വേണ്ട കെട്ടിച്ചു വിട്ട പെണുങ്ങൾ ഭർത്താവിന്റെ വീട്ടിൽ കിടന്നാൽ മതി ഇടയ്ക്കു പോയി മാതാപിതാക്കളെ കണ്ടിട്ട് പോന്നാൽ മതി…

വിവാഹിത
(രചന: Jolly Shaji)

ഏട്ടാ… എന്താ എന്റെ ഫോട്ടോ കൂടി ഫേ സ്ബുക്കിൽ ഇട്ടാൽ… ഏട്ടൻ എപ്പോളും എട്ടന്റേം മോൾടേം ഫോട്ടോ മാത്രം ആണല്ലോ ഇടാറ് ..

നീയെന്താ ഇങ്ങനെ പറയുന്നത് നിന്റെ ഫോട്ടോ ഞാൻ ഇട്ടിട്ടില്ലേ പിന്നെന്താ

എന്ന്.. ഏതു ഫോട്ടോ..

നമ്മുടെ വിവാഹനിശ്ചയത്തിന്റെ ഫോട്ടോ ഇട്ടില്ലേ..

ഇട്ടു ഞാൻ ഏട്ടന്റെ വിരലിൽ മോതിരം ഇടുന്ന ഫോട്ടോ അല്ലെ…. അതിലെ എന്റെ മുഖം ആർക്കേലും കാണാൻ പറ്റുമോ ഏട്ടാ…

അപ്പോൾ കല്യാണത്തിന്റെ ഫോട്ടോ ഇട്ടതോ…

ഓ ശെരിയാണ്…ഏട്ടൻ താലി കെട്ടുന്ന ഫോട്ടോ അല്ലെ… മം… തലകുമ്പിട്ടു ഈശ്വരനോട് കണ്ണടച്ച് പ്രാർത്ഥിക്കുന്ന ഞാൻ… അല്ലെ ഏട്ടാ…

നിനക്കിപ്പോൾ എന്താ പ്രശ്നം എന്റെ സുമേ…. നിന്റെ ഫോട്ടോ ഫേ സ്ബുക്കിൽ ഇട്ടു നാട്ടുകാരെ മുഴുവൻ കാണിക്കാത്തതാണോ…

എനിക്ക് ഇഷ്ടം ഇല്ല എന്റെ ഭാര്യയെ നാട്ടാരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നത്
നീയൊരു പെണ്ണ് ആണെന്ന് ഓർത്തോളൂ…

അപ്പോൾ ഏട്ടാ നമ്മുടെ അമ്മു പെണ്ണല്ലേ ഏട്ടന്റെ കുഞ്ഞിപ്പെങ്ങൾ..

അത്… അത് ഞാൻ അല്ലല്ലോ ഫോട്ടോ ഇട്ടതു അവളുടെ കെട്ടിയോൻ അല്ലെ അതിനു ഞാൻ എന്ത് വേണം…

പിന്നെ ഏട്ടാ എനിക്കും ഒരു ഫോൺ വാങ്ങി തരുമോ… ഈ വാട്സാപ്പ് ഉപയോഗിക്കാൻ പറ്റിയത്…

നിനക്കിപ്പോൾ എന്തിനാ വാട്സാപ്പ്..

അതെ കഴിഞ്ഞ ദിവസം ശ്രീക്കുട്ടൻ വിളിച്ചപ്പോൾ ചോദിച്ചു ചേച്ചിക്ക് വാട്സാപ്പ് എടുത്തൂടെ അങ്ങനെ എങ്കിൽ എന്ന്… അവനു എന്നെയും മോളെയും കാണാൻ ആശ ഉണ്ടത്രേ..

വാട്സാപ്പ് ഉണ്ടെങ്കിൽ അവനു വീഡിയോ കാൾ വിളിക്കാമല്ലോ… മണലാരണ്യത്തിൽ പണിയിയെടുക്കുന്ന അനിയൻ ആവശ്യപ്പെട്ടാൽ ഞാൻ എന്ത് പറയും..

അതിനു അവൻ ഇടയ്ക്കു എന്റെ ഫോണിൽ വിളിച്ചു നിങ്ങളെ കാണാറില്ലേ പിന്നെന്താ… അതുമതി

അത് വല്ലപ്പോളും ഒരിക്കൽ അല്ലെ ഏട്ടാ…

ആ അത് മതി .. വല്ലപ്പോളും കാണുമ്പോൾ സ്നേഹം കൂടുതൽ ഉണ്ടാകും…

ഏട്ടാ അമ്മു ഭർത്താവിന്റെ കൂടെ ദുബായിൽ അല്ലെ..

അത് നിനക്ക് അറിയാവുന്നതല്ലേ.. പിന്നെന്താ സംശയം..

അതെ… അറിയാം… അവൾ എന്നും കിടക്കും മുന്നേ ഏട്ടന്റെ ഫോണിൽ വിളിച്ച് അമ്മയെ കണ്ടിട്ടല്ലേ ഉറങ്ങു..

അതെ.. അതവളുടെ ശീലം ആണ്..

ആ നീപോയി ഭക്ഷണം എടുത്തു വെച്ചേ എനിക്കു വിശക്കുന്നു…

ആ ഏട്ടൻ വന്നോളൂ..

ഏട്ടാ ഈ ഉള്ളി തീയൽ കൂട്ടി നോക്കിയേ..

ഇതെന്താടി കരിഞ്ഞു പോയോ…

ഇല്ലല്ലോ കരിഞ്ഞില്ല…

ഇതിനു കരി ചുവ വരുന്നു..

നീ ആ ചമ്മന്തി കുറച്ചുകൂടി ഇട്ടേ ഇത് അമ്മ ഉണ്ടാക്കിയത് അല്ലെ വായിൽ വെച്ചതേ മനസ്സിലായി…

ഏട്ടാ ഇന്ന് അടുക്കളയിൽ കേറി ഉള്ളിക്കറി ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ അമ്മ വന്നു..

“കുറേ നാളായി മോളെ ഞാൻ കറി ഉണ്ടാക്കിയിട്ട് ഇന്ന് ഞാൻ ഉണ്ടാക്കാം
ഉള്ളിക്കറി ”

ഏട്ടന്റെ അമ്മ പറഞ്ഞാൽ എനിക്ക് തടസ്സം പറയാൻ പറ്റുമോ… അമ്മ ഉള്ളിക്കറി ഉണ്ടാക്കി ഞാൻ ചമ്മന്തി അരച്ചു..

എടി പോത്തേ വാരിവലിച്ചു ഭക്ഷണം കഴിച്ചാല് നിനക്ക് തടി കൂടും… ചോറ് കുറച്ച് കഴിക്കു …

അതിനു ഞാൻ അധികം കഴിക്കാറില്ലല്ലോ ഏട്ടാ…

അധികം കഴിക്കേണ്ട വെറുതെ ഓരോ അസുഖങ്ങൾ ഉണ്ടാക്കേണ്ട..

ഞാൻ മോളെ ഗർഭിണി ആയിരുന്നപ്പോൾ ഇങ്ങനെ അല്ലല്ലോ ഏട്ടൻ പറയുന്നത് “വയറു നിറച്ചു ഭക്ഷണം കഴിക്കു, ഷീണം ഉണ്ടാകും ”
എന്നൊക്കെ ആയിരുന്നല്ലോ ഏട്ടാ..

അതോ… അത് കുഞ്ഞ് നിന്റെ വയറ്റിൽ ഉണ്ടായിരുന്നല്ലോ അപ്പോൾ നീ കഴിച്ചാൽ അല്ലെ കുഞ്ഞിന് പോഷണം കിട്ടു അതല്ലേ..

അപ്പോൾ കുഞ്ഞ് നന്നായി വരണം അതായിരുന്നു ലക്ഷ്യം അല്ലെ..

ആ നീയാ കട്ടിൽ ഒന്ന് കൊട്ടിവിരിച്ചേ ഞാൻ കിടക്കട്ടെ..

ഞാൻ ഈ പത്രങ്ങൾ കഴുകി വെച്ചിട്ട് വരാം ഏട്ടാ..

പത്രം കട്ടിൽ വിരിച്ചിട്ടു കഴുകിക്കോ നീ..

വേഗം കട്ടിൽ വിരിച്ചു കൊടുത്തിട്ടു അടുക്കളയിൽ പോയി പത്രങ്ങൾ കഴുകി അടുക്കള വൃത്തിയാക്കി അവൾ മുറിയിൽ എത്തിയപ്പോളേക്കും സുകുമാരൻ കൂർക്കം വലി തുടങ്ങിയിരുന്നു…

അവൾ അയാളോട് ചേർന്ന് കിടന്നു..

ഏട്ടാ.. ഉറങ്ങിയോ..

എന്താ സുമേ നീ പറഞ്ഞോളൂ..

ഞാൻ നാളെ വീട്ടിൽ ഒന്ന് പൊയ്ക്കോട്ടേ.. അച്ഛനെയും അമ്മയെയും കാണാൻ തോന്നണു..

നാളെയോ… വേണ്ട ഞായറാഴ്ച ഞാൻ കൊണ്ടുപോകാം..

ഞാൻ മോളേം കൊണ്ടു നാളെ പൊയ്ക്കോളാം ഏട്ടൻ ഞായറാഴ്ച വന്നാൽ മതി അപ്പോൾ തിരികെ ഒരുമിച്ച് പോരാമല്ലോ…

വേണ്ട കെട്ടിച്ചു വിട്ട പെണുങ്ങൾ ഭർത്താവിന്റെ വീട്ടിൽ കിടന്നാൽ മതി ഇടയ്ക്കു പോയി മാതാപിതാക്കളെ കണ്ടിട്ട് പോന്നാൽ മതി…

അമ്മു കഴിഞ്ഞപ്രാവശ്യം ലീവിന് വന്നപ്പോൾ എയർപോർട്ടിൽ നിന്നും നേരെ ഇങ്ങോട്ടല്ലേ ഏട്ടാ വന്നത്.. ഒരുമാസം ലീവിന് വന്നിട്ടു കൂടുതൽ ദിവസം ഇവിടെ അല്ലായിരുന്നോ..

അത് പിന്നെ അവൾ ഗൾഫിൽ നിന്നും വന്നതല്ലേ…

അവൾ അയാളോട് ചേർന്ന് കിടന്ന് കൈകൾ അയാളുടെ മേളിലേക്കു വെച്ചിട്ട് പതുക്കെ പറഞ്ഞു..

ഏട്ടാ എന്നെ ഒന്ന് കെട്ടിപിടിക്കുമോ..

എടി പെണ്ണെ നീയങ്ങു നീങ്ങി കിടന്നേ വല്ലാത്ത ചൂട് ദേഹം വിയർത്തു ഒട്ടുമ്പോൾ ആണ് അവളുടെ ഒരു കിന്നാരം…

അയാൾ അവളെ തള്ളി നീക്കി..

ഏട്ടാ ഇന്നലെയും ഈ ചൂട് ഇങ്ങനെ തന്നെ ഉണ്ടായിരുന്നു അടുക്കളയിൽ നിന്നും ഞാൻ വരുന്നതും നോക്കി ഏട്ടൻ ഉറങ്ങാതെ ഇരുന്നു…

എന്നെ ചേർത്തണച്ചു… അപ്പോൾ ഞാൻ പറഞ്ഞു “ഏട്ടാ വയ്യെനിക്ക് വല്ലാത്ത ഒരു ഷീണം ” എന്ന്… പക്ഷെ ഏട്ടൻ എന്നെ വിട്ടില്ല…

അവൾ തിരിഞ്ഞു കിടന്നു അപ്പോളേക്കും അയ്യാളുടെ കൂർക്കം വലി വീണ്ടും തുടങ്ങി….

Leave a Reply

Your email address will not be published. Required fields are marked *