കീറിത്തുന്നിയ ജീവിതം
(രചന: Jolly Shaji)
ഇന്നലെവരെ ആർക്കുമുന്നിലും ചിരിക്കാത്തവൾ എപ്പോളും ദുഃഖം തളം കെട്ടിയ മുഖത്തിനുടമ അടുക്കളയും ഒരു തയ്യൽ മെഷീനും ആയിരുന്നു അവൾക്കു ആകെ പരിജയമുള്ള അവളുടെ ലോകം
തയ്ക്കാൻ വരുന്നവരൊക്ക കുറേ സംസാരിക്കാൻ ശ്രമിക്കും പക്ഷെ അവൾ അളവെടുക്കുക പാറ്റേൺ ഏതെന്നു ചോദിക്കുക തയ്ച്ചുകൊടുക്കുന്ന ഡേറ്റ് പറയുക അത്രമാത്രമേ സംസാരിക്കു
ആ വീട്ടിലെ ഏറ്റവും മൂത്തവളാണ് മാതാപിതാക്കൾക്ക് ഏറെ വൈകിയുണ്ടായ മക്കളിൽ മൂത്തവൾ അവളെക്കൂടാതെ രണ്ട് അനുജത്തിമാർ കൂടെ ഉണ്ട്
അമ്പതിനോട് അടുത്ത അമ്മ തുടരെ തുടരെ ഉള്ള പ്രസവങ്ങളോടെ രോഗിയായി മാറി അനുജത്തിമാരെ സംരക്ഷിക്കേണ്ട ചുമതല പത്തുവയസ്സിൽ ഏറ്റെടുക്കേണ്ടി വന്നവൾ അതികം വൈകാതെ അച്ഛനും ഷയരോഗത്തിന് അടിമപ്പെട്ടു
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കും മുന്നേ അവൾ തയ്യൽ എന്ന കലയെ സ്നേഹിച്ചുതുടങ്ങി
അല്പസ്വല്പം തയ്യൽ ചെയ്തു തുടങ്ങിയപ്പോൾ പഠിത്തം ഒൻപതാം ക്ലാസ്സിൽ അവസാനിപ്പിച്ചു
ഏറെ വൈകാതെ അച്ഛൻ ഈ ലോകത്തോട് യാത്ര ചൊല്ലി
പിന്നീട് ആ വീടിന്റെ ഉത്തരവാദിത്തം മുഴുവനും അവളിലായി തളർവാതം പിടിപെട്ട അമ്മയെ നോക്കണം അനുജത്തിമാരെ പഠിപ്പിക്കണം
കാലം കടന്നുപോയികൊണ്ടിരുന്നു
അച്ഛന്റെയും അമ്മയുടെയും ബന്ധുക്കൾ ഇടയ്ക്കു വിശേഷങ്ങൾ തിരക്കാൻ വരും
വരുന്നവർക്ക് ചോദിക്കാൻ ഒന്നേ ഉള്ളു വിവാഹം ആലോചിക്കട്ടെ എന്ന്
കുട്ടികൾ ഡിഗ്രി പഠിത്തം കഴിഞ്ഞ് ഓരോ കമ്പനികളിൽ ചെറിയ ജോലിക്ക് കയറിയതെ ഉള്ളു
ഇപ്പോൾ താൻ വിവാഹം ചെയ്തുപോയാൽ അവരുടെ കാര്യം ആര് നോക്കും വയ്യാതെ കിടക്കുന്ന അമ്മയോ അവൾ ഓരോ കാരണങ്ങൾ കണ്ടെത്തി
“ഇച്ചേയി ഇനിയും തടസ്സങ്ങൾ ഒന്നും പറയേണ്ട ഇതുവരെ ഞങ്ങൾക്ക് വേണ്ടി ജീവിച്ചില്ലേ ഇനി ഇച്ചേയി വിവാഹം കഴിക്കണം”..
കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങി
അവൾ വിവാഹം കഴിക്കാൻ സമ്മതിച്ചു
ഒന്ന് രണ്ട് ആലോചനകൾ വന്നു
കാണാൻ വന്നവർക്ക് കുട്ടിയെ ഇഷ്ടം ആയി സ്ത്രീധനം ഒന്നും ഇല്ലെന്നു അറിയുമ്പോൾ നെറ്റി ചുളിയും അതും പ്രശ്നം ഇല്ല എന്ന് പറഞ്ഞു വരുന്നവർക്ക് ജാതകം വലിയ പ്രശ്നം ആകുന്നു
ഒടുവിൽ വിവാഹ കമ്പോളത്തിൽ അവൾ തഴയപ്പെട്ടവളായി ജോലിയും വിദ്യാഭ്യാസവും ഉള്ള അനുജത്തിമാർക്കായി പിന്നീട് ആലോചനകൾ അതിൽ അവർ വിജയിച്ചു
പൊന്നോ പണമോ നോക്കാതെ ആലോചനകൾ വന്നപ്പോൾ അടുത്ത അടുത്ത ദിവസങ്ങളിൽ സഹോദരിമാരെ അവൾ കെട്ടിച്ചയച്ചു
തന്റെ ഇതുവരെ നീക്കി വെച്ച സമ്പാദ്യം അവർക്കു കുറച്ച് പൊന്നുമേടിക്കാൻ ഉപകരിച്ചു
ഒറ്റപ്പെടലിന്റെ ദിനങ്ങൾ ആയിരുന്നു പിന്നീട് അവൾക്കു വീട്ടിൽ
ഇടയ്ക്കിടെയുള്ള അമ്മയുടെ രോദനങ്ങളും മിഷ്യന്റെ കറകര ശബ്ദവും മാത്രമായി ആ വീട്ടിൽ
വല്ലപ്പോഴും ഒന്ന് തിരിഞ്ഞുനോക്കി പോകുന്ന അനുജത്തിമാർ,
തയ്ക്കാൻ വരുന്നവരും തയ്ച്ചു മേടിക്കാൻ വരുന്നവരും മാത്രമായി അവളുടെ ലോകം തന്റെ കൊച്ച് ഫോണിൽ ഇടയ്ക്കു ഓരോ കാളുകൾ വരാറുണ്ട്
“ചേച്ചി ഞാൻ തയ്ക്കാൻ തന്നത് ഇന്ന് തരുമോ”.. എന്നൊക്കെ ചോദിച്ച് മാത്രം
ഇന്ന് അവളുടെ ഫോണിലേക്കു ഒരു കാൾ വന്നു തയ്ക്കാൻ തന്നവർ ആവും അവൾ ഫോൺ എടുത്ത്
“ജയന്തി അല്ലെ”..
“അതെ ആരാണ് നിങ്ങൾ”..
“ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാണ്.. കുറച്ചുദിവസം മുന്നേ ഞാൻ തന്റെ വീട്ടിൽ വന്നിരുന്നു.. എന്റെ അനുജത്തിയുടെ കല്യാണ ഡ്രസ്സ് തയ്ച്ചു മേടിക്കാൻ..”
‘”എന്നിട്ട് എന്താ ബ്ലൗസ് പകമായില്ലേ തയ്ച്ചതിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ കൊണ്ടുവരൂ ഞാൻ റെഡി ആക്കി തരാം”..
“അതിന് കുഴപ്പമില്ല.. കല്യാണം കഴിഞ്ഞു.. തന്നെ അന്ന് കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരിഷ്ടം തോന്നി ഞാൻ അതു അനുജത്തിയോട് പറഞ്ഞു അവളാണ് എനിക്ക് തന്റെ നമ്പർ തന്നത്..”
“അതിന് ഞാൻ.. എന്റെ ജാതകത്തിൽ ദോഷം ഉണ്ട്..”
“ജാതകം ഞാൻ ചോദിച്ചോ.. എനിക്കുമുണ്ട് ജാതകത്തിൽ ദോഷം അതുകൊണ്ടായിരിക്കും എനിക്കും ഇതുവരെ വിവാഹം ഒന്നും റെഡി ആവാത്തത്….
പിന്നെ എന്റെ കവിളിൽ ഒരു വലിയ കറുത്ത മറുക് എന്റെ ജനനത്തോടെ ഉണ്ട്. . ഒരുപക്ഷെ അതും എന്റെ വിവാഹം മുടങ്ങാൻ ഒരു കാരണം ആയിരുന്നിരിക്കും…”
“ഞാൻ അനുജത്തിമാരോട് ആലോചിക്കാതെ എന്താ ഇപ്പൊ പറയുക…”
“അനുജത്തിമാർ നിന്റെ എന്തെല്ലാം കാര്യങ്ങൾ അന്വഷിക്കുന്നുണ്ട് …
തളർന്നുകിടക്കുന്ന നിന്റെ അമ്മയെ അവർ എത്രത്തോളം നോക്കുന്നുണ്ട്.. അതൊന്നും നീയൊരു തടസ്സമായി പറയേണ്ട …നിന്നെ വിവാഹം കഴിച്ചു എന്ന കാരണത്താൽ നിന്റെ അമ്മയെ നീ മറക്കണം എന്നില്ല…
നീ എവിടെയാണോ അവിടെ നിന്റെ അമ്മയും ഉണ്ടാകും…. ഈ മറുക് ഒരു തടസ്സം അല്ലെങ്കിൽ ഞാൻ വരാം ആ കഴുത്തിൽ ഒരു താലി അണിയിക്കാൻ..”
അവളിൽ അറിയാതെ നാണം വന്നു… ആദ്യമായാണ് ഒരു പുരുഷൻ ഇഷ്ടം തുറന്നുപറയുന്നത്… അവളിലും അനുരാഗം മൊട്ടിട്ടു തുടങ്ങി…
പിന്നെ പെട്ടെന്ന് ആയിരുന്നു അവളിലെ മാറ്റം… കണ്ണാടിക്ക് മുന്നിൽ നിന്നു ആദ്യമായി അവളെ അവൾ നോക്കി കണ്ടു…
“അയ്യേ കറമ്പിപെണ്ണ് ഒരു ഭംഗിയും ഇല്ല”.. അവൾക്കു ആദ്യമായി അവളെ ഭംഗിയില്ലാത്തവളായി തോന്നിപ്പിച്ചു.. കൺമഷി എടുത്തവൾ കണ്ണുകൾ കറപ്പിച്ചു വരച്ചു..
നെറ്റിയിൽ ചെറുവിരൽ കൊണ്ട് ശിങ്കാറിൽ മുക്കി പൊട്ടു തൊട്ടു…
മുടി ചീകിയൊതുക്കി പലരീതിയിൽ കെട്ടി നോക്കി ഒന്നും അവൾക്കു തൃപ്തി ആയില്ല… സാരി ആദ്യമായി അവൾ ഞെറികൾ അടുക്കി പിന്നുകുത്തി…
പിന്നെയും പിന്നെയും കണ്ണാടിയിലേക്ക് നോക്കി അവൾ മന്ദഹസിച്ചു… ഞാനും സുന്ദരിയാണല്ലേ അതല്ലേ അദ്ദേഹത്തിന് എന്നെ ഇഷ്ടമായത്…
പിറ്റേന്ന് ജയന്തി ഉണർന്നത് ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ്… അയ്യോ ഇത് അദ്ദേഹം ആണല്ലോ… ഇന്നലെ വെപ്രാളത്തിനിടക്ക് അദ്ദേഹത്തിന്റെ പേരും ചോദിക്കാൻ വിട്ടുപോയി… അവൾ ഫോൺ എടുത്തു..
“ജയന്തി ഞാൻ സതീഷ് ആണ്..”
ഹോ ജയന്തിക്കു പകുതി ആശ്വാസം ആയി പേര് കിട്ടിയല്ലോ…
“എന്താടോ താൻ മിണ്ടാത്തത്… തനിക്കു ഇഷ്ടമായില്ലേ ഞാൻ വിളിച്ചത്… ആയില്ലെങ്കിൽ തുറന്ന് പറഞ്ഞോളൂ പിന്നെ ഞാൻ ശല്യപെടുത്തില്ല ”
“അതു.. ഞാൻ.. എനിക്ക്.. എന്താ പറയുക.. എനിക്ക് കുഴപ്പമൊന്നും ഇല്ല.. എനിക്ക് ആകെ എന്തോ ”
“ആഹാ താൻ ആകെ വിറക്കുവാണല്ലോ… താൻ വിഷമിക്കേണ്ട… ഞാനിപ്പോൾ കർണ്ണാടകയിൽ ഒരു എസ്റ്റേറ്റിൽ ജോലിയിൽ ആണ്…
ജോലിക്ക് കേറാൻ സമയം ആകുന്നു… ഞാൻ വൈകിട്ടു വിളിക്കാം… അപ്പോളേക്കും തന്റെ മനസ്സൊക്കെ ഒന്ന് ഫ്രീ ആക്കി വെച്ചെക്കു….
പിന്നെ ഈ പൈങ്കിളി പ്രണയത്തിൽ ഒന്നും എനിക്ക് താത്പര്യം ഇല്ല…. തന്റെ ഇഷ്ടം കിട്ടിയാൽ ഞാൻ എന്റെ വീട്ടിൽ പറയും അവർ ബാക്കി കാര്യങ്ങൾ തീരുമാനിക്കും… അപ്പൊ ഓക്കേ ”
അങ്ങനെ വളരെയേറെ പവിത്രതയോടെ ആ ബന്ധത്തിന് ആരംഭം കുറിച്ചു… രാവിലെയും വൈകിട്ടും സതീഷ് വിളിക്കും അത്യാവശ്യം വിശേഷങ്ങൾ സംസാരിക്കും…
ജയന്തിയിൽ നല്ല മാറ്റം ആയിരുന്നു ആ ബന്ധം തുടക്കമിട്ടത്.. അവൾ ആളുകളോട് ചിരിച്ചു സംസാരിക്കാൻ വരെ തുടങ്ങി…
അവളുടെ മുറ്റത്തെ ചെടികൾക്കു ഭയങ്കര സന്തോഷം ആയി… ഇന്നലെ വരെ വേണേൽ കുടിച്ചോ എന്ന് പറഞ്ഞു കുടത്തിൽ വെള്ളം ചുവട്ടിലേക്കു ഒഴിച്ചിട്ടു പോകുന്നവൾ ഇന്ന് പൂക്കളെ ഒന്ന് തൊട്ടുതഴുകിയെ പോവാറുള്ളു….
മുറ്റത്തേക്ക് വരുന്ന കോഴികളെ ആട്ടി ഓടിക്കുന്നവൾ കോഴികളെ മാടിവിളിച്ചു തീറ്റ കൊടുക്കുന്നു…
അവൾ അടിമുടി മാറുകയായിരുന്നു… അനുജത്തിമാർ വന്നപ്പോൾ അവൾ അവരോടു സതീഷിനെ കുറിച്ചു പറഞ്ഞു…
“ഇച്ചേയി വിവാഹം വേണ്ടെന്നു പറഞ്ഞു നിന്നിട്ടു ഇതിപ്പോൾ ഈ പ്രായത്തിൽ അതിന്റെ ആവശ്യം ഉണ്ടോ ”
“അതുമാത്രം അല്ല ഇച്ചേയി പോയാൽപ്പിന്നെ അമ്മയുടെ കാര്യങ്ങൾ എങ്ങനെ… ഞങ്ങൾക്ക് ജോലിയും കുട്ടികളും ഒക്കെ ഇല്ലേ… അതിനിടെ ആരു ചെയ്യും കാര്യങ്ങൾ ”
സത്യത്തിൽ അവൾക്കു തന്റെ അനുജത്തിമാരുടെ സ്വഭാവം ഇപ്പോൾ ആണ് മനസ്സിലായത്…
“എന്റമ്മയെ നോക്കാൻ നിങ്ങൾ ആരും വിഷമിക്കണ്ട… എന്റെ കഴുത്തിൽ ജീവൻ ഉള്ളിടത്തോളം അമ്മയെ ഞാൻ നോക്കിക്കൊള്ളാം ”
അവർ അത്ര തൃപ്തിയിൽ അല്ല മടങ്ങിയത്..
ഇതിനിടെ സതീഷിന്റെ അമ്മയും സഹോദരിയും ജയന്തിയെ കാണാൻ വന്നു… അവർക്കു അവളെ ഒരുപാട് ഇഷ്ടമായാണ് മടങ്ങിയത്…
“ജയന്തി അടുത്ത ശനിയാഴ്ച ഞാൻ നാട്ടിലേക്കു വരികയാണ്… ഞായറാഴ്ച ഞാൻ അങ്ങുവരും നിന്നെ ഒന്നൂടെ കാണുവാനായി “..
അവളിൽ സ്വപ്നങ്ങൾ പിറവികൊണ്ടു തുടങ്ങി.. ആരൊക്കെയോ തനിക്ക് ഉണ്ടെന്നൊരു തോന്നൽ അവളിൽ പ്രതീക്ഷകൾ നൽകുകയായിരുന്നു…
ശനിയാഴ്ച്ച കർണ്ണാടകയിൽ നിന്നും പുറപ്പെടാൻ നേരം സതീഷ് വിളിച്ചു..
“എടോ ഇവിടെ ഭയങ്കര മഴയാണ് ബസ് ഒന്നും കിട്ടാൻ ചാൻസ് ഇല്ല കീട്ടുന്ന വണ്ടിക്കു കേറി ഞാൻ വരും… ഞാൻ വീട്ടിൽ എത്തുമ്പോൾ രാത്രി ആകും… നാളെ രാവിലെ വിളിക്കാം ഇനി… അല്ലെങ്കിൽ എന്തു വിളിക്കാൻ നാളെ നമ്മൾ കാണുകയല്ലേ..”
അവൻ ചിരിയോടെ പറഞ്ഞു….
രാത്രിയിൽ ശക്തമായ മഴയായിരുന്നു ജയന്തിക്ക് കിടന്നിട്ടു ഉറക്കം വരുന്നില്ല..
ഇന്നലെ വരെ അദ്ദേഹത്തോട് സംസാരിച്ചു കിടന്ന് ഉറങ്ങിപോകും… ഇന്നെന്തോ ഉറക്കം വരുന്നില്ല…. തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോളോ അവൾ ഉറക്കത്തിലേക്കു വഴുതിവീണു…
പിറ്റേന്ന് എണീറ്റു ഫോണിലേക്കു നോക്കി സതീഷിന്റെ കാൾ ഉണ്ടോ എന്ന്… ഇല്ല… ഓ ഇങ്ങ് വരുമ്പോൾ കാണാം എന്നല്ലേ പറഞ്ഞേക്കുന്നതു.. അവൾ വേഗം എണീറ്റു…ചായ ഉണ്ടാക്കി,അമ്മയെ ഉണർത്തി അമ്മയുടെ കാര്യങ്ങൾ എല്ലാം ചെയ്ത് അമ്മക്ക് ഭക്ഷണം കൊടുത്തു…
സമയം പത്തുമണി ആവുന്നു.. അവൾ വേഗം കുളിച്ച് ഉള്ളതിൽ നല്ലൊരു സാരി എടുത്തുടുത്തു കണ്ണാടിക്ക് മുന്നിൽ നിന്ന് എത്ര നോക്കിയിട്ടും അവൾക്ക് തൃപ്തി ആയില്ല…
ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ജയന്തി മുൻവശത്തേക്ക് ചെന്നു… രണ്ട് ചെറുപ്പക്കാരാണ് വന്നിരിക്കുന്നത്.. മുറ്റത്തിന് താഴെ ഒരു കാറും കിടപ്പുണ്ട്.. അവർ ഇറയത്തേക്കു കയറി..
“ജയന്തി ചേച്ചിയുടെ വീടല്ലേ “..
“അതെ നിങ്ങൾ ആരാണ് മനസ്സിലായില്ല”..
“ഞാൻ സതീഷേട്ടന്റെ അമ്മാവന്റെ മകൻ ആണ്… അമ്മായി പറഞ്ഞിട്ടാണ് ഞങ്ങൾ ഇങ്ങോട് വന്നത്… ചേച്ചി ഞങ്ങൾക്കൊപ്പം അവിടെവരെ വരണം..”
“അയ്യോ സതീഷേട്ടൻ ഇന്ന് ഇങ്ങോട് വരാമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്.. പിന്നെന്താ “..
“അതു ചേച്ചി ഇത്തിരി വേദന ഉള്ളൊരു വാർത്ത ഉണ്ട് അതു പറയുവാൻ കൂടിയാണ് ഞങ്ങൾ വന്നത്…”
“എന്താണ് പ്രശ്നം ആർക്കെങ്കിലും എന്തെങ്കിലും… സതീഷേട്ടൻ എന്താ വരാതിരുന്നത് ”
“സതീഷേട്ടന് ഇനി ചേച്ചിയെകാണാൻ വരാൻ പറ്റില്ല…. ചേച്ചിക്ക് ഒരു നോക്ക് കാണുവാൻ കൂട്ടികൊണ്ട് പോകുവാൻ വന്നതാണ് ഞങ്ങൾ ”
ജയന്തി വല്ലാത്തൊരു മരവിപ്പിൽ ഭിത്തിയിലേക്ക് ചാഞ്ഞു കൈകൾ പിറകിലേക്ക് ആക്കി അവൾ ഭിത്തിയിൽ ആള്ളിപിടിക്കാൻ ശ്രമിച്ചു..
“ഏട്ടന്..ഏട്ടന് എന്താ പറ്റിയത് ”
അവൾ പൊട്ടിക്കരഞ്ഞു പോയി..
“ഇന്നലെ അവിടുന്ന് പോന്നത് ഒരു ജീപ്പിൽ ആണ് ഭയങ്കര മഴയും… വന്നവഴിക്കു വണ്ടി നിയന്ത്രണം വിട്ട് എതിരെ വന്ന ഒരു ലോറിയിൽ ഇടിച്ചു….
ഇടിയുടെ ആഘാതത്തിൽ ജീപ്പ് കീഴ്മേൽ മറിഞ്ഞു അതിലുണ്ടായിരുന്ന ആറുപേർ അപ്പോൾ തന്നെ മരിച്ചു…. അതിൽ ഏട്ടനും..”
അവൻ പറഞ്ഞുതീരും മുന്നേ അവൾ ഭിത്തിയിലൂടെ ഊർന്നു കീപ്പോട്ടു വീണു..അവർ അവളെ കൈകളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു അകത്തെ കട്ടിലിൽ കിടത്തി…
അപ്പോളാണ് അടുത്ത ബെഡിൽ നിന്നും അമ്മയുടെ ഞരക്കങ്ങൾ അവർകേട്ടത് അവരെ ആ കാഴ്ച്ച ഭയങ്കരമായും വേദനിപ്പിച്ചു…
കാർവരുന്നത് കണ്ടു അടുത്ത വീട്ടിൽ നിന്നും ചിലർ അങ്ങോടു വന്നു സതീഷിന്റെ അമ്മാവന്റെ മകൻ കാര്യങ്ങൾ അവരോടു പറഞ്ഞു…
“പാവം കുട്ടി ഇതൊന്നു ചിരിച്ചു കണ്ടു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു അപ്പോളേക്കും ഈശ്വരൻ ഈ വിധി കൊടുത്താലോ..”
സതീഷിന്റെ വീട്ടിൽ നിന്നും വന്നവർ തിരികെ പോയി… ജയന്തി കട്ടിലിൽ കിടന്നു പൊട്ടിക്കരഞ്ഞു…
അപ്പോളാണ് അമ്മയുടെ ഞരക്കം അവൾ ശ്രദ്ധിച്ചത്…. അവൾ ചാടിയെണീറ്റു അഴിഞ്ഞുലഞ്ഞ മുടിവാരിക്കെട്ടി വെച്ച് അമ്മയുടെ അടുത്തേക്ക് ചെന്നു അമ്മക്ക് ശ്വാസം മുട്ടുന്നു…
അവൾ വേഗം അടുക്കളയിൽ പോയി വെള്ളം ചൂടാക്കി കൊണ്ടുവന്നു അമ്മക്ക് സ്പൂണിൽ കോരിക്കൊടുത്തു… അവൾ വീണ്ടും അവളിലേക്ക് മാത്രമായി ഒതുങ്ങി…