ആയിടക്കാണ് ഹർഷ് അമേരിക്കയിൽ നിന്നും എത്തിയതും കാണാൻ വന്നതും. ഇത് വരെ അച്ഛന്റെ സാമിപ്യത്തിൽ വീഡിയോ കാളിൽ മാത്രമാണ് ആളെ കണ്ടിട്ടുള്ളൂ..

(രചന: ജ്യോതി കൃഷ്ണ കുമാർ)

“”അമ്മയുടെ കണ്ണിൽ പൊടി ഇടാൻ ഇച്ചിരി കാലത്തേക്ക് ഒരു അഡ്ജസ്റ്റ്മെന്റ്….”””

ഹർഷ് അത് വേദയുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ അവൾ അച്ഛനെ പറ്റി ഓർക്കുകയായിരുന്നു..

വിവാഹം തന്റെയും സ്വപ്നങ്ങളിൽ ഇല്ല… ഈ അറുബോറൻ പെണ്ണ് കാണലും…

തൂക്കി നോക്കി മാംസം വാങ്ങാൻ വരുന്നവരുടെ മനസ്സോടെ ആണ് ഓരോരുത്തരും വരുന്നത്… പ്രോഡക്റ്റ് നല്ലതാണോ എന്ന് ചെക് ചെയ്യും പോലെ നടന്നു കാണിക്കണം, സംസാരിച്ച് കാണിക്കണം…

ഇത് അച്ഛന്റെ കൂടെ ജോലി ചെയ്തിരുന്ന ദേവിക ടീച്ചർ ഒരു കല്യാണത്തിന് പോയപ്പോൾ എന്നെ കണ്ട് അച്ഛനോട് വന്നു ചോദിച്ചതാണ്..

അമ്മ ഇല്ലാത്ത എന്നെ അത്രേം സ്നേഹവും കരുതലും തന്നാണ് അച്ഛൻ വളർത്തിയത്… റിട്ടയർ ആയപ്പോ കൃഷിയും കാര്യങ്ങളും ഒക്കെ ആയി കഴിയുകയായിരുന്നു…

ഞാൻ എന്റെ പാഷൻ ഭരതനാട്യം, കലാമണ്ഡലത്തിൽ ബിരുദാനന്ദര ബിരുദം അവസാന വർഷം ചെയ്യുകയും…

പെട്ടെന്ന് ഒരു ദിവസം ഒരു കാൾ വന്നു…

അതും കോളേജിലേക്ക്, അച്ഛന് വയ്യ എന്ന് പറഞ്ഞ്. ഓടി പിടിച്ചു ചെന്നു..

ചെറിയ ഒരു ബ്ലോക്ക് ആഞ്ജിയോ പ്ലാസ്റ്റി ചെയ്യേണ്ടി വന്നു…

എന്നിട്ടും ഡോക്ടർ പറഞ്ഞിരുന്നു ആൾ വളരെ വീക്ക്‌ ആണ് എന്ന്… എന്തും എപ്പോഴും സംഭവിക്കാം എന്നും…

ഹൃദയം നിലക്കുന്ന പോലെ തോന്നി അത് കേട്ടപ്പോൾ… ആ സമയത്താണ് മകൻ ഹർഷിന് വേണ്ടി ദേവിക ടീച്ചർ അച്ഛനെ സമീപിക്കുന്നത്..

കൂടെ ജോലി ചെയ്തത് കൊണ്ടും ഹർഷിനെ ചെറുപ്പം മുതൽ അറിയാം എന്നത് കൊണ്ടും അച്ഛന് മറുത്തൊന്നു ചിന്തിക്കേണ്ടി വന്നില്ല…

“”കുഞ്ഞീ.. അച്ഛൻ ടീച്ചർക്ക് വാക്ക് കൊടുക്കട്ടെ “”

എന്ന് ഏറെ പ്രതീക്ഷയോടെ ചോദിക്കുന്ന അച്ഛനെ എതിർത്തു പറയാൻ തോന്നിയില്ല…

എന്റെ നൃത്തത്തിൽ ഉപരി പഠനം എന്ന മോഹം അപ്പോഴും ഉള്ളിൽ കിടന്ന് നോവാൻ തുടങ്ങി..

അച്ഛന് വേണ്ടി അത് കണ്ടില്ലെന്ന് നടിച്ചു….

അങ്ങനെ നിശ്ചയം തീരുമാനിച്ചു.. ആയിടക്കാണ് ഹർഷ് അമേരിക്കയിൽ നിന്നും എത്തിയതും കാണാൻ വന്നതും.
ഇത് വരെ അച്ഛന്റെ സാമിപ്യത്തിൽ വീഡിയോ കാളിൽ മാത്രമാണ് ആളെ കണ്ടിട്ടുള്ളൂ..

ഇപ്പോ കാണാൻ വന്നപ്പോ ചായ കൊടുത്തു… നിങ്ങൾ സംസാരിക്കൂ എന്ന് പറഞ്ഞു അച്ഛൻ അകത്തെ മുറിയിൽ കിടക്കാൻ പോയപ്പോഴാണ് ആൾ പറയുന്നത്…

അമേരിക്കയിൽ ഒരു പ്രണയം ഉണ്ടെന്നും… അമ്മ ഒരിക്കലും സമ്മതിക്കില്ല അതുകൊണ്ട് കല്യാണം എന്ന് പറഞ്ഞ് അമ്മയെ പറ്റിച്ചു അമേരിക്കയിലെ സുന്ദരിയെ സ്വന്തമാക്കാൻ പോവുകയാണെന്ന്…

ആൾ പറഞ്ഞപ്പോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല… അച്ഛന്റെ പ്രതീക്ഷകളെ പറ്റി ഓർത്തു ചെറിയ നോവോടെ…

“”എന്തിനാ അമ്മേ പറ്റിക്കണേ.. പറഞ്ഞൂടെ ആ കുട്ടീടെ കാര്യം “” എന്ന് ചോദിച്ചപ്പോൾ വെളുത്ത ആ മുഖം തുടുക്കുന്നത് കണ്ടു…

“”നല്ല കാര്യായി… അമ്മ എന്നെ കൊല്ലും എന്നാൽ… പിന്നെ ആ പടിക്ക് പുറത്തും വിടില്ല “”

അമേരിക്കയില് സ്വന്തം കാലിൽ നിൽക്കുന്ന ആളിന്റെ വായിൽ നിന്നും ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല..

അത്ഭുതത്തോടെ നോക്കുന്നത് കണ്ടിട്ടാവണം പറഞ്ഞത്… “”അവളെ അമ്മക്കൊരിക്കലും അംഗീകരിക്കാനാവില്ല “” എന്ന്..

“”അമ്മക്ക് അത് തീരാത്ത നോവ് മാത്രേ നൽകൂ എന്ന് “”

അപ്പോഴും അയാൾ പറയുന്നതൊന്നും മുഴുവൻ ആയും മനസ്സിലാകുന്നില്ലായിരുന്നു ..

“”തനിക്ക് പൂർണ്ണ സമ്മതം ഉണ്ടെങ്കിൽ മതി ട്ടൊ… വിവാഹം കഴിഞ്ഞു ഒരു മാസം… അത് കഴിഞ്ഞു ഞാൻ അങ്ങ് പോകും… പിന്നെ തനിക്ക് ഇവിടെ എന്ത് വേണേലും ചെയ്യാം.. പഠിക്കാം ജോലിക്ക് പോകാം… എന്തും..”””

എങ്ങോ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു…

ആ സ്വാർത്ഥമായ വാക്കുകൾ കേട്ട്… അതിനിടയിൽ ഹോമിക്കപ്പെടുന്ന തന്റെ ജീവിതം അയാൾക്കൊരു പ്രശ്നമേ അല്ല എന്നതോർത്ത്…

അത് അറിഞ്ഞെന്ന വണ്ണം അയാൾ പറഞ്ഞു,

“””വേദ.. തനിക്ക് ആരോടെലും ഇനി ഇഷ്ടം തോന്നിയാൽ… ഞാൻ അങ്ങോട്ടേക്ക് കൊണ്ടു പോകാം.. അവിടെ എല്ലാ ഫെസിലിറ്റിയും ഒരുക്കി തരാം.. ഇവിടെ പാടില്ല എന്നൊരു നിബന്ധന മാത്രം… “”

“”അപ്പൊ നിങ്ങളുടെ അമ്മ അറിയുമല്ലോ അല്ലെ???”” എന്ന് പുച്ഛത്തോടെ ചോദിച്ചു…

“”എക്സാക്റ്റലി””” എന്ന് പറഞ്ഞ് അയാൾ ഇറങ്ങി….

ഒന്ന് മാത്രം മനസ്സിൽ തങ്ങി അച്ഛനെ പിരിയണ്ട എന്നത് .. എങ്കിലും, എല്ലാം അച്ഛനോടും ടീച്ചരോടും തുറന്നു പറയാം എന്ന് തീരുമാനിച്ചു.. പക്ഷേ ആ തീരുമാനത്തിന് പിറ്റേ ദിവസം ടീച്ചറെ കാണും വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ….

തൊഴുതു കഴിഞ്ഞ്ഞും എനിക്കായി ടീച്ചർ കാത്തു നിന്നിരുന്നു ആൽത്തറയിൽ…

“”മോള് തൊഴുതിട്ട് വാ “” എന്ന് പറഞ്ഞ് അവിടെ നിന്നു… എല്ലാം പറയാൻ കിട്ടിയ അവസരമായി കണ്ട് ഞാനും വേഗത്തിൽ തൊഴുതിറങ്ങി….

അടുത്തെത്തിയതും ടീച്ചർ ചന്ദനം തൊട്ടു തന്നു… എന്തോ ചന്ദനത്തിന്റെ തണുപ്പ് ഉള്ളിലേക്കും പടർന്നു കയറിയ പോലെ…

“”നാളെണ്ണി കാത്തിരിക്കാ അമ്മ.. ന്റെ കുട്ടി വരണതും കാത്ത്.. “”

എന്ന് പറഞ്ഞു എന്നെ ചേർത്തു പിടിച്ചതും ചന്ദന മണമുള്ള ആ ദേഹത്തേക്ക് ചാഞ്ഞു നിന്നു ഞാനും…

പറയാൻ വന്നതും ഓർത്തതും എല്ലാം മറന്നു… പകരം, അമ്മയില്ലാതെ വളർന്നവളുടെ മനസ്സിൽ ആ ടീച്ചറമ്മ മാത്രമായി… പിന്നീടങ്ങോട്ട് ധർമ്മസങ്കടത്തിന്റെ നാളുകൾ ആയിരുന്നു…

ഒരു വശത്ത് വേണ്ടാ എന്നും ഒരു വശത്ത് വേണം എന്നും മനസ്സ് വാശി പിടിക്കാൻ തുടങ്ങി…

എൻഗേജ്മെന്റ് ദിവസം ഹർഷ് ചെവിയിൽ മെല്ലെ പറഞ്ഞു, താങ്ക്സ് ഡിയർ””” എന്ന്… ദേഷ്യാ തോന്നിയത്… പിന്നെ നിലവിളക്ക് പോലെ ഉള്ള ടീച്ചറമ്മയെ കണ്ടപ്പോൾ എല്ലാം സഹിച്ചു…

ഇറങ്ങാൻ നേരം പോട്ടെ എന്ന് പറഞ്ഞ് നെറുകിൽ ചുംബിക്കുമ്പോൾ ടീച്ചറമ്മയുടെ മിഴികൾ നിറഞ്ഞിരുന്നു ഒപ്പം എന്റെയും…

ഹർഷിന്റെ മുഖത്ത് നന്ദിപൂർവം ഉള്ള ഒരു ചിരി തങ്ങി.. അത് പക്ഷേ കണ്ടില്ലെന്നു നടിച്ചു…

വിവാഹം ആർഭാടമായി നടന്നു.. ടീച്ചറമ്മ ആകെ ത്രില്ലിൽ ആയിരുന്നു… അവിടെ ചെന്നു കയറിയത് മുതൽ താഴത്തും തലയിലും വക്കാതെ കൊണ്ട് നടക്കുന്നുണ്ടായിരുന്നു….

ഹർഷ് ഇടക്കിടക്ക് വന്നു ഞങ്ങളെ നോക്കി പോകുന്നുണ്ടായിരുന്നു… രാത്രി ഒരു ഗ്ലാസ്‌ പാലും തന്നു ടീച്ചറമ്മ മുറിയിലേക്ക് പറഞ്ഞ് വിട്ടു… ചെറിയ ഭയം വന്നു തുടങ്ങിയിരുന്നു… മുറിയിൽ കയറിയതും കണ്ടു ഫോണിൽ സംസാരിക്കുന്നവനെ..

എന്നെ കണ്ടതും,

“”ബൈ ലിന “”

എന്ന് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു…

“”അവളായിരുന്നു അഞ്ചേലീന.. നമ്മുടെ ഫസ്റ്റ് നൈറ്റിനു ഓൾ ദി ബെസ്റ്റ് പറയാൻ””

അത് കേട്ടതും, ഞാൻ ഹർഷിനെ തുറിച്ചു നോക്കി..

യൂ എസ്സിൽ അങ്ങനെ ആണ്… ആർക്കും താല്പര്യമുണ്ടെങ്കിൽ സെ ക് സ് ചെയ്യാം… വലിയ തത്വം പോലെ ഹർഷ് അത് പറഞ്ഞപ്പോൾ ശെരിക്കും ദേഷ്യം വന്നു…

അത് കണ്ടിട്ടാവണം പറഞ്ഞത്,

“”ജസ്റ്റ്‌ പറഞ്ഞതാടോ “”

എന്ന്…

ആ മുറിയിൽ ഞങ്ങൾ തീർത്തും അപരിചിതരായി…

സൗഹൃദപൂർവ്വം ഹർഷ് സംസാരിക്കാൻ വന്നാലും മനപ്പൂർവം ഞാൻ ഒഴിഞ്ഞുമാറി…

ടീച്ചർ അമ്മയുടെ മുന്നിൽ മാത്രം ഞങ്ങൾ മാതൃക ദമ്പതികളായി… പക്ഷേ ഹർഷന് മാത്രം അങ്ങനെ ഒന്നും ഇല്ലായിരുന്നു.. അവൻ എന്നോട് കാഷ്വലായി സംസാരിച്ചു.. ഒരു ഫ്രണ്ടിനെ പോലെ പെരുമാറി…

ആകാശത്തിനു താഴെയുള്ള എന്തിനെ പറ്റിയും അവൻ സംസാരിച്ചു… എന്റെ പാഷൻ ആയ നൃത്തത്തെപ്പറ്റി പോലും അവൻ അഗാധമായ അറിവുണ്ടായിരുന്നു…

അവനവൻ ആവശ്യമില്ലാത്ത കാര്യങ്ങളിൽ പോലും ഉള്ള അവന്റെ അറിവ് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി…

പ്രവർത്തികൊണ്ടും സംസാരം കൊണ്ടു അറിയാതെ എന്റെ മനസ്സില് അവൻ കുറച്ചു ദിവസം കൊണ്ട് ഇടം നേടിയിരുന്നു….

അവന്റെ അമ്മയുടെ കാര്യത്തിൽ അവൻ എടുക്കുന്ന കരുതലും….ഇടയ്ക്ക് മാത്രം പോയി കാണുമ്പോൾ എന്റെ അച്ഛനോട് അവൻ കാണിക്കുന്ന മമതയും എല്ലാം എനിക്ക് അത്ഭുതങ്ങൾ ആയിരുന്നു…

എന്നിരുന്നാല എയിഞ്ചലീന ഞങ്ങൾക്കിടയിൽ ഒരു കരടായി തന്നെ അവശേഷിച്ചു… ഇടയ്ക്ക് എന്നോ ഹർഷി നെ വല്ലാതെ ഡിസ്റ്റർബ്ഡ് ആയിട്ട് കണ്ടു…

കാര്യം അന്വേഷിച്ചപ്പോൾ അറിഞ്ഞു,
അവന്റെ ഗേൾഫ്രണ്ട് അവനുമായി ബ്രേക്ക് അപ്പ്ആയി എന്ന്..

ഒരുപക്ഷേ അവന്റെ മനസ്സിൽ അവൾക്ക് ഒരുപാട് സ്ഥാനം നൽകിയത് കൊണ്ടാവാം അത് അവന് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു….

അവൾ ഒരു സോറിയിൽ ഒതുക്കി അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു…

മുറിയിൽ നിന്നും പുറത്തിറങ്ങാതെ അവൻ രണ്ടു മൂന്ന് ദിവസം കഴിച്ചുകൂട്ടി… ഒരുദിവസം മുറിയിലേക്ക് കയറി ചെന്നപ്പോൾ കണ്ടത് മ ദ്യ പിക്കുന്ന ഹർഷിനെയാണ്…

എന്താ ഇത്??? എന്ന് ചോദിച്ചപ്പോൾ അവൻ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു… ഞാനും വല്ലാതായി…

പിന്നെ അങ്ങോട്ട് അവന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു .. അവനെ തനിച്ച് ആക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു…

മെല്ലെ അവന്റെയാ വിഷമം മാറി… ആള് പഴയപോലെ ഉഷാറായി തുടങ്ങി… ആ കണ്ണിൽ മെല്ലെ എന്നോടുള്ള പ്രണയം പൂക്കുന്നത് അറിഞ്ഞു… തുറന്നു പറയാതെ ഉള്ളിൽ മാത്രം ഒതുക്കി വച്ച രണ്ട് ആത്മാക്കളുടെ പ്രണയം… “”

ഒടുവിൽ പോകേണ്ട ദിവസത്തിന്റെ തലേദിവസം അവന്റെ പെട്ടി ഒരുക്കാൻ ഞാനും സഹായിച്ചിരുന്നു.. എല്ലാം പാക്ക് ചെയ്തു പെട്ടിയടച്ച് അവൻ അതിനരികിലിരുന്നു..

എന്തോ അപ്പോൾ എന്റെ ഹൃദയത്തിൽ വല്ലാത്ത ഭാരം അനുഭവപ്പെട്ടിരുന്നു.. നാളെ അവൻ പോകുകയാണെന്നോർത്ത് ആവാം…

നാളെ ഞാൻ പോകും “”” എന്തു പറയാനുള്ളതിന്റെ തുടക്കം എന്നോണം അവൻ അങ്ങനെ പറഞ്ഞു…

മ്മ്… ഞാൻ വെറുതെ അലസമായി ഒന്ന് മൂളി..

ഇത്തവണ പോകുമ്പോൾ എന്തൊക്കെ നഷ്ടപ്പെടുന്ന പോലെ “””

അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവന്റെ മുഖത്തേക്ക് നോക്കി…

“” ഐ തിങ്ക് ഐ ലവ് യു വേദ…. “” പ്രതീക്ഷിച്ചത് എന്തോ കേട്ടതുപോലെ എന്റെ മിഴികൾ നിറഞ്ഞിരുന്നു…

തനിക്ക് സമ്മതമാണെങ്കിൽ…. എന്റെ കൂടെ… പൊന്നൂടെ തനിക്ക്…എന്റെ പെണ്ണായി….””””

അച്ഛനെ സുരക്ഷിതമായി അച്ഛന്റെ പെങ്ങളുടെ കൈകളിൽ ഏൽപ്പിച്ചു… ടീച്ചർ അമ്മയെയും കൂട്ടി.. ഇന്ന് ഞങ്ങൾ യാത്ര പോവുകയാണ്… അവിടെ എയർപോർട്ടിൽ ഹർഷ് കാത്തുനിൽക്കുന്നുണ്ടായിരിക്കും.. ഞങ്ങൾക്കായി….

Leave a Reply

Your email address will not be published. Required fields are marked *