പഴയ അവസ്ഥയൊക്കെ മാറിയില്ലേ … ചേട്ടൻ ദുബായിൽക്കിടന്ന് കഷ്ട്ടപ്പെട്ട് പണിയെടുക്കുന്നത്‌ നിന്നെ കൂടെ പടിയിറക്കി വിടാനല്ലേ ……. നാത്തൂൻ പറഞ്ഞെന്നു മാത്രം …..”

അഗാധ
(രചന: Jomon Joseph)

“അഗാധ നീ എങ്ങോട്ടാ പെണ്ണേ കാലത്തു തന്നെ അണിഞ്ഞൊരുങ്ങി…..
രണ്ടു ദിവസം കഴിഞ്ഞാൽ നിന്റെ കല്യാണമല്ലേ….

അല്ലെങ്കിൽ തന്നെ ആളുകൾ ഓരോന്നു പറയുന്ന കേട്ട് ഇവിടെ മനുഷ്യന്റെ തൊലി ഉരിയുവാ … ഇനി ഇതിന്റെ വല്ല കാര്യോം ഉണ്ടോ…

പഴയ അവസ്ഥയൊക്കെ മാറിയില്ലേ … ചേട്ടൻ ദുബായിൽക്കിടന്ന് കഷ്ട്ടപ്പെട്ട് പണിയെടുക്കുന്നത്‌ നിന്നെ കൂടെ പടിയിറക്കി വിടാനല്ലേ ……. നാത്തൂൻ പറഞ്ഞെന്നു മാത്രം …..”

അവൾ നാത്തൂനെ ഒന്നു സൂക്ഷിച്ച് നോക്കി …..പുറത്ത് കസേരയിൽ ഇരുന്ന അമ്മച്ചിയോടായി പോകുവാണ് എന്നവണ്ണം തലയാട്ടി …. അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞ

“മോളു പോയിട്ടു വാ ….”

അഗാധ ,അവൾ സുന്ദരിയാണ് ,നല്ല വെളുത്ത നിറം ,ചുരുണ്ട മുടി , നെറ്റിയിൽ പല വർണ്ണങ്ങളിൽ ഉള്ള പൊട്ടുകുത്തുന്നത് അവൾക്ക് ഒത്തിരി ഇഷ്ട്ടമാണ്.

എന്നും കുളി കഴിഞ്ഞ് കണ്ണെഴുതിയാലേ അവൾക്ക് തൃപ്തിയാവൂ, അല്ല അത് ഒരു പ്രത്യേക ചന്തം തന്നാണേ…..

പ്രായത്തിൽ കവിഞ്ഞ പക്വത… കാതിൽ ചെറുതാണെങ്കിലും കല്ലുവച്ച കമ്മൽ ഉണ്ട് … കഴുത്തിൽ അണിഞ്ഞിരിക്കുന്ന മാല കഴിഞ്ഞ വരവിന് ചേട്ടൻ കൊണ്ടു വന്നു കൊടുത്തതാണ് .പാവാടയും കൈപ്പത്തി വരെ നീണ്ട കയ് ഉള്ള ബ്ലൗസുമാണ് ഏറ്റവും പ്രിയം…

വടക്കേപ്പറമ്പിലെ ചാണ്ടിച്ചായൻ കിടപ്പായ കാലം മുതൽ അവളാണ് അദ്ധേഹത്തെ ശുശ്രൂഷിക്കുന്നത് …

അമേരിക്കയിൽ ഉള്ള മക്കളൊക്കെ വർഷത്തിൽ അപ്പനെ ഒന്നു വന്നു കണ്ടു പോകും … അത്രമാത്രം .. കഴിഞ്ഞ വരവ് അമ്മയുടെ നാലാമ്മത്തെ ആണ്ടിനായിരുന്നു…

അവളുടെ കല്യാണ ശേഷം മൂത്ത മകൻ ജോയി കുട്ടി അപ്പനെ കൊണ്ടു പോകും എന്നൊക്കെ പറഞ്ഞതാണ് …. ഇപ്പോൾ പറയുന്നു അപ്പനെ നോക്കാൻ വേറെ ഏതോ ഒരു പെണ്ണിനെ തരപ്പെടുത്തിയിട്ടുണ്ടെന്ന് …….

എന്നും രാവിലെ അവൾ റോഡിലൂടെ പോകുമ്പോൾ കുറെ ഞരമ്പുരോഗികൾ നോക്കി നിൽക്കും .കോട്ടും സ്യൂട്ടും ഇട്ടവർ മുതൽ ഒറ്റമുണ്ട് ഉടുത്തവർ വരെയുണ്ട് ആ കൂട്ടത്തിൽ.

പള്ളിക്കൂടത്തിൽ പോകുന്നവരും, പണിക്കു പോകുന്നവരും ,ഒരു പണിയുമില്ലാത്തവരും ഉണ്ട് അവിടെ. മാധവേട്ടന്റെ ചായക്കടയാണ് പ്രധാന വായ്നോട്ട കേന്ദ്രം …

ഒരു കാലിച്ചായയും കുടിച്ച് പരദൂഷണം പറയാൻ എന്നും വരും കുറേ മനുഷ്യർ … മാധവേട്ടൻ അല്ല “ശകുനി മാധവൻ ” ആണ് പ്രധാന പരദൂഷകൻ .. അയാളെ നാട്ടുകാർ വിളിക്കുന്നത് “ശകുനി മാധവൻ ” എന്നാണ്….

എന്നും എന്നെക്കാണുമ്പോൾ അയാൾ ഉറക്കെ വിളിച്ചു ചോദിക്കും …

“ഡീ പെണ്ണേ ചൂടു പാലും വെള്ളം കുടിക്കുന്നോ ….” അതു കേൾക്കുമ്പോൾ കുറേയെണ്ണത്തിന്റെ മോണകാട്ടി ചിരിയും … ദേഷ്യം വരുമെങ്കിലും ഒന്നു കണ്ണുരുട്ടി വേഗം നടക്കും ..

നാത്തൂൻ പറഞ്ഞതുപോലെ തന്നെ പല കഥകളും നാട്ടുകാർ പാടി നടക്കുന്നുണ്ട് … ” അവളു ശരിയല്ല മോനേ, അവളു പോ ക്കാണ് ”

“അവള് ആ ചാണ്ടിച്ചൻ മൊതലാളീനേ കെട്ടൂ ”

ഇങ്ങനെ പലതും … ഇതെല്ലാം അവളുടെ ചെവിയിലും എത്താറുണ്ടെങ്കിലും അതൊന്നും അവൾ കാര്യമാക്കാറില്ല ….

നടക്കുന്ന വഴിയിൽ അവൾ നാത്തൂൻ പറഞ്ഞത് ഓർത്തു …. ശരിയാണ് തന്നെ കെട്ടിച്ചു വിടാനുള്ള സമ്പാദ്ധ്യമൊക്കെ ചേട്ടൻ ഉണ്ടാക്കിയിട്ടുണ്ട് …

പക്ഷേ കഞ്ഞി വെള്ളം കുടിച്ച് വയറുനിറച്ച ഞങ്ങൾ മൂന്നു നേരം വയറുനിറച്ച് ആഹാരം കഴിക്കാൻ തുടങ്ങിയത്
മുതലാളിയുടെ കരുണ കൊണ്ടാണ് ….

മഴക്കാലത്ത് വെള്ളം കയറി നാശമായിരുന്ന വീടു ഇങ്ങനെ വാർത്തു മെനയാക്കിത്തന്നത് മൊതലാളിയാണ് ….. എന്തിനു പറയുന്നു ഇന്നു ദുബായിലുള്ള ചേട്ടന് അങ്ങോട്ട് പോകാനുള്ള പണം തന്നതും ആ വലിയ മനുഷ്യനാണ് ….

അതു അദ്ധേഹം തിരിച്ച് ഒന്നും പ്രതീക്ഷിച്ചിട്ടല്ല …… എന്തായാലും വിവാഹം വരെ ആ മനുഷ്യന്റെ കാര്യങ്ങൾ ഞാൻ നോക്കും .. എനിക്കു കൂട്ടായി എന്റെ അമ്മയും മനസാക്ഷിയും മാത്രം മതി.. നന്ദികേട് കാട്ടാൻ ഞാൻ പഠിച്ചിട്ടില്ല ….

അവൾ നടന്ന് ആ മതിൽ കെട്ടിന് അകത്തെത്തി …. മുതലാളി അകത്തെ ചാരുകസേരയിൽ ചാഞ്ഞു കിടക്കുകയാണ്.. വെളുത്ത ബനിയനും കൈലിയുമാണ് വേഷം…

പ്രായം 75 കഴിഞ്ഞിരിക്കുന്നു …. ശരീരത്തിന് ഭാരം കൂടുതൽ ഉള്ളതിനാൽ ഒറ്റയ്ക്ക് എഴുന്നേറ്റു നടക്കുവാൻ പ്രയാസമാണ് …… അവളെ കണ്ടതും അയാൾ ചോദിച്ചു ….” ഓ മോളു വന്നോ ,നീ വന്നിട്ട് എന്തെങ്കിലും കഴിക്കാം എന്നു വിചാരിച്ചിരിക്കുകയായിരുന്നു … ”

” ഇത്തിരി വൈകി പോയി …..ഞാൻ ഇന്നു കൂടിയല്ലേ ഇവിടെ കാണൂ … നാളെ കഴിഞ്ഞാല് ….” കുറച്ചു നേരത്തെ മൗനത്തിന് ശേഷം

” നീ നേരത്തെ എന്നോടു പറഞ്ഞതാണല്ലോ ,നന്നായി വരട്ടേ, നിനക്കും വേണ്ടായോ ഒരു പുതിയാപ്ല ….”
ചിരിച്ചു കൊണ്ട് മുതലാളി പറഞ്ഞു …

മുഖത്തു ചിരിയുടെ മങ്ങിയ വർണ്ണങ്ങൾ അവിടവിടായി തെളിഞ്ഞു നിന്നെങ്കിലും ആ വാക്കുകൾ പതറുന്നുണ്ടായിരുന്നു ….

തൊണ്ട ഇടറുന്നുണ്ടായിരുന്നു …. കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്ന പ്രകാശരശ്മികളിൽ അന്ധകാരത്തിന്റെ ചായങ്ങൾ കാർമേഘം മൂടിയ പോലെ നിഴലിച്ചു നിന്നിരുന്നു ….

ഒരു പക്ഷേ നാളെ മുതൽ തന്റെ കാര്യങ്ങൾ ആരാണ് നോക്കുക എന്ന വേവലാധിയോ ,തന്നെ മകളെപ്പോലെ പരിപാലിച്ചവൾ എന്നെന്നേയ്ക്കുമായി അകന്നു പോകുന്നതിന്റെ ആദിയോ ആകാം അത് …..

” ആ … അപ്പോൾ പുതിയ പെണ്ണ് നാളെ രാവിലെ വരുമായിരിക്കും ….”

“അതേ മുതലാളി ,നല്ലവളാ വരുന്നത് …. ചെട്ടിക്കലെ അന്തോണി മാപ്പളയുടെ മോളാ …. മൊതലാളിയെ നന്നായി നോക്കിക്കോളും .എന്നേക്കാളും നന്നായി.. ”

അഗാധയുടെ മറുപടി മുതലാളിയുടെ മുഖഭാവത്തിന് മാറ്റം വരുത്തിയതേയില്ല, അവളും അതു പറഞ്ഞെങ്കിലും ഉള്ളു മുഴുവൻ എന്താവും ഈ മനുഷ്യന്റെ നാളെ മുതൽ ഉള്ള കാര്യങ്ങൾ എന്ന ചിന്തയായിരുന്നു …..

ഞാൻ ഈ മാളികയിൽ വന്നു കയറിയ കാലം മുതൽ എന്റെ അപ്പനെ നോക്കുന്നതുപോലെയാണ് ഈ മനുഷ്യനെ നോക്കിയത് ….

എന്നും കാലത്ത് ചൂടുവെള്ളത്തില് കുളുപ്പിച്ച് തുണിയൊക്കെ തിരുമി ,കഴിയ്ക്കാൻ ഇഷ്ട്ടമുള്ളതൊക്ക വച്ച് കൊടുത്ത് ,വൈകിട്ട് മേലും തൊടച്ച് വീട്ടിൽ ചെന്ന് കയറിയാലും എനിക്ക് ഒരു മനസമാധാനവും ഉണ്ടാവാറില്ല… ആധി മുഴുവനും ഈ രാത്രി ആ മനുഷ്യന് ഒന്നും ആകല്ലേ എന്നു മാത്രമാണ് …..

“അഗാധ …. അഗാധ .” മുതലാളിയുടെ വിളി കേട്ട് അവൾ അടുക്കളയിൽ നിന്നും ഓടിയെത്തി

” എന്താണ് ,എന്നെ വിളിച്ചോ…”

“ആ … വിളിച്ചു … ഇന്ന് എനിക്ക് ഒരു മോഹം … നീ ഉണ്ടാക്കാറുള്ള നാടൻ അവിയൽ ഒന്നു കൂടെ കഴിക്കണം …. സാധിക്കുമോ …. ഒരു പക്ഷേ ഇനി പറ്റിയില്ലെങ്കിലോ ….”

“ഒന്നു പൊക്കോണം, ഞാൻ അത് ഉണ്ടാക്കിത്തരാം ,പക്ഷേ എന്തിനാണ് ഈ വേണ്ടാത്ത വർത്താനം …. ഞാൻ നാടുവിട്ടൊന്നും പോകുന്നില്ലല്ലോ….. ”

” ആ …..” ഒരു മൂളൽ മാത്രം ആയിരുന്നു മുതലാളിയുടെ മറുപടി ….. അവൾ അടുക്കളയിലേക്ക് പോയ നേരം മുതൽ പഴയ കാലങ്ങളിലേക്ക് അയാളുടെ ചിന്തകൾ ചേക്കേറാൻ തുടങ്ങി ….

തന്റെ മൂന്നു മക്കളുടെ ബാല്യവും ,കൗമാരവും തന്റെ പുറകിൽ നിന്നും മാറാത്തവണ്ണം ആയിരുന്നു ….. ചാലും, തോടും, വള്ളവും, വലയും, തെങ്ങു തോപ്പും, കയറു പിരിക്കലും എല്ലാം കൊതിയോടെ കൊണ്ടു നടന്ന കാലം ..

കടൽത്തിരമാലകൾ കുഞ്ഞു കാൽപ്പാദങ്ങളിൽ വന്നു തഴുകുമ്പോൾ ഭയത്തോടെ തന്നെ മുറുകെ പിടിക്കാറുള്ള മക്കൾ .. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ തൊടിയിലെ ചീവീടുകളുടെ ശബ്ദം
ഇളയവന് പേടിയായിരുന്നു .

എന്റേയും ,അവളുടേയും പിറകിൽ നിന്നും മാറാതെ..പക്ഷേ യൗവ്വനത്തിൽ … സർക്കാർ പള്ളിക്കൂടം മോശമാണെന്നു കരുതി ഞാൻ വിദേശ ഭാഷ പഠിപ്പിച്ച അവർ …. മലയാളം മറന്നു….. മലയാള മണ്ണിനെ മറന്നു…..

വിവാഹശേഷം അമേരിക്കയിലേക്ക്‌ ഞങ്ങളെ തനിച്ചാക്കി പോയപ്പോഴും എനിക്കൊരു തുണയായി എന്റെ സാറ ഉണ്ടായിരുന്നു…… അവളും കൂടെ എന്നെ തനിച്ചാക്കി പോയപ്പോ …….

ആ മനുഷ്യൻ ഭാര്യയുടെ മരണച്ചടങ്ങുകളുടെ പടങ്ങൾ പഴയ ആൽബം തുറന്ന്‌ നോക്കിക്കൊണ്ടിരുന്നു .. ഇടക്കെപ്പോഴോ ആ കണ്ണുകൾ നിറഞ്ഞൊഴുകുമെന്നാകുമ്പോൾ ആ കൈകൾ കൊണ്ട് അയാൾ അത് തുടച്ചു നീക്കി ……

“മൊതലാളി ,ചോറും കറികളും റെഡിയാണ് …. കഴിക്കാം…..”
പെട്ടെന്ന് അയാൾ ചിന്തയിൽ നിന്നും ഉണർന്നു ….. പതിയെ പതിയെ ഊണുമേശയ്ക്ക് അരികിലേക്ക് നടന്നു …. ഇടക്ക് കാൽ പതറി വീഴാൻ പോയ അദ്ധേഹത്തെ അവൾ വട്ടം പിടിച്ചു ……

“ഇന്നാ , കൊതിപറഞ്ഞതു തന്ന ആദ്യം കഴിക്ക്….” അവൾ സന്തോഷത്തോടെ അവിയൽ അയാളുടെ പാത്രത്തിൽ വിളമ്പി …..”

“ഒരു പാത്രം കൂടെ ഇങ്ങെടുത്തേ ”
മുതലാളി അവളോടു പറഞ്ഞു.

“അതെന്തിനാ ,ഇപ്പോൾ വേറൊരു പാത്രം …..” അതു പറഞ്ഞ് അവൾ ആ പാത്രം അയാളുടെ നേരേ നീട്ടി ….. ആ പാത്രം മേശപ്പുറത്ത് വച്ച് അതിലും അയാൾ ചോറു വിളമ്പീ …..

“നീ ഇവടെ ഇരിക്ക്‌ …. ഇന്ന് ഒന്നിച്ച് കഴിയ്ക്കാം” അയാളുടെ വാക്കുകൾ കേട്ട് അവൾ പറഞ്ഞു

“മൊതലാളിയുടെ ഊണുമേശയിൽ ഇരിക്കാൻ പൈലിയുടെ മകൾ ആരുമല്ല…. വേണ്ട … ഞാൻ അടുക്കളയിൽ പോയി കഴിച്ചോളാം ”
അവൾ കൈ കൊണ്ട് അരുത് എന്ന് കാണിച്ചു ….

” ഇന്നു ഞാൻ പറയുന്നത്, നീ കേട്ടാൽമതി, ഇല്ലെങ്കിൽ എനിക്ക് ഊണ് വേണ്ടാ…. ”

അദ്ധേഹത്തിന്റെ ആ വാക്കുകൾ കേട്ട് അവൾ ഏറെ മടിയോടെ ആണെങ്കിലും അവിടെയിരുന്നു …. അദ്ധേഹത്തിന്റെ മുന്നിൽ ഇരിക്കുമ്പോഴും അവളുടെ ശരീരം ബഹുമാനത്തോടെ എഴുന്നേൽക്കാൻ വെമ്പൽ കൊള്ളും വിധം ആയിരുന്നു …

ഓരോ വാക്കുകൾ അവളോടു അദ്ധേഹം സംസാരിക്കുമ്പോഴും അവൾ അറിയാതെ തന്നെ ഇരിപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റൂ …..

ഉച്ചയൂണു കഴിഞ്ഞ് പതിവുപോലെ മുതലാളി ചാരുകസേരയിലേക്ക് നീങ്ങി ….”മോളേ …. അഗാധ …..”
അയാളുടെ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ട് അവൾ ഓടിയെത്തി … “എന്താ മുതലാളീ …..” എന്താണെന്നറിയാൻ അവൾ അയാളുടെ കണ്ണുകളിലേക്കു തന്നെ നോക്കീ …..

“എനിക്ക് നമ്മുടെ മുറ്റത്തു കൂടെ അൽപ്പം നടക്കണം …… നീ എന്നെ നടത്താമോ …..”

അയാളുടെ കരുണയൊഴുകുന്ന മുഖഭാവം കണ്ട് അവൾക്ക് സങ്കടം വന്നു ….

അവൾ അയാളുടെ കയ്യിൽ ബലമായി പിടിച്ചു …. മുൻവശത്തുകൂടി നടക്കുമ്പോഴും പിറന്നു വീണ പൈതൽ പിച്ചവച്ച് ഓടുന്ന സന്തോഷമായിരുന്നു ആ മനുഷ്യന് ……

ഓരോ ചെടികളും, മരങ്ങളും, മുല്ലവള്ളിയുമെല്ലാം കൈകളാൽ സ്പർശിച്ചു നോക്കി .. മുറ്റത്തു പടർന്നു നിൽക്കുന്ന പുല്ലുകൾ പിഴുതെടുക്കാൻ ഒന്നു ശ്രമിച്ചു ..

“ആ പണ്ടൊക്കെ ഒരു പുല്ലുമുളച്ചാൽ പിഴുതെറിയാതെ എനിക്കു സ്വസ്ഥത ഉണ്ടായിരുന്നില്ല… ആ വർഷം എത്ര കഴിഞ്ഞു .. ”

വിരിഞ്ഞു നിന്ന ഒരു റോസാപ്പൂവിന്റെ ഗന്ധം ഒരു കൊച്ചു കുട്ടിയെ എന്നവണ്ണം അയാൾ നുകരാൻ ശ്രമിച്ചു….

” ഇതു പോലുളള പൂവാണ് ഞാനും …. പക്ഷേ വാടിക്കരിഞ്ഞ് മണ്ണിന്റെ വിളികേട്ട് സുഗന്ധത്തിന്റെ നിഴൽ പോലും ഇല്ലാതെ ദുർഗന്ധത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നു എന്നു മാത്രം …..”

അതിനു മറുപടിയായി അവൾ ഒന്നു മൂളുക മാത്രം ചെയ്തു ….

” കാര്യം പത്തു മീറ്റർ ദൂരമില്ലെങ്കിലും കാലം എത്ര കഴിഞ്ഞു മുറ്റത്തേക്ക് ഒന്നു ഇറങ്ങിയിട്ട് …ഈ പുരയിടവും പറമ്പും കൂടി എന്റെ അപ്പൻ വാങ്ങിയതാണ് …

ഓടായിരുന്നു, എന്റെ ചെറുപ്പത്തിലൊക്കെ മഴക്കാലത്ത് ചോർച്ച ഉണ്ടായിരുന്നു ,അപ്പൻ ഓല കീറി മുറിച്ചു ഓടിനിടയിൽ വയ്ക്കുമ്പോൾ ഏണി വീഴാതെ പിടിച്ചിരുന്നത് ഞാനായിരുന്നു …

പിന്നീട് ഞാൻ അതിനെ അങ്ങു വാർത്തെടുത്തു … കുറേക്കാലം മക്കൾ പറയുമായിരുന്നു പൊളിച്ചു ബംഗ്ലാവു പണിയണമെന്ന്. എന്റെ ചെറുപ്പത്തിൽ എന്തു മനോഹരമായിരുന്നു ഈ പുരയിടം .

രണ്ടു മുറികളും ഒരു അടുക്കളയുമേ ഉണ്ടായിരുന്നുവെങ്കിലും എന്തു രസമായിരുന്നു … ഞങ്ങൾ അഞ്ചു മക്കളും അപ്പനും അമ്മയും ,പരാതിയില്ല പരിഭവം ഇല്ല … കിട്ടുന്നതെല്ലാം പങ്കുവയ്ക്കും …. ഒരു പായിൽ ഉറങ്ങും …

ഇന്നോ … കഴിഞ്ഞ വരവിന് ജോസൂട്ടിയും കുടുംബവും വന്നപ്പോൾ പറയുവാ ,ചൂടു കൂടുതലാണ് പിളേളര് ഉറങ്ങണില്ലയെന്ന് … നേരത്തെ നിറയെ വൃക്ഷങ്ങൾ ആയിരുന്നു … പ്ലാവും, മാവും, ചെമ്പകവും ,
മഹാഗണിയുമെല്ലാം ..

കരിയില വീഴുമെന്നു പറഞ്ഞ് അവൻമാർ തന്നെ വെട്ടിച്ചതാണ് .. എന്നിട്ട് ഇപ്പോൾ പറയുന്നു ചൂടാണു പോലും.. നീ ആ മാവു കണ്ടോ അത് ജോയിക്കുട്ടി നടക്കാൻ തുടങ്ങിയ പ്രായത്തിൽ ഞാൻ കൈ പിടിപ്പിച്ചു വപ്പിച്ചതാണ് ….

അന്നൊക്കെ അവൻ എല്ലാ ദിവസവും അതിന്റെ കൂമ്പിൽ പോയി നോക്കും …..കണ്ണി മാങ്ങ വരുന്നുണ്ടോയെന്ന് …. എന്നും എന്നോടു തിരക്കും … ” ചാച്ചാ എന്നാ മാങ്ങ വരുന്നത് ”

പക്ഷേ രസമെന്താണെന്നു വച്ചാൽ ഓരോവർഷവും മാവു നിറയെ മാമ്പഴമുണ്ടെങ്കിലും എന്റെ മക്കൾ ആരും ഇന്നുവരെ അതൊന്നു രുചിച്ചു നോക്കിയിട്ടു പോലുമില്ലാ ….. എന്നാൽ കടയിൽ നിന്നും മാങ്ങാ ജ്യൂസും മറ്റും വാങ്ങി കുടിക്കുന്നത് പല തവണ കണ്ടിട്ടുണ്ട് …….

ഓരോ പഴങ്കഥകളുടെ താളുകൾ ആവേശത്തോടെ മറിച്ച് അയാൾ മുന്നോട്ടു നടന്നു ….

“ഈ മുല്ല എന്റെ സാറായുടെ ജീവനായിരുന്നു … ഇതിൽ ആദ്യത്തെ പൂമൊട്ടു കണ്ടപ്പോൾ അവളുടെ മുഖത്തെ പ്രസാദം ഇന്നും ഞാൻ ഓർക്കുന്നു ..ഒരു ചെറിയ പൂമാല എന്നും കോർത്തെടുക്കുന്നത് അവൾക്ക് ഒരു ശീലമായിരുന്നു….

ആ എന്റെ കാലം കഴിഞ്ഞാൽ ഇതൊക്കെ വിറ്റു പെറുക്കി അവൻമാർ പോകുമ്പോൾ എന്റെ അപ്പനും അമ്മയും എന്നോടു ചോദിക്കും ..” എന്താടാ ചാണ്ടീ നിന്റെ മക്കളെ നീ ഇങ്ങനെ വളർത്തിയത് ” എന്ന് ”

കുറേ നേരത്തെ മൗനത്തിനു ശേഷം ഒരു ദീർഘശ്വാസമെടുത്ത് അയാൾ പറഞ്ഞു ….” ഇനി മതി ,നമുക്ക് അകത്തു കയറാം ….”

അന്നു വൈകുന്നേരം അവൾ ആ വീടിനോടും തന്റെ മുതലാളിയോടും യാത്ര പറയാൻ ഏറെ നൊമ്പരത്തോടെ ഒരുങ്ങിക്കഴിഞ്ഞിരുന്നു …..

” മുതലാളി … മുതലാളി… ഞാൻ ….. ഞാൻ അങ്ങോട്ട് ഇറങ്ങട്ടേ ……” അവളുടെ ആ വാക്കുകളിൽ നൊമ്പരത്തിന്റെ ഗന്ധം നിറഞ്ഞിരുന്നു .
അക്ഷരങ്ങൾ ഓരോന്നായി പെറുക്കിയെടുത്തു പറയും പോലെ തോന്നി…

“ഓ …. നിനക്ക് സമയമായല്ലേ … ”
അയാൾ തന്റെ വടിയും കുത്തി അകത്തെ മുറിയിലേക്കു നടന്നു …. കയ്യിൽ ഒരു പുതിയ സഞ്ചിയും പിടിച്ച് വീണ്ടും അവിടെ വന്നിരുന്നു ….

അതിൽ നിന്നും ഒരു പൊതിയെടുത്തു അവളുടെ മുന്നിൽ തുറന്നു …. പൊന്നിന്റെ കല്ലുവച്ച ഒരു വലിയ മാലയും ,രണ്ടു വളകളും ആയിരുന്നു അത് .” ഇതു ഞാൻ അയലത്തെ ജോർജിനെയും കൂട്ടി പോയി വാങ്ങിയതാണ്…

നന്നായോ എന്നറിയില്ല …. അയാൾ പതിയെ എഴുന്നേറ്റ് അവളുടെ കഴുത്തിൽ ആ മാല ചാർത്തിക്കൊടുത്തു … വളകൾ രണ്ടും കൈകളിൽ അണിയാൻ പറഞ്ഞു ..

അയാളുടെ മുഖത്തു തെളിഞ്ഞു നിന്ന സന്തോഷത്തിന്റെ പ്രസാദം കണ്ട് അവൾ അയാളുടെ കാൽപാദത്തിൽ സ്പർശിച്ച് അനുഗ്രഹം വാങ്ങാൻ കുനിഞ്ഞു … വലിയൊരു ഇടി മുഴക്കം പോലെ നെഞ്ചിടിപ്പിന്റെ താളം ഉയർന്നെങ്കിലും മനസു തുറന്ന് അവളുടെ ശിരസിൽ അയാൾ കൈവച്ചു..

“മോളേ നീ നന്നായി വരും …… ” ആ വാക്കുകൾക്കൊപ്പം അയാളുടെ കണ്ണുകൾ അണ പൊട്ടിയൊഴുകി …

അവളുടെ തലമുടിയിൽ ആ കണ്ണുനീർ തഴുകി … ആ നേരം അവളുടെ കണ്ണുകളും നൊമ്പരം പെയ്തിറക്കി … അത് അയാളുടെ കാൽപാദത്തെ സ്പർശിച്ചു .. അയാൾ അവളുടെ കണ്ണുകൾ തുടച്ചിട്ട് പറഞ്ഞു ….” എനിക്ക് ഒരു മോഹം കൂടി ബാക്കിയുണ്ട് .നീ അനുസരിക്കുമോ …”

കണ്ണു തുടച്ചു കൊണ്ട് അവൾ ഒന്നു മൂളീ ..

“ഞാൻ സൃഷ്ട്ടിച്ച മൂന്നുമക്കൾ തരാത്ത സ്നേഹം ഈ കഴിഞ്ഞ കാലങ്ങൾ കൊണ്ട് എനിക്കു മതിവരുവോളം തന്ന നീ …. എന്നെ ….എന്നെ ഒരു തവണ …… ഒരുതവണ “ചാച്ചാ ” എന്നു വിളിക്കണം”

കുറച്ചു നേരത്തെ മൗനത്തിനുശേഷം അവൾ അയാളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു

“മനസിൽ ഞാൻ എത്രയോ തവണ അങ്ങനെ വിളിച്ചു കഴിഞ്ഞതാണ് …. അപ്പനില്ലാത്ത എനിക്ക്‌ അങ്ങയെ കാണുമ്പോൾ എന്റെ സ്വന്തമാണെന്ന് എപ്പോഴും തോന്നും …..”

അവൾ ആ മനുഷ്യന്റെ കൈപ്പത്തി നെഞ്ചോടു ചേർത്തു, സ്നേഹത്തോടെ
ഉറക്കെ വിളിച്ചു ” ചാച്ചാ ”

അവളുടെ നെറ്റിത്തടങ്ങളിൽ അയാൾ ചുംബിച്ചു ….. രണ്ടു പേരുടേയും കണ്ണുകൾ നിറഞ്ഞു കവിയുന്നുണ്ടെങ്കിലും മനസിൽ വലിയൊരു സന്തോഷത്തിന്റെ പുഞ്ചിരിയും ഒളിഞ്ഞു നിന്നിരുന്നു …..

” നീ പോയി വാ മോളേ ….വിവാഹം കഴിഞ്ഞ് എന്നെ കാണാൻ വരണം …..
എന്നു നീ നിന്റെ വീട്ടിൽ വന്നാലും എന്റെ അടുക്കൽ വരാൻ മറക്കരുത് .. ഇതും നിന്റെ വീടാണ്…”

ഒത്തിരി നൊമ്പരത്തോടെയാണെങ്കിലും അയാൾ അവളെ യാത്രയാക്കി ….

പടിയിറങ്ങി മുന്നോട്ടു വയ്ക്കുന്ന ഓരോ ചുവടിലും അവളുടെ കണ്ണുനീരിന്റെ അളവ് നിയന്ത്രിക്കാൻ കഴിഞ്ഞില്ല ….

“നാളെ എന്റെ വിവാഹശേഷം ആദ്യം പോകേണ്ടത് ഈ വലിയമനുഷ്യന്റെ മുന്നിലേക്കാണ് …. ഞാൻ അണിഞ്ഞൊരുങ്ങി കാണുവാൻ ഏറെ മോഹിക്കുന്ന ഈ മനുഷ്യന്റെ മുന്നിൽ ….”
അവൾ ഹൃദയത്തോട് ഓരോന്നു പറഞ്ഞു നടന്നു …..

പിറ്റേന്ന് വിവാഹം മംഗളമായി നടന്നു … വിവാഹ ശേഷം അവളും ഭർത്താവും കൂടി മുതലാളിയെ കാണാൻ ആ വീട്ടിലെത്തി …. ഗേറ്റു തുറന്ന് അകത്തേക്ക് കയറുമ്പോൾ അവളുടെ മുഖത്തു മുഴുവൻ ഒരു പുതുപ്പെണ്ണിന്റെ സന്തോഷം നിറഞ്ഞു നിന്നു ..

തന്റെ സ്വന്തം വീട്ടിലേക്ക് കയറും വിധം ഭർത്താവിന്റെ കൈപിടിച്ച് ആവേശത്തോടെ അവൾ നടന്നു..മുതലാളി പതിവുപോലെ തന്നെ ചാരുകസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു …

“തന്നെ കണ്ടാൽ എന്നും ആവേശത്തോടെ ചാടിയെഴുന്നേക്കാറുള്ള മനുഷ്യൻ ,ഇന്നെന്തു പറ്റി ഈ നേരത്ത് ഒരു ഉറക്കം … ” അവൾ തന്റെ മനസ്സിനോട് ചോദിച്ചു …. അവൾ കസേരയ്ക്ക് അരികിൽ ചെന്ന് ഉറക്കെ വിളിച്ചു ….

” മുതലാളി ” അവൾ അയാളുടെ ശരീരത്തെ കുലുക്കി വിളിച്ചു . അദ്ധേഹത്തിന്റെ ശരീരം തണുത്തുറഞ്ഞിരുന്നു .

ആ അനക്കത്തിൽ അദ്ധേഹത്തിന്റെ തല പതിയേ ഒരു വശത്തേക്ക് ചരിഞ്ഞു … അവൾ കൈപ്പത്തി അദ്ധേഹത്തിന്റെ മൂക്കിനോട് അടുപ്പിച്ചു …

അണഞ്ഞുപോയ ശ്വാസത്തിന്റെ ചൂടു പോലും ബാക്കിയില്ലാത്ത വിധം ആ മനുഷ്യൻ എന്നെന്നേക്കുമായി ഉറങ്ങി ..
അവളുടെ ശരീരം വിറക്കാൻ തുടങ്ങി … ഹൃദയത്തിന്റെ താളം മാറിമറിയാൻ തുടങ്ങി … കണ്ണുകൾ വിഷാദത്തിന്റെ ബാഷ്പ ജലം നിർത്താതെ ഒഴുക്കാൻ തുടങ്ങി ……

പെട്ടെന്ന് അയാളുടെ ഒരു കൈപ്പത്തിയിൽ ഒരു വെളുത്ത കടലാസ് അവളുടെ ദൃഷ്ടിയിൽ തെളിഞ്ഞു … അതു കയ്യിൽ നിന്നും അടർത്തിയെടുക്കാത്ത വിധം അതിനെ അയാൾ മുറുകെ പിടിച്ചിരുന്നു ….. അവൾ അതു വായിച്ചു ……

വിറവൽ കൊളളുന്ന കയ്യക്ഷരത്തിൽ, പാതി തെളിഞ്ഞ മഷിയിൽ സ്നേഹത്തോടെ കുറിച്ച അവസാന വാക്കുകൾ …..

“അഗാധ ,എനിക്കു പിറക്കാതെ പോയ എന്റെ പൊന്നുമകൾ … ”

ആ മടിത്തട്ടിൽ തല ചായ്ച്ച് അവൾ വിളിച്ചു .. “ചാച്ചാ ….”

ഇനിയൊരിക്കലും കേൾക്കാത്ത ദൂരം താണ്ടി ആ വലിയ മനുഷ്യൻ എവിടേക്കോ യാത്രയായി …. തന്റെ മകളോട് യാത്ര പോലും പറയാതെ ….

Leave a Reply

Your email address will not be published. Required fields are marked *