ആശ്രയമറ്റവൾ ആശയും
(രചന: Jolly Shaji)
“എന്തിനാണെടോ ഇനിയും ഈ പീ ഡനം സഹിച്ചു അയാൾക്കൊപ്പം കഴിയുന്നത്.. അയാൾക്കൊരു ഭാര്യ അല്ല വേണ്ടത്… അയാളുടെ കാ മ കേ ളികൾ തീർക്കാൻ ഒരിര മാത്രമാണ് നീ….
പകൽ മുഴുവൻ അധ്വാനിച്ചു വീട്ടിൽ വരുമ്പോൾ ആ പൈസയും വാങ്ങി മ ദ്യ പി ച്ചു വന്നിട്ടു ശാരീരികവും മാനസികവുമായി പീ ഡിപ്പിക്കുന്ന ഒരാളെ എങ്ങനെ ഇത്ര നാൾ നീ സഹിച്ചു..”
ആസിഫ് പൊട്ടിത്തെറിച്ചിട്ടും ഷീനക്ക് വാക്കുകൾ ഒന്നുമുണ്ടായിരുന്നില്ല മറുപടി പറയാൻ…. അവൾ നിശ്ശബ്ദമായി കരഞ്ഞു…
‘എടാ നീ കരയുവാണോ, നീ കരയാൻ അല്ല ഞാൻ പറഞ്ഞത്, ഞാൻ എത്ര പ്രാവശ്യം പറഞ്ഞു ആ ബന്ധം ഉപേക്ഷിക്കാൻ ”
“ആസി എന്റെ മക്കളോ, അവര് വളർന്നു വരികയാണ്, മോൾക്ക് വയസ്സ് ഇരുപതിനോട് അടുക്കുന്നു തൊട്ടു താഴെ മോനും,
ഞാൻ അവരെയും കൊണ്ട് എങ്ങോട് പോകും, വീട് അയാളുടെ പേരിലാണ് ”
“നീ ലോൺ എടുത്ത് പണിത വീടല്ലേ അത്,”
“അതെ പക്ഷേ അന്ന് സ്ഥലം വാങ്ങിയതും വീട് പണിതതും എല്ലാം അയാളുടെ പേരിൽ ആണ്…
എന്റെ പേര് കൂടി വെക്കാൻ എന്റെ അപ്പച്ചൻ അന്ന് പറഞ്ഞതാണ് പക്ഷേ അയാൾ സമ്മതിച്ചില്ല ”
“അതൊന്നും ഇനി ചിന്തിച്ചിട്ട് കാര്യമില്ല, നിനക്കു എന്റെ അവസ്ഥകൾ അറിയാമല്ലോ,
ഞാനും മോളും ഉമ്മച്ചിയും മാത്രേ വീട്ടിൽ ഉള്ളു, എന്റെ മോൾക്ക് ഒരു ഉമ്മച്ചി ആയി നീ വാ എന്റെകൂടെ,
നിന്റെ മക്കൾ എന്റെയും മക്കൾ അല്ലേ, മോളെ നമുക്ക് വിവാഹം കഴിപ്പിക്കാം, മോനെ പഠിപ്പിച്ചു ഒരു ജോലി തരാക്കാം ”
“ആസി ഈ സമൂഹം നമ്മെ പഴിക്കും.. കൂടാതെ എന്റെ മക്കൾ.. അവർക്കു തിരിച്ചറിവ് ആയവർ ആണ്, അവരിത് അനുവദിക്കുമോ..
മാത്രമല്ല നീ ഇപ്പോളും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല…
നിങ്ങൾ ചില തെറ്റിദ്ധാരണകളാൽ പിരിഞ്ഞു ജീവിക്കുന്നവർ ആണ്… നാളെ ഒരിക്കൽ റസീന എല്ലാതെറ്റുകളും മനസ്സിലാക്കി തിരിച്ചു വന്നാലോ… നിന്റെ മോൾടെ ഉമ്മിയല്ലേ അവൾ…”
“ഒരു സാധ്യതയും ഇല്ലെടോ അവൾ വരാൻ… അവൾക്കു വേണ്ടത് പണം മാത്രമാണ്… അവളുടെ വീട്ടുകാരുടെ പത്രാസിനു അനുസരിച്ചു അവൾക്കു ജീവിക്കണം…
എന്നും ഹോട്ടൽ ഭക്ഷണം… സിനിമ, ടൂർ ഇതൊക്കെ ആണ് അവൾക്കു വേണ്ടത്…. അതിനുവേണ്ടി എന്ത് പോക്രിത്തരവും അവള് കാണിക്കും ”
“അതൊക്ക നിസാരമായ കാര്യങ്ങൾ അല്ലേ ആസി… ഒന്ന് സംസാരിച്ചാൽ തീർന്നേക്കാവുന്നത്… അവൾക്കും ഉണ്ടാവില്ലേ മോഹങ്ങൾ….
ഒന്ന് പുറത്തു പോവുന്നതോ പുറത്തുന്നു ഭക്ഷണം കഴിക്കുന്നതോ അത്ര വലിയ തെറ്റാണോ ആസി ”
“അതൊന്നും തെറ്റല്ല, സമ്മതിച്ചു.. ഞാൻ കുറേ സഹിക്കുകയും ചെയ്തു പക്ഷെ സ്വന്തം മോളെ പോലും വേണ്ടാതെ ഫ്രണ്ട്സ് എന്ന് പറഞ്ഞു ആര് വിളിച്ചാലും ആ കൂടെ പോകുന്നവളെ ഇനിയും ഞാൻ സഹിക്കണോ ”
“ആസി അവൾ വളർന്ന സാഹചര്യം അതാണ്… അവൾ സൗഹൃദങ്ങൾക്ക് കൂടുതൽ വില കല്പ്പിക്കുന്നു.. നിനക്ക് പക്ഷേ അതൊക്ക അക്സെപ്റ് ചെയ്യാൻ ബുദ്ധിമുട്ടും ആണ് ”
“ഇത്രയൊക്കെ ആദർശം പറയുന്ന നിന്നോട് കോളേജിൽ പഠിച്ചപ്പോൾ ഞാനൊന്നു സൗഹൃദം കൂടാൻ വന്നത് എനിക്കിപ്പോളും നല്ല ഓർമ്മ ഉണ്ട് കേട്ടോ”
“അന്നത്തെ സാഹചര്യങ്ങൾ അങ്ങനെ ആയിരുന്നു ആസി… നിനക്കറിയാമല്ലോ എന്റെ വീട്ടിലെ സാഹചര്യം… അപ്പന്റെ പ ട്ടാളച്ചിട്ടയിൽ വളർന്നവർ ആണ് ഞങ്ങൾ…
എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയിലുമാണ് ഞങ്ങളെ വളർത്തിയത്.. സ്വന്തമായി തീരുമാനങ്ങൾ ഒന്നുമില്ലായിരുന്നു.”
“സ്വന്തം ജീവിതത്തിൽ എങ്കിലും സ്വയം ഒരു തീരുമാനം എടുക്കാമായിരുന്നു….
പ തിനെട്ടു വയസ്സിൽ മു പ്പത്തിരണ്ടുകാരന് താലികെട്ടാൻ കഴുത്ത് നീട്ടികൊടുത്തപ്പോൾ പോലും നീ നിന്നെക്കുറിച്ചു ചിന്തിച്ചില്ല…’
“അത് സത്യമാണ് ആസി .. ഒരിക്കൽ പോലും ഞാൻ എന്നെക്കുറിച്ച് ചിന്തിച്ചിട്ടില്ല…. എനിക്കുവേണ്ടി ജീവിച്ചിട്ടും ഇല്ല…. ആദ്യമൊക്കെ വീട്ടുകാർക്ക് വേണ്ടിയായിരുന്നു ജീവിതം….
ഒരിക്കൽ പോലും ഞാനെന്റെ വിഷമങ്ങൾ ആരോടും പറഞ്ഞിട്ടും ഇല്ല… പലപ്പോഴും അമ്മച്ചി ചോദിക്കും എന്താ മോളെ മുഖത്തു സന്തോഷമില്ലായ്മ എന്ന്….
അന്നൊക്കെ ഞാൻ ചിരിവരുത്തിയിട്ടേ ഉള്ളു ആസി….
പിന്നെ മക്കൾ ആയി അവർക്കു അറിയാം അപ്പച്ചന്റെ സ്വഭാവം., അവരും ഇന്ന് അയാളുടെ രീതികൾക്ക് അനുസരിച്ചു ജീവിക്കാൻ പഠിച്ചു…”
“ഇങ്ങനെ സഹിച്ച് എത്രനാൾ, ഇനിയെങ്കിലും കുറച്ചുനാൾ നിനക്ക് വേണ്ടി ഒന്ന് ജീവിച്ചുകൂടെ പെണ്ണെ..”
“ഇന്നെന്റെ ഏറ്റവും വലിയ സ്വപ്നം എന്റെ മക്കൾ ആണ്… ഇത്രയും സഹിച്ചില്ലേ…. ഇനി സഹിച്ചേ പറ്റു…
മക്കളെ ഒരു കരക്ക് എത്തിക്കണം.. പിന്നെ അയാളിന്ന് ഒരു രോഗിയാണ്… കുറച്ച് നാൾ കൂടി അയാൾക്ക് ആയുസ്സ് ഉണ്ടാകു….
കഴുത്തിൽ താലികെട്ടിയ ബന്ധം ആയിരുന്നെങ്കിൽ പൊട്ടിച്ചെറിയാമായിരുന്നു ആസി… അയാളെന്റെ മക്കളുടെ അപ്പ അല്ലെടാ..”
“എനിക്ക് നിന്നോട് സ്നേഹം കൂടുകയാണ് ഷീന…. നീയാണ് യഥാർത്ഥ പെണ്ണ്…. നിന്നെ ഞാൻ ഒരിക്കലും നിർബന്ധിക്കില്ല..
പക്ഷെ ഒന്ന് പറയാം നിനക്ക് ആരും ഇല്ലെന്നു എപ്പോൾ തോന്നുന്നോ അപ്പോൾ നിനക്ക് എന്നെ വിളിക്കാം…. നമ്മുടെ കണ്ടുമുട്ടൽ ഇനി ഉണ്ടാവില്ല…. നിന്നെ കാണുമ്പോൾ എനിക്ക് വിഷമം കൂടുകയാണ്…”
അയാൾ തന്റെ നമ്പർ അവൾക്കു കൊടുത്തിട്ടു യാത്രചൊല്ലി പോയി..
അവളുടെ ദിനങ്ങൾ പതിവുപോലെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു…. രോഗിയായ ഭർത്താവിന്റെ കാര്യങ്ങളും വീട്ടുകാര്യങ്ങളും ഒരുകുറവും വരുത്താതെ ചെയ്തു തീർത്തു ജോലിക്കുപോകും….
ഓരോ ദിവസങ്ങൾ കഴിയും തോറും അയാളുടെ അസുഖം കൂടി കൂടി വന്നു… പഴയതുപോലെ ഉള്ള ചീത്തവിളികളും ശകാരങ്ങളും കുറഞ്ഞു…. ഭക്ഷണം കഴിക്കാൻ പോലും വയ്യാത്ത അവസ്ഥ…
മോള് പി ജി പഠനം പൂർത്തിയാക്കി ക്യാമ്പസ് സെലെക്ഷൻ കിട്ടി അത്യാവശ്യം നല്ലൊരു ജോലിക്കു കയറി…
മോന് ഡിഗ്രി കഴിഞ്ഞപ്പോൾ എം ബി എ ചെയ്യണം എന്ന ആഗ്രഹം…. ഒരു ലോൺ കൂടി എടുത്ത് അവന്റെ ആഗ്രഹം സാധിച്ചുകൊടുത്തു…
ഒരു ദിവസം പുലർച്ചെ എണീറ്റു ചായ ഉണ്ടാക്കി അദ്ദേഹത്തെ എണീപ്പിച്ചു കൊടുക്കാൻ ചെന്നപ്പോൾ ആണ് അവളാ സത്യം മനസ്സിലാക്കിയത്…
താലിചരട് കോർത്ത ആ കൈകൾ നിശ്ചലം ആയെന്നു… സൈലന്റ് അറ്റാക് ആയിരുന്നു…
ഏറെ താമസിയാതെ മോൾക്ക് ഒരാലോചന വന്നു…. അവളുടെ കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ സഹോദരൻ ആണ് പയ്യൻ…
അത്യാവശ്യം തരക്കേടില്ലാത്ത ആലോചന എന്ന് കണ്ടപ്പോൾ ആർഭാടങ്ങൾ ഒന്നുമില്ലാതെ അവളുടെ വിവാഹം നടത്തികൊടുത്തു..
മോൻ ക്ലാസ്സ് തീരാറായപ്പോൾ മുതൽ ജോലികൾ തേടി നടന്നുതുടങ്ങി…
അത്യാവശ്യം എല്ലാവരോടും ഇടപഴുകാൻ അറിയാവുന്നതിനാലും
മറ്റുഭാഷകളിൽ ഉള്ള പ്രാവണ്ണ്യത്താലും
അവന് ദുബായിൽ ഒരു ജോലി തരപ്പെട്ടു…. അങ്ങനെ അവനും പറന്നു ഗൾഫിലേക്ക്…
ഏകാന്തത അവളെ പിടികൂടി… മോൾ ബാംഗ്ലൂർ ആണ് ജോലിതിരക്ക് ആയതിനാൽ ഇടയ്ക്കു വിളിക്കും…
ഒറ്റപ്പെടൽ അവളെ ആകെ തളർത്തി… അദ്ദേഹത്തിന്റെ ഓർമ്മകളും ആയി കഴിയവേ ആണ് അവൾക്കു ആ ചിന്ത മനസ്സിലേക്ക് വന്നത്..
ഇത്രയും നാൾ കുടുംബത്തിനും മക്കൾക്കും വേണ്ടി ജീവിച്ചു… ഇനിയെങ്കിലും തനിക്കുവേണ്ടി ഒന്ന് ജീവിച്ചാലോ…
അവൾ ബാഗിൽ നിന്നും ഫോൺ നമ്പർ എഴുതിയിരുന്നു ചെറിയ ഡയറി തപ്പിയെടുത്തു…
ആരുവർഷങ്ങൾക്ക് മുൻപ് ആസി പറഞ്ഞ വാക്കിൽ വിശ്വസിച്ച് അയാളുടെ നമ്പറിലേക്ക് വിളിച്ചു…
റിങ് ചെയ്തതെ ഫോൺ എടുത്തു
“ഹലോ ആരാണ് “.. ഒരു പെൺകുട്ടിയുടെ ശബ്ദം ആണ്..
“ആസിഫ് ഇല്ലേ.”
“ബാപ്പിച്ചി ഉണ്ടല്ലോ ഞാൻ ഫോൺ കൊടുക്കാം..” ആസിയുടെ മകൾ ആണ്… അവൾക്കു സന്തോഷം തോന്നി… ആസി പറഞ്ഞതുപോലെ തന്റെ മകൾ..
“ഹലോ ആരാണ്…”
ആസിയുടെ ശബ്ദം… അവൾക്ക് മറുപടി പറയാൻ ബുദ്ധിമുട്ട് പോലെ തോന്നി…
“ഹലോ നിങ്ങൾ ആരാണ്..”
“ആസി ഞാൻ ആണ് ഷീന..”
“ആഹാ എടോ താൻ എന്നെ മറന്നില്ല അല്ലെ… പറയെടോ എന്തൊക്ക തന്റെ വിശേഷങ്ങൾ… തന്റെ കെട്ടിയോനും മക്കളും എന്തുപറയുന്നു…”
“അദ്ദേഹം പോയി ആസി..”
“ങ്ങേ ഇത്ര പെട്ടെന്നൊ..”
“മം… രോഗിയായി മാറി പെട്ടന്ന്… അറ്റാക് ആയിരുന്നു മരണ കാരണം ”
“ഞാൻ അറിഞ്ഞില്ല… മക്കൾ.. എന്തുപറയുന്നു..”
“മോളുടെ കല്യാണം കഴിഞ്ഞു.. മോൻ ദുബായിൽ ഒരു ജോലികിട്ടി പോയി..”
“ഭാഗ്യവതി.. അമ്മായിയമ്മ ആയി… ഗൾഫുകാരന്റെ അമ്മയും.. ഇനിയിപ്പോൾ മകന്റെ കൂടെ ഗൾഫിൽ പോയി ജീവിക്കേടോ സന്തോഷത്തോടെ…”
“ആസി ഞാൻ… വിളിച്ചത്…”
ആരാ ഇക്കാ ഫോണിൽ… ഒരു സ്ത്രീ ശബ്ദം കേൾക്കാം അപ്പുറെ…
“എടോ ഷീന പറയാൻ മറന്നു… അന്ന് താൻ പറഞ്ഞില്ലേ റസീന വരുമെന്ന്… വന്നെടോ അവൾ.. ഇന്ന് എന്റെ വീട് സ്വർഗം ആണ്… ഞങ്ങൾക്ക് ഒരു മോൻ കൂടെ ഉണ്ടായി…”
അവൻ ഫോണിലൂടെ വിശേഷങ്ങൾ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.. ഷീന ഒന്നും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു…
“താനിപ്പോൾ ഫ്രീ അല്ലെ ഒരുദിവസം ഇങ്ങ് വാടോ എന്റെ ഭാര്യയെയും മക്കളേയുമൊക്ക പരിചയപ്പെടാം…”
ആസിഫ് ഫോൺ കട്ട് ചെയ്തിട്ടും അവൾ ചലനമറ്റ് അതെ ഇരുപ്പിൽ ഇരുന്നുപോയി… അവൾ ഏകയായി തന്നിലേക്ക് വീണ്ടും ഒതുങ്ങിക്കൂടി….