ഇന്ദുപുഷ്പം
(രചന: Jolly Shaji)
കൃഷ്ണേട്ടൻ അവിടെ നിന്നേ…
എന്താ ഭാമേ…
ഇന്നും നിങ്ങൾ അവളെ കണ്ടു അല്ലെ…
മം കണ്ടു.. കാണേണ്ടി വന്നു…
ഞാൻ പലപ്പോഴായി കൃഷ്ണേട്ടനോട് പറഞ്ഞിട്ടുണ്ട് ആ അനാഥപെണ്ണിന്നെ കാണാൻ പോവരുതെന്നു…
നിങ്ങൾക്കെന്താ അവളോട് ഇത്രയും അടുപ്പം… അവളുടെ പഠനത്തിനൊക്കെ കുറേ സഹായിച്ചില്ലേ ഇനിയെങ്കിലും നിർത്തിക്കൂടെ അവളെ കാണാനുള്ള ഈ പോക്ക്…
അവൾക്കു അത്യാവശ്യം കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ടാരുന്നു അതിനു പോയതാണ് ഞാൻ…
സത്യത്തിൽ കൃഷ്ണേട്ടാ നിങ്ങടെ, നിങ്ങടെ ആരാണ് അവൾ… നമ്മുടെ മക്കൾ വളർന്നു വരുന്നു..
നാളെ അവർ ഇതാരെന്നു ചോദിച്ചാൽ നിങ്ങൾ എന്ത് മറുപടി പറയും… നിങ്ങളുടെ മകൾ ആകാനുള്ള പ്രായമേ അവൾക്കുള്ളു അല്ലെങ്കിൽ വേറെ എന്തെങ്കിലും ബന്ധം എന്ന് പറഞ്ഞേനെ ഞാൻ..
ഭാമ… നിർത്തിക്കോ ഈ സംസാരം നിനക്ക് അത്ര സംശയം ആണെങ്കിൽ അവൾ എന്റെ മകൾ ആണെന്ന് കരുതിക്കോളൂ…. എന്റെ അപ്പുവിന്റെയും കണ്ണന്റെയും ചേച്ചി…
ഓ… അപ്പോൾ എന്റെ സംശയം സത്യമാണ് അല്ലെ… എനിക്ക് പണ്ടേ സംശയം ഉണ്ടാരുന്നു… കല്യാണത്തിന് മുന്നേ നിങ്ങൾക്ക് ഉണ്ടാരുന്ന ബന്ധം…
നിങ്ങൾ ഇപ്പോളും അത് കൊണ്ട് നടക്കുന്നു… എങ്കിൽ അവളുടെ അമ്മയെ കൂടി വിളിച്ചോണ്ട് വാ… എന്നിട്ട് അച്ഛനും മോളും അമ്മയും കൂടി സന്തോഷത്താൽ വാണോളു… ഞാൻ തടസ്സം ആകുന്നില്ല…
നിന്റെ ഈ സംശയം ഇന്നത്തോടെ തീർത്തോളണം.. അല്ല തീർന്നോളും..
അതെന്താ ഇന്ന്… നാളെ നിങ്ങൾ അവളേം കൊണ്ട് പോകുവാണോ..
അതെ അവൾ പോവുകയാണ് നാളെ..
ഇനി ഒരുപക്ഷെ നമുക്കിടയിലേക്ക് അവൾ വരില്ല…
എവിടെ പോകുന്നു അവൾ.. ആ എവിടെ അയാലും എനിക്ക് കുഴപ്പമില്ല എന്റെ മുന്നിൽ വരാതിരുന്നാൽ മതി…
എന്റെ ഫ്രണ്ട്‌സ് വരെ ചോദിച്ച് തുടങ്ങി അവൾ ആരെന്നു…. അതെങ്ങനെ അവളെയും കെട്ടിയെഴുന്നൊള്ളിച്ചു നടക്കുവല്ലേ…
ഭാമേ മാതാപിതാക്കൾ ഇല്ലാത്ത ഒരു പാവം ആണ് അത്… അതിനും ഇല്ലേ ആഗ്രഹങ്ങൾ അതാണ് ഇടയ്ക്കു അതിനെ കൂട്ടി വെളിയിൽപോകുന്നത്…
നല്ല തമാശ.. ആ അനാഥാലയത്തിൽ എത്ര കുട്ടികൾ ഉണ്ട് എന്നിട്ട് അവളെ മാത്രം…. നിർത്തിയേക്കു കൃഷ്ണേട്ടാ… കൂടുതൽ പറഞ്ഞാൽ എന്റെ സമനില നഷ്ടപ്പെടും… എങ്ങോട്ടായാലും നാളെ ആ ശല്യം ഒഴിവാകുമല്ലോ…
താൻ കൂടി വരേണം നാളെ അവളെ യാത്രയാക്കാൻ എയർപോർട്ടിൽ… ഇനി ഒരുപക്ഷെ നമ്മൾക്ക് അവളെ കാണാൻ പറ്റിയില്ലെങ്കിലോ…
അവളുടെ മാതാപിതാക്കൾ യാത്രയാക്കും പോലെ നമുക്കവളെ സന്തോഷത്തോടെ പറഞ്ഞുവിടണം..
നിങ്ങൾക്ക് ഭ്രാന്തുണ്ടോ… എനിക്കെങ്ങും പറ്റില്ല കൃഷ്ണേട്ടാ… അച്ഛനും അമ്മയും ആരെന്നു അറിയാത്ത ഒരുത്തിക്കു അമ്മയാകണോ ഞാൻ… എന്നെകിട്ടില്ല ഇതിനൊന്നും…
താൻ വരില്ലെന്ന് എനിക്കറിയാം… കാരണം താൻ വലിയ തറവാട്ടിൽ പിറന്നവൾ ആണല്ലോ… നാട്ടിലെ ജന്മിയുടെ മകൾ… ആ പാവം നാളെ പൊയ്ക്കോളും പിന്നെ തനിക്കു ഒരിക്കലും അവളൊരു ശല്യമായി വരില്ല..
അതെ എന്റെ അച്ഛൻ ആ നാട്ടിലെ അറിയപ്പെടുന്ന പണക്കാരൻ തന്നെയാണ്…
പേരുകേട്ട തറവാടും ആണ് പക്ഷേ നിങ്ങളെ ഒരിക്കലെങ്കിലും ഒരു പാവപ്പെട്ട വീട്ടിലെ ആളായി കണ്ടിട്ടുണ്ടോ എന്റെ വീട്ടുകാർ…. ആകെ ഉണ്ടായിരുന്നത് ഒരു ജോലി അല്ലാതെ എന്ത് കേമത്തരം ഉണ്ട് കൃഷ്ണേട്ടാ നിങ്ങൾക്ക് അവകാശപ്പെടാൻ…
ഇല്ലെടോ ഈ കൃഷ്ണകുമാറിന് പണമോ പ്രശസ്തിയോ ഒന്നും… പക്ഷെ തന്നെ സ്നേഹിക്കാൻ ഒരു മനസ്സ് ഉണ്ടായിരുന്നു അന്നും ഇന്നും..
ഉറ്റ സുഹൃത്തിന്റെയും സഹോദരിയുടെയും അവളുടെ വീട്ടുകാരുടെയും മാനം കാക്കുവാൻ ഈ കൃഷ്ണൻ മനസ്സ് കാണിച്ചില്ലേ…അത് മതി എനിക്ക് ഈ ഭൂമിയിൽ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്..
കൃഷ്ണേട്ടാ ഞാൻ.. പെട്ടന്ന് ദേഷ്യം വന്നപ്പോൾ എന്തോ… എനിക്ക് കൃഷ്ണേട്ടൻ ആ പെണ്ണിനെക്കുറിച്ച് പറയുന്നത് ഇഷ്ടമല്ല…
എന്താ അമ്മക്ക് ഇന്ദുച്ചേച്ചിയുടെ കാര്യം പറയുന്നത് ഇഷ്ടമല്ലാത്തതു…
പെട്ടെന്നാണ് മൂത്തമകൻ ഡിഗ്രിക്ക് പഠിക്കുന്ന അപ്പു അങ്ങോടു വന്നത്..
അമ്മേ ഞാൻ അകത്തിരുന്നു ഇവിടുത്തെ സംഭാഷണങ്ങൾ മുഴുവനും കേൾക്കുന്നുണ്ടായിരുന്നു.. അമ്മ ഇപ്പോൾ ഒന്നുമില്ലാത്തവൻ എന്ന് ചെറുതാക്കി പറഞ്ഞ എന്റെ അച്ഛൻ ഇല്ലായിരുന്നെങ്കിൽ അമ്മ ഇന്നീ ലോകത്തു ഉണ്ടാകുമായിരുന്നോ..
മോനെ അപ്പു അമ്മയോട് ഇങ്ങനെ ഒന്നും സംസാരിക്കല്ലേ മോൻ അകത്തു പോ…
ഇല്ലച്ചാ അച്ഛൻ ചെയ്തതെറ്റ് എന്തെന്ന് അമ്മ അറിയണം…
വേണ്ടാ മോനെ…ഈ സംസാരം ഇവിടെ നിർത്തിയേക്കു…
എന്തിന് നിർത്തുന്നു… എല്ലാം അമ്മ അറിയട്ടെ. പാവം അച്ഛൻ ഇനിയും ഉരുകേണ്ട ആവശ്യം ഇല്ല…
ഇളയവൻ പ്ലസ്ടു വിദ്യാർത്ഥി കണ്ണൻ ആണ്… അച്ഛന്റെയും മക്കളുടെയും സംസാരം ഭാമയിൽ ആകാംക്ഷയും സംശയവും ഉണർത്തി… എന്താ ഇവർ പറഞ്ഞു വരുന്നത്…
എന്താ അച്ഛനും മക്കളും ഒത്തോണ്ട് ആണോ അവളെ സഹായിക്കുന്നത്… ഞാൻ മാത്രം വേറും മണ്ടി അല്ലെ… എന്നിൽനിന്നും എല്ലാം ഒളിച്ചുവെച്ചിട്ടു നിങ്ങൾ ഓരോ കള്ളത്തരങ്ങൾ കാണിക്കുന്നു അല്ലെ…
അമ്മേ കൂടുതൽ സംസാരിക്കാതിരുന്നാൽ അതാവും നല്ലത്…
കണ്ണാ എന്താ ഞാൻ സംസാരിച്ചാൽ എവിടെയോ കിടക്കുന്ന ഒരനാഥപ്പെണ്ണിന് വേണ്ടി നിങ്ങൾ എല്ലാരും കൂടി എന്നേ ഒറ്റപ്പെടുത്തുന്നോ…
ഒരാൾ അനാഥ ആകാൻ കാരണം ആരാണ് അമ്മേ…. ജനിക്കുമ്പോൾ ആരെങ്കിലും അനാഥർ ആണോ .. ജനിച്ചുവീഴുന്നത് എല്ലാരും അമ്മയുടെകുഞ്ഞായി അല്ലെ…
പിന്നെങ്ങനെ അനാഥർ ആകുന്നു… ആക്കുന്നത് അല്ലെ അമ്മേ…
ഇന്ദുവേച്ചിയും ഒരമ്മയുടെ മകൾ ആയിരുന്നു… ആരെല്ലാമോ അവരെ അനാഥ ആക്കി… പക്ഷേ ഞങ്ങൾ ചേച്ചിയെ അറിയാൻ തുടങ്ങിയപ്പോൾ മുതൽ ഞങ്ങടെ അച്ഛൻ അത് ചേച്ചിയാണെന്നു പറഞ്ഞു പഠിപ്പിച്ചു..
അതോണ്ട് ഞങ്ങടെ ചേച്ചി അനാഥ അല്ല… അച്ഛനും സഹോദരൻമാരും ഉണ്ട്…. അമ്മ ഒന്ന് മനസ്സ് വെച്ചാൽ ചേച്ചിക്ക് അമ്മയും ആകും..
എന്താ അപ്പു നീയീ പറയുന്നത്… എന്നേ കിട്ടില്ല ഇതിനൊന്നും… അച്ഛനും മക്കളും ഇങ്ങനെ ആണെങ്കിൽ ആ പെണ്ണിന് വേണ്ടി എന്നെക്കൂടി ഉപേക്ഷിക്കുമല്ലോ.
ജന്മം കൊടുത്ത മാതാപിതാക്കൾ ആരെന്നറിയാത്ത ആ മൂധേവിക്കുവേണ്ടി ഇനി ആരും എന്നോട് വാദിക്കാൻ വരേണ്ട… നിങ്ങൾക്ക് എന്നേ മടുത്തെങ്കിൽ ഞാനെന്റെ വീട്ടിലേക്കു പൊയ്ക്കോളാം..
അമ്മക്ക് പോണം എങ്കിൽ പോകാം പക്ഷെ ചേച്ചിയുടെ പേര് പറഞ്ഞു പോവേണ്ട….. ആ പാവം ഇന്നുകൂടെ ഉള്ളു ഈ നാട്ടിൽ…. നാളെ ആ ശല്യം പൊട്ക്കോളും പിന്നെ അത് അമ്മക്ക് ശല്യം ആയി വരില്ലല്ലോ…
പക്ഷേ ചേച്ചി പോകും വരെ അതിനെ വേദനിപ്പിക്കാൻ ഞങ്ങൾ സമ്മതിക്കില്ല..
കൃഷ്ണേട്ടാ എല്ലാരുകൂടി എന്നേ ഒറ്റപ്പെടുത്തുവാണ് അല്ലെ… എന്നേ ഇത്രയും സ്നേഹിക്കുന്ന കൃഷ്ണേട്ടനും ഇതിനൊക്കെ കൂട്ട് നിൽക്കുന്നു അല്ലെ…
ഭാമേ മക്കൾ തന്നോളം ആയാൽ അവർ പറയുന്നത് നമ്മൾ അനുസരിക്കണം… അല്ലാതെ അവരെക്കാൾ കൂടുതൽ ഷോഭിക്കരുത് നമ്മൾ.. തന്റെ മനസ്സ് വേദനിപ്പിക്കാൻ ആയിരുന്നില്ല ഒന്നും… എല്ലാം തന്റെ കൂടി നന്മക്കു ആയിരുന്നു…
എന്ത് നന്മ അവളെ ഞാൻ എന്റെ മക്കൾക്കൊപ്പം കാണണം… അതാണോ നന്മ…
എന്തുകൊണ്ട് കണ്ടുകൂടാ അമ്മക്ക് ചേച്ചിയെ മകളായി… അച്ഛന് ചേച്ചിയെ മകളായി കാണാൻ പറ്റുമെങ്കിൽ അമ്മക്ക് എന്തുകൊണ്ട് പറ്റുന്നില്ല…
അതെ ഞങ്ങൾ സ്വന്തം ചേച്ചിയായി അംഗീകരിച്ചു കഴിഞ്ഞു ഇന്ദുവേച്ചിയെ..
അച്ഛൻ മകളായും പിന്നെന്താ സ്വന്തം അമ്മക്ക് മാത്രം അംഗീകരിക്കാൻ ബുദ്ധിമുട്ട്…
മോനെ കണ്ണാ നിർത്തു….
എന്തിന് നിർത്തുന്നു അച്ഛാ… അമ്മ അറിയട്ടെ എല്ലാം… ഇനിയും അമ്മ അറിഞ്ഞില്ലെങ്കിൽ ശെരിയാവില്ല..
അതെ അച്ഛാ അമ്മ അറിയട്ടെ ഇന്ദുവേച്ചി ഞങ്ങൾക്ക് ആരാണെന്നു..
കൃഷ്ണേട്ടാ… ഇവർ.. ഇവരെന്തൊക്കെയാ ഈ പറയുന്നത്..
ഭാമ ഒരു ഭ്രാന്തിയെപ്പോലെ കൃഷ്ണദാസിന്റെ ചുമലുകൾ പിടിച്ചുകുലുക്കി…
അത് ഭാമേ നിന്നിൽ നിന്നും ചില കാര്യങ്ങൾ ഞങ്ങൾ മറച്ചു വെച്ചിരുന്നു… മനപ്പൂർവം തന്നെ… പക്ഷേ ഇപ്പോൾ തോന്നുന്നു എല്ലാം നീ അറിയേണ്ടിയിരുന്നു എന്ന്…
എന്താണ് കൃഷ്ണേട്ടാ കാര്യം… എനിക്ക് അറിയണം എല്ലാം… അവൾ കൃഷ്ണേട്ടന്റെ മകൾ ആണോ..
അതെ അവൾ എന്റെ മകൾ ആണ്… എന്റെ മക്കളുടെ ചേച്ചി…. പക്ഷേ അവളെ പ്രസവിച്ചത് എന്റെ മക്കളുടെ അമ്മയായ നീ ആയിരുന്നു…
കൃഷ്ണേട്ടാ…. എന്താ ഈ പറയുന്നത്… എന്ത് ഭ്രാന്ത് ആണ് നിങ്ങൾ പുലമ്പുന്നത്…
അതെ അമ്മേ… അത് അമ്മ പ്രസവിച്ച ഞങ്ങളുടെ ചേച്ചിയാണ്… ഞങ്ങൾ അമ്മയെ വിഷമിപ്പിക്കാൻ പറ്റാത്തതുകൊണ്ട് പറയാത്തതാണ്…
ഭാമേ… നിന്റെ വിവാഹം വീട്ടുകാർ നടത്താൻ എല്ലാം സജ്ജമാക്കി മുഹൂർത്തം നോക്കിയിരിക്കുമ്പോൾ അല്ലെ ചെറുക്കൻ വീട്ടുകാർ നീ പി ഴ ച്ചു പെ റ്റവൾ എന്ന കാരണം പറഞ്ഞു വിവാഹത്തിൽ നിന്നും പിന്മാറിയത്…..
അതെ… എനിക്കറിയാം കൃഷ്ണേട്ടാ.. എന്റെ വീട്ടുകാരുടെ മാനം കാക്കുവാൻ കൃത്യസമയത്തു വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ഏട്ടന്റെ സുഹൃത്തായ കൃഷ്ണേട്ടൻ എന്റെ കഴുത്തിൽ താലി കെട്ടി….
അതെ… വിവാഹം കഴിഞ്ഞു എന്റെ അന്വഷണം നിന്നെ കെട്ടാതെ പോയ ചെറുക്കൻ വീട്ടുകാർ പറഞ്ഞ കാരണത്തിന്റെ പൊരുൾ എന്താണ് എന്നായിരുന്നു…. നിന്റെ ഏട്ടൻ തന്നെയാണ് എനിക്ക് ആ സത്യവും പറഞ്ഞു തന്നത്….
നിനക്ക് കോളേജ് ജീവിതത്തിൽ ഉണ്ടായ ബന്ധത്തെക്കുറിച്ച് എല്ലാം ഞാൻ അറിഞ്ഞു….
അത് ഞാനും കൃഷ്ണേട്ടനോട് പറഞ്ഞിട്ടില്ലേ…
പക്ഷേ ഒന്ന് നീ മറച്ചു വെച്ചു…. നിന്നേ കുറ്റപ്പെടുത്തിയത് അല്ല… മിക്കവാറും സ്ത്രീകൾ അങ്ങനെ ആണ് ചിലതൊക്കെ മറച്ചുവെക്കും അവരുടെ മാത്രം സ്വകാര്യതകൾ ആയി…
കൃഷ്ണേട്ടാ അത് ഞാൻ…
അതെ അത് തന്നെ… ബാലുവും നീയും പിരിയുമ്പോൾ നീ ഗർഭിണി ആയിരിന്നു.. ഗർഭിണി ആണെന്ന് അറിഞ്ഞ നീ അവനെ തിരക്കി ചെന്നു പക്ഷെ അപ്പോളേക്കും അവൻ ഈ ലോകം വിട്ടു പോയിരുന്നു….
ആ വിഷമം നിന്നെ ചെറിയൊരു മെന്റൽ രോഗിയാക്കി… നീ മൂകയായി മാറി… എട്ടാം മാസം നീയൊരു മോൾക്ക് ജന്മം കൊടുത്തു….. നിന്റെ കുഞ്ഞ് മ രിച്ചു..
പതുക്കെപതുക്കെ വീട്ടുകാർ നിന്നെ പഴയ ഭാമയിലേക്ക് കൊണ്ടുവന്നു… അങ്ങനെ നമ്മുടെ കല്യാണം നടന്നു..
സത്യമാണ് കൃഷ്ണേട്ടാ… ഞാൻ മറച്ചു വെച്ചത് മനപ്പൂർവ്വം ആണ്… എന്നോട് ക്ഷമിക്കണം …. എന്റെ ജീവിതം തകരാതിരിക്കാൻ…
പക്ഷേ ഞാനും ഒന്ന് നിന്നോട് മറച്ചു വെച്ചു…. നീ പ്രസവിച്ച നിന്റെ മോളെക്കുറിച്ച്….
അവൾ മരിച്ചു പോയില്ലേ കൃഷ്ണേട്ടാ..
ഇല്ലമ്മേ…. അമ്മ പ്രസവിച്ച ഞങ്ങടെ സ്വന്തം ചേച്ചിയാണ് ഇന്ദുവേച്ചി ..
നിങ്ങൾ എന്താ ഈ പറയുന്നത്..
അതെ ഭാമേ…. അവൾ മരിച്ചിട്ടില്ല… നിന്റെ വീട്ടുകാർ അവളെ ഒരനാഥാലയത്തിൽ വളർത്താൻ കൊടുത്തു…. നിന്റെ ഏട്ടനിൽ നിന്നും എല്ലാം മനസ്സിലാക്കിയ ഞാൻ അവളെ കണ്ടെത്തി….
ഞാൻ ഇടയ്ക്കു അവളെ കാണാൻ പോകുമ്പോൾ നീ വഴക്കുണ്ടാക്കുമ്പോൾ നമ്മുടെ മക്കൾ എന്നോട് ചോദിച്ചു… അച്ഛന്റെ ആരാണ് ഇതെന്ന്…. ഞാൻ അവരെയും എല്ലാം പറഞ്ഞു പഠിപ്പിച്ചു…
എന്നിട്ട് ഞാൻ മാത്രം ഒന്നുമറിയാതെ എന്റെ കുട്ടിയെ എത്ര കുറ്റപ്പെടുത്തി…
എനിക്ക് അവളെ കാണണം കൃഷ്ണേട്ടാ…. വാ നമുക്ക് പോവാം അങ്ങട്….
ആഹാ ഇപ്പോൾ അമ്മക്ക് എന്താ തിടുക്കം…. ഞങ്ങളെ ഒന്നും വേണ്ടാതായോ….
ഭാമേ ഈ രാത്രിയിൽ ഇനി എങ്ങും ഇല്ല… നീ സമാധാനം ആയി കിടന്നുറങ്ങു… നാളെ അവൾ അമേരിക്കയിലേക്ക് പോവുകയാണ് നമുക്ക് അവളെ സന്തോഷത്തോടെ യാത്രയാക്കാം … അവൾ പഠിച്ചു മിടുക്കിയായി തിരികെ വരട്ടെ …
ആ രാത്രി ഭാമാക്കു ഉറക്കം ഇല്ലാത്ത രാത്രി ആയിരുന്നു…. പിറ്റേന്ന് രാവിലെ എല്ലാവരും റെഡിയായി വളരെ സന്തോഷത്തോടെ പോകാൻ ഇറങ്ങി…
ഇന്ദുവും അവിടുന്ന് ടാക്സിയിൽ പുറപ്പെട്ടു എന്ന് പറഞ്ഞതിന് ശേഷമാണ് അവർ ഇറങ്ങിയത് .. എയർപോർട്ട് എത്താറായി അപ്പോളാണ് ഒരു കാൾ..
ഹലോ ഇത് സിറ്റി ഹോസ്‌പിറ്റലിൽ നിന്നാണ്… ഇന്ദു എന്നൊരു കുട്ടിയെ ആക്‌സിഡന്റ് പറ്റി ഇവിടെ കൊണ്ടുവന്നിട്ടുണ്ട്…
അല്പം സീരിയസ് ആണ്… കൂടെ ഉണ്ടായിരുന്ന സിസ്റ്റർ തെരേസ ആണ് നിങ്ങടെ നമ്പർ തന്നത്… അവർക്കും നന്നായി പരിക്ക് ഉണ്ട്… നിങ്ങൾ വേഗം വരൂ….
അച്ഛാ ആരാണ്… എന്താ പറഞ്ഞത് .
അപ്പു കാർ സിറ്റി ഹോസ്പിറ്റലിലേക്ക് വിട് ഇന്ദുവിനു ആക്‌സിഡന്റ്…
കൃഷ്ണേട്ടാ എന്റെ മോൾ…. എന്താ അവർ പറഞ്ഞത്….
അറിയില്ല ഭാമേ… പ്രാർത്ഥിക്കാം നമുക്ക്…
കരിനിന്നും ഇറങ്ങിയ ഭാമ ഓടുകയായിരുന്നു ഐ സി യു വിലേക്കു…. അവർ ചെല്ലുമ്പോൾ ഐ സി യു വിന്റെ വാതിൽ തുറന്ന് അറ്റണ്ടർ ഒരു ട്രോളി തള്ളി പുറത്തേക്കു വന്നു….വെള്ളത്തുണി കൊണ്ട് മൂടിയ ഒരു ബോഡി ആയിരുന്നു അത്…
ഇന്ദുവിന്റെ കൂടെ ഉള്ളവരുണ്ടോ.. ആയാൾ വിളിച്ചു…
ഭാമയും കൃഷ്ണനും ഓടിച്ചെന്നു ട്രോളിക്കു അടുത്തേക്ക്…
ഞങ്ങൾക്ക് കാണണം അവളെ… കൃഷ്ണേട്ടാ എന്റെ മോൾ… ഭാമ അലറികരഞ്ഞു…
സിസ്റ്റർ നിങ്ങൾ എന്താ ഈ കാണിക്കുന്നത്…. ഇത് ഇന്ദു അല്ല… ആ കുട്ടിയെ കാണാൻ നിങ്ങൾ അകത്തേക്ക് ചെല്ല്…. ഇത് വേറെ ആളാണ്…
വലിയ സങ്കടത്തിനിടക്ക് തങ്ങൾക്കു പറ്റിയ അമളി ഓർത്തു അവർ അറിയാതെ ചിരിച്ചു…
ഐ സി യു വിന്റെ ഡോർ തുറന്ന് അകത്തുകേറിയ അവർക്കണ്ടു തലയിൽ വട്ടകെട്ടുമായി പുഞ്ചിരിയോടെ കിടക്കുന്ന ഇന്ദുവിനെ.
ഭാമ തെല്ലു ലജ്ജയോടെ അവളുടെ കൈകളിൽ മുറുകെ പിടിച്ചു…
മോളെ… ഞാൻ…
എല്ലാം എനിക്കറിയാം…. എനിക്ക് ഒന്ന് അമ്മേ എന്ന് വിളിക്കണം… അതിനു മാത്രം അനുവദിച്ചാൽ മതി… ഒരിക്കലും ഞാൻ ഒരവകാശവും പറഞ്ഞു വരില്ല… സത്യം.. അവൾ കൈകൾ കൂപ്പി പൊട്ടിക്കരഞ്ഞു .
ഭാമയും, കൃഷ്ണനും, അപ്പുവും, കണ്ണനുംകൂടി അവളെ കെട്ടിപ്പിടിച്ചു…
ഇനി മോള് കരയരുത് നിനക്ക് എല്ലാവരും ഉണ്ട്…. ഇനി കുട്ടി അനാഥ അല്ല… ഈ കാഴ്ച്ച കണ്ടുനിന്ന സിസ്റ്റർ തെരേസയുടെ മിഴികൾ നിറഞ്ഞൊഴുകി…