോകാം…”

ജോസ്മിയുടെ കൈകളിൽ പിടിച്ചു ജാനി ചെക്കിങ്ങിലേക്ക് നടന്നു…

ആരുമില്ലാത്തവൾ അല്ല താനിന്നു… സ്വന്തമല്ലാതെ സ്വന്തമായ തന്റെ പ്രിയപ്പെട്ടവർ തനിക്കുണ്ടല്ലോ എന്ന ആശ്വാസത്തിൽ ജാനി വീണ്ടും പ്രവാസത്തിലേക്കു പറന്നുയർന്നു….

ഇത് ഒരു ജാനിയുടെ മാത്രം കഥയല്ല… മണലാരണ്ണ്യത്തിലെ പൊള്ളുന്ന ചൂടിൽ റൊട്ടിയും വെള്ളവും കഴിച്ച് പന്ത്രണ്ടുമണിക്കൂറ് ജോലിചെയ്തു നാട്ടിലെ പ്രിയപ്പെട്ടവരുടെ സന്തോഷം കാണുവാൻ പണം അയക്കുന്ന കുറേ പാവപ്പെട്ട പ്രവാസികളുടെ കഥയാണ്…. പണമാണ് വീട്ടുകാർക്ക് മുഖ്യം…. നല്ല പ്രായം പ്രവാസത്തിന്റെ ഏകാന്തതയിൽ ചിന്തകൾക്ക് വിട്ടുകൊടുത്ത് ഒടുവിൽ നാട്ടിൽ തിരികെയെത്തുമ്പോൾ അവന് /അവൾക്ക് ബാലൻസ് ഉള്ളത് രോഗങ്ങൾ കാർന്നു തിന്ന ശരീരം മാത്രം… മണൽക്കാട്ടിൽ മഴപെയ്യുന്നത് സ്വപ്നം കണ്ടുറങ്ങുന്ന പാവം മഴപാറ്റകൾ…..

ജോളി ഷാജി… ✍️

Leave a Reply

Your email address will not be published. Required fields are marked *